മനുഷ്യനെ ഫിസിക്കലായും സ്പിരിച്വലായും വാർത്തെടുക്കൽ വിശുദ്ധ ഖുർആനിന്റെ പരമമായ ലക്ഷ്യമാണ്. ചിന്തിക്കുന്ന ഏതൊരു ബുദ്ധിക്കും ആ വശ്യവചസ്സിൽ ആത്മീയതയുടെ കാമ്പും കാതലും കാണാൻ കഴിയും. മനുഷ്യ മനസ്സിനെ സംസ്കരിക്കുകയെന്നത് ദൈവദൂതന്റെയും ദൂതിന്റെയും ലക്ഷ്യമായിരുന്നു. മനുഷ്യനെ ചൂഷണവിധേയമാക്കിത്തീർക്കുന്ന അടിസ്ഥാന ഘടകങ്ങളായ തിന്മകളിൽ നിന്ന് അവനെ ശുദ്ധീകരിച്ച് അവന്റെ മോചനത്തിന് സ്ഥായീഭാവം നൽകുകയാണ് ഖുർആൻ ചെയ്തിരിക്കുന്നത്. തിന്മകൾ എങ്ങനെ മനുഷ്യ ജീവിതത്തെ ഗ്രസിക്കുന്നുവെന്നും തിന്മകളിൽ നിന്നുള്ള മുക്തി ജീവിതത്തെ എങ്ങനെ മഹത്വപൂർണവും വിജയപ്രദവും ആക്കിത്തീർക്കുന്നുവെന്നും വ്യക്തമാക്കികൊടുത്തുകൊണ്ട് ജീവിതത്തെ ആകെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുകയാണ് ഖുർആൻ ചെയ്യുന്നത്.
അല്ലഹു പറയുന്നു:
,فَلَا ٱقْتَحَمَ ٱلْعَقَبَةَ, وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ, فَكُّ رَقَبَةٍ, أَوْ إِطْعَـٰمٌۭ فِى يَوْمٍۢ ذِى مَسْغَبَةٍۢ, يَتِيمًۭا ذَا مَقْرَبَةٍ, أَوْ مِسْكِينًۭا ذَا مَتْرَبَةٍۢ, ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
“എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. മലമ്പാത എന്തെന്ന് നിനക്കെന്തറിയാം? അത് അടിമയുടെ മോചനമാണ്. അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം. അടുത്ത ബന്ധുവായ അനാഥയ്ക്ക്. അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്. പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്”. (90: 11-17). മാത്രവുമല്ല, പ്രവാചകന്മാരുടെ കഥനങ്ങളിലൂടെ തിന്മകൾക്കെതിരായ പടയൊരുക്കത്തിന് അവർ നേതൃത്വം വഹിച്ചതെങ്ങനെയെന്നും വേദഗ്രന്ഥം പഠിപ്പിക്കുന്നു. സദൂം സമൂഹം ബഹുദൈവ വിശ്വാസികളായി അധാർമികതയും അനാശാസ്യവും പുൽകിക്കൊണ്ടിരിക്കെ അവരെ സദാചാരത്തിലേക്ക് നയിക്കാനായിരുന്നു ലൂത്ത് നബി നിയോഗിതനായത്. (7: 80-81, 11: 78-80, 26: 169). ശത്രുവിന് മാപ്പ് നല്കണമെന്നും തിന്മയെ നന്മകൊണ്ട് നേരിടണമെന്നുമുള്ള പാഠം യൂസുഫ് നബി സമൂഹത്തെ പഠിപ്പിക്കുന്നു. (12: 92, 12: 102). ഹിജാസിനും ഫലസ്തീനുമിടയിലുള്ള മദ്‌യൻ നിവാസികൾ ബഹുദൈവാരാധകരും ഇടപാടുകളിൽ സത്യസന്ധത പാലിക്കാത്തവരും അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് ജനങ്ങളെ വഞ്ചിക്കുന്നവരുമായിരുന്നു. ഇവരെ സന്മാർഗത്തിലേക്കു നയിക്കാനാണ് ശുഐബ് നബി നിയുക്തനായത്. (7: 85-87, 11: 84-86, 26: 177-184). മൂസാ നബി ഇസ്രായേലി ജനസമൂഹത്തെ ഫിർഔന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനായി അത്യദ്ധ്വാനം ചെയ്തു. സേച്ഛാധിപധികളുടെ അടിമത്തത്തിൽ നിന്ന് മോചനം നേടാൻ ജനങ്ങൾക്കു അവകാശമുണ്ടെന്നും സ്വാതന്ത്രത്തിനും നീതിക്കും വേണ്ടി പൊരുതുന്ന ദുർബല വിഭാഗങ്ങളെ സഹായിക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നുവെന്നും മൂസ നബി ജനതയെ പഠിപ്പിച്ചു. (28: 5-6). മാർഗഭ്രംശം വന്ന ജൂതന്മാർക്കിടയിൽ ധർമ്മ പ്രബോധനം നിർവഹിക്കുകയായിരുന്നു ഈസ നബി ചെയ്തത് (19:30). മുഹമ്മദീയ പ്രവാചകത്വമാകട്ടെ ഇവയുടെയൊക്കെ പൂർത്തീകരണമായിരുന്നു:
كَمَآ أَرْسَلْنَا فِيكُمْ رَسُولًۭا مِّنكُمْ يَتْلُوا۟ عَلَيْكُمْ ءَايَـٰتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ
“നാം നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെ ദൂതനെ അയച്ചുതന്നപോലെയാണിത്. അദ്ദേഹമോ നിങ്ങള്‍ക്ക് നമ്മുടെ സൂക്തങ്ങള്‍ ഓതിത്തരുന്നു. നിങ്ങളെ സംസ്കരിക്കുന്നു. വേദവും വിജ്ഞാനവും പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്നു” (2:151).
എന്താണ് യഥാർത്ഥത്തിൽ പുണ്യമെന്ന് അദ്ദേഹത്തിലൂടെ പഠിപ്പിക്കപ്പെടുകയായിരുന്നു. “നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും ചെലവഴിക്കുക; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപത്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ തന്നെയാണ് യഥാര്‍ഥ ഭക്തന്മാര്‍” (2:177). പ്രിയ പ്രവാചകന്റെ ധാർമിക സ്വഭാവത്തെ വിലയിരുത്തിക്കൊണ്ട് ഖുർആൻ പറയുന്നു:
فَبِمَا رَحْمَةٍۢ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
“അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (3: 159). ചുറ്റുമുള്ള ജനതയുടെ വിചാരവികാരങ്ങൾ പരിഗണിക്കാത്ത പ്രോബോധന സംസ്കരണ പ്രവർത്തങ്ങൾ അസാധുവാണെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. മാത്രവുമല്ല ഏത്യോപ്യയിലേക്ക് ഹിജ്റ പോയ മുസ്ലീങ്ങളെ വിട്ടുകിട്ടാനായി നജ്ജാശി രാജാവിനെ സമീപിച്ച ഖുറൈശി പ്രമുഖരുടെ സാന്നിധ്യത്തിൽ കൊട്ടാരത്തിൽ വെച്ച് മുസ്ലിം നേതാവ് ജഅ്ഫർ ബിൻ അബീത്വാലിബ് നടത്തിയ പ്രഭാഷണം മുഹമ്മദ് നബി അറേബ്യയിൽ വരുത്തിയ മാനുഷികവും ധാർമികവുമായ പരിവർത്തനങ്ങൾ കൃത്യമായി വരച്ചു കാട്ടാൻ പോന്നതാണ്. അങ്ങനെ ധാർമികവും ആത്മീയവുമായ ചട്ടക്കൂടിൽ ജനലക്ഷങ്ങളെ സംസ്‌കരിക്കലായിരുന്നു വിശുദ്ധ ഖുർആന്റെ പരമ ലക്ഷ്യം.
ഇസ്ലാമിക പ്രബോധന രംഗത്ത് പ്രവാചകൻമാരുടെ നേരായ പാത പിൻ തുടരുവാൻ ഇതുപോലെയുള്ള എഴുത്തുകൾക്ക് സാധിക്കും
ഖുത്തുബകൾക്ക് ഈ പ്രമേയം വളരെ ഉപകാരമാണ്
എല്ലാ പ്രവർത്തനവും الله സ്വീകരിക്കട്ടെ
ആമീൻ