പരമ്പര അവസാനിക്കുന്നു
മടക്കം
ബിലാലിന്റെ ശബ്ദം ഉയർന്നു കേള്‍ക്കുന്നുണ്ട്. അടുത്ത നമസ്‌കാരത്തിനുള്ള സമയമായിരിക്കുന്നു. ഇരുന്നുപോലും നമസ്‌കരിക്കാന്‍ സാധിക്കാത്തവിധം പരിക്ഷീണനാണ് തിരുദൂതര്‍.
‘അബൂബക്‌റിനോട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ പറയൂ,’ അദ്ദേഹം തന്റെ ധര്‍മദാരങ്ങളോടാവശ്യപ്പെട്ടു. എന്നാല്‍, പ്രവാചകന്റെ സ്ഥാനത്തു നിന്നുകൊണ്ട് നമസ്‌കാരത്തിന് നേതൃത്വം നല്‍കുക തന്റെ പിതാവിന് ദുഷ്‌കരമായിരിക്കുമെന്ന് ആഇഷക്കറിയാം. ‘പ്രവാചകരേ, അബൂബക്ര്‍ ലോലഹൃദയനാണ്, അദ്ദേഹത്തിന്റെ ശബ്ദം ദുര്‍ബലമാണ്, കുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ വല്ലാതെ തേങ്ങിപ്പോകും,’ അവള്‍ ഉണര്‍ത്തി. ‘അദ്ദേഹത്തോട് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പറയൂ,’ പത്‌നിയുടെ വാക്കുകള്‍ വകവെക്കാതെ നബി പറഞ്ഞു. താന്‍ പറഞ്ഞത് നബി കേള്‍ക്കാത്തതു കൊണ്ടായിരിക്കുമെന്ന ധാരണയില്‍ ആഇഷ വാക്കുകള്‍ ആവര്‍ത്തിച്ചു, ‘ഉമറായിരിക്കും നന്നാവുക’ എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ‘അബൂബക്‌റിനോട് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പറയൂ,’ അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. നീയൊന്ന് പറഞ്ഞുനോക്ക് എന്ന ഭാവത്തില്‍ ആഇഷ ഹഫ്‌സയോട് കണ്ണിട്ടു. ഹഫ്‌സ നാക്കെടുത്തതും ‘അബൂബക്‌റിനോട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ പറയൂ. അല്ലാഹുവും വിശ്വാസികളും മറ്റൊന്നനുവദിക്കില്ല,’ എന്ന് പ്രവാചകന്‍ വാക്കുകള്‍ കടുപ്പിച്ചു. അവസാന വാക്യം മൂന്ന് തവണ അദ്ദേഹം ആവര്‍ത്തിച്ചു. പ്രവാചകന്‍ രോഗശയ്യയിലായിരുന്ന തുടര്‍ദിവസങ്ങളിലെല്ലാം അബൂബക്ര്‍ തന്നെയാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. തന്റെ പിന്‍ഗാമി ആര് എന്നതിനുള്ള വ്യക്തമായ സൂചന വിശ്വാസികള്‍ക്ക് നല്‍കുകയായിരുന്നു തിരുദൂതര്‍.
ആഇഷയുടെ മടിയില്‍ തലവെച്ച് നബി കിടന്നു. ഫാത്വിമ കടന്നുവരുമ്പോള്‍ പിതാവിനും മകള്‍ക്കുമിടയിലെ സ്വകാര്യതക്ക് ഇടംനല്‍കാനായി അവള്‍ മാറിക്കൊടുക്കും. അങ്ങനെയൊരവസരത്തില്‍, മകളെ അടുത്തിരുത്തി പതിഞ്ഞ സ്വരത്തില്‍ പിതാവ് മകളോടെന്തോ പറഞ്ഞതും അവള്‍ തേങ്ങുന്നതും, അപ്പോള്‍തന്നെ മറ്റെന്തോ കൂട്ടിച്ചേര്‍ക്കുന്നതും, കണ്ണീരിനിടയിലും മകള്‍ ചിരിക്കുന്നതും ആഇഷ ശ്രദ്ധിച്ചു. ആ രഹസ്യമെന്തായിരുന്നുവെന്ന് പിന്നീടൊരിക്കല്‍ ഫാത്വിമ ആഇഷയോടുതന്നെ വെളിപ്പെടുത്തുകയുണ്ടായി: ‘ഈ രോഗത്തില്‍ താന്‍ മരണമടയുമെന്ന് അവിടുന്ന് പറഞ്ഞു അപ്പോള്‍ ഞാന്‍ കരഞ്ഞു; പിന്നീടവിടുന്ന് പറഞ്ഞു, ഞാനായിരിക്കും കുടുംബത്തില്‍ അദ്ദേഹത്തോട് ആദ്യം ചേരുകയെന്ന്,’ അപ്പോഴാണ് ചിരിച്ചത്.
പനി കൂടിക്കൂടിവന്നു. പത്നിമാർ തുണി നനച്ച് അദ്ദേഹത്തിന്റെ നെറ്റി തണുപ്പിച്ചു. രോഗാവസ്ഥയില്‍ കടുത്ത വേദനയിലൂടെയാണ് പ്രവാചകന്‍ കടന്നുപോയത്. ഉമ്മു അയ്മന്‍ നിരന്തരം അദ്ദേഹത്തെ ശുശ്രൂഷിച്ചു. മകന്‍ ഉസാമയെ വിവരങ്ങളറിയിച്ചുകൊണ്ടിരുന്നു. അല്ലാഹുവിന്റെ തീരുമാനം വന്നണയുംവരെ ജുര്‍ഫിലെ തന്റെ താവളത്തില്‍ തുടരാനയാള്‍ നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ട്. പടനീക്കം തത്കാലം ആരംഭിക്കേണ്ടതില്ല. ഉമ്മ നല്‍കുന്ന വിവരങ്ങളില്‍ നില്‍ക്കപ്പൊറുതിയില്ലാതെ ഒരുദിവസം പുലര്‍ച്ച അയാള്‍ മദീനയിലെത്തി. സംസാരിക്കാന്‍ പോലുമാകാത്തവിധം അവശനായിരുന്നു തിരുദൂതനപ്പോള്‍. ഉസാമയുടെ കണ്ണുകള്‍ കരകവിഞ്ഞു. അയാള്‍ കുനിഞ്ഞ് പ്രവാചകനെ ചുംബിച്ചു. ആകാശത്തുനിന്നുള്ള അനുഗ്രഹങ്ങള്‍ ചോദിക്കാനും സ്വീകരിക്കാനുമായി പ്രവാചകന്‍ കരദ്വയം മേലോട്ടുയര്‍ത്തി. കൈയിലുള്ളതെന്തോ ഉസാമയുടെ മേല്‍ ഒഴിക്കുന്നതുപോലെ അദ്ദേഹം ആംഗ്യംകാട്ടി. കദനം താങ്ങി ഉസാമ താവളത്തിലേക്ക് മടങ്ങി.
ഹിജ്‌റ വര്‍ഷം പതിനൊന്ന് റബീഉല്‍അവ്വല്‍ പന്ത്രണ്ട് അഥവാ, ക്രിസ്ത്വബ്ദം അറുനൂറ്റി മുപ്പത്തി രണ്ട് ജൂണ്‍ എട്ട് തിങ്കളാഴ്ചയുടെ പുലര്‍ക്കാലം. പ്രവാചകന്റെ പനിനില ഗണ്യമായി താഴ്ന്നു. പരിക്ഷീണനെങ്കിലും നമസ്‌കാരത്തിനായുള്ള ബാങ്കൊലി ശ്രവിച്ചതും പള്ളിയിലെത്താന്‍ തിരുഹൃദയം വെമ്പി. നബിയെത്തുമ്പോള്‍ നമസ്‌കാരം ആരംഭിച്ചിരുന്നു. തിരുദൂതരുടെ സാന്നിധ്യമറിഞ്ഞ അനുചരരുടെ ശ്രദ്ധ ഒരുവേള പ്രാര്‍ഥനയില്‍നിന്ന് മാറി. അത്രമേല്‍ ആഹ്ളാദവാന്മാരായിരുന്നു അവര്‍. നബി തങ്ങള്‍ക്കിടയില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നവര്‍ കരുതി. എന്നാല്‍, അസന്ദിഗ്ധമായ ഒരാംഗ്യത്തിലൂടെ അദ്ദേഹം അവരോട് തുടരാനാവശ്യപ്പെട്ടു. പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന വിശ്വാസികളെ സാകൂതം നിരീക്ഷിച്ചുകൊണ്ടദ്ദേഹം നിന്നു. ഭക്തി തുളുമ്പുന്ന അനുചരരുടെ ഭാവങ്ങളില്‍ സംപ്രീതനായി പ്രവാചകന്റെ വദനം പ്രദീപ്തമായി. തുടര്‍ന്ന്, ഫദ്‌ലിന്റെയും തന്റെ വിമുക്ത അടിമകളിലൊരാളായ സൗബാന്റെയും സഹായത്തോടെ അദ്ദേഹം മുന്നോട്ട് നീങ്ങി. ‘ആ സമയത്ത് കണ്ടതുപോലെ പ്രവാചകന്റെ വദനം തേജസ്സുറ്റതായി മറ്റൊരിക്കല്‍ ഞാന്‍ കണ്ടിട്ടില്ല,’ അനസ് പിന്നീട് പറയുകയുണ്ടായി.
പിന്‍നിരകളില്‍ നിന്നുള്ള ഇളക്കം ഇതിനിടെ അബൂബക്ര്‍ ശ്രദ്ധിച്ചു. അതിന് ഒരൊറ്റ കാരണമേകാണൂ, അത് തിരുദൂതരുടെ സാന്നിധ്യമാണെന്നുറപ്പാണ്. അയാള്‍ തലതിരിക്കാതെ പിന്നോട്ട് ചുവടുവെച്ചു. എന്നാല്‍, പ്രിയതോഴന്റെ തോളില്‍ കൈവെച്ച് പ്രവാചകന്‍ അയാളെ മുന്നിലേക്കുതന്നെ തള്ളി, ‘നിങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കൂ’ അബൂബക്‌റിനോടായി അദ്ദേഹം പറഞ്ഞു. ഇമാമിന്റെ പിന്നില്‍ വലതുവശത്തായി ഇരുന്നുകൊണ്ട് തിരുദൂതര്‍ പ്രാര്‍ഥന പൂര്‍ത്തിയാക്കി.
രോഗാവസ്ഥയിലെ പ്രകടമായ മാറ്റത്തില്‍ മദീനയില്‍ ആഹ്ളാദം തിരതല്ലി. പ്രാര്‍ഥന കഴിഞ്ഞതിനുശേഷമാണ് ഉസാമ തന്റെ താവളത്തില്‍നിന്ന് അവിടെയെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിലവെച്ച് പ്രവാചകന്റെ രോഗസ്ഥിതി കൂടുതല്‍ പരിതാപകരമായിരിക്കുമെന്നയാള്‍ കണക്കുകൂട്ടിയിരുന്നു. മെച്ചപ്പെട്ട നിലയില്‍ അദ്ദേഹത്തെ കണ്ടതോടെ അയാളുടെ മനസ്സ് ആഹ്ളാദഭരിതമായി. ഉസാമയെ കണ്ടതും നബി പുഞ്ചിരിച്ചു, ‘അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പുറപ്പെടുക,’ അദ്ദേഹം പറഞ്ഞു. ഉസാമ തിടുക്കപ്പെട്ട് ജുര്‍ഫിലേക്ക് മടങ്ങി. അവിടെയെത്തി റോമാ അതിര്‍ത്തിയിലേക്കുള്ള പടയോട്ടത്തിന് തയ്യാറാകാന്‍ തന്റെ സൈനികരോടുത്തരവിട്ടു.
പ്രവാചകന്റെ രോഗസ്ഥിതി അറിഞ്ഞതും മദീനയില്‍നിന്നും പരിസരങ്ങളില്‍നിന്നുമായി ജനം പള്ളിയിലേക്കൊഴുകി. അദ്ദേഹത്തിന്റെ ഭവനത്തില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ക്കായി ചെവി വട്ടംപിടിച്ചുനിന്നു. തിരുദൂതര്‍ രോഗമുക്തനായി എന്ന വാര്‍ത്ത താനായിരിക്കണം പുറംലോകത്തെ അറീക്കേണ്ടതെന്ന വിചാരം ഓരോരുത്തര്‍ക്കുമുണ്ട്. പ്രവാചകന്റെ തിരിച്ചുവരവിനെക്കുറിച്ചല്ലാതെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച ചിന്തയേ അവരുടെ മനസ്സിലേക്കു കടന്നുവന്നില്ല. പടിപടിയായി അറേബ്യയൊന്നടങ്കം പ്രവാചകന് കീഴൊതുങ്ങിയ ചരിത്രബിന്ദുവിലാണവരിപ്പോഴുള്ളത്. മക്കയും വിശുദ്ധഗേഹവും അദ്ദേഹത്തിനു കീഴൊതുങ്ങി, ഹജ്ജ് സമ്പൂര്‍ണമായി ഇസ്‌ലാമികവല്‍ക്കരിക്കപ്പെട്ടു, ചുറ്റുപാടുനിന്നുമുള്ള ഭീഷണികള്‍ ഒഴിഞ്ഞുപോയി. അനിതരസാധാരണമായ നേതൃപാടവത്തിലൂടെ വിശ്രമമില്ലാതെ പ്രവാചകന്‍ യാഥാര്‍ഥ്യമാക്കിയ പ്രശ്‌നമുക്തവും ശാമനപൂര്‍ണവുമായ അറേബ്യയില്‍, ജനപദങ്ങള്‍ക്കു നായകനായി പ്രവാചകന്‍ അവര്‍ക്കിടയിലില്ലെങ്കില്‍ ഈ നേടിയെടുത്തതെല്ലാം വൃഥാവിലാണെന്നവര്‍ കരുതി; അദ്ദേഹത്തിന് അനുഭവിക്കാന്‍ പറ്റാത്തത് എന്തിനദ്ദേഹം നേടി? അതിനാല്‍, ഇനിയുമദ്ദേഹം അവര്‍ക്കിടയില്‍ ജീവിച്ചിരിക്കേണ്ടതുണ്ട്. പ്രഭാതത്തില്‍ പള്ളിയിലെത്തിയ പ്രവാചകന്റെ മുഖത്ത് തെളിഞ്ഞ പ്രസന്നത അവര്‍ വായിച്ചെടുത്തതും തങ്ങള്‍ക്കിടയിലേക്കുള്ള തിരിച്ചുവരവിന്റെ അടയാളമായിട്ടാണ്. അത്യാഹിതങ്ങള്‍ക്കുള്ള സാധ്യത ഒഴിഞ്ഞുപോയിരിക്കുന്നു, അവര്‍ കണക്കുകൂട്ടി.
ഇതിനിടെ മദീനയുടെ പ്രാന്തത്തിലുള്ള സുന്‍ഹിലേക്കു പോകാന്‍ അബൂബക്ര്‍ അനുമതി വാങ്ങി. അസ്മയെ വിവാഹം കഴിക്കുന്നതിനും ഒരു ദശകം മുമ്പ് പഴയ യസ്‌രിബിൽ പലായിതനായെത്തിയപ്പോൾ അബൂബക്ർ താമസിച്ചിരുന്ന ഖാരിജ എന്ന ഖസ്‌റജിയുടെ മകള്‍ ഹബീബയുമായുള്ള അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു; അടുത്തിട വിവാഹം നടക്കുകയും ചെയ്തു. ഹബീബ ഇപ്പോഴും അവളുടെ കുടുംബത്തോടൊപ്പം സുന്‍ഹില്‍ താമസിക്കുന്നു. അങ്ങോട്ടാണിപ്പോള്‍ അബൂബക്ര്‍ പോകുന്നത്.
ഫദ്‌ലിന്റെയും സൗബാന്റെയും ചുമലില്‍ താങ്ങി പ്രവാചകന്‍ ആയിഷയുടെ വീട്ടിലെത്തി പ്രിയപത്‌നിയുടെ മാറില്‍ തല ചായ്ച്ച് കിടന്നു.
‘ആഇഷ, ആ പൊന്‍പണം എന്തുചെയ്തു?’ ക്ഷീണസ്വരത്തില്‍ നബി ആരാഞ്ഞു.
‘ഏതു പൊന്‍പണം?’ ആഇഷ ചോദിച്ചു.
‘എന്റെയാ ആറു ദീനാര്‍,’
‘അതെന്റെ കൈവശമുണ്ട്.’
‘ഇതുമായി മുഹമ്മദ് തന്റെ നാഥനെ സന്ധിക്കുന്നതിനെ കുറിച്ചൊന്നാലോചിച്ചുനോക്കൂ! അത് ദാനം ചെയ്‌തേക്കൂ,’
‘ചെയ്യാം,’ ആഇഷ ഉറപ്പുനല്‍കി. ആ സമയം അവളുടെ സഹോദരന്‍ അബ്ദുറഹ്മാന്‍ കടന്നുവന്നു. അയാളുടെ കൈയിലെ അരാക് കൊള്ളിയിലേക്ക് നബി നോട്ടമയച്ചുകൊണ്ടിരുന്നു. ആഇഷക്ക് കാര്യം മനസ്സിലായി, അവള്‍ സഹോദരനില്‍നിന്ന് അരാക് കൊള്ളി വാങ്ങി കടിച്ച് മാര്‍ദവപ്പെടുത്തി. അതീവമായ തളര്‍ച്ചയിലും തിരുദൂതരത് വാങ്ങി ദന്തധാവനം ചെയ്തു.
തെല്ലിട കടന്നുപോയി. പതുക്കെ അദ്ദേഹം അബോധത്തിലേക്ക് വഴുതിനീങ്ങി. മരണത്തിലേക്കുള്ള ചുവടുവെപ്പാണതെന്ന് ആഇഷ മനസ്സിലാക്കി. ഒരു നാഴിക കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ പതുക്കെ കണ്ണുതുറന്നു. ‘പറുദീസയിലെ തന്റെ ഇടം കാണിക്കപ്പെട്ടല്ലാതെയും ജീവനും മരണത്തിനുമിടയില്‍ ഒരു തിരഞ്ഞെടുപ്പിനുള്ള അവസരം നല്‍കപ്പെടാതെയും ഒരു പ്രവാചകനെയും മരണം കൂട്ടിക്കൊണ്ടുപോയിട്ടില്ല.’ മുമ്പൊരിക്കല്‍ താനുമായുള്ളൊരു സംഭാഷണത്തിനിടെ തിരുദൂതര്‍ പറഞ്ഞതവളോര്‍ത്തു.
അന്നദ്ദേഹം പറഞ്ഞ പരലോക ദര്‍ശനത്തില്‍നിന്ന് തിരുദൂതര്‍ മടങ്ങിയെത്തിയെന്നവള്‍ മനസ്സിലാക്കി. ‘തീര്‍ച്ചയായും അദ്ദേഹം നമ്മെ വരിക്കുകയില്ല,’ അവള്‍ ആത്മഗതം ചെയ്തു. പ്രവാചകന്റെ അധരങ്ങള്‍ പതുക്കെ ചലിച്ചു. നേര്‍ത്ത ശബ്ദത്തിലെങ്കിലും അദ്ദേഹം പറഞ്ഞത് ആഇഷ വ്യക്തമായി കേട്ടു. കുര്‍ആനിലെ ഒരു സൂക്തമാണത്: ‘ആരൊക്കെ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ, അവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍, സത്യവാന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരത്രെ ഏറ്റവും നല്ല കൂട്ടുകാര്‍!’ അതായിരുന്നു അവസാനമായി അവള്‍ കേട്ട പ്രവാചക ശബ്ദം. പെട്ടന്ന് അദ്ദേഹത്തിന്റെ ശിരസ്സ് ഭാരിച്ചതായി അവള്‍ക്കനുഭവപ്പെട്ടു. ചുറ്റും കൂടിനിന്ന ഭാര്യമാര്‍ വിങ്ങിപ്പൊട്ടി. ആഇഷക്ക് തേങ്ങലടക്കാനായില്ല. പതുക്കെ അവളദ്ദേഹത്തിന്റെ ശിരസ്സ് കട്ടിലിലിറക്കിവെച്ചു. പിന്നെയവിടെയൊരു കൂട്ടക്കരച്ചിലായിരുന്നു ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍.
ശബ്ദവേഗത്തിലാണ് മദീനയിലൂടെ വാര്‍ത്ത ഒഴുകിപ്പരന്നത്. അവിശ്വസനീയവും ദുസ്സഹവുമായിരുന്നു മദീന നിവാസികള്‍ക്ക് ആ വാര്‍ത്ത. സങ്കടത്തിന്റെ അനിയന്ത്രിതമായ പെരുക്കത്തില്‍ പുരുഷാരത്തിന്റെ പ്രജ്ഞ സന്ധിബന്ധങ്ങളറ്റ് ഉടഞ്ഞുവീണു. കരയരുതെന്ന് ക്രുദ്ധരായി വിലക്കിയവരും വാവിട്ടു കരഞ്ഞു. ദുഃഖത്തിന്റെ അതിരറ്റ ഒരു പരപ്പായി പ്രവാചകന്റെ നഗരം മാറി. ‘മഴ തോരാതെ പെയ്യുന്ന രാത്രിയിലെ ആട്ടിന്‍പറ്റങ്ങളെപ്പോലെയായി ഞങ്ങള്‍. പരിഭ്രാന്തിയില്‍ അങ്ങോട്ടുമിങ്ങോട്ടും പരക്കംപാഞ്ഞു,’ അനുചരരിലൊരാള്‍ പിന്നീട് ഓര്‍ത്തെടുക്കുന്നുണ്ട്. പതറാത്ത മനഃസാന്നിധ്യമുള്ളവനും അപാര വിവേകിയുമെന്ന് പരക്കെ പേരുകേട്ട ഉമറിനിതെന്തുപറ്റി! മരണവാര്‍ത്ത ലഭിക്കുമ്പോള്‍ സുന്‍ഹിലായിരുന്ന അബൂബക്‌റിനോട് സഹചരരിലാരോ ചോദിച്ചു. ധൃതിയില്‍ പള്ളിയിലെത്തിയ അബൂബക്ര്‍ കാണുന്നത് സ്വബോധം കൈവിട്ട നിലയില്‍ പ്രലപനങ്ങള്‍ നടത്തുന്ന ഉമറിനെയാണ്. ‘പ്രവാചകന്‍ മരിച്ചുവെന്ന് ചിലര്‍ കളവു പറയുന്നു, മൂസാ പ്രവാചകന്‍ അല്ലാഹുവിന്റെ സന്നിധിയില്‍ പോയതുപോല നബിയും അല്ലാഹുവിന്റെ സന്നിധിയില്‍ പോയിരിക്കുകയാണ്, അദ്ദേഹം, തീർച്ചയായും തിരിച്ചുവരും.’ പ്രതീക്ഷയറ്റൊരു വേളയില്‍ സമാശ്വാസത്തിന്റെ കുളിര്‍വാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന ജനം ഉമറിനോടടുത്തുകൂടി. അബൂബക്ര്‍ നേരെ പ്രവാചകന്റെ ഭൗതിശരീരം സൂക്ഷിച്ച ആഇഷയുടെ വീട്ടിലെത്തി. മുഖത്തെ തുണി മാറ്റി ചേതനയറ്റ തിരുവദനത്തിലേക്ക് ആര്‍ദ്രനയനങ്ങളോടെ നോക്കിയങ്ങനെ നിന്നു. ആറ് പതിറ്റാണ്ടോളം സുദൃഢം നിലനിന്ന അനന്യമായ കൂട്ടുകെട്ടിന്റെ ഏതേതെല്ലാം ദൃശ്യങ്ങള്‍ അന്നേരം അബൂബക്‌റിന്റെ ഓര്‍മയുടെ തെളിഞ്ഞ ഭിത്തിയിലൂടെ കടന്നുപോകുന്നുണ്ടാകണം! ‘ജീവിതത്തിലും മരണത്തിലും അങ്ങ് പരിശുദ്ധനായി!’ ആത്മഗതത്തോളം പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു. തെല്ലിട നിര്‍ത്തി അബൂബക്ര്‍ തുടര്‍ന്നു: ‘അല്ലാഹു കല്പിച്ച മൃത്യു അങ്ങ് ആസ്വദിച്ചുകഴിഞ്ഞു, ഇനിയൊരു മരണം അങ്ങേക്കില്ല.’ അയാള്‍ പള്ളിയിലെത്തി. ജനങ്ങള്‍ ഉമറിനെ വിട്ട് പ്രവാചകന്റെ ഉറ്റകൂട്ടുകാരനെ ചുറ്റിനിന്നു. അയാളുടെ വിറയാര്‍ന്ന അധരങ്ങളില്‍നിന്നുതിര്‍ന്ന വാക്കുകളവര്‍ ശ്രദ്ധിച്ചു: ‘ആരെങ്കിലും മുഹമ്മദിനെയാണാരാധിച്ചിരുന്നതെങ്കില്‍ മുഹമ്മദ് തീര്‍ച്ചയായും മരണമടഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണാരാധിക്കുന്നതെങ്കില്‍ അല്ലാഹു അമരത്വത്തോടെ ജീവിക്കുന്നവനാണ്’ കുര്‍ആനില്‍ നിന്നൊരു സൂക്തമുദ്ധരിച്ച് അബൂബക്ര്‍ തന്റെ വാക്കുകളെ ബലപ്പെടുത്തി: ‘മുഹമ്മദ് ഒരു ദൂതനല്ലാതെ മറ്റൊന്നല്ല, അദ്ദേഹത്തിനു മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മൃതിയടയുകയോ വധിക്കപ്പെടുകയോ ചെയ്യുകില്‍ നിങ്ങള്‍ പിന്തിരിയുകയോ? ആരെങ്കിലും പിന്തിരിയുകില്‍ അയാള്‍ അല്ലാഹുവിന് ക്ഷതമൊന്നുമേല്പിക്കുന്നില്ല. കൃതജ്ഞരായവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.’ അബൂബക്‌റിന്റെ വാക്കുകള്‍ കേട്ടതോടെ ഉമര്‍ സ്വബോധത്തിലേക്ക് തിരിച്ചുവന്നു. പ്രവാചകന്‍ മരിച്ചുവെന്ന യാഥാര്‍ഥ്യവുമായി അവസാനമയാള്‍ പൊരുത്തപ്പെട്ടിരിക്കുന്നു.
മൃതിപ്പെട്ട പ്രവാചകനെയോര്‍ത്തു മാത്രമല്ല ഇപ്പോള്‍ വിശ്വാസികളുടെ ആധി; തങ്ങളെക്കുറിച്ചുതന്നെയാണ്. അവര്‍ക്കിനിയൊരു നേതൃത്വമില്ല. അതുകൊണ്ടാണ് അബൂബക്‌റും ഉമറുമുടക്കമുള്ള മുതിര്‍ന്ന സഹാബികളുടെ സത്വരശ്രദ്ധ നേതൃശൂന്യത പരിഹരിക്കുക എന്നതിലേക്കു തിരിഞ്ഞത്. സ്വന്തം പിതാവിനെക്കാള്‍ താന്‍ സ്‌നേഹിച്ച തന്റെ വഴികാട്ടിയുടെ വേര്‍പാടിന്റെ ദുഃഖം താങ്ങാനാവാതെ അലി തളര്‍ന്നു. തല്‍ഹക്കും സുബയ്‌റിനുമൊപ്പം അയാള്‍ വീട്ടിലേക്കു പോയി. അബൂബക്‌റും ഉമറും മദീനയുടെ അധിപന് പിന്‍ഗാമിയെ കണ്ടെത്തുന്നതിന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു. അനൈക്യവും ഛിദ്രതയും വിശ്വാസികള്‍ക്കിടയിലേക്ക് അരിച്ചെത്താനും സമൂഹം ഛിന്നഭിന്നമാകാനുമുള്ള സാധ്യതകളെല്ലാം ഒത്തുവന്ന സന്ദര്‍ഭം. ചെറിയ അലംഭാവം അനര്‍ഥങ്ങള്‍ വരുത്തിവെക്കും. സഅദ് ബിന്‍ ഉബാദയുടെ നേതൃത്വത്തില്‍ അന്‍സാറുകള്‍ ബനൂസാഇദയുടെ കോലായില്‍ ഒത്തിരിക്കുന്ന വാര്‍ത്ത വന്നതും അബൂബക്‌റും ഉമറും അവിടെയെത്തി. അതൊരു വഴിത്തിരിവായി. വിശ്വാസികള്‍ അബൂബക്‌റിനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നു. അല്ലാഹു അക്ബര്‍.
മുസ്‌ലിംകള്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രവാചകന്റെ ഭൗതികശരീരം ആഇഷയുടെ വീട്ടിലെ കട്ടിലില്‍ ബന്ധുക്കള്‍ക്കിടയില്‍ കിടന്നു. അലിയും അബ്ബാസും, അയാളുടെ മക്കളായ ഫദ്‌ലും കിസമും ഉസാമയും നബിയുടെ മറ്റൊരു വിമുക്തദാസന്‍ ശക്‌റാനും ചേര്‍ന്ന് ഭൗതികശരീരം സ്‌നാനപ്പെടുത്തി. പ്രവാചകനുടുത്തിരുന്ന വസ്ത്രം മാറ്റാതെയായിരുന്നു കുളിപ്പിക്കല്‍കര്‍മം. അലൗകികമായൊരു പരിമളം അവിടെ തുടിച്ചുനിന്നു. ‘എന്റെ പിതാവിനെക്കാളും എന്റെ മാതാവിനെക്കാളും എനിക്കു പ്രിയപ്പെട്ടവനേ, ജീവിതത്തിലും മരണത്തിലും എത്ര ശ്രേയസ്‌കനാണങ്ങ്!’ ഇരുവര്‍ക്കിടയിലെ സംഭാഷണത്തിലെന്നവണ്ണം അലി പറഞ്ഞു. സ്‌നാനപ്പെടുത്തിയ ഭൗതികശരീരം മൂന്ന് തുണികളില്‍ പൊതിഞ്ഞു. സന്ദര്‍ശകര്‍ക്ക് കടന്നുവരാനായി പള്ളിയുടെ ഭാഗത്തുള്ള കവാടങ്ങള്‍ തുറന്നു. കൊച്ചുകൊച്ചു സംഘങ്ങളായി ജനാസ നമസ്‌കരിച്ച്, ദുഃഖത്തില്‍ കനംതൂങ്ങിയ ശിരസ്സുകള്‍ താങ്ങി അവര്‍ തിരിച്ചുപോയി.
മദീനയുടെ പുതിയ നേതാവ് അബൂബക്ര്‍ അവിടെയെത്തി മയ്യിത്ത് സംസ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേര്‍പ്പെട്ടു. എവിടെ മറവുചെയ്യണമെന്ന കാര്യത്തില്‍ പ്രവാചകന്റെ ശിഷ്യര്‍ക്കിടയില്‍ ഭിന്നതയുണ്ടായി. തിരുദൂതരുടെ, നേരത്തെ മൃതിയടഞ്ഞ മൂന്ന് പെണ്‍മക്കളുടെയും ഇബ്‌റാഹീമിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ പലരുടെയും കുഴിമാടങ്ങള്‍ക്ക് സമീപം ബകീഅല്‍ഗര്‍കദിലാണ് അദ്ദേഹത്തിന്റെ കബറിടം ഉണ്ടായിരിക്കേണ്ടതെന്ന് പലര്‍ക്കും തോന്നി. മറ്റുചിലരാകട്ടെ, അദ്ദേഹത്തെ പള്ളിയില്‍ മറവുചെയ്യണമെന്ന പക്ഷക്കാരാണ്. എന്നാല്‍ അബൂബക്ര്‍ അന്നേരം പ്രവാചകന്‍ പണ്ട് പറഞ്ഞതോര്‍ത്തു: ‘ഒരു പ്രവാചകനും അയാള്‍ മൃതിപ്പെട്ട സ്ഥലത്തല്ലാതെ അടക്കപ്പെടുകയില്ല.’
തര്‍ക്കത്തിനറുതിയായി; പ്രവാചകന്‍ പ്രാണന്‍ വെടിഞ്ഞ അതേ ശയ്യക്കു താഴെത്തന്നെ അദ്ദേഹത്തിനുള്ള കബ്‌റൊരുങ്ങും.
ബുധനാഴ്ചയിലേക്ക് കണ്‍തുറക്കാനിരിക്കുന്ന പാതിരാവ്. മണ്‍വെട്ടികളം കൂന്താലികളും ഉറച്ച നിലത്ത് ശക്തിയിലമരുന്നതിന്റെ ശബ്ദം കേട്ട് ആഇഷ മയക്കത്തില്‍ നിന്നുണര്‍ന്നു. അലിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് കബ്‌റൊരുക്കുകയാണ്; തന്റെ സ്വന്തം മുറിയിൽ. അവളതൊരു ഭാഗ്യമായി കണ്ടു. സ്‌നാനപ്പെടുത്തിയവര്‍തന്നെ ആ രാപ്പാതിയില്‍ പ്രവാചകന്റെ ഭൗതികശരീരം കുഴിമാടത്തിലിറക്കി. മുകളില്‍ ഇഷ്ടികവെച്ച് മണ്ണിട്ടുമൂടി. സങ്കീര്‍ണമായ ചടങ്ങുകളില്ല, നെഞ്ചത്തടിച്ചുള്ള വിലാപങ്ങളില്ല, അനുശോചന പ്രഭാഷണങ്ങളില്ല; ജനനംപോലെ തന്നെ അനാര്‍ഭാടമായ മരണം. ഓര്‍മവെച്ച നാള്‍ തൊട്ടുള്ള സജീവവും അവിശ്രമവുമായ ഒരായുഷ്‌കാലത്തിന്റെ സമാധാനപൂര്‍ണമായ അന്ത്യം. ദിഗ്വിജയം നേടാനായി കുതികൊണ്ട മാനവമഹാശക്തിയെ ഒരുക്കിനിര്‍ത്തി, ലോകത്തിനുമേല്‍ പ്രകാശം വിതറി കടന്നുപോയ, ചരിത്രമറിഞ്ഞതില്‍വെച്ചേറ്റവും ഉജ്ജ്വലമായ ജീവിതത്തിന്റെ സാർത്ഥകമായ പരിസമാപ്തി.
സല്ലല്ലാഹു അലയ്ഹി വ സല്ലം.

സല്ലല്ലാഹു അലൈഹി വസല്ലം.
വിശുദ്ധചരിത്രത്തെ അനുഭവിപ്പിക്കാൻ പ്രാപ്തമായ തൂലികയുടെ ഉടമയ്ക്ക് നന്ദി.
അനുഗ്രഹങ്ങളുണ്ടാവട്ടെ. ആമീൻ