ചരിത്രാസ്വാദനം
ഹജ്ജതുല്‍വിദാഅ്
പുണ്യറമദാന്‍ സമാഗതമായി. വിശുദ്ധ മാസത്തിന്റെ മധ്യത്തിലെ പത്തുനാള്‍, മദീനയിലുണ്ടെങ്കില്‍, പള്ളിയിലെത്തി ആരാധനാനിമഗ്നനായി ഏകാകിയായിരിക്കുക പ്രവാചകന്റെ പതിവുരീതിയാണ്. അനുചരരില്‍ ചിലരുമുണ്ടാവും കൂടെ. എന്നാലിത്തവണ, മധ്യത്തിലെ പത്തുനാളുകള്‍ക്കുമപ്പുറം അവസാനത്തെ പത്തുനാള്‍കൂടി തന്നോടൊപ്പം പള്ളിയില്‍ കഴിയാന്‍ അദ്ദേഹം അനുചരരെ ക്ഷണിച്ചു.
ഇസ്‌ലാമിക പ്രബോധനം അതിന്റെ സമ്പൂര്‍ണതയിലെത്തിയിരിക്കുന്നു. മഹത്തായ ആ സന്ദേശം അറബ് ഭൂഖണ്ഡത്തിനു നെടുകെയും കുറുകെയും വേരുകള്‍ വിരിച്ചിരിക്കുന്നു. അല്ലാഹു നിശ്ചയിച്ച നിയമങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള മാതൃകാ സമൂഹത്തിന്റെ നിര്‍മിതി തികവുറ്റ രീതിയില്‍ പൂര്‍ത്തിയായിരിക്കുന്നു. അതേസമയം, ഇഹലോകത്തെ തന്റെ ജീവിത കാലാവധിയും പൂര്‍ത്തിയാവുകയാണെന്ന അറിവ് പ്രവാചകനു ലഭിച്ചിരുന്നിരുന്നോ? അടുത്തിട അനുചരന്‍ മുആദ് ബിന്‍ ജബലിനെ യമനിലേക്ക് പ്രബോധകനായയക്കുമ്പോള്‍ പറഞ്ഞവാക്കുകളില്‍ ശുഷ്‌കമായ തന്റെ ശിഷ്ടജീവിതത്തെക്കുറിച്ചുള്ള സൂചനയുണ്ടായിരുന്നോ? ‘മുആദ്, ഇക്കൊല്ലത്തിനുശേഷം നിങ്ങളെന്നെ കണ്ടുകൊള്ളണമെന്നില്ല; ഒരു പക്ഷേ, നിങ്ങളെന്റെയീ പള്ളിയും കബറും വഴി കടന്നുപോകുമായിരിക്കും.’ തിരുദൂതര്‍ പറഞ്ഞതു കേട്ട് മുആദിന്റെ ഹൃദയം കനംതൂങ്ങി കണ്ണീരായി പെയ്തു.
ആ വഴിക്കുള്ള സൂചനകള്‍ ഇനിയുമുണ്ട്. വര്‍ഷാവര്‍ഷം റമദാനിലാണ് ജിബ്‌റാഈല്‍ വന്ന്‌വെളിപാടിലൊന്നുപോലും നബിയുടെ ഓര്‍മയില്‍നിന്ന് ചോര്‍ന്നുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തുക; ഈ വര്‍ഷത്തെ ഏകാന്തവാസത്തിനുശേഷം, പ്രിയപുത്രി ഫാത്വിമയോട് നബിയൊരു രഹസ്യം വെളിപ്പെടുത്തി: ‘കൊല്ലത്തിലൊരിക്കല്‍ ജിബ്‌രീല്‍ വന്ന് എനിക്ക് കുര്‍ആന്‍ ഓതിത്തരാറുണ്ട്, ഞാന്‍ അദ്ദേഹത്തിനും ഓതിക്കൊടുക്കും. എന്നാല്‍, ഇത്തവണയദ്ദേഹം എന്നോടൊപ്പം രണ്ടുതവണ ഓതുകയുണ്ടായി. എന്റെ സമയം അടുത്തെത്തിയെന്ന് തോന്നുന്നു.’
റമദാനും ശവ്വാലും കടന്നുപോയി; ഈവരുന്ന ദുല്‍കഅദ മാസത്തില്‍, മദീനയില്‍നിന്നുള്ള ഹജ്ജ് സംഘത്തെ പ്രവാചകന്‍ നയിക്കുമെന്ന് നഗരത്തിലുടനീളം വിളംബരം ചെയ്യപ്പെട്ടു. വാര്‍ത്ത കാറ്റിലേറി ദൂരദൂരം പരന്നു. ചുറ്റിലുമുള്ള ജനപദങ്ങളില്‍ നിന്ന് ആള്‍ക്കൂട്ടം മദീനയിലേക്കൊഴുകി. യാത്രയുടെ ഓരോ ഘട്ടവും തിരുദൂതരോടൊപ്പം താണ്ടാനുള്ള അസുലഭമായ അവസരം കൈവന്നതിലുള്ള ആഹ്ളാദം അവരുടെ കരണ പ്രതികരണങ്ങളില്‍ തെളിഞ്ഞുകണ്ടു.
ശതവത്സരങ്ങളായി നടന്നുവരുന്നതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ തീര്‍ഥാടനമായിരിക്കും ഇപ്രാവശ്യത്തേത്; ഇതാദ്യമായി ഒന്നൊഴിയാതെ തീര്‍ഥാടകര്‍ ഏകനായ അല്ലാഹുവിന് മാത്രം ഉപാസനകളര്‍പിക്കും. കഴിഞ്ഞ ഏതാനും ശതകങ്ങളിലിതാദ്യമായി ഒരൊറ്റ വിഗ്രഹാരാധകനും ഏതെങ്കിലും പുറജാതീയ ആചാരങ്ങളുമായി വന്ന് പരിശുദ്ധഭവനത്തെ മലിനപ്പെടുത്തുകയില്ല. വിവസ്ത്രനായി ഒരാളുമിനി വിശുദ്ധഗേഹത്തെ ഇടംവെക്കില്ല.
ദുല്‍കഅദ മാസത്തില്‍ ഇനി അഞ്ചു നാളുകള്‍ മാത്രമാണവശേഷിക്കുന്നത്. പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന നൂറായിരംവരുന്ന മഹാസംഘത്തിന്റെ തലയാളായി പ്രവാചകന്‍ മദീനയില്‍നിന്ന് പ്രയാണമാരംഭിച്ചു. തിരുദൂതരോടൊപ്പം ഹജ്ജ് നിര്‍വഹിക്കുന്നതിന്റെ ആമോദത്തിലാണവര്‍.
പ്രവാചകന്റെ എല്ലാ ഭാര്യമാരും, അവരവരുടെ വാഹനത്തിലായി, ഇത്തവണ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. അബ്ദുറഹ്മാന്‍ ബിന്‍ ഔഫും ഉസ്മാന്‍ ബിന്‍ അഫ്ഫാനുമാണ് അവരുടെ സുരക്ഷാചുമതല. ദുല്‍ഹുലയ്ഫയില്‍ വെച്ചവര്‍, കുളിച്ച് ഇഴയിടാത്ത ഉടുമുണ്ടും ഉത്തരീയവുമണിഞ്ഞ് ഇഹ്‌റാമില്‍ പ്രവേശിച്ചു; സമത്വത്തിന്റെയും ലാളിത്യത്തിന്റെയും ശുഭ്രവേഷത്തിലവര്‍ കീര്‍ത്തനങ്ങള്‍ ചൊല്ലി. ദിഗന്തങ്ങളെ പ്രകമ്പനംകൊള്ളിച്ച് തല്‍ബിയ്യത്തിന്റെ പതിഞ്ഞതും ഏകതാനവുമായ മന്ത്രം ലക്ഷം കണ്ഠങ്ങളില്‍നിന്ന് നിരങ്കുശമുയര്‍ന്നുപൊങ്ങി.
അബൂബക്‌റിന്റെ പുതുപെണ്ണ് അസ്മയും സംഘത്തിലുണ്ട്. ആദ്യ ഇടത്താവളങ്ങളിലൊന്നില്‍വെച്ച് അവളൊരാണ്‍കുഞ്ഞിന് ജന്മംനല്‍കി. ഭൂമുഖത്ത് തനിക്കേറ്റവും പ്രിയങ്കരമായ പേരുചൊല്ലി അബൂബക്ര്‍ കുഞ്ഞിനെ വിളിച്ചു മുഹമ്മദ്. അമ്മയെയും കുഞ്ഞിനെയും മദീനയിലേക്ക് തരിച്ചയക്കാനാണ് ആദ്യം അബൂബക്ര്‍ തീരുമാനിച്ചത്. എന്നാല്‍, പദ്ധതിപോലെ യാത്ര തുടരാന്‍ പ്രവാചകന്‍ അവളോട് നിര്‍ദേശിക്കുകയാണുണ്ടായത്.
മദീനയില്‍നിന്ന് പുറപ്പെട്ടതിന്റെ പത്താം ദിവസം അസ്തമയസൂര്യന്റെ സുവര്‍ണ കിരണങ്ങളിലഭിഷിക്തരായി, മക്കാവിജയദിനത്തില്‍ തങ്ങിയ അതേ ദൂതുവായില്‍ പ്രവാചകനും തീര്‍ഥാടകരും എത്തിച്ചേര്‍ന്നു. അന്നത്തെ രാവും അവര്‍ ചെലവഴിച്ചതും അവിടത്തന്നെ. അടുത്ത പുലരിയില്‍, നിലക്കാതെ തല്‍ബിയ്യത്ത് മുഴക്കി തീര്‍ഥാടകര്‍ താഴ്‌വാരത്തിലേക്കവരോഹണം ചെയ്തു. ദൂരെ, പൂര്‍വപിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും കൈകളാലുയര്‍ന്നുവന്ന പ്രാക്തനഗേഹം തെളിഞ്ഞുകാണായി. പ്രവാചകന്‍ ഇരുകരവുമുയര്‍ത്തി കഅ്ബക്കുനേരെ ആദരമര്‍പ്പിച്ചു.
ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ നബി താഴെയിട്ടു, പിന്നീടതദ്ദേഹം ഇടതു കൈകൊണ്ടെടുത്ത്, വലതുകൊണ്ട് പ്രാര്‍ഥനാപൂര്‍വം ഉയര്‍ത്തി: ‘അല്ലാഹുവേ, ഈ ഭവനത്തിന് മനുഷ്യരില്‍നിന്ന് ലഭിക്കുന്ന മഹത്വവും ഔദാര്യവും, ആദരവും ഭക്തിയും നീ പെരുപ്പിക്കേണമേ!’ തിരുദൂതര്‍ പള്ളിയില്‍ പ്രവേശിച്ചു. ഏഴുതവണ വിശുദ്ധഗേഹം ഇടംവെച്ചു. ആദ്യത്തെ മൂന്നുവട്ടം ദ്രുതവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. ശേഷം മകാം ഇബ്‌റാഹീമില്‍വെച്ച് പ്രാര്‍ഥിച്ചു. ഹജറുല്‍ അസ്‌വദില്‍ മുത്തമിട്ടു. തുടര്‍ന്ന് സഫയിലേക്ക് നീങ്ങി, അവിടന്ന് മര്‍വയിലേക്കും തിരിച്ചുമായി ഏഴു തവണ നടന്നു. കൂടെയുണ്ടായിരുന്നവര്‍ ഓരോ സ്ഥലത്തുവെച്ചും നബി ഉരിയാടിയ സ്തുതിയുടെയും കീര്‍ത്തനത്തിന്റെയും പ്രാര്‍ഥനയുടെയും വചസ്സുകള്‍ തങ്ങളുടെ ഹൃദയങ്ങളിലേക്കാവാഹിച്ചു.
പള്ളിയിലേക്ക് മടങ്ങിയ നബി, കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ അബ്ദുദ്ദാര്‍ ഗോത്രജന്‍ ഉസ്മാന്‍ ബിന്‍ തല്‍ഹക്കൊപ്പം, മക്കാവിജയ സന്ദര്‍ഭത്തിലെന്നപോലെ ബിലാലിനെയും ഉസാമയെയും കൂട്ടി കഅ്ബക്കുള്ളില്‍ പ്രവേശിച്ചു. എന്നാല്‍, അന്ന് വൈകുന്നേരം ദുഃഖിതനായാണദ്ദേഹം ആഇഷയുടെ തമ്പിലെത്തിയത്. കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇന്ന് ഞാനൊരു കാര്യം ചെയ്തു. അത് ചെയ്തില്ലായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയി. ഞാന്‍ വിശുദ്ധഗേഹത്തിനകത്ത് പ്രവേശിച്ചു.’ വരുംകാലത്തേക്കുള്ള ഒരു സാധ്യത അദ്ദേഹം മനസ്സില്‍ കാണുകയായിരുന്നു. ‘എന്റെ പ്രിയജനങ്ങളിലാര്‍ക്കെങ്കിലും അതിനകത്ത് പ്രവേശിക്കാനാവാത്തതില്‍ മനോവ്യഥയുണ്ടായേക്കാം. കഅ്ബയെ ഇടംവെക്കാന്‍ മാത്രമാണ് നമ്മോട് കല്‍പ്പിച്ചിട്ടുള്ളത്, അതിനുള്ളില്‍ പ്രവേശിക്കാനല്ല.’
മക്കാവിജയത്തിന്റെ സന്ദര്‍ഭത്തിലെന്നപോലെ, ഇത്തവണയും മക്കയിലെ ഏതെങ്കിലും വീട്ടില്‍ താമസിക്കാന്‍ പ്രവാചകന്‍ കൂട്ടാക്കിയില്ല. തന്റെ വീട്ടില്‍ താമസിക്കണമെന്ന പ്രിയങ്കരിയായ പെങ്ങള്‍ ഉമ്മുഹാനിഇന്റെ നിര്‍ബന്ധത്തിനും അദ്ദേഹം വഴങ്ങിയില്ല. ദുല്‍ഹിജ്ജ മാസത്തിന്റെ എട്ടാംനാള്‍ തീര്‍ഥാടകര്‍ മിനായിലേക്കു നീങ്ങി. അവിടെ രാപ്പാര്‍ത്ത് പിറ്റേന്ന് പുലരിയില്‍ അറഫയിലേക്കു നീങ്ങി. മക്കതാഇഫ് പാതയില്‍ ഏകദേശം പതിമ്മൂന്ന് നാഴികയകലെയുള്ള വിസ്തൃത താഴ്‌വരയാണ് അറഫ. വടക്കും കിഴക്കും താഇഫ് പര്‍വതനിര അതിരിടുന്നു. ഇവയില്‍നിന്ന് വേര്‍പ്പെട്ട് നില്‍ക്കുന്ന കുന്നാണ് അറഫ, അതല്ലെങ്കില്‍ കാരുണ്യത്തിന്റെ മല. താഴ്‌വരയുടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് പരന്നുകിടക്കുന്ന തീര്‍ഥാടനസ്ഥലിയുടെ കേന്ദ്രസ്ഥാനമാണത്. മക്കക്കാരായ ചിലരുടെ നെറ്റി ചുളിഞ്ഞു, വിശുദ്ധഗേഹത്തിന്റെ പവിത്രപ്രദേശങ്ങളില്‍നിന്ന് ഇത്രയകലെ തങ്ങളെന്തു ചെയ്യാനാണ്! മറ്റു തീര്‍ഥാടകര്‍ അറഫയിലേക്ക് പോകുമ്പോള്‍ കുറയ്ഷ് കഅ്ബയുടെ പവിത്രസ്ഥാനങ്ങളില്‍ തന്നെ കഴിഞ്ഞുകൂടുകയാണ് പതിവ്. തങ്ങള്‍ ദൈവത്തിന്റെ ആളുകളാണെന്നതായിരുന്നു ന്യായം. ജാഹിലീയതയുടെ മന്ദത വിട്ടുപോയിട്ടില്ലാത്ത കുറയ്ഷികളുടെ ഔദ്ധത്യത്തെ പ്രവാചകന്‍ നിരാകരിച്ചു. അറഫാദിനം ഹജ്ജിന്റെ അതിപ്രധാനവും അവിഭാജ്യവുമായ ഭാഗമായി ഇബ്‌റാഹീം പ്രവാചകന്‍ നിര്‍ദേശിച്ചതാണെന്നും, കാലഗതിയില്‍ കുറയ്ഷ് അതിനെ കയ്യൊഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടനത്തിന്റെ ചിരസ്ഥായിത്വത്തെ അദ്ദേഹം എടുത്തുപറഞ്ഞു. പ്രവാചകന്‍ ഇടക്കിടെ ഓര്‍മപ്പെടുത്താറുള്ള വാക്കാണ് ‘ഇബ്‌റാഹീമിന്റെ പൈതൃകം’.
അറഫാ കുന്നില്‍ തന്റെ ഒട്ടകത്തിന്റെ പുറത്താണ് പ്രവാചകനിപ്പോഴുള്ളത്. അവിടെയാണദ്ദേഹത്തിനുള്ള തമ്പുയരുന്നത്. വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്നുയര്‍ന്ന തല്‍ബിയ്യത്തും തക്ബീറും ചുറ്റുമുള്ള പാറക്കെട്ടുകളും ഏറ്റുചൊല്ലി. ഇനിയുള്ള നിമിഷങ്ങള്‍ ചരിത്രം ശ്രദ്ധാപൂര്‍വം ഏറ്റുവാങ്ങി കാലത്തിനു കൈമാറാനിരിക്കുകയാണ്. പ്രവാചകന്‍ ഒട്ടകപ്പുറത്തുനിന്നിറങ്ങിയില്ല. ഉറച്ചതും തെളിഞ്ഞതുമായ ശബ്ദത്തില്‍ അദ്ദേഹം നടത്തിയ ഗിരിപ്രഭാഷണത്തിലെ ഓരോ വാക്കും മാനവാധികാരങ്ങളുടെ വഴിയിലെ നാഴികക്കല്ലായി അടയാളപ്പെട്ടു. ലോകനാഥനുള്ള സ്തുതികള്‍ക്കും കീര്‍ത്തനങ്ങള്‍ക്കുംശേഷം പ്രഭാഷണം ആരംഭിച്ചു:
‘ജനങ്ങളേ, എന്റെ വാക്കുകള്‍ സാകൂതം ശ്രവിക്കുക! ഇവിടെവെച്ച് വീണ്ടുമൊരിക്കല്‍ നിങ്ങളുമായി കണ്ടുമുട്ടാന്‍ സാധിക്കുമോ എന്നെനിക്കറിഞ്ഞുകൂടാ.’ പ്രവാചകന്റെ വാക്കുകള്‍, ഗംഭീരശബ്ദത്തിനുടമയായ റബീഅ ബിന്‍ ഉമയ്യ ഉറക്കെ ആവര്‍ത്തിച്ചു. അങ്ങനെ, നിശ്ശബ്ദം, നിശ്ചലം ഒറ്റമനസ്സായി നിന്ന തീര്‍ഥാടകരുടെ അവസാന നിരയിലെ ഒടുവിലത്തെ ആളിലേക്കുവരെ പ്രവാചകന്റെ വാക്കുകള്‍ എത്തി.
‘ജനങ്ങളേ,’ അദ്ദേഹം തുടര്‍ന്നു: ‘നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും, നിങ്ങളുടെ നാഥനെ സന്ധിക്കുന്നതുവരെ, പവിത്രമാണ്; നിങ്ങളുടെയീ മാസത്തിന്റെ, ഈ ദേശത്തിന്റെ, ഈ നാളിന്റെ പവിത്രതപോലെ. നിങ്ങളുടെ നാഥനുമായി നിങ്ങള്‍ സന്ധിക്കും തീര്‍ച്ച. അന്നേരം കര്‍മങ്ങളെക്കുറിച്ചവന്‍ നിങ്ങളോട് ചോദിക്കും. ആ സന്ദേശം ഞാനിതാ എത്തിച്ചിരിക്കുന്നു. ആരുടെയെങ്കിലും പക്കല്‍ വല്ല അനാമത്തുകളുമുണ്ടെങ്കില്‍ അവ വിശ്വസിച്ചേല്‍പിച്ചയാള്‍ക്കുതന്നെ തിരിച്ചേല്പിക്കുക. ജാഹിലീയതയുടെ മുഴുവന്‍ ശേഷിപ്പുകളും ഞാനിതാ ചവിട്ടിയരച്ചിരിക്കുന്നു. ബനൂസഅദ് ബിന്‍ ബക്‌റുമായി മുലപ്പാല്‍ ബന്ധമുണ്ടായിരുന്നതിനാല്‍ ഹുദയ്ല്‍ കൊലപ്പെടുത്തിയ, അബ്ദുല്‍മുത്തലിബിന്റെ പുത്രന്‍ ഹാരിസിന്റെ പുത്രന്‍ ഇബ്‌നു അബൂറബീഅയുടെ പേരിലുള്ള കുടിപ്പക ആദ്യമേതന്നെ ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.’
എല്ലാ പലിശകളും ഇന്നുമുതല്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. ഇവിടെ നിങ്ങള്‍ അനീതി കാണിക്കുകയോ നേരിടുകയോ ചെയ്യുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചുകഴിഞ്ഞു. ആദ്യം അബ്ദുല്‍മുത്തലിബിന്റെ മകന്‍ അബ്ബാസിന് പലിശയിലൂടെ ലഭിക്കാനുള്ളതെല്ലാം ഞാനിതാ ഒഴിവാക്കിയിരിക്കുന്നു.’ അന്നവിടെവെച്ച് പ്രഖ്യാപിക്കപ്പെട്ട ആദ്യ നിയമങ്ങള്‍ രണ്ടും തന്റെ ബന്ധുക്കളില്‍തന്നെയാണ് പ്രവാചകന്‍ പ്രാവര്‍ത്തികമാക്കിയത്.
‘ജനങ്ങളേ, നിങ്ങളുടെ ഈ പുണ്യഭൂമിയില്‍വെച്ച് ഇനി താന്‍ ആരാധിക്കപ്പെടുകയില്ലെന്ന് നിരാശപ്പെട്ടിരിക്കുകയാണ് ചെകുത്താന്‍. എന്നാല്‍, നിസ്സാരമെന്ന് നിങ്ങള്‍ കരുതുന്ന കാര്യങ്ങളില്‍ അവനെ നിങ്ങള്‍ പിന്തുടരുമ്പോള്‍ അവന്‍ സംതൃപ്തനാകും. അതിനാല്‍, സ്വധര്‍മത്തിന്റെ കാര്യത്തില്‍ ജാഗ്രത്താവുക.
‘ജനങ്ങളേ, യുദ്ധം വിലക്കപ്പെട്ട മാസങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുന്നത് കടുത്ത അവിശ്വാസമാണ്. തദ്വാരാ അവിശ്വാസികള്‍ വഴികേടിലകപ്പെടുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷം അല്ലാഹു നിഷിദ്ധമാക്കിയ മാസത്തില്‍ യുദ്ധം അനുവദിക്കുകയും, അടുത്ത വര്‍ഷം അവനനുവദിച്ച മാസത്തില്‍ യുദ്ധം നിഷിദ്ധമാക്കുകയും ചെയ്തുകൊണ്ട് അവന്‍ നിശ്ചയിച്ച പുണ്യമാസങ്ങളുടെ എണ്ണം തികക്കാനായി അക്കാര്യത്തിലവര്‍ തിരിമറി നടത്തുന്നു. വിണ്ണും മണ്ണും അല്ലാഹു സൃഷ്ടിച്ച നാള്‍മുതല്‍ കാലം സുനിശ്ചിതമായി കറങ്ങുന്നുണ്ട്. അല്ലാഹുവിങ്കല്‍ പന്ത്രണ്ടാണ് മാസങ്ങളുടെ എണ്ണം. അവയില്‍ നാലെണ്ണം യുദ്ധം പാടില്ലാത്ത പവിത്രമാസങ്ങളാണ്; മൂന്നെണ്ണം തുടര്‍ച്ചയായുള്ളവയും, ജമാദല്‍ ആഖറിനും ശഅ്ബാനും മധ്യേയുള്ള റജബ് വേറിട്ടതുമാണ്.
‘ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീജനത്തോട് ചില ബാധ്യതകളുണ്ട്; അവര്‍ക്ക് നിങ്ങളോടുമതെ… അവരോട് നിങ്ങള്‍ ദയാപൂര്‍വം വര്‍ത്തിക്കുക, അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അനാമത്തായാണവന്‍ അവരെ നിങ്ങള്‍ക്കേല്പിച്ചത്. അല്ലാഹുവിന്റെ വചനങ്ങളാലാണ് അവരുടെ സ്വകാര്യസ്ഥലികളെ നിങ്ങള്‍ക്കനുവദനീയമാക്കിയിട്ടുള്ളത്. സ്ത്രീജനത്തിന്റെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക…ജനങ്ങളേ, വിശ്വാസികള്‍ തമ്മില്‍തമ്മില്‍ സഹോദങ്ങളാണ്. തന്റെ സഹോദരന്‍ സുമനസ്സാലെ നല്‍കുന്നതല്ലാതെ ഒരാള്‍ക്കും അനുവദനീയമല്ല. സ്വാത്മാവിനെ ദ്രോഹിക്കാതിരിക്ക.
‘ജനങ്ങളേ, എന്റെ വാക്കുകള്‍ സാകൂതം കേള്‍ക്കുക. രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ശേഷിപ്പിച്ചാണ് ഞാന്‍ പോകുന്നത്. അവ മുറുകെപ്പിടിക്കുവോളം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കില്ല; അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണവ.’
തൊട്ടുമുമ്പ് അവതീര്‍ണമായ കുര്‍ആന്‍ സൂക്തം അദ്ദേഹം ഓതി: ‘ഈ ദിനം നിങ്ങള്‍ക്ക് നിങ്ങളുടെ മതം നാം സമ്പൂര്‍ണമാക്കിയിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നാം തികവുറ്റതാക്കിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ നാം നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടരുളിയിരിക്കുന്നു. വല്ലവനും പട്ടിണിയാല്‍ നിഷിദ്ധമായത് ഭക്ഷിക്കാന്‍ നിര്‍ബദ്ധനാവുകില്‍, അയാള്‍ അധര്‍മത്തോട് സമരസപ്പെടുന്നില്ലെങ്കില്‍, തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കൃപാലുവുമാകുന്നു.’ പ്രവാചകന്‍ തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കിയെന്നും ഇനിയധികകാലം അദ്ദേഹം തങ്ങള്‍ക്കിടയിലുണ്ടാവില്ലെന്നും സൂക്തത്തിലൂടെ വായിച്ചെടുത്ത അബൂബക്‌റും ഉമറുമടക്കമുള്ള മുതിര്‍ന്ന ശിഷ്യരുടെ മിഴികള്‍ നിറഞ്ഞൊഴുകി.
പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് നബി പറഞ്ഞു, ‘കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കെത്തിച്ചുതന്നില്ലേ?’ റബീഅ ആ വാക്കുകള്‍ ഏറ്റുചൊല്ലിയതും മൈതാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ‘എത്തിച്ചിരിക്കുന്നു…’ എന്ന് ആയിരം കണ്ഠങ്ങള്‍ ഒന്നിച്ചാര്‍ത്തു. ആരവം നിലച്ചപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹുവേ നീയിതിനു സാക്ഷിയാകൂ.’
പ്രഭാഷണം അവസാനിപ്പിച്ച് നബി കസ്‌വായുടെ പുറത്തുനിന്ന് താഴെയിറങ്ങി. മധ്യാഹ്നത്തിലെയും അപരാഹ്നത്തിലെയും പ്രാര്‍ഥനകള്‍ ഒരുമിച്ചു നിര്‍വഹിക്കുന്നതുവരെ അവിടെത്തന്നെ തങ്ങി. സൂര്യാസ്തമയം കഴിഞ്ഞതും അദ്ദേഹം വീണ്ടും ഒട്ടകപ്പുറത്തേറി. ഉസാമയോട് തന്റെ പിന്നില്‍കേറാന്‍ പറഞ്ഞു. തീര്‍ഥാടകരോടൊപ്പം അദ്ദേഹം കുന്നിറങ്ങി. താഴ്‌വരയിലൂടെ മക്കയുടെ ഭാഗത്തേക്ക് നടകൊണ്ടു. പാരമ്പര്യമനുസരിച്ച് ആ ഭാഗത്ത് ദ്രുതഗമനം നടത്തിയ തീര്‍ഥാടകരോട് നബി നിര്‍ദേശിച്ചു: ‘പതുക്കെ! പതുക്കെ! ശാന്തരായി! നിങ്ങളിലെ ബലശാലികള്‍ക്ക് ദുര്‍ബലരുടെ മേല്‍ ഒരു കരുതലുണ്ടാവട്ടെ.’
ആ രാവ് മുസ്ദലിഫയില്‍ തങ്ങി. അവിടന്നവര്‍ കൊച്ചുകല്ലുകള്‍ ശേഖരിച്ചു. അതുപയോഗിച്ചുവേണം മിനാ താഴ്‌വരയിലെ അകബയിലുള്ള ജംറയില്‍ കല്ലെറിയല്‍ ചടങ്ങ് നടത്താന്‍. മുസ്ദലിഫയില്‍ തന്നെയാണ് പിറ്റേന്നത്തെ പുലര്‍ക്കാല പ്രാര്‍ഥന നബിയും അനുചരരും നിര്‍വഹിച്ചത്. പിന്നെയവര്‍ അകബയിലേക്ക് പുറപ്പെട്ടു. അബ്ബാസിന്റെ പുത്രന്‍ ഫദ്‌ലാണ് ഇത്തവണ അദ്ദേഹത്തോടൊപ്പം കിസ്‌വായുടെ പുറത്തേറിയത്. ഇതേദിവസം, ഇതേസ്ഥലത്തുവെച്ചാണ് പന്ത്രണ്ടു സംവത്സരങ്ങള്‍ക്ക് മുമ്പ് ഖസ്‌റജുകാരായ ആറുപേരുമായി നബി സന്ധിക്കുന്നത്; വിശ്വാസം പുതിയ മേടുകളിലേക്ക് പരന്ന ചരിത്രബിന്ദു. പിന്നീടതാണ് ഒന്നും രണ്ടും അകബാ ഉടമ്പടിക്ക് വഴിതുറന്നത്; പലായനത്തില്‍ കലാശിക്കുകയും ചെയ്തു. കല്ലേറിനുശേഷം കൂടാരത്തിലെത്തി ബലിനടത്തിയ പ്രവാചകന്‍ തലമുണ്ഡനം ചെയ്ത് ഹജ്ജിന്റെ പരിസമാപ്തി കുറിച്ചു. ഇസ്‌ലാമിന്റെ സ്വന്തം ഹജ്ജ്. അല്ലാഹു അവന്റെ മതത്തെ പൂര്‍ണതയിലെത്തിച്ചത് അന്നാണ്. മഹത്തായ ആ വിളംബരം പ്രവാചകന്‍ നടത്തിയത് അന്നാണ്. വരാനിരിക്കുന്ന തലമുറകള്‍ക്കഖിലമുള്ള സന്ദേശത്തിന്റെ സമ്പൂര്‍ത്തി.
(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

No comments yet.