ചരിത്രാസ്വാദനം
കഅ്ബ്
സൈന്യം മദീന വിട്ട് പത്തു നാളുകള്‍ കഴിഞ്ഞ് സൂര്യകിരണങ്ങള്‍ മണല്‍ത്തിട്ടകളിലൂടെ ഉരുകിയൊലിച്ച് പുകയുന്നൊരു പകലില്‍ മദീനയുടെ പ്രാന്തത്തിലുള്ള തന്റെ തോട്ടത്തിലെ തണല്‍പറ്റി നടക്കുകയാണ് ഖസ്‌റജ് ഗോത്രജനായ അബൂഖയ്‌സമ. ആവതുണ്ടായിട്ടും സേനയോടൊപ്പം പോവുകയോ, പ്രവാചകസന്നിധിയിലെത്തി ഒഴിവുകഴിവുകള്‍ ബോധിപ്പിക്കാത്തവരോ ആയ നാല് വിശ്വാസികളിലൊരാളാണ് അബൂഖയ്‌സമ. തോട്ടത്തിനു നടുവില്‍ രണ്ട് വള്ളിക്കുടിലുകളുണ്ടയാള്‍ക്ക്. സൈന്യം പുറപ്പെട്ടതിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ അയാളുടെ മനസ്സ് പൊള്ളി. തന്റെ ധര്‍മദാരങ്ങളുണ്ട് മത്സരിച്ച് വെള്ളംതേവി തങ്ങളുടെ കുടിലുകള്‍ ശീതീകരിക്കുന്നു. ഇരുവരും തനിക്കുവേണ്ടിയുള്ള തീന്‍പണ്ടങ്ങളൊരുക്കിയിരിക്കുന്നു. കുടിക്കാനായി മണ്‍പാത്രത്തിലുരിന്ന് തണുത്ത ജലമുണ്ട്. അയാള്‍ കുടിലുകള്‍ക്കത്തേക്ക് പ്രവേശിച്ചില്ല. ‘വേനല്‍ക്കാറ്റ് ഊതിയുരുക്കിയ വെയിലിലാണ് അല്ലാഹുവിന്റെ ദൂതന്‍. അബൂഖയ്‌സമയോ? തയ്യാറായിനില്‍ക്കുന്ന ഭക്ഷണവുമായി, പത്‌നിമാരിരുവര്‍ക്കൊപ്പം, സ്വന്തം തോപ്പിന്റെ കുളിര്‍ത്ത തണലില്‍ നില്‍ക്കുന്നു, ഭക്ഷണം തയ്യാറുമാണ്!’ അബൂഖയ്‌സമ ആത്മനിന്ദയോടെ പറഞ്ഞു. പത്‌നിമാരോടായി അയാള്‍ തുടര്‍ന്നു: ‘ഞാന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിക്കുന്നില്ല. പ്രവാചകനോടൊപ്പം ചേരുകയാണ്. എനിക്ക് അവിടെയെത്താനായുള്ള പാഥേയമൊരുക്കുക.’ അവരൊരുക്കിയ വഴിഭക്ഷണവുമായി ജീനികെട്ടിയ ഒട്ടകപ്പുറത്തേറി അയാള്‍ പ്രവാചകന്‍ നയിക്കുന്ന സേനക്കൊപ്പം ചുവടുപിടിക്കാനായി അതിദ്രുതം യാത്രചെയ്തു.
നബിയുടെ സേന മദീനക്കും ജെറൂസലേമിനുമിടയിലെ പാതിവഴി പിന്നിട്ടിരിക്കുന്നു. വിശ്രമസങ്കേതത്തില്‍വെച്ച് അനുചരരോടായി അദ്ദേഹം പറഞ്ഞു: അല്ലാഹു ഇച്ഛിക്കുകില്‍ നാളെ നിങ്ങള്‍ തബൂക്കിലെ അരുവി പ്രദേശത്തെത്തും. പൂര്‍വാഹ്നത്തിനുമുമ്പ് നിങ്ങളവിടെ എത്താനും പോകുന്നില്ല. ആദ്യമവിടെയെത്തുന്നത് ആരായാലും ഞാനെത്തിച്ചേരുന്നതുവരെ അരുവിയിലെ വെള്ളം തൊടരുത്. എന്നാല്‍, ആദ്യമവിടെയെത്തിയ സംഘത്തിലെ രണ്ടുപേര്‍ നബിയുടെ നിര്‍ദേശം മറന്ന് അരുവിയില്‍നിന്ന് വെള്ളം കുടിച്ചിരിക്കുന്നു. പ്രധാനസേന എത്തിച്ചേര്‍ന്നപ്പോഴേക്കും നീര്‍ച്ചാല്‍ നേര്‍ത്ത് ഒരു കിനിപ്പായി മാറിയിട്ടുണ്ട്. ‘നിങ്ങളാരെങ്കിലും ആ വെള്ളത്തില്‍ തൊട്ടുപോയോ?’ നബി ചോദിച്ചു. ‘അതെ,’ ഇരുവരും പറഞ്ഞു. നബി അവരെ ശാസിച്ചു. തുടര്‍ന്നദ്ദേഹം കൈക്കുടന്നയില്‍ വെള്ളമെടുത്തു. അതോടെ നീരൊഴുക്ക് കൂടി തളംകെട്ടി. നബി മുഖംകഴുകി… നീരൊഴുക്ക് ശക്തിപ്പെടുകയും വെള്ളം പൊങ്ങുകയും ചെയ്തു. ‘മുആദ്,’ നബി അനുചരനെ പേരെടുത്തു വിളിച്ചു, ‘ആയുര്‍ദൈര്‍ഘ്യമുണ്ടെങ്കില്‍ ഇവിടം ഉപവനങ്ങളാല്‍ സമൃദ്ധമാവുന്നത് താങ്കള്‍ക്ക് കാണാനാകും.’
നാല് വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയില്‍ പ്രവാചകന്‍ ഹതാശനും ദുഃഖിതനുമായി; അബൂഖയ്‌സമയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. സൈന്യം പിന്നിട്ട വഴികളെല്ലാം അതിശയകരമായ വേഗത്തില്‍ താണ്ടി വൈകിയാണെങ്കിലും അയാള്‍ തബൂകിലെത്തിയിരിക്കുന്നു. ഏകാകിയായ ഒട്ടകയാത്രികന്‍ ദൂരെ, മരുഭൂമി ചക്രവാളവുമായി ചേരുന്നിടത്ത് കറുത്തൊരു പൊട്ടായി തെളിഞ്ഞുവന്നപ്പോള്‍ പ്രാര്‍ഥനയിലെന്നവണ്ണം പ്രവാചകന്‍ പറഞ്ഞു: ‘അത് അബൂഖയ്‌സമ ആയിരുന്നെങ്കില്‍.’ ആഗതന്‍ അടുത്തെത്തി അഭിവാദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഹാ, അബൂഖയ്‌സമ തന്നെ!’
സേന ഇരുപതു ദിവസം തബൂകില്‍ ചെലവഴിച്ചു. റോമാക്കാരുടെ പടയൊരുക്കത്തെക്കുറിച്ചു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ കിംവദന്തികളാണെന്ന് ബോധ്യപ്പെട്ടു. വാഗ്ദാനം ചെയ്യപ്പെട്ട ഷാം ദേശം പിടിച്ചെടുക്കാനുള്ള സമയം വന്നണഞ്ഞിട്ടുമില്ല. ഒരുപക്ഷേ, മുസ്‌ലിംകളുടെ വമ്പിച്ച പടയോട്ടത്തെക്കുറിച്ചുള്ള ചേതികളില്‍ ചകിതരായി അവര്‍ തങ്ങളുടെ തീരുമാനങ്ങളില്‍നിന്ന് പിന്മാറിയതുമാവാം. എന്നാല്‍, അകബ ഉള്‍ക്കടലിന്റെ അന്തിമസ്ഥാനത്തും കിഴക്കെ കരയിലുമായി വസിച്ചിരുന്ന കൃസ്തീയരുമായും യഹൂദരുമായും നബി സമാധാനക്കരാറുകളുണ്ടാക്കി. ഒരു വര്‍ഷത്തെ കപ്പംനല്‍കുന്നതിനു പകരമായി മദീന അവരുടെ സുരക്ഷ ഉറപ്പുവരുത്തും.
മുഖ്യസേനയുമായി പ്രവാചകന്‍ മദീനയിലേക്കു മടങ്ങി. ഖാലിദിന്റെ നേതൃത്വത്തില്‍ നാനൂറ്റി ഇരുപത് കുതിരപ്പടയാളികളെയുമായി തബൂകിന് വടക്കു കിഴക്കായുള്ള ദൂമതുല്‍ജന്ദലിലേക്ക് യാത്രയാക്കി. മദീനയില്‍നിന്ന് ഇറാകിലേക്കും ഷാമിലേക്കുമുള്ള വഴിയിലാണീ കോട്ടയുള്ളത്. അവിടത്തെ കൃസ്തീയനായിരുന്ന ഭരണാധികാരി ഉകയ്ദിറിനെ, അയാള്‍ വേട്ടക്കിറങ്ങിയ സമയത്ത് ഖാലിദ് ബന്ദിയാക്കി മദീനയിലേക്കു കൊണ്ടുപോന്നു. അവിടെവെച്ച് ഉകയ്ദിര്‍ പ്രവാചകനുമായി സന്ധിയിലൊപ്പുവെക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
തബൂക് പര്യടനത്തില്‍ പങ്കെടുക്കാതിരുന്ന കപടവിശ്വാസികള്‍ പ്രവാചകനരികിലെത്തി ഒഴിവുകഴിവുകള്‍ അവതരിപ്പിച്ചു. തങ്ങളുടെ ഏറ്റവും രഹസ്യമായ വിചാരങ്ങള്‍പോലും അല്ലാഹു അറിയും എന്നോര്‍മിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞ കാരണങ്ങളെല്ലാം നബി അംഗീകരിച്ചു. എന്നാല്‍, യുദ്ധത്തില്‍ പങ്കെടുക്കാതെ മാറിനിന്ന മൂന്ന് വിശ്വാസികളോട്, അവരുടെ കാര്യത്തില്‍ അല്ലാഹു തീരുമാനമറീക്കുന്നതുവരെ, തന്നില്‍നിന്ന് മാറിനില്‍ക്കാനാവശ്യപ്പെട്ടു. അമ്പതുദിനങ്ങളാണ് ഈ നാലുപേര്‍ ഭ്രഷ്ടരായി കഴിഞ്ഞത്. അമ്പതല്ല, അഞ്ഞൂറായി തോന്നിച്ച ആ കടുത്ത ദിനങ്ങളിലെ ഒറ്റപ്പെടലുകളെക്കുറിച്ച് മൂവരിലൊരാളായിരുന്ന കഅ്ബ് ബിന്‍ മാലിക് എന്ന പശ്ചാത്താപവിവശന്റെ വാക്കുകള്‍ കേള്‍ക്കാം: ‘തബൂക് അല്ലാത്ത നബിയുടെ യുദ്ധങ്ങളിലെല്ലാം ഞാന്‍ പങ്കെടുത്തിട്ടുണ്ട്… അകബയില്‍ വെച്ച് ഇസ്‌ലാമിനുവേണ്ടി കരാറുണ്ടായ രാവില്‍ ഞാനും പ്രവാചകനോടൊപ്പം പങ്കെടുത്തിട്ടുണ്ട്…തബൂക് യുദ്ധത്തില്‍നിന്ന് ഞാന്‍ വിട്ടുനിന്നപ്പോഴുണ്ടായിരുന്ന ആരോഗ്യ, ധന സുസ്ഥിതി എനിക്ക് മുമ്പൊരിക്കലുമുണ്ടായിരുന്നിട്ടില്ല… അതിനുമുമ്പെപ്പോഴെങ്കിലും രണ്ട് വാഹനങ്ങള്‍ എനിക്കുണ്ടായിരുന്നില്ല… കടുത്ത ഉഷ്ണത്തില്‍ മരുഭൂമിയിലൂടെ ദീര്‍ഘയാത്ര നടത്തി വേണമായിരുന്നു അതിശക്തരായ ശത്രുസേനയെ നേരിടാന്‍. പതിവിനു വിപരീതമായി പര്യടനത്തിന്റെ ലക്ഷ്യസ്ഥാനം അദ്ദേഹം അതിനായുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെതന്നെ വെളിപ്പെടുത്തി… തിരുമേനിയോടൊപ്പം പോകുന്ന പട്ടാളക്കാരുടെ പേരുകള്‍ എഴുതി സൂക്ഷിക്കാറില്ല. ദിവ്യവെളിപാടിലൂടെയല്ലാതെ നബിയതറിയാന്‍ പോകുന്നില്ല എന്ന ധാരണയാണ് മാറിനില്‍ക്കുന്നയാള്‍ക്കുണ്ടാവുക.
‘ഈന്തപ്പനകള്‍ കുലച്ച്, തണല്‍ വിരിച്ച്, മൂപ്പെത്തിനിന്ന വേളയിലായിരുന്നു പര്യടനം. എനിക്കവ വല്ലാതെ പ്രിയങ്കരമായി തോന്നി. പ്രവാചകനും അനുചരരും യുദ്ധത്തിനായുള്ള ആയുധങ്ങളും സാധനസാമഗ്രികളും ഭക്ഷ്യവസ്തുക്കളും ശേഖരിക്കുന്ന തിരക്കുകളിലായി. പോകാനുള്ള ഒരുക്കങ്ങള്‍ക്കായി ഞാന്‍ ചെല്ലും, ഒന്നും ചെയ്യാതെ തിരിച്ചുപോരും. വിചാരിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പോകാമല്ലോ എന്നായിരുന്നു എന്റെ വിചാരം. ഇവ്വിധം നാളുകളങ്ങനെ കടന്നുപോയി. പ്രയാസങ്ങളുടെ അകമ്പടിയില്‍ വിശ്വാസികള്‍ സന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു.
‘ഒരുദിവസം പുലര്‍ച്ച നബിയും അനുചരരും സമരസജ്ജരായി പുറപ്പെട്ടു. ഞാനാകട്ടെ അപ്പോഴും തയ്യാറെടുപ്പൊന്നും നടത്തിയിരുന്നുമില്ല. അവസാനം സൈന്യം ബഹുദൂരം മുമ്പോട്ടുപോവുകയും സംഗ്രാമയാത്ര എന്റെ പിടിയില്‍നിന്ന് വഴുതിപ്പോവുകയും ചെയ്തു. അപ്പോഴും, പിന്നാലെ വിട്ട് എനിക്ക് സൈന്യത്തോടൊപ്പം ചേരാനാകുമെന്ന് ഞാന്‍ കരുതി. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നന്നായേനെ, പക്ഷേ, എനിക്കതിനുള്ള ഭാഗ്യമുണ്ടായില്ല. തിരുദൂതരും സൈന്യവും യാത്രയായതിനുശേഷം നഗരത്തിലേക്കിറങ്ങിയ ഞാന്‍ വിഷമവൃത്തത്തിലായി. കപടവിശ്വാസികളെന്ന് പരക്കെ അറിയപ്പെട്ടവരും ശാരീരികാവശതകള്‍ കാരണം യുദ്ധത്തില്‍നിന്നൊഴിവ് നല്‍കപ്പെട്ടവരും മാത്രമേ മദീനയിലൂള്ളൂ…
‘യുദ്ധാനന്തരം പ്രവാചകന്‍ മദീനയില്‍ തിരിച്ചെത്തുന്നുവെന്നറിഞ്ഞതുമുതല്‍ ഞാന്‍ അസ്വസ്ഥനായി. അദ്ദേഹത്തിന്റെ അതൃപ്തിയില്‍നിന്ന് രക്ഷപ്പെടാനായി മനസ്സില്‍ ഒരുപാട് ഉപായങ്ങള്‍ തെളിഞ്ഞുവന്നു. എന്നാല്‍, അദ്ദേഹം മദീനയിലെത്തിയതോടെ, നിരൂപിച്ചെടുത്ത നുണകളെല്ലാം അവയുടെ പാട്ടിനുപോയി. കളവു പറഞ്ഞ് പ്രവാചകനില്‍നിന്ന് രക്ഷപ്പെടുക അസാധ്യമായെനിക്കു തോന്നി. സത്യം തുറന്നുപറയുകതന്നെ. പ്രവാചകന്‍ പള്ളിയിലിരിക്കെ ഞാന്‍ അങ്ങോട്ടു ചെന്നു. യുദ്ധത്തിനു പോകാത്തവര്‍, എണ്‍പതിലധികം പേരുണ്ടവര്‍, താന്താങ്ങളുടെ കാരണങ്ങള്‍ ബോധിപ്പിച്ചു. നബി അവരുടെ വാക്കുകള്‍ക്ക് ചെവികൊടുത്തു… അവരുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചു. ബാക്കി അവരുടെ കാര്യങ്ങള്‍ അല്ലാഹുവിന് വിട്ടു… ഞാന്‍ നബിയുടെ അടുത്തെത്തി സലാംചൊല്ലി. പുഞ്ചിരിച്ചെങ്കിലും ദ്യേഷ്യത്തിന്റെ ഭാവപ്പകര്‍ച്ചയുണ്ട്. ‘നിങ്ങളെന്തേ പങ്കെടുത്തില്ല, വാഹനങ്ങളുണ്ടായിരുന്നില്ലേ?’ അദ്ദേഹം ചോദിച്ചു. സങ്കോചത്തോടെ ഞാന്‍ പറഞ്ഞു, ‘അല്ലാഹുവാണ, അങ്ങല്ല മറ്റൊരാളായിരുന്നുവെങ്കില്‍ ഉപായങ്ങളവതരിപ്പിച്ച് അതൃപ്തിയില്‍നിന്ന് രക്ഷപ്പെടാനെനിക്കാകുമായിരുന്നു, അതിനുള്ള വാഗ്ധാടി എനിക്കുണ്ട്. പക്ഷേ, ഞാന്‍ കളവുപറഞ്ഞാല്‍, അല്ലാഹു എന്നോടുള്ള വെറുപ്പ് അങ്ങയില്‍ ജനിപ്പിക്കും. സത്യം പറഞ്ഞാലോ, അങ്ങേക്കുതന്നെ എന്നോട് വെറുപ്പുണ്ടാകും. അല്ലാഹുവില്‍നിന്നുള്ള കുറ്റവിമുക്തി മാത്രമാണ് ഞാനാഗ്രഹിക്കുന്നത്. അല്ലാഹുവാണ! എന്റെ മുമ്പില്‍ യാതൊരുവിധ പ്രതിബന്ധവും ഉണ്ടായിരുന്നില്ല… തല്‍ക്ഷണം നബി പറഞ്ഞു, ‘ഇയാള്‍ പറഞ്ഞത് സത്യമാണ്. നിങ്ങള്‍ പൊയ്‌ക്കോളൂ, നിങ്ങളുടെ കാര്യം അല്ലാഹു തീരുമാനിക്കട്ടെ.
‘എന്റെ സ്വന്തം ഗോത്രമായ സലമക്കാരില്‍ചിലര്‍ വന്നുപറഞ്ഞു, ‘ഇതിനുമുമ്പ് നിങ്ങള്‍ എന്തെങ്കിലും തെറ്റുചെയ്തതായറിവില്ലല്ലോ. അബദ്ധമായിപ്പോയി നിങ്ങള്‍ ചെയ്തത്. നബി പാപമോചനത്തിനായി പ്രാര്‍ഥിച്ചാല്‍ തീരുമായിരുന്നില്ലേ നിങ്ങളുടെ കുറ്റം?’ മറ്റുള്ളവര്‍ ചെയ്തതുപോലെ നിങ്ങള്‍ക്കും കാരണങ്ങള്‍ നിരത്താമായിരുന്നില്ലേ?… ഞാനവരോടു ചോദിച്ചു, ‘എന്നെപ്പോലെ മറ്റാരെങ്കിലും വിശ്വാസികള്‍ക്കിടയിലുണ്ടോ?’ അവര്‍ പറഞ്ഞു, ‘ഉണ്ട്, രണ്ടുപേരുണ്ട്. മുറാറ ബിന്‍ റബീഉം പിന്നെ ഹിലാല്‍ ബിന്‍ ഉമയ്യയും.’ ബദ്‌റില്‍ പങ്കെടുത്തവരായിരുന്നു ഇരുവരും. ‘നിങ്ങള്‍ പറഞ്ഞതുപോലെതന്നെയാണ് അവരും നബിയോടു പറഞ്ഞത്. ഇരുവരോടും താങ്കളോടു പറഞ്ഞതുതന്നെ അദ്ദേഹം പറഞ്ഞു.’
‘യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന മൂവരുമായും ആരും സംസാരിച്ചുപോകരുതെന്ന് നബി വിശ്വാസികളെ വിലക്കി. ജനങ്ങള്‍ ഞങ്ങളില്‍നിന്ന് അകലംപാലിച്ചു. അതല്ലെങ്കില്‍, അന്യരെപ്പോലെ പെരുമാറിത്തുടങ്ങി. ഈ ഭൂമിതന്നെയും ഞാന്‍ പരിചയിച്ച ഭൂമിയല്ല… എന്റെ കൂട്ടുകാരിരുവരും കണ്ണീരൊഴുക്കി സ്വഭവനങ്ങളില്‍ ഒതുങ്ങിക്കൂടി. കൂട്ടത്തില്‍ പ്രായംകുറഞ്ഞവനും ബലവാനും ഞാനായിരുന്നു. ഞാന്‍ പുറത്തിറങ്ങി വിശ്വാസികളോടൊപ്പം നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും അങ്ങാടിയിലൂടെ അലയുകയും ചെയ്തു. പക്ഷേ, ആരും എന്നോടു സംസാരിച്ചില്ല. പ്രാര്‍ഥനാനന്തരം സദസ്സിലിരിക്കുന്ന പ്രവാചകനരികില്‍ചെന്ന് സലാംചൊല്ലും. തിരിച്ചു സലാംചൊല്ലിക്കൊണ്ട് അവിടത്തെ അധരങ്ങള്‍ അനങ്ങിയോ? ഞാന്‍ എന്നോടുതന്നെ ചോദിച്ചു. അദ്ദേഹത്തിനടുത്തുവന്ന് ഞാന്‍ സുന്നത്ത് നമസ്‌കരിക്കാനായി നിലയുറപ്പിക്കും. അദ്ദേഹത്തെ ഒളികണ്ണിട്ടുനോക്കും. ഞാന്‍ നമസ്‌കരിക്കുമ്പോള്‍ അദ്ദേഹം എന്നെയും നോക്കി. ഞാനൊന്ന് നോക്കിയാലോ, അദ്ദേഹം ദൃഷ്ടിമാറ്റും.
‘നിസ്സഹകരണം നീണ്ടുപോയി. ഒരു ദിവസം ഞാന്‍ മതില്‍ചാടി അബൂകതാദയുടെ വീട്ടിലെത്തി. എന്റെ പിതൃവ്യപുത്രനും എനിക്കേറ്റവും പ്രിയങ്കരനുമാണയാള്‍. ഞാന്‍ സലാംചൊല്ലി, അയാളതു മടക്കിയില്ല. ‘അബൂകതാദ!’ ഞാന്‍ വിളിച്ചു, ‘ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാവുന്നതല്ലേ?’ അയാള്‍ മൗനമവലംബിച്ചതേയുള്ളൂ. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴും അയാള്‍ മൗനം പാലിച്ചു. ഒരിക്കല്‍കൂടി ചോദ്യം ആവര്‍ത്തിച്ചു. അന്നേരമയാള്‍ പതുക്കെ ചുണ്ടനക്കി, ‘അല്ലാഹുവും അവന്റെ ദൂതനുമാണ് അക്കാര്യത്തില്‍ പ്രാജ്ഞര്‍.’ എന്റെ മിഴികള്‍ നിറഞ്ഞൊഴുകി. ഞാന്‍ മതില്‍വഴിതന്നെ പുറത്തുകടന്നു.
‘നഗരവീഥിയിലൂടെ നടക്കുകയായിരുന്നു അന്നു ഞാന്‍. ഷാമില്‍നിന്നുള്ള കൃസ്തീയനായൊരു കര്‍ഷകനെ വഴിയില്‍ കണ്ടു. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനായി മദീനയിലെത്തിയതാണയാള്‍. കഅ്ബു ബിന്‍ മാലികിനെ കാണിച്ചുതരാമോ എന്നയാള്‍ വഴിയില്‍ക്കണ്ടവരോടാരായുന്നുണ്ട്. ആരോ എന്നെ ചൂണ്ടിക്കാണിച്ചു. എനിക്കുനേരെ നടന്നടുത്ത് ഷാമി കര്‍ഷകന്‍ ഒരു കത്ത് നീട്ടി. ഗസ്സാനിലെ രാജാവ് കൊടുത്തുവിട്ടതാണത്രെ… ഞാനത് നിവര്‍ത്തി വായിച്ചു: ‘താങ്കളുടെ നേതാവ് താങ്കളെ നിര്‍ദയം ഒഴിവാക്കുന്നതായി നമുക്കു വിവരം ലഭിച്ചിരിക്കുന്നു. താങ്കളെ ദൈവം പതിത്വത്തിലോ നഷ്ടനിലങ്ങളിലോ അകപ്പെടുത്തുന്നില്ല. നമ്മോടൊപ്പം ചേരുക, താങ്കള്‍ക്കു നാം ആശ്വാസമേകും.’ ‘ഇത് മറ്റൊരു പരീക്ഷണമാണല്ലോ,’ കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ആത്മഗതം ചെയ്തു. ഞാനത് കൊണ്ടുപോയി അടുപ്പിലിട്ടു.
‘ഞങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങളൊന്നും വന്നെത്തിയില്ല. ഒരുദിവസം, പ്രവാചകന്റെ ദൂതന്‍ വന്നുപറഞ്ഞു, ‘നിങ്ങളുടെ ഇണയില്‍നിന്ന് അകന്നുനില്‍ക്കാന്‍ അല്ലാഹുവിന്റെ ദൂതന്‍ കല്പിച്ചിരിക്കുന്നു.’ ‘ഞാനവളെ വിവാഹമോചനം ചെയ്യണോ, എന്താണു ചെയ്യേണ്ടത്?’ തല്‍ക്ഷണം ഞാന്‍ ചോദിച്ചു. ‘വേണ്ട, അകന്നുനിന്നാല്‍ മതി. അവരെ പ്രാപിക്കുകയും ചെയ്യരുത്,’ അയാള്‍ പറഞ്ഞു. മറ്റിരുവരെത്തേടിയും ഇതേ ദൂതുപോയിരുന്നു. ഞാനെന്റെ വീട്ടുകാരിയോടു പറഞ്ഞു, ‘എന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനം വരുന്നതുവരെ നിങ്ങള്‍ സ്വന്തം വീട്ടില്‍പോയി താമസിക്കുക.’ ഹിലാല്‍ ബിന്‍ ഉമയ്യയുടെ പത്‌നി പ്രവാചകനെ സമീപിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഹിലാല്‍ അങ്ങേയറ്റം പരിക്ഷീണനായൊരു വയോധികനാണ്. അയാള്‍ക്ക് പരിചാരകരൊന്നുമില്ല. എനിക്കദ്ദേഹത്തെ പരിചരിക്കാമോ?’ ‘അയാള്‍ നിങ്ങളെ പ്രാപിക്കരുത്,’ നബി പറഞ്ഞു…
‘ഹിലാല്‍ ബിന്‍ ഉമയ്യക്ക് തന്റെ പത്‌നിയുടെ പരിചരണം നബി അനുവദിച്ചിരിക്കുന്നു, നിങ്ങളും പോയി അതിനുള്ള അനുമതിതേടൂ,’ ചില ബന്ധുക്കള്‍ എന്നോടു പറഞ്ഞു. ‘യൗവനയുക്തനായ ഞാന്‍ പ്രവാചകനോട് ചെന്ന് അനുമതി ചോദിച്ചാല്‍ എന്താണദ്ദേഹം പറയുക എന്നെനിക്കുറപ്പില്ല,’ ഞാന്‍ പറഞ്ഞു. വിലക്കിന്റെ അമ്പതു നാളുകള്‍ പിന്നിട്ടിരിക്കുന്നു. അമ്പതാംദിവസം എന്റെ വീടിന്റെ മട്ടുപ്പാവില്‍വെച്ച് ഞാന്‍ പ്രഭാതപ്രാര്‍ഥന നിര്‍വഹിച്ചു. പ്രവിശാലമായിരുന്നിട്ടും ഭൂമി എനിക്കുമേല്‍ ഞെരുങ്ങി. അന്നേരം സലഅ് കുന്നിന്‍ മുകളില്‍നിന്നൊരാളുടെ വിളിയാളം കേട്ടു: ‘കഅ്ബ് ബിന്‍ മാലിക് സന്തോഷിക്കുക.’ ഞാന്‍ സുജൂദില്‍വീണു. ശക്തമായ പരീക്ഷണത്തിന് അയവുവന്നിരിക്കുന്നു. അല്ലാഹു ഞങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു.’
കുര്‍ആന്‍ അക്കാര്യം ഇങ്ങനെ സംഗ്രഹിച്ചു: ‘തീര്‍ച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ അനുഗമിച്ച മുഹാജിറുകള്‍ക്കും അന്‍സാറുകള്‍ക്കും അല്ലാഹു മാപ്പരുളിയിരിക്കുന്നു. അവരിലൊരു വിഭാഗത്തിന്റെ മനസ്സൊന്ന് പതറിപ്പോയതില്‍ പിന്നീട് അല്ലാഹു അവര്‍ക്ക് മാപ്പേകി. തീര്‍ച്ചയായും അവനവരോട് അതീവ കൃപയുള്ളവനും ദയാപരനുമാണ്. പിന്നേക്ക് മാറ്റിവെക്കപ്പെട്ട ആ മൂന്നു പേര്‍ക്കും അവന്‍ മാപ്പരുളിയിരിക്കുന്നു. അങ്ങനെ, വിശാലമായിട്ടും ഭൂമി അവര്‍ക്കുമേല്‍ ഞെരുങ്ങി. അവരുടെ മനസ്സാക്ഷിതന്നെയും അവര്‍ക്കുമേല്‍ ഞെരുങ്ങി. അല്ലാഹുവിങ്കല്‍ രക്ഷപ്പെടാന്‍ അവനല്ലാതെ ശരണമില്ലെന്ന് അവര്‍ മനസ്സിലാക്കിയപ്പോള്‍. അവര്‍ പശ്ചാത്തപിച്ച് മടങ്ങുന്നതിനായി പിന്നെ അവന്‍ അവര്‍ക്കു മാപ്പേകി. അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും പരമദയാലുവുമാകുന്നു, തീര്‍ച്ച.’
കഅ്ബ് തന്റെ കഥാകഥനം തുടര്‍ന്നു. ‘ഇസ്‌ലാമിലേക്ക് മാര്‍ഗം തെളിഞ്ഞശേഷം എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായിരുന്നു നബിയോട് സത്യം തുറന്നുപറയാനുള്ള ബോധം എന്നിലുളവായത്. അന്ന് കളവുപറഞ്ഞവര്‍ക്കുനേരെ കടുത്ത വാക്കുകളാണല്ലോ കുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്.’
(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

No comments yet.