ചരിത്രാസ്വാദനം
രോഗം
ഹജ്ജിന് പരിസമാപ്തിയായി. തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. നജ്ദില്‍നിന്ന് വന്നവര്‍ നജ്ദിലേക്കും തിഹാമയില്‍നിന്ന് വന്നവര്‍ തിഹാമയിലേക്കും തിരിച്ചുപോയി. പ്രവാചകനും അനുചരരും മദീനയിലേക്ക് മടങ്ങി. അറേബ്യയിലുടനീളം സമാധാനത്തിന്റെ പതാക പാറി. എന്നാല്‍, തല്‍ക്കാലം പത്തി താഴ്ത്തി നില്‍ക്കുന്ന റോമാക്കാരുടെയും പേര്‍സ്യക്കാരുടെയും മുമ്പില്‍ അവസരം ഒത്തുവരുകില്‍, ഷാമിന്റെയും ഇറാകിന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീഷണിസാധ്യതകള്‍ തൂങ്ങിനിന്നു. അതിനിടെയാണ് അപ്രതീക്ഷിതമായ മറ്റൊരു പ്രശ്‌നം തലപൊക്കുന്നത്.
പോയവര്‍ഷം മദീന സന്ദര്‍ശിച്ച എണ്ണമറ്റ പ്രതിനിധി സംഘങ്ങളില്‍ യമാമയില്‍നിന്നുള്ള കൃസ്തീയ ഗോത്രമായ ബനൂഹനീഫ സംഘവുമുണ്ടായിരുന്നു. നജ്ദിന്റെ കിഴക്കന്‍ അതിര്‍ത്തിയിലാണവരുടെ വാസം. ഇസ്‌ലാം സ്വീകരിക്കുവാന്‍ ബനൂഹനീഫക്ക് സമ്മതവുമായിരുന്നു. എന്നാല്‍, അവരുടെ കൂട്ടത്തിലൊരാള്‍ താന്‍ പ്രവാചകനാണെന്നവകാശപ്പെട്ട് രംഗപ്രവേശം നടത്തിയിരിക്കുന്നു. പ്രവാചകനടക്കം തീര്‍ഥാടകര്‍ മദീനയില്‍ തിരിച്ചെത്തിയതേയുള്ളൂ. മുസയ്‌ലിമ -അതാണയാളുടെ പേര്- കൊടുത്തുവിട്ട കത്തുമായി രണ്ടുപേര്‍ നബിയെ സമീപിച്ചു. ‘അല്ലാഹുവിന്റെ ദൂതനായ മുസയ്‌ലിമയില്‍നിന്ന് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദിനുള്ള കുറിമാനം. താങ്കള്‍ക്കുമേല്‍ അല്ലാഹുവിന്റെ സമാധാനമുണ്ടാകട്ടെ. താങ്കളുമായി അധികാരം പങ്കിടാന്‍ നമുക്കനുമതി ലഭിച്ചിരിക്കുന്നു. ഭൂഗോളത്തിന്റെ പാതി നമ്മുടേതാണ്; പാതി, അതിക്രമകാരികളാണെങ്കില്‍കൂടി, കുറയ്ഷികള്‍ക്കുള്ളതും.’
‘ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായമെന്താണ്?’ കത്തു വായിച്ചതിനുശേഷം മുസ്യ്ലിമയുടെ രണ്ട് ദൂതരോട് പ്രാവാചകന്‍ ചോദിച്ചു.
‘അദ്ദേഹത്തിന്റെ അഭിപ്രായംതന്നെയാണ് ഞങ്ങള്‍ക്കും.’ അവര്‍ പറഞ്ഞു.
‘അല്ലാഹുവാണ! സന്ദേശവാഹകരെ വധിക്കാന്‍ പാടില്ല എന്ന മര്യാദ ഇല്ലായിരുന്നെങ്കില്‍ നിങ്ങളിരുവരെയും വധിക്കാന്‍ ഞാനുത്തരവിടുമായിരുന്നു.’ തുടര്‍ന്ന് അവരുടെ യജമാനനുള്ള മറുപടിക്കത്തിലെ വാചകങ്ങള്‍ അദ്ദേഹം പറഞ്ഞുകൊടുത്തു: ‘അല്ലാഹുവിന്റെ ദൂതനായ മുഹമ്മദില്‍നിന്ന് പെരുംനുണയനായ മുസയ്‌ലിമക്ക്. നേര്‍മാര്‍ഗം പിന്തുടര്‍ന്നയാള്‍ക്ക് സമാധാനമുണ്ടാകട്ടെ! തീര്‍ച്ചയായും, ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസരില്‍ അവനുദ്ദേശിക്കുന്നവരെ അവന്‍ അതിനവകാശികളാക്കി മാറ്റുന്നു. അന്തിമവിജയം ഭക്തര്‍ക്കുള്ളതാണ്.’
പ്രവാചകത്വം അവകാശപ്പെട്ടുകൊണ്ട് പിന്നെയും പലരും വന്നുവെങ്കിലും നബി അവരെയൊന്നും കാര്യമായെടുത്തില്ല. ബനൂഅസദ് ഗോത്രത്തിന്റെ മൂപ്പന്‍ തുലയ്ഹയാണ് ഒരാള്‍. പ്രവാചകന്‍ ജീവിച്ചിരിക്കെ അയാള്‍ പ്രവാചകത്വം വാദിച്ചതുമില്ല. ഒരു യാത്രക്കിടയില്‍ ദാഹിച്ചു വലഞ്ഞ തന്റെ ഗോത്രക്കാര്‍ക്ക് ജലലഭ്യതയുള്ള ഒരിടത്തെക്കുറിച്ച് വിവരം നല്‍കി എന്നതാണ് തന്റെ പ്രവാചകത്വത്തിനുള്ള അയാളുടെ ഒരേയൊരു ന്യായം. യമനില്‍നിന്നുള്ള അസ്‌വദ് അല്‍ അന്‍സിയാണ് മറ്റൊരു പ്രവാചകത്വവാദി. സാസാനി രാജാക്കന്മാരുടെ സാമന്തരാജ്യമായിരുന്ന യമനിലെ ഭരണാധികാരി ബാദാന്‍ ഇസ്‌ലാം സ്വീകരിച്ചതോടെ ആ നാട് മദീനക്ക് തലവരി നല്‍കി ഇസ്‌ലാമിക ഭരണകൂടത്തിന്റെ ഭാഗമായി. ബാദാന്റെ പിന്‍ഗാമിയായി വന്ന അസ്‌വദുല്‍അന്‍സി പക്ഷേ, ആ ബാധ്യതയില്‍നിന്ന് കുതറി ഒരുപടികൂടി കടന്ന് താന്‍തന്നെ പ്രവാചകനാണെന്ന് വാദിച്ചു. തന്റെ ആഭിചാരസിദ്ധിയെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍, സില്‍ബന്തികളെ വിട്ട് വ്യാപകമായി പ്രചരിപ്പിച്ചാണയാള്‍ അനുയായികളെ കൂട്ടിയത്. ക്ഷണഭംഗുരമായ ചില മുന്നേറ്റങ്ങള്‍ അന്‍സി നടത്തുകയുണ്ടായി. കുറഞ്ഞ സമയത്തിനുള്ളില്‍ വിശാലമായ പ്രദേശം അയാളുടെ വരുതിയിലായി. മദീനയുടെ പ്രതിനിധിയെ അവിടന്ന് ആട്ടിപ്പായിച്ചു. എന്നാല്‍ എഴുന്നുനിന്ന അഹങ്കൃതിയിലും താന്‍പോരിമയിലും സഹികെട്ട് സ്വന്തം അനുയായികള്‍ അന്‍സിക്കെതിരെ തിരിഞ്ഞതിനാല്‍ അയാളുടെ വീര്യംകെട്ടു. അയാള്‍ കയ്യടക്കിയ പ്രദേശങ്ങള്‍ മുസ്‌ലിംകള്‍ തിരിച്ചുപിടിക്കുകയും ചെയ്തു.
തുലയ്ഹയെ പിന്നീട് ഖാലിദിന്റെ നേതൃത്വത്തിലുള്ള സൈന്യം പരാജയപ്പെടുത്തി. അയാള്‍ തന്റെ അവകാശവാദമെല്ലാം കുടഞ്ഞൊഴിവാക്കി പിന്നീട് ഇസ്‌ലാമിന്റെ കരുത്തായി മാറി. മുസയ്‌ലിമയാകട്ടെ, ഖാലിദിന്റെ അപ്രതിഹതമായ ആക്രമണത്തില്‍ കോട്ടക്കുള്ളിലേക്ക് പിന്‍വാങ്ങി. കോട്ടക്കുള്ളിലേക്ക് ഇരച്ചുകയറി മുസ്‌ലിം സേന അയാളെ വധിച്ചു. വീരനായ ഹംസയെ നിഗ്രഹിച്ചതിലുള്ള അപരാധബോധവും ആത്മനിന്ദയുമായി കഴിഞ്ഞുകൂടുകയായിരുന്ന അബിസീനിയക്കാരന്‍ വഹ്ഷി എറിഞ്ഞ ചാട്ടുളി മുസയ്‌ലിമയുടെ നെഞ്ചിലുടെ തുളച്ചുകേറി. അബ്ദുല്‍മുത്തലിബിന്റെ മകന്‍ ഹംസയുടെ ശരീരം കീറിയ അതേ പടക്കുന്തം മിടിപ്പുനിന്ന മുസയ്‌ലിമയുടെ നെഞ്ചുകൂടില്‍നിന്ന് വഹ്ഷി വലിച്ചൂരി. മുസ്‌ലിമായതിനുശേഷമുള്ള തന്റെ ജീവിതദൗത്യം പൂര്‍ത്തിയായി എന്നുതോന്നിയ അനിര്‍വാച്യമായ ആനന്ദമനുഭവിച്ച നിമിഷത്തില്‍ വഹ്ഷി വിളിച്ചുപറഞ്ഞു, ‘മുസയ്‌ലിമയെ ഞാന്‍ കൊന്നു… മുസയ്‌ലിമയെ ഞാന്‍ കൊന്നു…’ മിഴികളില്‍നിന്നടര്‍ന്ന അശ്രുകണങ്ങളില്‍ അയാളുടെ പതുങ്ങിയ ശ്മശ്രുക്കള്‍ നനഞ്ഞു. ഹംസയുടെ വധത്തിന് താനങ്ങനെ പ്രായശ്ചിത്തം ചെയ്തുവെന്ന് കാണാന്‍ പ്രവാചകന്‍ ജീവിച്ചിരിപ്പില്ലല്ലോ എന്ന വ്യഥ അയാളെ മഥിച്ചിരിക്കാം, കാരണം, ഇതെല്ലാം സംഭവിക്കുന്നത് പ്രവാചകന്റെ വിയോഗത്തിനും മാസങ്ങള്‍ക്കുശേഷമാണല്ലോ. അബൂബക്‌റാണന്ന് മദീനയുടെ അധിപന്‍.
പ്രവാചകന്‍ ജീവിച്ചിരിക്കെ, ഹിജ്‌റ പതിനൊന്നില്‍ ഈ വ്യാജപ്രവാചകരെല്ലാം ഇസ്‌ലാമിന്റെ മുമ്പില്‍ അപകടസാധ്യതയായി വളര്‍ന്നിരുന്നു. തമീം ഗോത്രക്കാരി സജാഹ് ബിന്‍ത് ഹാരിസ് എന്ന സ്ത്രീയും താന്‍ പ്രവാചകയാണെന്നവകാശപ്പെട്ട് രംഗപ്രവേശം നടത്തി. മുസയ്‌ലിമയുടെ ജീവിതാന്ത്യത്തില്‍ അയാളുടെ മണവാട്ടിയാവുകയും ചെയ്തു സഹാജ്. എന്നാല്‍, ഈ വ്യാജപ്രവാചകന്മാര്‍ക്കെതിരില്‍ തത്കാലം ഒരു നടപടിയിലേക്ക് നബി നീങ്ങിയില്ല. അദ്ദേഹത്തിന്റെ സത്വരശ്രദ്ധ തിരിഞ്ഞത് ഉത്തരഭാഗത്തേക്കാണ്. സഫര്‍ മാസത്തിലെ അവസാന നാളുകളില്‍, മൂന്നുവര്‍ഷം മുമ്പ് മുഅ്തയിലേറ്റ തിരിച്ചടിക്ക് പകരംവീട്ടാന്‍ സമയമായെന്നദ്ദേഹം കണക്കുകൂട്ടി. തനിക്കേറെ പ്രിയപ്പെട്ടവരായിരുന്ന സെയ്ദും ജഅ്ഫറും കൊല്ലപ്പെട്ട ആ യുദ്ധത്തില്‍ റോമാ സൈന്യത്തിന്റെ പാര്‍ശ്വവര്‍ത്തികളായി മുസ്‌ലിംകള്‍ക്കുനേരെ ആക്രമണമഴിച്ചുവിട്ട ഷാമിലെ അറബ് ഗോത്രങ്ങള്‍ക്കെതിരെയൊരു പടനീക്കത്തിന് തയ്യാറെടുക്കാന്‍ നബി മുസ്‌ലിംകളോടാവശ്യപ്പെട്ടു. സെയ്ദിന്റെ പുത്രന്‍ ഉസാമയെ അയാളുടെ തുഛപ്രായം പരിഗണിക്കാതെ സേനയുടെ തലയാളായി നിശ്ചയിച്ചു.
ആദ്യകാല വിശ്വാസികളും പരിചയസമ്പന്നരായ പോരാളികളുമായ മുതിര്‍ന്ന അനുചരരെയൊന്നും പരിഗണിക്കാതെ പതിനെട്ടുകാരനായ പൊടിമീശക്കാരനെ നബി സേനാനായകനായി നിയോഗിച്ചതില്‍ അവിശ്വസനീയതയും അമ്പരപ്പുമുണ്ടായെങ്കിലും വിശ്വാസികള്‍ പുറമേക്ക് നീരസമൊന്നും പ്രകടിപ്പിച്ചില്ല.
മുഅ്ത യുദ്ധത്തില്‍ സെയ്ദ് ബിന്‍ ഹാരിസ വഹിച്ച അതേ ഉത്തരവാദിത്വമാണിപ്പോള്‍ പുത്രന്‍ ഉസാമക്ക് നിര്‍വഹിക്കാനുള്ളത്. യാത്രക്കുള്ള സജ്ജീകരണങ്ങളൊരുക്കാനായി ഉസാമയും സൈനികരും മദീനയുടെ പ്രാന്തത്തിലുള്ള ജുര്‍ഫിലേക്ക് പുറപ്പെട്ടു. എന്നാല്‍, മഹത്തായ മുസ്‌ലിം സേനയുടെ നേതാവാകാനുള്ള ഉസാമയുടെ അര്‍ഹതയെച്ചൊല്ലി മുതിര്‍ന്ന അനുചരന്മാര്‍ക്കിടയില്‍ മുറുമുറുപ്പാരംഭിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനുശേഷം, നിദ്ര കണ്‍പോളകളില്‍ ചേക്കേറാന്‍ മടിച്ചുനിന്ന ഒരു രാത്രിയില്‍ തന്റെ വിമുക്ത അടിമ അബൂമുവയ്ഹിബയെ വിളിച്ച് നബി പറഞ്ഞു, ‘ബകീഇലെ ശ്മശാനവാസികള്‍ക്കു വേണ്ടി പാപമോചനം തേടാന്‍ എനിക്ക് കല്പന ലഭിച്ചിട്ടുണ്ട്. വരൂ നമുക്കവിടംവരെ പോകാം.’ ഇളംകാറ്റും കൊച്ചുനിലാവുമുള്ള ആ രാത്രിയില്‍ അവര്‍ നടന്ന് ബകീഇലെത്തി. നടന്നെത്തിയതിന്റെ കിതപ്പാറിയശേഷം ശ്മശാനത്തിലേക്ക് കണ്ണുനട്ട് പ്രവാചകന്‍ പറഞ്ഞു, ‘കബറാളികളേ, നിങ്ങള്‍ക്കുമേല്‍ ശാന്തി വര്‍ഷിക്കട്ടെ. നിങ്ങളുടെ സ്ഥിതിയില്‍ ആമോദരാവുക, ജീവിച്ചിരിക്കുന്നവരെക്കാള്‍ സുസ്ഥിതിയിലാണു നിങ്ങളുള്ളത്. ഘനഘോര നിശീഥങ്ങളിലെ ഇരുട്ടിന്റെ തിരമാലകള്‍ കണക്കെ ഭിന്നതകള്‍, ഒന്നിനുപിറകെ ഒന്നായി, വരാനിരിക്കുന്നു. വരുന്ന ഓരോന്നും കഴിഞ്ഞുപോയതിനേക്കാള്‍ ചീത്തയാണുതാനും. ഞാനിതാ നിങ്ങള്‍ക്കൊപ്പം ചേരാനിരിക്കുന്നു.’
അബു മുവയ്ഹിബാ, ‘ഈ ലോകത്തിന്റെ ഖജനാവുകളുടെ താക്കോലുകളും അതിലെ അനശ്വരവാസവും ഒപ്പം സ്വര്‍ഗവും എനിക്ക് വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായി. ഇതിനും എന്റെ നാഥനെയും സ്വര്‍ഗത്തെയും കണ്ടുമുട്ടുന്നതിനുമിടയില്‍ ഒരു തിരഞ്ഞെടുപ്പിനുള്ള അവസരം എനിക്കു ലഭിച്ചു.’ അബൂമുവയ്ഹിബ പറഞ്ഞു: ‘എന്റെ പിതാവിനേക്കാളും മാതാവിനേക്കാളും എനിക്കു പ്രിയപ്പെട്ടവനേ, ഈ ലോകത്തിന്റെ ഖജനാവുകളുടെ താക്കോലുകളും അതിലെ അനശ്വരജീവിതവും കൂടെയുള്ള സ്വര്‍ഗവും സ്വീകരിക്കൂ,’ അന്നേരം നബി പറഞ്ഞു, ‘എന്റെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതും സ്വര്‍ഗവും ഇതിനകം ഞാന്‍ തിരഞ്ഞെടുത്തുകഴിഞ്ഞു.’ തുടര്‍ന്നദ്ദേഹം ബകീഇല്‍ അടക്കപ്പെട്ടവര്‍ക്കായി പാപമോചനം തേടി പ്രാര്‍ഥിച്ചു.
ആ രാവ് ചെന്നുചേര്‍ന്ന പകലില്‍ -അതൊരു തിങ്കളാഴ്ചയായിരുന്നു- മുമ്പെങ്ങുമില്ലാത്തവിധം പ്രവാചകന് തലവേദനയനുഭവപ്പെട്ടു, അകമ്പടിയായി കടുത്ത പനിയും. വേദനയില്‍ പുളയുമ്പോഴും അദ്ദേഹം പള്ളിയിലെത്തി നമസ്‌കാരത്തിന് നേതൃത്വംനല്‍കി. ശേഷം മിമ്പറില്‍ കയറി, ഇനിയൊരിക്കല്‍ ഉണ്ടാവില്ലെന്നവിധം, ഉഹ്ദിലെ രക്തസാക്ഷികള്‍ക്ക് വേണ്ടി അനുഗ്രഹം തേടി.
പള്ളിയില്‍ നിന്നദ്ദേഹം പോയത് മയ്മൂനയുടെ വസതിയിലേക്കാണ്; അന്നത്തെ ഊഴം അവളുടേതാണ്. വേദന കൂടക്കൂടെ പെരുകിവന്നു. ഒന്നുരണ്ട് നാഴിക കഴിഞ്ഞപ്പോള്‍ തനിക്ക് സുഖമില്ലെന്നറീക്കാനായി ആഇഷയെ സന്ദര്‍ശിച്ചു. പ്രിയപത്‌നിയുടെ മുറിയില്‍ പ്രവേശിക്കുമ്പോള്‍ സഹിക്കാനാവാത്ത തലവേദനയില്‍ ശിരസ്സ് കൈക്കൊണ്ട് താങ്ങിയിരിക്കുകയാണവള്‍. ‘നിന്റെ തലവേദനയെക്കാള്‍ കടുത്തതാണ് എന്റെ തലവേദന,’ പാതി തമാശയായി പ്രവാചകന്‍ പറഞ്ഞു. എന്നാല്‍ മുഖത്ത് മാരകമായ രോഗത്തിന്റെ എന്തെങ്കിലും അടയാളം തേടുന്നതുപോലെ അദ്ദേഹം അവളെ സൂക്ഷിച്ചു നോക്കി. അങ്ങിനെയൊന്നും കാണാത്തതിനാല്‍ ആ നര്‍മഭാഷണം അദ്ദേഹം തുടര്‍ന്നു: ‘എനിക്കുമുമ്പ് നീ മരണപ്പെട്ടിരുന്നെങ്കില്‍… ഞാന്‍ ജീവിച്ചിരിക്കെ നിനക്കു വേണ്ടി പാപമോചനം തേടാനും നിന്നില്‍ കരുണ ചൊരിയാനായി പ്രാര്‍ഥിക്കാനും നിന്നെ കഫന്‍ ചെയ്യാനും നിനക്കു വേണ്ടി പ്രാര്‍ഥിക്കാനും നിന്നെ മറവുചെയ്യാനും എനിക്ക് കഴിയുമായിരുന്നു.’ സ്വരഭേദത്തില്‍നിന്ന് തിരുദൂതര്‍ക്ക് സുഖമില്ലെന്നറിഞ്ഞവള്‍ ഞെട്ടി. എന്നാലവള്‍ അതിനെ ലഘൂകരിക്കാന്‍ ശ്രമിച്ചു: ‘ആ ഭാഗ്യം മറ്റാര്‍ക്കെങ്കിലും ലഭിച്ചോട്ടെ, ഞാന്‍ മരിച്ചിട്ട് മറ്റു ഭാര്യമാരോടൊപ്പം സുഖിക്കാമെന്നാണ് മോഹമല്ലേ?’ അദ്ദേഹത്തിന്റെ മുഖത്തൊരു ചെറുപുഞ്ചിരി വിരിയിക്കാന്‍ ആ വാക്കുകള്‍ക്കായി. വേദനയുടെ ഒരു തിരമാലകൂടി അദ്ദേഹത്തെ ആക്രമിച്ചു. ‘ഒഹ്! എന്റെ തല.’ ചെന്നിയില്‍ അമര്‍ത്തിപ്പിടിച്ച് അദ്ദേഹം പറഞ്ഞു.
മയ്മൂനയുടെ വീട്ടില്‍ തിരിച്ചെത്തിയശേഷം അരോഗാവസ്ഥയിലായിരുന്നതുപോലെ പെരുമാറാന്‍ അദ്ദേഹം ശ്രമിച്ചു. പതിവനുസൃതം പള്ളിയിലെത്തി നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് തുടരുകയും ചെയ്തു. എന്നാല്‍ രോഗം അനുനിമിഷം മൂര്‍ഛിച്ചുവന്നു. വീട്ടിലേക്കു മടങ്ങിയെത്തിയ പ്രവാചകന്‍ മയ്മൂനയോടു ചോദിച്ചു, ‘നാളെ ഞാനെവിടെയാണ്?’ ഭാര്യമാരിലാര്‍ക്കാണ് പിറ്റേന്നത്തെ ഊഴം വരുന്നതാര്‍ക്കാണെന്നവള്‍ പറഞ്ഞു. ‘മറ്റന്നാളോ?’ അദ്ദേഹം ചോദിച്ചു. മറുപടിയില്‍ തൃപ്തനാകാത്തതുപോലെ നബി ചോദ്യം ആവര്‍ത്തിച്ചു. ആയിഷയുടെ കൂടെയായിരിക്കാനാണ് അദ്ദേഹത്തിന്റെ മനസ്സ് വെമ്പുന്നതെന്ന് മനസ്സിലാക്കിയ മയ്മൂന അക്കാര്യം മറ്റു പത്‌നിമാരുമായി പങ്കുവെച്ചു. അവര്‍ ഒരുമിച്ച് അദ്ദേഹത്തെ സമീപിച്ചുകൊണ്ടു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പമുള്ള ഞങ്ങളുടെ ദിനങ്ങള്‍ സഹോദരി ആഇഷയ്ക്ക് നല്‍കിയിരിക്കുന്നു!’ അദ്ദേഹം അവരുടെ സമ്മാനം സ്വീകരിച്ചു. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവിധം പരിക്ഷീണനായിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. അബ്ബാസിന്റെയും അലിയുടെയും ചുമലില്‍ താങ്ങി, കാലുകള്‍ നിലത്തിഴച്ച് അദ്ദേഹം ആഇഷയുടെ വീട്ടിലെത്തി. ആഇഷ താന്‍ പഠിച്ച പ്രാര്‍ഥനാമന്ത്രങ്ങളെല്ലാമുരുവിട്ടും, രാവും പകലും പരിചരിച്ചും പ്രിയതമന് കൂട്ടിരുന്നു.
ബുധനാഴ്ചയായി. തിരുദേഹം പനിയില്‍ പൊള്ളി. ‘വേറെവേറെ കിണറുകളില്‍നിന്ന് ശേഖരിച്ച ഏഴു പാത്രം ജലം കൊണ്ടെന്നെ അഭിഷിക്തനാക്കുക,’ പ്രവാചകന്‍ പത്‌നിമാരോടാവശ്യപ്പെട്ടു. അവരദ്ദേഹത്തെ സ്‌നാനത്തൊട്ടിയിലിരുത്തി. ഏഴു പാത്രം ജലം അദ്ദേഹത്തിന്റെ മേനിയിലൂടെ ഒഴുക്കി. ‘മതി… മതി…’ അദ്ദേഹം പറഞ്ഞു. പിന്നീടവരദ്ദേഹത്തെ വസ്ത്രം ധരിപ്പിച്ചു. തല വരിഞ്ഞുകെട്ടി പള്ളിയിലെത്തിയ നബി മിമ്പറിലുപവിഷ്ടനായി. നിറഞ്ഞ സദസ്സ്. തലയില്‍ ഇരിക്കുന്ന പക്ഷി പറന്നുപോകാതിരിക്കാന്‍ ദത്തശ്രദ്ധനായിരിക്കുന്ന ഒരാളെപ്പോലെ ശ്രോതാക്കള്‍ തിരുവദനത്തിലേക്കു നോക്കി നിശ്ചഞ്ചലരായിരുന്നു. അദ്ദേഹം പറഞ്ഞുതുടങ്ങി: ‘യഹൂദരെയും നസ്രാനികളെയും അല്ലാഹു ശപിച്ചിരിക്കുന്നു. തങ്ങളുടെ പ്രവാചകന്മാരുടെ കബറിടങ്ങളെ അവര്‍ സാഷ്ടാംഗസ്ഥാനങ്ങളാക്കി. എന്റെ കബറിടത്തെ നിങ്ങള്‍ ഉപാസിക്കപ്പെടുന്ന വിഗ്രഹമാക്കരുത്.’ മധ്യാഹ്നപ്രാര്‍ഥനക്കായി മിമ്പറില്‍നിന്നിറങ്ങിയ തിരുദൂതര്‍ നമസ്‌കാരത്തിനുശേഷം മിമ്പറില്‍തന്നെയിരുന്ന് തന്റെ ഭാഷണം തുടര്‍ന്നു:
‘ജനങ്ങളേ, ഉസാമയുടെ നേതൃത്വമംഗീകരിച്ച് സൈനികസംരംഭം പൂര്‍ത്തിയാക്കുക. അയാളുടെ നേതൃസ്ഥാനത്തെക്കുറിച്ച് നിങ്ങളിപ്പോള്‍ ആവലാതിപ്പെടുന്നുവെങ്കില്‍, ഇതിനു മുമ്പ് അയാളുടെ പിതാവിന്റെ നേതൃസ്ഥാനത്തെക്കുറിച്ചും നിങ്ങള്‍ ആവലാതിപ്പെട്ടിട്ടുണ്ട്. ഉസാമ നേതൃത്വത്തിന് യോഗ്യനാണ്; തന്റെ പിതാവിനെപ്പോലെ.’
അല്പമൊന്ന് നിര്‍ത്തി പ്രവാചകന്‍ തുടര്‍ന്നു:
‘അല്ലാഹുവിന്റെ ദാസരിലൊരാള്‍ക്ക് ഈ ലോകത്തിനും അവന്റെയരികിലുള്ളതിനുമിടയിലൊരു തിരഞ്ഞെടുപ്പിനുള്ള അവസരം നല്‍കപ്പെട്ടു. ആ ദാസന്‍ അല്ലാഹുവിന്റെ അടുത്തുള്ളത് തിരഞ്ഞെടുത്തു.’ തിരുദൂതരുടെ വാക്കുകള്‍ കേട്ടതോടെ അബൂബക്ര്‍ വിതുമ്പി. തുള്ളിത്തുളുമ്പിയ നീര്‍തുള്ളികള്‍ വൃഷ്ടിപോലെ മിഴികളില്‍നിന്നുതിര്‍ന്നുവീണു. പ്രവാചകന്‍ പറഞ്ഞ ആ തെരഞ്ഞെടുപ്പിന്റെ ആന്തരാര്‍ഥം ആസന്നമായ തിരുദൂതരുടെ മൃത്യുവാണെന്ന് കൃത്യമായി അയാള്‍ നിരൂപിച്ചു. ‘അങ്ങേക്കുവേണ്ടി ഞങ്ങളുടെയും സന്താനങ്ങളെയും പ്രാണന്‍ പണയം,’ അബൂബക്ര്‍ പറഞ്ഞു. തന്റെ വാക്കുകളെ പ്രിയങ്കരനായ കൂട്ടുകാരന്‍ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നുവെന്ന് കണ്ട പ്രവാചകന്‍ പറഞ്ഞു, ‘ധീരനായിരിക്കൂ അബൂബക്ര്‍.’
പള്ളിയുടെ പലവാതിലുകളിലേക്ക് കണ്‍പാര്‍ത്തുകൊണ്ട് തിരുദൂതര്‍ പറഞ്ഞു, ‘അബൂബക്‌റിന്റെ ഭവനത്തില്‍നിന്നുള്ളതൊഴികെ എല്ലാ കവാടങ്ങളും അടച്ചേക്കുക.’ അനുചരര്‍ കവാടങ്ങളെല്ലാം അടച്ചു. തിരുദൂതര്‍ തുടര്‍ന്നു, ‘പ്രിയജനമേ, കൂട്ടുകൊണ്ടും ധനംകൊണ്ടും എനിക്കേറ്റവും സുരക്ഷയേകിയത് അബൂബക്‌റാണ്; മര്‍ത്യരില്‍നിന്നൊരാളെ ഞാന്‍ ആത്മമിത്രമായി തിരഞ്ഞെടുക്കുകില്‍ അത് അബൂബക്‌റായിരിക്കും. പറുദീസയില്‍ അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കുംവരെ ഞങ്ങള്‍ക്കിടയിലെ സൗഹാര്‍ദവും വിശ്വാസപ്രോക്തമായ സൗഭ്രാത്രവും നിലനില്‍ക്കുന്നതാണ്.’
മിമ്പറില്‍ നിന്നിറങ്ങുന്നതിനുമുമ്പ് അദ്ദേഹം പറഞ്ഞു, ‘ഞാന്‍ നിങ്ങള്‍ക്കു മുമ്പേ പോകുന്നു, നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ സാക്ഷിയാണ്… നിങ്ങള്‍ അല്ലാഹുവിനോടൊപ്പം വേറെ ആരാധനാമൂര്‍ത്തികളെ സ്ഥാപിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല; എന്നാല്‍ ലൗകികമായ നേട്ടങ്ങള്‍ക്കായി നിങ്ങള്‍ പരസ്പരം മത്സരിച്ചേക്കുമെന്ന് തീര്‍ച്ചയായും ഭയക്കുന്നുണ്ട്.’
മിമ്പറില്‍നിന്നിറങ്ങി ആഇഷയുടെ വീട്ടിലേക്ക് നടക്കവെ തിരിഞ്ഞുനിന്നുകൊണ്ട് പ്രവാചകന്‍ പറഞ്ഞു, ‘മുഹാജിറുകളേ, അന്‍സാറുകള്‍ക്ക് നന്മ മാത്രമാഗ്രഹിക്കുക, മുസ്‌ലിംകള്‍ പെരുകിക്കൊണ്ടിരിക്കും. എന്നാല്‍, അന്‍സാറുകള്‍ ഇന്നുള്ളതിനെക്കാള്‍ കൂടുകയില്ല. അവരെന്റെ സ്വന്തക്കാര്‍, അവരില്‍ ന്യൂനതയുള്ളവരോട് നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുക.’
തുടര്‍ന്ന് അനുചരരുടെ ചുമലില്‍ താങ്ങി വീട്ടിലേക്കു നടന്നു. രോഗനില പരിഗണിക്കാതെ പള്ളിയിലെത്തി പ്രസംഗിച്ചതിന്റെ ക്ഷീണം പ്രകടമാണ്. ജ്വരമൂര്‍ഛയില്‍ തിരുമേനി തളര്‍ന്നു.
(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

No comments yet.