നബിചരിത്രത്തിന്റെ ഓരത്ത് -120

//നബിചരിത്രത്തിന്റെ ഓരത്ത് -120
//നബിചരിത്രത്തിന്റെ ഓരത്ത് -120
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -120

ചരിത്രാസ്വാദനം

തബൂകിലേക്ക്

മക്കയില്‍നിന്ന് തിരിച്ചെത്തിയശേഷം ആറുമാസം നബി മദീനയില്‍തന്നെ ചെലവഴിച്ചു. ഇക്കാലയളവില്‍ അദ്ദേഹം കൊച്ചുകൊച്ചു സൈന്യങ്ങളെ അയല്‍ദേശങ്ങളിലേക്ക് യാത്രയാക്കുകയുണ്ടായി. അലി ബിന്‍ അബൂതാലിബിന്റെ നേതൃത്വത്തില്‍ തയ്അ് ഗോത്രത്തിലേക്ക് നടത്തിയ മിന്നല്‍പര്യടനം അവയിലൊന്നാണ്. മദീനയുടെ വടക്കുകിഴക്കായാണവരുടെ വാസസ്ഥലം. നേരത്തെ, ചെങ്കടല്‍തീരത്തെ കുദയ്ദിലെ മനാത് ദേവന്റെ ദേവാലയത്തിനുനേരെ അലിയെ നബി അയക്കുകയുണ്ടായി. അറേബ്യയിലാകമാനമുള്ള മൂന്ന് പ്രധാന ബഹുദൈവത്വ കേന്ദ്രങ്ങളിലിനി താഇഫിലെ ലാതിന്റെ കേന്ദ്രം മാത്രമേ ബാക്കിയുള്ളൂ. തയ്അ് ഗോത്രക്കാരില്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടില്ലാത്ത ബഹുദൈവാരാധകരുടെ ആരാധനാമൂര്‍ത്തി ഫുല്‍സിന്റെ ദേവാലയം ലക്ഷ്യമാക്കിയാണ് ഇത്തവണ അലിയുടെ യാത്ര. പോയകാലത്തെ മഹാകവി ഹാതിമിന്റെ ഗോത്രമാണ് തയ്അ്. അറേബ്യയിലുടനീളം കീര്‍ത്തിയുള്ള ധര്‍മിഷ്ഠനായിരുന്നു ഹാതിം താഈ. ജീവിച്ചിരുന്നപ്പോഴും മരണാനന്തരവും ഉദാരതയുടെ പര്യായമായി മാറി ഹാതിം. അയാളുടെ മരണശേഷം മകന്‍ അദിയ്യാണിപ്പോള്‍ ഗോത്രമൂപ്പന്‍. പിതാവിനെപ്പോലെ അദിയ്യും ക്രിസ്തുമതത്തോടടുത്ത വിശ്വാസമാണ് വെച്ചുപുലര്‍ത്തുന്നത്.

അലിയുടെയും സംഘത്തിന്റെയും അപ്രതീക്ഷിതമായ ആക്രമണം ചെറുക്കാനാകില്ലെന്ന് മനസ്സിലാക്കിയ അദിയ്യ് തന്റെ അടുത്ത ബന്ധുക്കളെയുമായി അന്നക്കന്നെ അവിടെനിന്ന് കടന്നുകളഞ്ഞു. എന്നാല്‍ സഫ്ഫാന എന്ന അയാളുടെയൊരു സഹോദരി അലിയുടെ സംഘത്തിന്റെ പിടിയിലായി. മറ്റു ബന്ദികളോടൊപ്പം പ്രവാചകന്റെ മുമ്പിലെത്തിയ സഫ്ഫാന പൊടുന്നനെ അദ്ദേഹത്തിന്റെ ചരണങ്ങളിലേക്കു കുമിഞ്ഞു. തന്നെ വിട്ടയക്കണമെന്നപേക്ഷിച്ചു. ‘എന്റെ പിതാവ് എപ്പോഴും ബന്ദികള്‍ക്ക് മാപ്പുനല്‍കി വിട്ടയക്കുമായിരുന്നു. അതിഥികള്‍ക്കദ്ദേഹം മാന്യമായ താമസമൊരുക്കും, വിശപ്പൊടുങ്ങുന്നതുവരെ ഊട്ടും, വ്യഥിതരെ സമാശ്വസിപ്പിക്കും. ഉപകാരം തേടിവരുന്നവരെ വെറുംകയ്യോടെ തിരിച്ചയക്കില്ല. ഞാന്‍ ഹാതിമിന്റെ മകളാണ്.’ പ്രായമലട്ടിയ ഹാതിംപുത്രിയെ പ്രവാചകന്‍ നല്ല വാക്കുകളാലാശ്വസിപ്പിച്ചു. ചുറ്റുമുള്ളവരെ നോക്കി അദ്ദേഹം പറഞ്ഞു, ‘അവരെ വിട്ടയക്കുക, അവരുടെ പിതാവ് കുലീനപഥങ്ങളെ സ്‌നേഹിച്ചയാളായിരുന്നു. അല്ലാഹുവും, അപ്രകാരം, അവയെ ഇഷ്ടപ്പെടുന്നു.

അതിനിടെ സഫ്ഫാനയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് തയ്അ് ഗോത്രജനായൊരാള്‍ അവിടെയെത്തി. നബി അയാളെ അവളുടെ ഉത്തരവാദിത്വമേല്പിച്ചു. ഒരൊട്ടകവും ഉടുപ്പുകളും നല്‍കി അവളെ യാത്രയച്ചു. സഫ്ഫാന അദിയ്യിനെത്തേടി പുറപ്പെട്ടു. മദീനയിലെത്തി പ്രവാചകനെ കാണാന്‍ സഹോദരനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. സഹോദരിയുടെ വാക്കുകള്‍ ശിരസാവഹിച്ച്, ആരുടെയും ശിപാര്‍ശയില്ലാതെ അദിയ്യ് മദീനയിലെത്തി ഇസ്‌ലാം സ്വീകരിച്ചു. വിശ്വാസം സ്വീകരിക്കാതെ ഓടിപ്പോയതില്‍ അദിയ്യിനെ നബി വിമര്‍ശിച്ചു. അയാള്‍ പിന്തുടരുന്ന ചില ആചാര രീതികളെക്കുറിച്ച് ചോദിച്ചു. ഇസ്‌ലാമില്‍ അവക്ക് സ്ഥാനമില്ലെന്നദ്ദേഹം അയാളോടു പറഞ്ഞു. തയ്അ് ഗോത്രത്തിന്റെ തലവനായി അദിയ്യ് തുടരുമെന്നും തിരുദൂതര്‍ പ്രഖ്യാപിച്ചു. അവിടന്നങ്ങോട്ട് ഓരോ ഘട്ടത്തിലും ഒരുത്തമ വിശ്വാസിയാണ് താനെന്ന് അദിയ്യ് തെളീച്ചുകൊണ്ടിരുന്നു. പ്രവാചകന്റെ പ്രഭാവശാലിയായ സഖ്യകക്ഷിയായി അദിയ്യും അയാളുടെ ഗോത്രവും.

ഇതേകൊല്ലത്തെ റജബ് മാസത്തിന്റെ പ്രാരംഭത്തില്‍ പ്രവാചകനെയും വിശ്വാസികളെയും തേടിയൊരു ദുഃഖവാര്‍ത്ത മദീനയിലെത്തി. അബിസീനിയയിലെ നേഗസ് രാജാവ് മരണമടഞ്ഞിരിക്കുന്നു. പ്രാര്‍ത്ഥനക്കായി പള്ളിയിലെത്തിയ വിശ്വാസികളോടായി നബി പറഞ്ഞു, ‘സാത്വികനായൊരു മനുഷ്യന്‍ മരണമടഞ്ഞ ദിവസമാണിന്ന്. എഴുന്നേറ്റ് നിങ്ങളുടെ സഹോദരന്‍ നേഗസ് അസ്ഹമക്കുവേണ്ടി പ്രാര്‍ഥിക്കുക.’ മയ്യിത്ത് നമസ്‌കാരത്തിന് നബി തന്നെ നേതൃത്വംനല്‍കി.

ഹുനയ്ന്‍ യുദ്ധം കഴിഞ്ഞ് അധികമാകുന്നതിനുമുമ്പ് പേര്‍സ്യക്കാര്‍ക്കുമേലുള്ള റോമാക്കാരുടെ അന്തിമവിജയം അടയാളപ്പെടുത്തിക്കൊണ്ട് ഹെറാക്ലിയസ് ചക്രവര്‍ത്തി ജെറൂസലേമിക്കുള്ള വിശുദ്ധപാത വീണ്ടെടുത്ത് പൂര്‍വസ്ഥിതിയിലാക്കി. പ്രബോധനത്തിന്റെ ആരബ്ധ കാലത്ത് പേര്‍സ്യക്കാരുമായുള്ളൊരു യുദ്ധത്തില്‍ പരാജയമടഞ്ഞ റോമാക്കാര്‍ മൂന്നു മുതല്‍ പത്തു വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിജയം വരിക്കും എന്ന പഴയൊരു വെളിപാട് വീണ്ടും ഓര്‍മ്മിക്കപ്പെടുന്ന സന്ദര്‍ഭമാണിത്. ‘അന്ന് വിശ്വാസികള്‍ ആഹ്ളാദിക്കും’ എന്നു കുര്‍ആന്‍ പ്രവചിച്ച വിജയത്തിന്റെ പരിസമാപ്തികൂടിയായിരുന്നു റോമാക്കാരുടെ ഈ വിജയം. ഷാമില്‍നിന്നും മിസ്‌റില്‍നിന്നും പേര്‍സ്യക്കാര്‍ കുടിയൊഴിഞ്ഞുപോരാന്‍ നിര്‍ബദ്ധരായതിന്റെ ആമോദം പക്ഷേ റോമാക്കാര്‍ക്കിടയില്‍ നീണ്ടുനില്‍ക്കുമെന്ന് തോന്നുന്നില്ല. ഉഗ്രപ്രതാപികളായിരുന്ന ഖുസ്രോയുടെ ഈ പ്രദേശങ്ങളിലെ പ്രഭാവം തല്‍ക്കാലത്തേക്കെങ്കിലും അസ്തമിച്ചതിന്റെ ശോണരാശി മായുംമുമ്പിതാ പൂര്‍വാമ്പരങ്ങളില്‍ പുതിയൊരു ശക്തിയുടെ ഉദയം ദൃശ്യമായിക്കൊണ്ടിരിക്കുന്നു; ഒരപകടം ഒഴിയുന്നിടം മറ്റൊരപകടം കവര്‍ന്നെടുക്കുന്നു.

റോമാ ചക്രവര്‍ത്തി ഹെറാക്ലിയസ് തന്റെ പട്ടാളക്കാര്‍ക്കുള്ള ഒരു വര്‍ഷത്തെ പ്രതിഫലം നേരത്തെ കൊടുത്തുതീര്‍ത്തുവെന്നും, മദീനക്കുനേരെ മാസങ്ങളോളം നീണ്ടുനില്‍ക്കുന്നൊരാക്രമണം അയാള്‍ പദ്ധതിയിടുന്നുണ്ടെന്നുമുള്ള ശ്രുതി പ്രചണ്ഡവാതംപോലെ നാട്ടിലാകെ പ്രചരിച്ചുകൊണ്ടിരിക്കുന്നു. അവിടെയും നില്‍ക്കുന്നില്ല കിംവദന്തി. റോമാക്കാരുടെ സേന ദക്ഷിണദിക്കിലേക്കു പുറപ്പെട്ട് ബല്‍കാ വരെ എത്തിയിരിക്കുന്നുവത്രെ! പോരാത്തതിന് ലഖ്മ്, ജുദാം, ഗസ്സാന്‍, അമില തുടങ്ങി, മേഖലയിലെ പ്രമുഖ അറബ് ഗോത്രങ്ങള്‍ അവര്‍ക്കൊപ്പം സംഘടിച്ചിരിക്കുകയാണത്രെ. ഉത്തരദേശങ്ങളില്‍നിന്ന് മദീനയിലേക്ക് എണ്ണയുമായി വന്ന നബ്തികളാണീ വിവരം ആദ്യമായി പുറത്തുവിടുന്നത്. ഒരുപക്ഷേ, മുഅ്തയിലെ മുസ്‌ലിം യുദ്ധതന്ത്രത്തിനു മുമ്പില്‍ വീണുപോയ ജാള്യം മാച്ചുകളയാന്‍ റോമാക്കാര്‍തന്നെ പടച്ചുവിട്ടതാകാം ഊഹാപോഹങ്ങള്‍. എന്നാല്‍, ഈ വാര്‍ത്തകളില്‍ പാതി ഊതിവീര്‍പ്പിക്കപ്പെട്ടവയും യാഥാര്‍ഥ്യത്തിന്റെ നേരെ എതിര്‍ദിശയിലുള്ളവയുമായിരുന്നു.

യഥാര്‍ഥത്തില്‍ ഹെറാക്ലിയസ് ചക്രവര്‍ത്തി ജെറൂസലേമില്‍നിന്ന് ഹുംസിലേക്ക് പിന്‍വാങ്ങിയ കാലമാണത്. ഷാം ദേശത്തിന്റെ വടക്കന്‍ അതിരുകള്‍പ്പുറത്തേക്ക് കടക്കരുതെന്ന കരാര്‍വ്യവസ്ഥയില്‍ മുഹമ്മദുമായി ഒരു സന്ധി ഒപ്പുവെക്കുന്നതിനെക്കുറിച്ച് തന്റെ സൈനിക നേതാക്കളുമായി ചക്രവര്‍ത്തി ചര്‍ച്ച നടത്തുകവരെയുണ്ടായി. ഷാം ഒന്നടങ്കം ഇസ്‌ലാമിന്റെ കൊടിക്കൂറക്കു കീഴില്‍ വരുന്ന കാലം നബി ആഗ്രഹിച്ചിരുന്നുവെന്നതും നേരാണ്. അതിനുള്ള സമയം വന്നടുത്തുവെന്ന് കരുതിയതിനാലോ, അതല്ല, ഭാവിയില്‍ ഒഴിവാക്കാനാവാത്ത ഒരു ഷാം ആക്രമണത്തിനുള്ള പരിശീലനമായോ ആകാം, റോമാക്കാര്‍ക്കെതിരെ ഒരഭിയാനത്തിനായുള്ള ഒരുക്കങ്ങള്‍ക്ക് പ്രവാചകന്‍ തുടക്കം കുറിച്ചു. ഇതുവരെ അദ്ദേഹം നയിച്ചതില്‍വെച്ചേറ്റവും ആള്‍ബലമേറിയതും ആയുധസജ്ജവുമായിരിക്കും ഈ സേന. സാധാരണ പ്രവാചകന്‍ തന്റെ പടയൊരുക്കത്തിനുള്ള വിഭവസമാഹരണ സമയത്ത് ലക്ഷ്യസ്ഥാനം ജനത്തിന് അജ്ഞേയമായ രഹസ്യമായ സൂക്ഷിക്കാറാണ് പതിവ്. എന്നാല്‍, ഇത്തവണ അങ്ങനെയുള്ളൊരു കരുതലൊന്നും നബിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. മക്കയിലേക്കും മദീനയുടെ സഖ്യകക്ഷി നേതാക്കളിലേക്കും പ്രവാചകന്റെ ദൂതുകള്‍ പാഞ്ഞു. ഷാം ആക്രമണത്തിനായി ലഭ്യമായ ആയുധങ്ങളും ആളുകളും ഉടന്‍ മദീനയിലെത്തിക്കുക എന്നതാണ് സന്ദേശങ്ങളുടെ ഉള്ളടക്കം.

ക്രിസ്തുവര്‍ഷം അറുന്നൂറ്റി മുപ്പതിലെ വേനലിന്റെ അവസാനമാണത്. ഗ്രീഷ്മം പിന്‍വാങ്ങുന്ന വേളയില്‍ സാധാരണയായി ചൂട് കടുക്കാറുണ്ടെങ്കിലും ഇത്തവണ പതിവിനെക്കാള്‍ കടുത്ത ഉഷ്ണക്കാറ്റിന്റെ ഹുങ്കാരം മരുഭൂമിയില്‍ ചുഴറ്റിയടിക്കുന്നുണ്ട്; അകമ്പടിയായി മുമ്പെങ്ങുമില്ലാത്ത വരള്‍ച്ചയും. അന്തരീക്ഷത്തിലെ ഊഷ്മാവുയരുമ്പോള്‍ ഈന്തപ്പനകള്‍ വിരിഞ്ഞുകുലക്കും, തുടുത്ത ഈത്തപ്പഴങ്ങള്‍ കൃഷിക്കാരന്റെ മനസ്സില്‍ ആഹ്ളാദം നിറക്കും. പണ്ടുപണ്ടേ അറബികളും ഇതര ഗോത്രങ്ങളും പേടിക്കുന്ന പേരാണ് റോമാ ചക്രവര്‍ത്തിയുടേത്. അവരുടെ കിടയറ്റ സൈനികശക്തിയുടെ അപദാനങ്ങള്‍ കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. ആ സൈന്യത്തോടേറ്റുമുട്ടാനാണ് മുഹമ്മദ് യുദ്ധത്തിന് കോപ്പൊരുക്കുന്നത്. സര്‍വോപരി മദീനയില്‍നിന്ന് ഷാമിലേക്കുള്ള സഞ്ചാരപാത ദീര്‍ഘവും ദുര്‍ഘടവുമാണ്. ഇങ്ങനെ, യുദ്ധങ്ങളില്‍നിന്നും സൈനികനീക്കങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനായി ജനങ്ങള്‍ക്കുമുമ്പില്‍ കാരണങ്ങളെമ്പാടുമുണ്ട്. കപടവിശ്വാസികളും വേണ്ടത്ര വിശ്വാസദാര്‍ഢ്യം നേടിയിട്ടില്ലാത്തവരും പ്രവാചകനരികില്‍ ചെന്ന് യുദ്ധത്തില്‍നിന്നൊഴിവാക്കിക്കൊടുക്കാനുള്ള ഉപായങ്ങള്‍ എഴുന്നെള്ളിച്ചു. ബദവി ഗോത്രക്കാരില്‍ പലരും ഇതുതന്നെ ചെയ്തു. വിശ്വാസം എല്ലുകളില്‍വരെ തറഞ്ഞിരുന്ന ഏതാനുംപേര്‍ പക്ഷേ, ഒഴികഴിവുകളൊന്നും പറഞ്ഞില്ല. യുദ്ധത്തിന് പോകാനവര്‍ തീരുമാനിച്ചതുമാണ്. അവരില്‍ ധനികരും കര്‍ഷകരുമുണ്ട്. സൈന്യം പുറപ്പെടുന്ന ആ ദിവസങ്ങളില്‍ മദീന വിടേണ്ടതില്ല എന്നവര്‍ക്കു തോന്നി. തങ്ങള്‍ക്ക് വാഹനങ്ങളുണ്ടല്ലോ പോകാമല്ലോ; നാളെയും പോകാമല്ലോ; അടുത്തയാഴ്ച പോയാലും മതിയല്ലോ എന്നിങ്ങനെ മനസ്സില്‍ ദുര്‍മന്ത്രണങ്ങള്‍ പലതുണ്ടായതിനാല്‍ പോക്കു നീണ്ടുപോയി. അവസാനം, സമയം ആര്‍ക്കുമായും കാത്തുനില്‍ക്കാതെ കടന്നുപോയതോടെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍; സ്വന്തം അശ്രദ്ധയുടെയും ജാഗ്രതക്കുറവിന്റെയും ഇരകള്‍.

ബലശാലിയായ ശത്രു ഒരുവശത്ത്, ദാക്ഷിണ്യമില്ലാത്ത ഉഷ്ണവും ജലശൂന്യതയും വരള്‍ച്ചയും മറുവശത്ത്. പുറമെ, സുദീര്‍ഘവും ദുര്‍ഗമവുമായ പാതകളും. പ്രയാസകരമായ സാഹചര്യമാണുള്ളത്. യുദ്ധനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ പ്രവാചകന്‍ വിശ്വാസികളോടാഹ്വാനം ചെയ്തു. ധനികരായ വിശ്വാസികള്‍ പണമായും വാഹനങ്ങളായും ഭക്ഷ്യവസ്തുക്കളായും മത്സരിച്ച് ദാനംചെയ്ത് നിധി പെരുപ്പിച്ചു. ഉസ്മാന്‍മാത്രം ചെയ്ത സംഭാവനതന്നെ മതി വിശ്വാസികളുടെ അടിത്തട്ടില്ലാത്ത ഉദാരതയുടെ ആഴം മനസ്സിലാക്കാന്‍. ആദ്യമയാള്‍, യുദ്ധത്തിനു സര്‍വസജ്ജമായ ഇരുന്നൂറൊട്ടകങ്ങളും ഇരുന്നൂറ് പൊന്‍പണവും നല്‍കി. അതു പോരെന്നുതോന്നി വീണ്ടും നൂറൊട്ടകങ്ങള്‍! തെല്ലിട കഴിഞ്ഞ് ആയിരം ദീനാര്‍ കൊണ്ടുവന്ന് നബിയുടെ മടിത്തട്ടില്‍വെച്ചുകൊടുത്തു. എന്നാല്‍, യുദ്ധത്തിനു പോകാനാഗ്രഹിച്ചവര്‍ക്കെല്ലാം പുറപ്പെടാന്‍ പര്യാപ്തമായ സൗകര്യങ്ങള്‍ ഒത്തുവന്നില്ല. ദരിദ്രരായ അഞ്ച് അന്‍സാറുകളും, മുസയ്‌നക്കാരും ഗത്ഫാന്‍കാരുമായി രണ്ടു ബദുക്കളുമടക്കം ഏഴു വിലാപകരെക്കുറിച്ചുള്ള കുര്‍ആന്‍ സൂക്തം അവതീര്‍ണമായത് ഈ വേദനയെ അനുസ്മരിച്ചുകൊണ്ടാണ്. ഇവരെ യാത്രയാക്കാന്‍ പ്രവാചകന്റെ മുമ്പില്‍ വഴികളൊന്നുമുണ്ടായില്ല. അവര്‍ കരഞ്ഞു. ഇക്കാര്യം കുര്‍ആന്‍ ഇങ്ങനെ പറഞ്ഞു: ‘മറ്റൊരു വിഭാഗം തങ്ങളെ കൊണ്ടുപോകണമെന്നഭ്യര്‍ഥിച്ച് താങ്കളെ സമീപിച്ചപ്പോള്‍, നിങ്ങളെ കൊണ്ടുപോകാനായി വാഹനമൊന്നും എനിക്കു കണ്ടെത്താനായിട്ടില്ല എന്ന് താങ്കള്‍ പറഞ്ഞു. അങ്ങനെ ചെലവഴിക്കാനായി യാതൊന്നും കണ്ടെത്താത്തതിന്റെ വ്യഥയില്‍ മിഴിനീരൊഴുക്കുന്ന കണ്ണുകളുമായവര്‍ തിരിച്ചുപോയി.’

ബദവി ഗോത്രങ്ങളില്‍നിന്നെല്ലാമായി വന്നുചേര്‍ന്ന സൈനികരെ പാര്‍പ്പിക്കാനായി നഗരത്തിന്റെ പ്രാന്തത്തില്‍ തമ്പുകളുയര്‍ന്നു. മുപ്പതിനായിരം വരുന്ന സൈന്യത്തിന് മുന്നേറാനുള്ള സമയമാകുംവരെ ആ താവളത്തിന്റെ ഉത്തരദായിത്വം അബൂബക്‌റിനാണ്. വമ്പിച്ച സേനാവ്യൂഹത്തിന്റെ നായകത്വം പ്രവാചകന്‍ സ്വയം ഏറ്റെടുത്തു. മുഹമ്മദ് ബിന്‍ മസ്‌ലമയെ അദ്ദേഹം തന്റെ പ്രതിനിധിയായി മദീനയില്‍ നിയോഗിച്ചു. അലി ഇത്തവണ സേനയിലില്ല. മദീനയില്‍ നബിയുടെ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുകയാണയാളുടെ നിയോഗം.

പ്രവാചകന്റെ നിര്‍ദേശം ലഭിച്ചതും സേന പ്രയാണമാരംഭിച്ചു. തിങ്ങിയ കുതിരകളുടെയും ഒട്ടകങ്ങളുടെയും കാലടികളില്‍നിന്നുതിര്‍ന്ന ധൂളീപടലങ്ങളില്‍ കാഴ്ചകള്‍ ചുരുങ്ങി. മദീനയിലെ പെണ്ണുങ്ങള്‍ താന്താങ്ങളുടെ വീടുകളുടെ മട്ടുപ്പാവില്‍നിന്നുകൊണ്ട് ഉജ്ജ്വലമായ ആ കാഴ്ച നിര്‍നിമേഷം നോക്കിനിന്നു. മരുക്കാറ്റിനെ വകഞ്ഞുമാറ്റി, മണല്‍ക്കൂനകള്‍ കയറിയുമിറങ്ങിയും ഷാം ദേശത്തെ ലക്ഷ്യമാക്കി മഹാവ്യൂഹം നീങ്ങിക്കൊണ്ടിരുന്നു. പ്രവാചകന്റെ യുദ്ധകാഹളം കേട്ടതായിപ്പോലും നടിക്കാതെ മാറിനിന്ന ചിലരുടെ മനം ആ കാഴ്ചയില്‍ ഇളകിത്തുടങ്ങി. മുനാഫികുകളുടെ നേതാവ് അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് തന്റെ ഏതാനും അനുയായികളോടൊപ്പം സേനയോടൊപ്പം പുറപ്പെട്ടെങ്കിലും അയാളുടെ സൈന്യം മദീനയില്‍തന്നെ നില്‍ക്കുന്നതാണ് നല്ലതെന്ന് പ്രവാചകന് തോന്നി. ചതികളാല്‍ സമൃദ്ധമായ അയാളുടെ ഭൂതകാലം പ്രവാചകനെക്കൊണ്ട് അങ്ങനെയൊരു തീരുമാനമെടുപ്പിക്കുകയായിരുന്നു.

എന്നാല്‍, ഇതിന് കപടവിശ്വാസികള്‍ പ്രതികാരം ചെയ്തത് മറ്റൊരു നിലക്കാണ്. മദീനക്കു നീളെയും കുറുകെയും അവര്‍ ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. അലി പ്രവാചകനൊരു ഭാരമായി മാറിയെന്നും അതിനാല്‍ പൊല്ലാപ്പൊഴിവാക്കാനായാണ്, കുടുംബകാര്യങ്ങള്‍ നോക്കാനെന്ന പേരില്‍ അയാളെ മദീനയില്‍ നിര്‍ത്തിയിരിക്കുന്നതെന്നുമൊക്കെയാണ് പ്രചാരണം. ദുഷ്പ്രവാദങ്ങളില്‍ സഹികെട്ട അലി പിറ്റേന്ന് പുലര്‍ച്ച പടച്ചട്ടയും ആയുധവുമണിഞ്ഞ് വീട്ടില്‍നിന്ന് പുറപ്പെട്ട് ഒന്നാം ദിവസത്തെ വിശ്രമസങ്കേതത്തിലെത്തി മുസ്‌ലിംസേനയുമായി സന്ധിച്ചു. യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായുള്ള അനുമതിക്കായി അയാള്‍ പ്രവാചകനോട് കെഞ്ചി. മദീനയിലെ ജനങ്ങള്‍ പറഞ്ഞുപരത്തുന്നതെന്താണെന്നയാള്‍ പ്രവാചകന് വിശദീകരിച്ചുകൊടുത്തു. എല്ലാം കേട്ട നബി പറഞ്ഞു, ‘അവര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. തിരിച്ചുചെന്ന് ഞാന്‍ നിങ്ങളെ എന്താവശ്യത്തിനാണോ മദീനയില്‍ നിര്‍ത്തിയത് അക്കാര്യം പൂര്‍ത്തിയാക്കുക. തുടര്‍ന്നദ്ദേഹം പറഞ്ഞു, ‘അലീ, മൂസക്ക് ഹാറൂന്‍ എങ്ങനെയാണോ അങ്ങനെയാണ് നിങ്ങളെനിക്ക്. എനിക്കുശേഷം പ്രവാചകന്മാരില്ലെന്നുമാത്രം. മുസാ പ്രവാചകന്‍ തോറ സ്വീകരിക്കാനായി തൂര്‍ പര്‍വതത്തിലേക്ക് പുറപ്പെട്ട നേരത്ത് സഹോദരനായ ഹാറൂന്‍ പ്രവാചകനെ വീട്ടുകാരുടെ കാര്യഭാരമേല്പിച്ച സംഭവം ഓര്‍മിപ്പിച്ചുകൊണ്ട് നബി പറഞ്ഞു.

ഈ ദിനങ്ങളിലൊരു പുലര്‍ക്കാലത്ത് പ്രഭാത പ്രാര്‍ഥനക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി വിശ്വാസികള്‍ പ്രവാചകന്‍ വന്നെത്തുന്നത് കാത്തുനിന്നു. തിരുദൂതര്‍ വരാന്‍ വൈകുന്നതു കണ്ട വിശ്വാസികള്‍ നമസ്‌കാര സമയം കടന്നുപോകുമോ എന്ന് ഭയപ്പെട്ടു. അവര്‍ അബ്ദുറഹ്മാന്‍ ബിന്‍ ഔഫിനെ ഇമാമാക്കി പ്രാര്‍ഥന തുടങ്ങി. പ്രവാചകന്‍ എത്തിയപ്പോഴേക്കുമവര്‍ ഒരു റക്അത് പൂര്‍ത്തിയാക്കിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യമറിഞ്ഞ് ബിന്‍ ഔഫ് പിന്‍നിരയിലേക്ക് മാറിനില്‍ക്കാനാഞ്ഞപ്പോള്‍ നബി തടഞ്ഞു. അബ്ദുറഹ്മാന്‍തന്നെ നേതൃത്വം തുടരട്ടെ എന്നു നിര്‍ദേശിച്ചു. നമസ്‌കാരം കഴിഞ്ഞ് നബി ബാക്കിയുള്ള ഒരു റക്അത്ത് പൂര്‍ത്തീകരിച്ചതിനു ശേഷം എഴുന്നേറ്റ് നിന്നു പറഞ്ഞു, ‘നന്നായി നിങ്ങളതു ചെയ്തത്. ഒരു പ്രവാചകനും സ്വന്തം ജനതയിലെ ഭക്തനായൊരാള്‍ക്കു പിറകില്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചിട്ടല്ലാതെ മരണമടഞ്ഞിട്ടില്ല.’

(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.