‘ദൈവ’മായ നാസ്തികൻ ! -2

//‘ദൈവ’മായ നാസ്തികൻ ! -2
//‘ദൈവ’മായ നാസ്തികൻ ! -2
ആനുകാലികം

‘ദൈവ’മായ നാസ്തികൻ ! -2

Print Now
Survival of the fittest

രവിചന്ദ്രന്റെ ആദ്യത്തെ പ്രസ്താവനയിലേക്ക് തന്നെ വരാം. അടിമത്തം തെറ്റാണ്. എന്തുകൊണ്ട് തെറ്റാണ് ? ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഉടമപ്പെടുത്തുന്നത് ശരിയല്ല എന്തുകൊണ്ട്. മനുഷ്യരെ ഉടമപ്പെടുത്തുന്നത് ശരിയല്ല എന്നതിന് നാസ്തികർക്ക് രണ്ടു കാരണങ്ങൾ പറയാം:

ഒന്ന്, ഉടമപ്പെടുത്താൻ മനുഷ്യൻ ഒരു വസ്തു അല്ല അടിമത്തം മനുഷ്യനെ പദാർത്ഥവൽക്കരിക്കലാണ്.

രണ്ട്, മനുഷ്യരെല്ലാവരും തുല്യരാണ്.

ഈ രണ്ടു ന്യായങ്ങളും നാസ്തികർക്കെതിരാണ്.

ഒന്ന്, പ്രപഞ്ചത്തിലെ പദാർത്ഥങ്ങളിൽ സംഭവിച്ച പരിണാമദശയിൽ എപ്പോഴോ സംഭവിച്ച ഒരു ആക്സിഡന്റൽ പ്രൊഡക്റ്റാണ് മനുഷ്യനുമെന്ന് വിശ്വസിക്കുന്ന “ഭൗതികവാദി”ക്ക് മനുഷ്യനെ വസ്തു വൽകരിക്കുന്നത് തെറ്റാണെന്നതിന് എന്ത് വസ്തുനിഷ്ടമായ ന്യായമാണ് വാദിക്കാനാവുക?!

രണ്ട്, മനുഷ്യരെല്ലാവരും തുല്യരല്ല എന്നാണ് ശാസ്ത്രം നമ്മളെ പഠിപ്പിക്കുന്നത്. വർണ്ണം വംശം ശക്തി മികവ് നിറം കഴിവ് അറിവ് ക്ഷമത എന്നിവയെല്ലാം വ്യത്യസ്തമാണ്. ചിലർ ചിലരേക്കാൾ ഇക്കാര്യങ്ങളിൽ സുപ്പീരിയർ ആണ്. ഭാവിയിൽ മനുഷ്യകുലത്തിന് ആകമാനം അനുയോജ്യമായ രൂപത്തിലുള്ള മനുഷ്യരാണ് അതിജീവിക്കുക. ഇതല്ലേ പരിണാമ സിദ്ധാന്തം ? അതിന്റെ സാമൂഹിക വൽക്കരണമാണ് സോഷ്യൽ ഡാർവിനിസം. ഇത് രണ്ടും തമ്മിൽ ബന്ധമില്ല എന്ന് നാസ്തികർ ആണയിട്ട് പറഞ്ഞാലും അവ തമ്മിലുള്ള അന്തർധാര അതിശക്തം തന്നെ.

സോഷ്യൽ ഡാർവിനിസത്തെ ഖണ്ഡിക്കുവാനും “അർഹതപ്പെട്ടതിന്റെ അതിജീവനമാണ് ഡാർവിനിസം” എന്ന വേളത്തിന്റെ പ്രസ്താവനയെ എതിർക്കുവാനും രവിചന്ദ്രൻ പറഞ്ഞ ആൾട്ടർനേറ്റീവ് തിയറി നമുക്കൊന്ന് പരിശോധിക്കാം.
“അർഹതപ്പെട്ടവന്റെയോ ശക്തന്റെയോ അതിജീവനമല്ല, അനുയോജ്യനായവരുടെ അതീവനമാണ് ഡാർവിനിസം. അത് സ്വമേധയാ സംഭവിക്കുന്നതാണ് അതിൽ മനുഷ്യ കൈകടത്തലുകൾ നടത്തേണ്ടതില്ല. എന്നതുകൊണ്ട് തന്നെ സോഷ്യൽ ഡാർവിനിസം ഇതിനെതിരാകുന്നു” എന്നതാണ് ആശയം.

ഒരുപാട് ശക്തർ സഞ്ചരിക്കുന്ന ട്രെയിൻ അപകടത്തിൽപ്പെട്ടപ്പോൾ ട്രെയിനിൽ രക്ഷപ്പെട്ടത് ഒരു കുട്ടിയാണ്, ശക്തരല്ല എന്ന കഥയും രവിചന്ദ്രൻ പറയുന്നുണ്ട്. ഇതെങ്ങനെയാണ് സോഷ്യൽ ഡാർവിനിസത്തിനോ, വേളം സൂചിപ്പിച്ച അർഹതപ്പെട്ടവരുടെ അതിജീവനം എന്ന പ്രസ്താവനക്കോ എതിരാവുന്നത് ?!

ശക്തർ അല്ലെങ്കിൽ അർഹതപ്പെട്ടവർ എന്നു പറഞ്ഞാൽ കായിക ശക്തിയുള്ളവൻ എന്നാവണമെന്നില്ലല്ലോ. മറ്റേതെങ്കിലും ഒരു തരത്തിൽ സഹജീവികളെക്കാൾ Advantages ഉള്ളവരെയാണ് അർഹൻ എന്ന് പറയുക.

ട്രെയിൻ മറിഞ്ഞപ്പോൾ ചെറിയ വാതിലിലൂടെ കടക്കുക എന്നുള്ളതായിരുന്നു അതിജീവനം. അതുകൊണ്ട് ആ ചുരുങ്ങിയ പരിധിയിൽ ശരീരത്തിന്റെ ചെറുപ്പം ഒരു അഡ്വാൻറ്റേജ് ആയി വന്നു. അവിടെ “ശക്തി” ചെറുപ്പമാണ്. രവിചന്ദ്രന്റെ അനാളജിയിൽ അതിജീവിച്ചത് യഥാർത്ഥത്തിൽ ഒരു “കുട്ടി” യല്ല. മറിച്ച് കുട്ടിയുടെ “ചെറുപ്പ” പ്രകൃതമെന്ന Advantage ആണ്. കുട്ടിയുടെ സ്ഥാനത്ത് ഒരു കുള്ളനായ മുതിർന്ന വ്യക്തിയാണെങ്കിലും അതിജയിക്കുമായിരുന്നല്ലൊ. ഇവിടെ രവിജന്ദ്രൻ കുട്ടിയെ കൊണ്ട് വന്നത് ഡാർവിനിസ അതിജീവനത്തിന് മാനുഷികഭാവം നൽകാൻ വേണ്ടിയുള്ള അതി വിദഗ്തമായ തന്ത്രത്തിന്റെ ഭാഗമായാണ്. “ശക്തനെ” അശക്തന്റെ മുഖം മൂടി അണിയിച്ച് അവരുടെ അതിജീവനത്തിന് മാനുഷിക ഭാവം വരുത്താനുള്ള കുതന്ത്രം. ഏത് അനാളജിയിലും അതിജീവിക്കുന്നത് Advantage ആകുന്ന strength ആണ് എന്ന വസ്തുത മറച്ചുവെക്കുകയാണ് നാസ്തികൻ. എന്നാൽ ഭൂരിഭാഗം അവസരങ്ങളിലും ചെറുപ്പം “അശക്തിയാവാറാണ്” പതിവ്. ഉദാഹരണത്തിന് ട്രെയിൻ മറിയാൻ പോകുമ്പോൾ ഓടാനും ചാടാനും കഴിയുക വലിയവർക്കാണ്. ഇവിടെ വലിപ്പമാണ് “ശക്തി”, ചെറുപ്പം “ദുർബലതയാണ്”. ഈ രണ്ടു സാഹചര്യത്തിലും ആരാണോ അതിജീവന സാധ്യതക്കൊത്ത Advantages ഉള്ളവൻ അവനാണ് “ശക്തൻ”. മത വിശ്വാസികളുടെ ചോദ്യം ഈ “ശക്തന്റെ” സ്ഥാനത്ത് മസിൽ ഉള്ളവൻ വന്നാലോ എന്നല്ല. മസിൽ അല്ലാത്ത വേറെ ഏത് survival advantages ആയി കൊള്ളട്ടെ, അവ ഉള്ള മനുഷ്യർക്ക് survive ചെയ്യാനുള്ള അർഹതയും ഇത്തരം advantages ഇല്ലാത്തവർക്ക് അതിജീവിക്കാനുള്ള അനർഹതയും ഡാർവിനിസ പ്രകാരം നീതീകരിക്കപ്പെടുന്നു എന്നുള്ള വസ്തുതയാണ്. ഇവിടെ അതിജീവനത്തിനുള്ള അർഹതക്കപ്പുറം, disadvantages ഉള്ളവരേയും അതിജീവനത്തിലേക്ക് കൂട്ടി കൊണ്ടുപോവണമെന്നത് ഡാർവിനിസത്തിനും survival of the fittest നും എതിരാണ്. ധാർമ്മികതക്ക് ഒരു അഭൗതികമായ അച്ചുതണ്ടുണ്ടെങ്കിൽ എല്ലാവരും രക്ഷപ്പെടുക, Advantage ഇല്ലാത്തവരേയും രക്ഷപ്പെടുത്തുക എന്നത് ധാർമ്മികതയുടെ തേട്ടമായി മാറുന്നു. എന്നാൽ മനുഷ്യരെന്ന ജീവിയുടെ ഭൗതിക ഗുണങ്ങൾക്കും അതിജീവനത്തിനും ഗുണകരമായ കാര്യങ്ങൾ ഏതൊക്കെയാണെന്ന് മനനം ചെയ്ത മനുഷ്യ മസ്തിഷ്കം എത്തിപ്പെടുന്ന ആശയങ്ങളാണ് ധാർമ്മികത എന്നാണ് പരിണാമവാദം. അതിന്റെ അടിസ്ഥാനത്തിൽ Advantages ഉള്ളവർ മാത്രം രക്ഷപ്പെടുകയും Advantages ഇല്ലാത്തവർ കാലഹരണപ്പെടുകയും ചെയ്യുക എന്നത് ഭൗതിക ധാർമ്മികതയുടെ തേട്ടമായി മാറുന്നു. അതുകൊണ്ടാണ് ഡാർവിൻ ഇപ്രകാരം എഴുതിയത്:

“യൂറോപ്പിലെ പാശ്ചാത്യ രാജ്യങ്ങൾ… ഇപ്പോൾ അവരുടെ മുൻ കിരാതരായ പൂർവ്വികരെ അതിജീവിച്ച് നാഗരികതയുടെ കൊടുമുടിയിൽ നിൽക്കുന്നു.”
(Descent of Man 177–78)

“മനുഷ്യന്റെ പരിഷ്കൃത വർഗ്ഗങ്ങൾ മിക്കവാറും ഉന്മൂലനം ചെയ്യുകയും ലോകമെമ്പാടുമുള്ള അപരിഷ്കൃതരായ വർഗ്ഗങ്ങളെ മാറ്റിസ്ഥാപിക്കുകയും ചെയ്യും”
(Descent of Man : 200–01).

ദുർബലരേയും ശക്തരേയും വ്യവച്ഛേതിക്കാത്ത survival of the fittest വ്യാഖ്യാനം രവിചന്ദ്രന്റെ വകയായി ഉണ്ടാക്കിയെടുത്തതാണെന്നർത്ഥം. റേസിസം, അടിമത്വം തുടങ്ങി യുദ്ധം, അധിനിവേഷം, വംശഹത്യ എന്നിവക്കെല്ലാം നൈതികമായ അടിത്തറ പോലും – ഭൗതിക ധാർമ്മികത് – ഈ ആശയം സമ്മാനിക്കുന്നു.

“ഉദാഹരണത്തിന്, ഒരു തീവ്രമായ ഉദാഹരണം എടുത്താൽ, കൂട്-തേനീച്ചയുടെ അതേ അവസ്ഥയിലാണ് മനുഷ്യരിലെ പുരുഷന്മാർ വളർത്തപ്പെട്ടിരുന്നത് എങ്കിൽ, നമ്മുടെ അവിവാഹിതരായ പെൺമക്കൾ, തേനീച്ചകളെപ്പോലെ, പുരുഷന്മാരായ സ്വസഹോദരങ്ങളെ കൊല്ലുന്നത് പവിത്രമായ കടമയായി കരുതുമെന്നതിൽ സംശയമില്ല. അമ്മമാരും തങ്ങളുടെ പ്രത്യുത്പാദനക്ഷമതയുള്ള പെൺമക്കളെ കൊല്ലാൻ ശ്രമിക്കും; ആരും ഇടപെടുന്നതിനെക്കുറിച്ച് ചിന്തിക്കുകയുമില്ല. എന്നിരുന്നാലും, തേനീച്ച, അല്ലെങ്കിൽ മറ്റേതെങ്കിലും സാമൂഹിക മൃഗങ്ങൾ ശരിയും തെറ്റും സംബന്ധിച്ച ഒരു തോന്നൽ അല്ലെങ്കിൽ ഒരു സങ്കൽപ്പം നേടിയെടുക്കും. ”
(Charles Darwin, in Descent of Man)

അപ്പോൾ പരിമാണദശയിൽ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന പരിസ്ഥിതിക്കും അനുഭവങ്ങൾക്കും അനുസൃതമായി ഉൾത്തിരിഞ്ഞ് വരുന്ന കേവല സങ്കൽപ്പങ്ങളും വ്യക്തിനിഷ്ടമായ വീക്ഷണങ്ങളും മാത്രമാണ് ധാർമ്മികത. തേനീച്ച വളർന്നുയർന്ന പരിസ്ഥിതിയിലാണ് മനുഷ്യർ വളർന്നിരുന്നതെങ്കിൽ ആൺ സഹോദരങ്ങളെയും പെൺമക്കളേയും വധിക്കൽ മനുഷ്യന്റെ അതിജീവന ധർമ്മവും ധാർമ്മിക ബോധവുമായി വരുമായിരുന്നു എന്ന് ചുരുക്കം. അപ്പോൾ ഭൗതികമായി മനുഷ്യ കുലത്തിന് എന്താണോ ഗുണം അതാണ് ധാർമ്മികതയുടെ അടിത്തറ !!

ഈ വസ്തുത റിച്ചാർഡ് ഡോകിൻസ് ഇപ്രകാരം സമ്മതിക്കുന്നു :

“പ്രകൃതിയിൽ പ്രതിവർഷം അനുഭവിക്കപ്പെടുന്ന കഷ്ടപ്പാടുകളുടെ ആകെ തുക എല്ലാ മാന്യമായ ഭാവനകൾക്കും അപ്പുറമാണ്. ഈ വാചകം രചിക്കാൻ ഞാൻ എടുക്കുന്ന മിനിറ്റിൽ, ആയിരക്കണക്കിന് മൃഗങ്ങൾ ജീവനോടെ തിന്നപ്പെടുന്നു, മറ്റു പലരും ജീവനും വേണ്ടി ഓടുന്നു, ഭയന്ന് വിതുമ്പുന്നു, മറ്റു ചിലരെ പരാന്നഭോജികൾ ഉള്ളിൽ നിന്ന് പതുക്കെ വിഴുങ്ങി കൊണ്ടിരിക്കുന്നു, എല്ലാത്തരം ജീവജാലങ്ങളും -ആയിരക്കണക്കിന് – പട്ടിണി, ദാഹം, രോഗം എന്നിവയാൽ മൃതിയടയുന്നു. അത് അങ്ങനെ ആയിരിക്കണം. കാരണം എപ്പോഴാണൊ സമൃതി ഉണ്ടാവുന്നത്, അപ്പോൾ തന്നെ ഈ സമൃതി, യാന്ത്രികമായി ജനസംഖ്യയിൽ വർദ്ധനവിന് കാരണമാകുന്നു , ഇത് പട്ടിണിയുടെയും ദുരിതത്തിന്റെയും സ്വാഭാവിക അവസ്ഥ പുനഃസ്ഥാപിക്കുന്നതിലേക്ക് മടങ്ങുന്നു. ഇലക്ട്രോണുകളും സ്വാർത്ഥ ജീനുകളും, അന്ധമായ ശാരീരിക ശക്തികളും ജനിതക പകർപ്പും ഉള്ള ഒരു പ്രപഞ്ചത്തിൽ, ചില ആളുകൾക്ക് നാശവും ദുരിതവും വിധിക്കപ്പെടുക തന്നെ ചെയ്യും, മറ്റു ചിലർ ഭാഗ്യം നേടും, നിങ്ങൾക്ക് അതിൽ ഒരു പ്രാസമോ വൈമനസ്യമോ അന്യായമോ കണ്ടെത്താനോ വാധിക്കാനോ സാധിക്കില്ല.കാരണം നാം നിരീക്ഷിക്കുന്ന പ്രപഞ്ചത്തിന്, നാം പ്രതീക്ഷിക്കേണ്ട ഗുണങ്ങൾക്ക് കൃത്യതയുണ്ട്. ഈ പ്രകൃതിയുടെ, പ്രപഞ്ചത്തിന്റെ അടിത്തറ രൂപകല്പനയോ, ലക്ഷ്യമോ, തിന്മയോ, നന്മയോ ഒന്നിനും യാതാർത്ഥ്യമില്ലാത്ത നിഷ്ഠൂരവും ക്രൂരവുമായ വ്യത്യാസങ്ങളും വ്യതിരിക്തകൾ മാത്രമാണ്. അതാണ് അതിന്റെ സ്വാഭാവിക ഭാവം. ( Richard Dawkins, River Out of Eden: A Darwinian View of Life ) അതിജീവനത്തിന്റെ വിഷയത്തിൽ -നാസ്തിക അടിത്തറയായ – ഡാർവിനിസം അധാർമ്മികതയുടെ പക്ഷത്തിന് താത്ത്വികമായ അടിത്തറ പാകുന്നു.

കാലാന്തരങ്ങളിൽ അതിജീവനത്തിന്റെ വാതിലായി മനുഷ്യന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുക എന്തായിരിക്കും എന്ന് നമുക്ക് അറിയില്ല ? ഏതു വാതിൽ വന്നാലും എല്ലാവരും അതിജീവിക്കണം എന്നതാണ് ധാർമികത. എന്നാൽ വാതിൽ ഏതു “ശക്തിയെ” അല്ലെങ്കിൽ ഏതു Advantages നെ അനുകൂലിക്കുന്നു അതിനനുസരിച്ച് അതിജീവനം സാധ്യമാകൂ എന്ന് സൈദ്ധാന്തികമായ അടിത്തറയാണ് ഡാർവിനിസം. അതിന്റെ പ്രാവർത്തിക രൂപമാണ് സോഷ്യൽ ഡാർവിനിസം. സോഷ്യൽ ഡാർവിനിസത്തെ ഞങ്ങൾ അംഗീകരിക്കുന്നില്ല എന്നു പറഞ്ഞതുകൊണ്ട് സോഷ്യൽ ഡാർവിനിസം തിന്മയാകുന്നില്ല. ഡാർവിനിസം എന്ന് പറയുന്ന “ശാസ്ത്രീയമായ” ഒരു അടിത്തറയിൽ നിർമ്മിക്കപ്പെട്ട പ്രത്യയ ശാസ്ത്രമാണ് സോഷ്യൽ ഡാർവിനിസം. ഡാർവിനിസം സ്വയം പ്രേരിതമാണ് എന്നത് സോഷ്യൽ ഡാർവിനിസത്തെ എന്തിന് ബാധിക്കണം. സോഷ്യൽ ഡാർവിനിസം ചെയ്യുന്നത് പ്രകൃതിയിലെ അതിജീവന സാഹചര്യങ്ങളിൽ കൈ കടത്തുകയല്ല; മറിച്ച് സ്വയം പ്രേരിതമായ അതിജീവന സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ മനുഷ്യ സമൂഹത്തെ “ഒരുക്കുകയാണ്”. കേവല മനുഷ്യ മസ്തിഷ്കത്തെയും ശാസ്ത്രീയ വസ്തുതയേയും അവലംബിച്ചു കൊണ്ട് ധാർമ്മികത നിർമ്മിക്കാൻ ശ്രമിച്ചാൽ Survival of the fittest ന്റെ അടിസ്ഥാനത്തിൽ Advantages ഉള്ളവർക്ക് അതിജീവനത്തിന് അവകാശമുണ്ടെന്നും Advantages ഇല്ലാത്തവർക്ക് അർഹതയില്ലെന്നുമുള്ള Social Darwinism ധാർമ്മികതക്ക് നീതീകരണം ഉണ്ടാവുന്നു. ഈ നാസ്തിക ഫിലോസഫിയാണ് ഇന്ന് എല്ലാ ചൂഷണ രാഷ്ട്രീയത്തിന്റെയും അടിത്തറ. അവയെ നിഷേധിക്കാൻ നാസ്തികർക്ക് കഴിയില്ല എന്നു മാത്രമല്ല അതിന്റെ “ശാസ്ത്രീയത” യിൽ സാംഹാരിസിനെ പോലെയുള്ളവർ അടിമപ്പെട്ടു കഴിഞ്ഞുവെന്ന വസ്തുത വളരെ വ്യക്തമായി ഇന്നത്തെ രാഷ്ട്രീയ പ്രതലത്തിൽ സ്ഥാപിതമാണ്.

പൂവും ഐസും നാസ്തിക ധാർമ്മികതയും !!

നന്മ തിന്മകൾക്ക് മാനദണ്ഡങ്ങളില്ല എന്നതിനേക്കാൾ അപകടകരമായ മറ്റൊരു വസ്തുത -നാസ്തിക “ധാർമ്മികത”യെ സംബന്ധിച്ച് – രവിചന്ദ്രൻ വെളിപ്പെടുത്തുകയുണ്ടായി. അതായത് നന്മ എന്തിന് ചെയ്യണം ? തിന്മ എന്തിന് വെടിയണം? എന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യത്തിനും നാസ്തികതക്ക് ഉത്തരമില്ല എന്നതാണത്. നന്മ എന്തിന് ചെയ്യണം ? തിന്മ എന്തിന് വെടിയണം? എന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയാനില്ല. ധാർമ്മികത കേവലം വ്യക്തിനിഷ്ഠമായ (Subjective) തിരഞ്ഞെടുപ്പു മാത്രമാണ് നാസ്തികന്. ഒരാൾ ഒരു ദിവസം വാനില ഫ്ലാവർഡ് ഐസ്ക്രീം കഴിക്കണമെന്ന് തിരഞ്ഞെടുക്കുന്നു. മറ്റൊരു ദിവസം ചോക്ലേറ്റ് ഫ്ലാവർഡ് ഐസ്ക്രീം കഴിക്കണമെന്ന് തിരഞ്ഞെടുക്കുന്നു. ഇത്രയെ നന്മയും തിന്മയും തിരഞ്ഞെടുക്കുന്നത് തമ്മിൽ നാസ്തികനു മുമ്പിൽ താത്ത്വികമായി വ്യത്യാസമുള്ളു. കാരണം, ഒരു കാര്യം നന്മയാണോ തിന്മയാണോ എന്നത് നാസ്തികർ ഓരോരുത്തരും നിശ്ചയിക്കുന്നത് ഓരോരുത്തരുടേയും തീരുമാനത്തിനനുസരിച്ചാണ് എന്നത് പോലെ താൻ തീരുമാനിച്ച നന്മ ചെയ്യണോ വേണ്ടേ? തിന്മ വെടിയണോ വേണ്ടേ ? എന്ന് ഓരോ നാസ്തികരും നിശ്ചയിക്കുന്നത് സ്വന്തം തീരുമാനത്തിനനുസരിച്ചാണ് !! ധാർമ്മികത പുലർത്തുന്നതെന്തിനാ ? പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല… ഒരു രസം.

ഈ ആദർശരാഹിത്യം മറച്ചുവെക്കാനായി രവിചന്ദ്രൻ തന്ത്രപരമായി കാവ്യാത്മക പ്രച്ഛന്നനാവുന്നുണ്ട്:

“ധാർമ്മികത പ്രതിഫലം ആഗ്രഹിക്കാതെ അനുഷ്ടിക്കണം. (എന്നു വെച്ചാൽ കാരണങ്ങളൊന്നുമില്ലെങ്കിലും ചെയ്തോളണം എന്ന് “ദൈവ” ഭാവത്തിൽ രവിചന്ദ്രൻ തന്റെ സൃഷ്ടികളോടങ്ങ് പറയുന്നതിനപ്പുറം തെളിവൊന്നുമില്ല) ഒരു പൂവിന് സുഗന്ധമുള്ളത് പോലെ, ഐസിന് തണുപ്പുള്ളത് പോലെ… പ്രതിഫലം ആഗ്രഹിക്കാതെ മോട്ടിവേഷനൊന്നും ഇല്ലാതെ നന്മ ചെയ്യണം…”

ശാസ്ത്രവും വിട്ടു, യുക്തിയും വിട്ടു…!! രവിചന്ദ്രൻ രചിച്ച ഒരു ‘ശാസ്ത്ര വിരുദ്ധമായ’ കവിതയാണ് നാസ്തിക ധാർമ്മികതയുടെ അടിത്തറ !! ശാസ്ത്ര വിരുദ്ധമായ കവിത എന്ന് പറയാൻ കാരണമുണ്ട്. ഐസും പൂവുമൊന്നും രവിചന്ദ്രന്റെ കവിതയിലെ വരികൾ സൂചിപ്പിക്കുന്നത് പോലെ കാരണങ്ങളോ യുക്തിയോ ഇല്ലാതെ പ്രവർത്തിക്കുന്നില്ല എന്നാണ് ശാസ്ത്രം പറയുന്നത്…

ഐസിന്റെ നിലനിൽപ്പ് തന്നെ തണുപ്പിലാണ്. ചൂട് 0° സെൽഷ്യസിന് മുകളിൽ ഉയരുമ്പോൾ ജല തന്മാത്രകളിലെ ഹൈഡ്രജൻ ബോണ്ടുകൾ തകർത്ത് ഐസ് ഇല്ലാതാവുന്നു.

Ice is a solid because hydrogen bonds hold the water molecules into a solid crystal lattice (see below). As ice is heated, the temperature rises up to 0o C. At that point, any additional heat goes to melting the ice by breaking the hydrogen bonds.

അപ്പോൾ തണുപ്പ് ഐസിന് നിലനിൽപ്പിനാധാരമാണ് എന്നിരിക്കെ ഐസ് കാരണങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാതെ തണുപ്പു തരുന്നു എന്നൊക്കെ ഭാവന പറയുന്നത് എന്ത് ശാസ്ത്ര ബോധമാണ് !!

ഇനി പൂവിന്റെ സുഗന്ധത്തിലേക്ക് വരാം…

Flowers of many plant species produce a scent. This scent is typically a complex mixture of low molecular weight compounds emitted by flowers into the atmosphere and its structure, color and odor are critical factors in attracting pollinators…

Thus, scent is a signal that directs pollinators to a particular flower whose nectar and/or pollen is the reward. Volatiles emitted from flowers function as both long- and short-distance attractants and play a prominent role in the localization and selection of flowers by insects, especially moth-pollinated flowers, which are detected and visited at night. Species pollinated by bees and flies have sweet scents, whereas those pollinated by beetles have strong musty, spicy, or fruity odors.

( https://www.scientificamerican.com/article/why-do-flowers-have-scent/ )

പൂവിന് പരാഗണം സ്വയം നടത്താൻ കഴിയാത്തത് കൊണ്ട് പരാഗണ മാധ്യമങ്ങളായ കീടങ്ങളെ തന്നിലേക്ക് ആകർഷിക്കാനാണ് പൂവ് സുഗന്ധം പരത്തുന്നത്. ഇവിടെ പൂവ് സുഗന്ധത്തിന് പ്രതിഫലം പറ്റുന്നു എന്ന് മാത്രമല്ല പരാഗണ മാധ്യമങ്ങളായ കീടങ്ങൾക്ക് അവയുടെ പൂന്തേൻ “reward”(പ്രതിഫലം) ആയി നൽകുകയും ചെയ്യുന്നുവെന്ന് സ്കൂളിൽ പഠിച്ചവരല്ലേ നമ്മൾ !! എന്നിട്ട് രവിചന്ദ്രൻ പറയുന്നു പൂവ് ലക്ഷ്യമോ യുക്തിയോ ഇല്ലാതെ നാസ്തികരേ പോലെ എന്തൊക്കെയോ ചെയ്തു കൂട്ടുന്നുവെന്ന് !!

ഉള്ളിലെ, മറ്റുള്ളവരോടുള്ള വെറുപ്പും രോഷവും തീർക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതാണ് ഇവരുടെയൊക്കെ Scientific temper എന്നും ശാസ്ത്രാവബോധമോ പ്രതിബദ്ധതയോ ഒന്നുമല്ല എന്നും രവിചന്ദ്രൻ രചിച്ച ‘ശാസ്ത്ര വിരുദ്ധമായ’ കവിതയിൽ നിന്നും വ്യക്തമാവുന്നു.

ഒരു ഹദീസും കുറെ ഉരുളലുകളും:

“ഒരു മുസ്‌ലിമിനെ അവൻ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ പോലും മറ്റു മുസ്‌ലിംകൾ അവനെതിരെ കുറ്റം കണ്ടെത്തുകയോ അവനെതിരെ തിരിയുകയോ ചെയ്യാൻ പാടില്ല. അവനെ ആരെങ്കിലും പിടിക്കാനോ പീഠിപ്പിക്കാനോ ശ്രമിക്കുകയാണെങ്കിലും അതിന് കൂടെ നിക്കരുത്…”

“നിന്റെ സഹോദരൻ അക്രമിയായ അവസ്ഥയിലും അക്രമിക്കപ്പെട്ട അവസ്ഥയിലും നീ അവനെ സഹായിക്കുക…” എന്ന ഭാഗം മാത്രം മുന്നിൽ വെച്ച് അതിന്റെ തന്റേതായ അധിക വാചകങ്ങളും വ്യാഖ്യാനങ്ങളും തിരുകി കയറ്റി, അക്രമം ചെയ്താലും സഹായിക്കണമെന്ന് ആക്കി മാറ്റുകയാണ് രവിചന്ദ്രൻ ചെയ്തത് . “ഞങ്ങളെങ്ങനെയാണ് അക്രമിയായ അവസ്ഥയിൽ അവനെ സഹായിക്കുക ?” എന്ന് പ്രവാചക അനുചരന്മാർ ചോദിച്ചപ്പോൾ പ്രവാചകൻ (സ) പറഞ്ഞത് ” അവന്റെ കൈ പിടിച്ചു തടഞ്ഞു കൊണ്ടാണ്” എന്നാണ് ഹദീസിന്റെ തുടർന്നുള്ള വരികൾ. ഇത് മുഹമ്മദ് വേളം സ്ഥലത്തു വെച്ച് തന്നെ വ്യക്തമാക്കി. ഈ ഭാഗം ഒളിപ്പിച്ചുവെച്ച്, തുടക്കത്തിലെ ഭാഗം വച്ചു കൊണ്ടുള്ള ദുർവ്യാഖ്യാനം പിടിക്കപ്പെട്ടപ്പോൾ രവിചന്ദ്രൻ ഉരുളാൻ തുടങ്ങി. രവിചന്ദ്രൻ ഹദീസിന്റെ വാചകത്തെ വിശദീകരിക്കാതെ തന്റേതായ ഒരു വാചകം ഉണ്ടാക്കി. “മുസ്‌ലിം തെറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നീട് അക്രമം ചെയ്യുന്നതിൽ നിന്ന് കൈ തടയണം എന്നേ പറഞ്ഞിട്ടുള്ളൂ, ചെയ്തു കഴിഞ്ഞതിന്റെ വിധി എന്താണ് ? സാരമില്ല എന്ന് കരുതുക” എന്ന് പറഞ്ഞ് ഉരുളുകയാണ് രവിചന്ദ്രൻ ചെയ്തത്. ഉരുണ്ടുരുണ്ട് പരിണാമത്തിലൂടെ പന്തായി മാറാതിരിക്കാൻ നാസ്തികർ ശ്രദ്ധിച്ചാൽ കൊള്ളാം.

ഹദീസിന്റെ പദങ്ങൾ നോക്കൂ
انْصُرْ أَخَاكَ ظَالِمًا أَوْ مَظْلُومًا، قالوا: يا رَسُولَ اللَّهِ، هذا نَنْصُرُهُ مَظْلُومًا، فَكيفَ نَنْصُرُهُ ظَالِمًا؟ قالَ: تَأْخُذُ فَوْقَ يَدَيْهِ.

പ്രവാചകൻ (സ) പറഞ്ഞു:
“നിന്റെ സഹോദരൻ അക്രമിയായ അവസ്ഥയിലും അക്രമിക്കപ്പെട്ട അവസ്ഥയിലും നീ അവനെ സഹായിക്കുക.”ഞങ്ങളെങ്ങനെയാണ് അക്രമിയായ അവസ്ഥയിൽ അവനെ സഹായിക്കുക ?” എന്ന് പ്രവാചക അനുചരന്മാർ ചോദിച്ചപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: “അവന്റെ കൈ പിടിച്ചു തടഞ്ഞു കൊണ്ടാണ്”
( സ്വഹീഹുൽ ബുഖാരി: 2444 )

ഇവിടെ ഹദീസിലെ
انْصُرْ أَخَاكَ ظَالِمًا أَوْ مَظْلُومً

“നിന്റെ സഹോദരൻ അക്രമിയായ അവസ്ഥയിലും അക്രമിക്കപ്പെട്ട അവസ്ഥയിലും നീ അവനെ സഹായിക്കുക…” എന്ന ഭാഗം ശ്രദ്ധിക്കുക.

انْصُرْ നീ സഹായിക്കുക
( കൽപ്പന ക്രിയ فعل الأمر )

أَخَاكَ നിന്റെ സഹോദരനെ
(കർമ്മം مفعول به)

ظَالِمًا അക്രമിയായ അവസ്ഥയിൽ
( അവസ്ഥാ നാമം حال )

“അക്രമിയായ അവസ്ഥയിൽ ” എന്ന പദം അറബി വ്യാകരണപ്രകാരം ‘ഹാൽ’ حال അഥവാ ‘അവസ്ഥാ നാമമാണ്’. അഥവാ ക്രിയയുമായോ (ഭാവി, ഭൂതം, വർത്തമാനം എന്നീ) കാലങ്ങളുമായോ അവസ്ഥാ നാമത്തിന് യാതൊരു ബന്ധവുമില്ല. അഥവാ “അക്രമം ചെയ്തതിന് ശേഷം തടയുക” എന്ന Past tense ലേക്ക് ഉരുട്ടി ഉരുട്ടി നാമത്തെ (Noun) കൊണ്ട് വന്ന്, ഒരു വിധം തടി രക്ഷപ്പെടുത്തുകയായിരുന്നു രവിചന്ദ്രൻ.

സ്വസമുദായക്കാരനാണെങ്കിലും അക്രമം കാണിച്ചു കഴിഞ്ഞാൽ (Past tense) അവരെ ഒന്നും ചെയ്യേണ്ട, ഇനി ചെയ്യുന്നത് തടഞ്ഞാൽ മതി, ചെയ്ത അക്രമത്തിന് നടപടിയില്ല എന്ന രവിചന്ദ്രന്റെ വാദത്തേയും ഇസ്‌ലാം ശക്തമായി ഖണ്ഡിക്കുന്നുണ്ട് :

“സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ (Past tense) അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ യുദ്ധം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (വി.ക്വു: 49:9)

“അതിക്രമം കാണിക്കുന്ന വിഭാഗം, -അവർ മുസ്‌ലിംകൾ ആണെങ്കിലും – അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ യുദ്ധം നടത്തണം” എന്ന് പറഞ്ഞ ഇസ്‌ലാമിനെയാണോ “ചെയ്ത അക്രമത്തിൽ നടപടി ആവശ്യപ്പെടുന്നില്ല” എന്ന് രവിചന്ദ്രൻ ആരോപിക്കുന്നത്.

അല്ലാഹു മുഹമ്മദ് നബിയുടെ ഫെയ്ക് ഐ.ഡിയായിരുന്നോ ?!

മുഹമ്മദ് നബിക്ക് (സ) സ്കിസോഫ്രീനിയയും ബൈപ്പോളാർ രോഗവുമൊക്കെയായിരുന്നു. ആ രോഗങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന ഭാവനാ ഭ്രംശങ്ങളും മിഥ്യാ ബോധനങ്ങളുമായിരുന്നു വഹ്‌യും അല്ലാഹുവുമൊക്കെ എന്ന ആരോപണങ്ങളൊന്നും പഴയ പോലെ ക്ലിക്കാവാത്തതു കൊണ്ട്, അല്ലാഹു മുഹമ്മദ് നബിയുടെ ഫെയ്ക് ഐ.ഡിയായിരുന്നു എന്നാണ് പുതിയ വാദം.

ഒന്ന് ചിന്തിച്ചു നോക്കൂ… അല്ലാഹു മുഹമ്മദ് നബിയുടെ ഫെയ്ക് ഐ.ഡി ആയിരുന്നെങ്കിൽ ആ അല്ലാഹുവെ എതിരാളികളായിരുന്ന, മക്കയിലെ ബഹുദൈവാരാധകർ തന്നെ എന്തിന് ആരാധിച്ചു ?
എന്തിന് സ്രഷ്ടാവും നിയന്താവുമായി അംഗീകരിച്ചു ?! (ക്വുർആൻ: 23: 84-89)

അല്ലാഹു, മുഹമ്മദ് നബി (സ) കണ്ടെത്തിയ ആശയമായിരുന്നെങ്കിൽ ആ ഫെയ്ക്ക് ഐ.ഡിയിൽ ഭരമേൽപ്പിക്കാനും ആ ഫെയ്ക്ക് ഐ.ഡിയിലുള്ള വിശ്വാസത്തിൽ നിന്ന് അചഞ്ചലമായ ആത്മവിശ്വാസം സ്വന്തമാക്കാനും മുഹമ്മദ് നബിക്ക് (സ) എങ്ങനെ സാധിച്ചു ?! പ്രതിസന്ധി ഘട്ടങ്ങളിൽ ധീരമായ ചങ്കുറപ്പോടെ നിൽക്കാൻ ഒരാളെ, അയാളുടെ ഫെയ്ക്ക് ഐ.ഡി യിലുള്ള വിശ്വാസം എങ്ങനെയാണ് തുണക്കുക.

സൗർ ഗുഹയിൽ വിശ്രമിച്ച മുഹമ്മദ് നബിയേയും(സ) അബൂബക്കറിനേയും പിടികൂടി വധിക്കാൻ ശത്രുക്കൾ തിരഞ്ഞു വന്നപ്പോൾ അബൂബക്കർ വെപ്രാളപ്പെട്ടു: “അവരിലൊരാൾ കാലുകൾക്കു താഴെ തലയൊന്ന് കുനിച്ചു നോക്കിയാൽ നമ്മളെ കാണുമല്ലോ?!” എന്നു അബൂബക്കർ വിഷണ്ണനായി പറഞ്ഞപ്പോൾ നബി(സ) ശാന്തനായി പ്രതികരിച്ചു: “അല്ലാഹു മൂന്നാമനായുള്ള രണ്ടു പേരെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്, അബൂബക്കർ? (അവർ ഭയപ്പെടേണ്ടതുണ്ടോ ?!)”
(തുർമുദി: 3096)

എങ്ങനെയാണ് ഒരാൾക്ക് താൻ ചമച്ചുണ്ടാക്കിയ ഫെയ്ക്ക് ഐ.ഡി, മരണത്തിന് മുമ്പിൽ ഇത്രയും നിർഭയത്വവും ശാന്തതയും നൽകുക ?!
സമാനമായ മറ്റൊരു സംഭവമിതാണ്, നബി (സ) ഒരു യാത്രയിൽ ഒരു മരച്ചുവട്ടിൽ ഉറങ്ങുന്നു. ഉടനെ ഒരു ഗ്രാമീണൻ വന്ന് നബിയുടെ വാൾ ഉറയിൽ നിന്നൂരി പിടിച്ചു. നബി (സ) കണ്ണു തുറന്നപ്പോൾ അയാൾ ചോദിച്ചു: “എന്നിൽ നിന്ന് ആരാണ് നിന്നെ സംരക്ഷിക്കുക ?!”. നബി (സ) ശാന്തനായി പ്രതിവചിച്ചു: “അല്ലാഹു”… മൂന്ന് വട്ടം അയാൾ ചോദ്യം ആവർത്തിച്ചു… അപ്പോഴെല്ലാം നബി (സ) പറഞ്ഞു: “അല്ലാഹു”…
(സ്വഹീഹുൽ ബുഖാരി:2910) ഈ അചഞ്ചലമായ വിശ്വാസം ഒരാൾക്ക് ഫെയ്ക് ഐ.ഡിയിലൂടെ എങ്ങനെയാണ് ലഭിക്കുക.?!

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി (സ), അറബി സാഹിത്യ സാമ്രാട്ടുകളെയെല്ലാം ക്വുർആൻ പോലെ ഒരു അധ്യായമെങ്കിലും കൊണ്ടു വരാൻ വെല്ലുവിളിക്കുന്നുണ്ട്. (ക്വുർആൻ: 2: 23)

മുഗീറയെ പോലെ അന്നത്തെ സാഹിത്യ കുലപതികൾ ആ വെല്ലുവിളി ഏറ്റെടുക്കുകയും – ഇസ്‌ലാം ഒരിക്കലും സ്വീകരിച്ചില്ലെങ്കിലും – ക്വുർആന്റെ സാഹിത്യ വെല്ലുവിളിക്കു മുമ്പിൽ തോൽവി സമ്മതിക്കുകയും ചെയ്തു. അവരെയൊക്കെ വെല്ലുവിളിക്കാനും തത്തുല്യമായത് കൊണ്ട് വരാൻ അവർക്ക് കഴിയില്ല എന്ന് ഉറപ്പിക്കാനും മാത്രമുള്ള ആത്മവിശ്വാസം താൻ ഉണ്ടാക്കിയ ഫെയ്ക് ഐ.ഡിയിൽ നിന്നും അതിൽ നിന്ന് വന്നതായ ക്വുർആനിൽ നിന്നും മുഹമ്മദ് നബിക്ക് (സ) എങ്ങനെ ലഭിച്ചു?!

ക്വുർആൻ കേട്ടും വായിച്ചും തനിച്ചും സംഘത്തിലും നബി (സ) കരഞ്ഞിരുന്നു. (സ്വഹീഹുൽ ബുഖാരി: 4582, സ്വഹീഹു മുസ്‌ലിം: 800)

താൻ എഴുതിയ “കവിത”യിൽ സൂചിപ്പിക്കപ്പെട്ട ” സാങ്കൽപ്പിക ” ശിക്ഷ രക്ഷകൾ കേട്ട് ഒരാൾ എങ്ങനെയാണ് പൊട്ടി കരയുക ?!

ആരും കാണാതെ, ഒളിച്ചു പോയി ഈ “ഫെയ്ക് ഐ.ഡി” യുടെ മുമ്പിൽ നിന്ന് ഒരുപാടു കരഞ്ഞ് ദീർഘമായി നിന്ന് നമസ്കരിക്കുമായിരുന്നു നബി (സ). തന്റെ കൂടെ കിടക്കേണ്ട രാത്രി മറ്റു ഭാര്യമാരുടെ അടുത്ത് പോവുകയാണോ എന്ന് സംശയിച്ച് ആഇശ (റ) നോക്കുമ്പോൾ കാലിൽ നീരുവരുവോളം സുദീർഘമായ “ഫെയ്ക് ദിവ്യബോധനം” വായിച്ച് ആരാധനയിലാണ് മുഹമ്മദ് നബി (സ) !! ഇത്രയൊക്കെ ആത്മാർത്ഥതയും നിഷ്കളങ്കതയും താൻ ഉണ്ടാക്കിയെടുത്ത ഒരു ഫെയ്ക് ഐ.ഡിയോട് പുലർത്താൻ ഒരാൾക്കും കഴിയില്ല.
فلم يزَلْ يبكي حتَّى بَلَّ حجرَه قالت : ثمَّ بكى فلم يزَلْ يبكي حتَّى بَلَّ لِحيتَه قالت : ثمَّ بكى فلم يزَلْ يبكي حتَّى بَلَّ الأرضَ
തന്റെ മടിത്തട്ട് നനയുവോളം, താടി രോമങ്ങൾ നനയുവോളം, നിൽക്കുന്ന മണ്ണ് നനയുവോളം കണ്ണുനീർ തുള്ളികൾ പൊഴിച്ച് ഭക്തി സാന്ദ്രമായ രാത്രികൾ ഒരു ഫെയ്ക് ഐ.ഡിക്ക് മുമ്പിൽ ആർക്കാണ് സമർപ്പിക്കാൻ കഴിയുക.?! അതും കുറ്റാകൂരിരുട്ടിൽ ആരും കാണാതിരിക്കാൻ ശ്രമിച്ചു കൊണ്ട് ?!

(തഖ്‌രീജു സ്വഹീഹു ഇബ്നു ഹിബ്ബാൻ: ശുഐബ് അർനാവൂത്വ് : 620)

മറ്റു വിശ്വാസികളിൽ നിന്നും വ്യത്യസ്തമായി രാത്രി പകുതിയും ആരാധനകളിൽ ഏർപ്പെടൽ നിർബന്ധമായി “അല്ലാഹു” നബിക്ക് (സ) നിശ്ചയിച്ചു. (ക്വുർആർ: 73: 3)
ജനങ്ങളുടെ ദാനം വാങ്ങൽ അദ്ദേഹത്തിന് “അല്ലാഹു” നിഷിദ്ധമാക്കി; അദ്ദേഹം ദരിദ്രനായിട്ട് പോലും. മറ്റു വിശ്വാസികൾക്കില്ലാത്ത രണ്ട് ദിവസം അടുപ്പിച്ചുള്ള പ്രയാസകരമായ വിസ്വാൽ നോമ്പ് നബിക്ക് (സ) മാത്രം “അല്ലാഹു ” നിയമ വിധേയമാക്കി.

ഫെയ്ക് ഐ.ഡി കൊണ്ട് ഒരാൾ സാധാരണ ഗതിയിൽ സ്വന്തമാക്കുന്ന “ആനുകൂല്യങ്ങൾ” ആണോ ഇതൊക്കെ?!

2 Comments

  • വളരെ വ്യക്തം

    PP SIDHIQUE 23.03.2023
  • ഇതിൽ എഴുതിയ ഹിറാ ഗുഹ എന്നത് തിരുത്തി സൗർ ഗുഹ എന്ന് എഴുതുക

    Abdurahman 28.03.2023

Leave a comment

Your email address will not be published.