നബിചരിത്രത്തിന്റെ ഓരത്ത് -118

//നബിചരിത്രത്തിന്റെ ഓരത്ത് -118
//നബിചരിത്രത്തിന്റെ ഓരത്ത് -118
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -118

ചരിത്രാസ്വാദനം

മടക്കം

ജിഅ്‌റാനായില്‍ ഇനിയധികം സമയമില്ല, തിരിച്ചുപോക്കിനുള്ള സമയമടുത്തിരിക്കുന്നു. കുടുംബം മക്കയില്‍ സുരക്ഷിതരാണെന്നും, അവര്‍ പ്രത്യേക പരിഗണന അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള വിവരം സകീഫ് കോട്ടക്കകത്തായിരുന്ന മാലികിന് ലഭിച്ചതോടെ, വിജനമായ നാല്‍ക്കവലയിലെത്തിപ്പെട്ട ദിക്കറിയാത്ത പഥികന്റെ നിശ്ചയമില്ലായ്മയിലായി അയാള്‍. എന്നാല്‍, സ്വന്തം സുരക്ഷയോര്‍ത്ത് സകീഫുകാരില്‍നിന്നയാള്‍ വിവരങ്ങള്‍ മറച്ചുവെച്ചു. മുഖത്തെ ഭാവപ്പകര്‍ച്ച മിത്രങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി പാടുപെട്ടു. തന്റെ മനം പതുക്കെയെങ്കിലും ചായുന്നത് ഏതു ദിശയിലേക്കാണെന്നവരറിഞ്ഞതിനടുത്ത നിമിഷംതന്നെ സകീഫുകാരുടെ ബന്ദിയായി മാറും താനെന്നയാള്‍ക്കുറപ്പുണ്ട്.

ആശങ്കയാളിനിന്നൊരു പകലന്തി കഴിഞ്ഞതോടെ അയാളുടെ മുമ്പില്‍ മാര്‍ഗംതെളിഞ്ഞു. നിശ്ശബ്ദതയും ഇരുളും ഇഴപിരിഞ്ഞുകിടന്ന രാത്രിയുടെ മറപറ്റി കോട്ടയില്‍നിന്ന് ഉതിര്‍ന്നിറങ്ങിയ മാലിക് നേരെ മുസ്‌ലിം താവളത്തിലെത്തി താന്‍ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. ഹവാസിന്‍കാര്‍ക്കിടയില്‍ ഇസ്‌ലാമിന് നേരത്തെതന്നെ ഗണ്യമായ സ്വാധീനമുണ്ട്. ദിനംചെല്ലുന്തോറും ഈ പ്രഭാവം വര്‍ധിച്ചുവരികയുമാണ്. മാലികിന്റെ വരവോടെ പുതിയൊരു ഘട്ടത്തിനുള്ള തുടക്കമാവുകയാണ്. നബി അയാളെ ഹവാസിന്‍ സേനാദളത്തിന്റെ തലയാളായി നിയമിച്ചു. സകീഫിനെ സ്വൈര്യമായി വിട്ടാലുള്ള പുകിലുകള്‍ സങ്കല്പത്തിനതീതമാണ്. പ്രവാചകന്റെ നേതൃത്വത്തില്‍ അറേബ്യയൊന്നടങ്കം കൊടുങ്കാറ്റു തീര്‍ത്ത് കടന്നുവന്ന ഭീമന്‍ സേനാവ്യൂഹത്തിന്റെ ആഴ്ചകള്‍ നീണ്ട ഉപരോധം അനായാസം ചെറുത്തുനിന്നുവെന്ന അഹങ്കാരം ഇപ്പോള്‍ അവരുടെ സിരകളിലൊഴുകുന്നുണ്ട്. മേഖലയിലും പുറത്തും അവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ പക്ഷാന്തരങ്ങളില്ല. അതിനാല്‍, മറ്റൊരു നീക്കത്തിനും സാവകാശം കൊടുക്കാതെ നിരന്തരമവരെ സ്വൈര്യംകെടുത്തുക എന്ന തന്ത്രമായിരിക്കും നബി സ്വീകരിക്കുക. മാലികിന്റെ വരവ് സമയോചിതമായി എന്നദ്ദേഹം കരുതി. താഇഫിനുമേലുള്ള ഉപരോധം അവസാനിപ്പിച്ചത് ഫലത്തില്‍ താല്‍ക്കാലികമായൊരു നീക്കം മാത്രമാണ്. തീവ്രത കുറഞ്ഞതും അതേസമയം സൗഹാര്‍ദപൂണമല്ലാത്തതുമായ നയതന്ത്രമായിരിക്കും ഇനി മുസ്‌ലിംകളില്‍നിന്ന് സകീഫ് അഭിമുഖീകരിക്കേണ്ടിവരിക.

ഗ്രാമീണരോ നഗരവാസികളോ, ആകട്ടെ, മനസ്സുകളെ സ്വാധീനിക്കാന്‍ ഇസ്‌ലാമിന് സ്വന്തം നിലക്കുതന്നെ ആത്മീയമായ കരുത്തുണ്ടെന്നും എന്നാല്‍, നാമമാത്രമായല്ല, പ്രതിബദ്ധതയോടെയുള്ള സ്വീകാര്യത കൈവരിക്കാനുള്ള വിശ്വാസത്തിന്റെ ത്രാണിക്കനുസൃതമായായിരിക്കും ഈ കരുത്ത് ദൃശ്യമാവുക എന്നും പ്രവാചകനു നല്ലപോലെ ബോധ്യമുണ്ട്. സത്യം ഒന്നേയുള്ളൂ, എന്നാല്‍, ആ സത്യത്തിന്റെ വഴിയിലേക്ക് എത്തിച്ചേരുന്ന വിധം പ്രതിജനഭിന്നമായിരിക്കും. ഹൃദയത്തിലൂടെയോ തലച്ചോറിലൂടെയോ ആവണമെന്നില്ലത്, ഭക്ഷണവഴിയിലൂടെയോ ദ്രവ്യവഴിയിലൂടെയോ ആവാം. പുല്‍നാമ്പുകളുടെ തെളിഞ്ഞു നിറഞ്ഞ പൊടിപ്പുകളിലേക്ക് മൃഗങ്ങള്‍ എത്തിച്ചേരുന്നതുപോലെ, പ്രലോഭനങ്ങളിലൂടെ വിശ്വാസികളുടെ കൂട്ടത്തിലെത്തിപ്പെട്ട് അവസാനം വിശ്വാസം ദൃഢീകരിക്കുന്നവര്‍ എമ്പാടുമുണ്ട്. മനസ്സില്‍ ആര്‍ത്തികളെരിയുന്ന ലളിത മനസ്‌കരില്‍ പലരും പിന്നീട് ത്യാഗത്തിന്റെ നിസ്തുല മാതൃകകളാവുന്നത് അങ്ങനെയാണ്.

ഹൃദയംകൊണ്ടിണങ്ങിയ മനുഷ്യര്‍ക്ക് കണക്കില്ലാതെ നല്‍കുക എന്ന തന്ത്രം പ്രവാചകന്റെ മുതിര്‍ന്ന സഹചരര്‍ക്കുപോലും അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തോടെ മനസ്സിലാക്കാനായില്ല. അടക്കിപ്പിടിച്ച സംസാരങ്ങള്‍ സൈനികരിലുടനീളം ചുഴിഞ്ഞു നടക്കുന്നുണ്ട്. മുഹമ്മദ് തന്റടുക്കലെത്തുന്നവര്‍ക്കെല്ലാം വാരിക്കോരിക്കൊടുത്താല്‍ തങ്ങളുടെ ഓഹരിവിഹിതം കുറഞ്ഞുപോകുമെന്ന് ഭയപ്പെട്ട ചില സൈനികര്‍ പരക്കംപാഞ്ഞ് യുദ്ധമുതലുകള്‍ എടുത്തുകൊണ്ടുപോകാന്‍ തുടങ്ങി. ഇതറിഞ്ഞ പ്രവാചകന്‍ രോഷംകൊണ്ടു. ഒരൊട്ടകത്തിന്റെ പൂഞ്ഞയില്‍നിന്ന് ഒരുപിടി രോമങ്ങള്‍ പറിച്ചെടുത്ത് അവ വിരലുകള്‍ക്കിടയിലുയര്‍ത്തിപ്പിടിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: ‘ജനങ്ങളേ, നിങ്ങളുടെ രണാര്‍ജിതസ്വത്തിലോ, ഈ രോമങ്ങളിലോ, അല്ലാഹുവാണ! അഞ്ചിലൊരോഹരിയല്ലാതെ എനിക്കായൊന്നുമില്ല. ആ അഞ്ചിലൊന്നുമിതാ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതന്നിരിക്കുന്നു.’ നീതിപൂര്‍വമായൊരു വിതരണം സാധ്യമാക്കുന്നതിനായി എടുത്തതെല്ലാം തിരികെ നല്‍കാന്‍ പ്രവാചകന്‍ അവരോടാവശ്യപ്പെട്ടു. അതിക്രമമായി ആരെങ്കിലും ഒരു മുടിയിഴയുടെയത്രയും എടുത്തിട്ടുണ്ടെങ്കില്‍ അയാള്‍ അഭിശപ്തനും നിതാന്ത നരക വാസിയുമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, യുദ്ധമുതലാണെന്നു ധരിച്ച് അവരിലാരോ എടുത്തുകൊണ്ടുപോയ തന്റെ ഉത്തരീയം തിരിച്ചുനല്‍കാന്‍ അവരോടാവശ്യപ്പെട്ടു. ‘തിഹാമയിലെ തരുക്കളോളം മൃഗങ്ങളുണ്ടെന്നാകിലും നിങ്ങള്‍ക്കവ ഞാന്‍ ഭാഗിച്ചുനല്‍കും. ലുബ്ധനോ ഭീരുവോ വ്യാകുലനോ ആയി എന്നെ നിങ്ങള്‍ കാണുകയില്ല. ഞാന്‍ വല്ലതും നല്‍കിയിട്ടുണ്ടെങ്കിലത് എനിക്കുള്ള അഞ്ചിലൊന്ന് ഓഹരിയില്‍നിന്നുമാത്രമാണ്.’

ചില ബദവീ ഗോത്രത്തലവന്മാര്‍ ഇസ്‌ലാം സ്വീകരിച്ചതിലെ ആത്മാര്‍ത്ഥത സംശയാധീനമായിരുന്നെങ്കിലും അവര്‍ക്ക് നബി അളവില്ലാത്ത തോതില്‍ രണാര്‍ജിതസ്വത്തിലെ വിഹിതങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കുകയുണ്ടായി. അതേസമയം, കൂടുതല്‍ അര്‍ഹരായിരുന്ന, വിശ്വാസം ഹൃദയത്തിന്റെ ആഴങ്ങളില്‍ വേരുപിടിച്ച നിസ്വരുമായ അനുചരര്‍ ഐശ്വര്യം വന്നണഞ്ഞ സന്ദര്‍ഭത്തില്‍ അവഗണിക്കപ്പെട്ടു. ഈദൃശ നീക്കങ്ങള്‍ അസഹനീയവും അവാച്യവുമായ മനോവേദന അവരിലുളവാക്കി. ബനൂസുഹ്‌റക്കാരനായിരുന്ന സഅദ്, നിരാശ പുരണ്ട ധ്വനിയില്‍ അക്കാര്യം പ്രവാചകനോട് ചോദിക്കുകയും ചെയ്തു. ‘ഗത്ഫാന്‍കാരനായ ഉയയ്‌നക്കും തമീംകാരനായ അക്‌റക്കും അങ്ങ് നൂറൊട്ടകങ്ങള്‍വീതം നല്‍കിയപ്പോള്‍, കളങ്കമേശാത്ത വിശ്വാസിയും നിശ്ചഞ്ചലനായ പോരാളിയും സര്‍വോപരി, അതീവ ദരിദ്രനുമായ ദംറക്കാരന്‍ ജുഅയ്‌ലിന് ഒന്നും നല്‍കാതിരിക്കുകയും ചെയ്തതെന്ത്?’
‘സഅദ്,’ നബി മറുപടി പറഞ്ഞു, ‘എന്റെ ആത്മാവാരുടെ കയ്യിലാണോ അവന്‍ സത്യം. ലോകം മുഴുക്കെ ഉയയ്‌നമാരും അക്‌റമാരുമുണ്ടാവുകിലും എനിക്ക് പ്രിയപ്പെട്ടവന്‍ ജുഅയ്‌ലാണ്. എന്നാല്‍, ആദ്യം പറഞ്ഞവരുടെ ഹൃദയങ്ങള്‍ ഇസ്‌ലാമുമായി ഇണക്കപ്പെട്ടിരിക്കുകയാണ്. സമ്മാനങ്ങളെല്ലാം നേടിയതിനാലവര്‍ ഇനിമുതല്‍ വിശ്വാസത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ സാധ്യതയുമുണ്ട്. അതേസമയം ജുഅയ്‌ലിനെ മുമ്പുതന്നെ ഞാന്‍ സമര്‍പ്പണത്തിനായി ഏല്പിച്ചിട്ടുണ്ട്. അയാളാകട്ടെ ഇതിനിടെയത് പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കുന്നു.

രണാര്‍ജിതസ്വത്തുക്കളുടെ വീതംവെപ്പില്‍ തങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചില്ലെങ്കില്‍കൂടി മുഹാജിറുകളുടെ ഭാഗത്തുനിന്ന് കൂടുതല്‍ അപശബ്ദങ്ങളോ അസംതൃപ്തിയോ ഒന്നുമുണ്ടായില്ല. എന്നാല്‍, മുസ്‌ലിംസേന ജിഅ്‌റാനയില്‍ പാര്‍ത്ത അവസാന നാളുകളിലൊന്നില്‍ അന്‍സാറുകളുടെ മനസ്സില്‍ അദമ്യമായ അസ്വസ്ഥതയും ആധിയും ഫണംവിടര്‍ത്തി. അവരില്‍ മിക്കവരും അതീവ ദരിദ്രരുമായിരുന്നു. കണക്കറ്റ നിലയില്‍ രണാര്‍ജിതസ്വത്തുക്കള്‍ ലഭിച്ചപ്പോഴും തങ്ങളുടെ വിഹിതമായി അവര്‍ക്കു ലഭിച്ചിരിക്കുന്നത്, നാലൊട്ടകങ്ങളോ അവക്കു സമാനമായ ആടുകളോ ഒക്കെയാണ്. തങ്ങളുടെ കൈവശം വന്നിരുന്ന ബന്ദികള്‍ വഴി സാമാന്യം കനത്ത മോചനദ്രവ്യമവര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, പ്രവാചകന്റെ പ്രീതി ലഭിക്കാനായി യാതൊരു വൈമനസ്യവും കൂടാതെയവരത് ത്യജിക്കുകയായിരുന്നു. അതേസമയം, കുറയ്ഷികളിലെ സ്വാധീനമുള്ള പതിനാറ് പേര്‍ക്കും മറ്റു നാല് ഗോത്രമൂപ്പന്മാര്‍ക്കും അവിശ്വസനീയവും കേട്ടവരുടെ കണ്ണുതള്ളിപ്പോകുന്നതുമായ സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നു. സമ്മാനം ലഭിച്ചവരെല്ലാം മക്കയിലെ എണ്ണംപറഞ്ഞ കുബേരരാണ്. എന്നാല്‍, അന്‍സാറുകളില്‍ വലിയ സമ്മാനങ്ങള്‍ കൈപ്പറ്റിയവരായി ആരുമില്ല എന്നുമാത്രമല്ല, പേരിനുപോലും സമ്മാനം ലഭിച്ചവര്‍ വിരളം. മുഹാജിറുകളുടെ സ്ഥിതിയും വിഭിന്നമല്ലെങ്കിലും മദീനക്കാരായ വിശ്വാസികള്‍ക്കത് ചെറ്റും ആശ്വാസം നല്‍കിയില്ല. അവരെല്ലാം മക്കക്കാരാണ് എന്ന ലളിതസമീകരണത്തിന്റെ യുക്തിയാണ് അതിനായവര്‍ അവലംബിച്ചിരിക്കുന്നത്. അതിങ്ങനെ പോകുന്നു: കുറയ്ഷികള്‍ക്കാണല്ലോ സമ്മാനങ്ങളുടെ സിംഹഭാഗവും വീതത്തില്‍ ലഭിച്ചിരിക്കുന്നത്. അവര്‍ മക്കക്കാരാണല്ലോ, മുഹാജിറുകളും മക്കക്കാരാണല്ലോ. അതിനാല്‍ അവരെല്ലാം പരസ്പരം ബന്ധുജനങ്ങളുമാണ്. ‘തിരുദൂതര്‍ തന്റെ ആളുകളോടൊപ്പം ചേര്‍ന്നിരിക്കുന്നു.’ അന്‍സാറുകള്‍ തമ്മില്‍തമ്മില്‍ പറഞ്ഞു. ‘യുദ്ധവേളയില്‍ നമ്മളായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാര്‍, സ്വത്ത് വീതംവെച്ചപ്പോഴോ, സ്വന്തക്കാരും ബന്ധുക്കളുമായി അദ്ദേഹത്തിന്റെ കൂട്ടുകാര്‍.’ എവിടെനിന്നാണീ നിര്‍ദേശങ്ങള്‍ എന്നറിയാന്‍ അവര്‍ക്കു താല്പര്യമുണ്ട്. അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെങ്കില്‍ ക്ഷമാപൂര്‍വം അവരത് സ്വീകരിക്കും, എന്നാല്‍, പ്രവാചകന്റെ മനസ്സിലുദിച്ച ചിന്തയാണെങ്കില്‍ തങ്ങളെക്കൂടി പരിഗണിക്കാന്‍ അദ്ദേഹത്തോടവര്‍ ആവശ്യപ്പെടും.

തങ്ങള്‍ സമാനതകളില്ലാത്തവിധം അവഗണിക്കപ്പെട്ടിരിക്കുവെന്ന നിരാനന്ദം അനുനിമിഷം അന്‍സാറുകള്‍ക്കിടയില്‍ തിടംവെച്ചുവന്നു. അവരുടെ നേതാവ് സഅദ് ബിന്‍ ഉബാദ പ്രവാചകനെ ചെന്നുകണ്ടു. തങ്ങള്‍ക്കിടയിലിപ്പോള്‍ നിലനില്‍ക്കുന്ന മനോവികാരങ്ങളും ചര്‍ച്ചകളും അയാള്‍ പ്രവാചകനുമായി പങ്കുവെച്ചു. ‘നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമെന്താണ് സഅദ്?’ ആവലാതി കേട്ടുകഴിഞ്ഞപ്പോള്‍ നബി ചോദിച്ചു. ‘തിരുദൂതരേ, ഞാനും അവരിലൊരുത്തന്‍. ഈ വീതം വെപ്പ് എവിടെനിന്നു വന്നുവെന്നറിയാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്.’ പ്രവാചകന്‍ അല്പനേരം മൗനിയായി. തുടര്‍ന്ന് അന്‍സാറുകളെയെല്ലാം ഒരിടത്തു വിളിച്ചുചേര്‍ക്കാന്‍ സഅദിനോടാവശ്യപ്പെട്ടു. നേരത്തെ ബന്ദികളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തവര്‍ ഒത്തുകൂടി. സഅദിന്റെ അനുമതിയോടെ മുഹാജിറുകളില്‍ ചിലരും അവിടെ സന്നിഹിതരായി. പ്രവാചകന്‍ അവിടേക്കു ചെന്നു. അല്ലാഹുവിന് സ്തുതിയും കൃതജ്ഞതയുമോതി അദ്ദേഹം പറഞ്ഞുതുടങ്ങി. ‘അന്‍സാറുകളേ, നിങ്ങളുടെ മനസ്സിനകത്ത് എന്നോട് നീരസമുള്ളതായി വിവരം ലഭിച്ചിരിക്കുന്നു. നിങ്ങളെ ഞാന്‍ കണ്ടുമുട്ടിയത് അപമാര്‍ഗികളായിട്ടല്ലേ, എന്നിട്ട് അല്ലാഹു നിങ്ങളെ നേര്‍മാര്‍ഗികളാക്കി. ദരിദ്രരായിരുന്നില്ലേ നിങ്ങള്‍, അല്ലാഹു നിങ്ങളെ ധനികരാക്കി. തമ്മിൽതമ്മിൽ ശത്രുക്കളായിരുന്നില്ലേ നിങ്ങള്‍, എന്നിട്ട് അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഹൃദയൈക്യം സാധ്യമാക്കി.’ ‘തീര്‍ച്ചയായും,’ സദസ്സ് വിളിച്ചുപറഞ്ഞു, ‘ അല്ലാഹുവും അവന്റെ ദൂതനും അത്യുദാരരും കൃപാര്‍ദ്രരുമാണ്.’
‘ഒരു കാര്യം ചോദിച്ചാല്‍ നിങ്ങളെനിക്കു പ്രത്യുത്തരം ചെയ്യില്ലേ?’ നബി ചോദിച്ചു. ‘ഞങ്ങളെങ്ങനെയാണ് പ്രത്യുത്തരം നല്‍കേണ്ടത്? ഞങ്ങളുടെ കടപ്പാടുകളൊക്കെയും അല്ലാഹുവിനോടും അവന്റെ ദൂതരോടുമാണല്ലോ.’ തെല്ലൊരു പരിഭ്രാന്തിയോടെ അവര്‍ ചോദിച്ചു. ‘തീര്‍ച്ചയായും. നിങ്ങളെന്നോടു പറയണമെന്നാഗ്രഹിക്കുന്നുണ്ടാകണം, ആത്മാര്‍ത്ഥ മനസ്‌കരായും, സത്യസന്ധരായും ഇങ്ങനെ വിശ്വസിക്കുന്നുണ്ടാകണം, ‘അപയശസ്‌കനായാണങ്ങ് ഞങ്ങള്‍ക്കിടയിലെത്തിയത്, ഞങ്ങളങ്ങയെ യശസ്‌കനാക്കി. ഏകാകിയായിട്ടാണങ്ങ് ഞങ്ങള്‍ക്കിടയിലെത്തിയത്, ഞങ്ങളങ്ങേക്കു കൂട്ടുനിന്നു. തിരസ്‌കൃതനായാണങ്ങ് ഞങ്ങള്‍ക്കിടയിലെത്തിയത്, ഞങ്ങളങ്ങയെ ഏറ്റെടുത്തു. നിര്‍ഗതനായാണ് താങ്കളെത്തിയത്, ഞങ്ങളങ്ങയെ ആശ്വസ്തനാക്കി. ലൗകിക കാര്യങ്ങളെപ്രതി നിങ്ങളുടെ മനസ്സകം ഇളകിപ്പോകുന്നുവോ? ഒരു കൂട്ടമാളുകളെ ഇസ്‌ലാമിലേക്കാകര്‍ഷിക്കാനായി നിസ്സാരമായ ഭൗതികദ്രവ്യം നല്‍കിയതിനാണോ നിങ്ങള്‍ അസ്വസ്ഥരാകുന്നത്? അവരുടെ വിശ്വാസം ദൃഢപ്പെടാന്‍ ഭൗതികദ്രവ്യമാവശ്യമാണെന്നെനിക്കു തോന്നുന്നു. അതേസമയം, നിങ്ങളുടെ വിശ്വാസം നിങ്ങളെത്തന്നെ ഏല്പിക്കാന്‍ മാത്രം ദൃഢമാണുതാനും.’ ഒരുപിടി കുളിര്‍മ ശ്രോതാക്കളുടെ മനസ്സിലേക്ക് വാരിയെറിഞ്ഞുകൊണ്ട് നബി തുടര്‍ന്നു: ‘അന്‍സാര്‍ സമൂഹമേ, ജനങ്ങള്‍ ഒട്ടകങ്ങളെയും ചെമ്മരിയാടുകളെയും കോലാടുകളെയുമെടുക്കുമ്പോള്‍ അല്ലാഹുവിന്റെ ദൂതരെയുമായി സ്വന്തം വീടണയുന്നതില്‍ നിങ്ങള്‍ തൃപ്തരല്ലേ? മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ സത്യം! ഹിജ്‌റയുണ്ടായിരുന്നില്ലെങ്കില്‍ ഞാനും അന്‍സാറുകളിലൊരാളാകുമായിരുന്നു. എന്റെ ജനനം മക്കയിലാണെന്നതൊഴിച്ചാല്‍ എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഭേദഭാവങ്ങളൊന്നുമില്ല. ജനങ്ങളെല്ലാം ഒരു വഴിയിലൂടെ പോവുകയും അന്‍സാറുകള്‍ മറ്റൊരു വഴിയിലൂടെ പോവുകയുമാണെങ്കില്‍ ഞാന്‍ അന്‍സാറുകളോടൊപ്പം ചേരും. അല്ലാഹുവേ, അന്‍സാറുകളില്‍ നീ കരുണ ചൊരിയേണമേ, അവരുടെ മക്കളിലും മക്കളുടെ മക്കളിലും.’

വാക്ക് ശക്തിയാണ്, പ്രവാചകന്റെ അധരങ്ങളില്‍ നിന്നടര്‍ന്ന ഓരോ ശബ്ദവും നീരറ്റ മണ്ണില്‍ പുതുമഴയെന്നപോല്‍ മുമ്പിലിരിക്കുന്നവരുടെ ഹൃദയാഴങ്ങളെ തൊട്ടു. തിരസ്‌കൃതനായിരുന്ന വേളയില്‍ തനിക്ക് അനുസരണ പ്രതിജ്ഞ ചെയ്യുകയും തന്നെ കലവറയില്ലാതെ പിന്തുണക്കുകയും കൂടെനില്‍ക്കുകയും ചെയ്ത മനുഷ്യരോടുള്ള സ്‌നേവാത്സല്യങ്ങള്‍ തുള്ളിത്തുളുമ്പിയ വാക്കുകള്‍. വിശ്വാസവും നിരാശയും തമ്മിലൊരിക്കലും പുണരില്ലല്ലോ. അന്‍സാറുകളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. താടിരോമങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു. ‘ഞങ്ങള്‍ സംതൃപ്തരാണ്, അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങളുടെ ഓഹരിയും വിഹിതവുമാകുന്നതില്‍ ഞങ്ങള്‍ക്ക് നിറഞ്ഞ സംതൃപ്തിയാണ്.’ ഒരേസ്വരത്തില്‍ അവര്‍ വിളിച്ചുപറഞ്ഞു.

പ്രവാചകനും സംഘവും ജിഅ്‌റാനയില്‍ നിന്ന് മക്കയിലെത്തി ഉംറ നിര്‍വഹിച്ചതിനുശേഷം തിരിച്ച് മദീനയിലേക്ക് പോകാനൊരുങ്ങുകയാണ്. അത്താബ് ബിന്‍ ഉസയ്ദിനെ മക്കയിലെ തന്റെ ചുമതലക്കാരനായി നബി നിയോഗിച്ചു. ജനങ്ങള്‍ക്ക് കുര്‍ആന്‍ പഠിപ്പിക്കാനും ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ പകര്‍ന്നുകൊടുക്കാനുമായി മുആദ് ബിന്‍ ജബലിനെയും നിയോഗിച്ചു. തുടര്‍ന്ന്, മുഹാജിറുകളോടും അന്‍സുറുകളോടുമൊപ്പം നിറമാനസനായി, സംതൃപ്തനായി തന്റെ പ്രിയനഗരത്തിലേക്ക് യാത്ര തിരിച്ചു.

(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.