ചരിത്രാസ്വാദനം
ഇബ്‌റാഹീം
മക്കാവിജയത്തില്‍ കലാശിച്ച പര്യടനവേളയില്‍ അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മുസ്‌ലിം സേനയോടൊപ്പം ചേര്‍ന്നിരുന്ന വ്യത്യസ്ത ഗോത്രക്കാര്‍, മടക്കയാത്രയില്‍ മക്കമുതല്‍ മദീനവരെയുള്ള പലപല നാല്‍ക്കവലകളില്‍വെച്ച് താന്താങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് പിരിഞ്ഞുപോയി. മുഹാജിറുകളും അന്‍സാറുകളുമായ മുസ്‌ലിംകള്‍ മാത്രമേ ഇപ്പോള്‍ സംഘത്തിലുള്ളൂ. പ്രവാചകനഗരത്തിന്റെ ആകാശരേഖയിലേക്കുയര്‍ന്നുനില്‍ക്കുന്ന ഈന്തപ്പനത്തലപ്പുകള്‍ ഇപ്പോഴവര്‍ക്കു കാണാം. ഏതാനും കാതങ്ങള്‍ മുമ്പോട്ടു പോകുന്നതോടെ അവര്‍ മദീനയിലെത്തും. വീടണയുന്നതിന്റെ ആഹ്ലാദത്തിലും വിജയത്തിന്റെ സംതൃപ്തിയിലും ആബദ്ധരാണ് മുസ്‌ലിംകള്‍. വഴിത്താരയില്‍ പൊടിപാറ്റി ഒരശ്വാരൂഢന്‍ സൈനികരെ കടന്നുപോയി പ്രവാചകനരികില്‍ ചെന്നുനിന്നു. സകീഫ് ഗോത്രജനായ ഉര്‍വ ബിന്‍ മസ്ഊദാണ്. പാതി വിശ്വാസിയാണെന്ന് ഉര്‍വയെക്കുറിച്ച് നേരത്തെ തന്നെ നാട്ടില്‍ സംസാരമുണ്ട്. എന്നാലിപ്പോഴയാള്‍ തന്റെ വിശ്വാസ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. പ്രവാചകനെ നേരില്‍ക്കണ്ട് ഇക്കാര്യമറീക്കണമെന്നത് അയാളുടെ ആഗ്രഹം മാത്രമല്ല, തീരുമാനമാണ്.
ഹുദയ്ബിയ ഉടമ്പടിയുടെ നാളുകളില്‍ പ്രവാചകന്‍ തന്റെ അനുയായികളാല്‍ അതീവമായി ആദരിക്കപ്പെടുന്നത് നേരില്‍ കണ്ടതുമുതല്‍ ഉള്ളില്‍ മുളപൊട്ടിയതാണ് മുഹമ്മദിനോടുള്ള അയാളുടെ മതിപ്പ്. ഹുനയ്ന്‍ യുദ്ധത്തിനുശേഷമുണ്ടായ താഇഫ് അഭിയാനത്തിന്റെ നാളുകളിലയാള്‍ യമനിലായിരുന്നുവത്രെ. തിരിച്ചുവന്നപ്പോഴാണ് അമാനുഷികമായ ഇടപെടലിലൂടെ മുസ്‌ലിംകള്‍ മക്കയിലും ഹുനയ്‌നിലുമെല്ലാം അത്ഭുതകരമായ വിജയങ്ങള്‍ നേടിയതിന്റെ ദൃക്‌സാക്ഷിവിവരണങ്ങള്‍ കേള്‍ക്കാനിടയാകുന്നത്. അതോടെ പ്രവാചകനെയും അനുയായികളെയും കുറിച്ചുള്ള മനസ്സിലെ മതിപ്പ് ശതഗുണീഭവിച്ചു. ഉടന്‍ മദീനയിലെത്തി പ്രവാചകനെക്കണ്ട് തന്റെ വിശ്വാസ പ്രഖ്യാപനം നടത്തി തിരിച്ചുപോരണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഉര്‍വ ഇവിടെയെത്തിയത്. നബിയുമായി കൂടിക്കാഴ്ച നടത്തി ശഹാദത്ത് വാക്യങ്ങള്‍ ചൊല്ലിയിരിക്കുകയാണിപ്പോള്‍ ഉര്‍വ. താഇഫില്‍ തിരിച്ചെത്തിയാല്‍ താന്‍ സകീഫുകാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ പോവുകയാണെന്നയാള്‍ പ്രവാചകനോടു പറഞ്ഞു. ‘അവര്‍ താങ്കളെ കൊന്നേക്കാം,’ നബി പറഞ്ഞത് അയാള്‍ക്ക് വിശ്വസിക്കാനായില്ല. ‘സ്വന്തം ആദ്യജാതരെക്കാള്‍ എന്റെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണു ഞാന്‍,’ ഉര്‍വ പറഞ്ഞു. ‘അവര്‍ താങ്കളെ കൊല്ലും ഉര്‍വാ,’ നബി ആവര്‍ത്തിച്ചു. മൂന്നാമതും ഉര്‍വ പോവുകയാണെന്ന് ശഠിച്ചപ്പോള്‍ നബി പറഞ്ഞു, ‘താങ്കളാഗ്രഹിക്കുന്നുവെങ്കില്‍… പൊയ്‌ക്കോളൂ.’
ഉര്‍വ താഇഫിലേക്കു തിരിച്ചുപോയി. പിന്നീട് സംഭവിച്ചതിതാണ്. തങ്ങളുടെ പ്രിയങ്കരനായ ഉര്‍വ ബിന്‍ മസ്ഊദ് ജനങ്ങളെ ഇസ്‌ലാമിലേക്കു ക്ഷണിക്കുന്നുവെന്ന വിവരം ലഭിച്ചതും നാട്ടുകൂട്ടം ചേര്‍ന്നു. എന്നാല്‍ ഉര്‍വക്കു നേരെ എന്തു സമീപനം സ്വീകരിക്കണമെന്ന കാര്യത്തിലവര്‍ക്ക് പക്ഷാന്തരങ്ങളില്ലാത്തൊരു തീരുമാനമെടുക്കാനായില്ല. പിറ്റേന്ന് വീടിന്റെ മട്ടുപ്പാവില്‍ കേറി ഉര്‍വ പ്രഭാത നമസ്‌കാരത്തിനായി ബാങ്കുവിളിച്ചു. അതോടെ അമ്പും വില്ലുമായി പാഞ്ഞെത്തിയ ജനക്കൂട്ടം അയാളുടെ വീടുവളഞ്ഞു. മുറ്റിനിന്ന സംഘര്‍ഷത്തിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് പാറിവന്ന ഒരമ്പേറ്റ് ഉര്‍വക്ക് മാരകമായി മുറിവേറ്റു. രക്തംവാര്‍ന്ന് കാഴ്ച മങ്ങി മങ്ങിവന്നു. മരണത്തിലേക്ക് വഴുതി നീങ്ങുകയാണ് താനെന്നുറപ്പായതോടെ ചുറ്റുമായി കൂടിനിന്ന ബന്ധുജനത്തോടയാള്‍ പറഞ്ഞു, ‘അല്ലാഹുവിന്റെ കൃപയാണിത്. തന്റെ കരുണയാലെന്നെയവന്‍ അനുഗ്രഹിച്ചിരിക്കുന്നു. സവിശേഷമായ രക്തസാക്ഷിത്വം എനിക്കവന്‍ നല്‍കിയിരിക്കുന്നു.’ പേശികള്‍ തളര്‍ന്നുതുടങ്ങിയെങ്കിലും, ശേഷിക്കുന്ന പ്രാണന്‍വെച്ച് ഇങ്ങനെക്കൂടി പറഞ്ഞൊപ്പിച്ചു: ‘താഇഫ് ഉപരോധത്തിനിടെ രക്തസാക്ഷികളായ വിശ്വാസികള്‍ക്കൊപ്പം എന്റെ മൃതദേഹം മറവുചെയ്യുക.’ ബന്ധുക്കള്‍ അങ്ങനെതന്നെ ചെയ്തു. ഉര്‍വയുടെ ദാരുണമായ മരണത്തിന്റെ വൃത്താന്തം വന്നെത്തിയപ്പോള്‍ അയാളുടെ പരലോകശ്രേയസ്സിനായി പ്രാര്‍ഥിച്ചതിനുശേഷം നബി പറഞ്ഞു, ‘കുര്‍ആനിലെ യാസീന്‍ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ട പട്ടണാതിര്‍ത്തിയില്‍നിന്നുവന്ന ആ മനുഷ്യനെപ്പോലെ ഉര്‍വ സ്വന്തം ജനതയെ അല്ലാഹുവിലേക്ക് ക്ഷണിച്ചു, അവരാകട്ടെ അയാളെ കൊന്നുകളയുകയും ചെയ്തു. അന്താക്യയില്‍നിന്നുള്ള തച്ചന്‍ ഹബീബ് അല്‍മുര്‍റി ആയിരുന്നു യാസീനിലെ ആ മനുഷ്യന്‍. യേശുവിന്റെ സന്ദേശം സ്വീകരിക്കാനായി അയാള്‍ ജനങ്ങളെ ആഹ്വാനംചെയ്തു. അവരയാളെ നിഷ്‌കരുണം കൊന്നുകളഞ്ഞു. കുര്‍ആന്‍ അക്കാര്യം ഇങ്ങനെ ഓര്‍മ്മിപ്പിച്ചു: ‘സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്നയാളോട് പറഞ്ഞു. അന്നേരമയാള്‍ പറഞ്ഞു: ‘എന്റെ നാഥന്‍ എനിക്കു മാപ്പേകിയതും എന്നെ ആദരണീയരിലുള്‍പ്പെടുത്തിയതും എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍!’ ഉര്‍വയുടെ മരണത്തിനുശേഷം അയാളുടെ മകനും പിതൃവ്യപുത്രനും താഇഫ് വിട്ട് മദീനയിലെത്തി അവിടെയവര്‍ തങ്ങളുടെ ഇസ്‌ലാമാശ്ലേഷം പ്രഖ്യാപിച്ചു. മുഹാജിറുകളിലൊരാളായ അവരുടെ മച്ചുനന്‍ മുഗീറയോടൊപ്പമാണവര്‍ താമസിച്ചിരുന്നത്.
മുഅ്തയില്‍വെച്ചുണ്ടായ അബ്ദുല്ലാഹ് ബിന്‍ റവാഹയുടെ രക്തസാക്ഷിത്വത്തോടെ നല്ലൊരനുചരനെ മാത്രമായിരുന്നില്ല പ്രവാചകന് നഷ്ടമായത്, സര്‍ഗധനനായൊരു കവിയെക്കൂടിയായിരുന്നു. ഹസ്സാന്റെയും കഅ്ബ് ബിന്‍ മാലികിന്റെയും വരികളോട് കിടപിടിക്കുന്നവയായിരുന്നു യഥാര്‍ഥത്തില്‍ അബ്ദുല്ലയുടെ വരികള്‍. എന്നാല്‍, അവരെപ്പോലെ പേരെടുക്കുന്നതിനു മുമ്പ് അബ്ദുല്ല രക്തസാക്ഷിയായി. അയാളുപേക്ഷിച്ചുപോയ ഇടം നികത്തപ്പെടാതെ കിടന്നു. കാവ്യകല അതിന്റെ ഉച്ഛസ്ഥവിഹായസ്സില്‍ വിരാജിച്ച അന്നത്തെ അറേബ്യയില്‍പുകഴ്‌പെറ്റ രണ്ടു കവികളായിരുന്നു ലബീദും കഅ്ബും. ഭാഷയുടെയും സാഹിത്യത്തിന്റെയും ഉരക്കല്ലായ മുഅല്ലകകളിലൊന്നിന്റെ കര്‍ത്താവാണ് ലബീദ് ബിന്‍ റബീഅ എങ്കില്‍, സപ്തമഹാകവികളില്‍ അഗ്രേസരനും തത്ത്വജ്ഞാനിയുമായിരുന്ന സുഹയ്ര്‍ ബിന്‍ അബൂസുല്‍മയുടെ മകനാണ് കഅ്ബ് ബിന്‍ സുഹയ്ര്‍. മുസയ്‌ന ഗോത്രജനായിരുന്നുവെങ്കിലും ജീവിതത്തിന്റെ നല്ലൊരു പങ്കും കഅ്ബ് ചെലവഴിച്ചത് ഗത്ഫാന്‍കാര്‍ക്കിടയിലായിരുന്നു. അതുകൊണ്ടുതന്നെ, സ്വന്തം ഗോത്രക്കാര്‍ക്കിടയില്‍ ഇസ്‌ലാം നേടിക്കഴിഞ്ഞ പ്രഭാവത്തിന്റെ ആഴത്തെക്കുറിച്ചയാള്‍ക്ക് തെല്ലും ധാരണയില്ല. സഹോദരന്‍ ബുജയ്ര്‍ ഹുദയ്ബിയ കാലത്താണ് ഇസ്‌ലാം സ്വീകരിച്ചത്. എന്നാല്‍, കഅ്ബ് ഉറക്കെയുറക്കെയുള്ള തന്റെ ഇസ്‌ലാം വിരുദ്ധ ഉദീരണങ്ങള്‍ മടുപ്പില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. അക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ പ്രവാചകനെ ഭര്‍ത്സിക്കുന്ന കവിതകള്‍ നാടുചുറ്റി പാടിനടന്നു. അയാളെ ഗളച്ഛേദം ചെയ്യുന്നതാരായാലും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സേവനമാകുമയാള്‍ ചെയ്യുകയെന്ന് ഘോഷണം ചെയ്യാന്‍ നബി പറഞ്ഞു. പ്രവാചക സവിധത്തിലെത്താനും അദ്ദേഹത്തോട് മാപ്പുപറയാനും സഹോദരന്‍ ബുജയ്ര്‍ എന്നോ അയാളോടു പറയുന്നുണ്ട്. ‘പശ്ചാത്താപവിവശരായി തന്നരികിലേക്കെത്തുന്നവരെ അദ്ദേഹം വധിക്കുകയില്ല.’ അയാള്‍ ഓര്‍മിപ്പിക്കും. ഫലമൊന്നുമുണ്ടായില്ല. എന്നാല്‍, മക്കാവിജയത്തിനുശേഷം കഅ്ബിന്റെ കവിതകളുടെ സ്വരത്തില്‍ മാറ്റം കാണുന്നുണ്ട്. തന്റെ പഴയൊരു കവിതക്ക് അനുബന്ധമെന്നോണം അടുത്തിട അയാളെഴുതിയ വരികള്‍ അതിലേക്കു സൂചന നല്‍കുന്നു.
‘അല്ലാഹുവില്‍ മാത്രമാശ്രയം. ഉസ്സയിലുമല്ല, ലാതിലുമല്ല,/നിനക്ക് വഴുതിമാറാനാകുമോ?/രക്ഷപ്പെടാനാവാത്ത ഒരു നാള്‍ വരും; മനുഷ്യരില്‍നിന്ന് ഓടിപ്പോകാനാവാത്ത ദിനം/ സ്വന്തം ഹൃദയം വിശുദ്ധിയോടെ അല്ലാഹുവില്‍ സമര്‍പ്പിച്ചവര്‍ക്കൊഴികെ.’
എണ്ണം തിട്ടപ്പെടുത്താനാവാത്ത വിധം ദിക്കുകളെട്ടില്‍നിന്നും ജനങ്ങള്‍ ഇസ്‌ലാമിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നാടിന്റെ സ്പന്ദനങ്ങളും പ്രതിസ്പന്ദനങ്ങളും ഇപ്പോഴാണയാള്‍ ശ്രദ്ധിക്കുന്നത്. ഭൂമി കുടുസ്സായി വരുന്നതുപോലെ അയാള്‍ക്കു തോന്നി. ഭയം അനുനിമിഷം കൂടിക്കൂടി വന്നു. എന്തോ തീരുമാനിച്ചുറച്ചയാള്‍ മദീനയിലേക്കു പുറപ്പെട്ടു. ജുഹയ്‌നക്കാരനായൊരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചത്. അയാളോടാണ് ഇസ്‌ലാം സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം കഅ്ബ് നടാടെ വെളിപ്പെടുത്തുന്നത്. പ്രഭാതത്തില്‍ പള്ളിയിലെത്തിയ കഅ്ബ് പ്രാര്‍ത്ഥനക്കുശേഷം പ്രവാചകനരികിലെത്തി സ്വന്തം കൈത്തലങ്ങള്‍ നബിയുടേതില്‍വെച്ചുകൊണ്ട് പറഞ്ഞു, ‘അല്ലാഹുവിന്റെ ദൂതരേ, മഹാകവി സുഹയ്‌റിന്റെ മകന്‍ കഅ്ബ് പശ്ചാത്താപവിവശനായ വിശ്വാസിയായി അങ്ങയുടെ അടുത്തെത്തി സംരക്ഷണമാവശ്യപ്പെടുകില്‍, അങ്ങേക്കത് സ്വീകാര്യമാകുമോ?’ ‘തീര്‍ച്ചയായും സ്വീകാര്യമാകും,’ നബി പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, ഞാന്‍തന്നെയാണ് കഅ്ബ്; സുഹയ്ര്‍ ബിന്‍ അബൂസുല്‍മയുടെ മകന്‍.’
കഅ്ബ് ബിന്‍ സുഹയ്ര്‍ എന്ന് കേട്ടതും അന്‍സാറുകളിലൊരാള്‍ ചാടിയെഴുന്നേറ്റ്, ‘ഇയാളുടെ തലയറുക്കാന്‍ അനുവദിക്കുമോ’ എന്ന് നബിയോടാരാഞ്ഞു. ‘അയാളെ വിട്ടേക്കുക,’ നബി പറഞ്ഞു, ‘പശ്ചാത്താപത്തോടെയാണയാള്‍ എത്തിയിരിക്കുന്നത്. ഇനിയൊരിക്കലും അയാള്‍ പഴയതുപോലെയാകില്ല.’ അല്പനേരം തങ്ങിനിന്ന മൗനത്തിന്റെ മഞ്ഞുകട്ടയെ തച്ചുടച്ചത് കഅ്ബിന്റെ ശബ്ദംതന്നെയായിരുന്നു. സന്ദര്‍ഭത്തിനുവേണ്ടി അയാള്‍ തയ്യാറാക്കിയിരുന്ന കവിത തന്റെ മനോഹരമായ ശബ്ദത്തില്‍ ചൊല്ലി. പരമ്പരാഗത ബദവീ ശൈലിയില്‍, പൂര്‍വകാല പ്രണയത്തിന്റെ അവശേഷങ്ങളെ ഓര്‍ത്തെടുത്ത് വിലപിച്ചുകൊണ്ടാണാരംഭം.
‘സുആദ് വേര്‍പിരിഞ്ഞു, വിരഹത്താലെന്റെ ഹൃദയം വ്യഥിതമായി/ പിന്നാലെ വരിഞ്ഞു മുറുകിയ അനാഥത്വവും/ സുആദ് പോയ പ്രഭാതത്തില്‍/ സുറുമയെഴുതിയ മിഴികള്‍ മൂളുന്ന വിഷാദ ഗാനം മാത്രം.’
ഉജ്ജ്വമായ പദവിന്യാസത്തോടെയും തെളിഞ്ഞ പ്രകൃതിവര്‍ണനകളോടെയും രചിക്കപ്പെട്ട വരികളെ അദ്വിതീയമെന്നാണ് പില്‍ക്കാല ചരിത്രം രേഖപ്പെടുത്തുന്നത്. മാപ്പപേക്ഷയായിരുന്നു കവിതയുടെ സാരാംശം. പ്രവാചകന്റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചും മുഹാജിറുകളുടെ വിശ്വാസത്തെ പ്രശംസിച്ചുമാണവസാനിക്കുന്നത്:
‘തിരുദൂതരൊരു പ്രകാശം, പ്രഭയുടെ തോറ്റം/
ഹിന്ദ് ദേശത്തൂട്ടിയ, അല്ലാഹുവിന്റെ ഉറയൂരിയ വാള്‍/ മക്കാ താഴ്‌വരയിലൊരു സംഘം ഇസ്‌ലാമിനെ പുല്‍കിയ നേരം/ കുറയ്ഷികളാരോപറഞ്ഞു: പോവുക!/ അവര്‍ പോയി, ബലഹീനരായല്ല, ഒളിച്ചോടിയുമല്ല/ ഒട്ടകപ്പുറത്തേറി ആടിയാടി, അല്പായുധരായി/
എന്നാല്‍ വീരരായി, കുലീനരായി/ദാവീദിന്റെ കവചമണിഞ്ഞ്, സമരസജ്ജരായി.’
കഅ്ബ് ആലാപനമവസാനിപ്പിച്ചതും നബി തന്റെ വരകളോടെയുള്ള യമനീ മേല്‍ക്കുപ്പായമഴിച്ച് കവിയുടെ തോളിലണിയിച്ചു; ഭാഷക്കു മേലുള്ള അയാളുടെ ആധിപത്യത്തിനുള്ള അംഗീകാരമായി. കസീദതുല്‍ ബുര്‍ദ എന്നപേരില്‍ പ്രശസ്തമായ ആ കവിതയെക്കുറിച്ച് പ്രവാചകനും കൂട്ടുകാരും ചര്‍ചചെയ്യവെ നബി ഇങ്ങനെ അഭിപ്രായപ്പെട്ടു, ‘അന്‍സാറുകളെക്കുറിച്ച് കഅ്ബ് ഒന്നും പാടിയില്ലല്ലോ; അവരതിനര്‍ഹരായിട്ടും.’ ഇതറിഞ്ഞ കഅ്ബ് അന്‍സാറുകളെ പ്രശംസിച്ച് വൈകാതെ മറ്റൊരു കവിത രചിക്കുകയുണ്ടായി. അന്‍സാറുകളുടെ ശൗര്യവും ധീരതയും അവരുടെ കരുതലും ആതിഥേയരെന്ന നിലയിലെ അവരുടെ ഉദാരതയും അതില്‍ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്.
പുതിയൊരു ജീവന് ജന്മംനൽകാനായുള്ള മാരിയയുടെ കാത്തിരിപ്പിന് അന്ത്യമാകാന്‍ പോവുകയാണത്രെ. ഫാത്വിമക്കൊരു കൂടപ്പിറപ്പ് ജനിക്കാന്‍ പോകുന്നു. ഖദീജയുടെ പ്രസവവേളകളിലെല്ലാം ശുശ്രൂഷിച്ചിരുന്ന സല്‍മക്കിപ്പോള്‍ പ്രായമേറെയുണ്ട്. ഫാത്വിമക്ക് ജന്മംനല്‍കുമ്പോള്‍ ഖദീജയുടെ ആയയായി നിന്നതാണ്. അതുകഴിഞ്ഞിപ്പോള്‍ ഇരുപത്തിയഞ്ച് സംവത്സരങ്ങള്‍ കഴിഞ്ഞു. എന്നാല്‍, പ്രവാചകന്റെ ഈ കുഞ്ഞിനുവേണ്ടിയും താന്‍ തന്നെ പ്രസവശുശ്രൂഷ നടത്തുമെന്ന് സല്‍മ ശഠിച്ചു. പ്രസവദിനം അടുത്തുവന്നതോടെ മദീനയുടെ പ്രാന്തത്തില്‍ മാരിയ പാര്‍ക്കുന്ന വീട്ടിലെത്തി അവള്‍ ദിവസമെണ്ണി കാത്തിരിപ്പുതുടങ്ങി.
നനുത്ത മഞ്ഞുപെയ്ത ഒരു രാത്രിയിലാണ് മദീന കാത്തിരുന്നപിറവി നടക്കുന്നത്. മാരിയ പ്രസവിച്ചുവെന്നും, പിറന്നത് ആണ്‍കുഞ്ഞാണെന്നും പ്രവാചകനെ അറീക്കാനായി ഭര്‍ത്താവ് അബൂറഫിഇനെ സല്‍മ വിട്ടു. പിറ്റേന്ന് പ്രഭാത പ്രാര്‍ത്ഥനക്കായി പള്ളിയിലെത്തിയ സഹചരെ പ്രവാചകന്‍ തന്നെയാണ് തനിക്കൊരാണ്‍കുഞ്ഞ് പിറന്ന വിവരമറീക്കുന്നത്. ‘ഞാനവനൊരു പേരും വെച്ചിരിക്കുന്നു. എന്റെ പിതാവ് ഇബ്‌റാഹീമിന്റെ പേരുതന്നെ,’ അദ്ദേഹം പറഞ്ഞു. മദീനയിലാകെ ആഹ്ലാദത്തിരയടിച്ചു. ‘തിരുദൂതരുടെ അതേ ഛായയുള്ള ഒരോമല്‍ക്കിടാവ്,’ കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു. നാവില്‍ തേനും കാതില്‍ താരാട്ടുമായി ഉമ്മമാര്‍ അവനെ താലോലിച്ചു. അവന്റെ മുടിയുടെ തൂക്കത്തിനൊത്ത വെള്ളി അദ്ദേഹം ധര്‍മമായി നല്‍കുകയുണ്ടായി. അതേസമയം, ആരാണവന്റെ പോറ്റുമ്മയാവുക എന്ന കാര്യത്തില്‍ അല്ലറച്ചില്ലറ ‘സംസാരങ്ങള്‍’ അന്‍സാരി സ്ത്രീകള്‍ക്കിടയിലുണ്ടായി. മാരിയയുടെ വീടിനടുത്ത് താമസിക്കുന്ന കൊല്ലപ്പണിക്കാരനായ അബൂസെയ്ഫിന്റെ പത്‌നി ഉമ്മുസെയ്ഫിന് അതിനുള്ള നറുക്കു വീണതോടെ ചര്‍ച്ചകള്‍ അവസാനിച്ചു. കുട്ടിയുടെ പോറ്റുമ്മക്ക് എല്ലാ ദിവസവും ആട്ടിന്‍പാലെത്തിച്ചുകൊടുക്കാന്‍ പ്രവാചകന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. അവനു പാലുകൊടുക്കാന്‍ മാത്രം ഏഴ് ആടുകളെ നബി ഉമ്മുസെയ്ഫിനു നല്‍കി. എല്ലാ ദിവസവും അദ്ദേഹം മേലേ മദീനയിലെത്തി തന്റെ മകനെ കണ്‍നിറയെ കണ്ടു. ഉച്ചയുറക്കവും അവനോടൊപ്പമായി.
ചിലപ്പോഴെല്ലാം, ഇബ്‌റാഹീമിനെ പിതാവിന്റെ വീട്ടില്‍ കൊണ്ടുവന്നു. സ്ത്രീയെന്ന നിലയില്‍ തനിക്കുള്ളില്‍ അസൂയ ജ്വലിച്ചുനിന്ന ആ ദിനങ്ങളിലൊന്നിനെക്കുറിച്ച് ആഇഷ പറയുന്നുണ്ട്. ഒരു ദിവസം നബി മകനെയുമായി ആഇഷയുടെ വീട്ടിലെത്തി. അദ്ദേഹം ആഹ്ലാദവാനാണ്. ‘നോക്കൂ ആഇഷ, അവന്‍ എന്നെപ്പോലെ തന്നെ ഇരിക്കുന്നില്ലേ?’ അതത്ര രസിക്കാതിരുന്നപോലെയാണ് ആഇഷ പ്രതികരിച്ചത്: ‘എനിക്ക് ഒരു സാദൃശ്യവും തോന്നുന്നില്ല.’ ‘അവന്റെ ശരീരത്തിന്റെ വെളുപ്പും തുടുപ്പും കാണുന്നില്ലേ?’ വിഷയം മാറ്റി നബി ചോദിച്ചു. അവന്റെയത്ര ആട്ടിന്‍പാല് കുടിക്കുന്ന കുട്ടികള്‍ വെളുത്തും മാംസളവുമായിരിക്കും. അങ്ങെന്തേ പോന്നു?’ അവള്‍ ചോദിച്ചു. ‘നിങ്ങള്‍ക്കു കാണാനായി ഇബ്‌റാഹീമിനെയുമായി വന്നതാണ് ഞാന്‍,’ അദ്ദേഹം പറഞ്ഞതും അവളുടെ കവിളുകളില്‍ വ്യഥയുടെ നിഴല്പാടുകള്‍ പരന്നു. മൗനം ചുണ്ടുകളില്‍ മാത്രമല്ല അവളുടെ കണ്ണുകളിലേക്കും പടര്‍ന്നിട്ടുണ്ട്. ഒടുക്കം അവള്‍ മിണ്ടി: ‘ഞാന്‍ കണ്ടല്ലോ,’ അഴകൊഴിഞ്ഞ് അകാലവാര്‍ധക്യത്തിലേക്ക് കാലെടുത്തുവെക്കുകയാണോ താന്‍ എന്ന തോന്നലില്‍ നിന്ദാകലുഷമായ സ്ത്രീമനസ്സിന്, താന്‍ ജന്മംനല്‍കിയിട്ടില്ലാത്ത കുഞ്ഞിന്റെ മാതാവായി തന്മയീഭവിക്കുക എളുപ്പമല്ല. അക്കാര്യം പ്രവാചകനും മനസ്സിലാക്കിയതുകൊണ്ടാകാം, അല്പനേരം അവിടെ തങ്ങിയശേഷം അദ്ദേഹം കുഞ്ഞിനെയുമായി മടങ്ങി.
(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

No comments yet.