ദുർബല ഹദീസുകളും കള്ള കഥകളും -30

//ദുർബല ഹദീസുകളും കള്ള കഥകളും -30
//ദുർബല ഹദീസുകളും കള്ള കഥകളും -30
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -30

നബിയും മുലൈഖ ബിൻത് കഅ്ബും

വിമർശനം:

” …വിവാഹം ചെയ്ത് ഭോഗിച്ചു… 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു….
അധികം പേർക്കും അറിയാത്ത (മുഹമ്മദ് നബി) മൊഴിചൊല്ലിയ സ്ത്രീകളുടെ പേരുകൾ ഇവയാണ്…

2) മുലൈഖ… തന്റെ പിതാവിനേയും മറ്റും മുഹമ്മദ് നേരിട്ടാണ് കൊന്നത് എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഡിവോഴ്സ് ആവശ്യപ്പെട്ടു.. മുഹമ്മദ് കൊടുത്തു,… (തബാരി v39, P 165)”

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളാണ് ഈ വായിച്ചത്. മുമ്പ് സൂചിപ്പിച്ചതു പോലെ, കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ് ലേഖനം.

1. മുലൈഖ ബിൻത് കഅ്ബിനെ വിവാഹ മോചനം ചെയ്തതുമായി ബന്ധപ്പെട്ട് വിമർശകർ അവലംബിക്കുന്ന നിവേദനം വളരെയേറെ ദുർബലമാണ്. നിവേദനത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്:

تزوج النبي صلى الله عليه وسلم مليكة بنت كعب، وكانت تُذكر بجمال بارع، فدخلَت عليها عائشة، فقالت لها: أما تستحين أن تنكحي قاتِلَ أبيك، فاستعاذت من رسول الله صلى الله عليه وسلم، فطلَّقها، فجاء قومها إلى النبي صلى الله عليه وسلم، فقالوا: يا رسول الله، إنها صغيرة، وإنها لا رأيَ لها وإنها خدعت فارتجعها، فأبى رسول الله صلى الله عليه وسلم، وكان أبوها قتل في يوم فتح مكة، قتَله خالد بن الوليد بالخندمة

മക്കാ വിജയ വേളയിൽ നബിയുടെ(സ) ശിഷ്യൻ ഖാലിദിബ്നു വലീദ് കഅ്ബിനെ വധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മകൾ മുലൈഖ ബിൻത് കഅ്ബിനെ നബി (സ) വിവാഹം ചെയ്തു. അവരോട് അസൂയ തോന്നിയ ആഇശ (റ) അവരോട് ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ പിതാവിന്റെ ഘാതകനെ വിവാഹം ചെയ്യാൻ നിങ്ങൾക്ക് മടിയില്ലെ ? അങ്ങനെ അവരുടെ അടുത്തേക്ക് നബി (സ) വന്നപ്പോൾ മുലൈഖ, നബിയിൽ (സ) നിന്ന് ശരണം തേടി. അപ്പോൾ നബി (സ) അവരെ വിവാഹ മോചനം നൽകി സ്വാതന്ത്രയാക്കി.
(ത്വബകാതു ഇബ്നു സഅ്ദ്: 8 /148, താരീഖു ദ്ദഹബി: 1 /335)

ഈ നിവേദനത്തിൽ എവിടെയാണ് – നാസ്‌തികർ വാദിക്കുന്നതു പോലെ – നബി മുലൈഖയെ ഭോഗിച്ചു എന്നുള്ളത് ?! ഭോഗിക്കുക പോയിട്ട് സ്വന്തം ഭാര്യയായിരുന്നിട്ടും, തന്നെ ഇഷ്ടമില്ലാത്തതു കൊണ്ട് നബി (സ) മുലൈഖയെ സ്പർശിക്കുക പോലുമുണ്ടായില്ല. മുലൈഖയെ പിടിച്ചു വെക്കുകയൊ ബലം പ്രയോഗിക്കുകയൊ ചെയ്തില്ല. സൗമ്യതയോടെ വീട്ടിലേക്ക് പൊയ്കൊള്ളാൻ പറഞ്ഞു! ഇതാണൊ ഒരു സ്ത്രീപീഢകന്റെ ചിത്രം ?!

തനിക്ക് ഭർത്താവിനെ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീക്ക് യാതൊരു സങ്കോചമോ വൈമനസ്യമോ കൂടാതെ വീട്ടിലേക്ക് പോകാനും വിവാഹ മോചനം ചെയ്യാനുമുള്ള അവകാശം നൽകുകയാണ് നബി (സ) ഇവിടെ ചെയ്യുന്നതായി നിവേദനത്തിൽ പ്രസ്‌താവിക്കുന്നത്. ഇത് സ്ത്രീ പീഢകരുടെ സ്വഭാവമല്ല, സ്ത്രീവിമോചകന്റേതാണ്.

“ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു” എന്ന ആരോപണവും നുണ തന്നെയെന്ന് ഈ നിവേദനവും വ്യക്തമായി തെളിയിക്കുന്നു. മുലൈഖയാണ് നബിയിൽ (സ) താൽപര്യമില്ലെന്ന അഭിപ്രായം അവതരിപ്പിച്ചത്, നബിയല്ല (സ). തന്നെ ഇഷ്ടമല്ലാത്ത ഒരാളെ മോചിപ്പിക്കുക മാത്രമാണ് നബി (സ) ചെയ്തത്.

2. ത്വബ്‌രിയും ഇബ്നു സഅ്ദും എല്ലാം ഈ കഥ ഉദ്ധരിച്ചിരിക്കുന്നത് ചരിത്രകാരനായ വാക്വിദിയിൽ നിന്നാണ്. നിവേദനം ഉദ്ധരിച്ച തൊട്ടുടനെ തന്നെ കഥയുടെ അസത്യത വാക്വിദിയും, അദ്ദേഹത്തിൽ നിന്ന് ഇമാം ത്വബ്‌രിയും ഇബ്നു സഅ്ദും എല്ലാവരും വ്യക്തമാക്കിയിട്ടുമുണ്ട്. അതു പക്ഷെ നാസ്‌തിക പകർത്തെഴുത്തുകാർ കണ്ടിട്ടില്ല. കാരണം, ഈച്ച കോപ്പിയടിക്കാൻ ഉപയോഗിച്ച മിഷണറി ദുർവ്യാഖ്യാന ലേഖനങ്ങളിൽ അതു കാണില്ല; അതവർ ഉദ്ധരിക്കില്ല എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. നിവേദനത്തിന്റെ തൊട്ടുടനെ നിവേദകൻ തന്നെ പ്രസ്‌താവിക്കുന്നത് ഇപ്രകാരമാണ്.

“വാക്വിദി പറഞ്ഞു: നമ്മുടെ സഹചരിത്രകാരന്മാർ ഇതിനെ നിശിതമായി നിഷേധിക്കുന്നു. നബി (സ) ഒരിക്കലും ഒരു കിനാനക്കാരിയെയും വിവാഹം ചെയ്തിട്ടില്ല എന്നതാണ് വസ്തുത.”
(മുൻതഖബു മിൻ ദൈലിൽ മിദ്‌യൽ 89, താരീഖുത്വബ്‌രി: 11:596, അൽ ഇസ്വാബ: ഇബ്നു ഹജർ: 8: 320)

3. مما يضعف هذا الحديث، ذِكر عائشة أنها قالت: ألا تستحين، وعائشةُ لم تكن مع النبي صلى الله عليه وسلم عام الفتح.

നിവേദനം ദുർബലമാണെന്നതിനുള്ള മറ്റൊരു തെളിവാണ്, അവരോട് അസൂയ തോന്നിയ ആഇശ (റ) അവരോട് ഇപ്രകാരം ചോദിച്ചു എന്ന ഭാഗം: “നിങ്ങളുടെ പിതാവിന്റെ ഘാതകനെ വിവാഹം ചെയ്യാൻ നിങ്ങൾക്ക് മടിയില്ലെ ?”. മക്കാ വിജയ ദിവസം ആഇശ (റ) നബിയോടൊപ്പം (സ) ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മുലൈഖ ബിൻത് കഅ്ബിനോട് ആഇശ (റ) ഇപ്രകാരം ചോദിക്കുക ?! 500 കിലോമീറ്ററുകൾക്കപ്പുറം മദീനയിലുള്ള ആഇശ (റ), നവ വധുവായ മുലൈഖയുമായി എങ്ങനെ സംഭാഷണം നടത്തും ?! ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ നിവേദനം ദുർബലമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

4. നബിയുടെ (സ) പത്നിമാരിൽ, നബിയിൽ നിന്നും ശരണം തേടിയത് ഒരൊറ്റ പത്നി മാത്രമാണ്. അത് ഉമൈമ ബിൻത് നുഅ്മാനാണ് (ബുഖാരി: 5254).

ഉമൈമയുടെ ചരിത്രം വിശദമായി മറ്റൊരു ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല:

നബിപാഠങ്ങളില്‍ പെണ്‍വിരുദ്ധതയില്ല !!! – 3

ഉമൈമയുടെ ഈ സംഭവം മുലൈഖ ബിൻത് കഅ്ബിലേക്കും മറ്റു പല സ്ത്രീകളിലേക്കും ചേർത്തി കൊണ്ട് ചില നിവേദനങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് നിവേദകന്മാരിൽ നിന്നും സംഭവിച്ച ഓർമ്മ പിശകു മാത്രമാണ്. നാമങ്ങൾ പരസ്പരം കൂടി കലർന്നു കൊണ്ടുള്ള ചില ആശയക്കുഴപ്പങ്ങൾ ചില ചരിത്രകാരന്മാരിൽ നിന്ന് സംഭവിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് മുലൈഖ ബിൻത് കഅ്ബിന്റെയും, ഉമൈമ ബിൻത് നുഅ്മാന്റെയും കഥകളുടെ ഉള്ളടക്കത്തിലെ സാമ്യത.

5. നിവേദനത്തിന്റെ പരമ്പരകൾ ദുർബലമാണ് എന്നതും ഈ കഥയുടെ അസത്യതയെ തെളിയിക്കുന്നതാണ്.

ഒന്നാമത്തെ പരമ്പര:
ذكر ابن عمر أن عبد العزى بن الجندعي حدثه عن أبيه عن عطاء بن يزيد الجندعي قال

രണ്ടാമത്തെ പരമ്പര:
قال ابن عمر وحدثني محمد بن عبد الله عن الزهري مثل ذلك

മൂന്നാമത്തെ പരമ്പര:
أخبرنا محمد بن عمر حدثني أبو معشر قال

മൂന്നു പരമ്പരകളിലേയും റാവിയായ മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്.
അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്ഥനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.
ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.
(അദ്ദുഅഫാഉ വൽ മത്റൂകീൻ : ഇബ്നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

പുറമെ മൂന്നു സനദുകൾക്കും നബിയിലേക്കെത്തുന്ന നിവേദകരുടെ കണ്ണികളില്ല, പരമ്പര മുറിഞ്ഞതാണ്. രണ്ടു സനദുകൾക്കും മറ്റു പല ന്യൂനതകളുമുണ്ട്.
بو معشر: نجيح ابن عبد الرحمن السِّندي،. ضعَّفه أيوب بن عبد الرحمن صعصعة،: لم يوثقه غير ابن حبان
മൂന്നാമത്തെ സനദിലെ അബൂ മഅ്ഷർ: നജീഹിബ്നു അബ്ദുർറഹ്‌മാൻ അസ്സിന്ദി ദുർബലനാണ്; അയ്യൂബിബ്നു അബ്ദുർറഹ്മാൻ സ്വഅ്സ്വഅ അദ്ദേഹത്തെ ദുർബലനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, ഇബ്നു ഹിബ്ബാൻ അല്ലാത്ത ആരും അബൂ മഅ്ഷർ വിശ്വസ്‌തനാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല.

ചുരുക്കത്തിൽ മൂന്ന് പരമ്പരകളും ദുർബലമാണ്.

print

No comments yet.

Leave a comment

Your email address will not be published.