ചരിത്രാസ്വാദനം
പുത്രവിരഹം
ആണ്ടറുതി അടുത്തുവരുന്നു. വീണ്ടുമൊരു തീര്‍ഥാടനകാലം സമാഗതമായിരിക്കുന്നു. മദീനയില്‍നിന്നൊരു സംഘം പ്രവാചകന്റെ നിര്‍ദേശത്തില്‍ ഹജ്ജ് നിര്‍വഹിക്കാനായി പുറപ്പെടുന്നുണ്ട്. മുന്നൂറ് പേരുള്ള സംഘത്തെ അബൂബക്ര്‍ നയിക്കും.
മക്കാവിജയത്തോടെ കഅ്ബ പൂര്‍ണമായും വിഗ്രഹമുക്തമായിട്ടുണ്ട്. ഗോത്രങ്ങളും സമൂഹങ്ങളും ഒന്നിനുപിറകെ ഒന്നായി നിരന്തരം ഇസ്‌ലാമില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. മക്ക ഏതാണ്ട് മുഴുവന്‍ പുതുവിശ്വാസത്തെ പരിരംഭണം ചെയ്തു. ശഠിച്ചുനിന്ന താഇഫിലെ ബനൂസകീഫും ഹവാസിനുമെല്ലാം പത്തിതാഴ്ത്തി അനുസരണം പ്രഖ്യാപിച്ചു. എണ്ണമറ്റ പടയാളികളും കിടയറ്റ പടക്കോപ്പുമുള്ള റോമക്കാര്‍ മദീനയുമായി ഒരേറ്റുമുട്ടലിനെക്കുറിച്ചുള്ള ആലോചനക്കുപോലും ഇപ്പോള്‍ മുതിരുമെന്നു തോന്നുന്നില്ല. എന്നാല്‍ ഹജ്ജ് കര്‍മമോ? വിഗ്രഹമൊഴിഞ്ഞ കഅ്ബയെ, വിഗ്രഹങ്ങളേറ്റിവന്ന് പരിക്രമംചെയ്യുന്ന നിഷിദ്ധമായ ഉപാസനാരീതികള്‍ ഇപ്പോഴും തുടരുന്നു. നഗ്നരായിപ്പോലുമവര്‍ വിശുദ്ധഗേഹത്തെ ഇടംവെക്കന്നു. ഇക്കൊല്ലം നടക്കുന്ന ഹജ്ജിലും മ്ലേഛമായ ആരാധനരീതികള്‍ ആ പവിത്രപരിസരങ്ങളില്‍ നടക്കും.
അബൂബക്‌റും സംഘവും പുറപ്പെട്ട് അധികമായില്ല, പ്രവാചകന് ഇതു സംബന്ധിച്ച വെളിപാടുണ്ടായി. ഈയാണ്ടോടെ മുസ്‌ലിമോ ബഹുദൈവവിശ്വാസികളോ ആകട്ടെ, നഗ്നരായി കഅ്ബയെ അപ്രദക്ഷിണം ചെയ്യുന്നത് വിലക്കിയിരിക്കുന്നു. ഹജ്ജിനായി മക്കയിലെത്തുന്ന ബഹുദൈവാരാധകരും അല്ലാത്തവരുമായ തീര്‍ഥാടകരുടെ മുമ്പില്‍വെച്ച് ഇക്കാര്യം വിളംബരം ചെയ്യേണ്ടതുണ്ട്. ഈ ദൗത്യം നിര്‍വഹിക്കുന്നതിനായി അലിയെയാണ് പ്രവാചകന്‍ തിരഞ്ഞെടുത്തത്. അയാള്‍ അതിവേഗം സഞ്ചരിച്ച് അബൂബക്‌റിന്റെ സംഘത്തോടൊപ്പം ചേര്‍ന്നു.
‘താങ്കള്‍ സംഘത്തിന്റെ നേതൃത്വമേറ്റെടുക്കാനായാണോ എത്തിയത്?’ അബൂബക്ര്‍ അലിയോടു ചോദിച്ചു.
‘അല്ല, താങ്കളുടെ ഒരനുഗാമിയായി മാത്രം,’ അലി പറഞ്ഞു.
ഹജ്ജിന്റെ ചടങ്ങുകള്‍ തുടങ്ങി. മദീനയില്‍നിന്നെത്തിയ മുന്നൂറു പേര്‍ക്കും മക്കയിലെ മുസ്‌ലിംകള്‍ക്കുമായി ഹജ്ജിന്റെ സമ്പൂര്‍ണ ഇസ്‌ലാമിക രീതി സന്ദര്‍ഭമനുസരിച്ച് അബൂബക്ര്‍ വിശദീകരിച്ചുകൊടുത്തു. അലി അദ്ദേഹത്തിന്റെ പിറകിലായിനിന്നു.
മിനായില്‍ ഹജ്ജിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്കായി ജനം ഒരുമിച്ചുകൂടിയപ്പോള്‍, പ്രവാചകന്റെ ദൂതനായെത്തിയ അലിയോട് അക്കാര്യം വിശദീകരിക്കാനായി അബൂബക്ര്‍ ആവശ്യപ്പെട്ടു. അലി പറയുന്നത്, ദൂരെയുള്ള ശ്രോതാക്കള്‍ക്കായി ഉറക്കെ ഏറ്റുപറയാന്‍ അബൂഹുറയ്‌റയോടും അയാള്‍ ആവശ്യപ്പെട്ടു. അലി എഴുന്നേറ്റു. അലി അടുത്തിടയിറങ്ങിയ തൗബ അധ്യായത്തിലെ ആദ്യസൂക്തങ്ങള്‍ ഓതി: ‘നിങ്ങളുമായി ഉടമ്പടി ചെയ്തിട്ടുള്ള ബഹുദൈവവിശ്വാസികളോട് അല്ലാഹുവിങ്കല്‍നിന്നും അവന്റെ ദൂതനില്‍നിന്നുമുള്ള വിമുക്തിപ്രഖ്യാപനമാണിത്.’ ജനം സാകൂതം അലിയുടെ ശബ്ദത്തിന് ചെവിയോര്‍ത്തു. ‘അതിനാല്‍ നാലുമാസം നാട്ടിലൂടെ സഞ്ചരിക്കാം. അല്ലാഹുവിനെ അസ്തവീര്യനാക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നും അവിശ്വാസികളെ അവമതിയിലകപ്പെടുത്തുന്നവനാണ് അല്ലാഹുവെന്നുമറിയുക. അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും മഹത്തായ ഹജ്ജ് ദിനത്തില്‍ ജനങ്ങളോടുള്ള വിളംബരമാണിത്. ബഹുദൈവവാദികളോടുള്ള ബാധ്യതകളില്‍നിന്ന് അല്ലാഹുവും അവന്റെ ദൂതനും ഇതാ വിമുക്തരായിരിക്കുന്നു. പശ്ചാത്തപിക്കുകില്‍ അതായിരിക്കും നിങ്ങള്‍ക്കുത്തമം. തിരിഞ്ഞുകളയുകിലോ, അറിഞ്ഞേക്കുക! അല്ലാഹുവിനെ നിര്‍വീര്യനാക്കാന്‍ നിങ്ങള്‍ക്കാവില്ല. വേദനിപ്പിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള ‘സുവാര്‍ത്ത’ അവരെയറീക്കുക. പ്രവാചകനുമായി സന്ധിയിലേര്‍പ്പെട്ട് പിന്നെയത് ലംഘിക്കാതിരിക്കുകയും നിങ്ങള്‍ക്കെതിരില്‍ അപരരെ സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികള്‍ ഇതില്‍നിന്നൊഴിവാണ്. അവരുമായുള്ള ഉടമ്പടി അവയുടെ കാലാവധിവരെ പൂര്‍ത്തിയാക്കുക. ഭക്തരെ അല്ലാഹു ഇഷ്ടപ്പെടുന്നു…ബഹുദൈവവിശ്വാസികളില്‍ ആരെങ്കിലും താങ്കളോട് അഭയംതേടുകില്‍, അയാള്‍ക്കഭയം നല്‍കിയേക്കുക. അല്ലാഹുവിന്റെ വചനം അയാള്‍ക്ക് ശ്രവിക്കാമല്ലോ…’
പുതുതായി ഇസ്‌ലാമില്‍ പ്രവേശിച്ചവരെ അഭിസംബോധന ചെയ്തും ചില കാര്യങ്ങള്‍ ആ വെളിപാടിലുണ്ട്. അവിശ്വാസികളെ കഅ്ബ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കിയതോടെ, തങ്ങളുടെ കച്ചവടത്തെയും അറേബ്യയുടെ നാനാദിക്കില്‍നിന്നും വന്നെത്തുന്ന തീര്‍ഥാടകരില്‍നിന്ന് ഇടക്കിടെ ലഭിച്ചുകൊണ്ടിരുന്ന വിലകൂടിയ സമ്മാനങ്ങളെയും കയ്യൊഴിയേണ്ടിവരുമല്ലോ എന്ന ആധി മക്കയിലെ കച്ചവടക്കാരെ ഗ്രസിച്ചിരുന്നു.
‘വിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെ. അതിനാലവര്‍ ഇക്കൊല്ലത്തിനുശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ദാരിദ്ര്യത്തെയാണ് നിങ്ങള്‍ ഭയപ്പെടുന്നതെങ്കില്‍ തന്റെ അനുഗ്രഹത്താല്‍ അവനിച്ഛിക്കുകില്‍ അല്ലാഹു നിങ്ങള്‍ക്ക് സമൃദ്ധി വരുത്തും. എല്ലാം അറിയുന്നവനും യുക്തിമാനുമാണ് തീര്‍ച്ചയായും അല്ലാഹു.’
സൂക്തങ്ങള്‍ ഇടതടവില്ലാതെ പാരായണം ചെയ്തശേഷം അലി തെല്ലിട നിശ്ശബ്ദനായി. തുടര്‍ന്നയാള്‍ പറഞ്ഞു, ‘ജനങ്ങളേ, അവിശ്വാസി പറുദീസയില്‍ പ്രവേശിക്കില്ല. ഈയാണ്ടിനുശേഷം അയാളെ വിശുദ്ധദേവാലയത്തിലേക്ക് തീര്‍ഥാടനം ചെയ്യാനനുവദിക്കുകയുമില്ല. നഗ്നരായി വിശുദ്ധഗേഹം അപ്രദക്ഷിണം ചെയ്യാനും അനുവദിക്കുകയില്ല. ആരെങ്കിലും പ്രവാചകനുമായി വല്ല ഉടമ്പടിയും ചെയ്തിട്ടുണ്ടെങ്കില്‍ നിശ്ചയിക്കപ്പെട്ട കാലാവധിവരെ അവ പാലിക്കപ്പെടുന്നതായിരിക്കും.’ തുടര്‍ന്ന് ജനങ്ങള്‍ക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോകാനായി ആറുമാസത്തെ സാവകാശം നല്‍കി. ബഹുദൈവവിശ്വാസികളുടെ അവസാനത്തെ ഹജ്ജാണത്. നഗ്നരായി പിന്നീടൊരാളും വിശുദ്ധഗേഹത്തെ ഇടംവെക്കില്ല.
തുടര്‍ന്നുവന്ന ഒരു കൊല്ലം പ്രവാചകന്‍ മദീനയില്‍തന്നെ കഴിഞ്ഞു. പലായനത്തിന്റെ പത്താമത്തെ വര്‍ഷമാണത്. മകന്‍ ഇബ്‌റാഹീം നടക്കാനും വാക്കുകള്‍ കൂട്ടിച്ചൊല്ലാനും തുടങ്ങിയിരുന്നു. ഹസനും ഹുസയ്‌നും ഒരു കുഞ്ഞുപെങ്ങളുണ്ട്; സെയ്‌നബ്. മൃതിയടഞ്ഞ മാതൃസഹോദരിയുടെ അതേ പേര്. ഫാത്വിമ നാലാമതൊരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. ജഅ്ഫറിന്റെ മൂന്നു മക്കളും തിരുദൂതരുടെ സംരക്ഷണത്തിലും ശിക്ഷണത്തിലുമാണുള്ളത്. അബൂബക്‌റിന്റെ പിറക്കാത്ത മക്കളാണവരിന്ന്; അവരുടെ മാതാവ് അസ്മയെ വിവാഹം ചെയ്തിരിക്കുന്നത് അബൂബക്‌റാണ്. അസ്മയും തന്റെ ഉദരത്തിനകത്ത് ഒരു പുതുജീവന്റെ തുടിപ്പറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അവളുടെ സഹോദരി ഉമ്മുല്‍ ഫദ്‌ലും നബിക്ക് പ്രിയപ്പെട്ടവളാണ്. പിതൃവ്യന്‍ അബ്ബാസിന്റെ ധര്‍മപത്‌നിയാണവള്‍; ആദ്യകാല വിശ്വാസിനികളിലൊരാള്‍. മക്കയിലായിരിക്കെതന്നെ നബി അവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പിതൃവ്യനും കുടുംബവും മദീനയിലേക്കു താമസം മാറ്റിയതോടെ വീണ്ടും നബി അവരുടെ വീട്ടുകാരിലൊരാളായി. അവളുടെ മൂത്ത മകന്‍ ഫദ്ല്‍ ലക്ഷണമൊത്തൊരു പുരുഷനാണിപ്പോള്‍.
തലേവര്‍ഷത്തേതിന്റെ തുടര്‍ച്ചയെന്നോണം, വിവിധ നാടുകളില്‍നിന്ന് മദീനയിലേക്കുള്ള ദൗത്യസംഘങ്ങളുടെ പ്രവാഹം ഇപ്പോഴും നിലച്ചിട്ടില്ല. നജ്‌റാനില്‍നിന്നുള്ള കൃസ്തീയ സംഘമാണ് ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടത്. പ്രവാചകനുമായി ഒരു സന്ധി തേടുകയായിരുന്നു അവര്‍. റോമാക്കാരുടെ അനുഷ്ഠാനമുറകളാണവര്‍ പിന്തുടരുന്നത്. പോയകാലത്ത് വിലകൂടിയ സമ്മാനങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്‌ളില്‍നിന്ന് അവര്‍ക്ക് ലഭിക്കാറുണ്ടായിരന്നു. സംഘത്തെ പ്രവാചകന്‍ പള്ളിയില്‍വെച്ച് ഹാര്‍ദമായി സ്വീകരിച്ചു. അറുപത് പേരായിരുന്നു അവര്‍. അവരുടെ പ്രാര്‍ഥനക്കുള്ള സമയമായപ്പോള്‍ പള്ളിയില്‍വെച്ചുതന്നെ അത് നിര്‍വഹിക്കാന്‍ അദ്ദേഹമവരെ അനുവദിച്ചു.
മദീനയിലുള്ള സംഘത്തിന്റെ താമസത്തിനിടെ പ്രവാചകനുമായി പലവട്ടം കൂടിക്കാഴ്ചകള്‍ നടത്തുകയുണ്ടായി. പലവിഷയങ്ങളും ചര്‍ച്ചക്കിടെ ഉയര്‍ന്നുവന്നു. ഈസാ പ്രവാചകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ വിയോജിപ്പുകളുമുണ്ടായി. ദൈവത്തിന് പുത്രനുണ്ടെന്ന വാദവും, അവര്‍ കുരിശിനെ ആരാധിക്കുന്നതും, പന്നിമാംസം കഴിക്കുന്നതുമല്ലാം ചര്‍ച്ചക്കിടെ പൊന്തിവന്നു. യേശുവിനെ, അല്ലാഹുവിന്റെ ദാസനെന്നും ദൂതനെന്നും അവമതിക്കുകയാണ് മുഹമ്മദ് എന്നവര്‍ കുറ്റപ്പെടുത്തി. ‘ശരിയാണ്,’ എന്നാല്‍, അവമതിക്കുകയല്ല, ‘അദ്ദേഹം അല്ലാഹുവിന്റെ ദാസനും ദൂതനുമാണ്, കന്യാമറിയമില്‍ അല്ലാഹുവിന്റെ വാക്കുകള്‍ ഭവിക്കുകയും ചെയ്തു,’ നബി പറഞ്ഞു.
‘പിതാവില്ലാതെ എങ്ങനെയാണ് മനുഷ്യന്‍ ജനിക്കുക? അങ്ങനെ ജനിച്ചതിന് ഒരുദാഹരണം കാണിക്കാനാകുമോ?’ വെല്ലുവിളി സ്വരത്തില്‍ സംഘത്തിലുള്ള പാതിരി ചോദിച്ചു. അന്നേരമാണ് പ്രവാചകന് വെളിപാടുണ്ടാകുന്നത്: ‘അല്ലാഹുവിന്, ഈസയുടെ ഉദാഹരണം ആദമിന്റേതുതന്നെ. അവനെ മണ്ണില്‍ നിന്നവന്‍ പടച്ചു. എന്നാറെ ‘കുന്‍’ എന്നതിനോടവന്‍ ഉരചെയ്തു. അതോടെ അവനതാ ഉണ്ടാകുന്നു. താങ്കളുടെ നാഥനില്‍നിന്നുള്ളതാകുന്നു യാഥാര്‍ഥ്യം. ആകയാല്‍ താങ്കള്‍ സന്ദേഹികളുടെ കൂട്ടത്തിലാകരുത്. ജ്ഞാനം വന്നണഞ്ഞശേഷം അദ്ദേഹത്തിന്റെ കാര്യത്തില്‍ താങ്കളോടാരെങ്കിലും വക്കാണിച്ചാല്‍ പറഞ്ഞേക്ക്: ‘നിങ്ങള്‍ വരൂ. ഞങ്ങളുടെ സന്താനങ്ങളെയും, നിങ്ങളുടെ സന്താനങ്ങളെയും, ഞങ്ങളുടെ സ്ത്രീജനത്തെയും നിങ്ങളുടെ സ്ത്രീജനത്തെയും വിളിക്കാം. പിന്നെ ഞങ്ങളും നിങ്ങളും. എന്നിട്ട് കള്ളം പറയുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമിരിക്കാന്‍ നമുക്ക് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാം.’ സൂക്തം അവരെ നബി ഓതിക്കേള്‍പ്പിച്ചു. തങ്ങള്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി നബി അവരെയും കുടുംബത്തെയും ക്ഷണിച്ചു. ചിന്തിച്ചതിനുശേഷം മറുപടി പറയാമെന്നു പറഞ്ഞ് അവര്‍ പോയി. പിറ്റേന്നവര്‍ ചെന്നപ്പോള്‍ അലിയുണ്ട് നബിയോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. ഇരുവര്‍ക്കും പിന്നിലായി ഫാത്വിമയും മക്കളുമുണ്ട്. പ്രവാചകന്‍ അയഞ്ഞ ഒരു നീളന്‍കുപ്പായമാണ് ധരിച്ചിരിക്കുന്നത്. ഇപ്പോള്‍ അതിനകത്ത് അദ്ദേഹം മരുമകനെയും മക്കളെയും ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നു. എന്നാല്‍, ശാപത്തോളമുള്ള ഒരു വിയോജിപ്പിന് ഇപ്പോള്‍ തങ്ങള്‍ ഒരുങ്ങിയിട്ടില്ലെന്ന് കൃസ്തീയസംഘം അദ്ദേഹത്തെ അറീച്ചു. അതില്‍പിന്നെ അവരുമായി നബി ഒരു കരാറില്‍ ഒപ്പുവെച്ചു. മദീനക്ക് കപ്പംകൊടുക്കാമെന്ന വ്യവസ്ഥയില്‍ അവരുടെ ജീവനും പള്ളികളടക്കമുള്ള സ്വത്തിനും പൂര്‍ണസുരക്ഷ ആ ധാരണാപത്രം ഉറപ്പുനല്‍കി.
‘ഞങ്ങളില്‍നിന്ന് ഉടമ്പടീധനം പിരിക്കുന്നതിനായി വിശ്വസ്തനായൊരാളെ അയക്കുക,’ പിരിയുമ്പോള്‍ അവര്‍ പറഞ്ഞു. ‘അബൂഉബയ്ദാ, വരൂ,’ നബി തന്റെ അടുത്ത അനുചരന്‍ അബൂഉബയ്ദയെ പേരെടുത്തു വിളിച്ചു. അടുത്തു ചെന്ന അബൂഉബയ്ദയുടെ കൈപിടിച്ച് നബി പറഞ്ഞു, ‘ഇദ്ദേഹമാണ് ഈ സമുദായത്തിലെ സത്യസന്ധന്‍.’
അക്കൊല്ലത്തെ ആദ്യമാസങ്ങള്‍, പ്രവാചകനെ സംബന്ധിച്ചേടത്തോളം സ്വഛവും ആഹ്ലാദദായിയുമായിരുന്നു. എന്നാലത് അധികം നീണ്ടുനിന്നില്ല. പൊടുന്നനെ ഇബ്‌റാഹീം രോഗിയായി. കുഞ്ഞ് അധികം ജീവിച്ചിരിക്കില്ലെന്ന് രണ്ടുനാലു നാള്‍ക്കകം വ്യക്തമായി. മാരിയയും അനുജത്തി സീരീനും നിര്‍നിദ്രരായി അവനെ ശുശ്രൂഷിച്ചു. അനുനിമിഷം മൂര്‍ഛിച്ചുവന്ന ദീനത്തില്‍ കുരുന്നു ശരീരം തളര്‍ന്നുവിളറി. പ്രവാചകന്‍ മകനെ നിരന്തരം സന്ദര്‍ശിച്ചു. അടിത്തട്ടില്ലാത്ത വ്യഥയില്‍ അബ്ദുറഹ്മാന്‍ ബിന്‍ ഔഫിന്റെ കൈപ്പിടിച്ച് മാരിയയുടെ വീട്ടിലെത്തിയ പ്രവാചകന്‍, മാതാവിന്റെ മടിയില്‍കിടന്ന് തന്റെ ശുഷ്‌കജീവിതത്തിലെ അവസാനത്തെ ശ്വാസങ്ങള്‍ വലിച്ചെടുക്കാന്‍ പാടുപെടുന്ന ഇബ്‌റാഹീമിനെയാണു കണ്ടത്. തളര്‍ന്നുവാടിയ കുഞ്ഞിനെ വിറയാര്‍ന്ന കൈകളോടെയെടുത്ത് നബി മടിയില്‍വെച്ചു.
ആധി കുമിഞ്ഞു, ആഴമേറിയ വേദന മുഖത്ത് തെളിഞ്ഞു. കുഞ്ഞിനെ നോക്കി അദ്ദേഹം പറഞ്ഞു, ഇബ്‌റാഹീം, അല്ലാഹുവിന്റെ വിധിയില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ കുഞ്ഞേ, ഞങ്ങളശക്തരാണ്.’ തിരുമിഴികള്‍ ബാഷ്പസാന്ദ്രമായി. നോക്കിനില്‍ക്കെ കുഞ്ഞുശരീരം ചലനമറ്റു. ജീവനറ്റ മകന്റെ മുഖത്ത് തറച്ചുനിന്ന മിഴികളില്‍നിന്ന് കണ്ണുനീര്‍ ചാലായൊഴുകി. മരണപ്പെട്ടവര്‍ക്കുവേണ്ടി വാവിട്ട് കരയരുതെന്ന പ്രവാചകന്റെ വിലക്ക് എല്ലാത്തരം ശോകപ്രകടനങ്ങള്‍ക്കും ബാധകമാണെന്ന ധാരണ അനുചരര്‍ക്കിടയിലുണ്ടെന്നു തോന്നുന്നു. കൂടെയുണ്ടായിരുന്ന അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് അതു ചോദിക്കുകയും ചെയ്തു, ‘പ്രവാചകരേ, ഈ വിലാപം അങ്ങ് വിലക്കിയതാണല്ലോ. അങ്ങ് വിലപിക്കുന്നതു കാണുമ്പോള്‍ വിശ്വാസികളും വിലപിക്കും.’ നബിയുടെ കണ്ണുകള്‍ അപ്പോഴും മിഴിനീര്‍ ചുരത്തിക്കൊണ്ടിരുന്നു. കണ്ഠമിടറാതെ സംസാരിക്കാന്‍ പറ്റുമെന്നായപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇതല്ല ഞാന്‍ വിലക്കിയത്. ഇത് ആര്‍ദ്രതയുടെയും വാത്സല്യത്തിന്റെയും പ്രേരണകളാലുള്ളതാണ്. വാത്സല്യമില്ലാത്തൊരാള്‍ക്ക് വാത്സല്യം ലഭിക്കുകയില്ല.’ മകന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ അദ്ദേഹം തുടര്‍ന്നു, ‘ഇബ്‌റാഹീം, പുനഃസമാഗമമെന്ന വാഗ്ദാനമില്ലായിരുന്നെങ്കില്‍, എല്ലാവരും താണ്ടേണ്ട പാതയായിരുന്നില്ല ഇതെങ്കില്‍, നമ്മളില്‍ അവസാനത്തെയാള്‍ ആദ്യത്തെയാളുമായി ചേരുമെന്ന ഉറപ്പില്ലായിരുന്നുവെങ്കില്‍, തീര്‍ച്ചയായുമെന്റോമനേ, ഞങ്ങള്‍ നിനക്ക് വേണ്ടി ഇതിനെക്കാള്‍ വിലപിക്കുമായിരുന്നു. എന്നിരുന്നാലും, പ്രിയ ഇബ്രാഹീം, ഞങ്ങള്‍ നിനക്ക് വേണ്ടി തീര്‍ച്ചയായും സന്തപ്തരാണ്. കണ്ണുകള്‍ വിലപിക്കുന്നു, ഹൃദയം നൊമ്പരപ്പെടുന്നു, നാഥന് എതിരായൊന്നും ഞങ്ങള്‍ പറയുന്നില്ല.’
മാരിയയെയും സഹോദരിയെയും നബി സമാശ്വസിപ്പിച്ചു. ‘നമ്മുടെ കുഞ്ഞ് പറുദീസയില്‍വെച്ച് മുലയൂട്ടപ്പെടുകയാണിപ്പോള്‍,’ അവരോടദ്ദേഹം പറഞ്ഞു. അല്പസമയത്തേക്ക് പുറത്തുപോയ നബി അബ്ബാസിനും മകന്‍ ഫദ്‌ലിനുമൊപ്പം തിരിച്ചെത്തി. യുവാവ് കുട്ടിയുടെ ശരീരം സ്‌നാനപ്പെടുത്തുമ്പോള്‍ ദുഃഖം കടിച്ചമര്‍ത്തി മുതിര്‍ന്നവരിരുവരും അതിന് സാക്ഷികളായി. ഇബ്‌റാഹീമിന്റെ ജഡമേറ്റിയ കുഞ്ഞു മഞ്ചലുമായവര്‍ ബകീഅ് ശ്മശാനത്തിലെത്തി. പ്രവാചകന്‍ തന്നെയാണ് ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. ഫദ്‌ലും ഉസാമയും ചേര്‍ന്ന് മൃതദേഹം കബ്‌റിലേക്കു താഴ്ത്തവെ, പ്രിയപുത്രനുവേണ്ടി നബി വീണ്ടും പ്രാര്‍ഥിച്ചു. കൊച്ചുശരീരമേറ്റുവാങ്ങിയ കബര്‍ മണ്ണിട്ട് മൂടിയശേഷവും പ്രവാചകന്‍ അവിടെ തങ്ങി. പിന്നീട് പച്ചമണ്ണിനുമേല്‍ വെള്ളം തെളിച്ചു. നിരപ്പാകാതെ എഴുന്നുനിന്ന മണ്‍തിട്ടകള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘എന്തെങ്കിലും ചെയ്യുമ്പോള്‍ അത് പൂര്‍ണതയിലാകട്ടെ.’ തന്റെ സ്വന്തം കൈകള്‍കൊണ്ട് അവ നിരപ്പാക്കിക്കൊണ്ട് നബി പറഞ്ഞു, ‘ഇത് ദോഷമോ ഗുണമോ ചെയ്യുന്നില്ല, എന്നാല്‍ സന്തപ്തഹൃദങ്ങളെ കുളിര്‍പ്പിക്കാന്‍ ഇതിനാകും.’
ഐഹികമായ കരണ പ്രതികരണങ്ങളില്‍ പൂര്‍ണത ലാക്കാക്കണമെന്ന് തിരുദൂതര്‍ ഒന്നിലധികം തവണ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ ലക്ഷ്യം അലൗകികവും വിരക്തിയിലധിഷ്ഠിതവുമായിരിക്കണമെന്നും അദ്ദേഹം പലവുരു സൂചിപ്പിച്ചു. ഇവ്വിഷയകമായ പ്രവാചകന്റെ മാര്‍ഗനിര്‍ദ്ദേശം ഇപ്രകാരം സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ‘എന്നേക്കും ജീവിക്കാനെന്നപോലെ ഈ ലോകത്തിനുവേണ്ടിയും നാളെ മരിക്കാനെന്നപോലെ പരലോകത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുക.’ സദാ യാത്രയാകാന്‍ തയ്യാറായിരിക്കുക എന്നാല്‍ വിരക്തരായിരിക്കുക എന്നാണര്‍ഥം. ‘ഈ ലോകത്ത് ഒരപരിചിതനെപ്പോലെയോ വഴിയാത്രക്കാരനെപ്പോലെയോ ആയിരിക്കുക,’ എന്ന് പ്രവാചകന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞു.
ഇബ്‌റാഹീമിന്റെ ജനാസയടക്കിയതിനു തൊട്ടുപിന്നാലെയാണ് സൂര്യഗ്രഹണമുണ്ടാകുന്നത്. ചിലരത് വ്യാഖ്യാനിച്ചത് നബിയുടെ മകന്റെ മരണത്തിലുള്ള അനുശോചനമായാണ്. ഇതു കേള്‍ക്കാനിടയായ പ്രവാചകന്‍ പറഞ്ഞു: ‘സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടടയാളങ്ങളാണ്. ഒരാളുടെയും മരണത്തിനോ ജീവിതത്തിനോ വേണ്ടി അവ ഗ്രഹണഗ്രസ്തമാകുന്നില്ല. അവക്കു ഗ്രഹണം സംഭവിച്ചുവെന്ന് കണ്ടാല്‍ അവ പുറത്തുവരുന്നതുവരെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക, പാപമോചനം തേടിക്കൊണ്ടിരിക്കുക.’
(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

No comments yet.