ചരിത്രാസ്വാദനം
തബൂകിനുശേഷം
താഇഫിലെ ഹവാസിന്‍ ഗോത്രക്കാരുടെ നേതാവ് മാലിക് ബിന്‍ ഔഫ് ഇസ്‌ലാം സ്വീകരിച്ചതില്‍പിന്നെ വെറുതെയിരുന്നതേയില്ല, ഇസ്‌ലാമിന്റെ സന്ദേശം കൂടുതല്‍ ദേശങ്ങളിലെത്തിക്കാന്‍ തന്നാലാവുന്നതെല്ലാം അയാള്‍ ചെയ്തു. ബനൂസകീഫാകട്ടെ, തങ്ങളുടെ പ്രിയനഗരത്തിന്റെ അജയ്യതയുടെ പേരില്‍ അഭിമാനംകൊണ്ടു. അതാകട്ടെ നൈമിഷികമായിരുന്നുവെന്ന് തെളിയാന്‍ ഏതാനും ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. താഇഫിനു ചുറ്റിലുമുള്ള ഗോത്രങ്ങളെല്ലാം ഇസ്‌ലാം സ്വീകരിച്ചുകഴിഞ്ഞു. തങ്ങളുടെ വണിക് സംഘങ്ങള്‍ക്ക് മുസ്‌ലിംകള്‍ തീര്‍ത്ത പൂട്ടു ഭേദിച്ച് കടന്നുപോവുക ഇപ്പോള്‍ അസാധ്യമായിരിക്കുന്നുവെന്ന് ബനൂസകീഫ് അനുഭവിച്ചറിഞ്ഞു. ഒട്ടകങ്ങളെയും ആടുകളെയും മേച്ചില്‍മേടുകളിലേക്കയച്ചാല്‍ മാലിക് ബിന്‍ ഔഫിന്റെ ആളുകള്‍ വന്ന് അവയെ പിടിച്ചുകൊണ്ടുപോകുമെന്നവര്‍ ഭയന്നു. സകീഫുകാരായ യാതൊരാളും തങ്ങളുടെ കൈകളിലകപ്പെട്ടാല്‍ തല്‍ക്ഷണം വധിക്കപ്പെടുമെന്ന് പ്രചരിപ്പിക്കാന്‍ മാലിക് മനഃപൂര്‍വം ശ്രമിക്കുകയും ചെയ്തു. തങ്ങളുടെ സുരക്ഷ തുലാസിലാണെന്നു മനസ്സിലാക്കിയ സകീഫിന്റെ മുമ്പില്‍ വേറെ വഴികളില്ല. ഏറിയ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷം അവര്‍ ആ തീരുമാനമെടുത്തു; ഒരു ദൗത്യസംഘത്തെ മദീനയിലേക്കയക്കുക.
അക്കൊല്ലത്തെ റമദാനിന്റെ തുടക്കത്തിലാണ് തബൂക് പര്യടനം കഴിഞ്ഞ് മുസ്‌ലിംകള്‍ മദീനയില്‍ തിരിച്ചെത്തിയത്. അതേ മാസംതന്നെയാണ് അബ്ദ് യാ ലയ്‌ലിന്റെ നേതൃത്വത്തില്‍ താഇഫില്‍നിന്നു പുറപ്പെട്ട ദൗത്യസംഘവും നഗരത്തിലെത്തുന്നത്. വഴിയില്‍വെച്ച് സംഘത്തെ കണ്ടുമുട്ടിയ പ്രവാചകാനുയായി മുഗീറ ബിന്‍ ഷുഅ്ബ തിടുക്കപ്പെട്ടുവന്ന് സംഘത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള വിവരം പ്രവാചകനു കൈമാറി. മുഗീറക്ക് താഇഫുമായി ബന്ധുത്വബാന്ധവമുണ്ട്. മുസ്‌ലിമായതിന്റെ പേരില്‍ ബനൂസകീഫ് വധിച്ച അവരുടെ നേതാവ് ഉര്‍വ ബിന്‍ മസ്ഊദിന്റെ ഭാഗിനേയനായിരുന്നു അയാള്‍. കീര്‍ത്തിപെറ്റ അറബി ആതിഥ്യത്തോടെയാണ് സംഘത്തെ മദീന സ്വീകരിച്ചതെങ്കിലും ഗോത്രീയമായ വ്യര്‍ഥാഭിമാനം അവരുടെ രക്തത്തിലുള്ളതിനാല്‍ മുസ്‌ലിംകളെ അവര്‍ക്ക് വിശ്വാസമേയില്ല. അതിനാലവര്‍ മുസ്‌ലിം ഭവനങ്ങളില്‍ താമസിക്കുകയില്ലത്രെ! അങ്ങിനെയാണ്, അവരുടെതന്നെ ആവശ്യപ്രകാരം, മദീനയില്‍ തങ്ങുന്ന കാലത്തേക്ക് അവര്‍ക്ക് താമസിക്കാനായി പ്രവാചകന്റെ പള്ളിയില്‍നിന്ന് അകലെയല്ലാതെ കൂടാരമൊരുങ്ങിയത്. പ്രവാചകനും അവര്‍ക്കുമിടയില്‍ ഇടനിലക്കാരനായി വര്‍ത്തിച്ചത് ഖാലിദ് ബിന്‍ സഈദ് അല്‍ആസ് ആയിരുന്നു. പ്രവാചകന്‍ കൊടുത്തുവിടുന്ന ഭക്ഷണം ആദ്യം ഖാലിദ് കഴിക്കട്ടെ എന്നവര്‍ നിബന്ധനവെച്ചതും ഇതേ വിശ്വാസക്കമ്മി കൊണ്ടുതന്നെ.
ബനൂസകീഫ് ഇസ്‌ലാം സ്വീകരിക്കുകില്‍ അവരുടെ ദേശത്തിന്റെ സുരക്ഷ മുസ്‌ലിം ഭരണകൂടം ഏറ്റെടുക്കുമെന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എന്നാല്‍, അവരില്‍ ചിലരുടെ ആവശ്യം വിചിത്രമായിരുന്നു. ലാത് ദേവതയുടെ വിഗ്രഹം മൂന്നാണ്ടുകാലം ഭഞ്ജിക്കപ്പെടാതെ നിലനിര്‍ത്താനനുവദിക്കണമെന്ന്! പ്രവാചകനതിന് ചെവികൊടുത്തതേയില്ല. ‘എങ്കില്‍ രണ്ടുവര്‍ഷത്തേക്കെങ്കിലും…’ അവര്‍ കെഞ്ചി. ഒരു മാസംപോലും അനുവദിക്കാന്‍ പ്രവാചകന്‍ കൂട്ടാക്കിയതുമില്ല. എങ്കില്‍… തങ്ങളുടെ കരങ്ങളാല്‍തന്നെ വിഗ്രഹം തകര്‍ക്കപ്പെടണമെന്ന് നിര്‍ബന്ധിക്കരുത് എന്നതിലേക്കവര്‍ ആവശ്യം താഴ്ത്തിക്കെട്ടി. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍നിന്ന് തങ്ങള്‍ക്ക് ഇളവനുവദിക്കണമെന്ന പുതിയൊരു നിര്‍ദേശം വെക്കുകയും ചെയ്തു. നമസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരുനിലക്കുമുള്ള ഇളവ് അനുവദിക്കപ്പെടുകയില്ലെന്ന് നബി തീര്‍ത്തുപറഞ്ഞു: ‘നമസ്‌കാരമില്ലാത്ത മതത്തില്‍ ഒരു നന്മയുമില്ല.’ എന്നാല്‍, ദൗത്യസംഘം ചര്‍ച്ചയിലൂടെ നേടിയെടുത്തതെന്തെന്നറിയാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ് സകീഫുകാര്‍. പരമ്പരാഗതമായി തങ്ങള്‍ ആരാധിച്ചുപോന്ന കുലദേവതയുടെ വിഗ്രഹം സ്വകരങ്ങളാല്‍ തകര്‍ക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന അവരുടെ ആവശ്യം പ്രവാചകന്‍ അംഗീകരിച്ചു. പകരം അവരുടെ ബന്ധു മുഗീറ ബിന്‍ ഷുഅ്ബ ലാത് ദേവിയുടെ വിഗ്രഹം ഭഞ്ജനം ചെയ്യും. സഹായിയായി മക്കയില്‍നിന്ന് ഹര്‍ബിന്റെ പുത്രന്‍ അബൂസുഫ്‌യാനെയും കൂട്ടും.
തങ്ങളുടെ ഇസ്‌ലാം പ്രവേശനത്തിനുശേഷം ബാക്കിയുണ്ടായിരുന്ന നോമ്പുകള്‍ സകീഫ് പ്രതിനിധിസംഘാംഗങ്ങള്‍ മദീനയില്‍വെച്ചുതന്നെ അനുഷ്ഠിച്ചു. താഇഫിലേക്ക് തിരിച്ചുള്ള യാത്രയില്‍ മക്കയില്‍വെച്ച് അബൂസുഫ്‌യാന്‍ സംഘത്തോടൊപ്പം ചേര്‍ന്നെങ്കിലും മുഗീറതന്നെയാണ് വിഗ്രഹം നശിപ്പിച്ചത്. ഉര്‍വയുടെ വിധിതന്നെ അയാളുടെ ഭാഗിനേയനെയും തേടിയെത്തുമോ എന്ന ഭയപ്പാട് അന്തരീക്ഷത്തില്‍ തൂങ്ങിനിന്നതിനാല്‍ അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുന്നതില്‍ അയാളുടെ കുടുംബക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. കുറെ സ്ത്രീകള്‍ കുരവയിട്ടു കരഞ്ഞതൊഴിച്ചാല്‍ തങ്ങളുടെ ആരാധനമൂര്‍ത്തിക്കുവേണ്ടി പകരം ചോദിക്കാനൊന്നും ആരും മുമ്പോട്ടുവന്നില്ല.
താഇഫിന്റെ കീഴടങ്ങലില്‍ വിലപിച്ച വേറെ രണ്ടുപേരുണ്ട്. നഗരത്തിലെ സ്ഥിരവാസികളോ ലാതിന്റെ ഭക്തരോ അല്ല ഇരുവരും. നബി മക്ക കീഴടക്കിയതോടെ നഗരം വിട്ട് താഇഫിലഭയം തേടിയതായിരുന്നു അവര്‍. മാലാഖമാര്‍ സ്‌നാനപ്പെടുത്തിയ ഉഹുദിലെ രക്തസാക്ഷി ഹന്‍ദലയുടെ പിതാവ് അബൂആമിറും ഉഹുദില്‍ പ്രവാചകന്റെ പിതൃവ്യന്‍ ഹംസ ബിന്‍ അബ്ദുല്‍മുത്തലിബിനെ കുന്തമെറിഞ്ഞ് വീഴ്ത്തിയ വഹ്ഷിയും ആര്‍ക്കും കീഴടങ്ങാത്ത ദുര്‍ഗങ്ങളുള്ള താഇഫില്‍ അഭയാര്‍ഥികളായി കഴിയുന്നു. ബനൂസകീഫുകാര്‍ മുസ്‌ലിംകളുമായി ഉടമ്പടിയിലെത്തിയിരിക്കുകയാണത്രെ! ഇനിയവരെങ്ങോട്ടുപോകും!! അബൂആമിര്‍ പലവഴിക്ക് കറങ്ങിത്തിരിഞ്ഞ് അവസാനം ഷാമിലെത്തി. അവിടെവെച്ചയാള്‍, ഏകാകിയും വിസ്ഥാപിതനുമായ പിടികിട്ടാപുള്ളിയുടെ അപമാനകരമായ മരണത്തിനു കീഴൊതുങ്ങി. ഇതോടെ, പണ്ട് മദീനയില്‍വെച്ച്, ഇബ്‌റാഹീം പിതാവിന്റെ യഥാര്‍ഥ മതക്കാരന്‍ താനാണെന്നും മുഹമ്മദ് പറയുന്നത് പൊഴിയാണെന്നും അവകാശപ്പെട്ട്, ഇരുവരില്‍ കളവുപറയുന്നതാരാണെങ്കിലും അയാള്‍ ഏകാകിയായ വിപ്രവാസിയുടെ മരണംവരിക്കട്ടെ എന്ന സ്വന്തം ശാപവചസ്സുകള്‍ അയാളുടെതന്നെ മേല്‍ പുലര്‍ന്നു.
അബൂആമിറിനെപ്പോലെ ഒളിച്ചോടി മരുഭൂമി തന്റെ ചരമനീഡമാക്കാന്‍ വഹ്ഷിയുടെ മനസ്സനുവദിക്കുന്നില്ല. ഇസ്‌ലാമില്‍ പ്രവേശിക്കുന്നവര്‍ വധിക്കപ്പെടുകയില്ലെന്ന് സകീഫുകാരിലാരോ പറഞ്ഞ ഉറപ്പില്‍ ആശ്വസിച്ചിരിക്കുകയാണയാള്‍. അന്തഃസംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും പെരുക്കങ്ങള്‍ക്കിടയിലയാള്‍ മദീനയിലേക്കു യാത്രയായി. അവിടെയെത്തി തിരുദൂതരെ ചെന്നുകണ്ട് സാക്ഷ്യവാക്യം ചൊല്ലി മുസ്‌ലിമായി. സദസ്സിലന്നേരമുണ്ടായിരുന്ന ഒരനുചരന്‍ അയാളെ തിരിച്ചറിഞ്ഞു. വിശ്വാസംവരാതെ പുരികങ്ങള്‍ വളച്ച് അയാള്‍ വിളിച്ചുപറഞ്ഞു: ‘വഹ്ഷിയാണത് തിരുദൂതരേ, ഹംസയുടെ ഘാതകന്‍ വഹ്ഷി,’ തന്റെ മുമ്പില്‍ ഭയത്തോടെ നില്‍ക്കുന്ന ദൃഢദീര്‍ഘരൂപിയെ നബി നോക്കി. ‘അയാളെ വിട്ടേക്കുക,’ അദ്ദേഹം പറഞ്ഞു, ‘ഒരാള്‍ വിശ്വാസിയാകുന്നത് ആയിരം അവിശ്വാസികള്‍ ഗളച്ഛേദം ചെയ്യപ്പെടുന്നതിനെക്കാള്‍ പ്രിയപ്പെട്ടതാണെനിക്ക്.’
ഭാവങ്ങള്‍ വായിച്ചെടുക്കാനാവാത്ത ആ മുഖത്തേക്ക് പ്രവാചകന്‍ ഉറ്റുനോക്കി. ‘നിങ്ങള്‍ യഥാര്‍ഥത്തില്‍ വഹ്ഷിതന്നെയോ?’ അദ്ദേഹം ചോദിച്ചു. അതെ എന്നയാള്‍ തലയാട്ടി. കരുത്തനും ധീരനുമായിരുന്ന തന്റെ പ്രിയപിതൃവ്യന്‍ ഹംസയെ ചതിയിലൂടെയായിരിക്കണം ഇയാള്‍ മൃതിപ്പെടുത്തിയിട്ടുണ്ടാവുകയെന്ന് നബി നിരൂപിച്ചു. ‘ഇരിക്കൂ,’ ആഗതനുനേരെ അദ്ദേഹം ആംഗ്യംകാണിച്ചു, ‘പറയൂ, നിങ്ങളെങ്ങനെയാണ് ഹംസയെ കൊലപ്പെടുത്തിയത്?’ വഹ്ഷി പതിഞ്ഞ സ്വരത്തില്‍ തന്റെ കൃത്യവും അതിലേക്കു നയിച്ച സംഭവങ്ങളും ഒന്നൊഴിയാതെ വിശദീകരിച്ചു. കാണക്കാണെ പ്രവാചകന്റെ മുഖത്ത് വിഷാദഛവി പരന്നു, നയനങ്ങള്‍ ഈറനായി. പതുക്കെ മങ്ങിവരികയായിരുന്ന പിതൃവ്യന്റെ ഓര്‍മകള്‍ വീണ്ടും സക്രിയമായി. ഏറെ നേരത്തെ മൗനത്തിനുശേഷം നബി പറഞ്ഞു, ‘വഹഷീ, നിങ്ങള്‍ പോകൂ, ഇടക്കിടെ എന്റെ മുമ്പില്‍ വരരുത്, എനിക്കെന്റെ പിതൃവ്യനെ ഓര്‍മവരും.’
തബൂക് അഭിയാനം കഴിഞ്ഞ് ഒരു മാസമായിക്കാണും, അബൂആമിറിന്റെ മാതൃസഹോദരി പുത്രനും മദീനയിലെ മുനാഫികുകളുടെ നേതാവുമായ അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സുലൂല്‍ രോഗശയ്യയിലായി. ഒരാഴ്ചക്കുള്ളില്‍ രോഗനില വഷളായി പതുക്കെ മരണത്തിലേക്ക് നീങ്ങി. നബി പലായിതനായി മദീനയിലെത്തിയതിന്റെ ഒന്നാം തിയ്യതിമുതല്‍ അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങള്‍ മെനയുകയും ഇടതടവില്ലാതെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ടിരുന്ന മനുഷ്യന്റെ ജീവനറ്റ ശരീരം കാണാന്‍ പ്രവാചകനെത്തി. അദ്ദേഹംതന്നെയാണ് അയാളുടെ ജനാസ നമസ്‌കാരത്തിനു നേതൃത്വം നല്‍കിയത്. നബി പ്രാര്‍ഥനക്കായി നിലയുറപ്പിച്ചപ്പോള്‍, ലോകമറിഞ്ഞ ഏറ്റവും വലിയ കപടനുവേണ്ടി തിരുദൂതര്‍ പ്രാര്‍ഥിക്കുന്നതെന്തിനെന്ന് ഉമര്‍ അദ്ദേഹത്തോടു ചോദിച്ചു. ‘ചെന്ന് എന്റെ പിറകില്‍ നില്‍ക്കൂ, ഉമര്‍,’ ചിരിച്ചുകൊണ്ട് നബി പറഞ്ഞു, ‘എനിക്ക് രണ്ട് ഗത്യന്തരങ്ങള്‍ നല്‍കിയിരിക്കുന്നു, അതിലൊന്ന് ഞാന്‍ തിരഞ്ഞെടുത്തു.’ കുര്‍ആനിലെ ഈ സൂക്തമാണ് അന്നേരം പ്രവാചകന്‍ ഉദ്ദേശിച്ചത്: ‘താങ്കളവര്‍ക്ക് പാപമോചനത്തിനായി തേടിക്കൊള്‍ക, അതല്ലെങ്കില്‍, തേടാതിരിക്കുക! എഴുപതു വട്ടം താങ്കളവര്‍ക്കുവേണ്ടി പാപമോചനത്തിനായി തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കയില്ല. അല്ലാഹുവിലും അവന്റെ ദൂതനിലും അവര്‍ അവിശ്വസിച്ചത് കൊണ്ടത്രെ അത്. അധാര്‍മികരായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കില്ല.’ തുടര്‍ന്നദ്ദേഹം പറഞ്ഞു,
‘എഴുപതില്‍ കൂടുതല്‍ തവണ പ്രാര്‍ഥിച്ചാല്‍ അല്ലാഹു അയാള്‍ക്ക് പൊറുത്തുകൊടുക്കുമായിരുന്നെങ്കില്‍ ഞാനങ്ങനെ ചെയ്‌തേനെ.’ പ്രാര്‍ഥനക്കുശേഷം ശ്മശാനഭൂമിവരെ ജനാസയെ നബി അനുഗമിച്ചു. തുടര്‍ന്ന് കുഴിമാടത്തിനരികില്‍ നിന്നു. വൈകാതെ കുര്‍ആന്‍ പ്രവാചകനെ ഇങ്ങിനെ തിരുത്തി: ‘അവരില്‍നിന്ന് ആരു മരണമടഞ്ഞാലും അയാള്‍ക്കുവേണ്ടി താങ്കള്‍ നമസ്‌കരിക്കരുത്. അയാളുടെ കുഴിമാടത്തിനടുത്ത് നില്‍ക്കുകയുമരുത്. തീര്‍ച്ചയായും, അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അവിശ്വസിച്ച് അധാര്‍മികരായി മരണമടഞ്ഞവരാണ്.’
ഇബ്‌നു ഉബയ്യിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍ അയാളെ സന്ദര്‍ശിക്കാനായി രോഗശയ്യക്കരികിലെത്തിയിരുന്നു. ആസന്നമൃതനായ ഇബ്‌നു ഉബയ്യ് തീര്‍ത്തും മറ്റൊരാളായിരിക്കുന്നുവെന്ന് അന്നേരത്തെ അയാളുടെ ഭാവങ്ങളില്‍നിന്ന് പ്രവാചകന്‍ വായിച്ചെടുത്തിരിക്കണം. ഇബ്‌നു ഉബയ്യ് നബിയുടെ വസ്ത്രം ആവശ്യപ്പെട്ടു. അതില്‍വേണം തന്റെ ഭൗതികശരീരം പൊതിയേണ്ടതെന്നും, ശ്മശാനഭൂമിവരെ നബി തന്റെ ജനാസയെ അനുഗമിക്കണമെന്നും അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. നബിയവയെല്ലാം അംഗീകരിക്കുകയും ചെയ്തു. ‘തിരുദൂതരേ, അങ്ങെന്റെ കുഴിമാടത്തിനടുത്തു നിന്ന് എനിക്കുവേണ്ടി പ്രാര്‍ഥിക്കുമെന്നും എന്റെ പാപമോചനത്തിനായി തേടുമെന്നും ഞാനാശിക്കുന്നു.’ അതും പ്രവാചകന്‍ അംഗീകരിച്ചു. ഇബ്‌നു ഉബയ്യിന്റെ പുത്രന്‍ അബ്ദുല്ല സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായി അന്നേരമവിടെയുണ്ടായിരുന്നു.
മദീനയിലേക്ക് നിവേദകസംഘത്തെ പറഞ്ഞയച്ചത് സകീഫ് ഗോത്രക്കാര്‍ മാത്രമായിരുന്നില്ല. അറേബ്യയുടെ നാനാദിക്കുകളില്‍നിന്നും സംഘങ്ങള്‍ വന്ന് പ്രവാചകനുമായി സംസാരിച്ചു. ഹിജ്‌റ ഒമ്പതാമാണ്ടിന് ദൗത്യസംഘങ്ങളുടെ വര്‍ഷം എന്നുതന്നെ പേരുവന്നു. ചില ഹിംയരി ഗോത്രങ്ങള്‍ തങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുന്നതായും വിഗ്രഹാരാധന പരിത്യജിക്കുന്നതായും അറീച്ചുകൊണ്ട് പ്രവാചകന് കത്തയക്കുകയുമുണ്ടായി. അദ്ദേഹം അവക്കെല്ലാം സൗഹാര്‍ദപൂര്‍വം മറുപടി അയച്ചു; ഇസ്‌ലാമിന്റെ കടമകളെക്കുറിച്ച് ഊന്നിപ്പറഞ്ഞു, മുസ്‌ലിംകളില്‍നിന്നും കൃസ്തുമതവിശ്വാസികളില്‍നിന്നും യഹൂദരില്‍നിന്നും ഈടാക്കേണ്ട കരം ശേഖരിക്കാന്‍ താന്‍ അയക്കുന്ന ദൂതന്മാരോട് നല്ല രീതിയില്‍ വ്യവഹരിക്കാന്‍ കല്‍പ്പിച്ചു. കൂടാതെ, സ്വന്തം മതം കാത്തുസൂക്ഷിക്കുന്ന ഒരു യഹൂദനെയോ ക്രിസ്ത്യാനിയെയോ അവരുടെ വിശ്വാസങ്ങളില്‍നിന്ന് പിന്തിരിപ്പിക്കില്ല, എന്നാല്‍ തലവരി നല്‍കണം… പകരം, അവര്‍ക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണവും ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കി. വിശ്വാസപരമായ നാനാത്വവുമായി ബന്ധപ്പെട്ട അടുത്തിട ഒരു വെളിപാടുണ്ടായിരുന്നു: ‘താങ്കള്‍ക്കു വന്നുകിട്ടിയ പരമസത്യത്തെ കൈവിട്ട് അവരുടെ തന്നിഷ്ടങ്ങളുടെ പിറകെപോകരുത്. ഓരോരുത്തര്‍ക്കും ഓരോ നിയമക്രമവും കര്‍മരീതിയും നാം നിശ്ചയിച്ചിട്ടുണ്ട്; അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയവന്‍ ഒരൊറ്റ ജനതയാക്കുമായിരുന്നു… അതിനാല്‍ നല്ല നല്ലകാര്യങ്ങളില്‍ പരസ്പരം മത്സരിക്കുക. അല്ലാഹുവിലേക്കത്രെ എല്ലാവരുടെയും തിരിച്ചുപ്പോക്ക്. നിങ്ങള്‍ ഭിന്നിച്ച കാര്യങ്ങളെക്കുറിച്ച് അപ്പോഴവന്‍ നിങ്ങളെ അറീക്കും.
എന്നാല്‍, ചില ഗോത്രങ്ങളുമായുള്ള ചര്‍ച്ചകളെങ്കിലും സുഖപര്യവസായിയായിരുന്നില്ല. ബിഅ്ര്‍ മഊനയിലെ കൂട്ടക്കൊലകള്‍ക്കുത്തരവാദിയായ ആമിര്‍ ബിന്‍ തുഫയ്ല്‍ ആണിപ്പോള്‍ ബനൂആമിര്‍ ഗോത്രത്തിന്റെ തലയാള്‍. ഗോത്രക്കാരുടെ സമ്മര്‍ദത്തിനുവഴങ്ങി മനമില്ലാമനസ്സോടെയാണ് അഹങ്കാരിയായ ആമിര്‍ മദീനയിലെത്തുന്നത്. വിചിത്രമായൊരു നിബന്ധനയാണയാള്‍ തന്റെ ഇസ്‌ലാമാശ്ലേഷത്തിന് പകരമായി മുമ്പോട്ടുവെച്ചത്, തന്നെ നബി അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശിയായി പ്രഖ്യാപിക്കണം! ‘അത് നിങ്ങള്‍ക്കോ, നിങ്ങളുടെ ആള്‍ക്കാര്‍ക്കോ ഉള്ളതല്ല,’ നബി പറഞ്ഞു.
‘എങ്കില്‍ കൂടാരവാസികളെ എനിക്ക് വിട്ടുതരൂ, ഗ്രാമവാസികളെ താങ്കളെടുത്തോളൂ,’ ആമിര്‍ പറഞ്ഞു. ‘പറ്റില്ല, ‘കുതിരപ്പടയുടെ നിയന്ത്രണം ഞാന്‍ താങ്കളെ ഏല്‍പ്പിക്കാം, മികച്ചൊരു അശ്വാഭ്യാസിയാണല്ലോ താങ്കള്‍,’ നബി പറഞ്ഞു. എന്നാല്‍, ബദവി നേതാവിന് അതൊന്നും സ്വീകാര്യമായില്ല. ‘എനിക്ക് ഒന്നുമില്ല അല്ലേ,’ എന്നു പിറുപിറുത്ത് പോകാനായി എഴുന്നേറ്റ അയാള്‍ തിരിഞ്ഞുനിന്ന് നിത്യവൈരം ശപഥം ചെയ്തു: ‘നിങ്ങള്‍ക്കെതിരെ കുതിരപ്പടയെയും കാലാള്‍പ്പടയെയും കൊണ്ട് നാടായനാടൊക്കെ ഞാന്‍ നിറക്കും.’ ദുരഹങ്കൃതിമൂലം അയാള്‍ സദസ്സുവിട്ടപ്പോള്‍ പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു, ‘അല്ലാഹുവേ, ആമിര്‍ ഗോത്രത്തിന് നീ മാര്‍ഗം കാണിക്കുകയും തുഫയ്‌ലിന്റെ സന്തതി ആമിറില്‍നിന്ന് ഇസ്‌ലാമിനെ നീ സംരക്ഷിക്കുകയും ചെയ്യേണമേ.’ പ്രവാചകനോട് ധിക്കാരത്തോടെ സംസാരിച്ചിറങ്ങിയപ്പോയ തുഫയ്ല്‍, വഴിയില്‍വെച്ച്, സ്വന്തം വീടണയുന്നതിനുമുമ്പ് കഴുത്തിലൊരു മുഴ കാണപ്പെടുകയും ക്ഷണനേരത്തിനുള്ളിലത് തുടുത്ത് പൊട്ടി മരണപ്പെടുകയും ചെയ്തു. ആശ്വസ്തരായ അയാളുടെ ഗോത്രം മറ്റൊരു പ്രതിനിധിസംഘത്തെ അയച്ച് പ്രവാചകനുമായി ഉടമ്പടിയിലൊപ്പുവെച്ചു. അറബി ഭാഷയിലെ എക്കാലത്തെയും മികച്ച കവിശൃംഖലയായി ഗണിക്കപ്പെടുന്ന സപ്തമഹാകവികളിലൊരാളും ജാഹിലീ കാലത്തെ പേരെടുത്ത കുതിരപ്പടയാളിയുമായിരുന്ന ലബീദ് ബിന്‍ റബീഅയും പ്രതിനിധിസംഘങ്ങളിലൊന്നിന്റെ ഭാഗമായി മദീനയിലെത്തി ഇസ്‌ലാം സ്വീകരിച്ചു.
(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

No comments yet.