ധ്രുവ പ്രദേശങ്ങളിലെ നോമ്പ് സമയം: നാസ്‌തികവിമർശനം അടിസ്ഥാനരഹിതം

//ധ്രുവ പ്രദേശങ്ങളിലെ നോമ്പ് സമയം: നാസ്‌തികവിമർശനം അടിസ്ഥാനരഹിതം
//ധ്രുവ പ്രദേശങ്ങളിലെ നോമ്പ് സമയം: നാസ്‌തികവിമർശനം അടിസ്ഥാനരഹിതം
ആനുകാലികം

ധ്രുവ പ്രദേശങ്ങളിലെ നോമ്പ് സമയം: നാസ്‌തികവിമർശനം അടിസ്ഥാനരഹിതം

Print Now
പ്രഭാതോദയം മുതൽ സൂര്യാസ്തമയം വരെ വ്രതമനുഷ്ഠിക്കുകയെന്ന ഇസ്‌ലാമിക നിയമം അറേബ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാസങ്ങൾ നീണ്ടുനിൽക്കുന്ന രാപ്പകലുകൾ അനുഭവപ്പെടുന്ന ധ്രുവ പ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രസ്‌തുത നിയമമനുസരിച്ച് വ്രതമനുഷ്ഠിക്കുക സാധ്യമല്ലെന്നും അതിനാൽ പ്രസ്‌തുത നിയമം തീർത്തും അശാസ്‌ത്രീയമാണെന്നും നാസ്തികരടക്കമുള്ള ഇസ്‌ലാം വിമർശകർ വാദിക്കാറുണ്ട്. റമദാൻ വ്രതാനുഷ്ഠാനം മനുഷ്യബുദ്ധിയിൽ ഉത്ഭവിച്ച ഒരു കർമ്മമാണെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അവർ വിമർശനമുന്നയിക്കുന്നു.

ഇതാണ് വസ്‌തുത

മറ്റെല്ലാ വിമർശനങ്ങളെയും പോലെത്തന്നെ ഈ വിമർശനവും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് മുന്നിൽ തകർന്നടിയുന്നതാണ് നമുക്ക് കാണാനാവുക. നവ്വാസ് ബിൻ സംആൻ (റ) എന്ന സ്വഹാബിയിൽ നിന്നുദ്ധരിക്കപ്പെട്ട ദീർഘമായ ഹദീഥിൽ ലോകാവസാനത്തോടനുബന്ധിച്ചുള്ള ദജ്ജാലിന്റെ വരവിനെക്കുറിച്ച് നബിﷺയും അനുചരന്മാരും (സ്വഹാബികൾ) തമ്മിലുള്ള ചർച്ചയ്ക്കിടെ അപ്പോഴത്തെ ദിവസങ്ങളുടെ ദൈർഘ്യത്തെക്കുറിച്ച് പറയുന്ന ഭാഗം കാണുക:

قُلْنَا يَا رَسُولَ اللَّهِ وَمَا لُبْثُهُ فِي الأَرْضِ قَالَ ‏”‏ أَرْبَعُونَ يَوْمًا يَوْمٌ كَسَنَةٍ وَيَوْمٌ كَشَهْرٍ وَيَوْمٌ كَجُمُعَةٍ وَسَائِرُ أَيَّامِهِ كَأَيَّامِكُمْ ‏”‏ ‏.‏ قُلْنَا يَا رَسُولَ اللَّهِ فَذَلِكَ الْيَوْمُ الَّذِي كَسَنَةٍ تَكْفِينَا فِيهِ صَلاَةُ يَوْمٍ قَالَ ‏”‏ فَاقْدُرُوا لَهُ قَدْرًا ”‏

ഞങ്ങൾ ചോദിച്ചു: ‘അവൻ എത്ര കാലം ഭൂമിയിൽ താമസിക്കും?’ നബി ﷺ മറുപടി പറഞ്ഞു: “നാൽപത് ദിവസം. അതിലെ ഒരു ദിവസം ഒരു വർഷത്തിനും മറ്റൊരു ദിവസം ഒരു മാസത്തിനും വേറൊരു ദിവസം ഒരാഴ്ചയ്ക്കും തുല്യമാണ് (അത്രയധികം ദൈർഘ്യമേറിയ ദിനങ്ങൾ). ബാക്കിയുള്ള ദിവസങ്ങൾ നിങ്ങളുടെ സാധാരണ ദിവസങ്ങൾപോലെത്തന്നെ.” അപ്പോൾ ഞങ്ങൾ ചോദിച്ചു: ‘ഒരു വർഷം നീണ്ടു നിൽക്കുന്ന ആ ദിനത്തിൽ ഒരു ദിവസത്തെ നമസ്ക്കാരങ്ങൾ മതിയാകുമോ?’ നബി ﷺ പറഞ്ഞു: “മതിയാവില്ല. നിങ്ങൾ കണക്കു കൂട്ടി അതനുസരിച്ച് നമസ്ക്കാരങ്ങൾ നിർവ്വഹിക്കണം.” (ഇബ്നുമാജ 4075, https://sunnah.com/ibnmajah/36/150).

ഒരു വർഷം വരെ ദൈർഘ്യമുള്ള അഥവാ ആറു മാസം രാത്രിയും ആറു മാസം പകലും അനുഭവപ്പെടുന്ന ഒരു ദിനം വരാനുണ്ടെന്നും ആ ദിവസത്തെ നമ്മുടെ സാധാരണ ദിനങ്ങൾ പോലെ കൃത്യമായി ഭാഗിച്ച് സമയനിർണയം നടത്തി നമസ്‌കാരങ്ങൾ നിർവഹിക്കണമെന്നുമാണ് നബി ﷺ ഇതിലൂടെ പഠിപ്പിക്കുന്നത്. ഇരുപത്തിനാല് മണിക്കൂർ ദൈർഘ്യമുള്ള ദിനങ്ങളായി ഭാഗിച്ച് സമയനിർണയം നടത്തണമെന്നർത്ഥം. നോമ്പിന്റെ സമയനിർണയവും ഈ രീതിയിൽത്തന്നെയാണ് കണക്കാക്കേണ്ടത്. കാരണം, സുബ്‌ഹ്‌ നമസ്കാരത്തിന്റെ സമയാരംഭം മുതൽ മഗ്‌രിബ് നമസ്കാരത്തിന്റെ സമയാരംഭം വരെയാണല്ലോ വ്രതാനുഷ്ഠാന സമയം.

നടേ ഉദ്ധരിച്ച ഹദീഥിൽ പറഞ്ഞതിന് സമാനമായ അവസ്ഥയാണ് ധ്രുവ പ്രദേശങ്ങളിലുള്ളത്. ഒരു വർഷത്തിന്റെ ദൈർഘ്യമുള്ള ദിവസങ്ങൾ അനുഭവപ്പെടുന്ന സ്ഥലങ്ങൾ ഭൂമിയിലുണ്ട് എന്നർത്ഥം. ഉത്തരധ്രുവരേഖയിൽനിന്നു വടക്കോട്ടു പോകുന്തോറും സൂര്യൻ അസ്‌തമിക്കാത്ത പകലുകളുടെയും സൂര്യൻ ഉദിക്കാത്ത രാത്രികളുടെയും എണ്ണം കൂടുന്നു. അന്റാർട്ടിക് സോണിലും ഇതേ പ്രതിഭാസം നടക്കുന്നു. അങ്ങനെ, ധ്രുവങ്ങളിൽ ആറു മാസം പകലും ആറു മാസം രാത്രിയുമായിരിക്കും. അതിനാൽ ഉത്തര ധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും ഒരു ദിവസത്തിന്റെ ദൈർഘ്യം ഒരു വർഷത്തേതിന് തുല്യമാണ്. ഭൂമിയുടെ 23.5 ഡിഗ്രി ചരിവും സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവും നിമിത്തമാണിത്. ഈ ഹദീഥ് ഉൾക്കൊണ്ടുകൊണ്ടാണ് പ്രസ്തുത പ്രദേശങ്ങളിലെ മുസ്‌ലിംകൾ നമസ്ക്കാരത്തിന്റെയും വ്രതാനുഷ്ഠാനത്തിന്റെയുമെല്ലാം സമയനിർണയം നടത്തുന്നത്. (https://islamqa.info/en/answers/5842/how-to-pray-and-fast-in-countries-where-the-day-or-night-is-continuous).

ഇസ്‌ലാം ഏത് കാലത്തേക്കും സ്ഥലത്തേക്കും അനുയോജ്യവും പ്രായോഗികവുമാണ്. ഇസ്‌ലാമികനിയമങ്ങൾ തീർത്തും അന്യൂനമാണ്. പ്രപഞ്ചസ്രഷ്ടാവ് അവതരിപ്പിച്ച നിയമങ്ങളായതിനാലാണ് അവയിൽ ന്യൂനതകളില്ലാത്തത്. ഇസ്‌ലാമിനെതിരെയുള്ള ഓരോ വിമർശനവും പരിശോധിക്കുമ്പോൾ ഇസ്‌ലാമിന്റെ അജയ്യതയാണ് നമുക്കുമുന്നിൽ തെളിഞ്ഞുവരുന്നത്. അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനുള്ള ശ്രമം പാഴ്‌വേലയാണ്. “അവര്‍ അവരുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.” (ഖുർആൻ 61:8)

4 Comments

 • Maashaa Allah Great

  സിനോജ് 02.05.2021
 • Pakshe niskara samayam kanakkaakkunnhadh vadiyude nizhaline okke adisthanappeduthiyalle appol dhruvanggalil ullavark adh baadhagam alle

  Zain 03.05.2021
  • Abdthe karyam orth tension avanda.athavar nokikolum

   Fayis 05.05.2021
 • In that case tge prayer timing shud hv bn uniform all over tge world. All shud hv bn following Saudi time.
  Stupid!!

  A 04.05.2021

Leave a comment

Your email address will not be published.