ദൈവമുണ്ടോ? -1

ശാസ്ത്രം / തത്ത്വശാസ്ത്രം

ദൈവമുണ്ടോ? -1

Print Now
ദൈവമുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യ നാഗരികതകളുടെ സംവാദ പഴക്കമുണ്ടാകും. ദൈവമുണ്ടെന്ന് വാദിക്കുന്നവര്‍ ആസ്തികര്‍ (THEISTS) എന്നും, ഇല്ലായെന്ന് വാദിക്കുന്നവര്‍ നാസ്‌തികര്‍ (ATHEISTS) എന്നും തിരിഞ്ഞ് നൂറ്റാണ്ടുകളായി ഈ വിഷയം സംവദിച്ചുകൊണ്ടിരിക്കുന്നു. പ്രാചീന ഗ്രീക്ക് തത്ത്വചിന്തകർ മുതല്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് വരെ വിവിധ വാദങ്ങള്‍ ഉന്നയിച്ച് ഈ സംവാദ ചരിത്രത്തില്‍ പങ്കാളികളായി. ഇന്നും ഇതുതന്നെ തുടരുന്നു..

ഇത്തരം സംവാദങ്ങള്‍ കൊണ്ടെല്ലാം എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലായെന്ന് പറയാന്‍ കഴിയില്ല. ദൈവത്തെ സംബന്ധിച്ചും യുക്തിയെ സംബന്ധിച്ചും പ്രപഞ്ചത്തെ സംബന്ധിച്ചുമൊക്കെ ബുദ്ധിപരമായ ഉള്‍കാഴ്ചയുണ്ടാക്കാനും ചില തീര്‍പ്പുകളിലെത്താനും ഇത്തരം സംവാദങ്ങള്‍ സഹായിച്ചിട്ടുണ്ട്. പ്രധാനമായും ജ്ഞാനശാസ്ത്രപരമായി ഒരസ്ഥിത്വത്തെ പൂര്‍ണമായും നിരാകരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ദൈവത്തെയും പൂര്‍ണമായും നിരാകരിക്കുക സാധ്യമല്ലെന്നും പറയുന്നതുവരെ നവനാസ്‌തികരെ കൊണ്ടെത്തിച്ചത് ഈ തത്ത്വശാസ്ത്രപരമായ ബൗദ്ധിക സംവാദങ്ങളാണ്.

നാസ്‌തികര്‍ ഈ പരിമിതി വ്യക്തമാക്കി തുടങ്ങിയതിന് നവനാസ്‌തിക തരംഗങ്ങള്‍ക്കെല്ലാം പ്രധാന കാരണമായിയെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള റിച്ചാര്‍ഡ് ഡോക്വിന്‍സ് പോലും ഒരുദാഹരണമാണ്. ദൈവമില്ലെന്ന വാദത്തില്‍ തനിക്ക് നൂറു ശതമാനം ഉറപ്പൊന്നുമില്ലെന്ന് ഡോക്കിന്‍സ് പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതുകാണാം. ദി നേച്ചര്‍ ഓഫ് ഹ്യൂമണ്‍ ബീയിങ്‌സ് ആന്റ് ദി ക്വസ്റ്റ്യന്‍ ഓഫ് ദെയര്‍ അള്‍ട്ടിമേറ്റ് ഒറിജിന്‍ എന്ന തലക്കെട്ടില്‍ 2012 ഫെബ്രുവരിയില്‍ ഓക്‌സഫഡില്‍ വച്ച് സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചയിലാണ് ഡോക്കിന്‍സ് തന്റെ അവിശ്വാസത്തിനോടുള്ള വിശ്വാസമില്ലായ്മ പറയുന്നത്.
തങ്ങള്‍ ഒരിക്കലും ദൈവമില്ലായെന്നല്ല വാദിക്കുന്നത്, മറിച്ച് ദൈവമുണ്ടായിരിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ് തങ്ങളുടെ വാദമെന്നും ഡോക്കിന്‍സ് കൂട്ടിച്ചേര്‍ക്കുന്നു. THERE IS NO GOD (ദൈവമില്ല) എന്ന വാദത്തില്‍നിന്നും THERE IS PROBABLY NO GOD (ഏറെക്കുറെ ദൈവമില്ലാതിരിക്കാനാണ് സാധ്യത) എന്ന് പറയുന്നതിലേക്ക് നാസ്‌തികതയെ കൊണ്ടെത്തിച്ചുവെന്ന പ്രശംസനീയമായ ധര്‍മമാണ് ഡോക്കിന്‍സ് ചെയ്തിട്ടുള്ളത് എന്നുകാണാം.

നിരീക്ഷണമേഖലയ്ക്ക് പുറത്തുള്ള(UNOBSERVED) യാതൊന്നിന്റെ അസ്തിത്വത്തെയും നിരാകരിക്കാന്‍ കഴിയില്ലെന്നും അത് ശാസ്ത്രവിരുദ്ധമായ കടുംപിടുത്തം കൂടിയാണെന്നും കഴിഞ്ഞ ഭാഗങ്ങളിലായി വിശദീകരിച്ചതാണ്. അപ്പോള്‍ ദൈവത്തെ നിഷേധിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല അത് അശാസ്ത്രീയവുമാണ്. ഇത് ലേശമെങ്കിലും യാഥാര്‍ത്ഥ്യ ബോധമുള്ള പല നാസ്‌തികര്‍ തന്നെയും അംഗീകരിച്ചു തുടങ്ങിയതായും കാണാം. ഒരസ്തിത്വത്തെയും പൂര്‍ണമായി ഇല്ലായെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് നാസ്‌തികതയുടെ അടിസ്ഥാനം തന്നെ തെളിയിക്കാന്‍ കഴിയാത്തതാണെന്നും (UNPROVABLE CLAIM) മലയാളത്തിലെ തന്നെ മുന്‍നിര നാസ്‌തിക പ്രഭാഷകര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അപ്പോള്‍ ദൈവമുണ്ടെന്നു വാദിക്കാന്‍ ആണ് തെളിവുള്ളത് -അതിനുമാത്രം.

പ്രപഞ്ചങ്ങളുടെ മൂലകാരണം

ദൈവത്തെ സംബന്ധിച്ച അന്വേഷണങ്ങളുടെയെല്ലാം മർമ്മം പ്രപഞ്ചത്തിന്റെ തന്നെ അസ്തിത്വമാണ്. എന്തുകൊണ്ട് മനുഷ്യനടക്കമുള്ള സര്‍വ്വതും നിലനില്‍ക്കുന്നുവെന്ന ചോദ്യത്തില്‍ നിന്നാണ് സകലതിന്റെയും സൃഷ്ടിപ്പിനും സംവിധാനത്തിനും കാരണമായതെന്തെന്ന ചർച്ചയുണ്ടാകുന്നത്. പ്രപഞ്ച നിലനില്‍പിന്റെ തന്നെ തത്ത്വശാസ്ത്രപരമായ അവലോകനങ്ങളില്‍നിന്നാണ് ഒരുപിടി ഫിലോസഫിക്കലായ വാദങ്ങള്‍ പിന്നെ ദൈവത്തെ സ്ഥാപിക്കുന്നതെന്ന് കാണാം. പ്രപഞ്ചത്തിന്റെ കാരണങ്ങളെ തേടി ഒടുക്കം ദൈവത്തില്‍ എത്തലാണിവയെല്ലാം.
ഭൗതികമായി നിലനില്‍ക്കുന്ന ഏതൊന്നിനും ഒരു ബാഹ്യകാരണം അനിവാര്യമായി വരുന്നു എന്ന നിരീക്ഷണത്തില്‍ നിന്നാണ് കാര്യകാരണബന്ധങ്ങളെ സംബന്ധിച്ച ഈ ചര്‍ച്ച തുടങ്ങുന്നത്.
ഉദാഹരണത്തിന് നിങ്ങളുടെ കയ്യിലിരിക്കുന്ന ഈ പുസ്തകം, അതിലെ ഓരോ അക്ഷരങ്ങളും, നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം, മേശ, കസേര, …… തുടങ്ങി ഏതൊരു ഭൗതിക വസ്തുവിനെയെടുത്താലും അതുണ്ടായി വന്നത് മറ്റ് കാരണങ്ങളുടെ പ്രവൃത്തികൊണ്ടാണ്. ഈ പുസ്തകം നിങ്ങള്‍ വായിക്കുന്നത് ഞാന്‍ അത് എഴുതിയതുകൊണ്ടാണ്. മേശയും കസേരയും വസ്ത്രങ്ങളുമൊക്കെ മറ്റാരോയെല്ലാം ഉണ്ടാക്കിയതാണ്. നിങ്ങള്‍ കാണുന്ന ഓരോ അരിമണിയ്ക്കും, മണ്‍തരിയ്ക്ക് പോലും പിറകില്‍ ഇങ്ങനെ അനേകം കാരണങ്ങളുണ്ട്. ഇതാണ് കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് ആശ്രയിക്കുന്ന ആദ്യത്തെ വസ്തുത.

കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് ഏതൊന്നിനും പിറകിലെ കാരണത്തെയാണ് സ്ഥാപിക്കുന്നത്. എങ്കില്‍ ഡിപ്പന്റന്‍സി ആര്‍ഗ്യുമെന്റ് പറയുന്നത് നിലനില്‍ക്കുന്ന ഭൗതികമായ എന്തിനും ഒരു വിശദീകരണം ആവശ്യമാണെന്നാണ്. ഉദാഹരണത്തിന് നിങ്ങള്‍ നിലനില്‍ക്കുന്നതിനുള്ള വിശദീകരണമാണ് (EXPLANATION) നിങ്ങളുടെ മാതാപിതാക്കള്‍. ഇങ്ങനെ നിലനില്‍ക്കുന്ന ഏതൊന്നിനും ബാഹ്യമായ വിശദീകരണം വേണ്ടി വരുന്നുവെന്നു മാത്രമല്ല ഏതൊരു ഭൗതിക ഗുണത്തിനും, അവസ്ഥയ്ക്കും കൂടിയിത് ബാധകമാണെന്നു വരുന്നു. അഥവാ നിങ്ങളുടെ കയ്യിലെ മൊബൈല്‍ തന്നെയെടുത്താല്‍ മൊബൈല്‍ എന്ന ഒരൊറ്റ വസ്തുവിന്റെ നിലനില്‍പിനുള്ള വിശദീകരണത്തെക്കുറിച്ച് മാത്രമല്ല ഇത് സംസാരിക്കുന്നത്. മറിച്ച് അതിന്റെ ഏതൊരു ഭൗതിക ഗുണത്തിനും ഒരു ബാഹ്യമായ വിശദീകരണം വേണ്ടിവരുന്നുവെന്നിത് പറയുന്നു. എന്തുകൊണ്ട് നിങ്ങളുടെ മൊബൈലിന് നിശ്ചിതരൂപം? (WHY A LIMITED SHAPE?) എന്തുകൊണ്ട് നിശ്ചിതമായ ഒരു നിറം? എന്തുകൊണ്ട് നിശ്ചിതമായ ഒരു ഭാരം? എന്തുകൊണ്ട് ഒരു പ്രത്യേകരൂപത്തില്‍ ആന്തരികമായി അത് സംവിധാനിക്കപ്പെട്ടിരിക്കുന്നു?, തുടങ്ങി ഓരോ ഭൗതികമായ ഗുണത്തിനും വിശദീകരണമെന്താണെന്ന് ചോദിക്കാം. ഇങ്ങനെ ചോദിക്കാന്‍ കഴിയുന്നത് മറ്റു സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും ഒരു പ്രത്യേക ഗുണം മാത്രം അതിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കൊണ്ടാണ്.

നിങ്ങളുടെ മൊബൈല്‍ കറുത്ത നിറത്തില്‍ ഉള്ളതാണെങ്കില്‍ ചുവപ്പോ, പച്ചയോ തുടങ്ങി എന്തുനിറവും ആകാനുള്ള സാധ്യതകള്‍ക്ക് പകരം കറുത്ത നിറം തെരഞ്ഞെടുക്കപ്പെടുകയാണ് സംഭവിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അതെന്തുകൊണ്ട് സംഭവിച്ചുവെന്ന ചോദ്യവുമുണ്ടാകും. തീര്‍ച്ചയായും ഇവയ്‌ക്കെല്ലാം ഒരുത്തരവും ഉണ്ട്. ഇങ്ങനെ നിലനില്‍ക്കുന്ന ഭൗതികമായ എന്തൊന്നിനും ഒരു ബാഹ്യകാരണം അനിവാര്യമായി വരുന്നു എന്ന് യുക്തിപരമായി സ്ഥാപിക്കുകയാണ് ഡിപ്പന്റന്‍സി ആര്‍ഗ്യുമെന്റ് ചെയ്യുന്നത്.

ഡിപ്പന്റന്‍സി ആര്‍ഗ്യുമെന്റ് സര്‍വ്വതിനെയും രണ്ടുതരത്തില്‍ വേര്‍തിരിക്കുന്നു.
1. അനിവാര്യമായ അസ്തിത്വം (NECESSARY EXISTENCE)
2. മറ്റൊന്നിനെ ആശ്രയിച്ച് മാത്രം നിലനില്‍പ്പുള്ളത് (CONTINGENT THINGS)
സ്വാഭാവികമായും ഭൗതികമായ ഏതൊന്നിനെ എടുത്താലും അവയ്ക്ക് സ്വന്തമായ നിലനില്‍പിനെ വിശദീകരിക്കാന്‍ കഴിയില്ലെന്നുകാണാം. അതിനാല്‍ സ്വയം നിലനില്‍പില്ലാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്നതാണ്. ഭൗതികമായതെന്തും എന്ന തീര്‍പ്പിലേക്ക് ഈ വാദം യുക്തിപരമായി ചെന്നെത്തുന്നു.

പ്രപഞ്ചത്തിന് തുടക്കമുണ്ടോ? (DOES THE UNIVERSE HAS A BEGINNING!?)

ദൈവാസ്തിത്വത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രപഞ്ചത്തിന് തുടക്കമുണ്ടോ എന്ന പ്രശ്‌നം അതിപ്രധാനമാണ്. പ്രപഞ്ചത്തിന് തുടക്കമില്ലെങ്കില്‍ പിന്നെയത് അനാദിയായി നിലനില്‍ക്കുന്നതാണെന്ന് വരും. പ്രപഞ്ചം അനാദിയാണെങ്കില്‍ എന്നെന്നും നിലനില്‍ക്കുന്നതാണെന്നും, എന്നെന്നും നിലനില്‍ക്കുന്ന പ്രപഞ്ചത്തിന് പ്രത്യേകിച്ച് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നും നിരീശ്വര ചിന്തകര്‍ പൊതുവില്‍ വാദിക്കുന്നു. പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നും, അതിനാല്‍ സ്രഷ്ടാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നും ആസ്തികപക്ഷവും വാദിച്ചുവരുന്നു. അതിനാല്‍ നാസ്‌തിക-ആസ്തിക സംവാദങ്ങളുടെ ഒരു മര്‍മബിന്ദു കൂടിയാണ് ഈ പ്രശ്‌നം. കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റിലേക്ക് വന്നാല്‍ ഇത് ദൈവത്തെ സ്ഥാപിക്കാന്‍ പ്രധാന തെളിവായി ഉപയോഗിക്കുന്നത് പ്രപഞ്ചോല്‍പത്തിയെയാണെന്നു കാണാം.

1. ഉല്‍പത്തിയുള്ള എന്തിനും ഒരു ബാഹ്യകാരണമുണ്ട്.
2. പ്രപഞ്ചത്തിന് ഉല്‍പത്തിയുണ്ട്.
3. അതിനാല്‍ പ്രപഞ്ചേതരമായ ഒരു കാരണം പ്രപഞ്ചസൃഷ്ടിപ്പിന് പിറകില്‍ ഉണ്ട്.

കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റിനെ പൊതുവില്‍ അവതരിപ്പിക്കാറുള്ള ഒരു രൂപമാണ് മുകളില്‍. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ ഒരു കാരണമുണ്ടെന്ന് പറഞ്ഞശേഷം പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന് സ്ഥാപിക്കാനാണ് ഇത് ശ്രമിക്കുന്നതെന്ന് കാണാം. അഥവാ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെ തെളിയിക്കേണ്ടത് കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് സ്ഥാപിക്കാനുള്ള അനിവാര്യത കൂടിയാണ്. ആധുനിക ശാസ്ത്രം മനുഷ്യര്‍ക്ക് നല്‍കിയ വലവലിയ സംഭാവനകളിലൊന്ന് ഈ പ്രശ്‌നങ്ങളില്‍ ഒരുള്‍ക്കാഴ്ച ലഭിക്കുന്നതിന് സഹായിച്ചുവെന്നതാണ്.

പ്രപഞ്ചത്തിന് നിശ്ചിതമായ ഒരു തുടക്കമുണ്ടെന്ന് ഗവേഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട ഒരു യുഗത്തിലാണ് നാം ഉള്ളത്. മഹാവിസ്‌ഫോടന സിദ്ധാന്തമനുസരിച്ച് (BIG BANG THEORY) പ്രപഞ്ചത്തിന്റെ തുടക്കത്തെയും, പ്രകൃതത്തെയും വിശദീകരിക്കാന്‍ കഴിയുമെന്ന വീക്ഷണത്തിനാണ് ശാസ്ത്രലോകത്ത് ഇന്ന് മുന്‍തൂക്കം. വളരെ സൂക്ഷ്മമായ ഒരവസ്ഥയില്‍ നിന്നും വികസിച്ചുണ്ടായതാണ് പ്രപഞ്ചം എന്നിത് സിദ്ധാന്തിക്കുന്നു. പ്രപഞ്ചത്തെ കൃത്യമായും വിശദീകരിക്കാന്‍ കഴിയുന്നുവെന്നതാണ് മഹാവിസ്‌ഫോടന സിദ്ധാന്തത്തെ കൂടുതല്‍ ആധികാരികമാക്കുന്നത്. ഗ്യാലക്‌സികള്‍ തമ്മില്‍ പരസ്പരം അകലുകയാണ് എന്ന നിരീക്ഷണമാണ് പ്രപഞ്ചോല്‍പത്തിക്ക് സൂചന നല്‍കുന്ന ഒന്നാമത്തെ ഘടകം.

എഡ്വിന്‍ ഹബ്ബിള്‍ 1929ല്‍ ഗ്യാലക്‌സികള്‍ക്കിടയില്‍ ചുവപ്പുനീക്കം (RED SHIFT) എന്ന പ്രതിഭാസത്തെ നിരീക്ഷിച്ചു. ചുവന്ന നിറത്തിന്റെ പ്രത്യേകത അത് കൂടിയ തരംഗദൈര്‍ഘ്യമുള്ളതാണെന്നാണ്. ഉപരിലോകത്തുനിന്നും ഈ നിറം കൂടുതലായി നിരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ പ്രകാശ സ്രോതസ്സ് നമ്മില്‍ നിന്നും അകലുന്നുവെന്നാണതിനര്‍ത്ഥം. അപ്പോള്‍ പ്രപഞ്ചത്തില്‍ പൊതുവില്‍ എല്ലായിടത്തുനിന്നും ഈ പ്രതിഭാസം കാണാന്‍ കഴിയുന്നുവെന്നത് തെളിയിക്കുന്നത് പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള വികാസത്തെയാണ്. ഈ നിരീക്ഷണം മുന്നേ തിയററ്റിക്കലായി അനുമാനത്തിലുണ്ടായിരുന്ന പ്രപഞ്ചവികാസമെന്ന വീക്ഷണത്തിന് നിരീക്ഷണാത്മകമായ തെളിവുകള്‍ നല്‍കി.

പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു വന്നാല്‍ സ്വാഭാവികമായും ഇന്നലെ അതിന്റെ വലിപ്പം ഇതിലും കുറവാണെന്നാകുമല്ലോ. അപ്പോള്‍ കാലങ്ങളെ പിറകോട്ട് ചലിപ്പിച്ച് സങ്കല്‍പിച്ചാല്‍ പ്രപഞ്ചത്തിന്റെ വലിപ്പം കുറഞ്ഞുകുറഞ്ഞുവരും. ഇത് പ്രപഞ്ചസാന്ദ്രതയെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു സൂക്ഷ്മാവസ്ഥയിലേക്കാണ് ചെന്നവസാനിക്കുക. അഥവാ പ്രപഞ്ചം അതിസാന്ദ്രമായ ഒരു ബിന്ദുവില്‍ നിന്നാരംഭിച്ചതാണെന്ന് ഇത് തെളിയിക്കുന്നു. ഇതിന് തെളിവെന്നോണം പ്രപഞ്ചാരംഭ കാലങ്ങളെ തെളിയിക്കുന്ന കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ 1965ല്‍ നിരീക്ഷിക്കപ്പെട്ടത് മഹാവിസ്‌ഫോടന സിദ്ധാന്തത്തിനുള്ള അനുബന്ധ തെളിവായി. പ്രപഞ്ചത്തില്‍ ഹൈഡ്രജനും ഹീലിയവും അടങ്ങുന്ന ലളിത മൂലകങ്ങളെക്കാള്‍ അളവില്‍ കുറവ് കാണുന്നതും, മഹാവിസ്‌ഫോടനത്തിനുള്ള മറ്റൊരു തെളിവായി വായിക്കപ്പെടുന്നു.

(തുടരും)

No comments yet.

Leave a comment

Your email address will not be published.