
മിഷനറിമാർ, എന്തുകൊണ്ടാണിങ്ങനെ ? (3)
ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ 52 ൽ കേരളത്തിലെ മുസരിസിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ) വന്നുകൊണ്ടാണ് ആദിമസഭ സ്ഥാപിച്ചത് എന്ന പരമ്പരാഗതവിശ്വാസത്തിന് ചരിത്രപരമായ അടിത്തറയൊന്നുമില്ലെങ്കിലും ആദിമനൂറ്റാണ്ടുകളിൽ തന്നെ ക്രിസ്തുമതം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നതിന് തെളിവുകളുണ്ട്. പുരാതന ക്രിസ്ത്യൻ സമൂഹമായ ‘സുറിയാനി ക്രിസ്ത്യാനികൾ’ അഥവാ ‘തോമാശ്ലീഹാ ക്രിസ്ത്യാനികൾ’ അദ്ദേഹം സ്ഥാപിച്ച ഏഴ് പള്ളികളുമായി ബന്ധപ്പെട്ടുള്ള പ്രബോധനപ്രവർത്തനങ്ങൾ വഴിയാണ് ഉണ്ടായതെന്നാണ് വിശ്വാസം. അവരെയാണ് മലയാളികൾ നസ്രാണികൾ എന്ന് വിളിച്ചുവന്നത്. 345-ൽ കാനായിത്തൊമ്മൻ എന്ന സുറിയാനി സഭയെ പിന്തുടർന്നിരുന്ന പേർഷ്യൻ- മെസൊപ്പൊട്ടോമിയൻ വ്യാപാരി 72 കുടുംബങ്ങളുമായി കേരളത്തിലെത്തുകയും ഇവർക്ക് ചേര രാജാക്കന്മാരിൽ നിന്ന് ചെമ്പുതകിട് പ്രമാണങ്ങൾ (Copper Plate Charters) ലഭിക്കുകയും ചെയ്തതായി രേഖകളുണ്ട്. അദ്ദേഹത്തിലൂടെയാണ് കേരളത്തിൽ ക്നാനായ ക്രൈസ്തവരുണ്ടായത്. സിറിയൻ ഓർത്തഡോക്സ് സഭയുമായായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികളുടെ ബന്ധം. അതുകൊണ്ടുതന്നെ അവരുടെ ആരാധനകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് സുറിയാനി ഭാഷയായിരുന്നു. മധ്യപൂർവ്വദേശങ്ങളുമായി വ്യാപാര ബന്ധങ്ങൾ പുലർത്തിയിരുന്നതിനാൽ അവർ സാമ്പത്തികമായി മുന്നോക്കമായിരുന്നു. മറ്റു മതങ്ങളെപ്പോലെ ആശയപ്രചാരണങ്ങളിലൂടെ ക്രിസ്തുമതവും ഇന്ത്യയിൽ വളർന്നു. പോർച്ചുഗീസുകാർ വരുന്നതുവരെ ഇവിടെയുള്ള പല മതങ്ങളിൽ ഒന്ന് മാത്രമായിരുന്നു ക്രിസ്തുമതം. തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിച്ചുകൊണ്ട് ജീവിച്ച ഇന്ത്യയിലുള്ള ക്രിസ്ത്യാനികൾ ഭാരതീയസമൂഹത്തോട് ചേർന്നുനിന്നവരായിരുന്നു. ഇന്ത്യയിലെത്തിയ ആദ്യകാല ക്രൈസ്തവരെയും അവരുടെ പ്രബോധനപ്രവർത്തനങ്ങളെയും കുറിച്ചറിയാൻ സ്റ്റീഫൻ നീലിന്റെ A History of Christianity in India: The Beginnings to AD 1707 എന്ന പുസ്തകം വായിച്ചാൽ മതിയാകും.
പോർച്ചുഗീസുകാരുടെ ആഗമനത്തോടെ സ്ഥിതി മാറി. തങ്ങളെ സ്വീകരിക്കുവാൻ പ്രെസ്റ്റർ ജോണിന്റെ പിൻഗാമികളുണ്ടാവുമെന്നും അവരെ ഉപയോഗിച്ചുകൊണ്ട് മുസ്ലിംകളെ തറപറ്റിക്കുകയും ഇന്ത്യ മുഴുവൻ തങ്ങൾക്ക് കീഴിലാക്കുകയും ചെയ്യാമെന്ന് പ്രതീക്ഷിച്ച അവർക്ക് തെറ്റി. പ്രതീക്ഷിക്കപ്പെട്ട രാജാവോ സ്വാഗതമരുളുന്ന അന്തരീക്ഷമോ കേരളത്തിലുണ്ടായിരുന്നില്ല; ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികൾ അവരെ സ്വാഗതം ചെയ്യുന്ന നിലപാട് സ്വീകരിക്കുന്നതിന് പകരം എതിര് നിൽക്കുകയാണ് ചെയ്തത്. നേരത്തെ തന്നെ നെസ്തോറിയൻ- കാൽദിയൻ സഭകളുമായി ബന്ധമുണ്ടായിരുന്ന ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികൾ പോർച്ചുഗീസുകാർ ആഗ്രഹിച്ചത് പോലെ ലത്തീൻ കത്തോലിക്കാ സഭയുടെ കീഴിലാകാൻ സമ്മതിക്കുകയോ അവരുടെ ആചാരങ്ങൾ സ്വീകരിക്കുകയോ ചെയ്തില്ല. മാർത്തോമ്മാ ക്രിസ്ത്യാനികളെ ലത്തീൻ സഭയിൽ ലയിപ്പിക്കുകയും അവരുടെ പ്രാദേശിക ആചാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി 1599 ജൂൺ മാസത്തിൽ കൊച്ചിയിലെ ഉദയംപേരൂരിൽ സംഘടിപ്പിച്ച ഉദയംപേരൂർ സൂന്നഹദോസ് (Synod of Diamper) എന്നറിയപ്പെട്ട സഭാസമ്മേളനം പരാജയപ്പെടുകയാണ് ചെയ്തത്. സുന്നഹദോസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കൊച്ചിയിലെ മട്ടാഞ്ചേരിയിൽ നടന്ന മൂവ്വായിരത്തിലധികം പേർ പങ്കെടുത്ത സമ്മേളനത്തിൽ വെച്ച് വലിയ ഒരു കുരിശിൽ പിടിച്ച് അവർ നടത്തിയ പ്രതിജ്ഞയാണ് ‘കൂനൻ കുരിശ് സത്യം’ എന്നറിയപ്പെടുന്നത്. “ഞങ്ങൾ പോർച്ചുഗീസ് മിഷനറിമാരുടെയും റോമൻ കത്തോലിക്കാ സഭയുടെയും അധികാരം തള്ളിക്കളയുന്നു. ഞങ്ങൾ സ്വതന്ത്രരായി, ഞങ്ങളുടെ പൂർവികരുടെ മതപരമായ പാരമ്പര്യങ്ങൾ പിന്തുടരുകയും, സിറിയൻ ഓർത്തഡോക്സ് സഭയുടെ അധികാരത്തിൻ കീഴിൽ മാത്രം നിലകൊള്ളുകയും ചെയ്യും. ഈ സത്യം ഞങ്ങൾ കുരിശിൽ പിടിച്ച് ചെയ്യുന്നു, ഇത് ഞങ്ങളുടെ അവാസനത്തെ പ്രതിജ്ഞയാണ്.” എന്നായിരുന്നു പ്രതിജ്ഞ. പോർച്ചുഗീസുകാരോടൊപ്പം നിന്നവർ കത്തോലിക്കരും അല്ലാത്തവർ ഓർത്തോഡോക്സുകാരുമായി ഭിന്നിച്ചത് ഈ സത്യത്തോടെയാണ്.
ഇന്ത്യയടക്കമുള്ള ഏഷ്യയിലെ പോർച്ചുഗീസ് കോളനികളുടെയെല്ലാം പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാർട്ടിൻ അൽഫോൻസോവിനോടൊപ്പം 1542 മെയ് ആറിന് പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായ ഗോവയിലെത്തുകയും അവിടെ കേന്ദ്രീകരിച്ചുകൊണ്ട് മിഷനറി പ്രവർത്തങ്ങൾ നടത്തുകയും ചെയ്ത കാത്തോലിക്കാവിശുദ്ധനായ ഫ്രാൻസിസ് സേവ്യറിൽ നിന്നാരംഭിക്കുന്നതാണ് സാമ്രാജ്യത്വസാംസ്കാരികാധിനിവേശത്തിന്റെ തണലിൽ നടന്ന മിഷനറി പ്രവർത്തനങ്ങളുടെ ചരിത്രം.
ഫ്രാൻസിസ് സേവിയറിലൂടെ നടന്ന യൂറോപ്യൻമാർ മിഷനറിപ്രവർത്തങ്ങൾ ഭീകരമായിരുന്നു. പീഡിപ്പിച്ച് മതം മാറ്റുകയായിരുന്നു പോർച്ചുഗീസ് മിഷനറിമാരുടെ രീതി. ഹിന്ദുക്കളായിരുന്നു പ്രധാനമായും പോർച്ചുഗീസുകാരുടെ ഇരകളെങ്കിലും മുസ്ലിംകളെയും അവർ വെറുതെ വിട്ടില്ല. പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കുകയും ഹിന്ദുമതഗ്രന്‌ഥങ്ങളും ഖുർആനുമെല്ലാം കത്തിക്കാൻ ആഹ്വാനം നടത്തുകയും ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മതപരിവർത്തന ശ്രമങ്ങൾ. പോർച്ചുഗീസ്അധികാരത്തിന്റെ മുഷ്ക്കുപയോഗിച്ച് മിഷനറിമാർ ഹിന്ദുക്കളെയും ബുദ്ധന്മാരെയും ജൈനന്മാരെയും മുസ്ലിംകളെയും നിർബന്ധിച്ച് മാമ്മോദീസ മുക്കികൊണ്ടിരുന്നു. പിടിച്ചുനിൽക്കാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതെ കാത്തോലിക്കാരാക്കിത്തീർന്നവർ തങ്ങളുടെ പഴയ വിശ്വാസങ്ങളുൾക്കൊള്ളുകയോ കർമ്മങ്ങൾ സ്വകാര്യമായി അനുഷ്ഠിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവരെ വിചാരണ ചെയ്ത് കൊല്ലുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിനായി ഇൻക്വിസിഷൻ കോടതികളുണ്ടാക്കി. ഇൻക്വിസിഷന് നേതൃത്വം നൽകിയത് ഫ്രാൻസിസ് സേവിയറായിരുന്നു. ക്രിസ്തുമതം സ്വീകരിക്കുവാൻ വിസമ്മതിച്ചുവെന്ന കാരണത്താൽ മാത്രം ആയിരക്കണക്കിന് മനുഷ്യരെ അദ്ദേഹവും കൂട്ടരും കൊന്നുവെന്നാണ് കണക്ക്.
നീണ്ട രണ്ടര നൂറ്റാണ്ടിലധികം നിലനിന്ന ഗോവ ഇൻക്വിസിഷന്റെ രേഖകളിൽ പലതും കത്തിച്ചുകളഞ്ഞതിനാൽ അതിന്റെ ഭീകരചിത്രം അതിന്റെ പൂർണതയിൽ നമുക്ക് ലഭ്യമല്ല. ഇൻക്വിസിഷന്റെ ആദ്യത്തെ നൂറ് വർഷങ്ങൾക്കുള്ളിൽ 121 പേരെ ജീവനോടെ കത്തിച്ചുകളഞ്ഞതായി ലഭിച്ചിട്ടുള്ള ഔദ്യോഗികരേഖകൾ എത്രത്തോളം ഭീകരമായിരുന്നു പോർച്ചുഗീസ് മിഷനറിമാർ നടത്തിയ ഇന്ത്യയിലെ ക്രൈസ്‌തവൽക്കരണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇരുപതിനായിരത്തോളം പേരെ ഇൻക്വിസിഷൻ കോടതികൾ വിചാരണ ചെയ്യുകയും ആയിരം പേരെയെങ്കിലും കത്തിച്ചുകൊല്ലുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഭാരമുള്ള തടിയിൽ കെട്ടി മനുഷ്യരെ കടലിലേക്ക് ഒഴുക്കിവിടുകയായിരുന്നു കാപട്യം സംശയിച്ചിരുന്ന പുത്തൻ ക്രിസ്ത്യാനികൾക്ക് നൽകിയിരുന്ന ശിക്ഷ; വിശ്വാസമുണ്ടെങ്കിൽ അവർ രക്ഷപ്പെടുമെന്നായിരുന്നു അതിനുള്ള ന്യായം. ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് ശരീരത്തിൽ അടിക്കുക, മരിക്കുന്നത് വരെ പട്ടിണിക്കിടുക, കൈകാലുകൾ അടിച്ചൊടിക്കുക എന്നിവയായിരുന്നു മറ്റ് ശിക്ഷാമുറകൾ.
2009 ൽ ഫ്രാൻസിലെ ആൽബർട്ടോ ബെൻവെനിസ്റ്റെ ലിറ്റററി പ്രൈസിന് അർഹമായ പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരനായ റിച്ചാർഡ് സിംലറുടെ Guardian of the Dawn എന്ന നോവൽ ഗോവ ഇൻക്വിസിഷനിന്റെ ക്രൂരചിത്രം വരച്ചുകാണിക്കുന്നുണ്ട്. മാതാപിതാക്കളുടെ മുന്നിൽ വെച്ച് മക്കളുടെ ശരീരാവയവങ്ങളെ ഒന്നൊന്നായി പിഴുതുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും രക്ഷപ്പെടണമെങ്കിൽ മാമോദീസ മുങ്ങണമെന്ന ഉപാധി വെക്കുകയുമായിരുന്നുവത്രെ പോർച്ചുഗീസ് സുവിശേഷരീതി. മുസ്ലിംകളെയും ഹിന്ദുക്കളെയും മാത്രമല്ല മതം മാറി ക്രിസ്ത്യാനികളായിത്തീർന്നവരെയും അവർ കപടന്മാരാണെന്ന് സ്വംശയിച്ചുകൊണ്ട് പീഡനങ്ങൾക്ക് വിധേയമാക്കി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ക്രിസ്തുദർശനം എങ്ങനെയാണ് ഇന്ത്യയിൽ വളർന്നതെന്ന് മനസ്സിലാവണമെങ്കിൽ 1536 മെയ് 23 ന് വിശുദ്ധ ഫ്രാൻസിസ് സേവ്യർ ആരംഭിക്കുകയും 1821 മാർച്ച് 31 വരെ നിലനിൽക്കുകയും ചെയ്ത ഗോവാ ഇൻക്വിസിഷനെക്കുറിച്ച് മറാത്തി ഗ്രന്ഥകാരനായ ആനന്ദ് കാക്ബ പ്രിയോൽക്കർ എഴുതിയ The Goa Inquisition: The Terrible Tribunal for the East എന്ന പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്ന രേഖകൾ വായിച്ചാൽ മതിയാവും.
പോർച്ചുഗീസുകാരുടെ നിർബന്ധിത മതപരിവർത്തനങ്ങൾ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ മറുഭാഗത്ത് റോബര്‍ട്ടോ ഡി നോബിലിയെപ്പോലെയുള്ള മിഷനറിമാർ സന്യാസീ വേഷം കെട്ടി തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള മതംമാറ്റ പരിശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിന്ന് ശേഷം വന്ന ഫ്രഞ്ച് മിഷനറിമാർ പീഢനമാർഗ്ഗമുപേക്ഷിച്ച് പകരം നോബിലിയെ മാതൃകയാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. 1688-ൽ ഇന്ത്യയിലെത്തിയ ഫ്രഞ്ച് ജെസ്യൂട്ട് മിഷനറി ഫാദർ ജീൻ വേനന്റ് ബുഷെ നോബിലിയെപ്പോലെത്തന്നെ സന്യാസി വേഷം ധരിച്ചാണ് മിഷനറി പ്രവർത്തനങ്ങളിലേർപ്പെട്ടത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിൽ 40 വര്‍ഷത്തിലധികം ഈ രൂപത്തിൽ സജീവമായി സുവിശേഷപ്രവർത്തനങ്ങൾ നടത്തുകയും നിരവധിപേരെ ക്രിസ്ത്യാനികളാക്കുകയും ചെയ്തു. 1710-ൽ ഇന്ത്യയിലെത്തിയ ഇറ്റാലിയൻ ജെസ്യൂട്ട് പാതിരി ഫാദർ കോൺസ്റ്റൻഷ്യസ് ബെസ്കിയും ഏകദേശം ഇതേ മാർഗ്ഗം തന്നെയാണ് പിന്തുടർന്നത്. തമിഴ് സാഹിത്യത്തിൽ ‘വീരമാമുനിവർ’ എന്ന് അറിയപ്പെടാൻ മാത്രം പ്രസിദ്ധമായ തമിഴ് സാഹിത്യകൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതിലൊന്നാണ് ‘തേമ്പാവണി’; ‘മധുരമുള്ള മാല’ എന്നർത്ഥം. 3615 വൃത്തങ്ങളിലായി മറിയത്തിന്റെയും ക്രിസ്തുവിന്റെയും ജീവിതം വിവരിക്കുന്ന കാവ്യമാണിത്. തമിഴ് ഭാഷയുടെ വ്യാകരണം, നിഘണ്ടു എന്നിവ തയ്യാറാക്കിയതും അദ്ദേഹമാണെന്നാണ് കരുതപ്പെടുന്നത്.
ജർമ്മൻ ലൂഥറൻ പൗരോഹിത്യം നേടിയ ബാർത്തലോമിയൂസ് സീഗൻബാൽഗും സഹപ്രവർത്തകനായ ഹെയ്ന്രിക് പ്ലുഷൗവും കൂടി 1706 ജൂലൈ 9-ന് ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള തമിഴ്‌നാട്ടിലെ താരങ്ങമ്പാടിയിലെത്തുന്നതോടെയാണ് ഇന്ത്യയിലെ പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവർത്തനങ്ങളുടെ ചരിത്രമാരംഭിക്കുന്നത്. 1712ൽ അവിടെ ആദ്യത്തെ പ്രോട്ടസ്റ്റന്റ് മിഷൻ പ്രസ്സ് സ്ഥാപിച്ചുകൊണ്ട് സുവിശേഷപുസ്തകങ്ങൾ തമിഴിൽ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തമിഴ് ഭാഷ പഠിച്ച് അതിൽ സാമർത്ഥ്യം നേടിയ ശേഷം 1714ൽ സീഗൻബാൾഗ് എഴുതിയ തമിഴ് പുതിയനിയമമാണ് ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ ബൈബിൾ. 1716 ൽ ഇന്ത്യയിലെ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് സെമിനാരി സ്ഥാപിച്ചുകൊണ്ട് സുവിശേഷകരെ വാർത്തെടുക്കാൻ തുടങ്ങിയതും അദ്ദേഹം തന്നെ. തന്റെ ശ്രമഫലമായി 1708 ൽ താരങ്ങമ്പാടിയിൽ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് ചർച്ചിൽ (New Jerusalem Church, Tranquebar) തന്നെയാണ് 1719 ഫെബ്രുവരി 23 ന് തന്റെ മുപ്പത്തിയാറാമത്തെ വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ ശവകുടീരമുള്ളത്. 1713 ൽ അദ്ദേഹമെഴുതിയ ‘ദക്ഷിണേന്ത്യൻ ദൈവങ്ങളുടെ ഉല്പത്തി’ (Genealogy of the South Indian Deities) യാണ് ഹൈന്ദവദേവതകളെ വിമർശിച്ചുകൊണ്ട് എഴുതപ്പെട്ട ആദ്യത്തെ മിഷനറി ഗ്രൻഥം. ഇന്ത്യയിലെ ഹിന്ദു- മുസ്ലിം പണ്ഡിതരുമായി സംവദിക്കുന്ന ആദ്യത്തെ മിഷനറിയും അദ്ദേഹം തന്നെ. താൻ നടത്തിയ വൈയക്തികമായ സംവാദങ്ങളെ വിശദീകരിച്ചുകൊണ്ട് ഡാനിഷ് രാജാവിനെയും യൂറോപ്പിലെ മിഷനറിമാരെയും അഭിസംബോധന ചെയ്തുകൊണ്ടെതിയ റിപ്പോർട്ടുകളെ ക്രോഡീകരിച്ചുകൊണ്ടുള്ള പുസ്തകത്തിന് അദ്ദേഹം നൽകിയ തലക്കെട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ Thirty Four Conferences Between the Danish Missionaries and the Malabarian Bramans (or Heathen Priests) in the East Indies, Concerning the Truth of the Christian Religion എന്നാണ്. തലക്കെട്ടിൽ ‘പ്രാകൃതരായ ബ്രാഹ്മണപുരോഹിതരുമായി നടത്തിയ സമ്മേളനങ്ങൾ’ എന്നാണ് എഴുതിയിട്ടുള്ളതെങ്കിലും അതിൽ പ്രതിപാദിച്ചിട്ടുള്ള സംവാദങ്ങളിൽ എട്ടെണ്ണം മുസ്ലിംപണ്ഡിതരുമായിട്ടുള്ളവയാണ്. ബ്രാഹ്മണ പുരോഹിതരും പ്രാദേശികഭരണാധികാരികളും സ്‌കൂൾ കുട്ടികളുമായെല്ലാം നടത്തിയ കൂടിക്കാഴ്ചകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1605 ൽ ആന്ധ്രയിലെ മച്ചലിപട്ടണത്തിൽ ഫാക്ടറി സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിൽ സാന്നിധ്യമറിയിച്ച ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൊച്ചി, പുളിക്കാട്, നാഗപട്ടണം കോളനികളോടനുബന്ധിച്ചും നടന്നത് പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവർത്തങ്ങളാണെങ്കിലും അവരുടെ പ്രവർത്തനങ്ങൾ വ്യാപകമാകുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബിനെ തോൽപ്പിച്ചുകൊണ്ട് 1757ൽ ഇന്ത്യയിൽ തങ്ങളുടെ അധികാരം സ്ഥാപിച്ച ആദ്യനാളുകളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി കത്തോലിക്കാ മിഷനറിമാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 1718ൽ സ്ഥാപിച്ച ബോംബയിലെ ഇറ്റാലിയൻ കാർമൈറ്റ് മിഷനറിമാരെയും 1742ൽ സ്ഥാപിച്ച ഫ്രഞ്ച് കാപ്പുച്ചിൻ മിഷനറിമാരെയും ഏകദേശം അക്കാലത്ത് തന്നെ സ്ഥാപിച്ച കേരളത്തിലെ ഇറ്റാലിയൻ കാർമൈറ്റ് മിഷനറിമാരെയും കമ്പനി സഹായിച്ചതായി വ്യക്തമാക്കുന്ന രേഖകളുണ്ട്. എന്നാൽ തങ്ങളുടെ വ്യാപാരതാല്പര്യങ്ങളെ ഹനിക്കുന്നതിന് നിമിത്തമാകുമെന്ന് തോന്നിയതിനാൽ മിഷനറിപ്രവർത്തങ്ങളിൽ നിന്ന് ഔദ്യോഗികമായി വിട്ടുനിൽക്കുകയാണ് ഇന്ത്യയെ ചൂഷണം ചെയ്യുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈസ്റ്റിന്ത്യാ കമ്പനി ചെയ്തത്. ഇത് ശരിയല്ലെന്നും ഇന്ത്യയെ ക്രൈസ്തവവൽക്കരിക്കാൻ ഭരണത്തെ ഉപയോഗപ്പെടുത്തണമെന്നുമുള്ള ശക്തമായ വാദങ്ങൾ മിഷനറിമാരിൽ നിന്നുണ്ടായി. കൽക്കട്ടയിലെ ആംഗ്ലിക്കൻ പുരോഹിതനായിരുന്ന ക്ളോഡിയാസ് ബുച്ചനൻ 1805 ൽ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയിൽ നിന്ന് തുടങ്ങിയ വാദപ്രതിവാദങ്ങൾ എട്ടുവർഷങ്ങൾക്ക് ശേഷം അവസാനിച്ചത് 1813ലെ ചാർട്ടർ ആക്ട് (Charter Act of 1813) പാസ്സാക്കുന്നതോടുകൂടിയാണ്. ക്രിസ്ത്യൻ മിഷനറിമാർക്ക് ഇന്ത്യയിൽ യഥേഷ്ടം മതപ്രബോധനം നടത്തുന്നതിനുള്ള അവകാശം നൽകുന്നതായിരുന്നു ആക്ട്. 1814ൽ തന്നെ കൽക്കട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായുള്ള ആദ്യത്തെ ആംഗ്ലിക്കൻ ബിഷപ്പ് നിയോഗിക്കപ്പെട്ടു. ലോകത്തിന്റെ വ്യത്യസ്ത വശങ്ങളിൽ നിന്നുള്ള മിഷനറി സംഘങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവാഹമുണ്ടായത് അതിന്ന് ശേഷമാണ്. ക്രിസ്തുവിനായി ഇന്ത്യയെ നേടുക എന്ന ലക്ഷ്യത്തോടുകൂടി പല തരം മാർഗങ്ങളിലൂടെ അവരെല്ലാവരും പ്രവർത്തിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷുകാരുടെ ആഗമനത്തിന് ശേഷമുള്ള മിഷനറി പ്രവർത്തങ്ങളെക്കുറിച്ച് വിശദമായിത്തന്നെ ജെഫ്‌റി കോക്സിന്റെ Imperial Fault Lines: Christianity and Colonial Power in India ചർച്ച ചെയ്യുന്നുണ്ട്.
ആധുനിക മിഷനറിമാരുടെ പിതാവ് എന്നറിയപ്പെടുന്ന വില്യം കെയറി തന്റെ ആത്മകഥാകുറിപ്പുകളിൽ ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ പാപബോധമുണ്ടാക്കാൻ കഴിയാത്തതാണ് മിഷനറിപ്രവർത്തങ്ങൾ വേണ്ടത്ര വിജയിക്കാതിരിക്കാൻ കാരണമെന്ന് നിരീക്ഷിക്കുന്നുണ്ട്. (1992 ൽ എഡിൻബർഗ് പുറത്തിറക്കിയ The History of the Baptist Missionary Society, 1792–1992 എന്ന ഗ്രൻഥം വായിക്കുക)
മുസ്ലിംകളെയും ഹിന്ദുക്കളെയും പാപബോധമുള്ളവരാക്കി ക്രൈസ്തവവല്‍ക്കരണത്തിനുവേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ശിപായി ലഹളയെന്നറിയപ്പെട്ട 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമുണ്ടായത്തെന്ന സത്യം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. പട്ടാളക്കാര്‍ക്കുള്ള റേഷന്‍ ഉപ്പില്‍ പശുവിന്റെയും പന്നിയുടെയും എല്ലുകള്‍ ഇടിച്ചുചേര്‍ക്കുവാനും തോക്കിന്റെ തിരകള്‍ പന്നിയുടെയും പശുവിന്റെയും നെയ്യ് കൊണ്ടുണ്ടാക്കിയ അടപ്പിനകത്താക്കി അത് വായകൊണ്ട് തുറക്കാനും കല്‍പിച്ചതിനു പിന്നില്‍ അന്നത്തെ ബ്രിട്ടീഷ് ജനറലായിരുന്ന ഓണിംഗ്‌സ് പ്രഭുവിന് സുവിശേഷലക്ഷ്യമാണ് ഉണ്ടായിരുന്നതെന്നതാണ് വസ്തുത. പശുവിറച്ചി ഭക്ഷിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്ന ഹിന്ദുവിന്റെയും പന്നിമാംസം ഹറാമാണെന്ന് കരുതുന്ന മുസ്‌ലിമിന്റെയും മനസ്സില്‍ താന്‍ ഗുരുതരമായ പാപം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന ധാരണയുണ്ടാക്കി പാപപരിഹാരത്തിന്റെ ക്രൈസ്തവമാര്‍ഗത്തില്‍ അവരെ എത്തിക്കുകയെന്ന സാമര്‍ത്ഥ്യമായിരുന്നു പ്രഭുവിന്റെ ഉപദേശകരായ മിഷനറിമാരുടേത്. മനുഷ്യരെല്ലാം ജൻമനാ പാപികളാണെന്ന വിശ്വാസത്തിൽ നിന്നാണല്ലോ മിഷനറിപ്രവർത്തനങ്ങൾ ഉരുവം കൊള്ളുന്നത്. ആദിപാപമില്ലെങ്കിൽ ക്രൈസ്തവതയില്ല; മിഷനറി പ്രവർത്തനവുമില്ല.
ആദിവാസികൾക്കിടയിൽ പാപബോധമുണ്ടാക്കി അവരെ ക്രിസ്ത്യാനികളാക്കിത്തീർക്കുന്നതിനുള്ള പുതിയ തെളിവാണ് പനാരെ ഇന്‍ഡ്യക്കാര്‍ക്കായി പുറത്തിറക്കിയ പുതിയ നിയമം. ആധുനികതയുടെ കാപട്യങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന പനാരെ ഇന്‍ഡ്യക്കാരെക്കുറിച്ച് പുറംലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത് 1970ല്‍ അമേരിക്കയിലെ ITV സംപ്രേഷണം ചെയ്ത ‘Disappearing World’ എന്ന ടെലിസീരിയല്‍ വഴിയാണ്. സൗത്ത് അമേരിക്കയില്‍ വെനിസ്വേലയിലെ ആമസോണ്‍ കൊലേര്‍ഡോലോ താഴ്‌വരയിലേക്ക് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഒറ്റയായും സംഘമായും അതിനുശേഷം സുവിശേഷവുമായി എത്തിയെങ്കിലും പനാരെ ഇന്‍ഡ്യക്കാരില്‍ മാറ്റമൊന്നുമുണ്ടാക്കുവാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. നിഷ്‌കളങ്കരായ അവരോട് ‘നിങ്ങള്‍ പാപികളാണ്; ക്രിസ്തുവിന്റെ രക്തം മൂലമേ പാപങ്ങള്‍ക്ക് പരിഹാരമാവൂ’ എന്ന സുവിശേഷം പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് മനസ്സിലായതുപോലുമില്ല. അങ്ങനെയാണ് 1975ല്‍ പനാരെക്കാര്‍ക്കുവേണ്ടി, അവര്‍ക്കു ‘മനസ്സിലാക്കാന്‍ കഴിയുന്ന’ രീതിയിലുള്ള പുതിയ നിയമം മിഷനറിമാര്‍ പുറത്തിറക്കിയത്. അതിലെ ചില വരികളിതാ: ”ക്രൂരന്‍മാരായിരുന്നു പനാരെക്കാര്‍; അവരിലൊരാള്‍ ക്രിസ്തുവിനെ കൊന്നു; അയാള്‍ പറഞ്ഞു നമുക്ക് ക്രിസ്തുവിനെ കൊല്ലാം…. അവര്‍ നിലത്ത് ഒരു കുരിശുനാട്ടി. ദൈവം നിങ്ങളെയെല്ലാം കരിച്ചുകളയും. പനാരെക്കാരെ മുഴുവന്‍ തീയിലെറിഞ്ഞ് ദൈവം അവരെ നശിപ്പിക്കും…. ദൈവം ചോദിക്കുന്നു: നിങ്ങള്‍ക്ക് തീയില്‍ വെന്തെരിയണമോ? നിങ്ങളെ തീയിലെറിയാതിരിക്കുവാനായി നിങ്ങളെന്താണ് എനിക്കു നല്‍കുക? നിങ്ങളെന്താണ് എനിക്കു നല്‍കാന്‍ പോകുന്നത്?” വേദപുസ്തകത്തിൽ പോലും മാറ്റമുണ്ടാക്കി ആദിവാസികളിൽ പാപബോധമുണ്ടാക്കുവാനും അങ്ങനെ ഭയപ്പെടുത്തി പനാരെ ഇന്‍ഡ്യക്കാരെ ക്രിസ്ത്യാനികളാക്കുവാനുമായി സൃഷ്ടിച്ചെടുത്ത വരികള്‍! ആദിവാസികൾക്കിടയിൽ എങ്ങനെയാണ് ക്രിസ്തുമതം പ്രചരിച്ചതെന്ന് വ്യക്തമാക്കുന്ന ഏറ്റവും നല്ല ഉദാഹരണമാണിത്. (നോർമൻ ലൂയിസിന്റെ The Missionaries: God Against the Indians നോക്കുക)
ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ മിഷനറിമാർക്ക് കഴിഞ്ഞത് സാമൂഹ്യസേവനപ്രവർത്തനങ്ങൾ വഴിയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വേണ്ടത്ര വിജയിക്കാതെ പോയ സേവനപ്രവർത്തങ്ങളിലൂടെയുള്ള ക്രൈസ്തവവൽക്കരണം എന്ന പ്രൊട്ടസ്റ്റന്റ് മിഷനറി ആശയം വഴി ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് നാഗാലാന്റ്, മിസോറാം, മേഘാലയ എന്നിവിടങ്ങളിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഒരൊറ്റ ക്രിസ്ത്യാനിയുമില്ലാതെയിരുന്ന ഈ ആദിവാസി മേഖലകളിലെ ഇപ്പോഴത്തെ ജനസംഖ്യയിൽ യഥാക്രമം 88%, 87%, 75% എന്നിവ ക്രൈസ്തവരാണ്. 1872-ൽ ആമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനറി റവ: എഡ്വേർഡ് വിന്റർ ക്ലാർക്കിന്റെ നേതൃത്വത്തിൽ നാഗാലാന്റിലും 1894-ൽ വെൽഷ് മിഷൻ സൊസൈറ്റിയിലെ മിഷനറി ഡേവിഡ് ഇവാൻ ജോൺസിന്റെ നേതൃത്വത്തിൽ മിസോറാമിലും 1841-ൽ വെൽഷ് മിഷൻ സൊസൈറ്റിയിലെ തോമസ് ജോൺസിന്റെയും നേതൃത്വത്തിൽ ആരംഭിച്ച മിഷനറിപ്രവർത്തങ്ങളാണ് അവയെ മെല്ലെ മെല്ലെ ക്രിസ്ത്യൻ ഭൂരിപക്ഷപ്രദേശങ്ങളാക്കിത്തീർത്തത്.
ആദിവാസി സമൂഹത്തിൽ വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിച്ചുകൊണ്ടായിരുന്നു മിഷനറിമാരുടെ തുടക്കം. ഒപ്പം സൗജന്യവിദ്യാഭ്യാസവും ചികിത്സയും യഥാരൂപത്തിൽ ലഭിക്കണമെങ്കിൽ ക്രിസ്ത്യാനികളാകണമെന്ന ചിന്ത ആദിവാസികളിൽ വളർത്തുകയും ചെയ്യുന്നതിൽ അവർ വിജയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ വ്യവസായങ്ങൾ തുടങ്ങാനും കാർഷികവൃത്തികൾ കണ്ടെത്താനുമുള്ള പരിശീലനങ്ങൾ നൽകുകയും ഒപ്പം തന്നെ ഇവയ്ക്കായുള്ള സാമ്പത്തികസഹായങ്ങൾ ലഭിക്കണമെങ്കിൽ ക്രൈസ്തവരാകണമെന്ന അവസ്ഥ സംജാതമാക്കുകയും ചെയ്തു. ബാങ്ക് ലോണുകൾ, സർക്കാർവക സാമ്പത്തിക സഹായങ്ങൾ, ഭക്ഷ്യധാന്യ വിതരണങ്ങൾ, കൃഷിക്കായുള്ള സൗജന്യ വിത്ത് വിതരണം എന്നിവയിലൂടെയും ക്രിസ്തുമതതിലേക്ക് അവർ ആദിവാസികളെ ആകർഷിച്ചു. അനാഥരായ ആദിവാസി സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള മന്ദിരങ്ങൾ പണിയുകയും അവയിലെത്തുന്നവരെ ക്രിസ്ത്യൻസാഹചര്യങ്ങളിൽ വളർത്തുകയും ചെയ്തുകൊണ്ടും കുറെ പേരെ മതംമാറ്റി. സാമ്പത്തിക പ്രലോഭനങ്ങൾ, സ്ത്രീകൾക്ക് വിവാഹ ആനുകൂല്യങ്ങൾ, ഭൂമി ഉടമസ്ഥാവകാശം തുടങ്ങിയവ വാഗ്ദാനം ചെയ്തുകൊണ്ടും നിർബന്ധിച്ചും ലഹരി നല്കിയുമെല്ലാമുള്ള മതമാറ്റങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ നടന്ന മിഷനറിപ്രവർത്തങ്ങളെക്കുറിച്ചുള്ള ഒരു സംഘം ലേഖകരുടെ പഠനങ്ങൾസാജൻ നാഥ്, എം. സതീഷ്‌കുമാർ എന്നിവർ ക്രോഡീകരിച്ച് Encounter and Interventions: Christian Missionaries in Colonial North-East India എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. The William and Mary Quarterly (Vol. 34, No. 1; (Jan., 1977) യിൽ ജെയിംസ് പി റോണ്ട എഴുതിയ “We Are Well As We Are”: An Indian Critique of Seventeenth Century Christian Missions എന്ന പഠനത്തിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
പീഡിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സേവനപ്രവർത്തനങ്ങൾ നടത്തിയുമെല്ലാം ഭാരതീയരെ ക്രിസ്ത്യാനികളാക്കാൻ കോളനിക്കാലത്ത് വ്യത്യസ്ത മിഷനറിസംഘങ്ങൾ പരിശ്രമിച്ചുപോന്നിട്ടുണ്ടെങ്കിലും അവയെക്കൊണ്ടൊന്നും കാര്യമാത്ര പ്രസക്തമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മനസിലായപ്പോൾ പിന്നെ ശ്രമിച്ചത് എന്തുകൊണ്ടായിരിക്കും ഈ പരാജയമെന്ന് പഠിക്കാനാണ്. 2.3 ശതമാനമാണ് ഇന്ന് ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യ. നൊബിലിയെയും ബുഷെയെയും പോലെയുളള പാതിരിമാർ സന്യാസിവേഷം കെട്ടിയും സീഗൻബാൽഗിനെയും പ്ലുഷൗവിനേയും പോലെയുള്ള മിഷനറിമാർ സുവിശേഷപ്രവർത്തനങ്ങളും സംവാദങ്ങളും നടത്തിയും ക്രിസ്ത്യാനികളെയുണ്ടാക്കാൻ ശ്രമിച്ച തമിഴ്‌നാട്ടിൽ ഇപ്പോൾ 6.12 ശതമാനം ക്രിസ്ത്യാനികളാണുള്ളത്. തോമാശ്ലീഹായുടെ കാലം മുതൽ സുവിശേഷപ്രവർത്തനം നടക്കുകയും പോർച്ചുഗീസുകാർ മുതൽ ബ്രിട്ടീഷുകാർ വരെ വ്യത്യസ്തരൂപങ്ങളിലുള്ള മിഷനറി തന്ത്രങ്ങൾ പയറ്റുകയും ചെയ്ത കേരളത്തിലെ ക്രിസ്ത്യൻജനസംഖ്യ 18.4 ശതമാനമാണ്. പ്രലോഭനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും മതപ്രചരണം നിവ്വഹിക്കപ്പെട്ട ഗോവയിലുള്ളത് 25.1 ശതമാനം ക്രിസ്ത്യാനികളാണ്. ക്രിസ്ത്യാനികൾ കൂടുതലുള്ള നാഗാലാന്റും (87.9%) മിസോറാമും (87.2%) മേഘാലയയും (74.6%) മണിപ്പൂരും (41%) അരുണാചൽ പ്രദേശുമെല്ലാം (30.3%) ആദിവാസി മേഖലകളായിരുന്നു. അവരുടെ അജ്ഞത മുതലെടുക്കുകയും വ്യത്യസ്തങ്ങളായ പ്രലോഭനങ്ങളിലൂടെ ആദിവാസികളെ ക്രിസ്ത്യാനികളാക്കുകയും ചെയ്തത് വഴിയാണ് അവിടെങ്ങളിൽ ക്രിസ്ത്യാനികൾ ഭൂരിപക്ഷമായതെന്ന് അവരെക്കുറിച്ച പഠനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന്റെ അപ്പോസ്‌തലന്മാർ തന്നെ ഇന്ത്യയിലെത്തുകയും അപ്പോൾ മുതൽ കൊളോണിയൽ കാലം വരെയുള്ള മിഷനറിമാർ വ്യത്യസ്ത രീതികളിലുള്ള സുവിശേഷപ്രവർത്തനങ്ങൾ നിർവ്വഹിക്കുകയുമെല്ലാം ചെയ്തിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ക്രിസ്തുമതം വേണ്ടത്ര വളരാതിരുന്നത് എന്നതായിരുന്നു എന്റെ മനസ്സിലുയർന്ന ചോദ്യം.
വിഗ്രഹാരാധകരും വർണ്ണാശ്രമ വ്യവസ്ഥ പിന്തുടരുന്നവരുമായ ഹിന്ദുക്കൾക്കിടയിൽ പോലും ആകർഷകമായ ഒരു ആദർശമവതരിപ്പിക്കാൻ മിഷനറിമാർക്ക് കഴിയുന്നില്ലെന്നാണ് ക്രിസ്ത്യൻ ആശയങ്ങളുപയോഗിച്ച് ഹിന്ദുപണ്ഡിതരോട് സംവദിച്ച ആദ്യത്തെ മിഷനറിയായ ബാർത്തലോമിയൂസ് സീഗൻബാൽഗിന്റെ അനുഭവവിവരണങ്ങളിൽ നിന്ന് മനസ്സിലായത്. സേവനപ്രവർത്തനങ്ങളിൽ പൊതിഞ്ഞ ബ്രിട്ടീഷ് മിഷനറിമാരുടെ ആശയപ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആര്യ സമാജം, രാമകൃഷ്ണ മിഷൻ തുടങ്ങിയ ഹിന്ദുമതപുനരുജ്ജീവനസംഘടനകൾക്ക് സാധിച്ചത് ക്രൈസ്തവരുടെ ആശയദാരിദ്ര്യം കൊണ്ടാണെന്ന് വ്യക്തമായി. ഇതേ ആശയദാരിദ്ര്യമാണ് ആദർശം കൃത്യമായി പറയാതെ വളഞ്ഞ വഴിയിൽ മുസ്ലിംകളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള മിഷനറി പ്രവർത്തനങ്ങളുടെയും കാരണമെന്ന് വ്യക്തമായി. തൗഹീദും ത്രിത്വവും താരതമ്യം ചെയ്യുന്നവരൊന്നും ത്രിത്വമാണ് മനുഷ്യബുദ്ധി തേടുന്ന ദൈവസങ്കൽപ്പം പ്രദാനം ചെയ്യുന്നതെന്ന് പറയില്ലെന്ന് കൃത്യമായി അറിയാവുന്നവരാണ് ഇസ്ലാമിനെക്കുറിച്ച് പഠിച്ച മിഷനറി ബുദ്ധിജീവികൾ. പശ്ചാത്താപത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തിന് മുന്നിൽ കുരിശുമരണത്തിലൂടെയുള്ള വിടുതൽ എന്ന ആശയത്തിനും പിടിച്ചുനിൽക്കാനാവില്ലെന്ന് അവർക്ക് വ്യക്തമായി അറിയാം. മുസ്ലിംകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരേയൊരു മാർഗ്ഗം ഖുർആൻ സത്യപ്പെടുത്തുന്ന തൗറാത്തും ഇൻജീലും സബൂറും തങ്ങളുടെ കൈവശമുള്ള ബൈബിളിലാണുള്ളതെന്ന് വരുത്തിത്തീർക്കുക മാത്രമാണെന്ന് മനസ്സിലാക്കുന്നവരാണവർ. ഇൻജീൽ, സഹാബി, മുസ്‌ലിയാർ എന്നിങ്ങനെ മുസ്ലിംകൾ അവരുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പദങ്ങളുപയോഗിച്ച് മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുകയും അങ്ങനെ അവർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും ശ്രമിക്കുന്നത് യഥാർത്ഥത്തിലുള്ള ആശയസംവേദനം വഴി അവരെ നേടിയെടുക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് മനസ്സിലായപ്പോൾ അവരെ പ്രതിരോധിക്കേണ്ടത് അവരുടെ ആയുധങ്ങളുപയോഗിച്ചുകൊണ്ടുതന്നെയാണന്ന് മനസ്സിലാവുകയായിരുന്നു. മുസ്ലിംകളെ ക്രൈസ്തവവൽക്കരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ബൈബിൾ തന്നെയാണുപയോഗിക്കിക്കേണ്ടതെന്ന മക്തിതങ്ങളുടെ വീക്ഷണം തന്നെയാണ് ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു മിഷനറിമാരെക്കുറിച്ച പഠനം.
No comments yet.