ദുർബല ഹദീസുകളും കള്ള കഥകളും -38

//ദുർബല ഹദീസുകളും കള്ള കഥകളും -38
//ദുർബല ഹദീസുകളും കള്ള കഥകളും -38
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -38

മുഹമ്മദ് നബിക്ക് പൈശാചിക ബോധനം നൽകപ്പെട്ടുവെന്നോ?

വിമർശനം:

മുഹമ്മദ് നബിക്ക് പൈശാചിക ബോധനം നൽകപ്പെട്ടുവെന്നും പിശാചിന്റേതായ രണ്ട് വാചകങ്ങൾ നബി ക്വുർആനിലെ നജ്മ് എന്ന അധ്യായത്തിന്റെ ഭാഗമായി പാരായണം ചെയ്തു എന്നും ഹദീസുകളിൽ വന്നിട്ടില്ലെ?!

മറുപടി:

“ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും…” (ക്വുർആൻ: 53:19,20) എന്ന സൂറത്തു നജ്മിലെ വചനങ്ങൾ പ്രവാചകൻ (സ) പാരായണം ചെയ്യവെ പിശാച് അവന്റെ വക ഒരു ദുർബോധനം പ്രവാചകന് നൽകി. “അവർ മൂന്നും (ലാത്ത, ഉസ്സ, മനാത്ത എന്നിവർ) അത്യുന്നതരായ മഹാന്മാരാണ്, അവരുടെ ശുപാർശ പ്രതീക്ഷിക്കപ്പെടട്ടെ” എന്ന രണ്ട് വാചകങ്ങൾ പിശാചിൽ നിന്നും കേട്ട് പ്രവാചകൻ (സ) പാരായണം ചെയ്തു. ഇതു കേട്ട് ബഹു ദൈവാരാധകരായ കുറൈശികൾ സന്തോഷിച്ചു… എന്നൊക്കെയാണ് കഥ. “ഗറാനീക്” എന്ന പേരിൽ പ്രചരിക്കപ്പെട്ട ഈ കള്ള കഥക്ക് സ്വഹീഹായ (സ്വീകാര്യയോഗ്യമായ) ഒരു പരമ്പര പോലുമില്ല. ഒരു സ്വഹാബി (പ്രവാചകാനുചരൻ) പോലും ഇങ്ങനെ ഒരു സംഭവം നടന്നതായി നിവേദനം ചെയ്തിട്ടില്ല. അഥവാ അവരിലേക്ക് ചേർക്കപ്പെടുന്ന ഒരു സ്വഹീഹായ (സ്വീകാര്യയോഗ്യമായ) സനദ് (നിവേദക പരമ്പര) പോലും വിമർശകർക്ക് ഹാജരാക്കാൻ സാധിക്കില്ല.

ശൈഖ് നാസ്വിറുദ്ദീൻ അൽബാനി ഈ വ്യാജ കഥയെ മാത്രം നിരൂപണം ചെയ്ത് കൊണ്ട് “നസ്ബുൽ മജാനീക് ലിനസ്ഫി ക്വിസ്സതിൽ ഗറാനീക്” എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഈ കഥയുടെ നിവേദനങ്ങൾ സർവ്വവും കൂലങ്കഷമായി പരിശോധിച്ചു കൊണ്ട് അവ മൗദൂഅ് (വ്യാജം), ദഈഫ് (ദുർബലം), മുർസൽ (നിവേദക ശൃംഖല മുറിഞ്ഞത്) എന്നീ നിലകളിൽ ഉള്ളവയാണെന്ന് അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ തെളിയിക്കുന്നുണ്ട്.

കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുള്ള വിശദാംശങ്ങൾക്ക് വിരുദ്ധമാണ് ഈ കഥ എന്നത് കൊണ്ട്, മുൻകർ (യഥാർത്ഥ സംഭവത്തിന് വിരുദ്ധമായി ദുർബലരായ നിവേദകർ ഉദ്ധരിച്ചത്) എന്ന അങ്ങേയറ്റം ദുർബലമായ വിഭാഗത്തിലാണ് കഥ ഉൾപെടുന്നത്.

സംഭവത്തിന്റെ ശരിയായ രൂപം സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും ഇപ്രകാരം നമുക്ക് വായിക്കാം:

ഇബ്നു അബ്ബാസ് (റ) പറഞ്ഞു:
“നബി (സ) നജ്മ് എന്ന അധ്യായം പാരായണം ചെയ്ത് സാഷ്ടാംഗം ചെയ്തു. (അദ്ദേഹത്തിന്റെ പാരായണം കേട്ട്, അതിൽ മുഴുകി നിന്നിരുന്ന ശ്രോതാക്കളിൽ പെട്ട) മുസ്‌ലിംകളും, ബഹുദൈവാരാധകരും ജിന്നുകളും മനുഷ്യരുമെല്ലാം അദ്ദേഹത്തോടൊപ്പം സാഷ്ടാംഗം ചെയ്തു.”
(സ്വഹീഹുൽ ബുഖാരി: 1071)

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: “സാഷ്ടാംഗം ചെയ്യേണ്ട ഭാഗം ഉൾക്കൊണ്ട് ആദ്യമായി അവതരിക്കപ്പെട്ട അധ്യായം നജ്മ് ആകുന്നു… അങ്ങനെ അല്ലാഹുവിന്റെ തിരുദൂതൻ (സ) അത് പാരായണം ചെയ്ത് സാഷ്ടാംഗം ചെയ്തു. അപ്പോൾ അദ്ദേഹത്തിന് പിന്നിലുള്ളവരും സാഷ്ടാംഗം ചെയ്തു…”
(സ്വഹീഹുൽ ബുഖാരി: 3972, 4863, സ്വഹീഹു മുസ്‌ലിം: 576)

ഇത്രയും പ്രബലമായ സനദുകളോടെ (നിവേദക പരമ്പരകൾ) നിവേദനം ചെയ്യപ്പെട്ട ഈ സംഭവത്തിൽ പല ദുർബലരായ നിവേദകരും തൽപരകക്ഷികളും പല അസത്യങ്ങളും കൂട്ടി ചേർത്ത് പടച്ചുണ്ടാക്കിയതാണ് കഥ.

കാദി ഇയാദ് (ജനനം: ക്രിസ്താബ്ദം: 1083) പറഞ്ഞു:
“ഈ കഥ സ്വഹീഹായ ഹദീസുകൾ ഉദ്ധരിക്കുന്ന ആരും ഉദ്ധരിച്ചിട്ടില്ല, ന്യൂനതകളില്ലാത്ത, നിവേദക ശൃംഖല ചേർന്ന പരമ്പരയോടെ വിശ്വസ്തരായ ഒരു നിവേദകനും ഉദ്ധരിച്ചിട്ടില്ല. ഈ കഥയും സമാനമായ കഥകളും ഉദ്ധരിച്ചിട്ടുള്ളത്, ദുർബലമാണൊ, സ്വീകാര്യയോഗ്യമാണൊ എന്നൊന്നും പരിശോധിക്കാതെ ഗ്രന്ഥങ്ങളിൽ കാണുന്ന എല്ലാ ഒറ്റപ്പെട്ടതും വിചിത്രവുമായ നിവേദനങ്ങൾ വാരിക്കൂട്ടി നിറക്കുന്ന ചില ചരിത്രകാരന്മാരും വ്യാഖ്യാതാക്കളുമായ വ്യക്തികൾ മാത്രമാണ്… കാദി ബക്കറുബ്നുൽ അലാഅ് അൽമാലികി പറഞ്ഞത് എത്ര സത്യം: ഈ കഥ ചില തോന്നിവാസികൾ പടച്ചുണ്ടാക്കുകയും ചില മുഫസ്സിറുകൾ (ആശ്രദ്ധമായി) ഉദ്ധരിക്കുകയും ചെയ്തതാണ്. കഥ ഉദ്ധരിച്ച നിവേദകർ ദുർബലരാണ്, നിവേദനങ്ങൾ വൈരുധ്യങ്ങൾ നിറഞ്ഞതാണ്, നിവേദകപരമ്പര മുറിഞ്ഞതാണ്, പരസ്പര വിരുദ്ധമായ രീതിയിലാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് എന്നതൊന്നും പരിഗണിക്കാതെ ചില മത നിഷേധികളും ദുർവ്യാഖ്യാനക്കാരും (കള്ള കഥയിൽ) തൂങ്ങി കിടക്കുന്നു…”
(അശ്ശിഫാ ബിതഅ്’രീഫി ഹുകൂകിൽ മുസ്ത്വഫാ: 2:125)

എന്തിനേറെ പറയണം, ഈ വ്യാജ നിവേദനം ക്വുർആനിന്റെ വ്യക്തമായ പ്രസ്താവനകൾക്ക് വിരുദ്ധവുമാണ്:

“(നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌.”
(ക്വുർആൻ: 10: 15)

“അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാകുന്നു.”
(ക്വുർആൻ: 53: 3, 4)

“നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍. അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും, എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല. തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉല്‍ബോധനമാകുന്നു. തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ (ഇതിനെ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന് നമുക്കറിയാം.”
(ക്വുർആൻ: 69: 47-50)

“തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്.‌”
(ക്വുർആൻ: 15: 9)

ക്വുർആനിലെ ഒരു വാക്കു പോലും ആർക്കും കൈകടത്തലുകൾക്ക് വിട്ടു കൊടുക്കില്ലെന്ന് പഠിപ്പിച്ച അതേ പ്രവാചകനിൽ(സ) നിന്ന് തന്നെ ക്വുർആനിൽ പിശാചിന്റെ കൈകടത്തലുകൾ സംഭവിച്ചു എന്ന് എങ്ങനെയാണ് ഉദ്ധരിക്കപ്പെടുക ?!

സൂറത്തു നജ്മിൽ, പൈശാചിക ബോധത്തിന്റെ ഭാഗമായി രണ്ട് വചനങ്ങൾ മുഹമ്മദ് നബി (സ) പാരായണം ചെയ്തുവെങ്കിൽ അവ ക്വുർആനിൽ എന്തു കൊണ്ട് കാണുന്നില്ല ?! അത് പൈശാചികമാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് ഒഴിവാക്കപ്പെട്ടു എന്നാണ് മറുപടിയെങ്കിൽ, പൈശാചികമായ ബോധനങ്ങൾ തിരിച്ചറിയാനും ഒഴിവാക്കാനും പ്രവാചകനും മുസ്‌ലിംകൾക്കും സാധിക്കും എന്ന് സ്ഥാപിതമാവുന്നു. അപ്പോൾ പിന്നെ ഈ കള്ള കഥയിലൂടെ ക്വുർആന്റെ മൗലികതക്കും വിശ്വാസ്യതക്കും എന്ത് കോട്ടമാണ് ഭവിക്കുക ?!

കഥയുടെ നിവേദനങ്ങൾ പരിശോധിക്കുകയും നിവേദക പരമ്പരകൾ പഠന വിധേയമാക്കുകയും ചെയ്ത ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാർ തന്നെ ഈ കഥ ദുർബലമൊ കെട്ടിച്ചമക്കപ്പെട്ട വ്യാജമൊ ആണെന്ന് (ഹദീസ് – ഇസ്‌ലാം വിമർശനം ഉയർന്നു വരുന്നതിന്) നൂറ്റാണ്ടുകൾക്ക് മുൻപേ രേഖപ്പെടുത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കാം:

ഇബ്നു കസീർ (ജനനം: ക്രിസ്താബ്ദം: 1300) പറഞ്ഞു:

ولكنها من طرق كثيرة مرسلة ولم أرها مسندة من وجه صحيح

“ഈ കഥയുടെ സർവ്വ നിവേദക പരമ്പരകളും കണ്ണി മുറിഞ്ഞവയാണ്. സ്വഹീഹായ നിവേദക പരമ്പരയിലൂടെ, ശൃംഖല ചേർന്ന നിലയിൽ ഞാൻ ഈ കഥ കണ്ടിട്ടില്ല.”

ഇമാം ബൈഹക്വി (ജനനം: ക്രിസ്താബ്ദം: 994) പറഞ്ഞു:
وقد روى هذا الحديث من طرق كثيرة ليس فيها ألبتة حديث الغرانيق.
“സ്വഹീഹായ ഒരുപാട് പരമ്പരയിലൂടെ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ ഒന്നിൽ പോലും പിശാച് ബോധനം നൽകിയതായ ഈ കഥ പരാമർശിക്കപ്പെട്ടിട്ടില്ല.”

സ്വാലിഹ് അൽമുനജ്ജിദ് എഴുതി:
وهذه القصة ضعف الحفاظ سندها ومتنها وقالوا: إنها لا تصح شرعا ولا عقلا بهذه الكيفية، بل قال ابن خزيمة: إنها من وضع الزنادقة.
“ഈ കഥയുടെ (സനദ്) നിവേദക പരമ്പരയും (മത്ന്) ഉള്ളടക്കവും ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരെല്ലാം ദുർബലമാണെന്ന് അംഗീകരിച്ചിരിക്കുന്നു. അവർ പറഞ്ഞു: ഈ കഥ ഈ (പൈശാചിക ബോധനം നൽകപ്പെട്ടു എന്ന) രൂപത്തിൽ നിവേദനത്തിലൂടെയൊ പ്രമാണത്തിലൂടെയൊ ബുദ്ധിയിലൂടെയൊ സ്ഥിരപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല ഇമാം ഇബ്നു ഖുസൈമ (ജനനം: ക്രിസ്താബ്ദം: 837) പറഞ്ഞു: മത നിഷേധം രഹസ്യമായി സൂക്ഷിക്കുകയും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത “സിൻദീക്കു”കൾ കെട്ടിയുണ്ടാക്കിയ കള്ള കഥയാണ് ഇത്.

എട്ട് പരമ്പരകൾ വിശകലനം ചെയ്തു കൊണ്ട് ഇമാം ഇബ്നുൽ അറബി (ജനനം: ക്രിസ്താബ്ദം: 1075) പറഞ്ഞു:
أن هذه الروايات باطلة لا أصل لها
“ഈ നിവേദനങ്ങളെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജ കഥകളാണ്”
(ലുബാബുന്നുകൂൽ ഫീ അസ്ബാബിന്നുസൂൽ: 201)

ഇമാം ശൗകാനി (ജനനം: ക്രിസ്താബ്ദം: 1759) പറഞ്ഞു:
ولم يصح شيء من هذا ولا ثبت بوجه من الوجوه ومع عدم صحته بل وبطلانه فقد دفعه المحققون بكتاب الله سبحانه

” പൈശാചിക ബോധനവുമായി ബന്ധപ്പെട്ട ഒന്നും തന്നെ സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഒരു നിവേദനത്തിലൂടെയും ഈ കഥ സ്ഥിരപ്പെട്ടിട്ടുമില്ല. സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്നതിനോടൊപ്പം ഈ കഥ വ്യാജമാണ് എന്നതിന് തെളിവായി പല പണ്ഡിതരും, ഈ കഥ ക്വുർആനിന് വിരുദ്ധമാണ് എന്ന ന്യായം പ്രസ്താവിക്കുന്നുമുണ്ട്…
(ഫത്ഹുൽ ക്വദീർ: 1: 970)

ഇമാം നവവി (ജനനം: ക്രിസ്താബ്ദം: 1233) പറഞ്ഞു:

فباطل لا يصح فيه شئ لا من جهة النقل ولا من جهة العقل
“ഈ കഥ വ്യാജമാണ്. പ്രമാണങ്ങളിലൂടെയൊ ബുദ്ധിപരമായൊ ഈ കഥയുമായി ബന്ധപ്പെട്ട് ഒരു നിവേദനവും സ്വഹീഹായിട്ടില്ല…”
(തുഹ്ഫതുൽ അഹ്‌വദി: അൽ മുബാറക്ഫൂരി: 3:135)

ഇമാം ബസ്സാർ (ജനനം: ക്രിസ്താബ്ദം: 825) പറഞ്ഞു:
هذا حديث لا نعلمه يروى عن النبي ﷺ بإسناد متصل.
ഇത്തരമൊരു കഥ പ്രവാചകനിലേക്ക് ചേർത്ത് കണ്ണിമുറിയാത്ത പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടതായി നമുക്കറിയില്ല.

ഇമാം ക്വുർതുബി തന്റെ തഫ്സീറിലും (12:84) മുഹമ്മദിബ്നു മുഹമ്മദ് അബൂ ശുഹ്ബ, തന്റെ “ഇസ്റാഈലിയാതു വൽമൗദൂആത്ത് ഫീ കുതുബുത്തഫ്സീർ ” (440-452) എന്ന ഗ്രന്ഥത്തിലും, ഇമാം ആലൂസി “റൂഹുൽ മആനി”യിലും (17: 174,175), ഇമാം ക്വസ്ത്വല്ലാനി, “അൽമവാഹിബു ലദുന്നിയ” (1:148) യിലും കഥ ശുദ്ധ അസംബന്ധവും വ്യാജവുമാണെന്ന് ആവർത്തിക്കുന്നുണ്ട്.

ഇബ്നു ഹസം പറഞ്ഞു:
“പൈശാചിക ബോധനവുമായി ബന്ധപ്പെട്ട നിവേദനം തനി കളവാണ്. നിവേദനങ്ങളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടില്ല, കഥയുടെ ആശയവും യാതൊരു വിധത്തിലും ചർച്ച അർഹിക്കാത്തതുമാണ്. കെട്ടിച്ചമക്കപ്പെട്ട കള്ള കഥ… ”

ഇമാം റാസി പറഞ്ഞു:
“ഈ കഥ കളവും നിർമ്മിതവുമാണ്, ഉദ്ധരിക്കാൻ പാടില്ലാത്തതും ക്വുർആനിന് വിരുദ്ധവുമാണ്…”
(അൽമവാഹിബു ലദുന്നിയ: ക്വസ്ത്വല്ലാനി: 1: 148)

ചുരുക്കത്തിൽ നിവേദക പരമ്പരകളെല്ലാം ദുർബലമായ ഒരു കേവല ജൽപ്പനം മാത്രമാണ് ഈ കഥ. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പ്രമാണമായ ക്വുർആനിലൊ സ്വഹീഹായ ഹദീസുകളിലൊ പറയപ്പെട്ടിട്ടില്ലാത്ത ഒരു കഥ മാത്രമാണിത്.

print

1 Comment

  • മാഷാ അല്ലഹ നല്ല വിശദീകരണം അല്ലാഹു അനുഗ്രഹിക്കട്ടെ

    Shameer 18.11.2023

Leave a comment

Your email address will not be published.