ദുർബല ഹദീസുകളും കള്ള കഥകളും -29

//ദുർബല ഹദീസുകളും കള്ള കഥകളും -29
//ദുർബല ഹദീസുകളും കള്ള കഥകളും -29
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -29

Print Now
നബിയും അസ്‌മാഅ് ബിൻത് അന്നുഅ്മാനും

വിമർശനം:

” …വിവാഹം ചെയ്ത് ഭോഗിച്ചു… അതിൽ 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു….
അധികം പേർക്കും അറിയാത്ത (മുഹമ്മദ് നബി) മൊഴിചൊല്ലിയ സ്ത്രീകളുടെ പേരുകൾ ഇവയാണ്…

1) അസ്മ ബിൻത് അൽ നുമാൻ… ആയിഷ കുതത്രം പ്രയോഗിച്ച് ഡിവോഴ്സ് ചെയ്യിച്ചു.. (ഇബ്നു സാദ് 8: 101 -105, 153)”

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളാണ് ഈ വായിച്ചത്. കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞ ഒരു മിഷനറി ലേഖനം ഫോട്ടോസ്റ്റാറ്റ് എടുത്ത് അരികുകൾ ചെത്തി കളഞ്ഞുണ്ടാക്കിയതാണ് ഈ നാസ്‌തിക അക്ഷര ഗരളം.

മറുപടിയിലേക്ക് വരാം…

1. അസ്‌മാഅ് ബിൻത് അന്നുഅ്മാൻ എന്ന സ്ത്രീയെ മുഹമ്മദ് നബി (സ) വിവാഹം ചെയ്യുകയും, “ഭോഗി”ക്കുകയും ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്യുകയുമുണ്ടായി എന്നാണ് ആരോപണം. ആരോപണത്തിനായി വിമർശകർ അവലംബിച്ച നിവേദനത്തിന്റെ ഉള്ളടക്കം ഇതാണ്:

അസ്‌മാഅ് ബിൻത് അന്നുഅ്മാനെ നബി (സ) വിവാഹം ചെയ്തു. വിവാഹ ശേഷം നബി (സ) അവരുടെ അടുത്തു ചെന്നു. അപ്പോൾ അവർ പറഞ്ഞു: “നിങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു”. അപ്പോൾ നബി (സ) തന്റെ വസ്ത്രം കൊണ്ട് മുഖം മറച്ചു കൊണ്ട് പറഞ്ഞു: നീ ശരണം തേടിയിരിക്കുന്നത് ഏറ്റവും നല്ല രക്ഷകനിലാണ്… നീ നിന്റെ വീട്ടിലേക്ക് പൊയ്‌ക്കൊള്ളു…”

സംഭവം വായിച്ചാൽ പ്രവാചകനോട് വെറുപ്പല്ല ആദരവാണ് ഉണ്ടാവുക എന്ന് മിഷണറിമാർക്കറിയാം. അതുകൊണ്ട് സംഭവം മുഴുവൻ കൊടുക്കാതെ “വിവാഹം ചെയ്ത് ഭോഗിച്ചു… അതിൽ 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു…. അസ്മ ബിൻത് അൽ നുമാൻ… ആയിഷ കുതത്രം പ്രയോഗിച്ച് ഡിവോഴ്സ് ചെയ്യിച്ചു..” എന്നങ്ങു പറഞ്ഞു നിർത്തി !!

എവിടെ നിന്ന് ഭോഗിച്ച വിവരം നാസ്‌തികർക്ക് കിട്ടി ?! ഭോഗിയ്ക്കുക പോയിട്ട് സ്വന്തം ഭാര്യയായിരുന്നിട്ടും ഇഷ്ടമില്ലാത്തതു കൊണ്ട് സ്പർശിക്കുക പോലുമുണ്ടായില്ല. തന്നെ ഇഷ്ടമില്ലാത്തതിനാൽ തന്നെ മുഖം മറച്ച് ദൃഷ്ടി പോലും അവരിൽ നിന്നും മറച്ചുവെച്ചു. പിടിച്ചു വെക്കുകയൊ ബലം പ്രയോഗിക്കുകയൊ ചെയ്തില്ല. സൗമ്യതയോടെ വീട്ടിലേക്ക് പൊയ്കൊള്ളാൻ പറഞ്ഞു! ഇതാണൊ ഒരു സ്ത്രീപീഢകന്റെ ചിത്രം ?!

തനിക്ക് ഭർത്താവിനെ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീക്ക് യാതൊരു സങ്കോചമോ വൈമനസ്യമോ കൂടാതെ വീട്ടിലേക്ക് പോകാനും വിവാഹ മോചനം ചെയ്യാനുമുള്ള അവകാശം നൽകിയ ഒരാളെ “ബലാൽസംഗ വീരനും” ” സ്ത്രീ പീഢകനും” ആയി ചിത്രീകരിക്കാൻ വർഗീയ വിഷ വാഹകർക്കെ സാധിക്കു. അല്ലാത്തവർക്ക് അദ്ദേഹത്തെ സ്ത്രീവിമോചകനായാണ് മനസ്സിലാവുക. തന്നെ സ്നേഹത്തോടെ തിരഞ്ഞെടുത്തവരെ മാത്രമെ നബി (സ) ഭാര്യയാക്കിയിട്ടുള്ളു, സ്നേഹിച്ചിട്ടുള്ളു, സ്പർശിച്ചിട്ടുള്ളു എന്നത് അദ്ദേഹത്തിന്റെ മാന്യ വ്യക്തിത്വത്തിനും ലൈംഗിക വിശുദ്ധിക്കും മികച്ച തെളിവാണ്.

“ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു” എന്ന ആരോപണവും നുണ തന്നെ. അസ്‌മാഅ് ആണ് നബിയിൽ (സ) താൽപര്യമില്ലെന്ന അഭിപ്രായം അവതരിപ്പിച്ചത്, നബിയല്ല (സ). അവരുടെ അഭിപ്രായത്തെ മാനിച്ചു എന്നത് ഒരു തെറ്റായി മനസ്സിലാക്കാൻ മാത്രം ബുദ്ധിക്ക് വിധ്വേഷജ്വരം ബാധിച്ചോ നാസ്‌തികരെ നിങ്ങൾക്ക് ?!

2. അസ്‌മാഅ് ബിൻത് അന്നുഅ്മാൻ എന്ന സ്ത്രീയെ മുഹമ്മദ് നബി (സ) വിവാഹ മോചനം ചെയ്തു എന്ന് പോയിട്ട് വിവാഹം ചെയ്തു എന്നു പോലും സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ പ്രസ്‌താവനക്ക് ഉപോൽബലകമായി രണ്ട് കാരണങ്ങൾ ഇവിടെ ഉദ്ധരിക്കാം.

ഒന്നാമത്തെ കാരണം:

നബിയുടെ (സ) പത്നിമാരിൽ, നബിയിൽ നിന്നും ശരണം തേടിയത് ഒരൊറ്റ പത്നി മാത്രമാണ്. അത് ഉമൈമ ബിൻത് നുഅ്മാനാണ് (ബുഖാരി: 5254).
നബിയെ (സ) സംബന്ധിച്ചും അദ്ദേഹത്തിന്റെ മഹനീയമായ വ്യക്തിത്വത്തെ സംബന്ധിച്ചും പൂർവ്വ അറിവില്ലാത്ത ഉമൈമ പ്രവാചകനിൽ അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി. താന്‍ വിവാഹം ചെയ്ത സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാതെ മാന്യമായി അവരെ സ്വഗൃഹത്തിലേക്ക് യാത്രയാക്കുകയും വേര്‍പിരിയും മുമ്പ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മാതൃകാപരമായ ഒരു നപടിയാണ് നബിയിൽ നിന്നുണ്ടായത്.

ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർക്ക് വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.”
(മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് അനുചരന്മാരെ പഠിപ്പിക്കുക മാത്രമല്ല കാരുണ്യ മൂർത്തിയായ പ്രവാചകൻ (സ) ചെയ്തത്, പ്രത്യുത ഉമൈമയോട് അനുവർത്തിച്ച നിലപാടിലൂടെ തന്റെ ആദർശനിഷ്ഠത സ്വജീവിതത്തിൽ പ്രാവർത്തികമായി തെളിയിക്കുക കൂടി അദ്ദേഹം ചെയ്തു.

പ്രവാചകന്‍ (സ) ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ നിര്‍ബന്ധപൂര്‍വ്വം കൂടെ താമസിപ്പിക്കുവാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. കാരണം അവിടുന്ന് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഒരു പെണ്ണിനെ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവളുടെ താല്‍പര്യം അന്വേഷിക്കുന്ന പതിവില്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അതിനെതിരെ ഒരു ശബ്ദവുമവിടെ ഉയരുകയില്ല. ഇവിടെ പ്രവാചകന്‍ (സ) മാതൃകയാവുകയാണ്. താന്‍ വിവാഹം ചെയ്ത ഒരു സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞ നിമിഷം അവളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും നിര്‍ഭയത്വത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന പ്രവാചകന്‍, ഒരു രാഷ്ട്രത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധിപനാണെന്ന വസ്തുതയും ചേര്‍ത്തു മനസ്സിലാക്കുമ്പോള്‍ എത്രമാത്രം ആദരവും താല്‍പര്യവുമാണ് ആ വ്യക്തിത്വത്തിനോട് തോന്നേണ്ടത്. ഇസ്‌ലാം വിമര്‍ശകര്‍ക്ക് പക്ഷെ അത്തരം ഊഷ്മളമായ ചിന്തയും വികാരവുമൊന്നും ഉണ്ടാവുകയില്ല. കാരണം അവരുടെ ഹൃദയം കടുത്തു പോയിരിക്കുന്നു. ഊഷരമായ ചിന്തയും വികാരവുമാണ് അവരെ നയിക്കുന്നത്. വെറുപ്പും വിദ്വേഷവും മാത്രമാണ് അവരെ ഭരിക്കുന്നത്.

ഉമൈമയുടെ ചരിത്രം വിശദമായി മറ്റൊരു ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല:

നബിപാഠങ്ങളില്‍ പെണ്‍വിരുദ്ധതയില്ല !!! – 3

ഉമൈമയുടെ ഈ സംഭവം അസ്‌മാഅ് ബിൻത് നുഅ്മാനടക്കം മറ്റു പല സ്ത്രീകളിലേക്കും ചേർത്തി കൊണ്ട് ചില നിവേദനങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് നിവേദകന്മാരിൽ നിന്നും സംഭവിച്ച ഓർമ്മ പിശകു മാത്രമാണ്. ഉമൈമ ബിൻത് നുഅ്മാൻ, അസ്‌മാഅ് ബിൻത് നുഅ്മാൻ എന്നീ പേരുകളിലെ സാമ്യതയാണ് ഇവിടെ അതിനു കാരണം. നാമങ്ങൾ പരസ്പരം കൂടി കലർന്നു കൊണ്ടുള്ള ചില ആശയക്കുഴപ്പങ്ങൾ ചില ചരിത്രകാരന്മാരിൽ നിന്ന് സംഭവിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് ഉമൈമ ബിൻത് നുഅ്മാന്റെയും, അസ്‌മാഅ് ബിൻത് നുഅ്മാന്റെയും കഥകളുടെ ഉള്ളടക്കത്തിലെ സാമ്യത.

രണ്ടാമത്തെ കാരണം:

അസ്‌മാഅ് ബിൻത് നുഅ്മാനെ നബി (സ) വിവാഹം ചെയ്തു, നബി (സ) അവരെ സന്ദർശിച്ചപ്പോൾ അവർ വെറുപ്പു പ്രകടിപ്പിച്ചു, (“നിങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു” എന്ന് നബിയോട് പറഞ്ഞു കൊള്ളാൻ അസ്‌മായോട് ഉപദേശിച്ചു കൊണ്ട്) ആഇശ ബീവി തന്ത്രം പ്രയോഗിച്ചു എന്നൊക്കെ സൂചിപ്പിക്കുന്ന നിവേദനങ്ങളുടെ പരമ്പരകൾ ആസകലം ദുർബലമാണ് എന്നതാണ് മറ്റൊരു കാരണം.

പ്രസ്തുത നിവേദനങ്ങളുടെ പരമ്പരകളും അവയെ സംബന്ധിച്ച നിരൂപണങ്ങളും താഴെ ചേർക്കാം:

ഒന്നാമത്തെ പരമ്പര:

ഇബ്നു സഅ്ദ് (ത്വബകാത് 8/143-148) നിവേദനം ഉദ്ധരിച്ചിരിക്കുന്നത് മുഹമ്മദ് ഇബ്നു ഉമർ വാകിദിയിൽ നിന്നാണ് അദ്ദേഹം ഹദീസിന്റെ മേഖലയിൽ (ദഈഫ്) ദുർബലമാണ്.

രണ്ടാമത്തെ പരമ്പര:

أخبرنا محمد بن عمر حدثني عبد الله بن جعفر عن عمرو بن صالح عن سعيد بن عبد الرحمن بن أبزى قال

ഇബ്നു സഅ്ദ് (ത്വബകാത്: 8/144), സഈദിബ്നു അബ്ദുർറഹ്മാൻ ബിൻ അബ്സയിൽ നിന്ന് ഉദ്ധരിച്ച പരമ്പര പൂർണമല്ല, മുർസലാണ്. പരമ്പരയിലെ മുഹമ്മദിബ്നു ഉമർ വാകിദ് ഹദീസിന്റെ വിഷയത്തിൽ ദുർബലനാണ്. നിവേദനത്തിലെ അംറിബ്നു സ്വാലിഹ് എന്ന റാവി മജ്ഹൂൽ (അജ്ഞാതൻ) ആണ്. ഇബ്നു അദിയ്യ് തന്റെ ‘അൽ കാമിൽ ഫീ ദുഅഫാഇർ രിജാലിൽ’, അംറിബ്നു സ്വാലിഹ് എന്ന റാവിയെ ദുർബലനായി പരിഗണിച്ചിരിക്കുന്നു.

മൂന്നാമത്തെ പരമ്പര:

أخبرنا هشام بن محمد بن السائب ، عن أبيه ، عن أبي صالح ، عن بن عباس قال…

ഇബ്നു സഅ്ദ് (ത്വബകാത്: 8/145) ഉദ്ധരിച്ച ഈ പരമ്പരയും അങ്ങേയറ്റം ദുർബലമാണ്.
നിവേദനത്തിലെ ഹിശാമിബ്നു മുഹമ്മദിബ്നുസ്സാഇബിനെ സംബന്ധിച്ച ഹദീസ് നിദാനശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം ഇപ്രകാരമാണ്.
ഇബ്നു ഇറാക്: കളവു പറയുന്നവനായി ആരോപിതൻ
ഇബ്നു അസാകിർ പറഞ്ഞു: അദ്ദേഹം റാഫിളിയാണ്, വിശ്വസ്തനല്ല.
ദാറകുത്നി പറഞ്ഞു: മത്റൂക് (നുണയനെന്ന് ആരോപിക്കപ്പെട്ടതിനാൽ ഹദീസ് സ്വീകരിക്കപ്പെടാത്ത വ്യക്തി)
ദഹബി പറഞ്ഞു: അദ്ദേഹം വിശ്വസ്‌തനല്ല.
( http://hadith.islam-db.com/narrators/33196/ )

നിവേദനത്തിലെ മുഹമ്മദിബ്നുസ്സാഇബിനെ സംബന്ധിച്ചു ഹദീസ് നിദാനശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം:

കള്ള ഹദീസുകൾ നിർമ്മിക്കുന്ന വ്യക്തിയാണയാൾ എന്നാണ് ബുർഹാനുദ്ദീൻ അൽ ഹലബിയുടെ അഭിപ്രായം
(അൽ കശ്ഫുൽ ഹസീസ് അമ്മൻ റുമിയ ബി വദ്ഇൽ ഹദീസ്)
 
ഇബ്നുൽ ജവ്സി തന്റെ ‘മൗദൂആത്ത്’ ൽ, പ്രസ്തുത റാവി കള്ള ഹദീസ് നിർമ്മാതാക്കളുടെ നേതാവാണെന്ന് പ്രസ്ഥാവിക്കുന്നു. ‘അലി മരണപ്പെട്ടിട്ടില്ലെന്നും, മേഘങ്ങൾക്കു മുകളിൽ വസിക്കുകയാണ്…’ എന്നെല്ലാം വിശ്വസിക്കുന്ന തീവ്ര ശീഈ വിഭാഗത്തിൽ പെട്ട വ്യക്‌തിയാണെന്ന് ഇബ്നു ഹിബ്ബാൻ, റാവിയെ പറ്റി അഭിപ്രായപ്പെടുന്നു

ദാറകുത്നി തന്റെ ‘അദ്ദുഅഫാഉ വൽ മത്റൂ കീൻ’ ലും, അബു നുഐം അൽ അസ്ബഹാനി തന്റെ ‘ദുഅഫാഅ്’ ലും, റാവി കള്ള ഹദീസുകൾ പടച്ചുണ്ടാക്കുന്ന വ്യക്തിയായി തന്നെ വിശദീകരിക്കുന്നുണ്ട്.

മറ്റൊരു സനദ് ഇപ്രകാരമാണ്:
وروى أيضا قال : أخبرنا هشام بن محمد ، حدثني ابن الغسيل ، عن حمزة بن أبي أسيد الساعدي ، عن أبيه – وكان بدريا – قال :

പരമ്പരയിലെ ഹിശാമിബ്നു മുഹമ്മദ് കളവു പറയുന്ന വ്യക്തിയാണെന്ന വിശദീകരണം മുമ്പ് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. നിവേദനത്തിലെ ഇബ്നുൽ ഗസീൽ വിശ്വസ്തനാണെങ്കിലും ഓർമ്മശക്തി കുറഞ്ഞ വ്യക്തിയാണെന്ന് ഇബ്നു ഹജറും വ്യക്തമാക്കിയിട്ടുണ്ട്.

No comments yet.

Leave a comment

Your email address will not be published.