ദുർബല ഹദീസുകളും കള്ള കഥകളും -3

//ദുർബല ഹദീസുകളും കള്ള കഥകളും -3
//ദുർബല ഹദീസുകളും കള്ള കഥകളും -3
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -3

Print Now
മുഹമ്മദ് നബി കുറൈശിയല്ല, കിന്ദക്കാരനാണെന്നോ?!!

വിമർശനം:

മുഹമ്മദ് നബിയുടെ കുടുംബ പരമ്പര കിന്ദക്കാരിലേക്കാണ് എത്തുന്നത് എന്ന് കിന്ദക്കാർ വാദിച്ചത് മുഹമ്മദ് നബിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്ന തെളിവല്ലെ ?

മറുപടി:

ഹദീസ് ദുർബലമാണെന്നതിനു പുറമെ ഹദീസിന്റെ ആശയത്തെ വിമർശകർ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്തിട്ടുണ്ട്.

കാരണങ്ങൾ:

1. ഹദീസിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്:

നമ്മോട് അബുൽ ഹസൻ അലിയ്യിബ്‌നു അഹ്‌മദ് ഇബ്‌നു ഉമറിബ്‌നു ഹഫ്സ് നമ്മെ അറിയിച്ചു – അബൂ ഈസാ ബക്കാറിബ്‌നു അഹ്‌മദിബ്‌നു ബക്കാർ നമ്മോട് പറഞ്ഞു – അബൂ ജഅ്ഫറിബ്‌നു മൂസാ ഇബ്‌നു സഅ്ദ് നമ്മോട് പറഞ്ഞു – അബൂജഅ്ഫർ മുഹമ്മദിബ്‌നു അബ്ബാൻ അൽ കലാനസി നമ്മോട് പറഞ്ഞു – നമ്മോട് അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു മുഹമ്മദിബ്‌നു റബീഅ അൽകുദാമി പറഞ്ഞു – മാലികിബ്‌നു അനസിൽ നിന്ന് – അദ്ദേഹം സുഹ്‌രിയിൽ നിന്ന് – അദ്ദേഹം അനസിബ്‌നു മാലികിൽ നിന്നും – അദ്ദേഹം അബൂ ബക്കറിബ്‌നു അബ്ദുർറഹ്‌മാനിൽ നിന്നും, അദ്ദേഹം പറഞ്ഞു:…

നിവേദക പരമ്പരയിലെ ‘അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു മുഹമ്മദിബ്‌നു റബീഅ അൽകുദാമി’ അങ്ങേയറ്റം ദുർബലനാണ്.

ഇബ്‌നുകസീർ പറഞ്ഞു: കുദാമി തനിച്ച് നിവേദനം ചെയ്യുന്നതാണ് ഈ ഹദീസ്. അയാൾ ദുർബലനാണ്.
ഇമാം ദഹബി പറഞ്ഞു: അയാൾ ദുർബലനാണ്. അയാൾ ഇമാം മാലികിൽ നിന്ന് വ്യാജ നിവേദനങ്ങൾ ഉദ്ധരിക്കുമായിരുന്നു. (മീസാനുൽ ഇഅ്തിദാൽ)
ഹാകിം പറഞ്ഞു: ഇമാം മാലികിൽ നിന്ന് അയാൾ കള്ള ഹദീസുകൾ ഉദ്ധരിക്കുമായിരുന്നു. കുടുംബ പരമ്പരകളെ സംബന്ധിച്ച ഗ്രന്ഥമായ ‘അൽ അൻസാബ്’ ൽ ഇമാം സംആനി കുദാമിയെ സംബന്ധിച്ച് ഇപ്രകാരമെഴുതി: അദ്ദേഹം ചരിത്ര നിവേദനങ്ങളിൽ കൃത്രിമങ്ങൾ കാണിക്കുമായിരുന്നു എന്നതുകൊണ്ട് തന്നെ അയാളുടെ നിവേദനങ്ങൾ പ്രമാണമായി സ്വീകരിക്കപ്പെടില്ല.
(ലിസാനുൽ മീസാൻ: ഇബ്‌നു ഹജർ: 3/335, അൽ മജ്‌റൂഹീൻ: 2/39)

കൂടാതെ, ഇബ്‌നുഹിബ്ബാൻ, ഇബ്‌നു അദിയ്യ്, ദാറകുത്നി എന്നിവരും അയാൾ ദുർബലനാണെന്ന് കട്ടായം പറയുന്നു.

ഇബ്‌നു സഅ്ദ് – മഅ്നിബ്‌നു ഈസായിൽ നിന്നും – അദ്ദേഹം ഇബ്‌നു അബി ദിഅ്ബിൽ നിന്നും – അദ്ദേഹം പിതാവിൽ നിന്നും ഉദ്ധരിക്കുന്ന ഒരു നിവേദനം ഇതേ സംഭവത്തെ സംബന്ധിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും (ത്വബകാത്തു ഇബ്‌നു സഅ്ദ്: 1:23) ആ നിവേദനവും ദുർബലമാണ്; നിവേദക പരമ്പര പ്രവാചകനിലേക്ക് എത്തുന്നത് (മുസ്നദ്  المسند) അല്ല. വേറേയും നിവേദക പരമ്പരകളിലൂടെ ഇതേ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാം അങ്ങേയറ്റം ദുർബലങ്ങളാണ്.

2. ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് വാദത്തിന് അംഗീകരിച്ചാൽ തന്നെ പ്രവാചകന്റെ(സ) പിതൃത്വവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു നിവേദനത്തെ, പ്രവാചകൻ (സ) പിതൃശൂന്യനാണ് എന്ന് വരുത്തി തീർക്കാനായി നിവേദനത്തിന്റെ ആശയത്തെ വിമർശകർ അങ്ങേയറ്റം പണിപ്പെട്ട് ദുർവ്യാഖ്യാനിച്ചിരിക്കുകയാണ്.

നിവേദനത്തിന്റെ ആശയ സംഗ്രഹം:

ആകിലുൽ മുറാർ കിന്ദക്കാരുടെ രാജാവും നേതാവുമായിരുന്നു. ഇസ്‌ലാമിക കാലഘട്ടത്തിന് മുമ്പ്, ജാഹിലി കാലഘട്ടത്തിൽ കച്ചവടക്കാരായ അറബികൾക്ക് -വിശിഷ്യ കുറൈശികൾക്ക് – പല നാടുകളിലും കച്ചവടാർത്ഥം സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യേണ്ടിവരുമായിരുന്നു. അബ്ബാസിബ്‌നു അബ്ദുൽ മുത്വലിബ്, റബീഅത്തിബ്‌നു ഹാരിസ്, അബൂസുഫ്‌യാൻ തുടങ്ങിയ കുറൈശി നേതാക്കൾ കച്ചവടാർത്ഥം അന്യ നാടുകളിൽ ചെന്ന് താമസിക്കുമ്പോൾ, ആ നാട്ടുകാർ “നിങ്ങൾ ആരാണ്” എന്ന് ചോദിച്ചാൽ ” ഞങ്ങൾ ആകിലുൽ മുറാർ സന്തതികളാണ്” എന്ന് പ്രതികരിക്കുമായിരുന്നു. അന്യനാട്ടിൽ സ്ഥാനവും സുരക്ഷയും ലഭിക്കാൻ വേണ്ടിയും കിന്ദക്കാരെ കൊണ്ട് അഭിമാനിച്ചു കൊണ്ടുമായിരുന്നു അവർ ഇപ്രകാരം പറഞ്ഞിരുന്നത്. അല്ലാതെ കുടുംബ ബന്ധം ഉള്ളതു കൊണ്ടായിരുന്നില്ല. പക്ഷെ കുറൈശി നേതാക്കളുടെ ഈ സംസാരം കിന്ദക്കാരുടെ അടുത്തെത്തിയപ്പോൾ കുറൈശികൾക്ക് തങ്ങളുമായി കുടുംബ ബന്ധമുണ്ടെന്ന് കിന്ദക്കാർ തെറ്റിദ്ധരിച്ചു. കുറൈശികൾക്ക് തങ്ങളുമായി കുടുംബ ബന്ധമുണ്ടെന്നതിൽ അവർ അഭിമാനം കൊണ്ടു. പിന്നീട് കുറൈശികളിൽ നിന്നും പ്രവാചകൻ (സ) നിയോഗിതനായപ്പോൾ കിന്ദക്കാരിൽ ഈ തെറ്റിദ്ധാരണ വെച്ചുപുലർത്തുന്ന ചിലർ കൂടുതൽ അഭിമാനിച്ചു. അവർ പ്രവാചകനോട്(സ) പറഞ്ഞു: “ഞങ്ങൾ ആകിലുൽ മുറാർ സന്തതികളാണ്. നിങ്ങളും ആകിലുൽ മുറാർ സന്തതികളല്ലെ ?” അപ്പോൾ പ്രവാചകൻ (സ) അവരുടെ തെറ്റിദ്ധാരണ തിരുത്തി. അബ്ബാസിബ്‌നു അബ്ദുൽ മുത്വലിബ്, റബീഅത്തിബ്‌നു ഹാരിസ്, അബൂസുഫ്‌യാൻ തുടങ്ങിയ കുറൈശി നേതാക്കൾ കച്ചവടാർത്ഥം അന്യ നാടുകളിൽ ചെന്ന് താമസിക്കുമ്പോൾ,”ഞങ്ങൾ ആകിലുൽ മുറാർ സന്തതികളാണ്” എന്ന് പറഞ്ഞിരുന്നത്, അന്യനാട്ടിൽ സ്ഥാനവും സുരക്ഷയും ലഭിക്കാൻ വേണ്ടിയും കിന്ദക്കാരെ കൊണ്ട് അഭിമാനം പ്രകടിപ്പിച്ചു കൊണ്ടുമായിരുന്നു. അല്ലാതെ കുടുംബ ബന്ധം ഉള്ളതു കൊണ്ടായിരുന്നില്ല. കുടുംബബന്ധത്തിലാണെങ്കിൽ “ഞങ്ങൾ നദ്ർ ഇബ്‌നു കിനാനയുടെ മക്കളാണ്” എന്ന് പ്രവാചകൻ (സ) അവരെ പഠിപ്പിക്കുകയും ചെയ്തു.
(ത്വബകാത്തുൽ കുബ്റാ: ഇബ്‌നു സഅ്ദ്: 1/708, അൽ ബിദായ വന്നിഹായ: 5/85, സാദുൽ മആദ്: 3/676)

ഇവിടെ കിന്ദക്കാർ സംസാരിക്കുന്നത് പ്രവാചകന്റെ(സ) പിതൃത്വത്തെ സംബന്ധിച്ചേയല്ല എന്ന് നിവേദനം ഒരു വട്ടം വായിച്ചാൽ തന്നെ വ്യക്തം. മറിച്ച് കുറൈശി ഗോത്രത്തെ സംബന്ധിച്ചാണ്. മുസ്‌ലിംകളും അമുസ്‌ലിംകളുമടങ്ങുന്ന കുറൈശി ഗോത്രത്തെ സംബന്ധിച്ച്. പ്രവാചകൻ അവരോട് പറഞ്ഞ മറുപടിയും ശ്രദ്ധിക്കുക: نحن بنو النضر بن كنانة

“ഞങ്ങൾ നദ്ർ ഇബ്‌നു കിനാനയുടെ മക്കളാണ്”. നദ്ർ ഇബ്‌നു കിനാനയുടെ മറ്റൊരു പേരാണ് കുറൈശ്. (ലിസാനുൽ അറബ്: 6: 335, അൽ ബിദായ വന്നിഹായ: 3: 219, താരീഖുൽ അറബിൽ കദീം: 1: 172) അപ്പോൾ ഞങ്ങൾ കുറൈശികൾ നദ്ർ ഇബ്‌നു കിനാനയുടെ സന്തതികളാണ്, ആകിലുൽ മുറാറിന്റേതല്ല എന്നാണ് പ്രവാചകന്റെ മറുപടി. സ്വന്തം പിതൃത്വത്തെയാണ് പ്രവാചകൻ ഈ നിവേദനത്തിൽ പ്രതിരോധിക്കുന്നത് എങ്കിൽ “ഞാൻ അബ്ദുല്ലയുടെ മകനാണ്” എന്നല്ലെ പറയേണ്ടിയിരുന്നത്.?!

മാത്രമല്ല കിന്ദക്കാരിൽ ചിലർക്ക് മാത്രമായിരുന്നു ഈ തെറ്റിദ്ധാരണ ഉണ്ടായിരുന്നത്. അവരിലെ ഭൂരിഭാഗത്തിനും കുറൈശികൾ വിശിഷ്യാ ഹാശിം കുടുംബം കിന്ദക്കാരിൽ പെട്ടവരല്ല എന്ന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് പ്രവാചകൻ (സ) കിന്ദക്കാരോട് ഏക ദൈവ വിശ്വാസം പ്രബോധനം ചെയ്തപ്പോൾ അവർ ഇപ്രകാരം പ്രതികരിച്ചത്: “താങ്കൾ താങ്കളുടെ ഗോത്രത്തിലേക്ക് മടങ്ങി പോവുക. താങ്കളെ ഞങ്ങൾക്ക് യാതൊരു ആവശ്യവുമില്ല…”
(ഇംതാഉൽ അസ്മാഅ്: മക്‌രീസി: 8:313)

3. പ്രവാചകൻ (സ) മക്കയിൽ ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചപ്പോൾ കലി പൂണ്ട കുറൈശികൾ പ്രവാചകന്റെ പിതൃവ്യൻ (പിതാവ് അബ്ദുല്ലയുടെ സഹോദരൻ) അബൂ ത്വാലിബിന്റെ അടുത്തു വന്ന് പരാതിപ്പെടുകയുണ്ടായി. അവർ അവരുടെ സംഭാഷണം തുടങ്ങുന്നത് ഇപ്രകാരമാണ്: “താങ്കളുടെ സഹോദര പുത്രൻ നമ്മളുടെ ദൈവങ്ങളെ അവമതിക്കുന്നു, ഇന്നയിന്നതെല്ലാം ചെയ്യുന്നു, ഇന്നതിന്നതെല്ലാം പറയുന്നു. താങ്കൾ അവനെ തടയണം…” അപ്പോൾ അബൂ ത്വാലിബ് പ്രവാചകന്റെ അടുത്ത് ചെന്ന് ചോദിച്ചു: “എന്റെ സഹോദര പുത്രാ, താങ്കളുടെ സമുദായം താങ്കളെ സംബന്ധിച്ച് പരാതി പറയുന്നുവല്ലോ ?….” (തഫ്സീറുത്വബ്‌രി: 23/ 149)

കുറൈശി നേതാവായിരുന്ന അബ്ദുൽ മുത്വലിബ് സൈഫിബ്‌നു ദിയസിനോട് നടത്തിയ സംഭാഷണത്തിൽ ഇപ്രകാരം കാണാം: “അല്ലയോ രാജാവെ, എനിക്ക് ഒരു പുത്രനുണ്ടായിരുന്നു (അബ്ദുല്ല). അവൻ എനിക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. അവനോടെനിക്ക് വലിയ വാത്സ്യല്യവുമായിരുന്നു. എന്റെ സമൂഹത്തിലെ തന്നെ വിശിഷ്ട വനിതകളിൽ ഒരുവളായ ആമിന ബിൻത്ത് വഹബ് ഇബ്‌നു അബ്ദു മനാഫിബ്‌നു സഹ്‌റയെ ഞാൻ അവന് വിവാഹം കഴിപ്പിച്ചു നൽകി. അങ്ങനെ അവർക്കൊരു കുഞ്ഞുണ്ടായി. അവന് ഞാൻ മുഹമ്മദ് എന്ന് പേരിട്ടു. അവന്റെ പിതാവും മാതാവും മരണപ്പെടുകയുണ്ടായി. അങ്ങനെ അവന്റെ ചുമതല ഞാനും അവന്റെ പിതൃവ്യനും ഏറ്റെടുത്തു…”
(ദലാഇലുന്നുബുവ്വ: 2:13, താരീഖു മദീനത്തി ദിമശ്ക്ക്: 3/449)

കുറൈശി പ്രമുഖനായിരുന്ന ത്വൽഹ (റ) ഒരിക്കൽ കച്ചവടത്തിനായി യാത്രയിലായിരിക്കെ ഒരു സന്യാസിവര്യൻ ‘ഈ മാസം പ്രവാചകന്മാരിൽ അന്തിമൻ പുറപ്പെടുന്ന മാസമാണെന്ന്’ സൂചിപ്പിക്കുകയുണ്ടായി. ത്വൽഹ (റ) പറയുന്നു “… അങ്ങനെ ഞാൻ ഉടൻ യാത്ര പുറപ്പെട്ടു. മക്കയിലെത്തി, മക്കക്കാരോട് എന്റെ അസാന്നിധ്യത്തിൽ വല്ലതും നടന്നോ എന്ന് ആരാഞ്ഞു. അവർ പറഞ്ഞു: “അബ്ദുല്ലയുടെ പുത്രൻ മുഹമ്മദ് പ്രവാചകത്വം വാദിക്കുകയുണ്ടായി. അബൂ കുഹാഫയുടെ മകൻ അദ്ദേഹത്തെ വിശ്വാസത്തിൽ പിന്തുടരുകയും ചെയ്തു…”
(തഹ്ദീബുൽ കമാൽ: 5:1-11)

ബുഹൈരിയുടെ കഥയിൽ, പ്രവാചകത്വ അടയാളങ്ങൾ ബുഹൈരി കണ്ടെത്തിയ യുവാവിനെ സംബന്ധിച്ച് അദ്ദേഹം കുറൈശികളോട് ചോദിച്ചപ്പോൾ കുറൈശികൾ ഇപ്രകാരം പറഞ്ഞു: “അല്ലാഹുവാണെ, ഈ യുവാവ് ഞങ്ങളിലെ ഉന്നത കുടുംബത്തിൽ ജനിച്ച വ്യക്തിയാണ്.” അബീത്വാലിബിനെ ചൂണ്ടി കൊണ്ട് അവർ പറഞ്ഞു: “ഇത് ഈ വ്യക്തിയുടെ സഹോദര പുത്രനാണ്.
(സീറത്തു ഇബ്‌നു ഹിശാം: 1:117)

‘അബ്ദുല്ലയുടെ പുത്രൻ’ എന്ന് പ്രവാചകനെ കുറൈശികൾ പല സന്ദർഭങ്ങളിലും വിളിച്ചിരുന്നതായുള്ള ചരിത്ര ഗ്രന്ഥങ്ങളിലെ വാചകങ്ങൾ എണ്ണമറ്റതാണ്. (അസ്സീറത്തുൽ ഹലബിയ:1:194, സീറത്തു ഇബ്‌നു ഹിശാം: 1:117, അൽ ബിദായ വന്നിഹായ)

പ്രവാചകൻ (സ) ജനിച്ചു വളർന്ന സമൂഹം മുഴുവൻ -അദ്ദേഹത്തോട് ആദർശപരമായി ശത്രുക്കളായിരിക്കെ തന്നെ – പലയാവർത്തി അദ്ദേഹം അബ്ദുല്ലയുടെ പുത്രനും കുലീനനുമാണെന്ന് പ്രഖ്യാപിക്കുന്നു. എന്നിട്ടും അദ്ദേഹത്തെ പിതൃശൂന്യനായി ദുർവ്യാഖ്യാനിക്കുന്നതിലെ കുബുദ്ധി വിചിത്രം തന്നെ !!!

No comments yet.

Leave a comment

Your email address will not be published.