നബിചരിത്രത്തിന്റെ ഓരത്ത് -106

//നബിചരിത്രത്തിന്റെ ഓരത്ത് -106
//നബിചരിത്രത്തിന്റെ ഓരത്ത് -106
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -106

ചരിത്രാസ്വാദനം

ഉംറ

ഖയ്ബറിനുശേഷം ഒമ്പതു മാസം തുടര്‍ച്ചയായി പ്രവാചകന്‍ മദീനയില്‍തന്നെ കഴിഞ്ഞു. ചെറിയ ചില ഏറ്റുമുട്ടലുകളൊഴിച്ചാല്‍, വടക്കുള്ള വലിയ വിജയത്തിനും തെക്കന്‍ ഗോത്രങ്ങളുമായുള്ള സന്ധികള്‍ക്കും ശേഷം കടന്നുവന്നത് സ്വസ്ഥകാലമാണ്. ഹിജാസിലെ തോപ്പുകളില്‍നിന്നു ലഭിച്ചുതുടങ്ങിയ വരുമാനം, ആശ്വാസത്തോടൊപ്പം, പ്രവാചകന് ചില ഗാര്‍ഹിക പ്രശ്‌നങ്ങളും സമ്മാനിച്ചു.

ഒരു പ്രാഭാതത്തില്‍ പ്രവാചക ഭവനത്തിന്റെ പരിസരത്തുവന്ന് ഉമര്‍ അസ്വസ്ഥനായി നിന്നു. അകത്തുനിന്ന് സ്ത്രീജനങ്ങളുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നു. തിരുദൂതരുടെ സാന്നിധ്യമുള്ള ഒരു വീടിനുള്ളില്‍നിന്ന് ഇവ്വിധം ഉച്ചത്തില്‍ സ്ത്രീശബ്ദം ഉയർന്നുകൂടാ എന്നാണയാളുടെ ധാരണ. അതിനപ്പുറം, അന്നവിടെ സന്നിഹിതരായ സ്ത്രീകളെല്ലാം മക്കക്കാരായ കുറയ്ഷികളാണ്. അതിനര്‍ത്ഥം, എണ്ണമറ്റ തലമുറകളായി കുറഞ്ഞ അളവില്‍ നിയന്ത്രണം ശീലിച്ചവരും കൂടിയ അളവില്‍ തന്റേടികളുമായ മദീനക്കാരായ വനിതകളുമായുള്ള ഇടപഴകലിലൂടെ അവരുടെ പഠിപ്പുകള്‍ ശീലിച്ചിരിക്കുന്നു പലായിതരായെത്തിയ സ്ത്രീകളുമെന്ന തീര്‍പ്പിലെത്തിയിരിക്കുന്നു അയാള്‍. ഉമര്‍ സ്ഥലത്തെത്തുമ്പോള്‍, രണാര്‍ജിതസ്വത്തിലെ പ്രവാചകന്റെ അഞ്ചിലൊന്ന് വിഹിതത്തില്‍ വന്നുചേര്‍ന്നിട്ടുള്ള ചില ഉരുപ്പടികള്‍ തങ്ങള്‍ക്കു നല്‍കണമെന്ന് നബിയോടാവശ്യപ്പെടുകായായിരുന്നു അവര്‍. മുറിക്കു കുറുകെ കെട്ടിയ തുണികൊണ്ടുള്ള പടുത സൃഷ്ടിച്ചിരുന്ന മറവില്‍ ഉമര്‍ വാതില്‍ക്കല്‍ വന്നുനിന്നത് അവരറിഞ്ഞില്ല. അകത്തു കടക്കാനായി അയാള്‍ പ്രവാചകനോട് അനുമതി ചോദിച്ചപ്പോള്‍ മാത്രമാണയാളുടെ സാന്നിദ്ധ്യം അവര്‍ മനസ്സിലാക്കിയത്. ഉമറിന്റെ ശബ്ദം കേട്ടതും അവര്‍ വീടിന്റെ ഉള്ളകങ്ങളിലേക്ക് ചിതറിയോടി. ഉമര്‍ പ്രവാചകനെ നോക്കി, അദ്ദേഹമുണ്ട് മന്ദഹസിക്കുന്നു. ‘തിരുദൂതരേ, അങ്ങയുടെ ആയുഷ്‌കാലം അല്ലാഹു മന്ദഹാസംകൊണ്ട് നിറക്കട്ടെ,’ അയാള്‍ പറഞ്ഞു. ‘അത്ഭുതംതന്നെയിത്,’ പ്രവാചകന്‍ പറഞ്ഞു, ‘എന്നോടൊപ്പം ഇപ്പോള്‍ ഇവിടെയുണ്ടായിരുന്ന സ്ത്രീകള്‍, താങ്കളുടെ ശബ്ദം കേട്ടതും, എത്ര വേഗത്തിലാണ് ആ പടുതയ്ക്കു പിന്നിലേക്കോടിയൊളിച്ചത്!’ വലിഞ്ഞുമുറുകിയ ഉമറിന്റെ മുഖത്തെ ഞരമ്പുകള്‍ അതോടെ അയഞ്ഞുതുടങ്ങി.
‘അങ്ങ് ശരിക്കും അവരുടെ ആദരം പിടിച്ചുപറ്റിയിരിക്കുന്നു. അങ്ങയോടുള്ള ആദരത്താലും സ്‌നേഹത്താലുമവര്‍ അങ്ങയുടെ സന്നിധിയില്‍ ഭയമേതുമില്ലാതെ നില്‍ക്കുന്നു, എന്നാല്‍, എന്റെ കാര്യത്തില്‍ അവര്‍ ആ പ്രത്യേക അടുപ്പം കാണിക്കുന്നില്ല,’ ഉമര്‍ പറഞ്ഞു. ‘സ്വാത്മാക്കളുടെ എതിരാളികളേ, നിങ്ങള്‍ എന്നെ പേടിക്കുന്നു, അല്ലാഹുവിന്റെ ദൂതരെ നിങ്ങള്‍ പേടിക്കുന്നുമില്ല.’ സ്ത്രീകൾ പതുങ്ങിനിൽക്കുന്ന ഭാഗത്തു ചെന്ന് ഉമര്‍ പറഞ്ഞു, ‘അതങ്ങനെത്തന്നെയാണ്, താങ്കള്‍ പരുക്കനും തിരുദൂതരെക്കാളും കര്‍ക്കശക്കാരനുമാണ്.’ അവര്‍ പറഞ്ഞു. ‘ഖതാബിന്റെ മകനേ, അവരപ്പറഞ്ഞത് ശരിയാണ്,’ നബി ഇടപെട്ടു, ‘എന്റെ പ്രാണനാരുടെ കയ്യിലാണോ അവന്‍ സത്യം, താങ്കളൊരു വഴിയിലേക്ക് കടക്കുന്നത് കാണുന്ന ചെകുത്താന്‍ പിന്നെ വേറെ വഴിക്ക് തിരിഞ്ഞുപോകും.’

ഖയ്ബറില്‍നിന്നും ഫദകില്‍നിന്നും ലഭിച്ച സമ്പത്തും ഐശ്വര്യവും പ്രവാചകന്റെ വീടകങ്ങളിലെ സ്ത്രീകള്‍ക്ക് അദ്ദേഹത്തോട് ആവശ്യങ്ങള്‍ ചോദിക്കാനുള്ള ആത്മധൈര്യം നല്‍കിയിരിക്കുന്നു. ഉമ്മുഅയ്മന്‍ പോലും സഹായം ചോദിച്ചുകൊണ്ട് നബിയെ സമീപിച്ചു. പ്രവാചകന്റെ ഓര്‍മയുടെ എല്ലാ മുക്കിലും മൂലയിലും ഉമ്മുഅയ്മനുണ്ട്. മാതാവ് ആമിനയുടെ കൂടെ ബനുന്നജ്ജാറുകാരുടെ ഭവനങ്ങളില്‍ പിതാവിന്റെ കബറിടം സന്ദര്‍ശിക്കാന്‍ പോയതും, മാതാവ് അവിടെ മരണമടഞ്ഞതും, മിഴിനീരുറവ വറ്റാത്ത കണ്ണുകളും കലങ്ങിയ നെഞ്ചുകൂടുമായി മക്കയിലെത്തിയ ആറു വയസ്സുകാരനെ ഉമ്മുഅയ്മന്റെ തോളത്തുനിന്ന് വല്യുപ്പ അബ്ദുല്‍മുത്തലിബ് പിടിച്ചെടുക്കുന്നതുമായ മങ്ങിയ ഓര്‍മ്മ ഇന്നും പ്രവാചകന്റെ മനസ്സിലുണ്ട്. തനിക്കേറ്റവും പ്രിയങ്കരനായ സെയ്ദിന്റെ ധര്‍മപത്‌നി, ഓമനയായ ഉസാമയുടെ മാതാവ് പക്ഷേ, ഇന്നുവരെ ഒരാവശ്യവുമായി തന്റെ മുമ്പിലെത്തിയിട്ടില്ല. പ്രവാചക ഭവനത്തിലെ ദാരിദ്ര്യവും അരിഷ്ടതകളുമായി താദാത്മ്യപ്പെട്ട് കഴിഞ്ഞുകൂടിയ ആ ഉമ്മുഅയ്മനാണിപ്പോള്‍ പതിവു തെറ്റിച്ച് ആവശ്യവുമായി തന്റെ മുന്നില്‍ വന്നുനില്‍ക്കുന്നത്. ഏറിയ നാളുകളായി സ്വന്തമെന്ന് വിളിക്കാവുന്ന ഒരൊട്ടകത്തിനായി ഉള്ളിലൊരാശയുണ്ട്. ഇന്നവള്‍ നേരിട്ട് പ്രവാചകനെ കാണുകയും തന്റെ ആവശ്യം മുമ്പോട്ടുവെക്കുകയും ചെയ്തു. ‘ഒരൊട്ടകത്തിന്റെ കുട്ടിയുടെ പുറത്ത് ഞാന്‍ നിങ്ങളെ കയറ്റിയിരുത്തും,’ ചിരിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു. ‘തിരുദൂതരേ, അതു മതിയാകില്ല, അതെനിക്കു വേണ്ട താനും,’ ഒരൊട്ടകക്കുഞ്ഞിനെ നല്‍കുമെന്നാണ് പ്രവാചകന്‍ പറഞ്ഞതെന്ന ധാരണയില്‍ അവള്‍ പറഞ്ഞു. ‘അല്ല, ഞാനൊരൊട്ടകത്തിന്റെ കുട്ടിയുടെ പുറത്തേ നിങ്ങളെ കേറ്റൂ,’ പ്രവാചകന്‍ ആവര്‍ത്തിച്ചു. ഇരുവരും തമ്മിലുള്ള സ്‌നേഹം കലര്‍ന്ന തര്‍ക്കം കുറച്ചുനേരം നീണ്ടുനിന്നു. തെല്ലിട കഴിഞ്ഞാണ് ഉമ്മുഅയ്മന്, പ്രവാചകന്‍ തന്നോട് കളി പറയുകയായിരുന്നുവെന്ന് മനസ്സിലായത്, എല്ലാ ഒട്ടകങ്ങളും മറ്റൊരൊട്ടകത്തിന്റെ കിടാവാണല്ലോ. കണ്ണുകളില്‍ ഉപ്പുനീരിന്റെ പെരുക്കം. പുഞ്ചിരി വിരിഞ്ഞ ചുണ്ടുകള്‍ക്കിടയില്‍നിന്ന് ശിരോവസ്ത്രത്തിന്റെ തലപ്പെടുത്ത് അവള്‍ കണ്ണുകള്‍ തുടച്ചു.

ഖയ്ബര്‍ വിജയം പ്രവാചകന്റെ വിത്തസ്ഥിതി മെച്ചപ്പെടുത്തി. ഖയ്ബറിനു മുമ്പ് വയറുനിറയെ ഈത്തപ്പഴം കഴിക്കുകയെന്നാല്‍ എന്താണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ആഇഷ പറയുന്നുണ്ട്. പ്രവാചക ഭവനത്തിലെ ദാരിദ്ര്യം വിളിച്ചോതുന്ന മറ്റൊരു വാക്യമുണ്ടോ! പത്‌നിമാര്‍ തങ്ങള്‍ക്കാവശ്യമുള്ളത് മാത്രം നബിയോടു ചോദിക്കും, അതുതന്നെ വല്ലപ്പോഴും മാത്രം. ആശ്രിതര്‍ വര്‍ധിക്കുകയും ദാരിദ്ര്യം കടുക്കുകയും ചെയ്തു. രണാര്‍ജിത വസ്തുക്കളില്‍ ഉപയുക്തമായവ നബി അവര്‍ക്കു നല്‍കും, അല്ലാത്തവ വിറ്റ് അതിന്റെ പണം അദ്ദേഹം ദാനമായി നല്‍കും. എന്നാല്‍, ഖയ്ബറിനുശേഷം പത്‌നിമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ പ്രവാചകനാകുന്നുണ്ട്. അവരാകട്ടെ, സമ്മാനങ്ങള്‍ ചോദിച്ചുവാങ്ങുവാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇതു പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ഒരാള്‍ക്കു നല്‍കിയത് അതേ മാത്രയില്‍ മറ്റുള്ളവര്‍ക്കും വേണമെന്നവര്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു.

പ്രവാചക പത്‌നിമാരുടെ ഇടപെടല്‍ മറ്റു വഴിയില്‍ ഗുണകരമായി ഭവിച്ചു. ഒരിക്കല്‍ ഉമര്‍തന്നെ ഇക്കാര്യം പറയുന്നുണ്ട്, ‘അല്ലാഹുവാണ! സ്ത്രീജനങ്ങളെ സംബന്ധിച്ച് അവതീര്‍ണമായ ദിവ്യസൂക്തങ്ങളിലൂടെ അവര്‍ക്കുള്ള അവകാശങ്ങള്‍ നിശ്ചയിക്കപ്പെടുന്നതുവരെ, ഇസ്‌ലാംപൂര്‍വ കാലത്ത് ഒരു സ്ഥാനവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നില്ല.’

ഒരിക്കല്‍ എന്തോ കാര്യത്തിനായി ഒരുങ്ങുകയായിരുന്ന ഉമറിനോട്, ‘അങ്ങേക്ക് ഇങ്ങിനെ ചെയ്തുകൂടേ, അങ്ങിനെ ചെയ്തുകൂടേ’ എന്നൊക്കെയുള്ള മട്ടില്‍ പത്‌നി ചില നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെച്ചു. പെണ്ണ് കേറി തന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നത് ജാഹിലി കാലത്ത് കര്‍ക്കശക്കാരനായി വളര്‍ന്ന ഉമറിന് ഒട്ടും രുചിച്ചില്ല. ‘എന്റെ കാര്യത്തില്‍ നീ ഇടപെടുന്നതെന്തിന്?’ ഇത്തിരി പരുഷമായി അയാള്‍ ചോദിച്ചു.

‘ഖതാബിന്റെ മകനേ, അത്ഭുതംതന്നെ അങ്ങയുടെ കാര്യം, പ്രവാചക പത്‌നിമാര്‍ അദ്ദേഹത്തോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നു, എനിക്കതിനനുവാദവുമില്ല!’ അവള്‍ പറഞ്ഞു. പ്രവാചക പത്‌നിമാര്‍ അദ്ദേഹത്തോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നുവെങ്കില്‍ തനിക്കെന്തുകൊണ്ടത് സാധ്യമല്ല എന്നാണവളുടെ ന്യായം. ‘അവരിലൊരാള്‍ രാവിലെ മുതല്‍ രാത്രിവരെ യാതൊരു കൂസലുമില്ലാതെ അവിടത്തെ വെറിപിടിപ്പിക്കും വിധം സംസാരിക്കുന്നു.’ അവള്‍ തുടര്‍ന്നു. ‘അവരിലൊരാള്‍’ എന്നു പറഞ്ഞ് സഖി സൂചിപ്പിച്ച പ്രവാചകപത്‌നി സ്വന്തം മകള്‍ ഹഫ്‌സയായിരുന്നുവെന്ന അറിവില്‍ ഉമറിന്റെ മനസ്സ് തപിച്ചു. അയാള്‍ നേരെ മകളുടെ വീട്ടിലെത്തി അവളുമായി സംസാരിച്ചു. ‘മകളേ, തിരുദൂതരെ വെറിപിടിപ്പിക്കുംവിധം നീ അദ്ദേഹത്തോട് മറുത്ത് സംസാരിക്കാറുണ്ടോ?’ ഉമര്‍ ചോദിച്ചു. പിതാവു പറഞ്ഞത് നിഷേധിക്കാനൊന്നും ഹഫ്‌സ മിനക്കെട്ടില്ല, പക്ഷേ, വാക്കുകള്‍ മയപ്പെടുത്തി അദ്ദേഹം പറഞ്ഞത് ശരിവെച്ചു. ‘സത്യമായും ഞങ്ങളദ്ദേഹത്തെ എതിര്‍ക്കാറുണ്ട്,’ അവള്‍ പറഞ്ഞു. ‘ആഇഷയുടെ പ്രസരിപ്പോ, സെയ്‌നബിന്റെ സൗന്ദര്യമോ മകളേ തനിക്കില്ലെന്ന് നീ ഓര്‍ക്കണം,’ മകളുടെ ധാര്‍ഷ്ട്യത്തിന്റെ മുനയൊടിക്കാനായി ഉമര്‍ പറഞ്ഞത് ഏശിയില്ലെന്നായപ്പോള്‍ അടുത്ത ഘട്ടത്തിലേക്കു കടന്നു: ‘നീ പ്രവാചകനെ ക്ഷോഭിപ്പിച്ചാല്‍, അല്ലാഹു അവന്റെ ക്ഷോഭത്താല്‍ നിന്നെ ശിക്ഷിക്കുകയില്ല എന്ന് നിനക്കുറപ്പുണ്ടോ?’ മുന്നറീപ്പു നല്‍കി ഉമര്‍ ഇറങ്ങി. പിന്നീടു ചെന്നത് തന്റെ ബന്ധുകൂടിയായ ഉമ്മുസലമയുടെ വീട്ടിലേക്കാണ്. ‘യാതൊരാദരവുമില്ലാതെ നിങ്ങള്‍ തിരുദൂതരോട് സംസാരിക്കുന്നുവെന്നത് നേരാണോ?’ മുഖവുരയൊന്നുമില്ലാതെ ഉമര്‍ ചോദിച്ചു. ‘ഇത് അത്ഭുകരമായിരിക്കുന്നുവല്ലോ ഇബ്‌നുല്‍ ഖതാബ്! തിരുദൂതരുടെയും അദ്ദേഹത്തിന്റെ ധര്‍മദാരങ്ങളുടെയും ഇടയില്‍ വന്നുനില്‍ക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?’ ഉമറിന് നേരിട്ടൊരു മറുപടി നല്‍കുന്നതിനു പകരം മറുചോദ്യമുതിര്‍ത്ത് ഉമ്മുസലമ ഉമറിനെ നിരായുധനാക്കി. ‘അല്ലാഹുവാണ, അദ്ദേഹത്തോട് ഞങ്ങള്‍ മനം തുറക്കും, അദ്ദേഹം ഞങ്ങളെ അനുവദിക്കുന്നുവെങ്കില്‍ അതദ്ദേഹത്തിന്റെ കാര്യം. ഇനി അദ്ദേഹം നിരസിക്കുകയാണെങ്കിലോ, താങ്കളെ അനുസരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുസരിക്കും.’ താന്‍ അതിരുവിട്ടുവെന്നും അനാവശ്യമായി പ്രവാചകന്റെ ഗാര്‍ഹിക വിഷയങ്ങളില്‍ ഇടപെടുകയാണെന്നും ഉമറിനു ബോധ്യമായി. ഉമ്മുസലമയുടെ നീരസം കിനിയുന്ന വാക്കുകളിലുള്‍ച്ചേര്‍ന്ന പ്രതിഷേധം അയാളുടെ ധാരണകളെ തകര്‍ത്തുകളഞ്ഞു. എങ്കിലും, പ്രവാചകന്റെ ഭവനങ്ങളില്‍ എല്ലാം ഭദ്രമല്ല എന്നയാള്‍ക്കു തോന്നി.

മിസ്‌റിലെ ഭരണാധികാരി മുകവ്കിസിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകന്‍ അയച്ച കത്തിന് ഒഴിഞ്ഞുമാറിക്കൊണ്ടുള്ള മറുകുറിയാണദ്ദേഹം അയച്ചത്, എന്നാല്‍, മറുപടിയുമായി വന്ന ദൂതന്‍ വശം വിലമതിക്കാനാവാത്ത സമ്മാനങ്ങളാണ് മുകവ്കിസ് പ്രവാചകനുവേണ്ടി കൊടുത്തുവിട്ടിട്ടുള്ളത്. ആയിരം മിസ്‌കാല്‍ പൊന്ന്, മേത്തരം തുണികൊണ്ടുള്ള ഇരുപത് കുപ്പായങ്ങള്‍, ഒരു കോവര്‍ കഴുത, ഒരു പെണ്‍കഴുത, അവക്കെല്ലാം മേലെയായി രണ്ട് കിബ്തി അടിമപ്പെണ്‍കൊടികള്‍, അകമ്പടിയായി ഷണ്ഡനായ അന്തഃപുരപരിചാരകനും. സഹോദരിമാരായ മാരിയയും സീരീനുമായിരുന്നു ആ പെണ്‍കുട്ടികള്‍. സീരീനെ നബി ഹസ്സാന്‍ ബിന്‍ സാബിതിന് സമ്മാനിച്ചു. സ്വന്തം വീട് സജ്ജമാകുന്നതുവരെ സഫിയ്യ താമസിച്ചിരുന്ന വീട്ടിലാണ് മാരിയ ആദ്യം താമസിച്ചത്. പിന്നീടവളെ മേലെമദീനയിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു.

ഹുദയ്ബിയ്യായില്‍വെച്ച് ഉടമ്പടിയായ കരാര്‍ നിലവില്‍വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കരാര്‍ വ്യവസ്ഥ പ്രകാരം തലേവര്‍ഷം നടക്കാതെ പോയ ഉംറ തീര്‍ത്ഥാടനത്തിനായി മക്കയിലേക്കു പോകേണ്ട സമയമടുത്തിരിക്കുന്നു. പ്രവാചകന്നും അനുചരര്‍ക്കും ഇനി നിര്‍ഭയരായി മക്കയിലെ വിശുദ്ധഗേഹത്തിന്റെ പവിത്രപരിസരങ്ങളിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉംറ നിര്‍വഹിക്കാം. കുറയ്ഷ് അവരെ തടയുകയില്ലെന്ന് കരാറിലെ വ്യവസ്ഥ ഉറപ്പുനൽകുന്നുണ്ട്. ഉംറ നിര്‍വഹിക്കാനായി മാത്രം സന്നാഹങ്ങളൊരുക്കാന്‍ പ്രവാചകന്‍ വിളംബരം നടത്തി. തലേവര്‍ഷം അദ്ദേഹത്തോടൊപ്പം യാത്രചെയ്ത് ഉംറ നിര്‍വഹിക്കാനാകാതെ തിരിച്ചുപോന്ന തീര്‍ത്ഥാടകരടക്കം രണ്ടായിരം വിശ്വാസികളാണ് ഇത്തവണ തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്നത്. ഹുദയ്ബിയ്യ ദൗത്യത്തില്‍ പങ്കെടുത്തിട്ടില്ലാത്ത, ബനൂദൗസ് ഗോത്രജനായ അബൂഹുറയ്‌റയും തീര്‍ത്ഥാടകരുടെ കൂട്ടത്തിലുണ്ട്. ഖയ്ബര്‍ ആക്രമണത്തിന്റെ സമയത്ത് സ്വന്തം ഗോത്രജരായ ഏതാനും പേരോടൊപ്പം മദീനയിലെത്തിയതാണ് ദരിദ്രനും വിജ്ഞാനകുതുകിയുമായ അബൂഹുറയ്‌റ. രണ്ടുനിലക്കും സുഫ്ഫക്കാരിലൊരാളാകാന്‍ സര്‍വഥാ യോഗ്യന്‍. അങ്ങനെയാണയാള്‍ അബൂദര്‍ അല്‍ഗിഫാരിയെയും സല്‍മാന്‍ അല്‍ഫാരിസിയെയുംപോലെ സുഫ്ഫക്കാരിലൊരാളാകുന്നത്. അബ്ദുര്‍റഹ്മാന്‍ എന്നാണയാളുടെ പേരെങ്കിലും അബൂഹുറയ്‌റ എന്ന പേരിലാണ് അറിയപ്പെട്ടത്. പ്രവാചകനെപ്പോലെ അയാളും പൂച്ചകളെ ഇഷ്ടപ്പെട്ടു. അവയെ അതിരനുവദിക്കുന്നതുവരെ ഓമനിച്ചു. അബൂഹുറയ്‌റയുടെ കൂട്ടായി മിക്കപ്പോഴും ഒരു പൂച്ചയുമുണ്ടാകും. ഫലമായി അവരയാളെ ‘പൂച്ചക്കാരന്‍’ എന്ന പേരിലോര്‍ത്തുവെച്ചു. പില്‍ക്കാലക്കാര്‍ അയാളുടെ യഥാര്‍ത്ഥ പേരുപോലും ഓര്‍ത്തുവെക്കാതിരിക്കാന്‍ മാത്രം അബൂഹുറയ്‌റ എന്ന ആ പേര് അയാളുമായി ഇഴുകിനിന്നു.
മക്കയിലേക്കുള്ള ഈ യാത്രയില്‍ അയാളെയായിരുന്നു, ബലിയറുക്കാനായി കൊണ്ടുപോകുന്ന ഒരുകൂട്ടം ഒട്ടകങ്ങളുടെ ചുമതല പ്രവാചകന്‍ ഏല്പിച്ചത്.

അറബിയുടെ വേഷവിധാനത്തിന്റെ ഭാഗമായി ധരിക്കാറുള്ള ഉറയിലുറങ്ങുന്ന ഉടവാള്‍ മാറ്റിനിര്‍ത്തിയാല്‍ തീര്‍ത്ഥാടകര്‍ നിരായുധരാണ്. അവാച്യവും അനിര്‍വചനീയവുമായ വികാരങ്ങളാണ് തീര്‍ത്ഥാടകരുടെ മനസ്സിലിപ്പോള്‍ ഇളകിമറിയുന്നത്. ഏഴു വര്‍ഷം മുമ്പ് തങ്ങളുടെ പ്രിയപ്പെട്ട മാതൃഭൂമിയെ പിരിഞ്ഞ മുഹാജിറുകളുണ്ടവരില്‍. മക്കയുമായി വ്യാപാരബന്ധവും വിശുദ്ധഗേഹവുമായി ആത്മീയബന്ധവുമുള്ള അന്‍സാറുകളുമുണ്ട്. വിശുദ്ധഗേഹം അപ്രദക്ഷിണം ചെയ്യാനുള്ള അടക്കാനാവാത്ത അഭിലാഷം അവരെ മുമ്പോട്ടു നയിച്ചു.

മുസ്‌ലിംകള്‍ മക്കയുടെ അതിര്‍ത്തിയിലെത്തിയെന്ന വാര്‍ത്ത മക്കയില്‍ പരന്നതോടെ. കുറയ്ഷ് നഗരത്തില്‍നിന്ന് പിന്‍വാങ്ങി ചുറ്റുമുള്ള മലകളിലേക്കു കയറി അവിടെ തമ്പുകളുയര്‍ത്തി. കുറയ്ഷി മൂപ്പന്മാര്‍, കഅ്ബാലയവും പരിസരവും മാത്രമല്ല, മക്കാ നഗരത്തിന്റെ മുഴുക്കെയുള്ള കൃത്യമായ പരിദര്‍ശനം സാധ്യമാകുന്ന അബൂകുബയ്‌സ് പര്‍വതത്തിലാണ് ചെന്നിരുന്നത്. വടക്കുപടിഞ്ഞാറന്‍ വഴിത്താരയിലൂടെ പ്രശാന്തമൊഴുകുന്നൊരു നദിപോലെ തീര്‍ത്ഥാടകര്‍ മക്കാ താഴ്‌വാരത്തില്‍ പ്രവേശിക്കുന്നത് നിര്‍ന്നിമേഷം അവര്‍ നോക്കിനിന്നു. തീര്‍ത്ഥാടകരുടെ ഹൃദയങ്ങളില്‍നിന്നു നിര്‍ഗളിച്ച കാലത്തെ അതീജീവിച്ച വിശുദ്ധമന്ത്രം ഇപ്പോള്‍ അവര്‍ക്ക് വ്യക്തമായി കേള്‍ക്കാം. ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്…

തീര്‍ത്ഥാടകരുടെ നീണ്ട നിരയെ കസ്‌വായുടെ പുറത്തിരുന്നുകൊണ്ട് പ്രവാചകന്‍ നയിക്കുന്നതും അവര്‍ കണ്‍പാര്‍ത്തു. അനുചരര്‍, പൂര്‍ണേന്ദുവിനെ ചൂഴ്ന്ന പരിവേഷമെന്നപോലെ, അദ്ദേഹത്തിനു ചുറ്റും സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും വലയം തീര്‍ക്കുന്നുണ്ട്. അബ്ദുല്ലാഹ് ബിന്‍ റബാഹ് കസ്‌വായുടെ കടിഞ്ഞാണ്‍ കയ്യിലേന്തി മുമ്പില്‍ നടക്കുന്നു. ഏറ്റവുമെളുപ്പത്തില്‍ വിശുദ്ധഗേഹത്തിലെത്തിച്ചേരാവുന്ന വഴിയിലൂടെയാണവര്‍ നീങ്ങുന്നത്. ഇഴയിടാത്ത ഇഹ്‌റാമിന്റെ ശുഭ്രവേഷത്തില്‍ അവര്‍ വിശുദ്ധഗേഹത്തിന്റെ പവിത്രപരിസരങ്ങളില്‍ പ്രവേശിച്ചു.

(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.