ദുർബല ഹദീസുകളും കള്ള കഥകളും -33

//ദുർബല ഹദീസുകളും കള്ള കഥകളും -33
//ദുർബല ഹദീസുകളും കള്ള കഥകളും -33
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -33

Print Now
ലൈല ബിൻത് അൽ ഖുതൈമിനെ നബി (സ) വിവാഹം ചെയ്‌തുവൊ ?

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ലൈല ബിൻത് ഖുത്യാം… മക്കയിലെ മുഹമ്മദിന്റെ ആദ്യകാലത്ത് ഇസ്ലാം സ്വീകരിച്ച സ്ത്രീ… പിന്നീട് മുഹമ്മദിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു… മുഹമ്മദ് പതിവു പോലെ അത് സ്വീകരിച്ചു… പക്ഷേ പിന്നീട് മുഹമ്മദിന്റെ ഭാര്യക്കൂട്ടത്തിൽ നിനക്ക് ഒത്തുപോവാൻ സാധിക്കില്ല എന്ന സ്വന്തം കുടുംബത്തിന്റെ വാക്കു കേട്ട് പിൻ വാങ്ങി (തബാരി v9, P 139, ഇബ്നു സാദ് 8:7, P 108 – 109, 231)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്‌ത് കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ(സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

ലൈല ബിൻത് അൽ ഖുതൈമിനെ വിവാഹം ചെയ്‌തതുമായി ബന്ധപ്പെട്ട് വന്ന കഥ ഇപ്രകാരമാണ്:

ലൈല ബിൻത് അൽ ഖുതൈം വിവാഹാഭ്യർത്ഥനയുമായി നബിയുടെ(സ) അടുക്കൽ വരുകയുണ്ടായി: ഞാൻ എന്റെ സ്വന്തത്തെ വിവാഹത്തിനായി അഭ്യർത്ഥിച്ചു കൊണ്ട് വന്നതാണ്. അതിനാൽ എന്നെ താങ്കൾ വിവാഹം ചെയ്‌താലും. നബി (സ) ചെയ്യാമെന്ന് അംഗീകരിച്ചു. ഉടനെ ലൈല സന്തോഷത്തോടെ തന്നെ നാട്ടുകാരുടെ അടുത്തു ചെന്ന് വിളമ്പരം ചെയ്‌തു: എന്നെ ദൈവദൂതൻ വിവാഹം ചെയ്‌തിരിക്കുന്നു. ഇതു കേട്ടപ്പോൾ നാട്ടുകാർ പറഞ്ഞു: നീ ചെയ്‌തത് എത്ര മോശം. നീ വളരെ അഭിമാന രോഗമുള്ള ഒരു സ്ത്രീയാണ്. നബിക്കാകട്ടെ വേറെയും ഭാര്യമാരുണ്ട്. അവരോട് നീ വഴക്കിലാവുക തന്നെ ചെയ്യും. അപ്പോൾ അദ്ദേഹം നിനക്കെതിരെ പ്രാർത്ഥിച്ചാലോ? അതിനാൽ നീ അദ്ദേഹത്തിൽ നിന്ന് മോചനം വാങ്ങുക. അങ്ങനെ ലൈല നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: ദൈവദൂതരേ, എന്നെ വിവാഹ മോചനം ചെയ്‌താലും. നബി (സ) പറഞ്ഞു: ശരി, ഞാനിതാ നിന്നെ മോചിപ്പിച്ചിരിക്കുന്നു. അങ്ങനെ ലൈല പിന്നീട് മസ്ഊദിബ്നു ഔസിനെ വിവാഹം ചെയ്യുകയുണ്ടായി…”

(ത്വബകാത്തു ഇബ്നു സഅ്ദ്: 8/150)

നിവേദനം സ്വഹീഹ് ആയ (സ്വീകാര്യയോഗമായ) പരമ്പരയിലൂടെ വന്നിട്ടില്ല. രണ്ട് സ്രോതസ്സുകളാണ് കഥക്കുള്ളത്.

ഒന്ന്:

أخبرنا هشام بن محمد بن السائب عن أبيه عن أبي صالح عن بن عباس قال أقبلت ليلى بنت الخطيم…..

രണ്ട്:

أخبرنا محمد بن عمر حدثنا عبد الله بن جعفر عن بن أبي عون أن ليلى بنت الخطيم

ഹിശാമിബ്നു മുഹമ്മദ് ഇബ്നു സാഇബ് തന്റെ പിതാവിൽ നിന്ന്…
ഉദ്ധരിക്കുന്നതാണ് ഒന്നാമത്തെ നിവേദനം. ഹിശാമിബ്നു മുഹമ്മദ് അൽ കൽബിയും അദ്ദേഹത്തിന്റെ പിതാവും നുണ പറയുന്നവരും ദുർബലരുമാണെന്നതിൽ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർക്കിടയിൽ ഇരു പക്ഷമില്ല.

ഇമാം ദഹബി എഴുതി: …കൂഫക്കാരനായ ഇദ്ദേഹം ശിഈയും കളവു പറയുന്ന വ്യക്തിയുമായിരുന്നു; അദ്ദേഹത്തിന്റെ പിതാവും തഥൈവ. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: …അദ്ദേഹത്തിൽ നിന്ന് ആരും ഹദീസ് ഉദ്ധരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇമാം ദാറകുത്നിയും മറ്റു പണ്ഡിതരും പറഞ്ഞു: ഇദ്ദേഹം കളവു പറയുന്നതായി ആരോപിക്കപ്പെട്ടിരിക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ ഹദീസുകൾ തള്ളപ്പെട്ടവയാണ്.
ഇബ്നു അസാകിർ പറഞ്ഞു: അദ്ദേഹം റാഫിദിയാണ്, വിശ്വസ്തനല്ല. ക്വുർആൻ മൂന്ന് ദിവസം കൊണ്ട് താൻ മനപാഠമാക്കി എന്നെല്ലാം അസത്യ വീര വാദങ്ങൾ മുഴക്കുമായിരുന്നു.

(സിയറു അഅ്ലാമിന്നുബലാഅ്: 10: 101, 102, മീസാനുൽ ഇഅ്തിദാൽ)

മുഹമ്മദ് ഇബ്നു ഉമറാണ് രണ്ടാമത്തെ നിവേദനത്തിന്റെ മൂല നിവേദകൻ. അദ്ദേഹം ദുർബലനാണ്.
അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 3/ 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/ 21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

എന്ന് മാത്രമല്ല, ലൈലയുമായുള്ള വിവാഹ കഥ നിവേദനം ചെയ്‌ത മുഹമ്മദ് ഇബ്നു ഉമർ അൽവാക്വിദി എന്ന നിവേദകൻ തന്നെ അത്തരമൊരു വിവാഹം നടന്നിട്ടില്ല എന്ന് നിവേദനത്തിന് തൊട്ടു തുടർച്ചയായി വിശദീകരിച്ചിട്ടുണ്ട്.

أخبرنا محمد بن عمر حدثنا عبد الله بن جعفر عن بن أبي عون أن ليلى بنت الخطيم وهبت نفسها للنبي صلى الله عليه وسلم ووهبن نساء أنفسهن فلم يسمع أن النبي صلى الله عليه وسلم قبل منهن أحدا

(ത്വബകാത്തു ഇബ്നു സഅ്ദ്: 8: 151)

അഥവാ കഥ ഉദ്ധരിച്ച നിവേദകൻ തന്നെ കഥയുടെ സത്യത നിഷേധിച്ചിട്ടുണ്ട് എന്നർത്ഥം. പക്ഷെ ഇബ്നു സഅ്ദിന്റെ ത്വബകാത്തിൽ നിന്ന് വിവാഹ കഥ മാത്രം കാണുകയും തൊട്ടുടനെ അതിന്റെ സത്യതയെ നിരാകരിച്ചു കൊണ്ടുള്ള പ്രസ്‌താവന നാസ്‌തികർ കാണാതെ പോയത് എങ്ങനെയാണ് ? ഉത്തരം ലളിതം, മിഷണറിമാരുടെ പഴയ വിധ്വേഷ വീഞ്ഞ് നാസ്‌തികൻ പുതിയ കുപ്പിയിൽ പുതിയ സ്റ്റിക്കറൊട്ടിച്ച് അവതരിപ്പിച്ചതാണ്. സ്വന്തമായി ഒരു പഠനമോ പരിശോധനയോ നടത്താനുള്ള മാന്യതയൊ കഴിവോ ഉള്ള ഒരാളും ഈ വ്യാജ ഗവേഷകർക്കിടയിൽ ഇല്ല.

ഈ നിവേദനം സ്വഹീഹ് ആണെന്ന് കരുതുക. സ്ത്രീ പീഢകനും ലൈംഗിക കൊതിയനുമായ ഒരാളുടെ ചിത്രമല്ല ഈ കഥയിൽ ആർക്കും ദർശിക്കാൻ കഴിയുന്നത് എന്ന് സാന്ദർഭികമായി നാം ശ്രദ്ധയിലേക്ക് കൊണ്ടു വരട്ടെ. മുഹമ്മദ് നബിയല്ല(സ) ലൈലയാണ് വിവാഹം ആഗ്രഹിച്ചു കൊണ്ട് അഭ്യർത്ഥനയുമായി വന്നത്. തന്റെ ന്യൂനതകളും കോപ പ്രകൃതിയും പരിഗണിച്ച് വിവാഹ മോചനത്തെ സംബന്ധിച്ച് ആലോചിച്ചതും ലൈല തന്നെ. തനിക്ക് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ട ഉടനെ വിവാഹ മോചനം നൽകിയത് ആ അറബ് ഉപഭൂഖണ്ഡത്തിന്റെ ആത്മീയവും ഭൗതികവുമായ നേതാവായ പ്രവാചകൻ (സ) !! ഒഴികഴിവുകൾ പറഞ്ഞില്ല, ബലാൽകാരങ്ങളില്ല, പ്രകോപനങ്ങളൊ ഭീഷണികളൊ ഇല്ല, കേസും കോടതി വിചാരണകളും ഇല്ല. തന്റെ ഇഷ്ടാനുസാരം സ്വാതന്ത്ര്യത്തിന്റെ ചക്രവാള വിശാലതയിൽ പാറി പറക്കുന്ന സ്ത്രീകളുടെ ചിത്രം മാത്രം… വിവാഹവും വിവാഹ മോചനവും ഇണയും തുണയുമെല്ലാം അവളുടെ തൃപ്തിക്ക് വിട്ടു കൊടുത്ത ഒരു സ്ത്രീവിമോചനത്തിന്റെ സാമ്രാട്ട്; അതായിരുന്നു മുഹമ്മദ് നബി (സ).

No comments yet.

Leave a comment

Your email address will not be published.