നബിചരിത്രത്തിന്റെ ഓരത്ത് -11

//നബിചരിത്രത്തിന്റെ ഓരത്ത് -11
//നബിചരിത്രത്തിന്റെ ഓരത്ത് -11
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -11

Print Now
ചരിത്രാസ്വാദനം

അനാഥത്വം

ഉമ്മയുടെ മരണത്തിനുശേഷം ബാലന്റെ ഏകാന്തവേദന വീടും വീട്ടുകാരും തൊട്ടറിഞ്ഞു. സമ്പൂര്‍ണ അനാഥത്വത്തിന്റെ പരുക്കന്‍ പിടുത്തത്തില്‍ അവന്‍ ഞെരിഞ്ഞു. കണ്ണീരിന്റെ കരിങ്കടലില്‍ പ്രതീക്ഷയുടെ കൊച്ചോടമിറക്കിയത് പിതാമഹന്‍ അബ്ദുല്‍ മുത്തലിബായിരുന്നു. കൊച്ചുമകന്റെ കാര്യങ്ങളത്രയും സദാ ശ്രദ്ധിച്ചു. അവന്റെ കവിളില്‍ പറ്റിയ മിഴിയുപ്പ് തുടച്ചെടുക്കാന്‍ വയോധികന്‍ ആവുന്നതെല്ലാം ചെയ്തു. വൃദ്ധ ഹൃദയത്തില്‍ കിനിഞ്ഞ സ്‌നേഹവും വാത്സല്യവും സ്വപ്നത്തിലും ജാഗ്രത്തിലും കുട്ടിയെ മാറിമാറി പരിരംഭണം ചെയ്തു.

ജീവിതസായാഹ്നത്തിന്റെ അധികവും വയോധികന്‍ ചെലവഴിച്ചത് കഅ്ബയുടെ ചാരെയാണ്. സംസം കുഴിക്കാനുള്ള കല്‍പന ലഭിച്ചതു മുതല്‍ ആരംഭിച്ചതാണീ പതിവ്. വിശുദ്ധ ഗേഹത്തിന് സമീപം ഹിജ്‌റില്‍ മക്കൾ അദ്ദേഹത്തിനായി ഒരു വിരിപ്പൊരുക്കിയിട്ടുണ്ട്. വെയിലാറിയാല്‍ അവരദ്ദേഹത്തിനു ചുറ്റുമിരിക്കും. പിതാവിനോടുള്ള ആദരംകൊണ്ട് മക്കളാരും – ഹംസപോലും – അദ്ദേഹത്തിനായി വിരിച്ച വിരിപ്പിൽ ഇരിക്കില്ല. എന്നാല്‍, യതീമായ പേരക്കിടാവിന് ഈ അലിഖിത നിയമം ബാധകമായിരുന്നില്ല. തോന്നുമ്പോഴെല്ലാം വല്യുപ്പയുടെ കൂടെ വിരിപ്പിലിരിക്കാനും തോന്നുമ്പോലെ എഴുന്നേറ്റുപോകാനും അവന്നനുവാദമുണ്ടായിരുന്നു. പിതൃവ്യന്മാര്‍ പലപ്പോഴും, അവനെ അതിൽനിന്ന് തടയാനായി കുടുംബമര്യാദകള്‍ പറഞ്ഞു മനസിലാക്കിക്കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. അന്നേരം വയോധികന്‍ അവരെ തടയും. “എന്റെ മോനവിടെ ഇരുന്നോട്ടെ; ഏതോ മഹത്തായ ഭാവി അവനെ കാത്തിരിപ്പുണ്ട്.”

‘മോനേ’- അങ്ങനെ മാത്രമേ അദ്ദേഹം അവനെ വിളിക്കാറുള്ളു. ‘എന്റെ മോന്‍ വന്നു’, ‘എന്റെ മോന്‍ പോയി’ എന്നല്ലാതെ ‘മുഹമ്മദ് വന്നു’, ‘മുഹമ്മദ് പോയി’ എന്നൊന്നും പറയില്ല.

വയോധികന്‍ അവനെ തന്റെ സമീപമിരുത്തി പുറത്ത് പതുക്കെ തട്ടിക്കൊണ്ടിരിക്കും, അല്ലെങ്കില്‍ തടവിക്കൊണ്ടിരിക്കും. ചെറിയ ചിരിയോടെ അവന്റെ ചലനങ്ങൾ നോക്കി നില്‍ക്കും. ഓര്‍മകളുടെ ഉറവകളിൽ നിന്നു കിനിഞ്ഞ ബാഷ്പകണങ്ങള്‍ അന്നേരം വൃദ്ധനയനങ്ങളിൽ ഊറിനിൽക്കുന്നുണ്ടാകും. മിക്ക ദിവസങ്ങളിലും കഅ്ബയിലല്ലെങ്കില്‍ മക്കയില്‍ മറ്റൊരിടത്ത് കൈകള്‍ കോര്‍ത്ത് അവര്‍ ഒന്നിച്ചിരിക്കും.

മക്കയിലെ പ്രമാണികളായ നാല്‍പതുപേര്‍ കൂടിയിരുന്ന് പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. പ്രധാന കാര്യങ്ങളില്‍ അവര്‍ തീരുമാനം കൈക്കൊള്ളും. അക്കൂട്ടത്തിലെ പ്രമുഖനാണ് അബ്ദുല്‍ മുത്തലിബ്. ഇയ്യിടയായി ആ കൂടിയിരിപ്പുകളിൽ അദ്ദേഹം പങ്കെടുക്കുക ജീവന്റെ ജീവനായ പേരക്കിടാവിനോടൊപ്പമാണ്. തീര്‍ന്നില്ല, പ്രധാന വിഷയങ്ങളിൽ മുഹമ്മദിന് എന്തു പറയാനുണ്ടെന്ന് നോക്കിയാണ് അബ്ദുല്‍ മുത്തലിബ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. എണ്‍പത് വസന്തങ്ങളും, അത്രതന്നെ വേനലുകളും അനുഭവിച്ച വയോധികന്‍ എട്ടു വയസ്സുകാരനോട് കാര്യങ്ങളാരായുന്നതില്‍ കുലപതികള്‍ പുരികം ചുളിക്കുകയും പരിഭവിക്കുകയും ചെയ്തിട്ടുണ്ട്. ഏതോ മഹത്തായ ഭാവി അവനെ കാത്തിരിപ്പുണ്ടെന്നു പറഞ്ഞ് വയോധികന്‍ അവരെയടക്കി.

ക്ഷണിക്കപ്പെടാത്ത അതിഥിയായി അബ്ദുല്‍ മുത്തലിബിന്റെ വീട്ടിലേക്ക് രോഗം കടന്നുവന്നപ്പോള്‍ മുഹമ്മദിന്റെ ഹൃദയത്തില്‍ വ്യഥയുടെ ഇരുൾമൂടി. ഇഴഞ്ഞുനീങ്ങിയ അവന്റെ പകലുകൾ അസ്വസ്ഥമായി, വര്‍ണമൊഴിഞ്ഞ സന്ധ്യകള്‍ ശബ്ദരഹിതമായി. വാല്‍സല്യനിധിയായ പിതാമഹനെ മരണം തട്ടിയെടുത്തേക്കുമോ എന്നോർത്ത് ചകിതനായി. രോഗശയ്യയിലായ വയോധികന്റെ ശിരോഭാഗത്തിരുന്ന് അവൻ നിശ്ശബ്ദമായി കണ്ണീർ വാർത്തു.

ഭൂമിയിലെ അവസാനത്തെ നാളുകളിലാണ് താനുള്ളതെന്ന് അബ്ദുൽ മുത്തലിബിനുറപ്പായിക്കഴിഞ്ഞിരുന്നു. സാമാന്യം ദീര്‍ഘിച്ച തന്റെ ജീവിതത്തിന്റെ ഋജുവും സുദീര്‍ഘവുമായ വഴികളിലേക്കദ്ദേഹം തിരിഞ്ഞുനോക്കി. കഴിയുന്ന നന്മകള്‍ ചെയ്തുതീര്‍ത്തിരിക്കുന്നു. കച്ചവടവുമായി നാടുകൾ ചുറ്റിയതും, മക്കയില്‍ മക്കള്‍ക്കും കളത്രങ്ങള്‍ക്കുമിടയില്‍ ചെലവഴിച്ചതും, വീട്ടില്‍നിന്ന് ദേവാലയത്തിലെത്തുന്നതും, ദേവാലയത്തില്‍ നിന്ന് തിരിച്ച് വീട്ടിലെത്തുന്നതും, സംസം കുഴിച്ചതും, അബ്ദുല്ലയുടെ ബലിയും… നല്ലതല്ലാതെ ഒന്നുമോര്‍ത്തെടുക്കാനില്ല.

ജനങ്ങള്‍ അബ്ദുൽ മുത്തലിബിനെ സ്‌നേഹിച്ചത് അദ്ദേഹം ജനങ്ങളെ സ്‌നേഹിച്ചതുകൊണ്ടാണ്. ജീവിതത്തിന്റെ പരുത്തതും ഉറച്ചതുമായ ചുടുനിലങ്ങളെ മനോദാർഢ്യത്തോടെ വയോധികന്‍ പിന്നിലാക്കി. വേരുകള്‍ മണ്ണിൽ ആണ്ടിറങ്ങിയതും, ചില്ലകള്‍ വാനിൽ കൈകള്‍ വിരിച്ച് നില്‍ക്കുന്നതുമായ ഒരു മഹാവൃക്ഷമാണദ്ദേഹം; ഋതുഭേദങ്ങളില്‍ അതിന് പോറലേല്‍ക്കുന്നില്ല.

ജീവിതം തുടങ്ങുന്നതിന് മുമ്പ് ഭൂതകാലത്തിലേക്ക് ഊളിയിട്ട യുവാവായ മകൻ അബ്ദുല്ലയെക്കുറിച്ചുള്ള സ്മരണ അവസാന നിമിഷങ്ങളിലും വൃദ്ധമനസ്സില്‍ സങ്കടം ചുരത്തി. അബ്ദുല്ലയുടെ വധു ആമിനയെക്കുറിച്ചും വയോധികന്‍ ചിന്തിച്ചു. പിന്നെ, യതീമായ തന്റെ പേരക്കിടാവിനെക്കുറിച്ചും ചിന്തിച്ചു. അല്‍പകാലംകൂടി ജിവിതം നീട്ടിക്കിട്ടിയെങ്കിലെന്നാഗ്രഹിച്ചു. തന്റെ മോന്‍ ബാല്യം പിന്നിട്ട് യുവാവായി സ്വന്തം കാലില്‍ നില്‍ക്കുന്നതു കണ്ട് മൃതിയടഞ്ഞിരുന്നുവെങ്കില്‍ അതെത്രമാത്രം ആനന്ദദായിയായിരുന്നില്ല! പക്ഷേ, ജീവിതവും മരണവും ആഗ്രഹത്തിനനുസരിച്ച് വന്നെത്തുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യാറില്ല. അബ്ദുല്ലയുടെ കാര്യത്തില്‍ സംഭവിച്ചത് അതായിരുന്നുവല്ലോ. ആമിനയുടെ കാര്യത്തിലും സംഭവിച്ചത് മറിച്ചല്ല. പിന്നെ വയോധികന്റെ കാര്യത്തില്‍ മാത്രം ചിട്ട തെറ്റുന്നതെങ്ങനെ?

ചിന്തിക്കുന്തോറും വയോധികന്റെ മനസ്സ് കലുഷമായി. കാലത്തിന്റെ ഒരു പുതുനിമിഷത്തിലേക്ക് താന്‍ കാലെടുത്തുവെക്കുമ്പോള്‍ മരണം ഒരുമുഴം തന്നോടടുക്കുന്നു. വാവിട്ടു കരയുന്ന പെണ്‍മക്കള്‍ക്ക് നടുവില്‍ വൃദ്ധന്‍ സമയം കാത്തു കിടന്നു. കട്ടിലിനല്‍പ്പം അകലെ മുഹമ്മദ് തല താഴ്ത്തി നിന്നു. കണ്ണില്‍ പെരുകുന്ന അശ്രു ആരും കാണാതിരിക്കാന്‍ അലസം കാലിന്റെ പെരുവിരലില്‍ ദൃഷ്ടിയൂന്നി. അന്നേരം വയോധികനെ മരണം ഏറ്റുവാങ്ങി.

ആഘാതങ്ങള്‍ വരുമ്പോള്‍ ഒന്നിനു പിറകെ ഒന്നായി വന്നെത്തുന്നുവെന്നത് മുഹമ്മദിന്റെ കാര്യത്തില്‍ നൂറിൽനൂറ് ശരിയാണ്. ഉമ്മയുടെ മരണം അവനില്‍ കെട്ടിവെച്ച വിധുരത തെല്ലൊന്നടങ്ങി വരികയായിരുന്നു. വിരഹങ്ങളുടെ പരുത്ത കരങ്ങള്‍ പകുത്തെടുത്ത അവന്റെ ജീവിതത്തിലിതാ പിതാമഹന്റെ മരണം പുതിയ ആഘാതം ഏല്‍പ്പിച്ചിരിക്കുന്നു. ഹൃദയത്തിന്റെ പ്രകാശമായിരുന്ന മാതാവിന്റെ മരണത്തിന് രണ്ടുവര്‍ഷത്തിനുശേഷം അടുത്തിട സാധാരണ നില പ്രാപിച്ച ജീവിത യാത്രയില്‍ താങ്ങും തണലും, രക്ഷിതാവും കൂട്ടുകാരനും, വഴികാട്ടിയും ഊന്നുവടിയും, സുഹൃത്തും പിതാവുമായിരുന്ന മഹാത്മാവിതാ ലോകനാഥനായ ആദിപരാശക്തിയുടെ അലംഘനീയമായ വിധിക്ക് കീഴൊതുങ്ങിയിരിക്കുന്നു. ഒരു പുരുഷായുസ്സ് നീണ്ടുനിന്ന കര്‍മ്മോദ്യുക്തതയുടെ ആള്‍രൂപമിതാ ഇവിടെ മരണത്തിന്റെ മരവിപ്പ് ഏറ്റുവാങ്ങി നിത്യനിശ്ചലതയിലേക്ക് മാറിക്കിടന്നിരിക്കുന്നു.

മുഹമ്മദിന്റെ മനസ്സ് വ്യഥകൊണ്ട് പ്രകമ്പിതമായി. അണകെട്ടാനാവാത്ത സങ്കടത്തില്‍ ചിറകു വിടര്‍ത്താന്‍ കഴിയാതെ തൊണ്ടയില്‍ പിടയുന്ന ഏകാന്തരോദനം അവനറിഞ്ഞു. ചുറ്റും നിഴലുകളുടെ നിശബ്ദത, സകലം മൗനഗ്രസ്തം. സൂര്യതേജസ്വിയായ ഒരു പുരുഷ സാന്നിധ്യത്തിന്റെ അസ്തമയാനന്തര ശോഭ അവന്റെ കദനത്തെ കടുപ്പിച്ചു. അറിഞ്ഞ കാലം മുതൽ തലക്കുമേൽ കുളിർപ്പന്തൽ തീർത്ത പിതാമഹന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്രയിൽ ജനാസയോടൊടൊപ്പം സഞ്ചരിച്ചപ്പോഴും, മറമാടിക്കൊണ്ടിരുന്നപ്പോഴും, മടങ്ങിവന്നപ്പോഴും സമ്പൂർണ അനാഥത്വത്തിന്റെ അദമ്യമായ നോവിൽ ബാലൻ തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടിരുന്നു. പിതൃവ്യന്മാർക്കും ബന്ധുക്കൾക്കും നന്നായറിയാമായിരുന്നു, തങ്ങളുടെ പക്കലുള്ള പദക്കൂട്ടുകളൊന്നും അവനെ സമാധാനിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല എന്ന്.

മരണം മാടിവിളിച്ചുകൊണ്ടിരുന്ന വേളയില്‍ തന്റെ ചെറുമകന്‍ ഇനി ആരുടെ കൈകളില്‍ വളരണമെന്ന് അബ്ദുൽ മുത്തലിബ് തീരുമാനിച്ചുറപ്പിച്ചിരുന്നു. കുട്ടിയുടെ പിതാവിന്റെ പൂര്‍ണ സഹോദരൻ, സാത്വികനായ അബൂത്വാലിബ് പിതാവേല്‍പ്പിച്ച ഉത്തരവാദിത്തം സര്‍വാത്മനാ ഏറ്റെടുത്തു. പിതാവ്, യതീമായ മുഹമ്മദിന് പകർന്നുനൽകിയിരുന്ന കരുണാവാല്‍സല്യങ്ങളും കൃപാർദ്രലാളനകളും അബൂതാലിബ് സഹോദരപുത്രനു നല്‍കാന്‍ ശ്രമിച്ചു.

പിതാമഹനില്‍ നിന്നനുഭവിച്ച സീമാതീതമായ കനിവ് താൻ പിതൃവ്യനില്‍നിന്നും വേണ്ടുവോളമനുഭവിച്ചുവെന്ന് മുഹമ്മദ് തന്നെ സാക്ഷിമൊഴി നൽകുന്നുണ്ട്. തന്റെ വലിയ കുടുംബത്തിന്റെ നടുവൊടിക്കുന്ന പ്രാരാബ്ധങ്ങള്‍ക്ക് നടുവിലും മുഹമ്മദിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാനും അതു നിവര്‍ത്തിച്ചുകൊടുക്കാനും അബൂതാലിബ് ആവുന്നതെല്ലാം ചെയ്തു. അദ്ദേഹത്തിന്റെ പത്‌നി ഫാത്വിമ അക്കാര്യത്തില്‍ പ്രിയതമനോട് മത്സരിച്ചു. അബൂതാലിബിന്റെ വീട്ടില്‍ താന്‍ അനുഭവിച്ച സ്‌നേഹശ്രദ്ധകൾ പില്‍ക്കല കഥാകഥനങ്ങളില്‍ പ്രവാചകൻ കൃതജ്ഞതാപൂര്‍വം ഓർത്തെടുക്കുന്നുണ്ട്. പലപ്പോഴും സ്വന്തം മക്കളെ പട്ടിണിക്കിരുത്തി ആ സാധ്വി അനാഥബാലനെ ഊട്ടാറുണ്ടായിരുന്നുവത്രേ!

(ഇത് ചരിത്രത്തിന്റെ ആസ്വാദനമാണ്, ചരിത്രരേഖയല്ല.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.