ദുർബല ഹദീസുകളും കള്ള കഥകളും -22

//ദുർബല ഹദീസുകളും കള്ള കഥകളും -22
//ദുർബല ഹദീസുകളും കള്ള കഥകളും -22
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -22

Print Now
അവിശ്വാസികളെ ചങ്ങലകളിൽ തളക്കുന്നവരാണോ “ഉത്തമ ജനത” ?!

വിമർശനം:

അവിശ്വാസികളെ ചങ്ങലകളിൽ തളച്ച്, നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുന്നവരാണ് “ഉത്തമ ജനത” എന്ന് ഹദീസുകളിൽ വന്നിരിക്കുന്നു !! ഇസ്‌ലാം നിർബന്ധിത മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നല്ലെ ഇത് തെളിയിക്കുന്നത്?

മറുപടി:

1. നിർബന്ധിത ആദർശപരിവർത്തനത്തെ നിശിതമായി വിമർശിച്ച മതമാണ് ഇസ്‌ലാം.
ആദർശ സ്വാതന്ത്ര്യത്തിന് അടിവരയിട്ടു കൊണ്ടുള്ള ക്വുർആൻ വചനങ്ങൾ അനവധിയാണ്:

“മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. ‎നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും ‎വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു…” (ക്വുർആൻ: 2:256)

“നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിർബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌.”

“പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ.”
(ക്വുർആൻ: 18:29)

യുദ്ധങ്ങളിൽ ബന്ദികളാക്കപ്പെടുന്നവർക്ക് നിരുപാധിക മത സ്വാതന്ത്ര്യം ഇസ്‌ലാം എക്കാലത്തും വകവെച്ചു കൊടുത്തിട്ടുണ്ട്. ഖൈബറിൽ ബന്ദിയാക്കപ്പെട്ടിരുന്ന സ്വഫിയ്യയോട് പ്രവാചകൻ (സ്വ) ഇപ്രകാരം പറയുകയുണ്ടായി:

.ﺇﻥْ ﺃَﻗَﻤْﺖ ﻋﻠﻰ ﺩﻳﻨﻚ ﻟَﻢْ ﺃُﻛْﺮِﻫْﻚ، ﻭَﺇِﻥْ اﺧْﺘَﺮْﺕ اﻟﻠﻪَ ﻭَﺭَﺳُﻮﻟَﻪُ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَﻚ

“നിന്റെ പഴയ മതത്തില്‍ തന്നെ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ അതുപേക്ഷിക്കാന്‍ ഞാന്‍ നിന്നെ നിർബന്ധിക്കുകയില്ല.”
(അൽ മഗാസി: വാഖിദി: 2/675)

2. അവിശ്വാസികളെ ചങ്ങലകളിൽ തളച്ച്, നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുന്നവരാണ് “ഉത്തമ ജനത” എന്ന് ഒരു സ്വഹീഹായ ഹദീസിലും വന്നിട്ടില്ല. വിമർശകർ ഉന്നയിക്കുന്ന ആശയത്തോട് പുലബന്ധം പോലുമില്ലാത്ത ഒരു ഹദീസിനെ അപനിർമ്മിച്ചുകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു വികൃതമായ ആരോപണം മാത്രമാണ് അത്.

വിമർശന വിധേയമായ ഹദീസ് ഇപ്രകാരമാണ്:

.عن أبى هريرة رضى الله عنه عن النبى صلى الله عليه وسلم قال: (عَجِبَ اللَّهُ مِنْ قَوْمٍ يَدْخُلُونَ الجَنَّةَ فِي السَّلاَسِلِ)

അബൂഹുറൈറ (റ) യിൽ നിന്ന്, അദ്ദേഹം പ്രവാചകനിൽ (സ്വ) നിന്നും ഉദ്ദരിക്കുന്നു. അദ്ദേഹം (സ്വ) പറഞ്ഞു: ചങ്ങലകെട്ടുകളിലായി സ്വർഗത്തിൽ പ്രവേശിക്കുന്ന ഒരു പറ്റം ജനങ്ങളെ സംബന്ധിച്ച് അല്ലാഹു തൃപ്തി പ്രകടിപ്പിക്കും.
(സ്വഹീഹുൽ ബുഖാരി: 3010)

സത്യനിഷേധികളുടെ അടുക്കൽ ബന്ദികളായി ജീവിക്കുകയും അതെ അവസ്ഥയിൽ മരണപ്പെടുകയൊ, കൊല്ലപ്പെടുകയൊ ചെയ്യുന്ന മുസ്‌ലിംകളെ സംബന്ധിച്ചാണ് ഹദീസ് പരാമർശിക്കുന്നത്. അത്തരം മുസ്‌ലിംകൾ അവർ മരണപ്പെട്ട ബന്ധനാവസ്ഥയിൽ തന്നെ പുനർജീവിപ്പിക്കപ്പെടാൻ കാരണം അവരുടെ ത്യാഗത്തിനും രക്തസാക്ഷിത്വത്തിനും ആദരവ് എന്ന നിലക്കാണ്. ഇത്രയും സുവ്യക്തമായ ഒരു ആശയത്തെ എത്ര വിദൂരമായ അർത്ഥതലത്തിലേക്കാണ് വിമർശകർ ദുർവ്യാഖ്യാനിച്ച് വലിച്ചു നീട്ടിയത് എന്ന് ശ്രദ്ധിക്കുക?!

വിമർശകർ വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കാറുള്ള, സമാനമായ മറ്റൊരു നിവേദനം ഇപ്രകാരമാണ്:

عن أبي هريرة في قوله تعالى: (كنتم خير أمة أخرجت للناس ) قال : ( خير الناس للناس ، يأتون بهم في السلاسل في أعناقهم حتى يدخلوا في الإسلام.

അല്ലാഹു പറഞ്ഞു:
“മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍…” (ക്വുർആൻ: 3:110) എന്ന ക്വുർആൻ വചനത്തെ വ്യാഖ്യാനിച്ചു കൊണ്ട് അബൂഹുറൈറ (റ) പറഞ്ഞു: ജനങ്ങൾക്കായുള്ള ജനങ്ങളിൽ നിന്നുള്ള ഏറ്റവും ഉത്തമർ. കഴുത്തുകളിൽ ചങ്ങലകളണിയപ്പെട്ട നിലക്ക് അവരെ കൊണ്ട് വരും; അവർ ഇസ്‌ലാം സ്വീകരിക്കും വരെ.

ഈ രണ്ടാമത്തെ നിവേദനം അബൂ ഹുറൈറയുടെ (റ) വാചകമാണ്, മുഹമ്മദ് നബിയുടെ (സ) ഹദീസ് അല്ല എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ഈ നിവേദനത്തിന്റെയും ഉള്ളടക്കം മുമ്പത്തെ ഹദീസിന്റെ ആശയം തന്നെയാണ് എന്നതിൽ സംശയമില്ല. അവിശ്വാസികളെ ചങ്ങലകളിൽ തളക്കാനൊ നിർബന്ധിതമായി മതപരിവർത്തനത്തിന് വിധേയമാക്കാനൊ രണ്ട് നിവേദനങ്ങളിലും ഒരു സൂചനയും ഇല്ല.

ഈ നിവേദനങ്ങൾക്ക് മുസ്‌ലിം പണ്ഡിതന്മാർ നൽകിയ രണ്ട് വ്യാഖ്യാനങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഈ വസ്തുത സുതരാം വ്യക്തമാവുന്നതാണ്.

വ്യാഖ്യാനം: ഒന്ന്

وقال غيره يحتمل أن يكون المراد المسلمين المأسورين عند أهل الكفر يموتون على ذلك أو يقتلون فيحشرون كذلك وعبر عن الحشر بدخول الجنة لثبوت دخولهم عقبة والله أعلم
സത്യനിഷേധികളുടെ അടുക്കൽ ബന്ദികളായി ജീവിക്കുകയും അതെ അവസ്ഥയിൽ മരണപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്യുന്ന മുസ്‌ലിംകളാണ് ഹദീസിന്റെ താൽപര്യമെന്ന് പല പണ്ഡിതന്മാരും ഹദീസിനെ വ്യാഖ്യാനിക്കുന്നു. അത്തരം മുസ്‌ലിംകൾ അവർ മരണപ്പെട്ട ബന്ധനാവസ്ഥയിൽ തന്നെ പുനർജീവിപ്പിക്കപ്പെടുകയും ചെയ്യുമെന്നർത്ഥം.
(ഫത്ഹുൽ ബാരി: 6:101)

വ്യാഖ്യാനം: രണ്ട്

قال ابن الجوزي معناه انهم أسروا وقيدوا فلما عرفوا صحة الاسلام دخلوا طوعا فدخلوا الجنة فكان الاكراه على الأسر والتقييد هو السبب الأول وكانه أطلق على الاكراه التسلسل ولما كان هو السبب في دخول الجنة أقام المسبب مقام السبب 

ഇബ്നുൽ ജൗസി പറഞ്ഞു: ഹദീസിന്റെ ഉദ്ദ്യേശമിതാണ്: അവർ യുദ്ധങ്ങളിൽ പിടിക്കപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്ത (അമുസ്‌ലിംകളായ) വരാണ്. എന്നാൽ പിന്നീട് ഇസ്‌ലാമിന്റെ സത്യത അവർ സ്വമേധയാ തിരിച്ചറിയുകയും സ്വേച്‌ഛയാൽ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അവർ ഇസ്‌ലാം സ്വീകരിച്ചത് നിർബന്ധിതമായിട്ടല്ലെങ്കിലും ഇസ്‌ലാമിനെ (അവർ അറിയാനും ആശ്ലേഷിക്കാനും) വഴിവെച്ചത് ബന്ധനമാണ് എന്നതിനാൽ ബന്ധനത്തെ സ്വർഗപ്രവേശനത്തിന്റെ (യും ഇസ്‌ലാം ആശ്ലേഷണത്തിന്റെയും) കാരണമായി ആലങ്കാരികമായി പ്രയോഗിക്കപ്പെട്ടിരിക്കുകയാണ് ഇവിടെ.
(ഫത്ഹുൽ ബാരി: 6:101)

പ്രവാചകാനുചരൻ അബൂ അസീസ് ഇബ്നു ഉമൈറിന്റെ (റ) ജീവിതാനുഭവം ഈ വ്യാഖ്യാനത്തിന് ഒരു ഉദാഹരണമാണ്. അദ്ദേഹം (റ) പറഞ്ഞു: ബദ്ർ യുദ്ധാനന്തരം (ശത്രു പക്ഷത്ത് നിന്ന്) ബന്ദികളാക്കപ്പെട്ടവരിൽ ഞാനും ഉണ്ടായിരുന്നു. (അദ്ദേഹം പിന്നീടാണ് ഇസ്‌ലാം സ്വീകരിക്കുന്നത്) അപ്പോൾ അല്ലാഹുവിന്റെ ദൂതർ മുസ്‌ലിംകളോട് കൽപ്പിച്ചു: “ബന്ദികളോട് നന്മ ചെയ്യാൻ ഞാൻ നിങ്ങളോട് അനുശാസനം നല്‍കുന്നു”. ഞാൻ അൻസ്വാരികളുടെ ഒരു കൂട്ടത്തിലാണ് (ബന്ധനസ്ഥനായ നിലക്ക്) ഉണ്ടായിരുന്നത്. രാവിലേയും വൈകുന്നേരവും അവരുടെ അടുക്കൽ ഭക്ഷണം കൊണ്ടു വരപ്പെടുമ്പോഴെല്ലാം -ബന്ദികളോട് നന്മ ചെയ്യാനുള്ള പ്രവാചകന്റെ അനുശാസനം പരിഗണിച്ച് – അവർ ഈത്തപഴം ഭക്ഷിക്കുകയും എനിക്ക് റൊട്ടി നൽകുകയും ചെയ്യുമായിരുന്നു. (ത്വബ്റാനി: മുഅ്ജമു സ്വഗീർ: 409, അൽ ഖബീർ: 977, മജ്മഉ സവാഇദ്: 10007)

(ബദർ യുദ്ധം നടത്തിയതും തുടക്കം കുറിച്ചതും സത്യനിഷേധികളാണ് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. യുദ്ധത്തിൽ സത്യനിഷേധികൾ പരാചയപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്തപ്പോൾ കൂട്ടത്തിൽ പ്രവാചകാനുചരൻ ഇബ്നു ഉമൈറും (റ) ഉണ്ടായിരുന്നു).

ഇസ്‌ലാമിന്റെ നന്മകൾ അടുത്തറിയാനും മുസ്‌ലിംകളിലെ മൂല്യങ്ങൾ അനുഭവിച്ചറിയാനും ഇസ്‌ലാം മതത്തിൽ ആകൃഷ്ടനാവാനും തുടർന്ന് സ്വേച്‌ഛ പ്രകാരം മതത്തെ സ്വീകരിക്കാനും അദ്ദേഹത്തിന് നിമിത്തമായത് ബദർ യുദ്ധാനന്തരമുണ്ടായ ബന്ധനമാണ്.
ഇങ്ങനെ ഇസ്‌ലാമാശ്ലേഷിച്ച, അബൂ അസീസ് ഇബ്നു ഉമൈറിനെ (റ) പോലെയുള്ളവരെ സംബന്ധിച്ചാണ് ഹദീസിലെ ഉദ്ദേശ്യം എന്നതാണ് രണ്ടാമത്തെ വ്യാഖ്യാനം.

1 Comment

  • ഇത്തരം തെറ്റ്ദരിക്ക പെട്ട ഹദീസുകൾക്ക് മറുപടി പറഞ്ഞത് ഒരു പുസ്തക രൂപത്തിൽ ഇറക്കിയിരുന്നു എങ്കിൽ നല്ലതാകുമായിരുന്നു..

    Subin 20.04.2022

Leave a comment

Your email address will not be published.