ദുർബല ഹദീസുകളും കള്ള കഥകളും -41

//ദുർബല ഹദീസുകളും കള്ള കഥകളും -41
//ദുർബല ഹദീസുകളും കള്ള കഥകളും -41
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -41

ബിംബങ്ങൾക്കു മേൽ കാഷ്ടിക്കുകയൊ ?!

പ്രവാചകാനുചരൻ ബിലാൽ (റ), മക്കയിലെ ബഹുദൈവാരാധകരാൽ മർദ്ദിക്കപ്പെട്ടത് അവരുടെ ബിംബത്തിനു മേൽ കാഷ്ടിച്ചത് കൊണ്ടല്ലെ?

മറുപടി:

മഹാനായ പ്രവാചകാനുചരൻ ബിലാൽ ഇബ്നു റബാഹിനെ എന്തിനാണ് മക്കയിലെ ബഹുദൈവാരാധകർ ക്രൂരമായി മർദ്ദിച്ചത് എന്ന് ഏവർക്കും എക്കാലത്തും അറിയാവുന്ന ഒരു വിവരമാണ്. പക്ഷെ, ഒരു എമുവിന് ഇത് അറിയില്ലായിരുന്നു എന്നാണ് പുതിയ കളവ്. ഒരുപാട് “അന്വേഷിച്ചിട്ടും” എന്തിനാണ് ബിലാൽ പീഡിപ്പിക്കപ്പെട്ടത് എന്ന് കണ്ടെത്താൻ കഴിഞ്ഞില്ലത്രെ ! അതൽപ്പം വിചിത്രമല്ലെ?! വെണ്ടക്കാക്ഷരത്തിൽ ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും സ്വഹീഹായ (സ്വീകാര്യയോഗ്യമായ) നിവേദക പരമ്പരയിലൂടെ വന്ന സംഭവം ഇപ്രകാരം വിശദീകരിക്കപ്പെട്ടു കിടക്കെ!

كان أول من أظهر إسلامه سبعة: رسول الله صلى الله عليه وسلم وأبو بكر وعمار وأمه سمية وصهيب وبلال والمقداد، فأما رسول الله صلى الله عليه وسلم فمنعه الله بعمه أبي طالب، وأما أبو بكر فمنعه الله بقومه، وأما سائرهم فأخذهم المشركون، وألبسوهم أدراع الحديد، وصهروهم في الشمس، فما منهم من أحد إلا وقد واتاهم على ما أرادوا إلا بلالاً فإنه هانت عليه نفسه في الله، وهان على قومه، فأخذوه فأعطوه الولدان، فجعلوا يطوفون به في شعاب مكة وهو يقول: أحد أحد

ആദ്യമായി ഇസ്‌ലാമാശ്ലേഷിച്ച് അത് പരസ്യപ്പെടുത്തിയവർ ഏഴു പേരായിരുന്നു : അല്ലാഹുവിൻ്റെ തിരുദൂതൻ (സ), അബൂബക്കർ (റ), അമ്മാർ (റ), അമ്മാറിൻ്റെ മാതാവ് സുമയ്യ (റ), സ്വുഹൈബ്, ബിലാൽ, മിക്ദാദ്. അല്ലാഹുവിൻ്റെ തിരുദൂതന് (സ) അദ്ദേഹത്തിൻ്റെ പിതൃവ്യൻ അബൂത്വാലിബിലൂടെ അല്ലാഹു സംരക്ഷണം നൽകി, അബൂബക്കറിന് (റ) അദ്ദേഹത്തിൻ്റെ ഗോത്രത്തിലൂടെയും അല്ലാഹു സംരക്ഷണം നൽകി. ബാക്കിയുള്ളവരെയെല്ലാം (അവർക്ക് സംരക്ഷകരില്ലാത്തതിനാൽ) ബഹുദൈവാരാധകർ ശക്തമായി പീഡിപ്പിച്ചു. ഇരുമ്പ് ധരിപ്പിച്ച് ചുട്ടു പൊള്ളുന്ന വെയിലിൽ നിക്ഷേപിച്ചു. അവരിൽ പലരും ബഹുദൈവാരാധകർ (അവരുടെ ബിംബങ്ങളെ വിളിക്കാൻ) നിർബന്ധിച്ചത് മനസ്സിൽ തട്ടാതെ ചെയ്തു; ബിലാലൊഴികെ. അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തും സഹിക്കുന്നത് അദ്ദേഹം സാരമില്ലെന്ന് വെച്ചു. ബഹുദൈവാരാധകർക്ക് അദ്ദേഹത്തെ പീഡിപ്പിക്കുക എളുപ്പമായിരുന്നു. ബിലാലിനെ (കെട്ടിയിട്ട്) കുട്ടികൾക്ക് കളിക്കാൻ കൊടുത്തു. കുട്ടികൾ അദ്ദേഹത്തെ മക്കയുടെ മണലാരണ്യത്തിൽ വലിച്ചിഴച്ചു. അദ്ദേഹം അപ്പോഴും “(ആരാധനക്കർഹനായ ദൈവം) ഏകൻ… ഏകൻ” എന്ന് പറഞ്ഞു കൊണ്ടിരുന്നു.
(സുനനു ഇബ്നു മാജ: 150)

അടിമ ആയതുകൊണ്ട് തന്നെ, സംരക്ഷിക്കാൻ സ്വന്തം ഗോത്രം ഇല്ലാത്തതു കൊണ്ടാണ് ബിലാലിനെ (റ) പോലെയുള്ള അടിമകൾ പീഡിപ്പിക്കപ്പെട്ടതെന്ന് ഈ സ്വഹീഹായ നിവേദനത്തിലൂടെ ബോധ്യപ്പെടുന്നു.

സ്വഹീഹായ സനദോടെ ഹദീസ് ഗ്രന്ഥങ്ങളിൽ ഈ നിവേദനം പലയിടത്തും കാണാം. സ്വഹീഹായ സനദ് താഴെ ചേർക്കുന്നു:

حدثنا أحمد بن سعيد الدارمي قال: حدثنا يحيى بن أبي بكير قال: حدثنا زائدة بن قدامة عن عاصم بن أبي النجود عن زر بن حبيش عن عبد الله بن مسعود رضي الله عنه قال:

അനവധി ചരിത്ര ഗ്രന്ഥങ്ങളിലും ഈ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലും സ്വഹീഹായ (സ്വീകാര്യയോഗ്യമായ) നിവേദക പരമ്പരയിലൂടെ വന്ന സംഭവം മറച്ച്, മാറ്റിവെച്ച് ടിയാൻ “ചരിത്രം” തേടി എത്തിയത് ഹിജ്രാബ്ദം നാലാം നൂറ്റാണ്ടുകാരനായ ഒരു പണ്ഡിതൻ്റെ “തഫ്സീറി” (ക്വുർആൻ വ്യാഖ്യാനം) ലേക്കാണ്! ചരിത്രം തഫ്സീറിൽ പരതുന്നത് കണ്ടാൽ തന്നെ പന്തികേട് തോന്നാതിരിക്കില്ലല്ലൊ. സനദ് അഥവാ നിവേദക പരമ്പരയൊന്നുമില്ലാത്ത ഒരു കെട്ടു കഥ ഒരു തഫ്സീറിൽ കണ്ടെത്തി എന്നതു കൊണ്ടാണ് ഈ അന്വേഷണ നാട്യങ്ങളൊക്കെ.

ഈ കെട്ടു കഥയിൽ, ബിലാൽ (റ) അവരുടെ ബിംബത്തിനു മേൽ കാഷ്ടിച്ചു എന്ന് വന്നിട്ടുണ്ട്. പാവം മക്കയിലെ ബഹുദൈവാരാധകർ ! അവരുടെ ബിംബങ്ങൾക്കു മേൽ കാഷ്ടിച്ചാൽ പിന്നെ, ആരാരുമില്ലാത്ത ഒരു അടിമയെ നരക തുല്യം പീഡിപ്പിക്കുകയല്ലാതെ നിവൃത്തി ഇല്ലല്ലൊ എന്നാണ് എമുക്കളുടെ സങ്കടം! അപ്പോൾ അമ്മാർ (റ), അമ്മാറിൻ്റെ മാതാവ് സുമയ്യ (റ), സ്വുഹൈബ്, മിക്ദാദ് തുടങ്ങിയ അടിമകളെയും അശരണരെയും പീഡിപ്പിച്ചതും പലരെയും കുത്തി കൊന്നതും തീയിലിട്ട് ചുട്ടതും പഴുപ്പിച്ച ഇരുമ്പ് തലയിൽ വെച്ചതുമൊക്കെ എന്തിനായിരുന്നു ?! അതു ചോദിക്കരുത്. കെട്ടു കഥയിൽ ചോദ്യമില്ല. ഇനി അവരെല്ലാം ബിംബത്തിനു മേൽ കാഷ്ടിച്ചു എന്നാണ് വാദമെങ്കിൽ, കാലങ്ങളായി അടിമകളുടെ ശൗച്യാലയമായിരുന്ന സ്ഥലത്ത് മക്കയിൽ ബിംബാരാധകർ ബിംബങ്ങൾ സ്ഥാപിച്ചതാവാനാണ് കൂടുതൽ സാധ്യത.

ഏതായിരുന്നാലും വാഹിദിയുടെ തഫ്സീറിൽ വന്നിരിക്കുന്ന ഈ കഥക്ക് യാതൊരു വിധ സനദും ഇല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

عن عطاء، عن ابن عباس…

“ഇബ്‌നു അബ്ബാസ് പറഞ്ഞതായി അത്വാഅ് പറഞ്ഞു ” എന്ന് സൂചിപ്പിച്ചു കൊണ്ടാണ് – അനുബന്ധമായ മറ്റൊരുപാട് കഥകൾക്കിടയിൽ – ഈ കെട്ടു കഥ ഉദ്ധരിക്കപ്പെടുന്നത്.

വാഹിദി ഹിജ്രാബ്ദം 468 ലാണ് മരണപ്പെട്ടത്.
(സിയറു അഅ്ലാമിന്നുബലാഅ്: 18: 340)

വാഹിദിയുടെ ഗുരുവും ഈ കഥ തൻ്റെ തഫ്സീറിൽ ഉദ്ധരിച്ചതിനാൽ തന്നെ വാഹിദി ഈ കഥ പഠിച്ചിട്ടുള്ളത് തൻ്റെ ഗുരുവിൽ നിന്നാണെന്ന് അനുമാനിക്കാം.

വാഹിദിയുടെ ഗുരു സഅ്ലബി ഹിജ്രാബ്ദം 468 ലാണ് മരണപ്പെട്ടത്.
(സിയറു അഅ്ലാമിന്നുബലാഅ്: 17: 436)

നാലാം നൂറ്റാണ്ടുകാരായ വാഹിദിയും സഅ്ലബിയും അത്വാഇൽ നിന്ന് ഈ നിവേദനം കേട്ടിട്ടില്ല എന്ന് ഉറപ്പാണല്ലൊ. കാരണം, അത്വാഅ് മരണപ്പെടുന്നത് ഹിജ്രാബ്ദം 124 ലാണ്.
(സിയറു അഅ്ലാമിന്നുബലാഅ്: 5: 79)

ഇവർക്കിടയിൽ മൂന്ന് നൂറ്റാണ്ടിൻ്റെ കാലാന്തരമുണ്ട്. എന്നു വെച്ചാൽ എവിടെ നിന്നൊ കേട്ട ഒരു കഥ സനദ് (നിവേദക പരമ്പര) ഒന്നും കൂടാതെ ഉദ്ധരിക്കപ്പെട്ടതാണ് എന്നർത്ഥം. അടിസ്ഥാനമില്ലാത്ത കഥകൾ മുസ്‌ലിം പണ്ഡിതർ എന്തു കൊണ്ട് അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചു എന്നാണ് സംശയമെങ്കിൽ അതിനുള്ള മറുപടി വിശദമായി വായിക്കുക:

ഇസ്‌ലാമിലെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ: ഇസ്‌ലാം വിമർശകർ അറിയാനായി…

ചുരുക്കത്തിൽ, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കെട്ടു കഥയുടെ അടിസ്ഥാനത്തിൽ മഹാനായ ബിലാലിനെ എങ്ങനെയാണ് അവമതിക്കുക?! അതും സ്വഹീഹായ നിവേദനത്തിൽ അദ്ദേഹം നിരപരാധി ആണെന്നും, ഇസ്‌ലാം ആശ്ലേഷണത്തിൻ്റെ പേരിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത് എന്നും വ്യക്തമാക്കപ്പെട്ടിരിക്കെ. അന്യ മതസ്ഥരുടെ ദൈവങ്ങളെ ചീത്ത വിളിക്കുക പോലും അരുത് (ക്വുർആൻ: 6:108) എന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെ അനുചരന്മാരിൽ നിന്ന് ഇത് സംഭവിക്കില്ലെന്ന് തീർച്ച.

print

No comments yet.

Leave a comment

Your email address will not be published.