നബിചരിത്രത്തിന്റെ ഓരത്ത് -12

//നബിചരിത്രത്തിന്റെ ഓരത്ത് -12
//നബിചരിത്രത്തിന്റെ ഓരത്ത് -12
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -12

Print Now
ചരിത്രാസ്വാദനം

ബഹീറ

സാമ്പത്തികമായ സുഖൈശ്വര്യങ്ങള്‍ക്ക് നടുവിലായിരുന്നില്ല അബ്ദുല്‍ മുത്തലിബ് ജീവിതാന്ത്യം പ്രാപിച്ചത്. ശോഷിച്ച അദ്ദേഹത്തിന്റെ സമ്പത്ത് വീതംവെച്ചപ്പോള്‍ ചെറിയചെറിയ ഭാഗങ്ങള്‍ മാത്രമേ മക്കള്‍ക്കോരോരുത്തര്‍ക്കും അനന്തരമായി ലഭിച്ചുള്ളു. അവരില്‍ ചിലര്‍, വിശിഷ്യ, അബൂലഹബ് എന്ന് പിന്നീടറിയപ്പെട്ട അബ്ദുല്‍ ഉസ്സാ, തങ്ങള്‍ വികസിപ്പിച്ചെടുത്ത കച്ചവടങ്ങളിലൂടെ സ്വന്തം വക സ്വത്തുക്കള്‍ കൊണ്ടിരുന്നു. കൂട്ടത്തില്‍ ഏറ്റവുമധികം സാമ്പത്തിക പരാധീനതകള്‍ അനുഭവിച്ചിരുന്നത് അബൂതാലിബ് ആയിരുന്നു. അക്കാര്യം നന്നായറിയാമായിരുന്നു മുഹമ്മദിന്.

തന്റെ ജീവനെ താങ്ങി നിര്‍ത്താനുള്ള വകയെങ്കിലും കണ്ടെത്തി പിതൃവ്യന്റെ ഭാരം കുറച്ചുകൊടുക്കണമെന്ന് അവന്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. അജപാലനത്തിലൂടെ അതവന്‍ കണ്ടെത്തുകയും ചെയ്തു.

ഒന്നുകില്‍ മക്കയിലെ കുന്നുകളില്‍, അതല്ലെങ്കില്‍ മക്കയ്ക്കു പുറത്തുള്ള ചെരിവുകളിലും തുറസ്സുകളിലും, എന്നും അവന്‍ ആടുകളുമായെത്തും. അവ നിശ്ശബ്ദം മേഞ്ഞുനടക്കുമ്പോള്‍ മുഹമ്മദ് ഏകാന്തതയിലേക്കൂളിയിടും. അങ്ങനെ, തന്റെ കഷ്ടകാണ്ഡത്തിന്റെ കടുംകറ പതുക്കെ മാറ്റിയെടുത്തു. പോകപ്പോകെ, മക്കയുടെ കുന്നിന്‍ചെരിവുകളിലെ ഏകാകിത അവന് കൂടുതല്‍ക്കൂടുതല്‍ ഇഷ്ടമായി വന്നു. തിന്നും കുടിച്ചും മദിച്ചും രമിച്ചും പാഴാക്കപ്പെടുന്ന മക്കയിലെ യൗവനങ്ങളല്ല മുഹമ്മദിന്റെ മാതൃകകളെന്ന് തീർച്ച.

ഏകാന്തതയുടെ ആഴങ്ങളില്‍ ആര്‍ത്തലച്ച ചിന്തകള്‍ മുഹമ്മദിന്റെ ജീവിതത്തെ ചിന്തേരിട്ടു മിനുക്കി. ആടുകളുമൊത്തുള്ള ജീവിതം അവനിൽ അച്ചടക്കത്തിന്റെയും ക്ഷമയുടെയും ബീജങ്ങളങ്കുരിപ്പിച്ചു. ഉമ്മയുടെയും വല്യുപ്പയുടെയും മരണങ്ങളുടെ ദമിതനൊമ്പരങ്ങൾ ദുഃഖമായവശേഷിച്ചെങ്കിലും അവരെക്കുറിച്ചുള്ള ദുഃഖങ്ങളും അവന് ആനന്ദമേകിയിരിക്കണം.

ശോഷിച്ചതെങ്കിലും അബൂതാലിബിന്റെ കച്ചവടങ്ങളില്‍ അദ്ദേഹത്തെ സഹായിക്കണമെന്ന ചിന്ത മനസ്സിൽ തിടംവച്ചുവന്നു. അവന്‍ കാര്യമവതരിപ്പിച്ചപ്പോള്‍ അദ്ദേഹം എതിര്‍ക്കുകയായിരുന്നു. കച്ചവടം മക്കക്കാർക്ക് ഒഴിച്ചുകൂടാത്തതെങ്കിലും, ഇരുപതും ഇരുപത്തഞ്ചും ദിനങ്ങൾ നീളുന്ന യാത്രക്കിടയിൽ തുറന്ന മരുഭൂമിയിലെ പരുക്കന്‍ കാറ്റും വെയിലുമേറ്റുവാങ്ങാന്‍ മാത്രം അവന്റെ പ്രായവും ശരീരവും പക്വമായിക്കഴിഞ്ഞിട്ടില്ലെന്ന് കരുതി ഒന്നുരണ്ട് തവണ അബൂതാലിബ് സഹോദരപുത്രന്റെ ആവശ്യം നിരസിച്ചു.

പിന്നീടൊരിക്കല്‍ അവന്റെ ആവശ്യം അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വന്നു. മുഹമ്മദ് തന്റെ പ്രന്തണ്ടാമത്തെ വയസ്സില്‍ പിതൃവ്യനോടൊപ്പം നടത്തിയ ആ ശാം യാത്രയിലെ അനുഭവങ്ങള്‍ അത്ഭുതകരമായിരുന്നു.

മക്കയില്‍നിന്ന് സിറിയയിലേക്ക് പോകുന്ന കച്ചവട സംഘങ്ങള്‍ സാധാരണ വിശ്രമിക്കാറുള്ള സങ്കേതത്തിനടുത്തുള്ള പ്രദേശമാണ് ബുസ്‌റാ എന്ന വിശ്രുത ദേശം. അവിടെ ക്രിസ്തുമതാനുയായിയായൊരു സന്യാസിയുടെ ഒറ്റമുറിക്കുടിലുണ്ട്. തലമുറകളായി സന്യാസിമാര്‍ കൈമാറി വരുന്നതാണീ മഠം. ഒരാള്‍ മരണമടയുമ്പോള്‍ അടുത്തയാള്‍ അതിന്റെ ചുമതലയേറ്റെടുക്കും. അവിടെയുള്ള പുരാതന ലിഖിതങ്ങളടക്കം എല്ലാം പിന്നെ അയാളുടെ ചുമതലയിലാണ്.

അറബികള്‍ക്കിടയില്‍ ഒരു പ്രവാചകന്റെ ആഗമനം പ്രവചിക്കുന്ന രേഖയും അക്കൂട്ടത്തിലുണ്ട്. മഠത്തിലെ ഇപ്പോഴത്തെ സന്യാസി ബഹീറയ്ക്ക് ഈ ലിഖിതങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും പിടിപാടുമുണ്ട്. വറകയെപ്പോലെ ബഹീറയ്ക്കും തന്റെ ജീവിത കാലത്തുതന്നെ ആ പ്രവാചകന്‍ അറേബ്യയിലൊരിടത്ത് ഭൂജാതനാകുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

മക്കയില്‍ നിന്നുള്ള വണിക്കുകള്‍ പോകുന്നതും വരുന്നതും തന്റെ മഠത്തില്‍ നിന്ന് അധികം ദൂരെയല്ലാതെ വിശ്രമിക്കുന്നതും ബഹീറ ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ഇത്തവണ അവരുടെ വരവിന് സാധാരണയില്‍ കവിഞ്ഞ പ്രത്യേകതയുള്ളതായി അദ്ദേഹം കണ്ടു.

സംഘം അടുത്തു വരുന്തോറും ഉള്ളിലുറവയെടുത്ത കൗതുകപ്പെരുക്കത്തിൽ കണ്ണുകൾ അറിയാതെ വിടർന്നു. ബഹീറ പുരികങ്ങൾക്കു മീതെ കൈപ്പത്തി മറയാക്കി ഉറ്റുനോക്കി. അതിരെഴാത്ത പൂർവ്വാഹ്ന വാനിലെ മനോജ്ഞ നിർമ്മലമായ നീലിമയെ ഭഞ്ജിച്ചുകൊണ്ട് ചെറിയൊരു മേഘക്കീറ് താഴ്ന്ന്, അറബി സംഘത്തിന്റെ തലക്കു മുകളിലായി പതുക്കെ നീങ്ങുന്നു!

സംഘം അടുത്തു വരുന്തോറും ദൃശ്യം കൂടുതല്‍ തെളിഞ്ഞുവന്നു. ഒന്നോ രണ്ടോ യാത്രക്കാർക്കു മേല്‍ കുളിരണിപ്പന്തല്‍ തീര്‍ക്കുകയാണ് മേഘപാളി. സംഘത്തിന്റെ പുരോഗമനം സാകൂതം ബഹീറ വീക്ഷിച്ചു. പെട്ടെന്ന് അയാളുടെ കൗതുകം അത്ഭുതമായി മാറി. സംഘത്തിന്റെ ചലനം നിലച്ചതും മേഘമൊരു മുഴംപോലുമനങ്ങാതെ അവര്‍ വിശ്രമംകൊണ്ട മരത്തിനു മുകളിലായി നിശ്ചലം നിന്നു. മുകിൽ സാന്നിധ്യം മരത്തിന്റെ തണലിനെ കനപ്പിച്ചിരുന്നു. ഇത്തരമൊരതീവ വിസ്മയം, തീര്‍ച്ചയായും, ഏറെ പ്രാധാന്യമുള്ളതാണ്.

മഹത്തായ ഒരാത്മീയ സാന്നിധ്യത്തിനു മാത്രമേ അത് വിശദീകരിക്കാന്‍ സാധിക്കൂ. അടുത്ത നിമിഷം, ആഗമനം പ്രതീക്ഷിക്കുന്ന പ്രവാചകനെക്കുറിച്ചോര്‍ത്ത് ബഹീറയുടെ മനസ്സ് കുളിർത്തു. “അവസാനം അദ്ദേഹം വന്നുവോ! എന്നിട്ട്, അദ്ദേഹം ഈ സംഘത്തിലുണ്ടെന്നോ!!”

രണ്ടുമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മഠത്തിലേക്കുള്ള പലവ്യഞ്ജനങ്ങള്‍ എത്തിയത്. ഇതുപയോഗിച്ചാണ് കുറേ ദിവസത്തേക്ക് അയാൾക്കുള്ള ഭക്ഷണം പാകം ചെയ്യുക. അവയെല്ലാം ഒരുമിച്ച് പാകം ചെയ്താല്‍ മക്കയില്‍ നിന്നെത്തിയ കച്ചവട സംഘത്തിലുള്ളവരെ മുഴുവന്‍ ഒരു നേരം സല്‍ക്കരിക്കാനാകും.

ബഹീറ വർത്തക സംഘത്തെ ക്ഷണിക്കാനായി ദൂതനെ വിട്ടു. അവരുടെ കൂട്ടത്തിലെത്തി ദൂതന്‍ പറഞ്ഞു, ”കുറയ്ഷികളേ, അക്കാണുന്ന ഒറ്റമുറിക്കുടിലില്‍ കഴിയുന്ന ബഹീറ എന്ന സന്യാസി ഇന്ന് നിങ്ങള്‍ക്കായി വിരുന്നൊരുക്കിയിരിക്കുന്നു, നിങ്ങള്‍ അദ്ദേഹത്തിന്റെ മഠത്തിലേക്ക് ചെല്ലുക; നിങ്ങളോരോരുത്തരും-ചെറുപ്പക്കാരും പ്രായം ചെന്നവരും, അടിമയും സ്വത്രന്തനും എല്ലാം.”

അവർ ബഹീറയുടെ ഒറ്റമുറിക്കുടിലിലെത്തി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം കണക്കിലെടുക്കാതെ, ബാലനായ മുഹമ്മദിനെ തങ്ങളുടെ കച്ചവടച്ചരക്കുകള്‍ക്കും ഒട്ടകങ്ങള്‍ക്കും കാവല്‍ നിര്‍ത്തിയിട്ടായിരുന്നു അവര്‍ എത്തിയത്.

തങ്ങളുടെ ചരക്കുകൾക്കും ഒട്ടകങ്ങൾക്കും കാവൽക്കാരനായി സത്യസന്ധനായ മുഹമ്മദിനോളം പറ്റിയ മറ്റൊരാളില്ല എന്ന്, അബൂതാലിബിന്റെ സമ്മതത്തോടെ, അവർ തീരുമാനിച്ചിരുന്നു. ബഹീറയുടെ കണ്ണുകള്‍ അതിഥികളുടെ മുഖങ്ങളിലൂടെ ഉഴറി. ഓരോരുത്തരുടെയും മുഖം സൂക്ഷ്മം നിരീക്ഷിച്ചു; എന്തോ അന്വേഷിക്കുന്നതുപോലെ. മഠത്തിലുള്ള ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ക്ക് പാകമാകുന്ന ഒരു മുഖവും അക്കൂട്ടത്തിലില്ല. താന്‍ കണ്ട ചമത്കാരങ്ങള്‍ പ്രകടമാക്കാന്‍ തക്ക മഹത്വമൊന്നും ഇരിക്കുന്ന കൂട്ടത്തില്‍ ഒരാള്‍ക്കുമില്ല. ഒരുപക്ഷേ, സംഘത്തിലെ എല്ലാവരും എത്തിച്ചേര്‍ന്നിട്ടുണ്ടാവില്ല, അയാൾ കരുതി.

“കുറയ്ഷികളേ”, അയാൾ വിളിച്ചു. “നിങ്ങളിലൊരാളും ഇവിടെ, ഈ വിരുന്നില്‍ പങ്കുകൊള്ളാതിരിക്കരുത്.”

”ഞങ്ങളിലാരും ഇനി അവിടെ അവശേഷിക്കുന്നില്ല. എല്ലാവരും ഇവിടെ എത്തിക്കഴിഞ്ഞു” അവര്‍ തുടര്‍ന്നു, ”ങ്ഹാ .. ഒരു കുട്ടി മാത്രം; ഞങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി, അവനെ ഞങ്ങളുടെ ചരക്കുകൾക്ക് കാവലേൽപ്പിച്ച് പോന്നതാണ്; ഒട്ടകങ്ങൾക്ക് ഇടയനും”

”അവനെ അങ്ങനെ കണക്കാക്കരുത്, അവനെയും വിളിക്കൂ, ഈ വിരുന്നില്‍ അവനും പങ്കുചേരട്ടെ” – നിന്ദാധ്വനിയിൽ, അതൃപ്തി മറച്ചുവെക്കാതെ ബഹീറ നിര്‍ദേശിച്ചു.

അബൂതാലിബും കൂടെയുണ്ടായിരുന്നവരും തങ്ങളുടെ ബുദ്ധിശൂന്യതയെ കുറ്റപ്പെടുത്തി. ”അബ്ദുല്ലയുടെ പുത്രനെ നമ്മുടെ ചരക്കുകള്‍ക്ക് കാവലും ഒട്ടകങ്ങൾക്ക് ഇടയനുമായി നിര്‍ത്തിപ്പോന്നതിനും, ഈ വിരുന്നില്‍ അവനെ പങ്കെടുപ്പിക്കാതിരുന്നതിനും നാം നമ്മെത്തന്നെയാണ് പഴിക്കേണ്ടത്”- അവരില്‍ ഒരാള്‍ പറഞ്ഞു. അയാള്‍ ധൃതിയിൽ നടന്ന് മുഹമ്മദിനടുത്തെത്തി ആലിംഗനം ചെയ്തു. തുടര്‍ന്ന്, അവനെ ബഹീറയുടെ വിരുന്നിലേക്ക് കൂട്ടിക്കൊണ്ടുപോന്നു.

കുട്ടിയുടെ മുഖത്തേക്ക് ഒറ്റ പ്രാവശ്യം നോക്കിയപ്പോള്‍തന്നെ അല്‍പം മുൻപ് തന്റെ മുമ്പില്‍ തെളിഞ്ഞ അത്ഭുത സംഭവങ്ങള്‍ക്കുള്ള വിശദീകരണം ബഹീറയ്ക്കു ലഭിച്ചുകഴിഞ്ഞിരുന്നു.

വിരുന്നിനിടെ, ബഹീറയുടെ കണ്ണുകള്‍ സസൂക്ഷ്മം കുട്ടിയുടെ മുഖവും ശരീരവും ഉഴിഞ്ഞുകൊണ്ടിരുന്നു. താന്‍ പഠിച്ച പുരാലിഖിതങ്ങള്‍ക്കനുസൃതമായ വിശേഷണങ്ങള്‍ കുട്ടിയുടെ മുഖത്ത് പ്രയാസമന്യെ ബഹീറ വായിച്ചെടുത്തു.

അയാൾ പതുക്കെ തന്റെ ബാലനായ അതിഥിയുടെ അടുത്തെത്തി തുരുതുരാ ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരുന്നു. അവന്റെ ജീവിത രീതിയെക്കുറിച്ച്, ഉറക്കത്തെക്കുറിച്ച്… എല്ലാം. മുഹമ്മദ് അതിനെല്ലാം മടി കൂടാതെ ഉത്തരം പറഞ്ഞുകൊണ്ടുമിരുന്നു. എന്തുകൊണ്ട് മറുപടി നല്‍കിക്കൂടാ, ചോദ്യകര്‍ത്താവ് അത്യന്തം മാന്യനും ആദരണീയനുമാണ്, ചോദ്യങ്ങള്‍ വിനയപൂര്‍ണവും ഗുണകാംക്ഷാഭരിതവുമാണ്.

ഒടുവില്‍ സന്യാസി അവൻ ധരിച്ചിരുന്ന നീളന്‍ കുപ്പായം അഴിച്ച് പുറംപരിശോധിക്കാന്‍ തന്നെ അനുവദിക്കാമോ എന്നാരാഞ്ഞപ്പോള്‍ മുഹമ്മദ് ഒട്ടും ശങ്കിച്ചു നിന്നുമില്ല. ബഹീറയ്ക്ക് ഇതിനു മുമ്പുതന്നെ കാര്യങ്ങളുടെ യഥാര്‍ത്ഥ ചിത്രം ലഭിച്ചുകഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഉറപ്പിന് ഇരട്ടി ശക്തി ലഭിച്ചിരിക്കുന്നു; കാരണം താന്‍ പ്രതീക്ഷിച്ച അതേ അടയാളം അവന്റെ തോളുകള്‍ക്കിടയില്‍ അദ്ദേഹം കണ്ടെത്തി. പ്രവാചകത്വത്തിന്റെ മുദ്ര, അതും തന്റെ പക്കലുള്ള പുരാലിഖിതങ്ങള്‍ വിശദീകരിച്ച അതേ നിലയില്‍, അതേ സ്ഥാനത്ത്.

ബഹീറ അബൂതാലിബിനെ സംബോധന ചെയ്തു:
”കാരണവരേ, ഈ കുട്ടിയുമായി നിങ്ങള്‍ക്കുള്ള ബന്ധമെന്ത്?”
”അവന്‍ എന്റെ മകനാണ്”- അബൂതാലിബ്.
”ഈ കുട്ടിയുടെ പിതാവ് ജീവിച്ചിരിക്കാന്‍ തരമില്ലല്ലോ” – ബഹീറ.
”അവന്‍ എന്റെ സഹോദര പുത്രനാണ്.”
”അപ്പോള്‍, അവന്റെ പിതാവ്?”
”അവൻ മരണമടഞ്ഞു. അന്ന് കുട്ടി അവന്റെ മാതാവിന്റെ ഉദരത്തിലായിരുന്നു”.
”അതാണ് ശരി.” ബഹീറ പറഞ്ഞു,

തെല്ലിട ആലോചനയിൽ മുഴുകി, എന്നാറെ അയാൾ തുടർന്നു,
”നിങ്ങളുടെ സഹോദരപുത്രനെ നാട്ടിലേക്കുതന്നെ തിരിച്ചു കൊണ്ടുപോവുക, യഹൂദരിൽ നിന്ന് അവനെ സംരക്ഷിക്കുക, ദൈവമാണ! അവര്‍ അവനെ കാണുകയും ഞാന്‍ മനസ്സിലാക്കിയതു പോലെ അവനെക്കുറിച്ചവര്‍ മനസ്സിലാക്കുകയും ചെയ്താല്‍, അവനെ അപായപ്പെടുത്താനായി പലവിധ ഉപായങ്ങളും നെയ്‌തെടുക്കും. നിങ്ങളുടെ ഈ സഹോദരപുത്രനെ കാത്ത് മഹത്തായ കാര്യങ്ങളുമായി കാലം കാത്തിരിക്കുന്നു.”

ജ്ഞാനവൃദ്ധന്റെ ഹിതാനുസാരം, അബൂതാലിബ് മകനെ ഒരു ഭൃത്യനോടൊപ്പം മക്കയിലേക്കുതന്നെ തിരിച്ചയച്ചു.

(ഇത് ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണ്, ചരിത്രരേഖയല്ല.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.