
ചരിത്രാസ്വാദനം
കുടുംബകാര്യങ്ങള്‍
ഖയ്ബര്‍ ദൗത്യം പൂര്‍ത്തിയായി എന്നു പറയാറായിട്ടില്ല; മടക്കയാത്ര നേരിട്ട് മദീനയിലേക്കുമല്ല, അല്പം പടിഞ്ഞാറുമാറി, വാദില്‍കുറാ വഴിയാണ്. ഒരേ മതത്തിൽ വിശ്വസിക്കുന്നവരെന്ന നിലയിലും, കര്‍ഷക സമൂഹമെന്ന നിലയിലും ഖയ്ബറിലെയും വാദില്‍കുറായിലെയും യഹൂദര്‍ തമ്മില്‍ സ്വാഭാവികമായ ബാന്ധവം നിലനില്‍ക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ, മൂന്നു നാളുകള്‍ക്കുശേഷം വാദില്‍കുറാ കീഴൊതുങ്ങുമ്പോള്‍ ഖയ്ബറുമായുള്ള സന്ധിയിലുള്ളതിനു പുറമെ പുതിയ നിബന്ധനങ്ങള്‍ മുസ്‌ലിംകള്‍ക്ക് മുമ്പോട്ടുവെക്കേണ്ടി വന്നില്ല.
ഖയ്ബറിലെ കോട്ടകളിലൊന്ന് ആക്രമിക്കുന്നതിനിടെ, എങ്ങനെയോ സ്വന്തം വാള്‍ത്തലപ്പേറ്റ് പ്രവാചകന്റെ അനുചരന്‍ ഇബ്‌നുല്‍ അക്‌വാ മൃതിയടഞ്ഞു. അയാളെ രക്തസാക്ഷികളിലൊരാളായി എണ്ണാനാവില്ലെന്നു പറഞ്ഞ അന്‍സാരിയെ പ്രവാചകന്‍ തിരുത്തി. നീന്തല്‍ക്കാരന്‍ വെള്ളത്തിലൂടെയെന്നപോലെ, ഇബ്‌നുല്‍ അക്‌വാഅ് പറുദീസയിലെ പൂങ്കാവനങ്ങളിലൂടെ സഞ്ചരിക്കുമെന്നദ്ദേഹം പറഞ്ഞു. പ്രത്യക്ഷത്തില്‍ സമാനതയുള്ള മറ്റൊരു സംഭവത്തില്‍ പ്രവാചകന്റെ വിധി മറിച്ചായിരുന്നു. വാദില്‍കുറാ ആക്രമണവേളയിലാണത്. അടിമയായിരുന്ന കര്‍കറ തന്റെ ഒട്ടകത്തിന്റെ ജീനി അഴിച്ചുമാറ്റവെ, അപ്രതീക്ഷിതമായി പറന്നെത്തിയ അമ്പേറ്റ് തല്‍ക്ഷണം മരിച്ചുവീണു. എന്നാല്‍, ഖയ്ബറില്‍വെച്ച് താന്‍ മോഷ്ടിച്ച കുപ്പായത്തിനകത്തുകിടന്ന് അയാള്‍ ഇപ്പോഴും നരകത്തീയില്‍ നീറുകയാണെന്ന് നബി വിശ്വാസികളെ തെര്യപ്പെടുത്തി. പ്രവാചകനുള്‍ക്കൊള്ളുന്ന സമൂഹത്തില്‍ അദ്ദേഹത്തോടൊപ്പം ജീവിക്കാനാകുന്നത്, സവിശേഷഭാഗ്യം എന്നതിനെക്കാള്‍, വലിയ ഉത്തരവാദിത്വമാണെന്ന് ഇടക്കിടെ ഓര്‍മിപ്പിക്കുക അദ്ദേഹത്തിന്റെ രീതിയാണ്. കാലത്തിന്റെ മറ്റേതു ഘട്ടത്തില്‍ ജീവിച്ചിരുന്നവരുടേതിനെക്കാളും അല്ലാഹു കണിശമായി കണക്കെടുപ്പു നടത്തുക പ്രവാചകന്റെ കാലത്തു ജീവിച്ചവരുടെ കാര്യത്തിലായിരിക്കുമെന്നുറപ്പാണ്.
ഏഴാഴ്ച നീണ്ടുനിന്ന ദൗത്യം പൂര്‍ത്തിയാക്കി മുസ്‌ലിംസേന വിജയശ്രീലാളിതരായി മദീനയില്‍ തിരിച്ചെത്തുമ്പോള്‍ അത്യന്തം ആനന്ദദായിയായൊരു വാര്‍ത്ത പ്രവാചകനെ കാത്തുകിടക്കുന്നുണ്ട്. പ്രിയങ്കരനായ പിതൃവ്യന്‍ അബൂതാലിബിന്റെ പുത്രന്‍ ജഅ്ഫറും സംഘവും നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം അബിസീനിയയില്‍നിന്ന് മടങ്ങിയെത്തിയിരിക്കുന്നു. മക്കയില്‍ കുറയ്ഷികളഴിച്ചുവിട്ട കൊടിയ പീഡനങ്ങളില്‍നിന്നുള്ള അഭയമന്വേഷിച്ച് പതിനേഴാം വയസ്സിലാണ് ജഅ്ഫര്‍ ഹബ്ഷയുടെ സുരക്ഷിത തീരം പിടിക്കുന്നത്. കത്തിടപാടുകളിലൂടെ പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും പതിമൂന്നുവര്‍ഷത്തിനുശേഷം ആദ്യമായി മുഖാമുഖം കാണുകയാണിരുവരും. പിതാവിനെക്കാള്‍ താന്‍ സ്‌നേഹിക്കുന്ന തിരുദൂതരുടെ ഗാഢാശ്ലേഷത്തിലമര്‍ന്ന ജഅ്ഫറിന്റെ കണ്ണുകള്‍ നിറഞ്ഞുതൂവി. സഹോദരനുമായുള്ള വാഗതീതമായ ഈ പുനഃസമാഗമത്തെക്കുറിച്ചാണ് പ്രവാചകന്‍ അന്നു പറഞ്ഞത്, ‘ജഅ്ഫറിന്റെ വരവാണോ, ഖയ്ബറിലെ വിജയമാണോ തനിക്ക് കൂടുതല്‍ ആഹ്ളാദമേകിയതെന്ന് പറയാനാകില്ല’. ജഅ്ഫറിന്റെ ഭാര്യ അസ്മ, മക്കളായ അബ്ദുല്ലാഹ്, മുഹമ്മദ്, അബിസീനിയയില്‍ ഭൂജാതനായ ഔന്‍ എന്നിവരും സംഘത്തിലുണ്ട്.
നബിയുടെ പത്‌നി ഉമ്മുഹബീബയും സംഘത്തോടൊപ്പം മദീനയിലെത്തിയിട്ടുണ്ട്. അവര്‍ക്കു താമസിക്കാനുള്ള ഭവനവും തയ്യാറാണ്. അബിസീനിയയില്‍ നേഗസ് ചക്രവര്‍ത്തി നടത്തിയ വിവാഹസല്‍ക്കാരത്തിനു പുറമെ, വധൂവരന്മാരുടെ സമാഗമത്തിന്റെ സന്തോഷവേളയില്‍ മദീനയില്‍വെച്ച് പ്രവാചകന്‍ മറ്റൊന്നുകൂടി നടത്തി. മുപ്പത്തിയഞ്ചു വയസ്സാണ് ഉമ്മുഹബീബയുടെ പ്രായം. ആഇഷയല്ലാത്ത പ്രവാചകപത്‌നിമാരെല്ലാം മക്കയില്‍വെച്ച് അവളെ മുമ്പ് കണ്ടിട്ടുണ്ട്. സെയ്‌നബിന്റെ സഹോദരപത്‌നിയായിരുന്നു ഒരിക്കലവള്‍. സൗദയും ഉമ്മുസലമയുമാകട്ടെ അവളോടൊപ്പം അബിസീനിയയില്‍ കഴിഞ്ഞിട്ടുണ്ട്. ഉമ്മുഹബീബയുടെ വരവ് മദീനയില്‍ പ്രതീക്ഷിക്കപ്പെട്ടതാണ്, അതിനാല്‍, മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍, യൗവനയുക്തയും സുന്ദരിയുമായിരുന്ന സഫിയ്യയുടെ വരവ് ആരും പ്രതീക്ഷിച്ചതല്ല. ഇത് പ്രവാചകപത്‌നിമാര്‍ക്കിടയില്‍ ചില തിരയിളക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സഫിയ്യക്കുവേണ്ടിയുള്ള വീട് തയ്യാറാകുന്നതുവരെ, ഹാരിസയുടെ വീട്ടിലാണവള്‍ താമസിക്കുക. തങ്ങളുടെ പുതിയ സഹകളത്രത്തെക്കുറിച്ചന്വേഷിക്കുന്നതിനായി ഉമ്മുസലമയുടെ അടുത്തേക്ക് ആഇഷയുടെ ദൂതുപോയി. ‘തീര്‍ച്ചയായും അവള്‍ സുന്ദരിയാണ്,’ ഉമ്മുസലമ പറഞ്ഞു, ‘തിരുദൂതര്‍ അവളെ സ്‌നേഹിക്കുന്നുമുണ്ട്.’
ആഇഷ നേരിട്ട് ഹാരിസയുടെ വീട്ടിലെത്തി. നവവധുവിനെ കാണാനായെത്തിയ സ്ത്രീകള്‍ക്കിടയില്‍, ആരാലും തിരിച്ചറിയപ്പെടാത്തവിധം ആച്ഛാദിത വദനയായി അവൾ ഒരു മൂലയിലിരുന്നു. പെണ്‍കൂട്ടത്തിന്റെ പിറകിലാണിരുന്നതെങ്കിലും പുതിയ സപത്‌നിയെ തടസ്സമില്ലാതെ കണ്‍പാര്‍ക്കാവുന്ന അകലത്തിലാണവളുള്ളത്. കേട്ടത് ശരിയാണ്; സഫിയ്യ സുന്ദരിയാണ്. അല്പനേരം അവിടെ ചെലവഴിച്ച് ഹാരിസയുടെ വീട്ടില്‍നിന്നിറങ്ങയ ആഇഷയെ പ്രവാചകന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവള്‍ക്കു പിന്നിലായി നബിയുമിറങ്ങി. ‘ആഇഷാ’, നബി വിളിച്ചു. അവള്‍ തിരിഞ്ഞുനോക്കി. ‘എങ്ങനെയുണ്ടവള്‍?’ നബി ചോദിച്ചു.
‘ഒരു യഹൂദസ്ത്രീ, അല്ലാതെന്താ?’ കുശുമ്പ് മറച്ചുവെക്കാന്‍ മിനക്കെടാതെ അവള്‍ പറഞ്ഞു.
‘അങ്ങനെ പറയരുത്, അവള്‍ മുസ്‌ലിമാണ്, കറയറ്റ മുസ്‌ലിം,’ നബി പ്രിയതമയെ തിരുത്തി. എന്നാല്‍, സ്വന്തം പിതാവിന്റെ പേരില്‍ സഫിയ പതിവായി സപത്‌നിമാരുടെ കുത്തുവാക്കുകള്‍ക്കിരയായി. പിതാവിന്റെ പേരുചേര്‍ത്ത് മക്കളെ വിളിക്കുന്നത് സാധാരണ നിലയില്‍ ആദരവും സ്‌നേഹവും ദ്യോതിപ്പിക്കാനാണെങ്കിലും, സ്വരത്തില്‍ മാറ്റംവരുത്തി, ‘ഹുയയ്യിന്റെ പുത്രീ’ എന്നവര്‍ അഭിസംബോധനചെയ്യുന്നത് പക്ഷേ, തന്നെ പരിഹസിക്കാനാണെന്ന് സഫിയ്യക്കു തോന്നി. പ്രവാചകന്റെ വധുവായെത്തിയ ആദ്യനാളുകളിലൊരിക്കലവള്‍ നീര്‍മിഴി തുടച്ചുകൊണ്ട് ഇതേക്കുറിച്ച് പ്രവാചകനോട് പരാതി പറഞ്ഞു. നബി പറഞ്ഞു, ‘എന്റെ പിതാവ് ഹാറൂന്‍ ആണ്; പിതൃവ്യന്‍ മൂസയും, എന്ന് അവരോടു ചെന്ന് പറഞ്ഞേക്ക്.’
പ്രവാചകന്റെ പത്‌നിമാരില്‍ പ്രായത്തില്‍ സഫിയ്യയുമായി അടുത്തുനില്‍ക്കുന്നത് ആഇഷയാണ്. അവളുടെ ആശങ്കയേറ്റാന്‍ അതുതന്നെ ധാരാളമാണ്. എന്നാല്‍, ആഴ്ചകള്‍ കടന്നുപോയതോടെ ആശങ്കകളൊഴിഞ്ഞു. ആഇഷയുടെ മനസ്സില്‍ സഫിയ്യയോടൊരു സഹതാപവും സഹാനഭൂതിയും തളിരിട്ടു. തിരിച്ച്, സഫിയ്യ ആഇഷയോടുമടുത്തു.
ആഇഷക്കന്ന് പതിനാറു വയസ്സാണ് പ്രായം. അവളുടെ വികാരങ്ങള്‍, അതെന്തായാലും, മുഖത്തു പ്രകടമായി, മിക്കപ്പോഴും വാക്കുകളിലൂടെതന്നെ പുറത്തുവന്നു. ഹൃദയത്തിന്റെ സ്പന്ദനങ്ങളും പ്രതിസ്പന്ദനങ്ങളും സൂക്ഷമമായി സംവേദനം ചെയ്ത സവിശേഷമായൊരു ബന്ധമാണ് പ്രവാചകനും ആഇഷക്കുമിടയിലുള്ളത്. ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘ആഇഷ, നിങ്ങള്‍ക്കെന്നോട് അനിഷ്ടമുണ്ടെങ്കിലത് മുഖത്ത് പ്രകടമാകും; ഇഷ്ടമുണ്ടെങ്കിലുമതെ.’
‘എന്റെ ഉമ്മയെക്കാളും ഉപ്പയെക്കാളും ഞാന്‍ സ്‌നേഹിക്കുന്നവനേ, അങ്ങേക്കെങ്ങനെയത് മനസ്സിലാകും?’ആഇഷ ചോദിച്ചു.
‘നിങ്ങള്‍ സത്യം ചെയ്യുമ്പോഴാണത് പ്രകടമാവുക. സന്തോഷവതിയാണെങ്കില്‍ പറയും, മുഹമ്മദിന്റെ നാഥന്‍തന്നെ സത്യം എന്ന്; ഇഷ്ടക്കേടിലാണെങ്കില്‍ പറയുക, ഇബ്‌റാഹീമിന്റെ നാഥന്‍തന്നെ സത്യം എന്നായിരിക്കും.’
‘ഞാന്‍ മാത്രമാണ് സപത്‌നിമാരില്‍ അങ്ങയുമായുള്ള വിവാഹത്തിനുമുമ്പ് മറ്റൊരു ഭര്‍ത്താവുമൊത്ത് ജീവിച്ചിട്ടില്ലാത്ത ആള്‍. ബാക്കിയെല്ലാവര്‍ക്കും അങ്ങേക്കു മുമ്പ് ഭര്‍ത്താവുണ്ടായിരുന്നു,’ ഒരിക്കലവള്‍ പ്രവാചകനോടു പറഞ്ഞു. എന്നാല്‍, പ്രിയപത്‌നിയുടെ സംസാരത്തിലെ സ്വരഭേദം തിരിച്ചറിഞ്ഞുവെങ്കിലും ചിരിച്ചതല്ലാതെ അദ്ദേഹം മറുത്തൊന്നുമുരിയാടിയില്ല.
‘അങ്ങയുടെ പത്‌നിമാരില്‍ ആരെല്ലാമാണ് സ്വര്‍ഗത്തിലുള്ളത്?’ മറ്റൊരിക്കല്‍ ആഇഷ പ്രവാചകനോടു ചോദിച്ചു. ‘നിങ്ങളവരിലുണ്ട്,’ എന്ന പ്രവാചകന്റ മറുപടി മതിയായിരുന്നു തുടര്‍ന്നുള്ള അവളുടെ ജീവിതത്തെ ആനന്ദഭരിതമാക്കാന്‍. വീണ്ടുമൊരിക്കല്‍ പ്രവാചകന്‍ പത്‌നിയോടു പറയുന്നുണ്ട്, ‘ജിബ്‌റാഇല്‍ മാലാഖ ഇവിടെയുണ്ട്, നിങ്ങള്‍ക്ക് സലാം നേര്‍ന്നിരിക്കുന്നു.’ അവള്‍ അതീവ സന്തുഷ്ടയായി, ‘അദ്ദേഹത്തില്‍ സമാധാനമുണ്ടാകട്ടെ, അല്ലാഹുവിന്റെ കരുണാശിസ്സുകളുമുണ്ടാകട്ടെ,’ അവള്‍ പറഞ്ഞു.
സപത്‌നിമാരോടുണ്ടായിരുന്ന തന്റെ കുശുമ്പ് പില്‍ക്കാല കഥാകഥനങ്ങളില്‍ ആഇഷ മറച്ചുവെക്കുന്നില്ല, ‘ഖദീജയോടുള്ളത്ര കുശുമ്പ് എനിക്ക് സപത്‌നിമാരിലാരോടുമുണ്ടായിട്ടില്ല. നബി അവരുടെ പേര് ഇടക്കിടെ പരാമര്‍ശിക്കുന്നതും, സ്വര്‍ഗത്തില്‍ അവര്‍ക്കുണ്ട് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുള്ള രത്‌നഖചിതമായ മാളികയുമാണതിനു കാരണം. കുടുംബത്തില്‍ ഒരാടിനെയറുത്താൽ ചെറുതല്ലാത്തൊരു ഭാഗം അവരുടെ കൂട്ടുകാരികള്‍ക്കായി പ്രവാചകന്‍ കൊടുത്തുവിടും. പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട് ഖദീജയല്ലാതെ ലോകത്തൊരു സ്ത്രീയുമില്ലാത്തതുപോലെയാണല്ലോ അങ്ങയുടെ സമീപനമെന്ന്.’
അതിദ്രുതമായിരുന്നു ആഇഷയുടെ സംവേദനങ്ങളും പ്രതികരണങ്ങളും. ജീവിതത്തിലൊരിക്കലും താന്‍ കണ്ടിട്ടില്ലാത്ത ഖദീജയോടുള്ള അവളുടെ കൗതുകകരമായ അസൂയ അനൈച്ഛികമായി പുറത്തുവന്ന സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്. ഖയ്ബറിനുശേഷം, അതല്ലെങ്കില്‍ അതിനു തൊട്ടുമുമ്പായിരിക്കാമത്. അബുല്‍ആസിന്റെ മാതാവ് ഹാല മദീനയിലെത്തി. മരുമകള്‍ സെയ്‌നബിനെയും പേരക്കുട്ടികളായ അലിയെയും ഉമാമയെയും കാണുകയാണു ലക്ഷ്യം. ആഇഷയുടെ വീട്ടിലാണ് നബിയെന്നറിഞ്ഞ് ഹാല അവിടെയെത്തി കതകില്‍ മുട്ടി, അകത്തുവരട്ടെയെന്ന് അനുമതി ചോദിച്ചതും പ്രവാചകന്റെ മുഖം വിളറി വല്ലാതായി. ആഇഷക്കറിയാം, ഹാലയുടെ ശബ്ദത്തില്‍ അവരുടെ സഹോദരി ഖദീജയുടെ സ്വരമാണ് നബി കേള്‍ക്കുന്നതെന്ന്. പിന്നീട് നബിയത് സ്ഥിരീകരിക്കുകയും ചെയ്തു. ഹാലയുടെ ശബ്ദം മാത്രമല്ല, അനുമതി ചോദിച്ചുകൊണ്ടുള്ള ശൈലിയിലും ഹാല മണ്‍മറഞ്ഞ പ്രിയപത്‌നിയുടെ തനിസ്വരൂപമുണ്ടായിരുന്നത്രെ.
പ്രായമേറെയായ സൗദ പ്രവാചകനുമൊത്തുള്ള തന്റെ ദിനങ്ങള്‍ ആഇഷക്കു നല്‍കി. പ്രിയതമനെയത് തുഷ്ടിപ്പെടുത്തുമെന്ന് അവള്‍ക്കറിയാം. പ്രവാചകന് ആഇഷയോടുള്ള സ്‌നേഹത്തിന്റെ ആഴം മറ്റു പത്‌നിമാര്‍ക്കെന്നല്ല, മദീനയില്‍ എല്ലാവര്‍ക്കുമറിയാം. പത്‌നിമാരടക്കം കുടുംബാംഗങ്ങളെല്ലാമുള്ള ഒരൊത്തിരിപ്പില്‍ തനിക്ക് സമ്മാനമായി ലഭിച്ച ഗോമേദകം പതിപ്പിച്ച മാല പ്രദര്‍ശിപ്പിച്ചുകൊണ്ട് നബി പറഞ്ഞു, ‘മറ്റാരെക്കാളും ഞാന്‍ സ്‌നേഹിക്കുന്നവള്‍ക്ക് ഞാനീ മാല നല്‍കുകയാണ്.’
‘അത് മറ്റാര്‍ക്കുമല്ല, അബൂബക്‌റിന്റെ മകള്‍ക്കുള്ളതാണ്,’ പത്‌നിമാര്‍ അടക്കം പറഞ്ഞു. അല്പനേരം നബി പരിണാമഗുപ്തി നിലനിര്‍ത്തി. പിന്നെ, കൊച്ചുമകള്‍ ഉമാമയെ അടുത്തുവിളിച്ച് ആ മാല അവളുടെ കഴുത്തിലണിയിച്ചു. സെയ്‌നബിന്റെ മക്കളായ അലിയോടും ഉമാമയോടും ഫാത്വിമയുടെ മക്കളായ ഹസനോടും ഹുസയ്‌നോടും, സെയ്ദിന്റെ മകന്‍ ഉസാമയോടുമെല്ലാമുള്ള തിരുദൂതരുടെ വാത്സല്യം അന്യാദൃശമാണ്.
ഖയ്ബര്‍ വിജയത്തിനുശേഷം, അബൂബക്‌റിന്റെയും ഉമറിന്റെയും നേതൃത്വത്തിലുള്ള രണ്ടെണ്ണമടക്കം, താരതമ്യേന ചെറിയ ചില അഭിയാനങ്ങള്‍ നടക്കുന്നുണ്ട്. യമനിലേക്കുള്ള മുസ്‌ലിംകളുടെ പ്രവേശത്തിന് തടസ്സമായി നില്‍ക്കുന്ന ഹവാസിന്‍ ഗോത്രങ്ങള്‍ക്കെതിരെയുള്ളതാണീ മിന്നലാക്രമണങ്ങള്‍. ഗതഫാനും ബനൂമുര്‍റക്കുമെതിരെയും സൈനിക നീക്കങ്ങളുണ്ടാകുന്നുണ്ട്. കപ്പം നല്‍കാമെന്ന വ്യവസ്ഥയില്‍ ഫദകിലെ യഹൂദര്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കു കീഴിലാണുള്ളത്; അവരെ മറ്റു ഗോത്രങ്ങളുടെ കടന്നുകേറ്റങ്ങളില്‍നിന്നു സംരക്ഷിക്കേണ്ട ബാധ്യത ഉടമ്പടി പ്രകാരം മദീനക്കുണ്ട്. ചില ബദവി ഗോത്രങ്ങള്‍ ഫദകിനെതിരെ മിന്നലാക്രമണങ്ങളഴിച്ചുവിട്ടതോടെ ഫദക് നിവാസികള്‍ മദീനയോടു സഹായംതേടി. കൊള്ളക്കാരുടെ യഥാര്‍ത്ഥ ശക്തി മനസ്സിലാക്കാതെ മുപ്പതുപേരടങ്ങുന്ന കൊച്ചുസംഘത്തെയാണ് അവരെ നേരിടാനായി മദീന അങ്ങോട്ടയച്ചത്. ഏകദേശം സര്‍വരും ശത്രുക്കളുടെ കയ്യാല്‍ മൃത്യു ഏറ്റുവാങ്ങി. വിവരമറിഞ്ഞതും ഇരുന്നൂറംഗങ്ങളുള്ളൊരു സൈന്യത്തെ പ്രവാചകന്‍ അങ്ങോട്ടയച്ചു. ശത്രുക്കള്‍ക്ക് വലിയ തോതില്‍ ആൾനഷ്ടം വരുത്തിവെച്ച ആക്രമണത്തില്‍ പ്രതിരോധം സാധ്യമാകാതെ അവര്‍ ഓടിപ്പോവുകയാണുണ്ടായത്. ഏതാനും പേരെ മുസ്‌ലിംകള്‍ ബന്ദികളാക്കുകയും ചെയ്തു.
കൗമാരം പിന്നിട്ടിട്ടില്ലാത്ത ഉസാമ ബിന്‍ സെയ്ദ് ബിന്‍ ഹാരിസ ഈ സംഘത്തില്‍ അംഗമായി. ഖന്ദക് പ്രതിരോധത്തില്‍ അയാള്‍ തന്നാലായത് നിര്‍വഹിച്ചിരുന്നുവെങ്കിലും ഒരു സമ്പൂര്‍ണ സൈനികനായത് ഇപ്പോഴാണ്. അയാളുടെ കിശോരവദനം നോക്കി പരിഹസിച്ച ശത്രുസൈനികന് വൈകാതെതന്നെ അതിലെ അബദ്ധം ബോധ്യമായി. ശരവേഗത്തില്‍ തന്റെ നേരെ ചീറിയടുക്കുന്ന ഉസാമയെ കണ്ടതും അയാള്‍ മരുഭൂമിയുടെ നീളത്തിലൂടെ ഓടി; ഉസാമ വിടാതെ പിന്നിലും. സൈന്യം നിന്നിടത്തുനിന്ന് വിദൂരതയിലൊരിടത്തുവെച്ച് ഉസാമ ബദവിയെ പിടിച്ചുവീഴ്ത്തി. ഉസാമയുടെ ബലിഷ്ഠമായ ശരീരത്തിനു കീഴില്‍ അനങ്ങാനാകാതെ അയാള്‍ വിശ്വാസം പ്രഖ്യാപിച്ചു, ‘ലാ ഇലാഹ ഇല്ലല്ലാഹ്.’ എന്നാല്‍, അംഗപ്രത്യംഗം ക്ഷോഭം ഇരച്ചുകയറിയ യുവാവ് അതു പരിഗണിച്ചില്ല. താന്‍ കളിയാക്കിയ കുട്ടിയുടെ കൈക്കുതന്നെ ഒടുവില്‍ ബദവി മരണമേറ്റുവാങ്ങി.
സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞു. രാവു കറുത്തുവരുന്നു. ‘എവിടെ ഉസാമ?’ സേനാനായകന്‍ ഗാലിബ് ബിന്‍ അബ്ദുല്ല സഹസൈനികരോടായി ചോദിച്ചു. എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും കൂട്ടംതെറ്റരുതെന്നും പറഞ്ഞതായിരുന്നുവല്ലോ. അബ്ദുല്ലയുടെ ആശങ്ക അതിനെക്കാള്‍ കൂടിയ തോതില്‍ സൈനികരുടെ മനസ്സിലുമുണ്ടായി. അവര്‍ക്കറിയാം, അവരുടെ പ്രവാചകന്‍ ഉസാമയെ എത്രമേല്‍ സ്‌നേഹിക്കുന്നുവെന്ന്. ആശങ്ക ഉച്ചിയിലിരിക്കവെ, ഉസാമ തിരിച്ചെത്തി. ഗാലിബ് അയാളെ ശാസിച്ചു. പരിഹസിച്ച ബദവിക്കു പിറകെ പോയി അയാളെ വധിച്ചതിനുശേഷമാണ് താന്‍ വരുന്നതെന്നയാള്‍ പറഞ്ഞു. അതിനിടെ അയാള്‍ വിശ്വാസം പ്രഖ്യാപിച്ചതും താനത് പരിഗണിക്കാതിരുന്നതും ആവേശത്തോടെ വിവരിച്ച് ഉസാമ വാചാലനായി. അതോടെ പ്രവാചകന്റെ അനുചരന്മാരായിരുന്ന സൈനികര്‍ കൂട്ടമായി അയാളെ ശകാരിച്ചു. വിട്ടുപോയ വിവേകം യുവാവിന്റെ മനസ്സിലേക്ക് പതുക്കെ തിരിച്ചെത്തി. അയാള്‍ തന്റെ മുഖം കൈക്കുമ്പിളിലാക്കി ഇരിപ്പായി. കുറ്റബോധത്താല്‍, തിരിച്ചുള്ള യാത്രയില്‍ ഭക്ഷണം കഴിക്കാന്‍പോലുമയാള്‍ വിമുഖനായി.
സദൃശമായ സംഭവങ്ങളെ പുരസ്‌കരിച്ചൊരു കുര്‍ആന്‍ സൂക്തമുണ്ട്. ശത്രുപക്ഷത്തുനിലയുറപ്പിച്ചുകൊണ്ട് പൊരുതിയ ഒരാള്‍ വധിക്കപ്പെടുമെന്നായപ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലി വിശ്വാസം പ്രഖ്യാപിച്ചതും, ലഭിക്കാനിരിക്കുന്ന രണാര്‍ജിതസ്വത്തുക്കള്‍ നഷ്ടപ്പെടുമെന്നു ഭയന്ന മുസ്‌ലിം സൈനികന്‍ പ്രതിയോഗിയെ വധിച്ചപ്പോള്‍ അങ്ങനെ ചെയ്യരുതെന്നനുശാസിക്കുന്നതുമായ ഒരു സൂക്തം. ഉസാമ പക്ഷേ, ഗനീമത്തിനു പകരം സ്വന്തം ആത്മാഭിമാനത്തിനുവേണ്ടിയാണ് എതിരാളിയുടെ വിശ്വാസ പ്രഖ്യാപനത്തെ അവഗണിച്ചതെങ്കിലും തത്ത്വത്തില്‍ രണ്ടും ഒന്നുതന്നെ. ‘വിശ്വസിച്ചവരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പോയാല്‍ നിങ്ങള്‍ ശത്രുവിനെയും മിത്രത്തെയും വേര്‍ത്തിരിച്ചറിയണം. നിങ്ങള്‍ളോട് സലാം ആശംസിച്ചവരോട് ചെറുജീവിതത്തിലെ നേട്ടം കൊതിച്ച്, ‘നിങ്ങള്‍ വിശ്വാസിയല്ല’ എന്നു പറയരുത്. നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്റടുക്കലുണ്ട്. നിങ്ങളും മുമ്പ് അവരുടെ അവസ്ഥയിലായിരുന്നല്ലോ. പിന്നീട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചു. അതിനാല്‍, കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.’
സംഘം മദീനയില്‍ തിരിച്ചെത്തിയതിനു പുറകെ ഉസാമ പ്രവാചക സന്നിധിയിലെത്തി അദ്ദേഹത്തിന്റെ ആശ്ലേഷത്തിലമര്‍ന്നു. ‘നിങ്ങളുടെ ദൗത്യത്തെക്കുറിച്ച് പറയൂ,’ നബി കുശലാന്വേഷണം തുടങ്ങി. സംഭവങ്ങളെല്ലാം വിശദമായി ഉസാമ സംസാരിച്ചു. ശത്രുവിനെ പിന്തുടര്‍ന്നു വകവരുത്തിയ സംഭവം ഒന്നും ചോരാതെ ഉസാമ വിവരിച്ചു. അതോടെ, പ്രവാചകന്‍ മൗനിയായി, ‘അയാള്‍ ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലിയശേഷവും നീ അയാളെ കൊന്നുകളഞ്ഞോ?’ അദ്ദേഹം കടുത്ത് ചോദിച്ചു. ‘വധത്തില്‍നിന്ന് രക്ഷപ്പെടാനായി അയാള്‍ പറഞ്ഞതാണത് തിരുദൂതരേ,’ ഉസാമ തന്റെ ഭാഗം ന്യായീകരിച്ചു. ‘നീ അയാളുടെ ഹൃദയം പിളര്‍ന്ന് പരിശോധിച്ചുവോ?’ സ്വരം കൂടുതല്‍ കടുത്തിട്ടുണ്ട്. ആ ദിവസത്തിനുശേഷം ജന്മമെടുത്താല്‍ മതിയായിരുന്നുവെന്ന് തോന്നിയിരുന്നതായി പിന്നീട് ഉസാമ പറയുന്നുണ്ട്.
പല പ്രധാന ദൗത്യങ്ങളും ഏറ്റെടുത്ത് നടത്തുന്നതിനായി അയാള്‍ക്കുള്ളൊരു പങ്ക് വരാനിരിക്കുന്ന കാലം അതിന്റെ ചുരുളുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.
(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.