ദുർബല ഹദീസുകളും കള്ള കഥകളും -39

//ദുർബല ഹദീസുകളും കള്ള കഥകളും -39
//ദുർബല ഹദീസുകളും കള്ള കഥകളും -39
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -39

Print Now
സൃഷ്ടിപ്പിനെ സംബന്ധിച്ച വിവരണത്തിൽ ഹദീസിൽ പിഴവ് സംഭവിച്ചുവോ ?

വിമർശനം:

സൂര്യനെ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ചെടികളും മരങ്ങളും സൃഷ്ടിക്കപ്പെട്ടു എന്ന ബൈബിളിലെ ഉൽപ്പത്തി പ്രതിബാധനത്തിലെ അബദ്ധം മുഹമ്മദ് നബിയും കോപ്പിയടിച്ചു. തന്നിമിത്തം ഹദീസിലേയും ഉൽപ്പത്തി പ്രതിബാധനത്തിൽ ധാരാളം അബദ്ധങ്ങൾ ഉള്ളടങ്ങിയിട്ടില്ലെ ?!

മറുപടി:

ക്വുർആനിൽ, പ്രവാചകൻ ഇബ്‌റാഹീമിന്റെ (അബ്രഹാം) കാലത്തെ ഈജിപ്തിലെ ഭരണാധികാരിയെ സംബന്ധിച്ച് “അല്ലാഹു അധികാരം നൽകിയ” വ്യക്തി (آتَاهُ اللَّهُ الْمُلْكَ) (ക്വുർആൻ: 2: 258) എന്നാണ് പറയപ്പെടുന്നത്… പ്രവാചകൻ യൂസുഫിന്റെ (അ) (ജോസഫ്) കാലത്തെ ഈജിപ്തിലെ ഭരണാധികാരിയെ സംബന്ധിച്ച് “രാജാവ്” (ملك King) എന്നാണ് പറയപ്പെടുന്നത്; മൂസാ നബിയുടെ(അ) (മോശെ) കാലത്തെ ഭരണാധികാരിയെ “ഫിർഔൻ” (Pharaoh فرعون ഫറവോൻ) എന്നുമാണ് പറയപ്പെടുന്നത്.

ജോസഫിന്റെ മരണത്തിന് ശേഷമാണ് ഈജിപ്തിലെ ഭരണാധികാരികളെ സൂചിപ്പിക്കാൻ “ഫറവോൻ” എന്ന പദവി ഉപയോഗിക്കാൻ തുടങ്ങിയത്.

എന്നാൽ ബൈബിളിൽ, ജോസഫിന്റെ കാലത്തെ ഭരണാധികാരിയെയും “ഫറവോൻ” എന്ന പേരിലാണ് പരിചയപ്പെടുത്തുന്നത്.

ജോസഫിനും മുമ്പ്, അബ്രഹാമിന്റെ കാലത്തെ ഭരണാധികാരിയേയും “ഫറവോൻ” എന്ന പേരിലാണ് (ആറു തവണ) പരിചയപ്പെടുത്തുന്നത്.
(ഉല്പത്തി: 12: 10-20)

ജോസഫിന്റെ കാലഘത്തിലെ ഭരണാധികാരിയേയും “ഫറവോൻ” എന്ന പേരിൽ തന്നെയാണ് (തൊന്നൂറ് തവണ) പരിചയപ്പെടുത്തുന്നത്.
(ഉല്പത്തി: 41: 14, 25, 46…)

അതിന് കാരണം, എല്ലാ കാലഘട്ടത്തിലും, ഈജിപ്റ്റിലെ ഭരണാധികാരികളെ എല്ലാം “ഫറവോൻ” എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത് എന്ന തെറ്റിദ്ധാരണയിൽ, മനുഷ്യരാൽ രചിക്കപ്പെട്ടതാണ് എന്നതിനാലാണ് ഈ ചരിത്രപരമായ് സ്കലിതം ബൈബിളിൽ വരാൻ കാരണം.

ക്വുർആൻ, മനുഷ്യ നിർമ്മിതമായിരുന്നെങ്കിൽ, ബൈബിൾ നോക്കി പകർത്തിയതായിരുന്നെങ്കിൽ ഇത്രയും സൂക്ഷ്മവും, സങ്കീർണവും, നൂറ്റാണ്ടുകൾക്ക് ശേഷം തിരിച്ചറിഞ്ഞതുമായ ഈ സ്കലിതം ക്വുർആനിലും സംഭവിക്കുമായിരുന്നില്ലെ? പക്ഷെ അങ്ങനെ സംഭവിച്ചില്ല ! ക്വുർആനിൽ പ്രവാചകൻ ഇബ്‌റാഹീമിന്റെ (അ) കാലഘട്ടത്തിലെ ഈജിപ്ത്യൻ ഭരണാധികാരിയെ “അല്ലാഹു അധികാരം നൽകിയ” വ്യക്തി (آتَاهُ اللَّهُ الْمُلْكَ) എന്നും (ക്വുർആൻ:2:258), പ്രവചകൻ യൂസുഫിന്റെ കാലഘട്ടത്തിലെ ഈജിപ്ത്യൻ ഭരണാധികാരിയെ “രാജാവ്” (ملك) എന്നും (ക്വുർആൻ: 12: 76) അഭിസംബോധനം ചെയ്ത അത്യത്ഭുതകരമായ സൂക്ഷ്മതയിൽ നിന്ന് രണ്ട് കാര്യങ്ങൾ സുതരാം വ്യക്തമാവുന്നു:
ഒന്ന്, ക്വുർആൻ ബൈബിളിന്റെ കോപിയല്ല. ബൈബിളിൽ ദിവ്യബോധനത്തിൽ നിന്നുമുള്ള ഭാഗങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട് എന്നതിനാൽ തന്നെ ബൈബിളും ക്വുർആനും വിഷയാതിഷ്ടിതമായ സാമ്യതകൾ ഉണ്ടാകാം എന്ന് മാത്രം.

രണ്ട്, ബൈബിളിൽ പരാമർശിക്കപ്പെട്ട സങ്കീർണവും അതിസൂക്ഷ്മവും മാനുഷികവുമായ തെറ്റ് ക്വുർആൻ ആവർത്തിക്കാതിരുന്നതും ക്വുർആന്റെ അത്യത്ഭുതകരമായ ചരിത്ര കൃത്യതയും തെളിയിക്കുന്നത് ക്വുർആന്റെ അമാനുഷികതയെയാണ്. ഇത് മനുഷ്യനിൽ നിന്നല്ല എന്നർത്ഥം.

സമാനമാണ് വിമർശന വിധേയമായ ഹദീസിന്റെയും അവസ്ഥ. ബൈബിളിൽ നിന്നുള്ള കോപ്പിയടിയാണ് ഹദീസും, അതിനാൽ അതിൽ ധാരാളം അബദ്ധങ്ങൾ ആവർത്തിക്കപ്പെട്ടു എന്നല്ല വിമർശന വിധേയമായ ഹദീസിൽ നിന്നും സൂക്ഷ്മ പരിശോധനയിൽ നിന്നും മനസ്സിലാവുക. പ്രത്യുത, ബൈബിളിൽ ഉൽപ്പത്തിയെ സംബന്ധിച്ച് പറയപ്പെട്ട വിശദീകരണത്തിലെ സൂക്ഷ്മമായ അബദ്ധങ്ങളും അശാസ്ത്രീയതകളും അത്യൽഭുതകരമായ വിധം ഹദീസിലെ ഉൽപ്പത്തി വിശദീകരണത്തിൽ ഒഴിവാക്കപ്പെട്ടിരിക്കുകയാണ് !

ഇത് മനസ്സിലാക്കാനായി ആദ്യം നമ്മുക്ക് ബൈബിളിലെ, ഉൽപ്പത്തി പുസ്തകം: അദ്ധ്യായം ഒന്നിലെ, 1 മുതൽ 31 വരെയുളള വാക്യങ്ങൾ വായിച്ചു നോക്കാം:

1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.
2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.
3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4 വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
5 ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
6 ദൈവം: വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
7 വിതാനം ഉണ്ടാക്കിയിട്ടു ദൈവം വിതാനത്തിൻകീഴുള്ള വെള്ളവും വിതാനത്തിന്മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
8 ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
9 ദൈവം: ആകാശത്തിൻകീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
10 ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു.
11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
12 ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു.
13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
16 പകൽ വാഴേണ്ടതിനു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു.
19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെമീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്‍ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
22 നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
25 ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.
26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.
28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു.
29 ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ;
30 ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യമൊക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
31 താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.”

ഏഴ് ദിവസങ്ങളിലെ ഓരോ ദിവസവും നടന്ന സൃഷ്ടിപ്പിനൊപ്പം “സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം…”, “സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം…” എന്ന് ആവർത്തിക്കപ്പെടുന്നത് ശ്രദ്ധിക്കുക. ആ ദിവസങ്ങളിലെ സൃഷ്ടിപ്പുകൾ കാലക്രമം അനുസരിച്ച്‌ (chronological order) നടന്നു എന്നാണ് ബൈബിൾ വാദിക്കുന്നത്. എന്ന് വെച്ചാൽ… രണ്ടാം ദിവസം ഭൂമിയിൽ പുല്ലും വിത്തുള്ള സസ്യങ്ങളും വൃക്ഷങ്ങളും മുളപ്പിച്ചു… മൂന്നാം ദിവസം… പകലും രാവും തമ്മിൽ വേർപിരിവാനും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും… വെളിച്ചങ്ങൾ (സൂര്യ ചന്ദ്രൻമാരെ) സൃഷ്ടിച്ചു. നാലാം ദിവസം വെള്ളത്തിലെ ജലജന്തുക്കളെയും സൃഷ്ടിച്ചു… എന്നിങ്ങനെ കാലക്രമം അനുസരിച്ചാണ് സൃഷ്ടിപ്പ്. അപ്പോൾ സൂര്യനും ചന്ദ്രനും ഇല്ലാതെ ഒന്നാം ദിവസം ഉഷസ്സും സന്ധ്യയും എങ്ങനെ ആയി? സൂര്യനും ചന്ദ്രനും സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് രാവും പകലും എങ്ങനെ ഉണ്ടായി ?!സൂര്യപ്രകാശം സൃഷ്ടിക്കുന്നതിന് മുമ്പ് സസ്യങ്ങളും വൃക്ഷങ്ങളും എങ്ങനെ നിലനിൽക്കുന്നു ?! ഇങ്ങനെ ഒരുപാട് വൈരുധ്യങ്ങളും ശാസ്ത്രാബദ്ധങ്ങളും ബൈബിളിലെ ഉൽപ്പത്തി പ്രതിബാധനത്തിൽ വന്നു ഭവിക്കുന്നു.

എന്നാൽ ഹദീസിലെ ഉൽപ്പത്തി വിവരണത്തിൽ ഈ അബദ്ധങ്ങളും ശാസ്ത്ര വിരുദ്ധതയും ഒഴിവാക്കപ്പെട്ടിരിക്കുന്നു:

ദൈവം ശനിയാഴ്ച്ച മണ്ണ് സൃഷ്ടിച്ചു. ഞായറാഴ്ച്ച പർവ്വതങ്ങളെ ഉണ്ടാക്കി. തിങ്കളാഴ്ച്ച മരങ്ങളെ സൃഷ്ടിച്ചു. ചൊവ്വാഴ്ച്ച മക്റൂഹ് (വെറുക്കപ്പെട്ടത്, ദോഷകരമായ വസ്തുക്കൾ) സൃഷ്ടിച്ചു. ബുധനാഴ്ച്ച പ്രകാശം (ഗുണകരമായ വസ്തുക്കൾ) സൃഷ്ടിച്ചു. വ്യാഴാഴ്ച്ച ജന്തുക്കളെ ഭൂമിയിൽ പരത്തി. വെള്ളിയാഴ്ച്ചയുടെ അവസാന സന്ധിയിൽ, അസറിനും രാത്രിക്കും ഇടയിൽ ആദമിനെ (സ) സൃഷ്ടിച്ചു. (സ്വഹീഹു മുസ്‌ലിം: 2789) എന്നാണ് ഹദീസിലെ ഉള്ളടക്കം. ഇവിടെ ദിവസങ്ങളിലെ സൃഷ്ടിപ്പുകൾ കാലക്രമം അനുസരിച്ച്‌ (chronological order) നടന്നതാണ് എന്ന ബൈബിളിലെ അബദ്ധം ഒഴിവാക്കപ്പെട്ടിരിക്കുന്നു ! ഒന്നാം ദിവസം, രണ്ടാം ദിവസം… തുടങ്ങിയ കാലക്രമമൊ, സന്ധ്യയായി ഉഷസ്സായി തുടങ്ങി തുടർച്ചയെയൊ പ്രസ്താവിച്ചില്ല എന്നത് അത്‌ഭുതകരമാം വിധം സൂക്ഷ്മത അടങ്ങുന്നതാണ്.

“എന്റെ മകൻ ജനിച്ചത് ഞായറാഴ്ച്ചയാണ്. അതുകഴിഞ്ഞ് രണ്ടാം ദിവസമാണ് ഞാൻ ജനിച്ചത്.
അതു കഴിഞ്ഞ് മൂന്നാം ദിവസമാണ് എന്റെ അച്ഛൻ ജനിച്ചത്. അതുകഴിഞ്ഞ് നാലാം ദിവസം എന്റെ അമ്മ ജനിച്ചു…” എന്ന് പറയൽ ശുദ്ധ അസംബന്ധമാണ് എന്ന് പ്രത്യേകം തെളിയിക്കേണ്ടതില്ലല്ലൊ. ഈ ഉൽപ്പത്തി പ്രതിബാധനമനുസരിച്ച് എന്റെ മകൻ എന്നേക്കാൾ മൂത്തതും, ഞാൻ ജനിച്ച ശേഷമാണ് എന്റെ അച്ചനും അമ്മയും ജനിച്ചത് എന്നും വരുന്നു ! ഇത്തരമൊരു ഉൽപ്പത്തി പ്രതിബാധനമാണ് ബൈബിൾ അവതരിപ്പിക്കുന്നത്.

അതേ സമയം ഒരാൾ ഇപ്രകാരം പറഞ്ഞു എന്ന് കരുതുക:

“എന്റെ മകൻ ജനിച്ചത് ഞായറാഴ്ചയാണ്. ഞാൻ ജനിച്ചത് തിങ്കളാഴ്ചയാണ്. എന്റെ അച്ഛൻ ജനിച്ചത് ചൊവ്വാഴ്ചയാണ്. എന്റെ അമ്മ ജനിച്ചത് ബുധനാഴ്ചയാണ്.”

ഇവിടെ ഉൽപ്പത്തിയുടെ ക്രമമൊ കാല തുടർച്ചയൊ പറയപ്പെടുന്നില്ല; ദിവസങ്ങൾക്ക് മാത്രമെ കാലക്രമം സംജാതമാകുന്നുള്ളു. ഇതാണ് ഹദീസിലെ ഉൽപ്പത്തി പ്രതിബാധന രീതിയുടെ വ്യത്യാസം.

ഹദീസിലെ ഉൽപ്പത്തി പ്രതിബാധനത്തിലെ മറ്റൊരു വ്യത്യാസം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്:

ഇബ്നുൽ അസീർ (റ) പറഞ്ഞു:
“മരങ്ങളെ സൃഷ്ടിച്ചു. ചൊവ്വാഴ്ച്ച മക്റൂഹ് (വെറുക്കപ്പെട്ടത്) എന്നത് കൊണ്ട് ഇവിടെ ഉദ്ദേശ്യം ദോഷകരമായ കാര്യങ്ങളാണ്. കാരണം ഹദീസിൽ തുടർന്ന് പറയുന്നത് “ബുധനാഴ്ച്ച പ്രകാശം സൃഷ്ടിച്ചു” എന്നാണ്. പ്രകാശം എന്നാൽ ഉപകാര പ്രധമായ കാര്യങ്ങളാണ്. ദോഷകരമായ കാര്യങ്ങളെ മക്റൂഹ് (വെറുക്കപ്പെട്ടത്) എന്ന് വിളിക്കപ്പെടാൻ കാരണം, അവ ‘പ്രിയങ്കരമായ’ കാര്യങ്ങൾക്ക് വിപരീതമായത് കൊണ്ടാണ്.”
(അന്നിഹായ: 4:169)

ചുരുക്കത്തിൽ, ബൈബിളിലെ ഉൽപ്പത്തി വിവരണത്തിൽ നിന്നുള്ള കോപ്പിയടിയായിരുന്നു ഹദീസും എങ്കിൽ അതിലും ബൈബിളിലെ അബദ്ധങ്ങൾ ആവർത്തിക്കപ്പെടുമായിരുന്നു. എന്നാൽ വിമർശന വിധേയമായ ഹദീസിന്റെ സൂക്ഷ്മ പരിശോധനയിൽ നിന്നും മനസ്സിലാവുക, ബൈബിളിൽ ഉൽപ്പത്തിയെ സംബന്ധിച്ച് പറയപ്പെട്ട വിശദീകരണത്തിലെ സൂക്ഷ്മമായ അബദ്ധങ്ങളും അശാസ്ത്രീയതകളും – വിശിഷ്യാ കാലക്രമം – അത്യൽഭുതകരമായ വിധം ഹദീസിലെ ഉൽപ്പത്തി വിശദീകരണത്തിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നാണ് ! ഇത് ഹദീസുകളുടെ ദിവ്യബോധന അടിത്തറയെയും സത്യതയെയുമാണ് തെളിയിക്കുന്നത്.

**********************************

വിമർശനം:
ആകാശഭൂമികളെ ആറ് ദിവസം കൊണ്ട് സൃഷ്ടിച്ചു എന്ന് ക്വുർആൻ പറയുന്നു. ആകാശത്തെ രണ്ട് ദിവസങ്ങൾ കൊണ്ടും ഭൂമിയെ രണ്ട് ദിവസങ്ങൾ കൊണ്ടും ഭൂമിയിലെ വിശദാംശങ്ങളെ രണ്ട് ദിവസങ്ങൾ കൊണ്ടും സൃഷ്ടിച്ചു. അപ്പോൾ പിന്നെ ഹദീസിൽ ഏഴ് ദിവസങ്ങൾ കൊണ്ട് നടന്ന സൃഷ്ടിപ്പ് ക്വുർആനിക പരാമർശത്തോട് എതിരല്ലെ ?

മറുപടി: ഒരിക്കലുമല്ല. കാരണം, ക്വുർആൻ സംസാരിക്കുന്നത് ഭൂമി സൃഷ്ടിക്കപ്പെടുന്നതിന് മുമ്പുള്ള, ഭൂമിയുടെ സൃഷ്ടിപ്പു കൂടി ഉൾപ്പെടുന്ന അഭൗമികമായ (ആറ്) ദിവസങ്ങളെ സംബന്ധിച്ചാണ്. ചർച്ച വിഷയകമായ ഹദീസിൽ പരാമർശിക്കുന്നത് ഭൂമി സൃഷ്ടിക്കപ്പെട്ടതിന് ശേഷം, ഭൂമിയിലെ വിശദാംശങ്ങളുടെ സൃഷ്ടിപ്പ് നടന്ന ഭൗമികമായ (ഏഴ്) ദിവസങ്ങളെ സംബന്ധിച്ചുമാണ്.

അറബി പദമായ يوم (യവ്മ്, ദിവസം) ഭൗമികമായ ദിവസത്തെ സൂചിപ്പിക്കാൻ മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. കാലത്തിന്റെ ഏതു തരം ഘട്ടങ്ങളെയും ഭാഗങ്ങളെയും യവ്മ് (ദിവസം) എന്ന പദം കൊണ്ട് വിവക്ഷിക്കാവുന്നതാണ്. ഇതിന് ഉദാഹരണങ്ങൾ ക്വുർആനിൽ തന്നെ കാണാവുന്നതാണ്:

“പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌.”
(ക്വുർആൻ: 32: 5)

“അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.”
(ക്വുർആൻ: 70: 4)

ആയിരം ഭൗമിക വർഷങ്ങളോടു തുല്യമായ ഒരു യവ്മ് (ദിവസം), ഭൗമികമായ അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു യവ്മ് (ദിവസം) എന്നൊക്കെ ക്വുർആൻ പറഞ്ഞതിൽ നിന്നും കാലത്തിന്റെ ഏതു തരം ഘട്ടങ്ങളെയും ഭാഗങ്ങളെയും യവ്മ് (ദിവസം) എന്ന പദം കൊണ്ട് വിവക്ഷിക്കാവുന്നതാണ് എന്ന് വ്യക്തം.

ഈ വസ്തു മനസ്സിലാക്കിയതിന് ശേഷം ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് എഴുതുന്നത് വായിക്കുക:

“അല്ലാഹു ആകാശങ്ങളെ രണ്ട് അഭൗമികമായ ദിവസം കൊണ്ട് (അഥവാ രണ്ട് കാല- ഘട്ടം കൊണ്ട്) സൃഷ്ടിച്ചു. ശേഷം ഭൂമിയെ രണ്ട് അഭൗമികമായ ദിവസം കൊണ്ട് (അഥവാ രണ്ട് കാല- ഘട്ടം കൊണ്ട്) സൃഷ്ടിച്ചു. ശേഷം ഭൂമിയിലെ വിശദാംശങ്ങൾ രണ്ട് അഭൗമികമായ ദിവസം കൊണ്ട് (അഥവാ രണ്ട് കാല- ഘട്ടം കൊണ്ട്) സൃഷ്ടിച്ചു. അപ്പോൾ മൊത്തം ആറ് അഭൗമികമായ ദിവസങ്ങൾ കൊണ്ട് ആകാശ ഭൂമികളെ സൃഷ്ടിച്ചു.

ഭൂമിയിലെ വിശദാംശങ്ങൾ സൃഷ്ടിച്ച രണ്ട് അഭൗമികമായ ദിവസങ്ങൾ, ഏഴ് ഭൗമികമായ ദിവസങ്ങൾക്ക് തുല്യമാണ്. ഈ രണ്ട് അഭൗമികമായ ദിവസങ്ങളിൽ ( അഥവാ ഏഴ് ഭൗമികമായ ദിവസങ്ങളിൽ ) നടന്ന സൃഷ്ടിപ്പിനെ സംബന്ധിച്ചാണ് ഹദീസിൽ ചർച്ച ചെയ്യപ്പെടുന്നത്.

ആകാശ ഭൂമികളെ ആറ് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചു എന്ന് ക്വുർആൻ പറയുന്ന ദിവസങ്ങൾ സൂര്യ ചന്ദ്ര ഉദയാസ്തമങ്ങൾ കൊണ്ട് അളക്കപ്പെടുന്ന ഭൗമികമായ ദിവസങ്ങൾ അല്ല. ആ സമയത്ത് സൂര്യനും ഭൂമിയും സൃഷ്ടിക്കപ്പെട്ടിട്ടു തന്നെയില്ലല്ലൊ; പിന്നെ അതെങ്ങനെ ഭൗമികമായ ദിവസങ്ങൾ ആവും ?! യവ്മ് (ദിവസം) എന്നാൽ കാലത്തിന്റെ അപേക്ഷികമായ ഭാഗങ്ങൾ അല്ലെങ്കിൽ ഘട്ടങ്ങൾ മാത്രമാണ്.”

ശൈഖ് നാസ്വിറുദ്ധീൻ അൽബാനി പറഞ്ഞു:

“ഹദീസിൽ പറയപ്പെട്ടിട്ടുള്ള ഏഴ് ദിവസങ്ങൾ, (ആകാശഭൂമികൾ സൃഷ്ടിക്കപ്പെട്ട,) ക്വുർആനിൽ പ്രസ്ഥാപിക്കപ്പെട്ട ആറ് ദിവസങ്ങളല്ല. ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ടിരിക്കുന്നത് ഭൂമിൽ അല്ലാഹു നടപ്പാക്കിയ സംവിധാനങ്ങളുടെ വിശതമായ വിവരണമാണ്. ക്വുർആനിൽ പ്രസ്ഥാപിക്കപ്പെട്ടതിന് പുറമെ – അധികമായി – നടന്ന സൃഷ്ടിപ്പുകളും സംവിധാനങ്ങളുമാണ് ഹദീസിലെ പ്രമേയം; അല്ലാതെ ക്വുർആനിൽ പ്രസ്ഥാപിക്കപ്പെട്ടതിന് എതിരായ വിവരങ്ങളല്ല… ”
(മുഖ്തസ്വറുൽ ഉലുവ് ലിഅലിയ്യുൽ അളീം: 112)

ക്വുർആനിലെ ആറും ഹദീസിലെ ഏഴും, ഇവ രണ്ടും (ഭൗമികവും അഭൗമികവുമായ) രണ്ട് തരം ദിവസങ്ങളും, രണ്ട് വ്യത്യസ്ഥ വിഷയങ്ങളുമാണ് എന്ന് ഹദീസുകളിൽ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്:

ഇമാം നസാഈയുടെ “സുനനുൽ കുബ്റാ” യിലെ (6/427/11392) ഒരു ഹദീസിൽ മുഹമ്മദ് നബി (സ), തന്റെ അനുചരനായ അബൂ ഹുറൈറയോട് (റ) ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു:
“അല്ലയൊ അബൂ ഹുറൈറ ! അല്ലാഹു അകാശഭൂമികളെയും അവക്കിടയിലുള്ളവയെയും ആറ് (അഭൗമിക) ദിവസങ്ങളിലായി (കാല ഘട്ടങ്ങളായി) സൃഷ്ടിച്ചു. ഏഴാമത്തെ ദിവസം അവൻ സിംഹാസനസ്ഥനായി. (ഭൂമിയിലെ വിശദാംശങ്ങളുടെ സൃഷ്ടിപ്പ് ഭൗമികമായ ദിവസങ്ങളിൽ പറഞ്ഞാൽ) മണ്ണ് ശനിയാഴ്ച്ച അവൻ പടച്ചു…(ശേഷം ഏഴ് ഭൗമികമായ ദിവസങ്ങളിലെ സൂക്ഷ്മായ സൃഷ്ടിപ്പുകൾ പ്രവാചകൻ (സ) എണ്ണി പറഞ്ഞു…”

ഈ ഹദീസിൽ നിന്ന് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാം. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് നടന്നത് അഭൗമികമായ ആറ് ദിവസങ്ങളിൽ (ഘട്ടങ്ങളിൽ) ആയാണ്. അതിൽ രണ്ട് അഭൗമിക ഘട്ടങ്ങൾ ഭൗമികമായ ഏഴ് ദിവസങ്ങൾക്ക് തുല്യമാണ്. ശേഷം ഭൗമികമായ ഓരോ ദിവസവും സൃഷ്ടിക്കപ്പെട്ട ഓരോ സൃഷ്ടിപ്പും പ്രവാചകൻ (സ) എണ്ണി പറഞ്ഞു. ശനിയാഴ്ച്ച മണ്ണ് സൃഷ്ടിച്ചു. ഞായറാഴ്ച്ച പർവ്വതങ്ങളെ ഉണ്ടാക്കി…
അപ്പോൾ ക്വുർആനും ചർച്ചാ വിഷയകമായി ഹദീസും തമ്മിൽ വൈരുദ്ധ്യമില്ല എന്ന് മാത്രമല്ല. രണ്ട് തരം ദിവസങ്ങളെയും കൂട്ടിയിണക്കി തന്നെ ഒരു ഹദീസ് കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.

*******************************

വിമർശനം:

ആകാശ ഭൂമികളെ ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചു എന്ന് ക്വുർആനിൽ പലയിടത്തും പറയുന്നത്. എന്നാൽ ഇതിനോട് വിരുദ്ധമായി ആകാശ ഭൂമികളെ ഏട്ട് ദിവസങ്ങളിലായി സൃഷ്ടിച്ചു എന്ന് ക്വുർആനിൽ ഒരു അധ്യായത്തിൽ പരാമർശിക്കുന്നില്ലേ ?

മറുപടി:

“നീ പറയുക: രണ്ടുദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌. അതില്‍ (ഭൂമിയില്‍) – അതിന്‍റെ ഉപരിഭാഗത്ത് – ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസങ്ങളിലായിട്ടാണ് (അവനത് ചെയ്തത്‌.)ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍.
(ക്വുർആൻ: 41: 9, 10)

ഈ ആയത്തുകൾ പ്രകാരം രണ്ടുദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചു. പര്‍വ്വതങ്ങള്‍, അഭിവൃദ്ധി, ആഹാരങ്ങള്‍ തുടങ്ങിയ വിശദമായ സൃഷ്ടിപ്പുകൾ നാല് ദിവസങ്ങൾ കൊണ്ട് നടത്തി. അതിലേക്ക് ആകാശങ്ങളെ സൃഷ്ടിച്ച രണ്ട് ദിവസങ്ങൾ കൂടി ചേർത്താൽ… 2+4+2 എട്ട് ദിവസങ്ങൾ ആയില്ലെ ? ക്വുർആനിൽ മറ്റു പലയിടത്തും പറയുന്ന ആറ് ദിവസ കണക്കിന് എതിരല്ലെ ? എന്നതാണ് വിമർശനം.

ഈ വിമർശനം തെറ്റായ കണക്കുകൂട്ടലിനെ അടിസ്ഥപ്പെടുത്തിയാണ് വിമർശകർ ഉന്നയിക്കുന്നത്. ശരിയായ കണക്ക് ഇപ്രകാരമാണ്:

രണ്ടുദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചു. തുടർന്ന് പര്‍വ്വതങ്ങള്‍, അഭിവൃദ്ധി, ആഹാരങ്ങള്‍ തുടങ്ങിയ വിശദമായ സൃഷ്ടിപ്പുകൾ നടത്തി.
فِي أَرْبَعَةِ أَيَّامٍ
“നാലു ദിവസങ്ങളിലായിട്ടാണ് (അവനത് ചെയ്തത്‌.)” (ക്വുർആൻ: 41:10)
അഥവാ നാലു ദിവസങ്ങളിലായിട്ടാണ് ഭൂമിയെയും തുടർന്ന് പര്‍വ്വതങ്ങള്‍, അഭിവൃദ്ധി, ആഹാരങ്ങള്‍ തുടങ്ങിയ വിശദമായ കാര്യങ്ങളെയും സൃഷ്ടിച്ചത്. ഇതിലേക്ക് ആകാശങ്ങളെ സൃഷ്ടിച്ച രണ്ട് ദിവസങ്ങൾ കൂടി ചേർത്താൽ… 2+2+2 ആറ് ദിവസങ്ങൾ.
2+2(അഥവാ 4)+2 = 6.

ഇസ്‌ലാം വിമർശനങ്ങൾ ഉയർന്നു വരുന്നതിന് നൂറ്റാണ്ടുകൾ എത്രയൊ മുമ്പ് ഭാഷാ പണ്ഡിതരായ ക്വുർആൻ വ്യാഖ്യാതാക്കൾ ഈ കണക്ക് വ്യക്തമായി നമ്മെ കൂട്ടി പഠിപ്പിച്ചിട്ടുണ്ട്. അൽപം ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കാം:

ഇമാം ക്വുർതുബി (ജനനം: 1214 CE)
പറഞ്ഞു: “ഭൂമിയും അതിലെ വിശദാംശങ്ങളും മൊത്തം നാല് ദിവസങ്ങൾ (ഘട്ടങ്ങൾ) കൊണ്ട് സൃഷ്ടിച്ചു എന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഒരാൾ ഇപ്രകാരം പറഞ്ഞു എന്ന് കരുതുക: “ഞാൻ ബസ്വറയിൽ നിന്ന് ബഗ്ദാദിലേക്ക് പത്ത് ദിവസം കൊണ്ട് യാത്ര ചെയ്ത് എത്തി. കൂഫയിലേക്ക് പതിനഞ്ച് ദിവസങ്ങൾ കൊണ്ട് എത്തി. മൊത്തം പതിനഞ്ച് ദിവസം യാത്ര എടുത്തു.” (അൽ ജാമിഉ ലി അഹ്കാമിൽ ക്വുർആൻ: 15: 343)

കാരണം ബസ്വറയിൽ നിന്നും കൂഫയിലേക്കുള്ള യാത്രക്ക് ഇടയിലാണ് ബഗ്ദാദ്. ബഗ്ദാദ് യാത്ര, കൂഫയിലേക്കുള്ള യാത്രയുടെ ഒരു ഭാഗം മാത്രമാണ്. നമ്മുടെ നാട്ടിലെ ഒരു ഉദാഹരണം പറഞ്ഞാൽ ഇങ്ങനെയുണ്ടാവും: ഞാൻ കാസർകോട് നിന്നും മലപ്പുറം വരെ അഞ്ച് ദിവസം കൊണ്ട് യാത്ര ചെയ്തു. കാസർകോട് നിന്നും തിരുവനന്തപുരം വരെ പത്ത് ദിവസം കൊണ്ട് യാത്ര ചെയ്തു. മൊത്തം പത്ത് ദിവസങ്ങളാണ് യാത്ര; പതിനഞ്ചല്ല.

ഇമാം ബഗ്‌വി (ജനനം: 1044 CE) പറയുന്നു: ഭൂമിയും അതിലെ വിശദാംശങ്ങളും മൊത്തം നാല് ദിവസങ്ങൾ (ഘട്ടങ്ങൾ) കൊണ്ട് സൃഷ്ടിച്ചു എന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ഭൂമി രണ്ട് ദിവസങ്ങൾ (ഘട്ടങ്ങൾ) കൊണ്ട് സൃഷ്ടിച്ചു. ഭൂമിയിലുള്ള സൂക്ഷ്മമായ സൃഷ്ടിപ്പുകൾ -ഭൂമി സൃഷ്ടിച്ച രണ്ട് ദിവസങ്ങൾ കൂടി ചേർത്ത് – നാല് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചു. അപ്പോൾ മൊത്തം നാല് ദിവസങ്ങൾ കൊണ്ട് അതിലെ വിശദാംശങ്ങളും സൃഷ്ടിച്ചു എന്നർത്ഥം; ആറ് ദിവസങ്ങൾ കൊണ്ടല്ല.
(തഫ്സീറുൽ ബഗ്‌വി: 7:165)

അസ്സജാജ് പറഞ്ഞു: (ജനനം: 855 CE)
وقال الزجاج : في تتمة أربعة أيام ، يريد بالتتمة اليومين .
“രണ്ട് (അഭൗമിക) ദിവസങ്ങൾ കൊണ്ട് ഭൂമിയും രണ്ട് (അഭൗമിക) ദിവസങ്ങൾ കൊണ്ട് ഭൂമിയിലെ വിശദാംശങ്ങളും സൃഷ്ടിച്ചു. മൊത്തം നാല് (അഭൗമിക) ദിവസങ്ങൾ കൊണ്ട് ഭൂമിയും ഭൂമിയിലെ സൂക്ഷ്മമായ കാര്യങ്ങളും സൃഷ്ടിച്ചു എന്നർത്ഥം.”

ഇത് അറബി ഭാഷാപണ്ഡിതനായ സമഖ്ശരി (ജനനം: 1074 CE) തന്റെ “കശ്ശാഫ്” എന്ന ഗ്രന്ഥത്തിൽ (3: 444) ഉദ്ധരിക്കുന്നു.

No comments yet.

Leave a comment

Your email address will not be published.