ദുർബല ഹദീസുകളും കള്ള കഥകളും -28

//ദുർബല ഹദീസുകളും കള്ള കഥകളും -28
//ദുർബല ഹദീസുകളും കള്ള കഥകളും -28
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -28

ഖലീഫ ഉമർ (റ) ശാസ്ത്ര പ്രചാരണത്തിന്റെ ശത്രുവായിരുന്നൊ ?!

വിമർശനം:

അലക്സാണ്ട്രിയയിലെ പൗരാണിക പുസ്തകശാലയും ഗ്രന്ഥശേഖരങ്ങളും നശിപ്പിച്ചു എന്നത്, ഇസ്‌ലാം ശാസ്ത്ര പഠനത്തിനും വിജ്ഞാന അഭിവൃദ്ധിക്കും എതിരാണ് എന്നതിന് തെളിവല്ലെ ?

മറുപടി:

വിജ്ഞാന പ്രചാരണത്തിലും ശാസ്ത്രവിദ്യഭ്യാസ അഭ്യുന്നതിയിലും ഖലീഫ ഉമർ (റ) വഹിച്ച നിസ്തുലമായ സേവനവും ഉൽസുകതയും തെളിവു സഹിതം ചർച്ച ചെയ്യവെ, അബ്ബാസ് മഹ്മൂദ് അൽ അക്കാദ് തന്റെ ‘അബ്‌ക്വരിയ്യതു ഉമർ’ എന്ന ഗ്രന്ഥത്തിൽ (പേജ്: 190- 197) ഈ ആരോപണത്തിന് സവിസ്തരം മറുപടി നൽകുന്നുണ്ട്. മറുപടിയുടെ രത്നചുരുക്കം ഇവിടെ ചേർക്കാം:

യുദ്ധ വിജയാവസരത്തിൽ അലക്സാണ്ട്രിയയിലെ മഹാഗ്രന്ഥാലയത്തെ സംബന്ധിച്ച വിവരം സേനാധിപനായ അംറിബ്നു ആസ് (റ), ഖലീഫ ഉമറിന്(റ) എത്തിച്ചപ്പോൾ ഖലീഫ ഇപ്രകാരം കൽപ്പന പുറപ്പെടുവിച്ചു: “താങ്കൾ പറഞ്ഞ ഗ്രന്ഥങ്ങളിലെ ഉള്ളടക്കം ക്വുർആനിനോട് യോജിച്ചതാണെങ്കിൽ, പിന്നെ ആ ഗ്രന്ഥങ്ങളുടെ ആവശ്യമില്ലല്ലൊ. ഇനി ഗ്രന്ഥങ്ങളിലെ ഉള്ളടക്കം ക്വുർആനിനോട് എതിരാണെങ്കിൽ അതിൽ നിന്ന് നാം ധന്യരാണ്. അവ നശിപ്പിച്ച് കളയുക.” അങ്ങനെ പട്ടണത്തിലെ നാലായിരം കായലുകളിൽ മുക്കി നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രസ്തുത ഉദ്യമം പൂർത്തീകരിക്കാൻ ആറു മാസത്തോളം എടുത്തു; പുസ്തകങ്ങളുടെ ആധിക്യം കാരണം.!

ഈ ഗുരുതരമായ ആരോപണത്തിൽ നിന്നും ഖലീഫ ഉമറിനെ(റ) നിരപരാധിയായി പ്രഖ്യാപിച്ച ചരിത്രകാന്മാരുടെ നിരയിൽ ഭൂരിഭാഗവും യൂറോപ്യരും ഒറിയന്റലിസ്റ്റുകളുമായ പണ്ഡിതന്മാരാണ്. ഇംഗ്ലിഷ് ചരിത്രകാരനായ എഡ്വർഡ് ഗിബ്ബൻ തന്റെ The History Of The Decline And Fall Of The Roman Empire എന്ന ഗ്രന്ഥത്തിൽ എഴുതി: “എന്നെ സംബന്ധിച്ചിടത്തോളം ഈ സംഭവവും അതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളെയും നിഷേധിക്കാനാണ് എനിക്ക് അതിയായി തോന്നുന്നത്. കാരണം ഈ കഥ വളരെയധികം വിചിത്രമാണ്. ഈ കഥ എഴുതി പിടിച്ച ചരിത്രകാരന്മാർ തന്നെ അവയെ സംബന്ധിച്ച് ചകിതരാവണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് അത് എഴുതിയത്. സംഭവം നടന്ന് 600 നൂറ്റാണ്ട് കഴിഞ്ഞ് ഒരു അപരിചിതനായ വിദേശി ആ സംഭവത്തെ സംബന്ധിച്ച് എഴുതുക എന്നത് തന്നെ സംഭവത്തിന്റെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്നുണ്ട്. ഈജുപ്തുകാരായ -അതും ക്രിസ്ത്യാനികളായ- ആ കാലഘട്ടത്തിലെ രണ്ട് ചരിത്രകാരന്മാർ ഈ സംഭവത്തെ സംബന്ധിച്ച് മൗനം ദീക്ഷിച്ചു എന്നതും ശ്രദ്ധേയമാണ്. അവയിൽ ഏറ്റവും പൗരാണികൻ Patriarch Eutychius ആണ്. അലക്സാണ്ട്രിയൻ വിജയത്തെ സംബന്ധിച്ച് അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്. എന്നിട്ടും ഇത്തരമൊരു സംഭവത്തെ സംബന്ധിച്ച യാതൊരു പരാമർശവുമില്ല. യുദ്ധങ്ങളിൽ ജൂത ക്രിസ്ത്യാനികളിൽ നിന്ന് യുദ്ധാർജിത സ്വത്തായി ലഭിക്കുന്ന മത ഗ്രന്ഥങ്ങൾ കത്തിച്ചു കളയുന്നത് നിഷിദ്ധമാണെന്നും, ചരിത്രകാരന്മാർ, കവികൾ, വൈദ്യന്മാർ, തത്ത്വചിന്തകർ തുടങ്ങിയവർ എഴുതിയ തനി ഭൗതികമായ ഗ്രന്ഥങ്ങൾ വിശ്വാസികൾക്ക് ഉപകാരപ്രദമായ രൂപത്തിൽ ഉപയോഗപ്പെടുത്തലാണ് വേണ്ടതെന്നും മതവിധി നൽകിയ മുസ്‌ലിം കർമ്മശാസ്ത്ര പണ്ഡിതന്മാരിൽ ശരിയായ വീക്ഷണം വെച്ചുപുലർത്തുന്നവരുടെ അടുക്കൽ ഉമറിലേക്ക് ചേർക്കപ്പെടുന്ന ഈ രൂക്ഷമായ വിധിന്യായം അങ്ങേയറ്റം നിന്ദ്യമായതാണ്. മുഹമ്മദ് (നബിക്ക്) ശേഷം വന്ന ആദ്യ ഖലീഫമാരിലേക്ക് ചേർക്കപ്പെടുന്ന ഇത്തരം ധ്വംസന കഥകൾ ഇതിനേക്കാൾ ജുഗുപ്സാവഹമാണ്. എങ്കിലും ഇത്തരം നിവേദനങ്ങൾ സ്വഹീഹ് (വിശ്വസനീയതിൽ സ്വീകാര്യം) ആയിരുന്നെങ്കിൽ കത്തിക്കാൻ തുനിഞ്ഞ പ്രസ്‌താവിതമായ ഗ്രന്ഥങ്ങൾ അവയുടെ അൽപത കാരണം പെട്ടെന്ന് പെട്ടെന്നു തന്നെ കത്തി തീരുമായിരുന്നു! എന്നു മാത്രമല്ല അവയുടെ ഭയാനകത സീസറിന്റെ കൈകളാൽ ലൈബ്രറികൾ കത്തിയെരിയപ്പെട്ടതിനോളം എത്തില്ല. വിഗ്രഹാരാധകരുടെ കാലഘട്ടത്തിന്റെ ശേഷിപ്പുകൾ ഉൻമൂലനാശം വരുത്താനുള്ള വൈവിധ്യമായ മാധ്യമങ്ങളെ സംബന്ധിച്ച് പൗരാണിക ക്രിസ്ത്യൻ പട നയിച്ച ഗൂഢാലോചനയുടെ വർഗീയ പ്രാകൃതങ്ങളിലേക്കും ആ നിവേദനങ്ങളുടെ ഉള്ളടക്കങ്ങളൊന്നും എത്തില്ല…”

അലക്സാണ്ട്രിയയിലും ഈജിപ്തിലുമുള്ള അറബ് ദ്വിഗ് വിജയങ്ങളെ സംബന്ധിച്ച ചരിത്ര ഗവേഷണത്തിൽ വലിയ പങ്കുള്ള ഇംഗ്ലീഷ് ചരിത്രകാരനായ ഡോ. ആൽഫ്രഡ് ബട്ട്ലർ ഖലീഫ ഉമറിലേക്ക് ചേർക്കപ്പെടുന്ന ഈ കഥയുടെ രത്നചുരുക്കം രേഖപ്പെടുത്തിയ ശേഷം പല കാരണങ്ങൾ നിരത്തി അതിനെ ഖണ്ഡിക്കുന്നുണ്ട്. ലൈബ്രറികളുടെ കാര്യത്തിൽ അംറിബ്നു ആസുമായി സംസാരിച്ചു എന്ന് പറയപ്പെടുന്ന ഹനാ ഫിലിപ്പോത്തോസ് അറബികൾ ഈജിപ്ത് വിജയിച്ചടക്കുന്ന സമയത്ത് ജീവിച്ചിരുന്നില്ല. മാത്രമല്ല, ഏഴാം നൂറ്റാണ്ടിലെ ഭൂരിഭാഗം ഗ്രന്ഥങ്ങളും നേർത്ത തോൽ പാളികളിലാണ് എഴുതപ്പെട്ടിരുന്നത്. അവ കത്തിക്കാൻ കഴിയാത്തവയാണ്. ഇനി അങ്ങനെ അല്ലെങ്കിൽ കത്തിക്കാനായി ഖലീഫ കൽപ്പന പുറപ്പെടുവിച്ചിരുന്നെങ്കിൽ തൽക്ഷണം ആ കൽപ്പന നടപ്പാക്കപ്പെടുമായിരുന്നു. പ്രയാസങ്ങൾ സഹിച്ച് കായലുകളിലേക്ക് താങ്ങി കൊണ്ടുപോകുമായിരുന്നില്ല. ഇനി കൊണ്ടുപോയിരുന്നുവെങ്കിൽ വളരെയേറെ വിലക്കുറവിൽ മറ്റുള്ളവർക്ക് അത് വാങ്ങാമായിരുന്നു… അലക്സാണ്ട്രിയൻ വിജയത്തിന് അഞ്ചര നൂറ്റാണ്ടുകൾക്ക് ശേഷം മാത്രമാണ് ഈ കഥ രേഖപ്പെടുത്തപ്പെടുന്നത് എന്നതു തന്നെ കഥക്ക് യാതൊരു കഴമ്പുമില്ല എന്നത് സംശയലേശമന്യെ തെളിയിക്കുന്നു. മാത്രമല്ല എഴുതപ്പെട്ടതാവട്ടെ അവലംബനീയമായ സ്രോതസ്സുകളൊ നിവേദന പരമ്പരകളൊ ഇല്ലാതെയുമാണ് എന്നെല്ലാം ഡോ. ആൽഫ്രഡ് ബട്ട്ലർ കഥയെ നിരൂപണം ചെയ്യുന്നു.

ഒറിയന്റലിസ്റ്റായ കാസനോവ ഈ നിവേദനത്തെ കെട്ടുകഥ എന്നാണ് വിളിക്കുന്നത്. വിജയം നടന്ന് ആറ് നൂറ്റാണ്ടു കഴിഞ്ഞാണ് ഈ കഥ ഉടലെടുക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. മുമ്പു സൂചിപ്പിച്ച കാരണങ്ങളെല്ലാം നിരത്തി സംഭവത്തെ നിഷേധിച്ചതിനു പുറമെ ഒരു കാരണം കൂടി അദ്ദേഹം ഉദ്ധരിക്കുന്നു: “… ഇപ്പറഞ്ഞ കാരണങ്ങൾക്കെല്ലാം പുറമെ കൂടുതൽ ശക്തമായ ഒരു കാരണം കൂടി ഈ കഥയുടെ വ്യർത്ഥതയെ സൂചിപ്പിക്കുന്നതായിട്ടുണ്ട്. യഹ്‌യ അന്നഹ്‌വിയിൽ നിന്നുമുള്ള ഒരു ഉദ്ധരണി, പത്താം നൂറ്റാണ്ടിന്റെ അന്ത്യദശകളിൽ ഇബ്നു നദീം തന്റെ അൽ ഫഹ്റസത്തിൽ ഉദ്ധരിക്കുന്നുണ്ട്. അതായത് യഹ്‌യ അന്നഹ്‌വി ഈജിപ്ത് വിജയിച്ചടക്കുന്ന സന്ദർഭത്തിൽ ജീവിച്ചിരുന്ന വ്യക്തിയാണ്. അംറിബ്നു ആസുമായി വളരെ അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. അലക്സാണ്ട്രിയൻ ലൈബ്രറിയെ സംബന്ധിച്ച് ഒന്നും തന്നെ അദ്ദേഹം പ്രസ്‌താവിച്ചിട്ടേയില്ല. അപ്പോൾ ലൈബ്രറി ധ്വംസനം ഇബ്നുൽ കഫ്ത്വിയുടെ ഭാവനയുടെ വ്യുൽപ്പന്നം മാത്രമാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പ്രചാരത്തിലുണ്ടായിരുന്ന കെട്ടുകഥകളിൽ ഭാവനകളും ചേർത്തുണ്ടാക്കിയ കള്ളകഥ.”

ഒറിയന്റലിസ്റ്റ് കാസനോവ തുടർന്നെഴുതി:
“ഇബ്നു ഖൽദൂൻ ഇപ്രകാരം പറയുകയുണ്ടായി: അറബികൾ പേർഷ്യ പിടിച്ചടക്കിയപ്പോൾ പേർഷ്യക്കാരുടെ “ശാസ്ത്ര”ങ്ങളടങ്ങുന്ന (അഭിചാര ക്രിയകളും ജ്യോതിഷവും Astrology അടങ്ങുന്ന ) ഗ്രന്ഥങ്ങൾ എന്തു ചെയ്യണമെന്ന് സഅ്ദിബ്നു അബീ വക്വാസ്, ഉമറിന് കത്തെഴുതി ചോദിച്ചു. അവ പുഴയിലെറിയാൻ അദ്ദേഹം കൽപ്പിച്ചു.* ഈ കഥ പേർഷ്യയിൽ നിന്നും കാലാന്തരങ്ങളിൽ അലക്സാണ്ട്രിയയിൽ എത്തി. പലരുടേയും പല ഭാവനകളും ആ കഥയിൽ കലർന്നു മറിഞ്ഞു. പല സർവ്വവിജ്ഞാനകോശങ്ങളിൽ കഥ പല മാറ്റങ്ങളോടെ രേഖപ്പെടുത്തപ്പെട്ടു. ഈജിപ്ത് പിടിച്ചടക്കിയപ്പോൾ അറബികൾ അലക്സാണ്ട്രിയൻ ലൈബ്രറി കത്തിച്ചുവെന്ന് സബ്റഞ്ചലിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു; ഖലീഫ മുതവക്കിൽ അത് പുതുക്കി പണിതു. 868 ൽ തുർക്കികൾ ഈജിപ്ത് പിടിച്ചടക്കിയപ്പോൾ അഹ്മദിബ്നു ത്വുലൂൻ ഗ്രന്ഥാലയത്തിന് തീ വെച്ചു. എന്നാൽ അഹ്മദിബ്നു ത്വൂലൂൻ ഈജിപ്ത് വിജയിച്ചടക്കിയിട്ടില്ല. അന്നത്തെ ഖലീഫ അദ്ദേഹത്തെ ബഗ്ദാദിനു മേൽ ഗവർണറാക്കുക മാത്രമാണ് ഉണ്ടായത്. അപ്പോൾ ആരോപിത സംഭവവുമായി തുർക്കികൾക്ക് യാതൊരു ബന്ധവുമില്ല… 1877 ൽ കൗണ്ട് ദെ ലണ്ട്ബർഗ് ഇപ്രകാരമെഴുതി: അലക്സാണ്ട്രിയയിലെ ലൈബ്രറി കത്തിച്ചത് നെപ്പോളിയൻ ഒന്നാമനാണെന്ന് ഇംഗ്ലീഷ് പടയാളികൾ ആരോപിക്കുകയുണ്ടായി… (ഖലീഫ ഉമറിലേക്ക് ചേർക്കപ്പെടുന്ന) ഈ കെട്ടുകഥ ക്രിസ്താബ്ദം പതിമൂന്നാം നൂറ്റാണ്ടിൽ മാത്രം ഉടലെടുത്തതാണ്… ഇബ്നുൽ ക്വഫ്ത്വിയാണ് ആദ്യമായി ഈ കെട്ടുകഥ പടച്ചുണ്ടാക്കുന്നത്…”
(അബ്‌ക്വരിയ്യതു ഉമർ: പേജ്: 190-197)

ക്രിസ്താബ്ദം 641 ൽ (ഹിജ്റ 20) നടന്ന ഈജിപ്ത് വിജയമൊ ക്രിസ്താബ്ദം 642 ൽ നടന്ന പേർഷ്യൻ വിജയമൊ ആയി ബന്ധപ്പെട്ട അതി ഗൗരവകരമായ ഒരു “സംഭവം”, 1172 ൽ ജനിച്ച ജമാലുദ്ദീൻ അൽ ക്വഫത്വിയും, 1162 ൽ ജനിച്ച അബ്ദുല്ലത്വീഫ് അൽ ബഗ്ദാദി, 1226 ൽ ജനിച്ച അബുൽ ഫറജ് ഇബ്നു ഹാറൂൻ അൽ മിൽത്വി എന്നിവരൊക്കെയാണ് ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തുന്നത് എന്നതും ആ കാലഘട്ടത്തിലേക്ക് ചേർക്കപ്പെടുന്ന ഒരു നിവേദക പരമ്പരയൊ പൗരാണിക സ്രോതസ്സൊ ഇല്ലെന്നതും അബ്ബാസ് മഹ്മൂദ് അൽ അക്കാദ് തന്റെ ഗ്രന്ഥത്തിൽ നിരൂപണം നടത്തുന്നുണ്ട്. ഈ നൂറ്റാണ്ടുകളത്രയും കടന്നുപോയിട്ടും ആധികാരികനായ ഒരു അമുസ്‌ലിം ചരിത്രകാരന്മാർ പോലും അറബികളുടെ ദ്വിഗ് വിജയങ്ങളെ സംബന്ധിച്ച് സ്മരിക്കവെ അത്തരമൊരു സംഭവം തങ്ങളുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടെ ഇല്ല എന്നതിലേക്കും അദ്ദേഹം വിരൽ ചൂണ്ടുന്നുണ്ട്.

ചുരുക്കത്തിൽ, പേർഷ്യക്കാരുടെ ആഭിചാര ക്രിയകളും ജ്യോതിഷവും അടങ്ങുന്ന ഗ്രന്ഥങ്ങൾ പുഴയിൽ നിക്ഷേപിക്കാനൊ ഈജിപ്തിലെ അലക്സാണ്ട്രിയൻ ലൈബ്രറി കത്തിക്കാനൊ ഖലീഫ ഉമർ (റ) കൽപ്പന പുറപ്പെടുവിച്ചതായി വിശ്വസനീയമൊ ആധികാരികമൊ ആയ ഒരു ചരിത്ര രേഖയുമില്ല.

………………………………………………….

* 1. ഒരു നിവേദക പരമ്പരയൊ പൗരാണിക സ്രോതസ്സൊ ഇല്ലാതെ തന്റെ കാലഘട്ടത്തിൽ പ്രചാരത്തിലുള്ള ഒരു കഥ -നിരൂപണത്തിനൊ ഗവേഷണത്തിനൊ തുനിയാതെ – ഒഴുക്കൻ മട്ടിൽ ഉദ്ധരിക്കുക മാത്രമാണ് ഇബ്നു ഖൽദൂൻ, മുക്വദ്ദിമയിൽ ചെയ്തിട്ടുള്ളത്.

2. പേർഷ്യക്കാരുടെ “ശാസ്ത്രങ്ങൾ” ഉമർ പുഴയിൽ തള്ളാൻ പറഞ്ഞുവെന്ന് കേട്ട ഉടനെ ഇസ്‌ലാം Science ന് എതിരാണെന്ന് പ്രഖ്യാപിക്കാൻ ഒരു പഴുതു കണ്ടെത്തിയ ആഹ്ളാദ ഭേരി മുഴക്കുകയാണ് നാസ്തികർ. എന്നാൽ പേർഷ്യക്കാരുടെ “ശാസ്ത്രങ്ങൾ” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മുക്വദ്ദിമയിൽ തന്നെ ഇബ്നു ഖൽദൂൻ വിശദീകരിക്കുന്നത് കാണാത്തതായി ഭാവിക്കുകയാണ് നാസ്തികർ ചെയ്യുന്നത്. ആഭിചാര ക്രിയകളും ക്ഷുദ്രവിദ്യകളും ജ്യോതിഷവും (Astrology) രാശിയും ത്വൽസമാത്തുമൊക്കെയായിരുന്നു ഈ ശാസ്ത്രങ്ങൾ എന്ന് പ്രത്യേകം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
(മുക്വദ്ദിമതു ഇബ്നു ഖൽദൂൻ: 1/479)

അപ്പോൾ, മുക്വദ്ദിമയിൽ ഉദ്ധരിക്കപ്പെട്ട നിവേദനത്തിന് വല്ല അടിത്തറയും ഉണ്ടെന്ന് വാദത്തിന് വേണ്ടി മാത്രം സമ്മതിച്ചുവെന്ന് കരുതുക. എങ്കിൽ പോലും ഖലീഫ ഉമർ (റ) വിജ്ഞാന പ്രചരണത്തിനൊ ശാസ്ത്ര ശാക്തീകരണത്തിനൊ എതിരാണെന്ന് അവയൊന്നും തന്നെ സൂചിപ്പിക്കുന്നില്ല.

print

No comments yet.

Leave a comment

Your email address will not be published.