നബിചരിത്രത്തിന്റെ ഓരത്ത് -13

//നബിചരിത്രത്തിന്റെ ഓരത്ത് -13
//നബിചരിത്രത്തിന്റെ ഓരത്ത് -13
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -13

ചരിത്രാസ്വാദനം

ഉടമ്പടി

ശാം ദേശത്തേക്കുള്ള യാത്ര മുഹമ്മദിനു മുമ്പിൽ തിരിച്ചറിവുകളുടെ ഒരുനൂറ് വാതിലുകൾ ഒന്നിച്ചുതുറന്നിട്ടു. ഭൗമോപരിതലത്തിലെ മടക്കുകൾക്കിടയിലും പുൽമേടുകളിലും വീണുറങ്ങുന്ന അറിവുകൾ അനുഭൂതിദായകമായിരുന്നു. യോർദാൻ താഴ്‌വരയുടെയും ബുസ്റയുടെയും ഇടയിൽ, അവിടം മുതൽ ചാവുകടലിന്റെ തടങ്ങൾവരെ വിരിഞ്ഞു പരന്നുകിടക്കുന്ന, നീർമാതളച്ചെടികളും അരളിച്ചാർത്തുകളും പൂവാടികളും ജലാശയങ്ങളും നിറഞ്ഞ ശാദ്വലഭൂമിയിലൂടെയുള്ള യാത്രയിൽ പന്ത്രണ്ട് വയസ്സുകാരന്റെ മനസ്സ് കുളിർത്തിരിക്കണം.

പലപല നാടുകൾ, ഒന്നിൽനിന്നൊന്ന് വ്യതിരിക്തമായ അവയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ, അവിടങ്ങളിലെ ജനങ്ങൾ, അവരുടെ ജീവിതരീതികൾ എല്ലാം അടുത്തു നിന്ന് നോക്കിക്കണ്ടു. അനേകം ജനപദങ്ങളുടെ വൃദ്ധിക്ഷയങ്ങൾക്ക് സാക്ഷിയായ ദേശങ്ങളുടെ നിരതന്നെയാണ് ശാമിനും മക്കക്കുമിടയിലുള്ളത്. ഭൂതത്തിനും വർത്തമാനത്തിനുമിടയിൽ വളർന്ന് വൈവിദ്ധ്യപ്പെട്ട് ഒടുവിൽ, വിരുദ്ധഭാവം കൈവരിച്ച് പരസ്പരം പൊരുതി മൃതിപ്പെട്ട മഹാസംസ്കൃതികളുടെ ശേഷിപ്പിനുമേൽ താനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ അലസം കാവൽക്കിടക്കുന്ന പ്രകൃതി മനോഹാരിതയുടെ കേദാരഭൂമി.

ജനവാസപ്രദേശങ്ങൾ കൺമുൻപിൽ നിന്ന് മറയുന്നതോടെ, മുതുകിലുള്ള ഭാരങ്ങളുമായി ആടിയും ഉലഞ്ഞും ഒട്ടകങ്ങൾ പ്രവേശിക്കുന്നത് മണൽക്കൂനകളിൽ മുഖം പൂഴ്ത്തി ആലസ്യമഭിനയിക്കുന്ന മരുഭൂമിയിലേക്കാണ്; മനസ്സ് കവരുന്ന, തലച്ചോറിനെ ജാഗ്രത്താക്കുന്ന, ചിന്തയെ പ്രക്ഷുബ്ധമാക്കുന്ന ദിക്കെഴാത്ത മണൽക്കാട്.

ശാം ദേശത്തു നിന്ന് ഹിജാസിലേക്കുള്ള വഴിയിൽ യഥ്‌രിബിന് വടക്കായി കുറാ താഴ്‌വരയിലെ പച്ചച്ച ഈന്തപ്പനകളും പൂവിട്ട മുന്തിരി വള്ളികളും ഉദാസീനമായ മരുപ്പച്ചയും അനർഗളമൊഴുകുന്ന അരുവികളും ബാലനെ വല്ലാതെ ആകർഷിച്ചു.

ശാമിലെ കച്ചവട ദൗത്യം പൂര്‍ത്തിയാക്കി അബൂതാലിബും സംഘവും മക്കയിലേക്കു മടങ്ങി. ശാം ദേശത്തേക്കുള്ള യാത്ര മുഹമ്മദിന്റെ ഏകാന്തവാസം കനപ്പിച്ചിരുന്നു. എന്നാല്‍, അബ്ബാസിനും ഹംസയ്ക്കും നല്‍കിയതുപോലെ അവന്നും ആയോധനമുറകളില്‍ പരിശീലനം നല്‍കണമെന്ന് പിതൃവ്യന്മാർ ആഗ്രഹിച്ചു. ആക്കത്തൂക്കങ്ങളില്‍ മക്കയിലെ സമയപ്രായക്കാര്‍ക്കെല്ലാം മുമ്പിലായിരുന്നു ഹംസ. അവന്‍ ശക്തനായിതന്നെ വളരണമെന്നാണ് വിധിയുടെ നിശ്ചയം. ഒരു നല്ല ഗുസ്തിക്കാരനും വാള്‍പ്പയറ്റുകാരനുമാണ് ഹംസ.

ഒത്ത ഉയരവും ഒത്ത ബലവുമുള്ള മുഹമ്മദ് തന്റെ പിതൃപരമ്പരയിലെ തേജസ്വികളായ ഇബ്‌റാഹീമിനെയും പുത്രന്‍ ഇസ്മാഈലിനെയും പോലെ അമ്പെയ്ത്തില്‍ എടുത്തുപറയാവുന്ന അഭിരുചി പ്രകടിപ്പിച്ചു. വാൾപ്പയറ്റിലും കുന്തമേറിലും അതേ മികവു പുലർത്തി. ആയോധന മുറകൾ വശമാക്കാതെ അറബിക്ക് ജീവിതം സാധ്യമായിരുന്നില്ല. മൂര്‍ച്ചയേറിയതായിരുന്നു മുഹമ്മദിന്റെ ദൃഷ്ടികള്‍, കാര്‍ത്തിക താരവ്യൂഹത്തിലെ പന്ത്രണ്ട് നക്ഷത്രങ്ങൾ എണ്ണി അവൻ പേരെടുത്തിരുന്നുവത്രെ.

അക്കാലത്ത് കുറയ്ഷികള്‍ ആരുമായും യുദ്ധത്തിലേര്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പ്രത്യക്ഷത്തിൽ അദൃഷ്ടമായതും, ഏറിയും ആറിയും മുമ്പോട്ടുപോയതുമായ ഒരു യുദ്ധം ഇതിന്നപവാദമായുണ്ട്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്നില്‍ ആരംഭിച്ചതുകൊണ്ട് അതിന് അധര്‍മയുദ്ധം -ഹർബുൽ ഫിജാർ- എന്ന് പേരും കിട്ടി.

കിനാന ഗോത്രത്തിലെ ഒരു നെറികെട്ടവന്‍ നജ്ദിലെ ഹവാസിന്‍ ഗോത്രത്തിന്റെ ഉപവിഭാഗമായ ആമിര്‍ ഗോത്രത്തിലെ ഒരാളെ ചതിച്ചു കൊന്ന്, ഖയ്ബറിലെ ഭദ്രമായ കോട്ടയ്ക്കുള്ളില്‍ അഭയം തേടി. ഈ സംഭവം അറബികള്‍ക്കിടയില്‍ അപ്പുറത്തും ഇപ്പുറത്തുമായി പടയണികള്‍ നിരത്തി. പിന്നെ പതിവു മരുഭൂരീതിയനുസരിച്ച്, വഴക്കുകളും വക്കാണങ്ങളും ഏറ്റുമുട്ടലുകളും കോമ്പലയായി അരങ്ങേറി. അഭിശപ്തമായ ഗോത്രാഭിമാനം പ്രതികാരം തേടി. കൊല്ലപ്പെട്ടയാളുടെ ഗോത്രക്കാര്‍ ഘാതകന്റെ ഗോത്രമായ കിനാനക്കാരെ ആക്രമിച്ചു. കിനാനക്കാരുടെ സഖ്യകക്ഷിയെന്ന നിലയില്‍, അയശസ്‌കരമെന്ന് വിശേഷിപ്പിക്കാവുന്ന വിധം കുറയ്ഷികൾ യുദ്ധത്തില്‍ പങ്കുചേര്‍ന്നു. പൊതുവെ, സമാധാനവാദികളും മാന്യരുമായിരുന്ന ബനൂഹാഷിം അർധമനസ്സോടെയാണ് കുറയ്ഷിന്റെ മുഖ്യധാരക്കൊപ്പം ചേർന്നത്.

നേരിട്ടുള്ള യുദ്ധം, യഥാര്‍ത്ഥത്തില്‍, അഞ്ചുദിവസം മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും സംഘര്‍ഷാവസ്ഥ നീണ്ടുനീണ്ട് മൂന്നുനാല് കൊല്ലം തികച്ചു. അബൂതാലിബിനെപ്പോലെ, മുഹമ്മദിന്റെ പിതാവിന് പൂര്‍ണ സഹോദരനായിരുന്ന സുബെയ്ര്‍ ആയിരുന്നു അക്കാലത്ത് ഹാഷിം കുടുംബത്തിന്റെ തലയാള്‍.

സുബെയ്‌റും അബൂതാലിബും ചേര്‍ന്ന് മുഹമ്മദിനെ യുദ്ധക്കളത്തിലേക്ക് കൊണ്ടുപോയി. യുദ്ധത്തില്‍ പങ്കെടുക്കാന്‍ മാത്രം അവന് പ്രായമായില്ലെന്ന് ഇരുവരും പറഞ്ഞു. അപ്പോള്‍ പിന്നെ ഈ യുദ്ധത്തില്‍ മുഹമ്മദിന്റെ പങ്കെന്തായിരുന്നു?

ശത്രുക്കള്‍ എയ്തുവിടുന്ന അസ്ത്രങ്ങളില്‍ ലക്ഷ്യം തെറ്റി പൂഴിയിൽ പതിക്കുന്നവ പെറുക്കിയെടുത്ത് പിതൃവ്യന്മാര്‍ക്ക് എത്തിച്ചുകൊടുക്കുക; തീര്‍ന്നു ആ പങ്കാളിത്തം. അവ വാങ്ങി പിതൃവ്യന്മാര്‍ തിരിച്ച് ശത്രുക്കളുടെ നേരെ പ്രയോഗിക്കും. എന്നാല്‍, ഒരു ദിവസം, അന്ന് കുറയ്ഷികള്‍ക്കും സഖ്യകക്ഷികള്‍ക്കും ദുര്‍ദിനമായിരുന്നു, കനത്ത നഷ്ടങ്ങളാണ് അവർക്കന്നേറ്റു കൊണ്ടിരുന്നത്. അന്നാണ് അമ്പെയ്ത്തുകാരനെന്ന നിലയില്‍ തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം മുഹമ്മദിനു ലഭിക്കുന്നത്. എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

കാലപ്പഴക്കം കൊണ്ട് ക്ലാവു പിടിച്ച മരുഭൂ നിയമങ്ങളോട് ഒരുതരം അതൃപ്തി മെയ്യനക്കം ഇഷ്ടപ്പെടാത്ത അറബികള്‍ക്കിടയില്‍ വളര്‍ന്നുവരാന്‍ യുദ്ധം വഴിവെട്ടി. കുറയ്ഷി പ്രമുഖരിലധികവും സിറിയയിലേക്ക് കച്ചവടയാത്ര നടത്തിയവരാണ്. അവിടെ നിലനിന്ന താരതമ്യേന മെച്ചപ്പെട്ട നീതിന്യായ വ്യവസ്ഥയുടെ മെച്ചം അവരനുഭവിച്ചിട്ടുണ്ട്. ഏറ്റുമുട്ടലുകളിലേക്കും വഴക്കുകളിലേക്കും പിന്നീടൊരു തിരിച്ചുപോക്കുണ്ടാകാത്തവിധം പ്രജകളെ തടഞ്ഞു നിര്‍ത്താനുതകുന്ന ചില നിയമങ്ങള്‍ അബീസീനിയയിലും നിലവിലുണ്ടായിരുന്നു. എന്നാല്‍, അറേബ്യയില്‍ കുറ്റകൃത്യങ്ങള്‍ക്കിരയായ ഒരാള്‍ക്കോ അയാളുടെ കുടുംബത്തിനോ നഷ്ടപരിഹാരം ലഭ്യമാക്കുന്ന ഒരു നിയമവും നിലവിലുണ്ടായിരുന്നില്ല.

അധര്‍മയുദ്ധവും അതിനുമുൻപുണ്ടായ എണ്ണമറ്റ യുദ്ധങ്ങളും കുഴപ്പങ്ങളും ആവര്‍ത്തിക്കാതിരിക്കാനുള്ള വഴികളാരായാന്‍ നിരവധി തലകള്‍ പലപ്പോഴായി പ്രവര്‍ത്തിച്ചിട്ടുണ്ടാകണം. എന്നാല്‍, ഇത്തവണ പുറത്തുവന്നത് വെറും ചിന്തയും വാക്കുമല്ല. ആ ഫലങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുള്ള ഒരുക്കം വ്യാപകമായി അറബികള്‍ക്കിടയില്‍ നടന്നു. ഒടുവില്‍ യുദ്ധം നിര്‍ത്തിവെക്കാനുള്ള കരാര്‍ നിലവില്‍ വന്നു. ആഴ്ചകള്‍ക്കകം തന്നെ അവരുടെ നീതിബോധം പരീക്ഷണത്തിന് വിധേയമായി.

യമനീ തുറമുഖമായ സബീദില്‍ നിന്നുള്ള ഒരു കച്ചവടക്കാരന്‍ സെഹ്മ് ഗോത്രക്കാരനായ വാഇലിന്റെ പുത്രന്‍ ആസിന് കുറെ വിലപിടിപ്പുള്ള വസ്തുക്കള്‍ വിറ്റു. വസ്തുക്കള്‍ സ്വന്തമാക്കിയ ആസ്, പറഞ്ഞുറപ്പിച്ചിരുന്ന വില നല്‍കാന്‍ തയ്യാറായില്ല. മക്കയില്‍ പുതുമുഖമായിരുന്ന യമനിക്ക്, അവിടെ ആരെയും പരിചയമുണ്ടായിരുന്നില്ല. പേര്‍പെറ്റ കുറയ്ഷികളോട് അയാള്‍ സഹായമഭ്യര്‍ഥിച്ചു. കുറയ്ഷികളുടെ ഉപഗോത്രമായിരുന്നുവല്ലോ സെഹ്മ്. പക്ഷേ, ആസ് ബിന്‍ വാഇലിന്റെ ജന-ധന പ്രഭാവം മൂലം യമനിയുടെ സഹായാഭ്യര്‍ത്ഥന ബധിര കര്‍ണങ്ങളുടെ പരിസരങ്ങളിൽ ചെന്നു കുഴഞ്ഞുവീണു.

എന്നാല്‍, ആസിന്റെ ഉദ്ധതമായ ആത്മവിശ്വാസം കണ്ട് യമനി പകച്ചുപോയില്ല. അബൂകുബെയ്സിന്റെ ചെരുവില്‍ നിലയുറപ്പിച്ച് അയാള്‍ മക്കക്കാരെ ഒന്നടങ്കം വിളിച്ചുവരുത്തി. ഉറച്ച ശബ്ദത്തില്‍, എതിരാളിയെ നിലംപരിശാക്കുന്ന വാഗ്ധാടിയോടെ അയാൾ തന്റെ സങ്കടഭാണ്ഡത്തിന്റെ കെട്ടഴിച്ചു കുടഞ്ഞു. സെഹ്മിയുടെ വികൃതിയില്‍ തനിക്കു വന്നുഭവിച്ച കഷ്ടങ്ങളെയും നഷ്ടങ്ങളെയും കുറിച്ച് അവരോടു പറഞ്ഞു.

അന്തസ്സും ആത്മാഭിമാനവുമുള്ളവരുടെ മനസ്സിന്റെ കനിവുള്ള ഭാഗങ്ങളില്‍ യമനി വാക്കുകള്‍കൊണ്ട് വിത്തെറിഞ്ഞു കഴിഞ്ഞിരുന്നു. അവരുടെ നീതി ബോധമുണര്‍ന്നു. തെയ്മ് ഗോത്രത്തിന്റെ തലവനായ ജുദ്ആന്റെ പുത്രന്‍ അബ്ദുല്ലയുടെ വിശാലമായ വീട്ടില്‍ യോഗം ചേര്‍ന്നു. ആളുകളെ ക്ഷണിച്ചു വരുത്തിയതും ബിന്‍ജുദ്ആന്‍ ആയിരുന്നു. അവര്‍ കൂലങ്കഷമായ ചര്‍ച്ചകളിലേര്‍പ്പെട്ടു.

ഏതാനും ഗോത്രങ്ങളൊഴികെ എല്ലാ ഗോത്രങ്ങളും ഒത്തിരിപ്പിൽ പങ്കുകൊണ്ടു. അവിടെവെച്ച് അവര്‍, ഇനിമേല്‍ തങ്ങള്‍ മര്‍ദകനെതിരില്‍ മര്‍ദിതനെ സഹായിക്കുമെന്നും പീഡിതന്റെ അവകാശം വകവെച്ചുകൊടുക്കുന്നതു വരെ അവനുവേണ്ടി ഒറ്റത്തടിപോലെ നിലയുറപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തു. പിന്നീട് അവരൊന്നടങ്കം വാഇലിന്റെ പുത്രന്‍ ആസിന്റെ വീട്ടിലെത്തി യമനിയുടെ വസ്തുക്കള്‍ ബലാല്‍ക്കാരമായി പിടിച്ചുവാങ്ങുകയും ഉടമസ്ഥന് തിരിച്ചുനല്‍കുകയും ചെയ്തു.

പ്രശംസനീയമായ ഈ സമാധാന സംരംഭത്തിന്റെ നേതൃത്വം തെയ്മ് ഗോത്രത്തിന്റെ മൂപ്പൻ ബിന്‍ജുദ്ആനും ഹാഷിം ഗോത്രത്തിന്റെ തലയാള്‍ അബ്ദുല്‍ മുത്തലിബിന്റെ പുത്രന്‍
സുബെയ്‌റിനുമായിരുന്നു.

നെരിപ്പോടുപോലെ നീറിനീങ്ങിയ അധര്‍മയുദ്ധത്തിന്, ഒടുവിൽ, അറുതിയായി. കനലൊടുങ്ങി, ചവറും ചാരവും ചരിത്രത്തിന്റെ തരിശുഭൂമിയിലേക്ക് തൂത്തെറിഞ്ഞ് മക്ക സമാധാനത്തിലേക്കുണര്‍ന്നു. ”ഹല്‍ഫുല്‍ ഫുദൂല്‍’ എന്ന് അറബികള്‍ വിളിച്ച ഈ ഉടമ്പടിയിലും പ്രതിജ്ഞയിലും പിതൃവ്യൻ സുബെയ്‌റിനോടൊപ്പം മുഹമ്മദും പങ്കെടുത്തു. വിശിഷ്ടരുള്‍പ്പെട്ട ഈ ഉടമ്പടിയെക്കുറിച്ചാണ് പ്രവാചകത്വലബ്ധിക്കു ശേഷം മുഹമ്മദ് പറഞ്ഞത്, ”ജുദ്ആന്റെ പുത്രന്‍ അബ്ദുല്ലയുടെ വീട്ടില്‍ വെച്ചു നടന്ന ആ ഉടമ്പടി സമാനതകളില്ലാത്തതായിരുന്നു. ആ സഖ്യത്തിലെ എന്റെ പങ്കാളിത്തത്തെ ഒരുകൂട്ടം ചുകന്ന ഒട്ടകങ്ങളുമായുള്ള വച്ചുമാറ്റത്തിനു പോലും ഞാന്‍ സന്നദ്ധനാവുകയില്ല. ഇപ്പോള്‍ ഈ ഇസ്‌ലാമിക കാലഘട്ടത്തിൽ അതിലേക്ക് ക്ഷണിക്കപ്പെടുകയാണെങ്കില്‍ സന്തോഷത്തോടെ ഞാനതില്‍
പങ്കുചേരും.”

ആതിഥേയന്റെ പിതൃവ്യപുത്രനായിരുന്ന തെയ്മ് ഗോത്രത്തിലെ അബൂകുഹാഫയും ഈ ഉടമ്പടിയാലോചനകളിൽ പങ്കെടുത്തു. ഒപ്പം മകന്‍ അബൂബക്‌റുമുണ്ടായിരുന്നു. പില്‍ക്കാലജീവിതത്തിലെ നബിയുടെ ആത്മമിത്രവും അനുചരനും സഹായിയുമെല്ലാമായിരുന്ന അബൂബക്ര്‍ അൽ സിദ്ദീക്, മുഹമ്മദിനേക്കാള്‍ രണ്ടു വയസ്സ് ഇളപ്പമായിരുന്നു അബൂബക്റിന്.

(ഇത് ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണ്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.