ദുർബല ഹദീസുകളും കള്ള കഥകളും -27

//ദുർബല ഹദീസുകളും കള്ള കഥകളും -27
//ദുർബല ഹദീസുകളും കള്ള കഥകളും -27
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -27

സ്വവർഗ രതിക്കും നബിനിന്ദകർക്ക് ഹദീഥ് തെളിവ് !!!

വിമർശനം:

വിവസ്ത്രരായ കുറേ ആളുകൾ മുഹമ്മദ് നബിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, തന്നിമിത്തം അദ്ദേഹം തളർന്നുവെന്നുമെല്ലാം ഹദീസിൽ ഉണ്ട്. ഇത് സ്വവർഗ്ഗ സംഘരതിയിൽ നബി ഏർപ്പെട്ടു എന്നതിന് തെളിവല്ലെ ?

മറുപടി:

ആരോപിക്കുന്നതെന്ത് ?! ആരോപണത്തിനു പിൻബലമായി ഉദ്ധരിക്കുന്ന ഹദീസിന്റെ വിഷയമെന്ത്?!! പുലബന്ധം പോലുമില്ലാത്ത എന്തോ സംഭവത്തിലെ, ഏതോ വാചകം ലജ്ജയുടെ ലാഞ്ചന പോലും ഇല്ലാത്ത വിധം ദുർവ്യാഖ്യാനിക്കുക… എന്നിട്ട് മുഹമ്മദ് നബിക്കെതിരെ(സ) ഒരു അശ്ലീല കഥ പടച്ചുവിടുക. ഈ മിഷണറി ജീർണ്ണതകൾ പുതിയ ചായം പൂശി അവതരിപ്പിക്കുന്ന നാസ്തികരുടെ ഗതികേട് നോക്കണേ.

ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു പരാമർശം പോലുമില്ലാത്ത ഒരു ഹദീസിനെ ഓർജിയാക്കി മാറ്റണമെങ്കിൽ എത്രമാത്രം രോഗാതുരമായിരിക്കണം ഇവരുടെയൊക്കെ മനസ്സും ജീവിതവും !?
ധൈഷണികമായി എത്രമാത്രം ശൂന്യവും ഹീനവുമായിരിക്കണം ഇവരുടെയൊക്കെ ചിന്താമണ്ഡലം !!?

വിമർശകർ ഉദ്ധരിക്കുന്ന ഹദീസ് ഇപ്രകാരം നമുക്ക് വായിക്കാം:

اسْتَتبْعَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: فَانْطَلَقْنَا، حَتَّى أَتَيْتُ مَكَانَ كَذَا وَكَذَا فَخَطَّ لِي خِطَّةً، فَقَالَ لِي: ” كُنْ بَيْنَ ظَهْرَيْ هَذِهِ لَا تَخْرُجْ مِنْهَا، فَإِنَّكَ إِنْ خَرَجْتَ هَلَكْتَ ” . قَالَ: فَكُنْتُ فِيهَا، قَالَ: فَمَضَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، حَذَفَةً ، أَوْ أَبْعَدَ شَيْئًا، أَوْ كَمَا قَالَ: ثُمَّ إِنَّهُ ذَكَرَ هَنِينًا كَأَنَّهُمْ الزُّطُّ (قَالَ عَفَّانُ: أَوْ كَمَا قَالَ عَفَّانُ: إِنْ شَاءَ اللهُ) : لَيْسَ عَلَيْهِمْ ثِيَابٌ، وَلَا أَرَى سَوْآتِهِمْ، طِوَالًا، قَلِيلٌ لَحْمُهُمْ ، قَالَ: فَأَتَوْا، فَجَعَلُوا يَرْكَبُونَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ . قَالَ: وَجَعَلَ نَبِيُّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقْرَأُ عَلَيْهِمْ . قَالَ: وَجَعَلُوا يَأْتُونِي فَيُخَيِّلُونَ، أَوْ يَمِيلُونَ حَوْلِي، وَيَعْتَرِضُونَ لِي . قَالَ عَبْدُ اللهِ: فَأُرْعِبْتُ مِنْهُمْ رُعْبًا شَدِيدًا . قَالَ: فَجَلَسْتُ، أَوْ كَمَا قَالَ . قَالَ: فَلَمَّا انْشَقَّ عَمُودُ الصُّبْحِ جَعَلُوا يَذْهَبُونَ، أَوْ كَمَا قَالَ . قَالَ: ثُمَّ إِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ جَاءَ ثَقِيلًا وَجِعًا، أَوْ يَكَادُ أَنْ يَكُونَ وَجِعًا، مِمَّا رَكِبُوهُ .

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ എന്നെ ഒരു യാത്രക്കായി കൂട്ട് വിളിച്ചു. അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. ഇന്ന സ്ഥലമെത്തിയപ്പോൾ അദ്ദേഹം എനിക്ക് നിലത്ത് ഒരു വരവരച്ചു തന്നു. എന്നിട്ട് എന്നോട് പറഞ്ഞു: നീ എന്റെ പിറകിൽ ഈ വരക്കപ്പുറം നിൽക്കണം, അതിനപ്പുറം വരരുത്. ഈ വരവിട്ട് നീ മുന്നോട്ടു വന്നാൽ നീ മരിച്ചേക്കും. അങ്ങനെ ഞാൻ അവിടെ തന്നെ നിന്നു.

എന്നിട്ട് അല്ലാഹുവിന്റെ ദൂതൻ (സ) കുറച്ച് മുന്നോട്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു സംഘം പ്രാകൃതരായ ആളുകൾ വന്നു. അവരുടെ മേൽ വസ്ത്രമുണ്ടായിരുന്നില്ല, എന്നാൽ അവരുടെ നഗ്നത എനിക്ക് കാണാൻ കഴിഞ്ഞില്ല. അവർ വളരെ നീളമുള്ളവരും മാംസം കുറഞ്ഞവരുമായിരുന്നു. അങ്ങനെ അവർ അദ്ദേഹത്തിന്റെ അടുത്തു വന്നു. അവർ അല്ലാഹുവിന്റെ ദൂതരെ തിക്കിതിരക്കാൻ തുടങ്ങി.

നബിയാകട്ടെ അവർക്ക് ക്വുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കാനും തുടങ്ങി. പിന്നീടവർ എന്റെയടുത്തു വരാൻ തുടങ്ങി, എന്നെ വലയം വെക്കാനും എനിക്ക് തടസ്സമുണ്ടാക്കാനും തുടങ്ങി. ഞാനാകെ പേടിച്ചരണ്ടു. അങ്ങനെ ഞാനവിടെ ഇരുന്നു. നേരം പുലരുന്നതിനനുസരിച്ച് അവർ പിരിഞ്ഞു പോവാൻ തുടങ്ങി. ശേഷം അല്ലാഹുവിന്റെ ദൂതൻ ക്ഷീണിതനും അവശനുമായി വന്നു; തിക്കും തിരക്കും കാരണം…”
(സുനനു തുർമുദി: 2861)

ആത്മീയ ജീവികളായ ജിന്നുകളുമായി നബി (സ) നടത്തിയ സംവാദവും പ്രബോധനവുമാണ് ഹദീസിന്റെ ഇതിവൃത്തം. സംഭവത്തെ സംബന്ധിച്ച് ക്വുർആനും പ്രസ്താവിക്കുന്നുണ്ട്. “ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി.”
(ക്വുർആൻ: 46:29)

“ഒരു സംഘം പ്രാകൃതരായ ആളുകൾ വന്നു…” എന്ന് ഹദീസിൽ പ്രസ്താവിച്ചിരിക്കുന്നത് ആത്മീയ ജീവികളായ ജിന്നുകളെ ഉദ്ദേശിച്ചാണ്.
ചില നിവേദനങ്ങളിൽ ഇത് വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുമുണ്ട്.
“مَن هؤلاءِ يا رسولَ اللهِ؟ قال: هؤلاء جِنُّ نَصِيبينَ، جاؤوا يَختصِمون إليَّ في أمورٍ كانتْ بينهم”.
“ഇബ്നു മസ്ഊദ് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ആരാണവർ ? അപ്പോൾ അദ്ദേഹം (സ) പറഞ്ഞു: അവർ ജിന്നുകളാണ്. അവർക്കിടയിലുള്ള ചില വിഷയങ്ങളെ സംബന്ധിച്ച് എന്നോട് സംവദിക്കാൻ വന്നതാണ് അവർ.”

“നീ എന്റെ പിറകിൽ ഈ വരക്കപ്പുറം നിൽക്കണം, അതിനപ്പുറം വരരുത്. ഈ വരവിട്ട് നീ മുന്നോട്ടു വന്നാൽ നീ മരിച്ചേക്കും” എന്ന് നബിയും(സ),
“പിന്നീടവർ എന്റെയടുത്തു വരാൻ തുടങ്ങി, എന്നെ വലയം വെക്കാനും എനിക്ക് തടസ്സമുണ്ടാക്കാനും തുടങ്ങി. ഞാനാകെ പേടിച്ചരണ്ടു.” എന്ന് അബ്ദുല്ലാഹിബ്നു മസ്ഊദും (റ) പറയാനുള്ള കാരണം ആ സംഘം അദൃശ്യ ലോകത്തു നിന്നുള്ള അഭൗതിക ജീവവർഗമായതു കൊണ്ടും അവരുമായി ഭൗതികമായി സന്ധിക്കുവാൻ അല്ലാഹു ഒരുക്കിയ അസുലഭവും അത്ഭുതകരവുമായ ഒരു സംഗമമായിരുന്നു അത് എന്നതു കൊണ്ടുമാണ്.

ആത്മീയ ജീവികളായ ജിന്നുകൾ മുഹമ്മദ് നബിയുമായി സ്വവർഗരതിയിൽ ഏർപ്പെട്ടു എന്ന് നാസ്തികർക്ക് എങ്ങനെയാണ് വാദിക്കാനാവുക എന്നത് മറ്റൊരു കാര്യം.

ഭീമാകാരമായ ശരീരമുള്ള, മാംസമില്ലാത്ത ഈ ആത്മീയ ജീവവർഗ്ഗം (ഒരു തരം ജിന്ന് വിഭാഗം) വസ്ത്രം ധരിച്ചതായി കാണപ്പെട്ടില്ലെങ്കിലും അവരുടെ നഗ്നതയും കാണപ്പെട്ടിരുന്നില്ലെന്ന് നിവേദനത്തിൽ തന്നെ പ്രസ്‌താവിക്കുന്നുണ്ട്. ഒരു നിവേദനത്തിൽ
لا أرَى عَورةً ولا أرَى قِشرًا
“അവരുടെ നഗ്നതയൊ തൊലിയൊ ഞാൻ കണ്ടില്ല” എന്ന് വന്നിരിക്കുന്നു. അഥവാ ഗുഹ്യാവയവങ്ങളൊ ലൈംഗികാവയവങ്ങളൊ പോയിട്ട് ശരീരത്തിൽ തൊലി പോലും കാണപ്പെടാത്ത വിധമാണ് അവരുടെ ശരീര സൃഷ്ടി ! ലൈംഗികാവയവങ്ങളില്ലാതെ പിന്നെ എങ്ങനെയാണ് സ്വവർഗരതിയൊക്കെ നടന്നത് എന്ന് നാസ്തികർ തന്നെ വ്യക്തമാക്കണം.

ഇസ്‌ലാം പഠിക്കാൻ വേണ്ടി വന്ന ജിന്നുകളായിരുന്നു അവർ. പ്രവാചകനെ(സ) ആദ്യമായി കണ്ട ആവേശത്തിൽ അവർ അദ്ദേഹത്തിന് ചുറ്റും തിങ്ങി കൂടി… “അങ്ങനെ അവർ അദ്ദേഹത്തിന്റെ അടുത്തു വന്നു. അവർ അല്ലാഹുവിന്റെ ദൂതരെ തിക്കിതിരക്കാൻ തുടങ്ങി. നബിയാകട്ടെ അവർക്ക് ക്വുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കാനും തുടങ്ങി..” എന്ന ഹദീസിലെ വരികൾ ശ്രദ്ധിക്കുക. അവർ തിക്കിതിരക്കി വന്നത് ‘ഓർജി’ക്കായിരുന്നില്ല. ഇസ്‌ലാം പഠിക്കാനായിരുന്നു. അവർ വന്നപ്പോൾ പ്രവാചകൻ (സ) ചെയ്തത് ക്വുർആൻ പാരായണമായിരുന്നു; ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചേഷ്ടകളായിരുന്നുമില്ല.

ഇവിടെ ലൈംഗികതയുമായി എങ്ങിനെയാണ് ഈ സംഭവം ബന്ധപ്പെട്ടു കിടക്കുന്നത് എന്ന് ഒരു സാധാരണക്കാരൻ ആശ്ചര്യപ്പെട്ടേക്കാം. പക്ഷെ, ഒരു മാനസിക രോഗിയുടെ ചിന്തകളുടെ സഞ്ചാരപഥം എത്ര സങ്കീർണ്ണമാണ് എന്ന് മിഷണറിമാരുടെയും നാസ്തികരുടെയും ദുർവ്യഖ്യാനങ്ങൾ നമുക്ക് ബോധ്യപ്പെടുത്തി തരും. ദുർവ്യാഖ്യാനം ഇപ്രകാരമാണ്:

1. ജിന്നുകളുടെ ശരീര പ്രകൃതിയെ വർണ്ണിച്ചു കൊണ്ട് “അവരുടെ മേൽ വസ്ത്രമുണ്ടായിരുന്നില്ല, എന്നാൽ അവരുടെ നഗ്നത എനിക്ക് കാണാൻ കഴിഞ്ഞില്ല.” എന്ന് ഇബ്നു മസ്ഊദ് പറഞ്ഞ വാചകം ആദ്യം ദുർവ്യാഖ്യാനിച്ചു വഷളാക്കി. വസ്ത്രം അഴിച്ചു വന്ന ഒരു പറ്റം മനുഷ്യരായി അവരെ വിമർശകർ വ്യാഖ്യാനിച്ചു. യഥാർത്ഥത്തിൽ പ്രവാചകന്റെ(സ) അടുത്തു വന്ന ജിന്നു വിഭാഗത്തിന്റെ ശരീരഘടനയാണ് ഇവിടെ പ്രസ്‌താവിക്കുന്നത്. മനുഷ്യർക്ക് സമാനമായ ശരീരമല്ലായിരുന്നു അവരുടെത്. മനുഷ്യേതര ജീവജാലങ്ങളെ പോലെ വസ്ത്രം ധരിക്കാത്ത ജീവികൾ; എന്നാൽ അവരുടെ നഗ്നത കാണാനും കഴിയില്ല. മൃഗങ്ങളിലെ രോമകുപ്പായം (fur) പോലെ വേണമെങ്കിൽ ആ ശരീര പ്രകൃതിയെ – മനുഷ്യർക്ക് മനസ്സിലാക്കാക്കാനായി – വ്യാഖ്യാനിക്കാം. ഇങ്ങനെ അത്ഭുതകരമായ ശരീര പ്രകൃതിയെ സൂചിപ്പിച്ചു കൊണ്ടുള്ള വരികളെ ഓർജിക്കു തയ്യാറായി വരുന്ന ഒരു സംഘം സ്വവർഗരതിക്കാരായി വ്യാഖ്യാനിക്കാൻ നിസ്സാര തൊലിക്കട്ടി ഒന്നും പോര.

2. “അങ്ങനെ അവർ അദ്ദേഹത്തിന്റെ അടുത്തു വന്നു. അവർ അല്ലാഹുവിന്റെ ദൂതരെ തിക്കിതിരക്കാൻ തുടങ്ങി. നബിയാകട്ടെ അവർക്ക് ക്വുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കാനും തുടങ്ങി..” എന്ന ഹദീസിലെ വരികളാണ് അടുത്തതായി ലൈംഗികവൽകരിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ “അവർ അല്ലാഹുവിന്റെ ദൂതരെ തിക്കിതിരക്കാൻ തുടങ്ങി…” എന്ന വാചകത്തിലെ ‘യർകബൂന’ (അവർ തിക്കിതിരക്കുന്നു يركبون) എന്ന അറബി പദത്തിനെ ആദ്യം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. മുപ്പതിലേറെ അർത്ഥങ്ങളുള്ള ഈ ഒരു അറബി പദത്തിന് ദുർവ്യാഖ്യാനത്തിനുതകുന്ന ഒരു ഇംഗ്ലിഷ് അർത്ഥം അവർ കണ്ടെത്തുന്നു; Drive/Ride. Ride എന്ന ഇംഗ്ലിഷ് പദത്തിനെ അനൗപചാരികമായി (colloquial) ലൈംഗികമായി ബന്ധപ്പെടുക എന്ന ഒരു അർത്ഥത്തിൽ ഉപയോഗിക്കാറുണ്ടല്ലൊ. അപ്പോൾ ജിന്നുകൾ നബിയെ Ride ചെയ്തു; ലൈംഗികമായി ബന്ധപ്പെട്ടു എന്നർത്ഥം വരുന്നു !! എങ്ങനെയുണ്ട് കണ്ടെത്തൽ?!

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് കലോത്സവത്തിനിടയിൽ “ഇന്നയിന്ന വിദ്യാർത്ഥികൾ ഇന്ന സാറുമായി എത്രയും പെട്ടെന്ന് ‘ബന്ധപ്പെടുക ‘…. ജഡ്ജസുമായി ‘ബന്ധപ്പെടുക ‘… സ്റ്റേജുമായി ‘ബന്ധപ്പെടുക ‘…” അനൗൺസ്മെന്റ് കേൾക്കുമ്പോൾ ഒരു പറ്റം അലവലാതി ചെക്കന്മാർ പൊട്ടിച്ചിരിക്കുമായിരുന്നത് ഓർമ്മ വന്നു പോവുകയാണ്. അവരുടെ മനസ്സിലെ ‘ബന്ധപ്പെടുക’ എന്ന് പറഞ്ഞാൽ അത് ലൈംഗിക അർത്ഥത്തിലായിരുന്നു. അവരൊക്കെ “പഠിച്ച്” “മിടുക്കന്മാരായി” യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ എത്തി എന്ന് ഇപ്പോൾ മനസ്സിലാവുന്നു. സന്തോഷം.

ഏതായിരുന്നാലും ഹദീസിലെ
فَأَتَوْا، فَجَعَلُوا يَرْكَبُونَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
എന്ന വാചകത്തിനർത്ഥം “അവർ അല്ലാഹുവിന്റെ ദൂതരുടെ അടുത്ത് തിക്കിതിരക്കാൻ തുടങ്ങി” എന്നാണ് എന്നതിൽ യാതൊരു സംശയവും ഇല്ല. സംഭവത്തിന്റെ മറ്റൊരു നിവേദനത്തിൽ ‘യർകബൂന’ (അവർ തിക്കിതിരക്കുന്നു يركبون) എന്ന പദത്തിന്റെ വിവക്ഷയെന്താണെന്ന് വ്യക്തമായും വന്നിട്ടുണ്ട്:

انْطَلَقْتُ مَعَ النَّبِيِّ صَلَّى اللهُ عليه وآله وَسَلَّمَ لَيْلَةَ الْجِنِّ حَتَّى إِذَا أَتَى الْحَجُونَ، فَخَطَّ عَلَيَّ خَطًّا ثُمَّ تَقَدَّمَ إليهم فَازْدَحَمُوا عَلَيْهِ …

” …ശേഷം അദ്ദേഹം (നബി (സ)) ജിന്നുകളുകളുടെ അടുത്തേക്ക് ചെന്നു. അവർ അദ്ദേഹത്തിന് ചുറ്റും തിങ്ങി തിരക്കുകൂട്ടി.”
(ദലാഇലുന്നുബുവ്വ: 2:232)

ഈ നിവേദനത്തിൽ ‘യർകബൂന’ (يركبون) എന്ന പദത്തിന് പകരം ‘ഇസ്ദഹമൂ’ (ازْدَحَمُوا crowded) എന്ന് തന്നെ അർത്ഥശങ്കക്കിടയില്ലാത്ത വിധം വന്നിരിക്കുന്നു.
(https://translate.google.com/?sl=ar&tl=en&text=%D8%A7%D8%B2%D8%AF%D8%AD%D9%85%D9%88%D8%A7%0A&op=translate )

يركبون، أي: يزحمونه ويقربون منه
ഭാഷാ പണ്ഡിതർ പറഞ്ഞിരിക്കുന്നു: “യർകബൂൻ (يركبون) എന്നാൽ ചുറ്റും തിങ്ങി തിരക്കുകൂട്ടുകയും അടുക്കുകയും ചെയ്യുക എന്നാണ്…”
(തഹ്കീക്: മുസ്നദു അഹ്മദ്: 6:337 )

ക്വുർആനും ഈ സംഭവത്തെ സംബന്ധിച്ച് സംസാരിക്കുന്നതും ഇതേ അർത്ഥത്തിൽ തന്നെയാണ്:
“അല്ലാഹുവിന്‍റെ ദാസന്‍ (നബി) അവനോട് പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റ് നിന്നപ്പോള്‍ അവര്‍ (ജിന്നുകൾ) അദ്ദേഹത്തിന് ചുറ്റും ‘തിങ്ങിക്കൂടുവാനൊരുങ്ങി’ എന്നും…”
(ക്വുർആൻ: 72: 19)

3. ഈ തിക്കും തിരക്കും കഴിഞ്ഞ് പ്രവാചകൻ (സ) ക്ഷീണിച്ച് വന്ന് ഉറങ്ങി എന്ന് ഹദീസിൽ സൂചിപ്പിക്കപ്പെട്ടതാണ് അടുത്ത ദുർവ്യാഖ്യാനം. രതിക്കു ശേഷമുള്ള ക്ഷീണമായിരുന്നത്രെ അത്.?!

ഭീകരവും ഭീമാകാര രൂപികളുമായ ഒരു വലിയ സംഘം ജിന്നുകൾക്ക് ഒരു ദിവസം മുഴുവൻ ക്വുർആൻ ഓതി കൊടുത്ത്, സമ്മേളനം കഴിഞ്ഞ് വന്നു കിടന്നുറങ്ങിയ നിഷ്കളങ്കമായ ആ ഉറക്കത്തെ ലൈംഗികവൽകരിക്കാൻ ലജ്ജയുടെ ഒരു കണിക പോലും ബാക്കിയില്ലെ ഇവരുടെയൊന്നും മനസ്സിൽ. തലയിൽ മുഴുവൽ ലൈംഗിക ചിന്തകൾ മാത്രമാണൊ അവശേഷിക്കുന്നത് ?!

ഇനി നിവേദനത്തിന്റെ പരമ്പരയും സ്വീകാര്യതയും നിരൂപണ വിധേയമാക്കാം:

നിവേദനത്തിന്റെ സനദും (പരമ്പര) മത്നും (ഉള്ളടക്കവും) ദുർബലമാണെന്ന് ഒരുപാടു പണ്ഡിതർ വീക്ഷിച്ചിട്ടുണ്ട്.

നിവേദനത്തിന്റെ സനദ് ഇപ്രകാരമാണ്:

حَدَّثَنَا عَارِمٌ، وَعَفَّانُ، قَالَا: حَدَّثَنَا مُعْتَمِرٌ، قَالَ: قَالَ أَبِي: حَدَّثَنِي أَبُو تَمِيمَةَ، عَنْ عَمْرٍو – لَعَلَّهُ أَنْ يَكُونَ قَدْ قَالَ: الْبِكَالِيَّ يُحَدِّثُهُ عَمْرٌو – عَنْ عَبْدِ اللهِ بْنِ مَسْعُودٍ – قَالَ عَمْرٌو إِنَّ عَبْدَ اللهِ -، قَالَ:

ഇബ്നു മസ്ഊദിൽ നിന്ന് അംറ് അൽ ബക്കാലിയാണ് സംഭവം ഉദ്ധരിക്കുന്നത്.

അംറ് അൽ ബക്കാലിയാകട്ടെ ഇബ്നു മസ്ഊദിൽ നിന്ന് ഹദീസൊന്നും കേട്ടിട്ടില്ല.
ഇമാം ബുഖാരി പറഞ്ഞു:
ولا يُعرف لعمرو سماعٌ من ابن مسعود
അംറ് അൽ ബക്കാലി, ഇബ്നു മസ്ഊദിൽ നിന്ന് ഹദീസൊന്നും കേട്ടതായി അറിയപ്പെട്ടിട്ടില്ല. (അത്താരീഖുൽ കബീർ: 2: 200)

അംറ് അൽ ബക്കാലിക്ക് ‘സുഹ്ബത്ത്’ (പ്രവാചകാനുചരനാകാനുള്ള അവസരം) ഉണ്ടായിട്ടുണ്ട് എന്ന ഒരു അഭിപ്രായം ചില പണ്ഡിതർക്കുണ്ട്. ഇത് ശരിയാണെങ്കിൽ തന്നെ ഈ സംഭവം അംറ് അൽ ബക്കാലി, ഇബ്നു മസ്ഊദിൽ നിന്ന് ഒരു മധ്യവർത്തി മുഖേനയാണ് ഉദ്ധരിക്കുന്നത് എന്ന് വരുന്നു. ആ മധ്യവർത്തി മജ്ഹൂൽ (അറിയപ്പെടാത്ത നിവേദകൻ) ആണ്. അപ്പോൾ നിവേദനം ദുർബലമാണെന്ന് വരുന്നു.

കൂടാതെ നിവേദനം “വളരെ ഒറ്റപ്പെട്ടതാണെന്ന്” ഇബ്നു കസീറും, “പരമ്പര ദുർബലമാണെന്ന്” ശുഐബ് അൽ അർനാവൂത്വും, ഡോ. തൈസീറിബ്നു സഅ്ദ് അബൂ ഹൈമദും പ്രസ്‌താവിക്കുന്നു. (തഫ്സീറു ഇബ്നു കസീർ: 7:293, തഹ്കീക്: മുസ്നദു അഹ്മദ്: 6: 334, തഹ്കീക്: താരീഖുൽ ഔസത്: 2:1072)

(ശൈഖ് അബൂ ഉമർ അൽ ബാഹിസിന്റെ ലേഖനത്തിൽ നിന്ന്
https://www.antishubohat.net/2012/09/08/3orah/)

ജിന്നുകളുമായുള്ള നബിയുടെ (സ) ഈ സംവാദം അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) സാക്ഷിയായതായിട്ടാണല്ലൊ വിമർശന വിധേയമായ നിവേദനം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. വളരെ പ്രബലമായ നിവേദനത്തിൽ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ഈ സംഭവത്തിന് സാക്ഷിയായിട്ടില്ല എന്ന് അദ്ദേഹം തന്നെ പ്രസ്താവിക്കുന്നുണ്ട്.

عَنْ عَبْدِ اللهِ قَالَ: لَمْ أَكُنْ لَيْلَةَ الْجِنِّ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَوَدِدْتُ أَنِّي كُنْتُ مَعَهُ

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: “ജിന്നുകൾ സന്ദർശിച്ച രാത്രി ഞാൻ അല്ലാഹുവിന്റെ ദൂതനോടൊപ്പം ഉണ്ടായിരുന്നില്ല, ഞാൻ അദ്ദേഹത്തോടൊപ്പം ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.”
(സ്വഹീഹു മുസ്‌ലിം: 152)

പിന്നെ എങ്ങനെയാണ് ചർച്ചാ വിഷയകമായ നിവേദനം സ്വഹീഹ് (സ്വീകാര്യമാവുക) എന്ന് ചില ഹദീസ് പണ്ഡിതർ ചോദ്യം ചെയ്യുന്നുണ്ട്.

print

No comments yet.

Leave a comment

Your email address will not be published.