ഗർഭം ധരിക്കാത്ത സ്ത്രീ മുലയൂട്ടിയെന്നോ ?!
പ്രവാചക പത്നി ആഇശ മുതിർന്നവർക്ക് “മുലപ്പാൽ കുടിപ്പിച്ചു” (أَرْضَعَتْ) എന്ന് പല തഫ്സീറുകളിലും കാണുന്നുണ്ട്. ആഇശ തന്നെയാണ് – മറ്റു സ്ത്രീകളല്ല – മുതിർന്നവരെ മുലയൂട്ടിയത് എന്നല്ലേ ഇത് തെളിയിക്കുന്നത് ?
മറുപടി:
മുതിർന്നവരെ മുലയൂട്ടുന്നതിന് സംബന്ധിച്ച മറുപടി മുൻപ് നമ്മൾ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.
അതിൻറെ രത്ന ചുരുക്കം ഇപ്രകാരം സൂചിപ്പിക്കാം:
* ദത്തു പുത്ര സമ്പ്രദായത്തിലൂടെ പിതൃത്വം സ്ഥാപിതമാവില്ല എന്ന് ഇസ്‌ലാം നിയമവൽക്കരിച്ച സന്ദർഭത്തിൽ, അബൂഹുദൈഫയുടെ ദത്തു പുത്രനായ സാലിം (റ) തൻറെ വളർത്തു മാതാവിൻ്റെ അടുത്തു ചെല്ലുന്നത് അബൂഹുദൈഫക്ക് മാനസികമായി പ്രയാസമുണ്ടാക്കി. ഈ സന്ദർഭത്തിലാണ് മുലകുടിയിലൂടെ സാലിമിനെ (റ) പുത്രനാക്കി മാറ്റാനുള്ള അനുവാദം പ്രവാചകൻ (സ), അബൂഹുദൈഫക്ക് നൽകുന്നത്.
അബൂഹുദൈഫയുടെ ഭാര്യ സാലിമിനെ മുലയൂട്ടുന്നതിലൂടെ മുലകുടി ബന്ധത്തിലുള്ള മാതാവായി ഭാര്യ മാറി. ഇതോടെ തന്റെ ഭാര്യയുടെ അടുത്ത് സാലിം ചെല്ലുന്നത് അബൂഹുദൈഫക്ക് പ്രയാസമില്ലാതെയായി.
* മുലയൂട്ടൽ പല രീതിയിലും ഉണ്ട്. സ്തനത്തിൽ നിന്ന് നേരിട്ട് കുടിക്കുന്ന രീതിയായ “മസ്സ്”. മുലപ്പാൽ പാത്രത്തിൽ ഒഴിച്ച് അത് കുടിക്കാൻ കൊടുക്കുന്ന സമ്പ്രദായമായ “വുജൂർ”. തുടങ്ങി പല രീതികളിലും മുലയൂട്ടൽ സമ്പ്രദായം ഉണ്ട്.
സാലിമിന് മുലയൂട്ടിയത്, മുലപ്പാൽ പാത്രത്തിൽ ഒഴിച്ച് അത് കുടിക്കാൻ കൊടുക്കുന്ന സമ്പ്രദായമായ “വുജൂറി”ലൂടെയാണ് എന്ന് ഹദീസുകളിൽ വ്യക്തമായി വന്നിരിക്കുന്നു.
* വളർത്തുപുത്ര സമ്പ്രദായം ഇസ്ലാം അവസാനിപ്പിച്ച സന്ദർഭത്തിൽ, അബൂഹുദൈഫയുടെ വിഷയത്തിൽ മാത്രം പ്രവാചകൻ (സ) നൽകിയ ഒരു ഇളവാണ് ഇത്. മറ്റാർക്കും ഈ ഇളവ് ബാധകമല്ല. അഥവാ മുതിർന്നവരെ മുലയൂട്ടുക എന്നുള്ള വിധി അബൂ ഹുദൈഫയോടെ അവസാനിച്ചു എന്നർത്ഥം.
* അബൂഹുദൈഫയുടെ വിഷയത്തിൽ മാത്രം പ്രത്യേകമായ ഒരു ഇളവായിരുന്നു ഇത് എന്ന് അറിയാതിരുന്ന ആഇശ (റ), തൻറെ അടുത്ത് വരുന്ന ബന്ധുക്കളുമായി ഇടപഴകുമ്പോൾ തെറ്റായ വ്യവഹാരങ്ങൾ സംഭവിക്കാതിരിക്കാൻ, വിവാഹബന്ധം നിഷിദ്ധമായ വ്യക്തികളായി അവരെ മാറ്റാൻ ആഗ്രഹിച്ചു. അതിനുവേണ്ടി അവർ തൻ്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും അവരെ മുല കുടിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിലൂടെ പ്രസ്തുത ബന്ധുക്കൾ ആഇശക്ക് (റ) വിവാഹബന്ധം നിഷിദ്ധമായ കുടുംബക്കാരായി പരിണമിക്കുന്നു എന്നതാണ് ഇതിലെ യുക്തി.
* ആഇശ (റ) തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന മുതിര്‍ന്ന ബന്ധുക്കൾക്ക് മുലപ്പാല്‍ നല്‍കാനായി തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു എന്നും അപ്രകാരം അവര്‍ (സഹോദര- സഹോദരി പുത്രിമാര്‍) അഞ്ചുതവണ മുലപ്പാല്‍ നല്‍കി മുലകുടിബന്ധം സ്ഥാപിതമായതിന് ശേഷമേ ആഇശ (റ) അവരെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാറുള്ളൂ’ (സുനനു അബീദാവൂദ്: 2061) എന്നാണ് ഹദീസിൽ വന്നിരിക്കുന്നത്.
അഥവാ ആഇശ (റ) സ്വന്തമായി മുലപ്പാൽ നൽകിയതായി ഒരു ഹദീസിലും ഇല്ല.
ഇനി വിമർശനത്തിലേക്ക് വരാം:
പ്രവാചക പത്നി ആഇശയെ (റ) അവമതിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇറങ്ങിപ്പുറപ്പെട്ട വിമർശകർ ജീവശാസ്ത്രത്തെ പറ്റിയുള്ള ബാലപാഠങ്ങൾ പോലും വിസ്മരിച്ചുകൊണ്ട്, ജീവിതത്തിൽ ഒരിക്കൽ പോലും ഗർഭം ധരിച്ചിട്ടില്ലാത്ത, പ്രസവിച്ചിട്ടില്ലാത്ത ആഇശ (റ) മറ്റുള്ളവർക്ക് സ്വന്തം മുലപ്പാൽ നൽകി എന്നാണ് വാദിക്കുന്നത് !! ഇത് എത്രമാത്രം പരിതാപകരമായ നിലപാടാണ്. ജീവശാസ്ത്ര വിരുദ്ധത പറഞ്ഞെങ്കിലും ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും അപമാനിക്കുകയും തെറി പറയുകയും ചെയ്യുക എന്ന ഇസ്ലാമോഫോബിയയാണ് ഈ വിമർശനത്തിന്റെ ചേതോവികാരം.
ഈയൊരു യാഥാർത്ഥ്യവിരുദ്ധമായ, സാമാന്യബുദ്ധിക്ക് എതിരായ ആരോപണത്തിനായി തെളിവു പിടിക്കുന്നത് ആകട്ടെ ചില തഫ്സീറുകളിലെ പരാമർശങ്ങളും !
ഹദീസുകൾ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന് വായിക്കുന്നതിനു പകരം ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലേക്ക് (തഫ്സീറുകൾ) പോകുന്നത് ദുരുദ്ദേശം കൊണ്ടുമാത്രമാണ്. പലപ്പോഴായി ഇസ്‌ലാമോഫോബുകൾ ഉപയോഗിച്ചു പോരുന്ന ഈ കുതന്ത്രം ഇവിടെയും ആവർത്തിച്ചിരിക്കുകയാണ്. ഹദീസുകൾ ശേഖരിക്കുകയോ ഉദ്ധരിക്കുകയോ എന്നത് ലക്ഷ്യമാക്കി രചിക്കപ്പെട്ടതല്ലാത്ത ഗ്രന്ഥങ്ങളായ, തഫ്സീറുകളിൽ സ്വാഭാവികമായും ഹദീസുകളുടെ വിഷയത്തിൽ ഹദീസ് ഗ്രന്ഥങ്ങൾ പുലർത്തുന്ന സൂക്ഷ്മത പുലർത്തപ്പെട്ടിട്ടുണ്ടാകില്ല. ഈ തിരിച്ചറിവാണ് ഈ കുതന്ത്രത്തിന് വിമർശകരെ പ്രേരിപ്പിക്കുന്നത്.
ഉദാഹരണത്തിന് നാം ചർച്ച ചെയ്യുന്ന വിഷയം തന്നെ എടുക്കുക. ആഇശ (റ) മറ്റുള്ളവർക്ക് “സ്വയം” മുലപ്പാൽ നൽകുകയല്ല ചെയ്തത് എന്നും, തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും അവർക്കു മുലപ്പാൽ നൽകാൻ വേണ്ടി ആവശ്യപ്പെടുകയാണ് ചെയ്തത് എന്നും ഹദീസിൽ വ്യക്തമായി പരാമർശിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ ആഇശ (റ) മറ്റുള്ളവർക്ക് “സ്വയം” മുലപ്പാൽ നൽകി എന്ന് വരുത്തി തീർക്കാൻ വേണ്ടി ഹദീസുകളെ അവഗണിച്ച് തഫ്സീറുകളാണ് വിമർശകർ ചിക്കി ചികിയുന്നത് ! അവസാനം ദുർവ്യാഖ്യാനത്തിന് അനുയോജ്യമായ ചില വാചകങ്ങൾ തഫ്സീറുകളിൽ നിന്ന് അവർക്ക് ലഭിക്കുന്നു.
ഉദാഹരണത്തിന് ഹിജ്രാബ്ദം 1284 മരണപ്പെട്ട ആധുനിക മുഫസ്സിറായ ഇബ്നു ആശൂറിൻ്റെ “തഫ്സീറു തഹ്‌രീർ വത്തൻവീർ” എന്ന ഗ്രന്ഥത്തിൽ
أن عائشة ارضعت….
“ആഇശ (റ) മുതിർന്നവരെ “മുലപ്പാൽ കുടിപ്പിച്ചു” (أَرْضَعَتْ)…” എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
(സമാനമായ വാചകങ്ങൾ പല ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലും കർമശാസ്ത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.)
ഉടനെ വിമർശകർ ആനന്ദ ലഹരിയിൽ തുള്ളിച്ചാടി. “ആഇശ (റ) മുതിർന്നവരെ “മുലപ്പാൽ കുടിപ്പിച്ചു” (أَرْضَعَتْ)…” !! അപ്പോൾ ആഇശ “സ്വയം” മുല കുടിപ്പിച്ചു, “സ്വന്തം” മുലയൂട്ടി എന്ന് തെളിഞ്ഞിരിക്കുന്നു !!!
ജീവശാസ്ത്രപരമായി ഇതെങ്ങനെ സംഭവിക്കും?! എന്ന സാമാന്യ ബുദ്ധി തൽക്കാലം മാറ്റിവെക്കുക. വിമർശകർ ഉദ്ധരിക്കുന്ന വാചകങ്ങളിൽ ആഇശ (റ) മുതിർന്നവരെ “സ്വയം” മുലപ്പാൽ കുടിപ്പിച്ചു എന്നോ “സ്വന്തം” മുലയൂട്ടി എന്നോ എവിടെയാണുള്ളത് ?? “സ്വയം”, “സ്വന്തം” എന്നുള്ള വാക്കുകളെല്ലാം വിമർശകരുടെ വക മുഫസ്സിറുകളുടെ വാചകങ്ങളിൽ തള്ളിക്കേറ്റപ്പെട്ടതാണ്.
ഹദീസ് ഗ്രന്ഥങ്ങളിൽ വന്ന, ആഇശ (റ) മുതിർന്നവരെ മുല കുടിപ്പിച്ചതുമായി ബന്ധപ്പെട്ട ഒരു ഹദീസ്, സ്വന്തം വാചകത്തിൽ -നേരിട്ടല്ലാത്ത പരാമർശം (indirect speech)- നടത്തുകയാണ് മുഫസ്സിറുകൾ ചെയ്തത്. മുഫസ്സിറുകളുടെ ഇത്തരം indirect speech കളിലൂടെ ആണോ ഹദീസിൻ്റെ ഉള്ളടക്കം മനസ്സിലാക്കേണ്ടത്? തീർച്ചയായും അല്ല, മുഫസ്സിറുകൾ പറഞ്ഞ ഈ indirect speech ൻ്റെ നേരായ രൂപം ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. അവിടെ എവിടെയും ആഇശ (റ) മുതിർന്നവരെ “സ്വയം” മുലപ്പാൽ കുടിപ്പിച്ചു എന്നോ “സ്വന്തം” മുലയൂട്ടി എന്നോ വന്നിട്ടില്ല. തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും അവർക്കു മുലപ്പാൽ നൽകാൻ വേണ്ടി ആവശ്യപ്പെടുകയാണ് ചെയ്തത് എന്നാണ് വന്നിരിക്കുന്നത്.
“മുലപ്പാൽ കുടിപ്പിച്ചു” (أَرْضَعَتْ)…” എന്ന പദപ്രയോഗം സ്വമേധയാ മുലയൂട്ടുമ്പോഴും മറ്റൊരാളെ കൊണ്ട് മുലയൂട്ടിപ്പിക്കുമ്പോഴും പ്രയോഗിക്കാവുന്ന ഒന്നാണ്. ഇത് ഭാഷാപരമായി -പ്രത്യേകിച്ച് അറബി ഭാഷയുമായി ബന്ധപ്പെട്ട്- അല്പമെങ്കിലും അറിവുള്ള ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ മുഫസ്സിറുകൾ പരാമർശിച്ച, “മുലപ്പാൽ കുടിപ്പിച്ചു” (أَرْضَعَتْ)…” എന്ന indirect speech കളിൽ നിന്ന് ആഇശ (റ) “സ്വയം” മുല കുടിപ്പിച്ചു എന്നോ “സ്വന്തം” മുലയൂട്ടി എന്നോ അർത്ഥം സംജാതമാകുന്നില്ല.
ഹദീസുകളിൽ നിന്ന് തന്നെ ഈ വസ്തുത തെളിയുന്നതാണ്:
فَأَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «قَدْ وَضَعَتِ الْغَامِدِيَّةُ»، فَقَالَ: «إِذًا لَا نَرْجُمُهَا وَنَدَعُ وَلَدَهَا صَغِيرًا لَيْسَ لَهُ مَنْ يُرْضِعُهُ»، فَقَامَ رَجُلٌ مِنَ الْأَنْصَارِ، فَقَالَ: إِلَيَّ رَضَاعُهُ يَا نَبِيَّ اللهِ، قَالَ: فَرَجَمَهَا.
ഗാമിദ് ഗോത്രക്കാരിയായ ഒരു സ്ത്രീയുടെ “കുഞ്ഞിന് മുലപ്പാൽ കുടിപ്പിക്കാൻ ആരുമില്ല” എന്ന പരാതി പ്രവാചകൻ (സ) പറഞ്ഞപ്പോൾ അൻസാരികളിൽ പെട്ട ഒരു പുരുഷൻ എഴുന്നേറ്റ് നിന്ന് ഇപ്രകാരം പറഞ്ഞു:
“അല്ലാഹുവിൻ്റെ പ്രവാചകരേ, ആ കുട്ടിക്ക് ഞാൻ മുലപ്പാൽ കുടിപ്പിക്കാം”
(സ്വഹീഹു മുസ്‌ലിം: 3/ 1322)
ഇവിടെ അൻസാരികളിൽ പെട്ട ആ പുരുഷൻ സ്വയം മുലപ്പാൽ കുടിപ്പിക്കാം എന്നല്ല പറഞ്ഞത് എന്ന് ആർക്കും മനസ്സിലാക്കാമല്ലോ.
أرضع – يرضع – إرضاع
“മുലയൂട്ടൽ”, “മുലപ്പാൽ കുടിപ്പിക്കൽ” എന്നിങ്ങനെ അർത്ഥം വരുന്ന ഇർദാഅ് (إرضاع) എന്ന് അറബി പദം സ്വയം മുലപ്പാൽ നൽകുന്നതിനും, മറ്റൊരാളെ കൊണ്ട് മുല കുടിപ്പിക്കുന്നതിനും, രണ്ടിനെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്.
ചുരുക്കത്തിൽ, മുഫസ്സിറുകൾ പരാമർശിച്ച, “മുലപ്പാൽ കുടിപ്പിച്ചു” (أَرْضَعَتْ)…” എന്ന indirect speech കളിൽ നിന്ന് ആഇശ (റ) “സ്വയം” മുല കുടിപ്പിച്ചു എന്ന അർത്ഥം പടച്ചുണ്ടാക്കുന്നത്, (ഹദീസിൽ വിശദമാക്കപ്പെട്ട സംഭവത്തിന്റെ) യാഥാർത്ഥ്യത്തിനും ജീവശാസ്ത്രത്തിനും ഭാഷക്കും വിരുദ്ധമാണ്.
No comments yet.