ദുർബല ഹദീസുകളും കള്ള കഥകളും -18

//ദുർബല ഹദീസുകളും കള്ള കഥകളും -18
//ദുർബല ഹദീസുകളും കള്ള കഥകളും -18
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -18

സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കരുതെന്ന് പ്രവാചകൻ (സ) കൽപ്പിച്ചുവോ ?!

വിമർശനം:

“സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കരുത്” എന്ന് മുഹമ്മദ് നബി തന്റെ അനുചരന്മാരോട് കൽപ്പിച്ചതായി ഹദീസുകളിൽ വന്നിട്ടില്ലേ ?

മറുപടി:

പ്രവാചകന്റെ(സ) കൽപ്പനകളും അധ്യാപനങ്ങളും വിദ്യാഭ്യാസത്തേയും എഴുത്തും വായനയേയും പ്രോത്സാഹിപ്പിക്കുന്നവയാണ്. വിമർശകർ ഉദ്ധരിക്കുന്ന ഈ കള്ള ഹദീസ് പ്രവാചകന്റെ(സ) വാചകമല്ല, അദ്ദേഹത്തിന്റെ പേരിൽ കെട്ടിച്ചമക്കപ്പെട്ടതാണ്. ഈ വസ്തുത സമൂഹത്തെ ബോധ്യപ്പെടുത്താൻ ഉൽപതിഷ്ണുക്കളായ മുസ്‌ലിം പണ്ഡിതന്മാർ, പുരോഗമ വിരോധികളായ ഒരു പറ്റം പൗരോഹിത്യവൃന്ദത്തോട് ആദർശസമരത്തിൽ ഏർപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെ മുസ്‌ലിം സമൂഹം -പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകൾ- വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലഘട്ടത്തിൽ നവോത്ഥാനത്തിന്റെ അമരക്കാരായ കേരളത്തിലെ മുസ്‌ലിം പണ്ഡിതർ നടത്തിയ ഇസ്‌ലാമിക പ്രബോധനങ്ങളുടെ സദ്‌ഫലമാണ് മുസ്‌ലിം കൈരളിയുടെ ശോഭനമായ വിദ്യാഭ്യാസ രംഗം. ഇന്ന് കേരളത്തിൽ, ഓരോ വർഷവും പത്താം ക്ലാസ് റിസൽട്ട് പ്രഖ്യാപിക്കപ്പെടുമ്പോഴും ഏറ്റവും കൂടുതൽ ഏ പ്ലസ്സുകാരുള്ള ജില്ല മലപ്പുറമായി മാറിയിരിക്കുന്നു; ആ ഏ പ്ലസ്സുകാരിൽ കൂടുതൽ പേരും പെൺകുട്ടികളും!! അല്ലാഹുവിന് സ്തുതി.

പണ്ട് സാമൂഹികോദ്ധാരണങ്ങളിൽ നിന്നും സമുദായത്തെ പിന്നോട്ട് വലിച്ചിരുന്ന പൗരോഹിത്യം തന്നെ ‘ഇസ്‌ലാമിന്റെ യഥാർത്ഥ അധ്യാപനങ്ങളെ ഉൾകൊണ്ട്’, തങ്ങൾ പേറി നടന്നിരുന്ന പല കള്ള വൃത്താന്തങ്ങളും അന്ധവിശ്വാസ അനാചാരങ്ങളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് സ്വയം ചുരുട്ടി വലിച്ചെറിയുകയാണുണ്ടായത്. അവർ പോലും കൈയ്യൊഴിഞ്ഞ ഈ വ്യാജ വാറോലകൾ തപ്പി തിരഞ്ഞ് തിരിച്ച് കൊണ്ടുവരാനുള്ള ബദ്ധപ്പാടിലാണ് ആധുനിക ഭൗതീകവാദികൾ !! ഇസ്‌ലാമിനെ വിമർശിക്കാൻ എന്തെങ്കിലുമൊക്കെ വേണ്ടേ ?!  ഇത്തരം ചപ്പുചവറുകളും ഭൗതികവാദികൾക്ക് നിലനിൽപ്പിന് അനിവാര്യമായി തീർന്നിരിക്കുന്നു എന്നതാണ് ദുരവസ്ഥ !!

ഈ വിദ്യാഭ്യാസ നവോദ്ധാനത്തിൽ വല്ല പങ്കും ഭൗതീക വാദികൾക്ക് അവകാശപ്പെടാനുണ്ടോ ?! ക്വുർആൻ വാഖ്യങ്ങളും ഹദീസുകളും സ്‌തുതിഘോഷിച്ച് ഈ സാക്ഷരതാ സമരത്തിന് നേതൃത്വം വഹിച്ചത് വക്കം മൗലവി, കെ.എം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, അബുസ്സബാഹ് മൗലവി, എം.സി.സി സഹോദരങ്ങൾ, ഹലീമാബീവി, പി.കെ സുബൈദ തുടങ്ങിയ മുസ്‌ലിം പണ്ഡിതന്മാരും പണ്ഡിതകളും തന്നെയാണ് എന്നിരിക്കെ ചില പിന്നാക്ക സംഘടനകളുടെ കാലഹരണം സംഭവിച്ച പ്രമേയങ്ങളും കള്ള ഹദീസുകളുമൊക്കെ കുത്തിപ്പൊക്കാൻ ഭൗതീകവാദികൾക്ക് എന്ത് ധാർമിക അവകാശമാണുള്ളത് ?!

‘സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കരുത്, അവർക്ക് തുന്നലും സൂറത്തുന്നൂറും പഠിപ്പിക്കുക…’ എന്നൊക്കെ പ്രവാചകൻ (സ) കൽപ്പിച്ചതായി പറയപ്പെടുന്ന വ്യാജ നിവേദനം പരിശോധന വിധേയമാക്കാം.

1. ആദ്യമായി ഈ നിവേദനങ്ങളുടെ നിവേദക പരമ്പരകൾ (സനദ്) പരിശോദിക്കുക:

* ത്വബ്റാനി തന്റെ മുഅ്ജമിൽ ഉദ്ധരിച്ച നിവേദക പരമ്പര ഇപ്രകാരമാണ്:

حدثنا محمد بن عبدالله الحضرمي قال ثنا محمد بن ابراهيم الشامي قال ناشعيب بن اسحاق عن هشام بن عروة عن ابيه عن عائشة قالت…

നിവേദക പരമ്പരയിൽ ‘മുഹമ്മദ് ഇബ്നു ഇബ്റാഹീം അശ്ശാമി’ എന്ന ‘റാവി’യുണ്ട്. ഇയാൾ കളവു പറയുകയും വ്യാജ നിവേദനങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

هذا الحديث لا يصح… قال أبو حاتم بن حبان: كان محمد بن إبراهيم الشامي يضع الحديث على الشاميين لا يحل الرواية عنه إلا عند الاعتبار.
روى أحاديث لا أصول لها من كلام رسول الله صلى الله عليه وسلم لا يحل الاحتجاج به.

ഇബ്നുൽ  ജൗസി പറഞ്ഞു:
“ഈ ഹദീസ് സ്വഹീഹ് അല്ല… ഇബ്നു ഹിബ്ബാൻ പറഞ്ഞു: ‘മുഹമ്മദ് ഇബ്നു ഇബ്റാഹീം അശ്ശാമി’ ശാമുകാരുടെ പേരിൽ ഹദീസുകൾ വ്യാജമായി നിർമ്മിക്കുമായിരുന്നു. അയാളിൽ നിന്ന് ഹദീസ് ഉദ്ധരിക്കൽ അനുവദനീയമല്ല. അല്ലാഹുവിന്റെ ദൂതന്റെ(സ) സംസാരങ്ങളിൽ പെടാത്ത, അവയുടെ യാതൊരു അടിത്തറയുമില്ലാത്ത ഹദീസുകൾ അയാൾ പടച്ചുണ്ടാക്കുമായിരുന്നു. അവ പ്രമാണമായി സ്വീകരിക്കൽ അനുവദനീയമല്ല.”
(അൽ മൗദൂആത്ത്: 2/269)

ഇബ്നു അദിയ്യ് പറഞ്ഞു: വിശ്വസ്ഥരായ നിവേദകർക്കെതിരായി, അങ്ങേയറ്റം ദുർബലമായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണയാൾ. അയാളുടെ ഭൂരിഭാഗം ഹദീസുകളും പ്രാമാണികമായ ഹദീസുകൾക്ക് വിരുദ്ധമാണ്.
ദാറകുത്നി പറഞ്ഞു: അയാൾ നുണയനാണ്. ഹാകിം, നികാശ് എന്നിവർ പറഞ്ഞു: അയാൾ ധാരാളം കള്ള ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.
(തഹ്ദീബു തഹ്ദീബ്: 9:13)

* ഹാകിം തന്റെ മുസ്തദ്റകിൽ ഉദ്ധരിച്ച, അതേ നിവേദനത്തിന്റെ മറ്റൊരു നിവേദക പരമ്പര ഇപ്രകാരമാണ്:

حدثنا أبوعلي الحافظ انبأ محمد بن سليمان حدثنا عبدالوهاب بن الضحاك حدثنا شعيب بن اسحاق عن هشام بن عروة عن أبيه عن عائشة رضي الله عنها قالت…

ഈ നിവേദകപരമ്പരയിലെ ‘അബ്ദുൽ വഹാബ് ഇബ്നു ദഹ്ഹാക് ഇബ്നു അബ്ബാൻ അൽ ഉർദി’ നുണയനാണെന്ന് അബൂഹാതിമും, ഇബ്നു ഹജർ അൽഅസ്കലാനിയും വ്യക്തമാക്കുന്നുണ്ട്.
(തക്‌രീബു തഹ്‌ദീബ്: 1:626)

ശീഈ സൈറ്റുകളിൽ ഓടുന്ന ഈ നിവേദനത്തിന് വ്യക്തമായ നിവേദക പരമ്പരകൾ പോലുമില്ല എന്നത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. നുണയന്മാരിൽ നിന്നും വ്യാജഹദീസ് നിർമ്മാതാക്കളിൽ നിന്നും ഉദ്ധരിക്കുന്നതിന് പുറമെ നിവേദക പരമ്പരയിലെ റാവിമാരെ വ്യക്തമാക്കാതെ “ആരൊക്കെയോ ഉദ്ധരിച്ചു” എന്ന് പറഞ്ഞ് പ്രവാചകന്റെ മേൽ കെട്ടിയുണ്ടാക്കിയ ഇത്തരം കള്ള ഉദ്ധരണികളൊന്നും ഇസ്‌ലാമിൽ പ്രമാണമല്ല.

2. ഇത്തരം വ്യാജ ഉദ്ധരണികൾ ഇസ്‌ലാമിലെ പ്രമാണങ്ങളായ ക്വുർആനിനും സ്വഹീഹായ ഹദീസുകൾക്കും എതിരാണ് എന്നതാണ് മറ്റൊരു വസ്തുത. ഇസ്‌ലാമിന്റേയും മുഹമ്മദ് നബിയുടേയും(സ) സ്ഥിരപ്പെട്ട എല്ലാ അധ്യാപനങ്ങൾക്കും ഈ വ്യാജ വൃത്താന്തം എതിരാണ്.

അറിവിനും വിദ്യാ സമ്പാധനത്തിനും അളവില്ലാത്ത പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. പ്രവാചകന് (സ) ആദ്യമായി അവതരിപ്പിക്കപ്പെട്ട ദിവ്യബോധനത്തിലെ രണ്ട് വരി ഇപ്രകാരമായിരുന്നു:

“നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍…”
(ക്വുർആൻ: 96:3,4)

‘ക്വലം’ അഥവാ പേന എന്ന പേരിൽ ഒരു അധ്യായം തന്നെ ക്വുർആനിലുണ്ട്. ആ അധ്യായം ആരംഭിക്കുന്നത് തന്നെ ഇപ്രകാരമാണ്:
“നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി…”
(ക്വുർആൻ: 68:1)

മനുഷ്യർക്ക് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹവും അവന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമായാണ് പേനയെ ക്വുർആൻ കാണുന്നത്. അതുകൊണ്ടെല്ലാം തന്നെ എഴുത്ത് പഠിക്കുന്നതിനെ പ്രവാചകൻ (സ) അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു.

“അൻസ്വാരി സ്ത്രീകൾ എത്ര നല്ലവരാണ്. മതപാണ്ഡിത്യം നേടുന്ന കാര്യത്തിൽ ലജ്ജ അവരെ തടയുന്നില്ല” (സ്വഹീഹു മുസ്‌ലിം: 332) എന്ന് ശ്ലാഘിച്ചു കൊണ്ട്, അറിവിന്റേയും പഠനത്തിന്റേയും വിഷയത്തിൽ അന്തർമുഖരായ സ്ത്രീ ജനങ്ങളെ മുന്നോട്ടാനയിക്കുകയാണ് പ്രവാചകൻ (സ) ചെയ്തത്. സ്ത്രീ അറിവു നേടുന്നതിൽ തടസ്സമായി ഒന്നും തന്നെ നില നിൽക്കരുത് എന്ന വിപ്ലവ പാഠം ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ) അറിവിന്റെ സുപ്രധാന സ്രോതസ്സായ വായനയും മാധ്യമമായ എഴുത്തും അവർക്കു തടഞ്ഞു എന്ന് വിഡ്ഢികളല്ലാതെ ആരാണ് വിശ്വസിക്കുക.?! അടിമ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പോലും പ്രവാചകൻ (സ) പ്രചോദിപ്പിക്കുകയാണുണ്ടായത്:
“തന്റെ കീഴിലുള്ള അടിമ സ്‌ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവൾക്ക്‌ ഏറ്റവും നന്നായി വിദ്യാഭ്യാസം നൽകുകയും പിന്നീട്‌ അവളെ മോചിപ്പിച്ച്‌ സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്‌” (ബുഖാരി: 5083).

ബദ്ർ യുദ്ധാനന്തരം ബന്ധികളാക്കപ്പെട്ട പടയാളികൾക്ക് മോചനദ്രവ്യമായി നിശ്ചയിക്കപ്പെട്ടിരുന്നത് നാൽപത് ഊക്കിയ വെള്ളി, അഥവാ നാലായിരം വെള്ളി ദിർഹമുകളായിരുന്നു മോചനദ്രവ്യം. അത് നൽകാൻ കഴിയാത്തവർക്ക് പത്ത് മുസ്‌ലിം കുട്ടികൾക്ക് എഴുത്ത് പഠിപ്പിക്കൽ മോചനദ്രവ്യമായി പ്രവാചകൻ (സ) നിശ്ചയിച്ചു.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ബദ്ർ യുദ്ധാനന്തരം ബന്ധികളാക്കപ്പെട്ടവരിൽ ചിലർക്കും മോചനദ്രവ്യം നൽകാൻ ഒന്നുമുണ്ടായിരുന്നില്ല. അൻസ്വാരികളുടെ കുട്ടികൾക്ക് ‘എഴുത്ത് പഠിപ്പിക്കൽ’ മോചന മാർഗമായി അല്ലാഹുവിന്റെ ദൂതൻ അവർക്ക് നിശ്ചയിച്ച് കൊടുത്തു.
(മുസ്നദ് അഹ്മദ്: 2217)

പുരുഷന്മാർക്ക് പുറമെ, അക്കാലഘട്ടത്തിലെ ധാരാളം സ്ത്രീകൾക്കും എഴുത്തും വായനയും അറിയാമായിരുന്നുവെന്ന് ചരിത്രകാരനും ഭൂമിശാസ്‌ത്രഗ്രന്ഥകാരനുമായ ബലാദുരി വ്യക്തമാക്കുന്നുണ്ട്.
(ഫുതൂഹുൽ ബുൽദാൻ: 581)

ഹഫ്‌സ ബിൻത്ത് ഉമർ, ശിഫാഅ് ബിൻത്ത് അബ്ദുശ്ശംസ്, ഉമ്മു കുൽസൂം ബിൻത്ത് ഉക്ബ, ആഇശ ബിൻത്ത് സഅ്ദ്, കരീമ ബിൻത്ത് മിക്‌ദാദ് എന്നിവർ ഉദാഹരണം.
(ഫുതൂഹുൽ ബുൽദാൻ: 581, അൽ ഇസ്തീആബ്: 4: 1811,1869,1953, ത്വബകാത്തു ഇബ്നു സഅ്ദ്: 8: 467, തക്‌രീബു തഹ്ദീബ്: 2: 857)

എഴുത്തും വായനയുമറിയാവുന്ന സ്ത്രീകളെ കൊണ്ട് തന്റെ പത്നിമാർക്കും എഴുത്തും വായനയും പഠിപ്പിക്കാനും പ്രവാചകൻ (സ) ശ്രമിച്ചിരുന്നു. ശിഫാഅ് ബിൻത്ത് അബ്ദുശ്ശംസ് പ്രവാചക പത്നി ഹഫ്‌സക്ക് എഴുത്ത് പഠിപ്പിക്കുന്ന സന്ദർഭത്തിൽ വീട്ടിൽ കയറി വന്ന പ്രവാചകൻ (സ), അധ്യാപികയോട് “താങ്കൾ അവൾക്ക് (ഹഫ്‌സ) എഴുത്തു പഠിപ്പിച്ചതു പോലെ രോഗ പ്രാർത്ഥനയും പഠിപ്പിച്ചു കൂടേ?” എന്ന് ചോദിച്ചതായി ഹദീസുകളിൽ കാണാം.
(സ്വഹീഹു അബൂദാവൂദ്: 3887)

ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ച് അൽപ്പമെങ്കിലും പരിജ്ഞാനമുള്ള ആരും തന്നെ ഇസ്‌ലാം, സ്ത്രീകൾ കയ്യെഴുത്ത് പരിശീലിക്കുന്നതിനെ എതിർത്തുവെന്ന് പറയാൻ യാതൊരു സാധ്യതയുമില്ല. കാരണം ഇസ്‌ലാമിക ചരിത്രത്തിലുടനീളം പുരുഷന്മാരേക്കാൾ സ്ത്രീകൾ അതിവിദൂരം മുന്നിട്ടു നിന്ന പ്രത്യേകം ചില മേഖലകളിലൊന്നായിരുന്നു ‘കയ്യെഴുത്ത്’. ചില ഉദാഹരണങ്ങൾ കുറിക്കാം:

* അച്ചടി യന്ത്രമോ ആധുനിക സാങ്കേതിക ഉപകരണങ്ങളോ നിലവിലില്ലായിരുന്ന മധ്യ കാലഘട്ടത്തിൽ ഗ്രന്ഥങ്ങളുടെ പ്രതികൾ കൈപ്പടം കൊണ്ട് പകർത്തി എഴുതുന്ന തൊഴിൽ ചെയ്തിരുന്നവരെ ‘വർറാക്കു’കൾ (الوراقون) എന്നാണ് അറിയപ്പെട്ടിരുന്നത്. പൗരാണിക കാലഘട്ടത്തിലെ അച്ചടിശാലകളായിരുന്നു അവർ. സ്ത്രീകൾ ചേതോഹരമായ കൈയ്യക്ഷരത്തിന് ഉടമകളായത് കൊണ്ട് തന്നെ അവർ തന്നെയായിരുന്നു ഈ മേഖലയിൽ പ്രധാനികൾ.

* കോർഡോവയിൽ നൂറ്റി എഴുപത് സ്ത്രീകൾ കൂഫി ലിപിയിൽ മുസ്ഹഫുകൾ ഇറക്കിയിരുന്നുവെന്ന് സ്പെയിനിലെ ചരിത്രകാരനായ അബുൽഫിയാദ് രേഖപ്പെടുത്തുന്നുണ്ട്.

* കവയത്രി ത്വലൈത്വലിയ (ഹി. 540) ഇക്കൂട്ടത്തിൽ പെടുന്നു.

* ബാഗ്‌ദാദിലെ ഏറ്റവും വലിയ അച്ചടിശാലയിൽ പ്രൂഫ് റീഡിംഗിലും പകർപ്പിലും പങ്കെടുത്തിരുന്ന ജാരിയ്യ തൗഫീക് സൗദാഇനെ സംബന്ധിച്ച് സാഹിത്യകാരൻ അബുൽ അലാഅ് മഅരി സ്മരിക്കുന്നുണ്ട്.

* ആറാം നൂറ്റാണ്ടുകാരിയായ പണ്ഡിത മർയം ബിൻത് അബ്ദുൽ കാദിർ, അബൂ നസ്ർ അൽജൗഹരിയുടെ ‘കാമൂസു സ്വിഹാഹ്’ എന്ന ഗ്രന്ഥം പകർത്തിയെഴുതിയിട്ടുണ്ട്, അതിന്റെ പ്രതി ബാഗ്‌ദാദിലെ ഹൈദർഖാന ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ അവർ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം : “ഈ പ്രതിയിൽ വല്ല സ്ഖലിതങ്ങളും ശ്രദ്ധയിൽ പെട്ടാൽ വായനക്കാർ എന്നോട് പൊറുക്കുമെന്ന് ഞാൻ ആശിക്കുന്നു. കാരണം, എന്റെ വലതു കൈ കൊണ്ട് ഞാൻ ഗ്രന്ഥം പകർത്തുമ്പോൾ ഇടതു കൈ കൊണ്ട് എന്റെ കുഞ്ഞിനെ ഞാൻ തൊട്ടിലിൽ ആട്ടുകയും ചെയ്യുമായിരുന്നു.”

* ഹിജ്റ 374ൽ മരണപ്പെട്ട ലുബ്ന അൽ ഖുർത്വബിയ, ഇസ്‌ലാമിക് സ്പെയിനിലെ കവിയത്രി, കൈയെഴുത്തുശാസ്‌ത്രത്തിലും (calligraphy) ലിപിന്യാസത്തിലും (penmanship) അഗ്രേസരയായിരുന്നു. സ്പെയിനിലെ ഉമവി ഖലീഫയായിരുന്ന അൽ ഹകം അൽ മുസ്തൻസിർബില്ലായുടെ കൊട്ടാര എഴുത്തുകാരിയായിരുന്നു. ബഹുമുഖപ്രതിഭയായിരുന്ന ഇവർ ശാസ്‌ത്രചിന്തകയും ഗണിതജ്ഞയും    വ്യാകരണപണ്ഡിതയുമെല്ലാമായിരുന്നു. ഒരു അടിമ പെൺകുട്ടിയായിട്ടാണ് ജനിച്ചതെങ്കിലും ഖലീഫയുടെ സെക്രട്ടറിയായിത്തീർന്നു. ഖുർത്വുബയിലെ സഹ്റാഅ നഗരത്തിലെ പ്രശസ്തമായ ലൈബ്രറിയുടെ നിർമ്മാണത്തിലും നടത്തിപ്പിലും വിജ്ഞാനകുതുകിയായ ഇവർ നിസ്തുലമായ പങ്ക് വഹിച്ചു. എണ്ണമറ്റ കൈയ്യെഴുത്തു പ്രതികൾ ലൈബ്രറിക്കായി വിവർത്തനം ചെയ്തു.

* ഹിജറാബ്ദം 440 ൽ മരണപ്പെട്ട, പണ്ഡിതയും എഴുത്തുകാരിയുമായ ‘ബിൻത്തുൽ അക്റഅ് ‘ജനങ്ങളെ മനോഹരമായ കൈപ്പടയിൽ എഴുതാൻ പഠിപ്പിച്ചിരുന്നു. അന്നത്തെ ഖലീഫയുടെ എഴുത്തുകുത്തുകൾ കൈകാര്യം ചെയ്യാൻ ഔദ്യോഗികമായി നിയോഗിതയായ ഇവരുടെ എഴുത്ത് അക്കാലഘട്ടത്തിലെ മികച്ച കയ്യെഴുത്തിന് മാതൃകയായി അവലംബിക്കപ്പെട്ടു എന്ന് ചരിത്ര ഗ്രന്ഥമായ സിയറു അഅ്ലാമിന്നുബലാഅ് വർണിക്കുന്നു.

* ഉമ്മു മുഹമ്മദ് ശുഹ്ദ ബിൻത്ത് അഹ്മദ്.
ഹിജ്റാബ്ദം 484 ഇറാഖിലെ ബാഗ്‌ദാദിൽ ജനനം. ഹദീസ് പണ്ഡിത; ഇമാം മാലികിൻ്റെ മുവത്വയിലെ ഹദീഥുകൾ മുഴുവനായും ചെറുപ്രായത്തിലെ മനപാഠമാക്കി. സാഹിത്യകാരി, പ്രാസംഗിക, ‘കൈയെഴുത്ത് കലാ പ്രതിഭ’ തുടങ്ങി സകല കലാ വല്ലഭയായ ശുഹ്ദ ‘സ്ത്രീകൾക്ക് അഭിമാനഹേതുവായി’രുന്നതിനാൽ ‘ഫഖ്റുന്നിസാഅ്’ എന്ന് വിളിക്കപ്പെട്ടു.
ഫഖ്റുന്നിസയുടെ കീഴിൽ ഹദീഥ് പഠിക്കുക എന്നത് ഇസ്‌ലാമിക ലോകത്തെ നാനാ ദിക്കുകളിൽ നിന്നുമുള്ള ഹദീസ് പണ്ഡിതർ അനുഗ്രഹവും അഭിമാനവുമായി പരിഗണിച്ചു. ഇബ്നു അസാകിർ, സംആനി, ഇബ്നുൽ ജൗസി തുടങ്ങിയ എണ്ണമറ്റ വിശ്വപ്രസിദ്ധ പണ്ഡിതർ ഫഖ്റുന്നിസയിൽ നിന്നും ഹദീസ് പഠിച്ചവരാണ്.

* ഹിജ്റാബ്ദം 460 ൽ മരണപ്പെട്ട ഹദീസ് പണ്ഡിതയും പ്രഭാഷകയുമായ ആഇശ ബിൻത്ത് ഹസനിബ്നു ഇബ്റാഹീം അൽ ഇസ്ബഹാനിയ്യയുടെ പാണ്ഡിത്യത്തെ സംബന്ധിച്ച് ഇമാം ദഹബി, സിയറിൽ വാനോളം വാഴ്ത്തുന്നുണ്ട്. ഇബ്നു മന്ദയുടെ ആമാലി എന്ന ഗ്രന്ഥം അദ്ദേഹത്തിൽ നിന്ന് അവർ നേരിട്ട് കേട്ടെഴുതിയ കയ്യെഴുത്തു പ്രതിയായിരുന്നു ഗ്രന്ഥത്തിന്റെ പ്രചാരണത്തിന്റെ പ്രധാന അവലംബം.

ഇമാം ദഹബിയുടെ സിയറു അഅ്ലാമിന്നുബലാഅ്, ഇമാം ഇബ്നു ഹജറിന്റെ അൽ ഇസ്വാബ, ഇമാം മിസ്സിയുടെ തഹ്ദീബുൽ കമാൽ, ഇമാം ഇബ്നു കസീറിന്റെ അൽ ബിദായത്തു വന്നിഹായ, ഉമർ രിദായുടെ അഅ്ലാമുന്നിസാഅ് തുടങ്ങിയ ഗ്രന്ഥങ്ങളിൽ പ്രവാചക കാലഘട്ടം മുതൽ മധ്യകാലഘട്ടം വരെയുള്ള എഴുത്തുകാരികളായ ആയിരക്കണക്കിന് മുസ്‌ലിം പണ്ഡിതകളുടെ ജീവചരിത്രം നമുക്ക് വായിക്കാൻ സാധിക്കും.

ഹിജറാബ്ദം 384 ൽ ജനിച്ച ലോക പ്രസിദ്ധ കർമ്മശാസ്ത്ര പണ്ഡിതനായ ഇബ്നു ഹസം പൗരാണിക ഇസ്‌ലാമിക സമൂഹത്തിലെ പണ്ഡിതകളെ സംബന്ധിച്ച് വിശദീകരിക്കവെ അവരുടെ ‘കയ്യെഴുത്തി’നെ സംബന്ധിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്.

“സ്ത്രീകളുടെ മടിത്തട്ടിലാണ് ഞാൻ വളർന്നത്, അവരുടെ മുമ്പിലാണ് ഞാൻ പിച്ചവെച്ചതും. വലുതായതിന് ശേഷമാണ് പുരുഷന്മാരുമായി ഞാൻ സഹവസിക്കാൻ ആരംഭിച്ചത്… (അതിന് മുമ്പേ) സ്ത്രീകളാണ് എന്നെ കുർആൻ പഠിപ്പിച്ചത്. ധാരാളം കവിതകൾ പാടാനും ‘നല്ല കൈപ്പടയിൽ എഴുതാനും’ എന്നെ പരിശീലിപ്പിച്ചതും അവർ തന്നെയായിരുന്നു…”

print

No comments yet.

Leave a comment

Your email address will not be published.