ദൈവത്തിന്റെ കയ്യൊപ്പ്

//ദൈവത്തിന്റെ കയ്യൊപ്പ്
//ദൈവത്തിന്റെ കയ്യൊപ്പ്
ഖുർആൻ / ഹദീഥ്‌ പഠനം

ദൈവത്തിന്റെ കയ്യൊപ്പ്

Print Now
മുദ്രശാസ്ത്ര സൂചനകള്‍ക്ക് ക്വുര്‍ആന്‍ മുമ്പേ വിഷയീഭവിച്ചിട്ടുണ്ട്. പക്ഷേ, ഇവിടെ, അശ്രദ്ധമായി കിടന്നിരുന്ന മറ്റൊരു തലമാണ് നാം വിശകലന വിധേയമാക്കാന്‍ ഉദ്യമിക്കുന്നത്.

ആഴമേഴറിയ സമുദ്രാന്തര്‍ഭാഗത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയി അന്ധകാരത്തിന്റെ നിര്‍ദയാധിപത്യം നിസ്സഹായമാക്കുന്ന അനുഭവം പങ്കുവെക്കുന്ന കാല്‍പനികതയിലും, ഉദ്ധരണികള്‍ രചനയുടെ ആധികാരികത വിളംബരം ചെയ്യുന്ന പ്രൗഢമായ കാഴ്ച നമുക്ക് ദൈവിക ഗ്രന്ഥത്തില്‍ കാണാം:
“അല്ലെങ്കില്‍ (അവരുടെ കര്‍മങ്ങള്‍) ആഴമേറിയ ഒരു സമുദ്രത്തിലെ അന്ധകാരങ്ങളെപ്പോലെയാകുന്നു. അതിനെ തിരമാല മൂടിക്കൊണ്ടിരിക്കുന്നു; അതിനു മീതെയും തിരമാലയുണ്ട്; അതിനു മീതെ കാര്‍മേഘവും! അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായിക്കൊണ്ടുള്ള വിവിധ അന്ധകാരങ്ങള്‍! തന്റെ കൈകള്‍ പുറത്തുകാട്ടിയാല്‍ അവന് അതു കാണുമാറാകില്ല (അത്രയും വമ്പിച്ച ഇരുട്ട്)! അല്ലാഹു ആര്‍ക്ക് പ്രകാശം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടില്ലയോ, അവന് യാതൊരു പ്രകാശവും ഇല്ലതന്നെ.” (ക്വുര്‍ആന്‍ 24: 40)
വ്യക്തമാണ് പടച്ചവന്‍ ഹിദായത്ത് നല്‍കി കനിയാതിരുന്നാല്‍ ഒരുത്തനും രക്ഷയില്ല എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനാശയമാണ്. എന്നാല്‍ ഇവിടെ മറ്റൊരു രഹസ്യം കൂടി ഈ പദപ്രയോഗം ഉള്‍ക്കൊള്ളുന്നു.

وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ ‘നൂര്‍’ എന്ന വാക്ക് ‘ഹിദായത്ത്’ എന്ന ആശയം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും പദാനുപദം അര്‍ത്ഥം, “അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയില്ലയോ അവന് യാതൊരു പ്രകാശവും ഇല്ല തന്നെ” എന്നത്രെ.

ഇതിവൃത്തമായ സമുദ്രവുമായി ബന്ധപ്പെട്ട ചില പഠനങ്ങള്‍ ഈ സൂക്തത്തില്‍ ഒരു രഹസ്യ മുദ്രയുടെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്. സമുദ്ര സംബന്ധിയായ ചില വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുന്നത് സന്ദര്‍ഭോചികമായി തോന്നുന്നു.

ഇതരശാസ്ത്രങ്ങളെ അപേക്ഷിച്ച് സമുദ്രശാസ്ത്രപഠനം (Oceanography) നവീനമാണ്.

സൂര്യന്‍ ഭൂമിയുടെ ഊര്‍ജ സ്രോതസ്സായണത്രേ ഗണിക്കപ്പെടുന്നത്. ഭൂജൈവ വ്യവസ്ഥ സൗരോര്‍ജത്തെ ആശ്രയിച്ചു നിലകൊള്ളുന്നു. ഫോട്ടോസിന്തസിസ് (Photosynthesis) വഴി സൂര്യപ്രകാശം നേരിട്ടെടുക്കുന്ന സസ്യങ്ങളും, അവയെ ആഹരിക്കുന്ന ജന്തുക്കളും എല്ലാം ഈ ചങ്ങലയിലെ കണ്ണികളാണ്.

സമുദ്രജലത്തില്‍ സൂര്യപ്രകാശത്തിന്റെ പ്രവേശം പരിമിതമാണ്. തന്നിമിത്തം ഫോട്ടോസിന്തസിസ് 200 മീറ്ററിനപ്പുറം അസാധ്യം. കരബന്ധമുള്ള ഇന്റര്‍ടൈഡല്‍ സോണിലും (Intertidal zone), അതിനപ്പുറം സൂര്യപ്രകാശമേല്‍ക്കുന്ന പുറംകടലിലെ എപിപെലാജിക് സോണിലുമുള്ള (Epipelagic Zone) ജൈവവ്യവസ്ഥകള്‍ മാത്രമേ നമുക്ക് സാധാരണനിലയില്‍ പരിചയമുള്ളൂ. ഇത് സമുദ്രത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. ഭൂമിയില്‍ കരയുടെ മൂന്നിരട്ടിയാണ് കടല്‍ എന്നതത്രേ വസ്തുത. സൂര്യപ്രകാശം ഭാഗികമായി പോലും 600 മീറ്ററിനപ്പുറം എത്തുന്നില്ല, എന്നു മാത്രമല്ല 1000 മീറ്ററിനപ്പുറം സമ്പൂര്‍ണാന്ധകാരമാണ്. സമുദ്രത്തിന്റെ ആഴം പിന്നെയും ബാക്കി കിടക്കുകയാണ്. 11 കിലോമീറ്റര്‍ താഴ്ചയുള്ള പടിഞ്ഞാറന്‍ ശാന്ത സമുദ്രത്തിലെ മറിയാന ട്രെഞ്ച് (Mariana Trench) ആണ് അറിയപ്പെട്ടിടത്തോളം കടലിലെ ഏറ്റവും ആഴംകൂടി ഇടം. അഥവാ എവറസ്റ്റ് കൊടുമുടി എടുത്ത് സമുദ്രത്തില്‍ താഴ്ത്തിയാലും ജലത്തിന്റെ മുകള്‍ പരപ്പിലെത്താന്‍ പിന്നെയും രണ്ടു കിലോമീറ്ററിലധികം ദൂരമുണ്ടാകും.

200 മീറ്റര്‍ മുതല്‍ 1000 മീറ്റര്‍ വരെ ആഴത്തില്‍ കിടക്കുന്ന അഫോട്ടിക് സോണും (Aphotic zone), അതിനപ്പുറം 4000 മീറ്റര്‍ വരെ ബാതിപെലാജിക് സോണും (Bathypelagic zone), തുടര്‍ന്നങ്ങോട്ട് അബിസ്സൊപെലാജിക് സോണുമാണ് (Abyssopelagic zone).

ആഴക്കടലില്‍ ജീവികള്‍ ഇല്ലെന്നും മുകള്‍ പരപ്പില്‍ മാത്രമേ ജൈവവ്യവസ്ഥ സാധ്യമാകൂ എന്നുമുള്ള തത്വം റോമന്‍ ചിന്തകനായ പ്ലൈനീ(Gaius Plinius Secundus/Pliny the Elder)യുടെ കാലം (AD 25) മുതല്‍ നിലനില്‍ക്കുന്നുണ്ട്. എഡ്വേര്‍ഡ് ഫോര്‍ബ്‌സ് (Edward Forbes) എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ സമുദ്രത്തില്‍ 550 മീറ്ററില്‍ താഴെ ഒരു കാരണവശാലും ജീവനുള്ളതൊന്നും കാണപ്പെടുന്നതല്ലെന്ന് സമര്‍ത്ഥിച്ചത് 1843ലാണ്. എന്നാല്‍ 1850ല്‍ നോര്‍വീജിയന്‍ ജീവശാസ്ത്രജ്ഞനായ മിക്കേല്‍ സാര്‍സ് Michael Sars) 800 മീറ്റര്‍ താഴ്ചയിലും ജീവനുള്ളതായി കണ്ടെത്തി. തുടര്‍ന്ന്, 1898ല്‍ ജര്‍മന്‍ മറൈന്‍ ബയോളജിസ്റ്റായ കാള്‍ ചുണിന് (Carl Chun) 4000 മീറ്ററിലപ്പുറത്ത് നിന്നും പല പുതിയ സ്പീഷീസും അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കണ്ടെത്താനായി. സമാനമായ ഒറ്റപ്പെട്ട പഠനങ്ങള്‍ പിന്നെയും നടന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ വില്യം ബീബെയും (William Beebe), ഓട്ടിസ് ബാര്‍ട്ടണും (Otis Barton), ആണ് 1930ല്‍ ബാതിസ്ഫിയര്‍ (Bathysphere) എന്ന മുങ്ങല്‍ വാഹിനിയില്‍ ആഴക്കടല്‍ കീഴടക്കുന്ന ആദ്യത്തെ മനുഷ്യര്‍ എന്ന ബഹുമതിക്ക് അര്‍ഹരാകുന്നത്. 1948ല്‍ ഓട്ടിസ് 1370 മീറ്റര്‍ എത്തി പുതിയ റെക്കോര്‍ഡിട്ടു. 1960ല്‍ സ്വിസ് സമുദ്ര ശാസ്ത്രജ്ഞനായ ജാക്വസ് പിക്കാര്‍ഡും (Jacques Piccard), യു.എസ് നേവി ഓഫീസറായ ലഫ്. ഡോണ്‍ വാല്‍ഷും (Don Walsh) തങ്ങള്‍ നിര്‍മിച്ച ട്രീസ്റ്റെ (Trieste) എന്ന ആഴക്കടല്‍ വാഹിനിയില്‍ 10470 മീറ്റര്‍ താണ്ടി അവിടെ ചില മത്സ്യങ്ങളും മറ്റു ജീവികളും ഉണ്ടെന്നു കണ്ടെത്തി. സമീപകാലത്താണ് (2012ല്‍) ഓസ്‌കാര്‍ ജേതാവും പ്രശസ്ത സിനിമാ നിര്‍മാതാവും, സംവിധായകനുമായ ജെയിംസ് കാമറൂണ്‍ (James Cameron) Deepsea Challengeല്‍ ആഴിയുടെ അടിത്തട്ടിലെ മറിയാനാ ട്രെഞ്ചിലെത്തി പര്യവേഷണം നടത്തുന്നത് (National Geographic, March 2012).

National Geographicന്റെ 2014ലെ Emerging Explorersല്‍ ഒരാളായ ഡേവിഡ് ഗ്രൂബറുടെ (David Gruber) വാക്കുകളില്‍: അഫോട്ടിക് സോണിനുശേഷം നിബിഡാന്ധകാരമാണ്. അവിടെ ഫോട്ടോസിന്തസിസ് സാധ്യമല്ലാത്തതിനാല്‍ തന്നെ സസ്യങ്ങളില്ല. അബിസ്സല്‍ സോണിലെ ജീവികള്‍ മുകളില്‍നിന്നു താഴേക്ക് പതിക്കുന്ന ജൈവാവശിഷ്ടങ്ങളിലും മറ്റു മാലിന്യങ്ങളിലും ഉപജീവനം നടത്തുന്നു. അതോടൊപ്പം അവയില്‍ ചിലത് സ്വന്തമായി പ്രകാശം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകമായ പ്രകാശോല്‍പാദന കോശങ്ങള്‍ അതിനായി അവയ്ക്കുണ്ട്.

വഴി കാണാന്‍ ഞെക്കുവിളക്കു പോലെ ഫോട്ടോഫോറുകളോടു (Photophores) കൂടിയ ഹെഡ്‌ലൈറ്റ്, ആന്റിന രൂപത്തിലുള്ള അവയവങ്ങളും സ്വന്തം വിഭാഗത്തിലെ ഇണകളെ ആകര്‍ഷിക്കുന്നതിന് പ്രത്യേകമായ സാമൂഹിക പ്രകാശ രീതികളും, ഇരയെ കെണിയിലാക്കാനുതകുന്ന ചൂണ്ടല്‍ വെളിച്ചവും, വയറില്‍ ഇരുവശത്തുമായി കാമൂഫ്‌ളാഷ് പ്രയോഗിച്ച് സാന്നിധ്യം ഒളിപ്പിക്കുന്നതിനുള്ള വെളിച്ച ക്രമീകരണവും ശത്രുവിനെ കബളിപ്പിച്ച് ശ്രദ്ധ തിരിക്കാനുതകുന്ന ശക്തമായ ഫ്‌ളാഷുകളും അപകടാവസ്ഥയില്‍ അക്രമിയെ പ്രകാശിപ്പിച്ച് ശക്തരായ രക്ഷക പോലീസിന് കാട്ടിക്കൊടുക്കാനുതകുന്ന പ്രകാശ ലേപനവും ഇവിടത്തെ ജീവികളില്‍ ചിലതില്‍ കാണാം. ഇത്തരത്തില്‍ മത്സ്യങ്ങളും ജെല്ലി ഫിഷുകളും വിരകളും കാണപ്പെടുന്നു.

ഇങ്ങനെ ആഴിയുടെ ആഴങ്ങളില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് തിരിയുകയും മറിയുകയും ചെയ്തുകൊണ്ടുള്ള പ്രകാശ പ്രകടനങ്ങളുടെ അവിശ്വസനീയ സാന്നിധ്യം. ചൂട് കൂടാതെ, രാസപ്രവര്‍ത്തനങ്ങള്‍ വഴി പ്രകാശം ഉല്‍പാദിപ്പിക്കാന്‍ സ്വശരീരത്തില്‍ ജീവികള്‍ക്കുള്ള സംവിധാനത്തിന് ബലോമിനിസെന്‍സ് എന്നു പറയുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്ക് David Gruber, scientists at work, The New York Times, June 29, 2012)

അത്യന്തം ആശ്ചര്യജനകമായ ഇത്തരം കണ്ടെത്തലുകളെല്ലാം ഇന്നും ഇന്നലെയുമായി നാം ജീവിക്കുന്ന ഈ ഇരുപത്തിയൊന്നും നൂറ്റാണ്ടിലാണെന്നത് നമുക്കഭിമാനിക്കാം. കടലിന്റെ അഗാതതയിലെ കൂരിരുട്ടിലേക്ക് നമ്മുടെ ചിന്തയെ കൊണ്ടുപോയി വിഷയം അവതരിപ്പിക്കുമ്പോഴും, അടിവരയിട്ട പൊതുതത്വം കാലാന്തരങ്ങള്‍ക്കുശേഷം മറ്റൊരു തലം പ്രകാശിപ്പിക്കുന്ന വിസ്മയകരമായ കാഴ്ച നമുക്കിവിടെ കാണാന്‍ കഴിയുന്നു. അതെ, “(അവിടെ) അല്ലാഹു പ്രകാശം നല്‍കാത്തവന് യാതൊരു പ്രകാശവും ഇല്ല തന്നെ” എന്ന ക്വുര്‍ആനിന്റെ അര്‍ത്ഥതലം വാചാലമാവുകയാണ്.

വെളിച്ചത്തിന്റെ ഒരുതരി നാമ്പ് പോലും പ്രതീക്ഷയില്ലാത്ത ആഴിയുടെ അടിത്തട്ടില്‍, വ്യവസ്ഥാപിത തത്വങ്ങളെ വെല്ലുവളിച്ചുകൊണ്ട് പ്രകാശത്തിന്റെ അത്ഭുതപ്രകടനങ്ങള്‍ വിന്യസിക്കാന്‍ കഴിഞ്ഞ അതുല്യനായ സ്രഷ്ടാവിന്റെ അമൂല്യമായ ഉദ്ധരണികളുടെ മൂര്‍ച്ഛ ബോധിക്കാന്‍ ഇത്തരം സൂക്തങ്ങള്‍ ക്വുര്‍ആനില്‍ വേറെയും കാണാനാകും. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാത്രം ശാസ്ത്രം ശ്രദ്ധിച്ചു തുടങ്ങിയ ആഴക്കടല്‍ വിശേഷങ്ങളും, അതിനപ്പുറവും ആറാം നൂറ്റാണ്ടിലെ കൃതിയില്‍ വായിച്ചെടുക്കാന്‍ പറ്റുമെങ്കില്‍ ആ സ്രോതസ്സിന്റെ ആധികാരികതയ്ക്ക് വേറെന്ത് തെളിവാണാവശ്യം!

ഭാവനാധന്യമായ കാല്‍പനികതക്ക് കടലിലെ അന്ധകാരത്തെ തെരഞ്ഞെടുത്തതും, ആ പരിസ്ഥിതിയില്‍നിന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും, ആശയത്തിലും പദാര്‍ത്ഥത്തിലും സന്തുലിതമായ സമര്‍ത്ഥനത്തിലൂടെ പരമാര്‍ത്ഥം പറയുകയും, പറയാതെ പറയുകയും, പറയാത്തതിലേറെ ഉത്തമ ബോധ്യത്തില്‍ ഉള്‍ക്കൊള്ളിച്ച് പറയുകയും ചെയ്യുന്ന ശൈലി ക്വുര്‍ആനിന്റെ മാത്രം പ്രത്യേകതയാണ്. ഇങ്ങനെ സ്വയം ആധികാരികത ബോധ്യപ്പെടുത്തുന്ന മുദ്രകള്‍ ദൈവത്തിന്റെ കയ്യൊപ്പുകളായി ക്വുര്‍ആനില്‍ ഇനിയും കാണാന്‍ സാധിക്കും. ചിലത് “ക്വുര്‍ആനും പാലിയന്തോളജിയും” പ്രതിപാദിച്ചിട്ടുണ്ട്.

രാവിന്റൈ സൗകുമാര്യം വര്‍ണിക്കുന്ന നിലാവിന്റെ സുന്ദര വെളിച്ചം പകരുന്നതിനുപോലും ചന്ദ്രന്‍ ആശ്രയിക്കുന്നത് സൂര്യനായിരിക്കെ, സൂര്യകിരണങ്ങള്‍ക്ക് പ്രവേശം അസാധ്യമായ ആഴിയുടെ അടിത്തട്ടിലെ നിബിഡാന്ധകാരത്തിലെ ഇടനാഴികളില്‍, ജൈവവിസ്മയം വിതറിയ സ്രഷ്ടാവിന്റെ സംവിധാനം മറ്റൊരു വിസ്മയ ലോകമാണ് നമുക്ക് മുന്നില്‍ തുറക്കുന്നത്. ആ ചര്‍ച്ച മറ്റൊരവസരത്തില്‍ ആവാം.

No comments yet.

Leave a comment

Your email address will not be published.