ദുർബല ഹദീസുകളും കള്ള കഥകളും -40

//ദുർബല ഹദീസുകളും കള്ള കഥകളും -40
//ദുർബല ഹദീസുകളും കള്ള കഥകളും -40
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -40

പ്രവാചകൻ ഉമ്മു ഹാനിഇനെ പല വട്ടം വിവാഹമന്വേഷിച്ചുവൊ ?!

ഉമ്മു ഹാനിഇനെ വിവാഹം കഴിക്കാൻ മുഹമ്മദ് നബി പല തവണ ശ്രമിച്ചിട്ടും നടന്നില്ലല്ലൊ. ഉമ്മു ഹാനിഇനെ പ്രേമിച്ച്, അവരുടെ പിന്നിൽ വിവാഹാലോചനയുമായി നടന്ന് കുഴഞ്ഞ, മുഹമ്മദ് നബിയോടുള്ള വെറുപ്പ് കാരണം ഉമ്മു ഹാനിഉം അവരുടെ പിതാവും പലപല കാരണങ്ങൾ പറഞ്ഞ്, വിവാഹാലോചനകൾ തിരസ്കരിക്കുകയായിരുന്നില്ലെ?

മറുപടി:

പ്രവാചകത്വത്തിന് മുമ്പ്, ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പ് നിലനിന്നിരുന്ന ജാഹിലി കാലഘട്ടത്തിൽ, മുഹമ്മദ് നബി (സ), തൻ്റെ പിതൃവ്യനായ അബൂ ത്വാലിബിൻ്റെ മകൾ, ഉമ്മു ഹാനിഇനെ, വിവാഹമന്വേഷിക്കുകയുണ്ടായി. പക്ഷെ പിതൃവ്യൻ അബൂ ത്വാലിബ്, മകളെ ഹുബൈറത്തിബ്നു അബൂ വഹ്ബ് എന്ന വ്യക്തിക്ക് വിവാഹം കഴിപ്പിച്ചു.*

ഇങ്ങനെ ഒരു കഥ പല സീറ: ഗ്രന്ഥങ്ങളിലും എഴുതപ്പെട്ടിട്ടുണ്ടെങ്കിലും തീർത്തും ദുർബലമായ നിവേദക പരമ്പരയോടെയുള്ള കള്ളകഥ മാത്രമാണിത്.

1. ഇബ്നു സഅ്ദിൻ്റെ ത്വബകാത്തിൽ (8:120) ഈ കഥ ഉദ്ധരിച്ചിരിക്കുന്നത് താഴെ പറയുന്ന സനദി (നിവേദക പരമ്പര) ലൂടെയാണ്:

أَخْبَرَنَا هِشَامُ بْنُ مُحَمَّدِ بْنِ السَّائِبِ الْكَلْبِيُّ عَنْ أَبِيهِ عَنْ أَبِي صَالِحٍ عَنِ ابْنِ عَبَّاسٍ قَالَ:

2. ഹാഫിദ് ഇബ്നു ഹജ്ർ തൻ്റെ “ഇസ്വാബ “യിലും (8/ 317) സമാനമായ സനദ് (നിവേദക പരമ്പര) ലൂടെയാണ് കഥ ഉദ്ധരിച്ചിരിക്കുന്നത്:

من طريق ابن الكلبي عن أبيه عن أبي صالح عن ابن عباس .

3. സമാനമായ മറ്റൊരു സനദോടെ

حدثنا أَبو كريب، قال: ثنا عبد الله بن موسى، عن إسرائيل، عن السدي، عن أَبي صالح، عن أم هانئ

ചില ക്വുർആൻ വ്യഖ്യാതാക്കൾ ഉദ്ധരിച്ചിട്ടുണ്ട്.

، قالت: خطبني النبي صَلَّى الله عَلَيْهِ وَسَلَّم فاعتذرت له بعذري، ثم أنـزل الله عليه ( إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللاتِي آتَيْتَ أُجُورَهُنَّ …) إلى قوله ( اللاتِي هَاجَرْنَ مَعَكَ ) قالت: فلم أُحل له؛ لم أهاجر معه، كنت من الطلقاء.

“നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരന്റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.”
(ക്വുർആൻ: 33:50) എന്ന വചനം അവതരിപ്പിക്കപ്പെട്ടപ്പോൾ പ്രവാചകൻ (സ) എന്നെ വിവാഹമന്വേഷിക്കുകയുണ്ടായി. ഞാൻ പ്രവാചകനോടൊപ്പം സ്വദേശം വിട്ടുപോന്നവരിൽ (ഹിജ്റ ചെയ്തവരിൽ) പെട്ടവളല്ല എന്നത് കൊണ്ട് എനിക്ക് ആ വിവാഹം അനുവദനീയമല്ല എന്ന് ഞാൻ പ്രതികരിച്ചു എന്ന് ഉമ്മു ഹാനിഅ് പറഞ്ഞതായാണ് കഥ. ഈ കഥയും കള്ള കഥയാണ്. പരമ്പര പ്രശ്ന കലുഷിതമാണ്.

ഈ മൂന്ന് നിവേദക പരമ്പരയുടെയും ദുരവസ്ഥ നമ്മുക്കൊന്ന് പരിശോധിക്കാം:

ഈ നിവേദക പരമ്പര തീർത്തും തകർന്നതാണ്. പരമ്പരയിലെ ഒരു നിവേദകനായ ഹിശാം “കളവു പറയുന്നവ” (മത്റൂക് متروك) നെന്ന് ആരോപിക്കപ്പെട്ടിരിക്കുന്നു.

അഹ്‌മദിബ്നു ഹമ്പൽ പറഞ്ഞു: ഹിശാം കഥകളിലും സൊറകളിലും കുടുംബ പരമ്പരയിലുമൊക്കെ മുഴുകിയ ഒരു വ്യക്തി മാത്രമായിരുന്നു. അയാളിൽ നിന്നും ആരും ഹദീസ് ഉദ്ധരിക്കുകയൊ പഠിക്കുകയൊ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.

ദാറകുത്നിയും സമശീർഷരായ പല ഹദീസ് നിദാന ശാസ്ത്രജ്ഞരും പറയുന്നത്: ഹിശാം കളവു പറയുന്നവനാണ് എന്നാണ്.

ചരിത്രകാരനായ ഇബ്നു അസാകിർ പറഞ്ഞു: ഇസ്‌ലാമിൽ നിന്ന് പിഴച്ചു പോയ റാഫിദിയാണ് ഹിശാം. അയാൾ വിശ്വസ്തനല്ല.
(ലിസാനുൽ മീസാൻ: 6:196)

ഇനി ഹിശാമിൻ്റെ പിതാവും, ഈ കഥയുടെ കാഥികരിൽ മറ്റൊരാളുമായ മുഹമ്മദിബ്നു സാഇബ് അൽ കൽബിയെ എടുക്കാം.

അയാളും കളവു പറയുന്നവനാണെന്ന് അഭിപ്രായം നിലനിൽക്കുന്നു. വിശിഷ്യാ അയാൾ അബൂ സ്വാലിഹ് എന്ന നിവേദകനിൽ നിന്ന് ഉദ്ധരിച്ചാൽ അത് കള്ള കഥയാണെന്നതിൽ സംശയമില്ല.

സുഫ്‌യാൻ പറഞ്ഞു: ഒരിക്കൽ കൽബി തന്നെ എന്നോട് ഇപ്രകാരം പറയുകയുണ്ടായി: അബൂ സ്വാലിഹിൽ നിന്നും ഞാൻ ഉദ്ധരിക്കുന്നതെല്ലാം നുണയാണ്.

അഹ്‌മദിബ്നു സുഹൈർ പറഞ്ഞു: ഞാൻ അഹ്‌മദിബ്നു ഹമ്പലിനോട് ചോദിച്ചു: കൽബിയുടെ ക്വുർആൻ വ്യാഖ്യാനം പഠിക്കൽ അനുവദനീയമാണൊ. അദ്ദേഹം അല്ലെന്ന് പറഞ്ഞു.

ഇബ്നു ഹിബ്ബാൻ പറഞ്ഞു: അയാളുടെ മതപരമായ അഭിപ്രായങ്ങളിൽ ഉൾകൊള്ളുന്ന വ്യക്തമായ കളവുകൾ കൂടുതലൊന്നും വർണിക്കാതെ തന്നെ ഏതൊരാൾക്കും വ്യക്തമാവുന്ന കാര്യമാണ്.
അബൂ സ്വാലിഹ്, പ്രവാചകാനുചരൻ ഇബ്നു അബ്ബാസിൽ നിന്ന് എന്ന് പറഞ്ഞ് പല ക്വുർആൻ വ്യാഖ്യാനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും ഇബ്നു അബ്ബാസിൽ നിന്നല്ല. ഇനി കൽബി അബൂ സ്വാലിഹിൽ നിന്ന് കേട്ട ഒരൊറ്റ പദം പോലും ഗ്രന്ഥത്തിൽ എഴുതി വെക്കൽ പോലും അനുവദനീയമല്ല. പിന്നെ എങ്ങനെ അത്തരം കഥകൾ തെളിവിന് കൊള്ളും?!
(മീസാനുൽ ഇഅ്തിദാൽ: 3:557-559)

ഇതാണ് ഇത്തരം കള്ള കഥകളുടെ അവസ്ഥ.

ഉമ്മു ഹാനിഇൻ്റെ വിവാഹാന്വേഷണവുമായി ബന്ധപ്പെട്ട് ഒരൊറ്റ നിവേദനം മാത്രമെ സ്വഹീഹ് (സ്വീകാര്യയോഗ്യമായി) ഉദ്ധരിക്കപ്പെട്ടിട്ടുള്ളു. ആ നിവേദനത്തിൻ്റെ ആകത്തുക ഇപ്രകാരമാണ്:

അബൂ ഹുറൈറ (റ) പറയുന്നു. പ്രവാചകൻ (സ) ഉമ്മു ഹാനിഇനെ വിവാഹമന്വേഷിക്കുകയുണ്ടായി. അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരെ, ഞാൻ വൃദ്ധയായി, എനിക്ക് ഒരുപാട് പ്രാരാബ്ദങ്ങളുമുണ്ട്. (അപ്പോൾ എന്നെ വിവാഹം ചെയ്യുന്നത് താങ്കളെ ഞാൻ ദ്രോഹിക്കുന്നതിന് തുല്യമാവും)…
(സ്വഹീഹു മുസ്‌ലിം: 2527)

തൻ്റെ പ്രിയ പിതൃവ്യൻ്റെ പുത്രി, വൈധവ്യത്താലും വാർധക്യത്താലും പ്രാരാബ്ദത്താലും വലയുമ്പോൾ വിവാഹത്തിലൂടെ അവരുടെ എല്ലാ ബാധ്യതയും ഏറ്റെടുത്ത് സമാശ്വസിപ്പിക്കാനാണ് പ്രവാചകൻ (സ) ഉദ്ദേശിച്ചത്. പിതൃവ്യൻ്റെ പുത്രനായ അലിയെ വളർത്തിയതും പ്രവാചകനായിരുന്നു എന്ന് ഓർക്കുക. പ്രവാചകൻ്റെ (സ) വീട്ടിലായിരുന്നു അലി (റ) വളർന്നത്. വിധവയും പ്രാരാബ്ദക്കാരിയുമായ പിതൃവ്യൻ്റെ പുത്രി, ഉമ്മു ഹാനിഇനെയും സഹായിക്കുക എന്നത് സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണ്. പക്ഷെ വിവാഹ ബന്ധം അനുവദനീയമായ, ഒരു സ്ത്രീ ആയത് കൊണ്ട് തന്നെ അലിയെ (റ) സ്വീകരിച്ചതു പോലെ, അലിയുടെ സഹോദരി ഉമ്മു ഹാനിഇനെ സ്വീകരിക്കാൻ പാടില്ലല്ലൊ. അപ്പോൾ വിവാഹത്തിലൂടെ ഇടപഴകലിലെ പ്രയാസങ്ങൾ ഇല്ലാതാവുന്നു. സ്നേഹബന്ധങ്ങൾ രൂഢമൂലമാകുന്നു. പക്ഷെ വൃദ്ധയും പ്രാരാബ്ദക്കാരിയുമായ ഉമ്മു ഹാനിഇന് പ്രവാചകനെ (സ) പ്രയാസപ്പെടുത്താൻ മനസ്സു വന്നിരുന്നില്ല. അത്രമേൽ പ്രവാചകനെ അവർ സ്നേഹിച്ചിരുന്നു. മറ്റു വല്ല സ്ത്രീകളുമായിരുന്നെങ്കിൽ പ്രവാചകൻ്റെ (സ) പ്രയാസത്തെ കുറിച്ച് ഓർക്കാതെ സ്വന്തം നേട്ടത്തെ കുറിച്ച് ചിന്തിച്ച് കല്യാണത്തിന് ഒരുങ്ങുമായിരുന്നു എന്നെല്ലാം ഇമാം ഇറാക്വി വ്യക്തമാക്കുന്നുണ്ട്.
(ത്വർഹു തസ്‌രീബ്: 7:15)

ചുരുക്കത്തിൽ ഒരൊറ്റ തവണയാണ് മുഹമ്മദ് നബി (സ) ഉമ്മു ഹാനിഇനെ വിവാഹമന്വേഷിച്ചത്. അപ്പോൾ അവരുടെ പിന്നിൽ വിവാഹാലോചനയുമായി നടന്ന് അദ്ദേഹം കുഴഞ്ഞു എന്നത് കള്ളമാണ്. വാർദ്ധക്യത്തിലാണ് ആ വിവാഹാലോചന പ്രവാചകൻ (സ) നടത്തുന്നത്. അപ്പോൾ ഉമ്മു ഹാനിഇനെ പ്രവാചകൻ (സ) പ്രേമിച്ചു എന്നത് നുണ. മുഹമ്മദ് നബിയോടുള്ള വെറുപ്പ് കാരണം ഉമ്മു ഹാനിഉം അവരുടെ പിതാവും പലപല കാരണങ്ങൾ പറഞ്ഞ്, വിവാഹാലോചനകൾ തിരസ്കരിക്കുകയുണ്ടായി എന്നതും കളവാണ്. ഉമ്മു ഹാനിഅ്, വിവാഹാഭ്യർത്ഥന നിരസിച്ചത് പ്രവാചകൻ തന്നെ കൊണ്ട് കഷ്ടപ്പെടരുത് എന്ന് സ്നേഹ പ്രചോദിതയായാണ്. ഉമ്മു ഹാനിഇൻ്റെ പിതാവിനോടാകട്ടെ പ്രവാചകൻ (സ) വിവാഹാലോചനയുമായി ചെന്നിട്ടു പോലുമില്ല !

*ഇതൊരു കള്ള കഥയാണെങ്കിലും, ഈ കഥയിൽ വിമർശകർ സാധാരണയായി നടത്തുന്ന ഒരു ദുർവ്യാഖ്യാനം ഇവിടെ ശ്രദ്ധയിൽ പെടുത്തട്ടെ.

ഉമ്മു ഹാനിഇനെ, ഹുബൈറക്ക് വിവാഹം ചെയ്തു കൊടുത്തപ്പോൾ മുഹമ്മദ് നബി (സ), അബൂ ത്വാലിബിനോട് ചോദിച്ചത്രെ:

يا عم زوجت هبيرة وتركتني؟

“അല്ലയോ എളാപ്പാ, താങ്കൾ ഉമ്മു ഹാനിഇനെ എനിക്ക് വിവാഹം ചെയ്തു തരാതെ ഹുബൈറക്ക് വിവാഹം ചെയ്തു കൊടുക്കുകയാണൊ?”

ഈ ചോദ്യത്തിന് പിതൃവ്യൻ അബൂ ത്വാലിബ് പറഞ്ഞ മറുപടിയുടെ ഇംഗ്ലീഷ് പരിഭാഷയിലൂടെയാണ് ഈ കൃത്രിമം. Noble is for Noble. “മാന്യർക്കാണ് മാന്യരെ വിവാഹം ചെയ്തു കൊടുക്കുക” എന്നാണ് അബൂ ത്വാലിബ് പറഞ്ഞത്. അഥവാ മുഹമ്മദ് നബി, ഒരു നീചനും മാന്യതയില്ലാത്തവനുമാണ് എന്നാണ് അബൂ ത്വാലിബിൻ്റെ അഭിപ്രായം എന്നാണ് കണ്ടെത്തൽ. എന്നിട്ടാണൊ, മുഹമ്മദ് നബിയെ അബൂ ത്വാലിബ് സ്വന്തം ഗോത്രക്കാരിൽ നിന്ന് സംരക്ഷിച്ചത്. സ്വന്തം മകനായ അലിയെ വളർത്താനായി അദ്ദേഹത്തെ ഏൽപ്പിച്ചത്.

അബൂ ത്വാലിബ് പറഞ്ഞതായി പ്രസ്തുത കഥയിലുള്ളത് എന്താണെന്ന് മൂലസ്രോതസ്സിൽ നിന്ന് തന്നെ നോക്കാം:

يا ابن أَخِي إِنَّا قَدْ صَاهَرْنَا إِلَيْهِمْ، وَالْكَرِيمُ يُكَافِئُ الْكَرِيمَ.
“എൻ്റെ സഹോദര പുത്രാ, നാം ഹുബൈറയുടെ കുടുംബത്തിൽ നിന്നും വിവാഹം ചെയ്തിട്ടുണ്ടല്ലൊ. മാന്യർ മാന്യരോട് തുല്യ രീതിയിൽ വർത്തിക്കണ്ടെ?”

അഥവാ, മുഹമ്മദ് നബിയുടെയും പിതൃവ്യൻ അബൂ ത്വാലിബിൻ്റെയും കുടുംബമായ ഹാശിം കുടുംബത്തിലെ പല പുരുഷൻമാരും ഹുബൈറയുടെ കുടുംബമായ ബനൂ മഖ്സൂം ഗോത്രത്തിൽ നിന്നും വിവാഹം ചെയ്തിട്ടുണ്ട്. നമ്മൾ മാന്യരും കുലീനരുമാണല്ലൊ. അതു കൊണ്ട് തന്നെ ബനൂ മഖ്സൂമുകാർ നമ്മളുടെ പെൺകുട്ടികളെ വിവാഹം കഴിക്കാൻ അന്വേഷിക്കുമ്പോൾ തുല്യമായി പ്രതികരിക്കേണ്ടതില്ലെ? അവർ അവരുടെ പെൺമക്കളെ നമ്മുക്ക് വിവാഹം ചെയ്തു തന്നത് പോലെ നാം അവർക്ക് നമ്മുടെ പെൺമക്കളെ വിവാഹം ചെയ്യാൻ തയ്യാറാവേണ്ടതില്ലേ? “മാന്യർ മാന്യരോട് തുല്യ രീതിയിൽ വർത്തിക്കണ്ടെ?” ഇതാണ് അബൂത്വാലിബ് പറഞ്ഞ മറുപടി. ഇവിടെ മുഹമ്മദ് നബിയടക്കം ഹാശിം കുടുംബത്തിലെ സർവ്വരും മാന്യരും കുലീനരുമാണ് എന്നാണ് അബൂത്വാലിബ് വിശ്വസിക്കുന്നത് എന്ന് വ്യക്തമാവുന്നു. നേരെ വിരുദ്ധമായ അർത്ഥമാണ് വിമർശകർ ഈ വാചകത്തിന് ചാർത്തുന്നത്. കള്ളകഥയിലും കള്ളത്തരം കാണിക്കേണ്ടി വരുന്ന ഗതികേട്!

print

No comments yet.

Leave a comment

Your email address will not be published.