നബിചരിത്രത്തിന്റെ ഓരത്ത് -117

//നബിചരിത്രത്തിന്റെ ഓരത്ത് -117
//നബിചരിത്രത്തിന്റെ ഓരത്ത് -117
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -117

ചരിത്രാസ്വാദനം

സകീഫ്

താഇഫിലെ അധൃഷമായ നെടുംകോട്ടകള്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ ശഠിച്ചുനിന്നു. ഉപരോധം നീണ്ടുനീണ്ടങ്ങനെ പോയി. അടുത്തൊന്നും അതിനൊരന്ത്യം കാണുന്ന ലക്ഷണവുമില്ല. ഉപരോധം നീളുമ്പോള്‍ ഭക്ഷണം തീര്‍ന്ന് സകീഫുകാര്‍ കീഴടങ്ങുമെന്ന കണക്കുകൂട്ടല്‍ അസ്ഥാനത്തായി. മുസ്‌ലിംകള്‍ക്ക് രഹസ്യം കൈമാറിക്കൊണ്ടിരുന്ന തദ്ദേശവാസിയായ ബദവി പറഞ്ഞാണറിഞ്ഞത്, ഒരാണ്ട് പിടിച്ചുനില്‍ക്കാനുള്ള വിഭവങ്ങള്‍ സകീഫിന്റെ കോട്ടക്കുള്ളിലെ പത്തായപ്പുരകളിലുണ്ടത്രെ. ഹുനയ്‌നില്‍നിന്ന് പിന്‍വാങ്ങി താഇഫില്‍ താവളം തീര്‍ത്തിരിക്കുന്ന സകീഫിനുനേരെ പ്രവാചകന്‍ നടത്താനുത്തരവിട്ടിരിക്കുന്ന സൈനിക നടപടിയെ ചെറുക്കാനുള്ള ആയുധങ്ങളും സാമഗ്രികളും അവരുടെ കൈവശമുണ്ട്. കോട്ടക്കു മുകളില്‍നിലയുറപ്പിച്ച സകീഫുകാര്‍ക്ക് പുറത്തെ ചലനപ്രതിചലനങ്ങള്‍ വ്യക്തമായി കാണാം. സ്വന്തം സേനയിലെ വില്ലാളിവീരരില്‍അവര്‍ക്ക് വിവരണത്തിനപ്പുറമുള്ള വിശ്വാസമുണ്ട്. പരസ്പരമുള്ള അമ്പെയ്ത്ത് പലതവണയുണ്ടായെങ്കിലും മാസം പകുതി പിന്നിട്ടിട്ടും ശക്തമായ ഉപരോധത്തെ ചെറുത്ത് താഇഫ് നഗരം ചെറുത്തുനിന്നു. മുകളില്‍നിന്നു തൊടുക്കപ്പെട്ട അമ്പുകള്‍ ശക്തിയോടെ താഴെ നില്‍ക്കുന്ന മുസ്‌ലിം സൈനികരുടെമേല്‍ പതിച്ച് പതിനെട്ടു പേരാണ് മൃതിയടഞ്ഞത്. സകീഫുകാരില്‍നിന്ന് ഏതാനും പേര്‍ ഇസ്‌ലാം സ്വീകരിച്ചു എന്നുമാത്രം. കോട്ടക്കുള്ളില്‍നിന്ന് ഏതെങ്കിലുമൊരടിമ ഇറങ്ങി ഇസ്‌ലാം സ്വീകരിക്കുകിലയാള്‍ സ്വതന്ത്രനായിരിക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നബി പ്രഖ്യാപിച്ചിരുന്നതിന്റെ ഫലമായിരുന്നു ഇത്. അടിമകളായ ഇരുപത്തിമൂന്നു പേര്‍ എങ്ങനെയോ പുറത്തുകടന്ന് മുസ്‌ലിം സങ്കേതത്തിലെത്തി വിശ്വാസം സ്വീകരിക്കുകയായിരുന്നു.

ഒരാഴ്ചകൂടി കഴിഞ്ഞു. തെറ്റാലി പ്രയോഗത്തില്‍ വിദഗ്ധരായിരുന്ന ബനൂദവ്‌സ് ഗോത്രക്കാരുടെ സഹായം സ്വീകരിക്കാമെന്ന് പ്രവാചകന് ഉപദേശം ലഭിച്ചു. വലിയ കല്ലുകള്‍ ദൂരേക്കു വിക്ഷേപിച്ച് കോട്ടകള്‍ തകര്‍ക്കുന്ന യുദ്ധോപകരണമാണ് മിന്‍ജനീക് എന്നു വിളിക്കപ്പെടുന്ന തെറ്റാലി. മക്കയിലെ താഴ്‌വാരങ്ങളിലായിരുന്നു ബനൂദവ്‌സുകാരുടെ വാസം. കൊച്ചുവീടുകളുടെ മാതൃകയില്‍ മരംകൊണ്ടു നിര്‍മിക്കപ്പെട്ട കവചിതക്കൂടുകളുപയോഗിച്ച് ദുര്‍ഗങ്ങള്‍ ഭേദിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുണ്ടവര്‍ക്ക്. ദബാബ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ കൂട് അതിനുള്ളില്‍ പതിയിരിക്കുന്ന സൈനികനെ ശത്രുവിന്റെ ശരങ്ങളില്‍നിന്ന് സംരക്ഷിക്കും. ഖയ്ബറിലെ യുദ്ധം മുതല്‍ തന്നോടൊപ്പമുണ്ടായിരുന്ന ബനൂദവ്‌സ് ഗോത്രത്തിന്റെ മൂപ്പന്മാരിലൊരാളായ തുഫയ്‌ലിനെയാണ് നബി അവരിലേക്ക് ദൂതനായി പറഞ്ഞയച്ചത്. നാലുനാളുകള്‍ക്കുശേഷം ആളും ആയുധവുമായി അവര്‍ വന്നുചേര്‍ന്നു. പുതുതായി വന്നുചേര്‍ന്ന കവചിതക്കൂടുകളും തെറ്റാലികളുമായി മുസ്‌ലിംകള്‍ കോട്ടയോടടുത്തു. നടാടെയാണ് ഒരു യുദ്ധത്തില്‍ മുസ്‌ലിംകള്‍ ഇവ പ്രയോഗിക്കുന്നത്. കൊത്തളങ്ങള്‍ക്കു മുകളില്‍നിന്ന് എല്ലാം വീക്ഷിക്കുകയായിരുന്ന സകീഫുകാര്‍, പഴുപ്പിച്ച ഇരുമ്പു കഷണങ്ങള്‍ ദബാബകള്‍ക്കു നേരെയെറിഞ്ഞു. നോക്കിനില്‍ക്കെ അവ ചാമ്പലായി. സൈനികര്‍ പ്രാണരക്ഷാര്‍ഥം ദുര്‍ഗപാദങ്ങളില്‍നിന്ന് പിന്തിരിഞ്ഞോടി. അവസരം സകീഫ് നന്നായി മുതലെടുത്തു. പിന്തിരിഞ്ഞോടുന്ന സേനാനികളെ ലക്ഷ്യമാക്കി അവര്‍ ശരവൃഷ്ടിതന്നെ നടത്തി. ധാരാളം മുസ്‌ലിംകള്‍ ഇവിടെ കൊല്ലപ്പെടുകയുണ്ടായി.

സകീഫിനെ ഉപരോധിക്കുകയല്ല അവരെ കീഴടക്കാനുള്ള നല്ല വഴിയെന്ന് പ്രവാചകന്‍ മനസ്സിലാക്കി ഉപരോധം പിന്‍വലിക്കാനും ജിഅ്‌റാനയിലേക്ക് പോകാനും സൈനികര്‍ക്കദ്ദേഹം നിര്‍ദേശം നല്‍കി. തുടര്‍ന്ന് വാനിലേക്കു കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു, ‘സകീഫിന് നേര്‍മാര്‍ഗമരുളി അവരെ ഞങ്ങളില്‍ ചേര്‍ക്കേണമേ.’ സകീഫ് ഉപരോധത്തിനിടെ ഉമ്മുസലമയുടെ അര്‍ധസഹോദരന്‍ അബ്ദുല്ല വധിക്കപ്പെട്ടു. മക്കാവിജയത്തിന് തൊട്ടുമുമ്പായിരുന്നു അയാളുടെ ഇസ്‌ലാമാശ്ലേഷം.

മുസ്‌ലിംസേന ജിഅ്‌റാനയിലെത്തി. താഴ്‌വരയില്‍ വലിയൊരു ഭാഗം വേര്‍ത്തിരിച്ച് അതിനകത്തായിരുന്നു ബന്ദികളെ പാര്‍പ്പിച്ചിരുന്നത്. തലക്കുമുകളില്‍ തണലിനായി പന്തല്‍ പണിതിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ആറായിരം പേരുണ്ടവര്‍. പിന്നിയ വസ്ത്രങ്ങളാണ് പലരുടെയും ശരീരത്തിലുള്ളത്. ഖുസാഅ ഗോത്രജനായൊരാളെ മക്കയിലേക്ക് വിട്ട് നബി പുതിയ വസ്ത്രങ്ങള്‍ വരുത്തിച്ച് ബന്ദികള്‍ക്കിടയില്‍ വിതരണംചെയ്തു. ഇരുപത്തിനാലായിരം ഒട്ടകങ്ങളാണ് രണാര്‍ജിതസമ്പത്തായി ഹുനയ്‌നില്‍നിന്ന് മുസ്‌ലിംകള്‍ക്കു ലഭിച്ചത്. ആടുകളെ ആരും എണ്ണാന്‍ മെനക്കെട്ടില്ലെങ്കിലും ഏകദേശ കണക്കു പ്രകാരം നാല്പതിനായിരം വരുമത്രെ അത്.

സേനാനികളില്‍ പലരും രണാര്‍ജിതമുതലിലെ തങ്ങളുടെ ഓഹരി വീതിച്ചുകിട്ടുന്നതിനായി അക്ഷമരായി. എന്നാല്‍, ഇതുസംബന്ധിച്ച് പ്രവാചകന്‍ യാതൊരുറപ്പും അവര്‍ക്കു നല്‍കിയില്ല. തങ്ങളോട് ഉദാരമായ സമീപനം സ്വീകരിക്കണമെന്നപേക്ഷിച്ച് ഹവാസിന്‍കാര്‍ തന്നെ സമീപിക്കുമെന്നദ്ദേഹം പ്രതീക്ഷിക്കുന്നു. മൊത്തം രണാര്‍ജിതസ്വത്തിന്റെ അഞ്ചിലൊന്ന് ഓഹരി നീക്കിവെക്കുക ദാനധര്‍മങ്ങളിലൂടെ ലഭിക്കുന്ന സ്വത്തുക്കളുടെ അതേ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്. അതിന്റെ വിതരണം അനിശ്ചിതമായി നീട്ടിവെക്കാന്‍ പ്രവാചകനു താല്പര്യവുമില്ല. ഈ അഞ്ചിലൊന്നിന്റെ അവകാശികളുടെ കൂട്ടത്തിലേക്ക് പുതുതായൊരു വിഭാഗംകൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു; ഹൃദയംകൊണ്ടിണങ്ങിയവര്‍. ഇക്കാര്യത്തില്‍ കുര്‍ആന്റെ നിര്‍ദേശം വന്നണഞ്ഞിരിക്കുന്നു: ‘സാധുജനത്തിനും ഗതിയറ്റവര്‍ക്കും, അതിന്റെ തൊഴിലെടുക്കുന്നവര്‍ക്കും മനമിണങ്ങിയവര്‍ക്കും, അടിമകളുടെ മോചനത്തിനായും കടംകൊണ്ട് വലഞ്ഞവര്‍ക്കായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കാനായും വഴിപോക്കനായും മാത്രമുള്ളതാണ് ദാനധര്‍മങ്ങള്‍. അല്ലാഹുവിങ്കല്‍നിന്നുള്ള നിര്‍ണയമാണിത്. എല്ലാമറിയുന്നവനും യുക്തിമാനുമാണ് അല്ലാഹു.’

ഹൃദയമിണക്കപ്പെട്ടവര്‍ എന്ന ഗണത്തില്‍ സത്വര പരിഗണന ലഭിക്കേണ്ടവരാണ് ഇയ്യിടെ ഇസ്‌ലാം സ്വീകരിച്ച മക്കയിലെ കുറയ്ഷികള്‍. തങ്ങള്‍ക്കു ചുറ്റുമുള്ള ലോകം പുതിയ മതത്തിന്റെ ചിറകിന്‍ കീഴിലായതില്‍പിന്നെ ഗത്യന്തരങ്ങളറ്റാണ് അവരില്‍ പലരും മുസ്‌ലിംകളായത്. അബൂസുഫ്‌യാന് നബി നല്‍കിയത് നൂറ് ഒട്ടകങ്ങളെയാണ്.
‘എന്റെ മകന്‍ യസീദിനോ?’ അബൂസുഫ്‌യാന്‍ ചോദിച്ചു. നബി അയാള്‍ക്കും നൂറൊട്ടകങ്ങളെ നല്‍കി. ‘എന്റെ മകന്‍ മുആവിയ്യക്കോ?’ .അയാള്‍ക്കും നൂറൊട്ടകങ്ങളെ നല്‍കി. അബൂസുഫ്‌യാനിപ്പോള്‍ ഫലത്തില്‍ മുന്നൂറ് ഒട്ടകങ്ങളെ ലഭിച്ചിരിക്കുന്നു. ഖദീജയുടെ സഹോദരപുത്രന്‍ ഹകീമിന് കൊടുത്തത് നൂറ്. അയാള്‍ ഇരുന്നൂറെണ്ണത്തെക്കൂടി ആവശ്യപ്പെട്ടതും നബിയത് അനുവദിച്ചുകൊടുത്തു. എന്നാല്‍, കൂട്ടത്തില്‍ ഇങ്ങനെയൊരു ഗുണകാംക്ഷ പങ്കുവെച്ചു: ‘ഹകീം, ഹരിതാഭവും മോഹിപ്പിക്കുന്നതുമായ മേച്ചില്പുറങ്ങളാണീ സ്വത്തെല്ലാം. മഹാദാനമനസ്‌കനായി ഇവ ഏറ്റെടുക്കുന്നയാള്‍ അനുഗൃഹീതനാകും. എന്നാല്‍, അഹങ്കൃതമനസ്‌കനായി ഏറ്റെടുക്കുന്നവനാകട്ടെ, അനുഗ്രഹിക്കപ്പെടുകയുമില്ല. മണ്ണായ മണ്ണെല്ലാം വാരിത്തിന്നാലും അയാളുടെ ജഠരം നിറയില്ല. താഴേക്കയ്യിനെക്കാളുത്തമം മേലേക്കയ്യാണ്. സ്വന്തബന്ധങ്ങളിലെ നിങ്ങളുടെ ആശ്രിതര്‍ക്ക് ദാനം ചെയ്തുകൊണ്ടുതന്നെ തുടക്കം കുറിക്കുക.’ ഹകീം അതിനു സന്നദ്ധനുമാണ്. അയാള്‍ പറഞ്ഞു, ‘പരമസത്യവുമായി അങ്ങയെ നിയോഗിച്ചവന്‍തന്നെ സത്യം, താങ്കളില്‍നിന്നല്ലാതെ ഞാനൊന്നും സ്വീകരിക്കുകയില്ല.’ ഇനിയവിടന്നങ്ങോട്ട് അയാളുടേത് താഴേക്കൈ ആയിരിക്കുകയില്ല എന്നു സാരം. തനിക്കു ലഭിച്ച നൂറൊട്ടകങ്ങള്‍ മാത്രം സ്വീകരിച്ച് ബാക്കിയുള്ളവക്കുമേലുള്ള അവകാശവാദമൊഴിഞ്ഞു കൊണ്ട് പ്രവാചകനു നല്‍കിയ വാക്കിനോടയാള്‍ നീതിപുലര്‍ത്തി.

ഈ കള്ളിയിലുള്‍പ്പെടുത്തപ്പെട്ട അടുത്ത വിഭാഗം ഇപ്പോഴും വിശ്വാസം സ്വീകരിച്ചിട്ടില്ലാത്ത, വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അതിരിടങ്ങളില്‍ കാലൂന്നി നില്‍ക്കുന്ന മക്കക്കാരാണ്. ഇവരില്‍ ചിലര്‍ക്ക് നബി നൂറൊട്ടകങ്ങള്‍ വീതം നല്‍കുകയുണ്ടായി. സുഹയ്‌ലും സഫ്‌വാനും അവരിലുണ്ട്. ഇരുവരും വിശ്വാസികളല്ലെങ്കിലും ഹുനയ്‌നില്‍ മുസ്‌ലിം സേനാനികളോട് തോളൊപ്പം നിന്ന് പൊരുതുകയുണ്ടായി. യുദ്ധത്തിന്റെ തുടക്കത്തില്‍ സൈനികര്‍ക്കിടയിലൂടെ പതര്‍ച്ചയുടെ അല പാഞ്ഞപ്പോള്‍ പൊടിഞ്ഞ ആഹ്ലാദം മറച്ചുവെക്കാന്‍ ശ്രമിക്കാതിരുന്ന മക്കയില്‍നിന്നുവന്ന സൈനികരോട് സഫ്‌വാന്‍ കയര്‍ത്തു: ‘ഒരു മേല്‌ക്കോയ്മ അംഗീകരിക്കുക അനിവാര്യമാണെങ്കില്‍, അതൊരു കുറയ്ഷിയുടേതാകട്ടെ, ഹവാസിന്‍കാരന്റേതല്ല.’ തന്റെ ഓഹരിയിലെ നൂറൊട്ടകങ്ങളെ കൈപ്പറ്റിയ ശേഷം സഫ്‌വാന്‍ പിന്നെയും പ്രവാചകനോടൊപ്പം ജിഅ്‌റാന താഴ്‌വരയിലൂടെ സഹയാത്ര നടത്തുകയുണ്ടായി. യുദ്ധമുതല്‍തന്നെയായിരിക്കാം അന്നേരമയാളുടെ ലക്ഷ്യം. മലനിരകള്‍ക്കിടയിലെ പ്രൗഢമായ താഴ്‌വരകളില്‍, സമൃദ്ധിയുടെ അനാദ്യന്തമായ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായി മേയുന്ന പരസഹസ്രം ഒട്ടകങ്ങളെയും ആടുകളെയും കണ്ട് മോഹപ്പെട്ടുപോയ സഫ്‌വാന്റെ മനസ്സറിഞ്ഞിട്ടെന്നവണ്ണം നബി ചോദിച്ചു: ‘ഈ താഴ്‌വര നിങ്ങള്‍ക്കിഷ്ടമായോ?’ സഫ്‌വാന്‍ അതെയെന്ന് തലയാട്ടി. ‘എങ്കില്‍ ഇതും ഇതിലുള്ളതു മുഴുക്കെയും നിങ്ങള്‍ക്കുള്ളതാണ്,’ നബി പറഞ്ഞു. ‘ഞാന്‍ സാക്ഷ്യംവഹിക്കുന്നു,’ തള്ളിവന്ന ഉദ്വേഗം മറച്ചുവെക്കാതെ സഫ്‌വാന്‍ പറഞ്ഞു, ‘ഒരു പ്രവാചകനല്ലാതെ ഇതുപോലെ നന്മയുള്ളൊരു മനസ്സുണ്ടാവുകയില്ല. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും താങ്കള്‍ അവന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യംവഹിക്കുന്നു.’ രണാര്‍ജിതസ്വത്തില്‍ കണ്ണുവെച്ചുവന്ന സൈനികരില്‍ ചിലരുടെ ആര്‍ത്തിയില്‍ പ്രവാചകന്‍ തന്റെ അതൃപ്തി പ്രകടിപ്പിച്ചു. ഒരുഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഉത്തരീയംവരെ അവരിലാരോ കൈക്കലാക്കി.

മനസ്സിലെ ശിഷ്ടസന്ദേഹങ്ങളെ തൂത്തെറിഞ്ഞ് സുഹയ്ല്‍ വിശ്വാസിയാകുന്നത് ഇതേ ജിഅ്‌റാന യാത്രയില്‍വെച്ചുതന്നെ. ഒന്നുകില്‍ മകന്‍ അബ്ദുല്ലയുമായി മക്കാവിജയത്തിനുശേഷം പുനഃസ്ഥാപിച്ച സ്‌നേഹബന്ധമാകാം, അല്ലെങ്കില്‍, ഹുനയ്ന്‍ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അലൗകികമായ ചമത്കാരം തന്റെ കണ്‍മുമ്പില്‍ ചുരുള്‍നിവര്‍ന്നതാകാം അയാളെ വിശ്വാസ പ്രഖ്യാപനത്തിലേക്കു നയിച്ച നിമിത്തം. അതുമല്ലെങ്കില്‍ പ്രവാചകന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ മഹാമനസ്‌കതയും കുലീനതയുമായിരിക്കാം. ഒരുപക്ഷേ, ഇപ്പറഞ്ഞവയെല്ലാം അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. എന്നാല്‍, സുഹയ്ല്‍ ഇസ്‌ലാമില്‍ പ്രവേശിച്ചുകഴിഞ്ഞതില്‍പിന്നെ ആ വിശ്വാസത്തിന് മറകളോ കലവറകളോ ചെറ്റുമുണ്ടായിരുന്നില്ല.

മഖ്‌സൂംകാരായ ചില പ്രധാനികളും ജിഅ്‌റാനയില്‍വെച്ച് മുസ്‌ലിംകളായി. അബൂജഹ്‌ലിന്റെ രണ്ട് സഹോദരങ്ങള്‍ അവരിലുണ്ട്. ഖാലിദിന്റെ അര്‍ധസഹോദരന്‍ ഹിഷാം ആയിരുന്നു മറ്റൊരാള്‍ ? നേരത്തെ മൃതിയടഞ്ഞ വലീദിന്റെ പൂര്‍ണസഹോദരനാണിയാള്‍. ഇനിയുമൊരാള്‍ പ്രവാചകന്റെ അമ്മായി ആതികയുടെ രണ്ടാമത്തെ പുത്രന്‍ സുഹയ്ര്‍ ബിന്‍ ഉമയ്യയാണ്; താഇഫില്‍ ഉപരോധത്തിനിടെ രക്തസാക്ഷിയായ അബ്ദുല്ലയുടെയും പ്രവാചക പത്‌നി ഉമ്മുസലമയുടെയും സഹോദരന്‍. ഏതാണ്ടൊരു ദശകം മുമ്പ് അബൂജഹ്‌ലിന്റെ തിട്ടൂരം ഭേദിച്ച്, ബനൂഹാഷിമിനും ബനുല്‍മുത്തലിബിനുമെതിരിലുള്ള കുറയ്ഷികളുടെ ഊരുവിലക്ക് കരാര്‍ റദ്ദാക്കുന്നതിനു വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത് ഇതേ സുഹയ്‌റായിരുന്നു. അയാളുടെ മാതാവ് ആതിക തന്റെ മക്കളിരുവര്‍ക്കും മുമ്പുതന്നെ ഇസ്‌ലാമിനെ പുല്‍കിയിരുന്നു.

കുറെനാളുകള്‍ മുസ്‌ലിംസേന ജിഅ്‌റാന താഴ്‌വരയില്‍തന്നെ കഴിഞ്ഞുവെങ്കിലും ഹവാസിന്‍കാരുടെ ഭാഗത്തുനിന്ന് സംഭാഷണങ്ങള്‍ക്കായി പ്രതിനിധിസംഘങ്ങളൊന്നും വന്നണഞ്ഞില്ല. അതിനാല്‍, രണാര്‍ജിതസ്വത്തുക്കള്‍ ഒന്നൊഴിയാതെ പ്രവാചകന്‍ തന്റെ അനുയായികള്‍ക്കിടയില്‍ വിതരണം ചെയ്തു. വീതംവെപ്പ് പൂര്‍ത്തിയായതും ഹവാസിന്‍ സംഘം പ്രവാചക സവിധത്തിലെത്തി. ബനൂസഅദിന്റെ ബാദിയ്യയില്‍ പണ്ട് തന്നെ പോറ്റിയ ഹലീമയുടെ ജീവിതപങ്കാളി ഹാരിസിന്റെ കൂടപ്പിറപ്പ് അബൂബര്‍കാനും അക്കൂട്ടത്തിലുണ്ട്. അവരില്‍ പതിനാലു പേര്‍ നേരത്തെതന്നെ വിശ്വാസികളാണ്. ബാക്കിയുള്ളവര്‍ ഇപ്പോള്‍ വിശ്വാസം സ്വീകരിച്ചു. തങ്ങളെ പ്രവാചകന്റെ ചാര്‍ച്ചക്കാരായി കണക്കാക്കണമെന്ന് ഹവാസിന്‍കാര്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. അവര്‍ക്കദ്ദേഹത്തിന്റെ ഉദാരതയാവശ്യമുണ്ട്. ‘അങ്ങയെ സ്വന്തം മടിത്തട്ടില്‍വെച്ച് വളര്‍ത്തിയതല്ലേ ഞങ്ങള്‍, അങ്ങ് മുലപ്പാല്‍ നുകര്‍ന്നത് ഞങ്ങളുടെ മാറിടത്തില്‍നിന്നല്ലേ.’ തങ്ങളുടെ അവകാശവാദത്തിനുള്ള ന്യായം അവര്‍ മുമ്പോട്ടുവെച്ചു. ‘ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. ഇനി വരില്ലെന്നു കരുതി നിങ്ങളില്‍നിന്നു പിടിച്ചെടുത്ത സ്വത്തുക്കളെല്ലാം സൈനികര്‍ക്കിടയില്‍ വിതരണം ചെയ്തുവല്ലൊ,’ നബി വിഷമത്തോടെ അവരെ അറീച്ചു. ഉത്തരമെന്തായിരിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം ചോദിച്ചു, ‘ഈ ദുനിയാവില്‍ നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടതെന്താണ്, നിങ്ങളുടെ ധര്‍മപത്‌നിമാരും മക്കളുമാണോ, അതോ, സ്വത്തോ?’ ‘ഞങ്ങളുടെ ജീവിതപങ്കാളികളെയും മക്കളെയും തിരിച്ചുതന്നാലും,’ അവര്‍ പറഞ്ഞു. ‘എനിക്കു ലഭിച്ചതും അബ്ദുല്‍മുത്തലിബ് സന്തതികള്‍ക്ക് ലഭിച്ചതുമെല്ലാം നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മറ്റുള്ളവരോടും ഇതേ ആവശ്യമുന്നയിക്കും. മധ്യാഹ്ന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാനായി പോവുകയാണു ഞാന്‍. ഞാനതില്‍നിന്നു വിരമിച്ചശേഷം നിങ്ങള്‍ എഴുന്നേറ്റുനിന്ന് പറയണം, ഞങ്ങള്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യാന്‍ ഞങ്ങള്‍ തിരുദൂതരോടാവശ്യപ്പെടുന്നു.’

നമസ്‌കാരത്തിനുശേഷം അവരങ്ങനെത്തന്നെ ചെയ്തു. അതോടെ നബി എഴുന്നേറ്റുനിന്നു. ‘തങ്ങളുടെ ധര്‍മദാരങ്ങളെയും മക്കളെയും തിരിച്ചുനല്‍കണമെന്നാണ് ഹവാസിന്‍ പ്രതിനിധിസംഘം ആവശ്യപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ ശിക്ഷണത്തിലൂടെ വളര്‍ന്ന മുഹാജിറുകളും അന്‍സാറുകളും രണ്ടാമതൊന്നാലോചിക്കാതെ തങ്ങളുടെ അധീനതയിലുള്ള ബന്ദികളെ പ്രവാചകന്റെ മുന്നിലവതരിപ്പിച്ചു. ‘ഞങ്ങള്‍ക്കുള്ളതെല്ലാം തിരുദൂതര്‍ക്കുള്ളതാണ്,’ അവര്‍ പറഞ്ഞു. അതേസമയം, തമീം, ഫസാറ, സുലയ്ം ഗോത്രങ്ങളുടെ നേതാക്കള്‍ ആവശ്യം നിരാകരിച്ചു. എന്നാല്‍, ബനൂസുലയ്ം ഒന്നടങ്കം ശബ്ദമുയര്‍ത്തി തങ്ങളുടെ നേതാവിന്റെ വാദം തള്ളി. അവര്‍ പറഞ്ഞു, ‘ഞങ്ങള്‍ക്കുള്ളതെല്ലാം അല്ലുഹുവിന്റെ ദൂതര്‍ക്കുള്ളതാണ്.’ നിരസിച്ചവരെ, പിന്നീട് നഷ്ടം നികത്താം എന്ന വാഗ്ദാനത്തില്‍, സ്ത്രീജനത്തെയും കുട്ടികളെയും തിരിച്ചുനല്‍കാന്‍ നബി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒരു യുവാവൊഴികെ എല്ലാവരും തിരിച്ചേല്പിക്കപ്പെട്ടു. പ്രവാചകന്റെ മാതൃസഹോദരീപുത്രന്‍ സഅദ് ബിന്‍ സഹ്‌റയുടെ മകന്റെ ഓഹരിയിലായിരുന്നു അയാളുണ്ടായിരുന്നത്. ബന്ദിയുടെ തെരഞ്ഞടുപ്പ് വിചിത്രമായിരുന്നു; അയാള്‍ സഅദിനോടൊപ്പം കഴിയുകയാണത്രെ.

ഹലീമയുടെ മകള്‍ ഷയ്മക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കിയാണ് പ്രവാചകന്‍ യാത്രയാക്കിയത്. സംഘം തിരിച്ചുപോവുമ്പോള്‍ അവരുടെ നേതാവ് മാലിക് ബിന്‍ ഔഫിനെക്കുറിച്ചും ഇപ്പോഴയാള്‍ എവിടെയുണ്ടെന്നും നബിയവരോടാരാഞ്ഞു. താഇഫിലെത്തി സകീഫുകാരോടൊപ്പം ചേര്‍ന്നിരിക്കുകയാണയാളെന്നവര്‍ പറഞ്ഞു. ‘അയാളോട് പറഞ്ഞേക്കുക,’ നബി പറഞ്ഞു, ‘അയാള്‍ മുസ്‌ലിമായി എന്റടുക്കല്‍ വരികില്‍ അയാളുടെ സ്ത്രീജനങ്ങളെയും മക്കളെയും അയാള്‍ക്കുതന്നെ തിരിച്ചുലഭിക്കും. ഞാനയാള്‍ക്ക് ഒരുനൂറ് ഒട്ടകങ്ങളെ നല്‍കുകയും ചെയ്യും.’ മാലികിന്റെ കുടുംബത്തെ മക്കയിലേക്കയച്ച് തന്റെ അമ്മായി ആതികയോടൊപ്പം പാര്‍പ്പിച്ചിരിക്കുകയാണ് നബി. അയാളുടെ സ്വത്തുക്കള്‍ വീതംവെക്കാതെ മാറ്റിവെച്ചിരിക്കുകയുമാണ്.

(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.