ദഅ്‌വാനുഭവങ്ങൾ -26

//ദഅ്‌വാനുഭവങ്ങൾ -26
//ദഅ്‌വാനുഭവങ്ങൾ -26
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -26

സെല്ലുലാർ ജയിൽ ബോധ്യപ്പെടുത്തിയ സ്വാതന്ത്ര്യത്തിന്റെ മൂല്യം! (3)

വിംബര്‍ലിഗഞ്ചിലെ മരക്കാരാക്കാന്റെ വീട്ടിലേക്ക് ഞങ്ങൾ കടന്നുചെല്ലുമ്പോൾ വളരെ സൂക്ഷിച്ച്‌ അദ്ദേഹം എന്തോ എഴുതുകയായിരുന്നു. ആകര്‍ഷകവും വടിവൊത്തതുമായ അക്ഷരങ്ങളില്‍ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുകയായിരുന്നു അദ്ദേഹം. ഞങ്ങൾ മൂന്നുപേരും (ഞാനും സി. വി. അബൂല്ല ചെറുവാടിയും , ഇസ്‌മായിൽ മുട്ടാഞ്ചേരിയും), അങ്ങാടിയില്‍തന്നെയുള്ള പെട്ടിക്കടക്കടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു കയറി, സലാം ചൊല്ലി. 1921ല്‍ മലബാറില്‍നിന്ന് നാടുകടത്തപ്പെട്ടവരില്‍ ഇന്നവശേഷിക്കുന്ന ഏതാനും പേരില്‍ ഒരാളായ മരക്കാരാക്ക തല ഉയര്‍ത്തിക്കൊണ്ട്‌ സലാം മടക്കി. വാര്‍ദ്ധക്യം കൊണ്ട്‌ചുളിഞ്ഞ കവിളിനു താഴെയുള്ള നീണ്ട വെളുത്ത താടി തടവിക്കൊണ്ട്‌ തന്റെ കട്ടിലിനടുത്തെ കസേരകളില്‍ ഇരിക്കുവാന്‍ അദ്ദേഹം ആംഗ്യം കാട്ടി.

കുശലപ്രശ്നങ്ങളിലൂടെ ഞങ്ങൾ ചരിത്രത്തിലേക്ക്‌ പ്രവേശിച്ചു. മലബാറിന്റെ മക്കൾ നടത്തിയ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിന്റെ കഥ, ആലി മുസ്‌ല്യാരുടെ ശാന്തനായ ആ അനുയായി വിശദീകരിച്ചു. തൊണ്ണൂറ്റിനാലുകാരനായ മാട്ടുമ്മല്‍ മരക്കാരാക്ക ഓര്‍മ്മകളില്‍ നിന്നെടുത്ത് ചരിത്രത്തിന്റെ കെട്ടുകളഴിക്കാനാരംഭിച്ചു.

“ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ‘സ്വരാജ്‌’ നേടിയെടുക്കാനുള്ള സമരങ്ങൾക്ക്‌ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലം. കോണ്‍ഗ്രസും ഖിലാഫത്തും ഒത്തൊരുമിച്ച്‌ വെള്ളക്കാരന്റെ ദുര്‍ഭരണത്തിനെതിരെ അണിനിരക്കാന്‍ സാധാരണക്കാരെ ഉല്‍ബോധിപ്പിച്ചുകൊണ്ടിരുന്നു. ഗാന്ധിജി, ഷൗക്കത്തലി, മുഹമ്മദലി, യഅഖൂബ് ഹസന്‍ തുടങ്ങിയ നേതാക്കൾ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. മലബാര്‍ പ്രദേശത്ത് സ്വാതന്ത്യസമരപ്രസ്ഥാനത്തിന് ശക്തി വദ്ധിച്ചകൊണ്ടിരുന്നു. ആലി മുസല്യാരുടെ നേതൃത്വത്തില്‍ മലബാറില്‍ ഖിലാഫത്ത് വളണ്ടിയര്‍മാര്‍ സ്വരാജിനുവേണ്ടിയുള്ള സമരത്തില്‍ ഗാന്ധിജിയുടെ നിസ്റ്റഹകരണ സംരംഭങ്ങളുമായി സഹകരിച്ചു. സമാധാനമാർഗ്ഗങ്ങളിലൂടെ സ്വാതന്ത്ര്യമെന്ന ഗാന്ധിയൻ ആദര്‍ശത്തില്‍ ഉറച്ചുനിന്നുകൊണ്ട്‌ ഖിലാഫത്ത് പ്രസ്‌ഥാനം ബ്രിട്ടീഷുകാരന്റെ അടിമത്തത്തിന്നെതിരെ ശക്തമായി ആഞ്ഞടിച്ചു.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങൾ കണ്ട് ബ്രിട്ടീഷ്‌ ഓഫീസര്‍മാർക്ക് ഹാലിളകി. കോണ്‍ഗ്രസ്‌- ഖിലാഫത്ത് വേദികളില്‍ പ്രസംഗിക്കുന്നത് വിലക്കിക്കൊണ്ട്‌ ആലി മുസ്‌ല്യാർക്ക് ബ്രിട്ടീഷ ഓഫീസര്‍മാര്‍ ഓര്‍ഡര്‍ നല്‍കി. ആലി മുസ്‌ല്യാര്‍ പ്രസംഗം നിര്‍ത്തിയില്ല. ബ്രിട്ടീഷ്‌ ഓഫീസര്‍മാർക്ക് കലി കയറി. അവര്‍ ഖിലാഫത്ത് യോഗങ്ങൾ കലക്കുകയും വളണ്ടിയര്‍മാരെ മർദ്ദിക്കുകയ്യം ചെയ്തു.

അവസാനം ആലിമുസ്‌ല്യാരെ പിടിക്കാന്‍വേണ്ടി തിരൂരങ്ങാടി വലിയപള്ളി പട്ടാളം വളഞ്ഞു. പള്ളിക്കകത്തു നിന്ന് ആദ്യം ആലി മുസ്‌ല്യാർ പുറത്തിറങ്ങിയില്ല. അപ്പോൾ പട്ടാളം പള്ളിക്ക്‌ വെടി വെച്ചു. പള്ളിയുടെ ഒരു മൂലക്കാണ് വെടി തട്ടിയത്‌. ആലിമുസ്‌ല്യാര്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങി. അയാളെ പോലീസ് അറസ്റ്റുചെയ്തു.

പട്ടാളം മമ്പുറം പള്ളിക്ക് വെടിവെച്ചുവെന്ന വാര്‍ത്ത മലബാറിലാകെ പ്രചരിച്ചു. പല പ്രദേശങ്ങളില്‍ നിന്നും തിരൂരങ്ങാടിയിലേക്ക്‌ ഖിലാഫത്ത് വളണ്ടിയര്‍മാര്‍ പ്രവഹിച്ചു. പലരെയും വഴിയില്‍വെച്ച് പട്ടാളം തടഞ്ഞു. സംഘട്ടനങ്ങളണ്ടായി. ഇരുഭാഗത്തുനിന്നും കുറേയാളുകൾ മരണപ്പെട്ടു. പലര്‍ക്കും പരിക്കുപറ്റി. പിന്നെ ഏതാനും ദിവസങ്ങളില്‍ മലബാറില്‍ പട്ടാളത്തിന്റെ നരനായാട്ടു തന്നെയായിരുന്നു. ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. പലരും മരിച്ചുവീണു. അവസാനം വെള്ളക്കാര്‍ ഈ ലഹളയെ അടിച്ചമര്‍ത്തി.

“*നിങ്ങൾക്കെതിരിലുള്ള കുറ്റമെന്തായിരുന്നു?”

കരുവാരക്കുണ്ടുകാരനായ മരക്കാരാക്ക വിശദീകരിച്ചു: ”ലഹളയോടനുബന്ധിച്ച് മാപ്പിളമാര്‍ പാണ്ടിക്കാട്ടെ പട്ടാളകേമ്പിനുള്ളിൽ കടന്നു യുദ്ധം ചെയ്തു. യുദ്ധത്തിൽ ഒരൊറ്റ ലഹളക്കാരും ബാക്കിയായിട്ടില്ലെന്നാണ് തോന്നുന്നത്. വെള്ളക്കാരുടെ പട്ടാളക്കാര്‍ അവരെയെല്ലാം കൊന്നു. പക്ഷെ, ഈ യുദ്ധത്തിന്റെ പേരില്‍ കരുവാരക്കുണ്ടിലെ പലരുടെയും പേരില്‍ കള്ളക്കേസുണ്ടാക്കി. പാണ്ടിക്കാട്‌ യുദ്ധത്തില്‍ പങ്കെടുക്കാത്ത എന്റെ പേരിലുള്ള കുറ്റവും ആ യുദ്ധത്തില്‍ പങ്കെടുത്തുവെന്നതായിരുന്നു.

പാണ്ടിക്കാട് യുദ്ധത്തിന്റെ പേരില്‍ പിടിക്കപ്പെട്ട ഞങ്ങൾ എണ്‍പതോളം പേരെ പാണ്ടിക്കാട്ടെ കേമ്പില്‍ കൊണ്ടുവന്നു. അവിടെ പത്ത്‌ നാനൂറ് ഗൂര്‍ഖാ പട്ടാളക്കാരുണ്ടായിരുന്നു. ഞങ്ങളെ എല്ലാവരെയും ഇരുത്തി. ഈരണ്ടുപേരെ വീതം ഓരോ ചങ്ങലകളില്‍ ബന്ധിച്ചു. പാണ്ടിക്കാട് യുദ്ധത്തിനോടനുബന്ധിച്ച്‌ ആറു ഹിന്ദുക്കളും കൊല്പപ്പെട്ടിരുന്നു.

ഈറ മൂത്ത ഏതാനും നായന്‍മാര്‍ വന്നു ഞങ്ങളോട്‌ പറഞ്ഞു: “ഇനി ഞങ്ങളാണ് നിങ്ങളടെ വീട്ടിലുള്ള ഉമ്മമാർക്ക് ഗർഭമുണ്ടാക്കുക; നിങ്ങൾ പോയി തുലയിന്‍”

കൈകാലുകൾ ചങ്ങലക്കിടപ്പെട്ടിരുന്ന ഞങ്ങൾ പറഞ്ഞു: “ഞങ്ങളടെ കൈയിലും കാലിലും ചങ്ങലയില്ലെങ്കില്‍ നിങ്ങൾക്കിത് പറയാൻ സാധിക്കുമോ?

ഞങ്ങൾക്ക് കാവല്‍നിന്നിരുന്ന ഗൂര്‍ഖാപട്ടാളക്കാര്‍ വന്നു എന്താണിവര്‍ പറയുന്നതെന്ന് ചോദിച്ചു. എക്സ്‌ മിലിട്ടറിക്കാരനായ ഒളകര സൈദ് എന്ന ലഹളക്കാരന് ഹിന്ദുസ്ഥാനി അറിയാമായിരുന്നു. അയാൾ പറഞ്ഞു. “ഈ കൂട്ടത്തില്‍ അവരുടെ കുറച്ച് ആളുകളണ്ട്‌. അവരെ സൂത്രത്തില്‍ ഇവര്‍ രക്ഷിക്കാം എന്നാണിവര്‍ പറയുന്നത്‌”

ആ വന്ന ഹിന്ദുക്കൾക്ക് പട്ടാളക്കാരില്‍ നിന്ന് കണ്ടമാനം കുത്തും ചവിട്ടും കിട്ടി. അവസാനം സൈദ് ചോദിച്ചു: **നിങ്ങൾക്കിനി ഊര പൊന്തുമോ?’?

“ഞങ്ങളെ പിന്നീട് കണ്ണൂര്‍ ജയിലിലേക്ക്‌ കൊണ്ടുപോയി,”

**ലഹള ഹിന്ദുക്കൾക്കെതിരായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടല്ലോ? പാണ്ടിക്കാട് യുദ്ധത്തില്‍ കുറച്ച് ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്ന് നിങ്ങളും പറയുന്നു. അപ്പോൾ 1921ലെ മലബാര്‍ ലഹള ഹിന്ദുക്കൾക്കെതിരിലുള്ള ലഹളയായിരുന്നോ’?”

തന്റെ വെളുത്ത താടി തടവിക്കൊണ്ട്‌ മരക്കാരാക്ക പറഞ്ഞു:

“സമരം തുടങ്ങിയതും തുടര്‍ന്നതും വെള്ളക്കാർക്കെതിരെയായിരുന്നു, പക്ഷെ, ലഹളക്കാരെ ഹിന്ദുക്കളം മുസ്‌ലിംകളുമായ ചില പ്രമാണിമാര്‍ ഒറ്റു കൊടുക്കാന്‍ തുടങ്ങി. അവര്‍ ബ്രിട്ടീഷുപക്ഷത്ത് ചേർന്ന് സമരക്കാർക്കെതിരെ പരാതികൾ കൊടുക്കാൻ തുടങ്ങി, അങ്ങനെ വെള്ളക്കാരുടെ മൂടുതാങ്ങികളായിരുന്ന, മുസ്‌ലിംകളെയും, ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയുമൊന്നും ലഹളക്കാര്‍ വെറുതെ വിട്ടിട്ടില്ല. എന്നാല്‍ ലഹളയെ സഹായിച്ച ഹിന്ദുക്കളെ അവര്‍ തന്നെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ലഹളയെ ഒറ്റുകൊടുത്തവരില്‍ പെട്ടവരായിരുന്നു പാണ്ടിക്കാട്ടെ കൊല്ലപ്പെട്ട ഹിന്ദുക്കൾ”

“കണ്ണൂര്‍ ജയിലില്‍നിന്ന്‌ നിങ്ങളെ നേരിട്ട്‌ അന്തമാനിലേക്ക്‌* നാടുകടത്തുകയാണോ ചെയ്തത്?”

“അല്ല, കണ്ണൂർ ജയിലില്‍ നിന്ന് ഞങ്ങളെ തൃശ്ശിനാപള്ളിയില്‍ കൊണ്ടുവന്നു. അവിടെ, കോൺഗ്രസ്സ് നേതാവായ യഅഖൂബ് ഹസനും ജയിലിലുണ്ടായിരുന്നു. അദ്ദേഹത്തോട്‌ പോലീസ്‌ പറഞ്ഞു: “കോണ്‍ഗ്രസ്സിനുവേണ്ടി പ്രവർത്തിക്കില്ലെന്ന് എഴുതിത്തന്നാല്‍ ഞങ്ങൾ നിങ്ങളെ വെറുതെ വിടാം”

യഅഖൂബ്‌ ഹസന്‍ മറുപടി പറഞ്ഞു: *’നിങ്ങൾ എന്നെ ഇവിടെ നിന്നു വിട്ടാൽ ഞാന്‍ ആദ്യം ചെയ്യുന്നത്‌ കോണ്‍ഗ്രസ് യോഗത്തില്‍ പ്രസംഗിക്കുകയായിരിക്കും. പിന്നീടേ ഞാന്‍ വീട്ടിലേക്ക് പോവുകയുള്ളൂ”

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സില്‍ നിൽക്കുന്നു,

തൃശ്ശിനാപ്പള്ളിയില്‍ നിന്ന് ‌ഞങ്ങളെ ബല്ലാരി ജയിലിലേക്ക്‌ കൊണ്ടുപോയി. അവിടെയും രണ്ടുമൂന്നുമാസം ഞങ്ങൾ കിടന്നു. 1922 എട്ടാം മാസത്തിലാണ്‌ (ആഗസ്റ്റ്) ബെല്ലാരിയില്‍ നിന്ന്‌ ഞങ്ങളുടെ കേസ്സ് വിധി പറഞ്ഞത്‌. ജീവപര്യന്തം നാടുകടത്താനായിരുന്നു വിധി. അങ്ങിനെ ആ കൊല്ലം തന്നെ ഡിസംബറില്‍ ഞങ്ങളെ നൂറോളം പേരെ കപ്പല്‍ കയറ്റി അന്തമാനിലേക്ക്‌ കൊണ്ടുവന്നു”

“അന്തമാനില്‍ നിങ്ങൾ എത്തിയപ്പോഴുള്ള ഇവിടുത്തെ അവസ്ഥയെന്തായിരുന്നു?”

“ഇവിടെ നാട്ടുകാരെന്നു പറയാന്‍ വളരെ കുറച്ച് ആളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ശിക്ഷക്ക് വിധിക്കപ്പെട്ട് നാടുകടത്തപ്പെട്ട തടവുകാരായിരുന്നു അധികവും. ഇവിടെ, സെല്ലുലാര്‍ ജയിലില്‍ മൂന്നു മാസം പാര്‍പ്പിച്ചു. ജയില്‍വാസികളെക്കൊണ്ടായിരുന്നു ഗവണ്‍മെന്‍റ്‌ ജോലികളെല്ലാം ചെയ്യിച്ചിരുന്നത്‌, അന്ന് ഇവിടെ മിക്കവാറും കാടായിരുന്നു, അതു വെട്ടിത്തെളിച്ച് നാടാക്കിയത് ശിക്ഷക്കാരാണ്‌. മണ്ണാര്‍ക്കാട്‌, മലപ്പുറം, മഞ്ചേരി, തുടങ്ങിയ ബസ്തി (വില്ലേജ്‌)കൾ മുഴുവന്‍ വെട്ടിത്തെളിച്ച് നാടാക്കി മാറ്റിയത് ഞങ്ങളിൽപ്പെട്ടവരായിരുന്നു. കരുവാരക്കുണ്ടില്‍ കുടുംബക്കാരില്‍ പലരും ജീവിച്ചിരിക്കുന്ന മാട്ടുമ്മല്‍ മരക്കാരാക്ക അവസാനമായി തന്റെ സങ്കടം പറഞ്ഞു.

“കേരളത്തില്‍ നിന്ന് പല നേതാക്കളും ഇവിടെ വന്നിരുന്നു. ഈയടുത്ത്‌ ബനാത്ത്‌വാല എംപിയും ഇ. അഹമ്മദ് സാഹിബുമെല്ലാം വന്നിരുന്നു, പക്ഷെ, ഇതുവരെ കേരളത്തില്‍ ലഹളക്കാരില്‍ ജീവിച്ചിരിക്കുന്നവർക്ക് കൊടുക്കുന്ന പോലെ ഒരൊറ്റ പൈസപോലും എനിക്ക്‌ കിട്ടിയിട്ടില്ല. എന്താണാവോ കാരണം?”

സ്വാതന്ത്ര്യസമരത്തിന്റെ പേരിൽ വർഷം തോറും ആയിരങ്ങൾ ചെലവാക്കുന്നവരുടെ മുമ്പിലേക്ക് സങ്കടകരമായ ഒരു ചോദ്യമെറിഞ്ഞുകൊണ്ട് തൊണ്ണൂറുകളിലും സ്ഫുടമായി സംസാരിക്കുന്ന ആ സ്വാതന്ത്ര്യസമരസേനാനി തന്റെ സംസാരം നിർത്തി. ആ ചോദ്യത്തിന് ഉത്തരം നൽകാൻ നമുക്കാവുമോ?

നെച്ഛീല കുഞ്ഞീതു കാക്ക, മരക്കാരാക്കയിൽ നിന്നും തികച്ചും വൃത്യസ്ഥനാണ്‌. കറുത്തു കുറിയ ആ എണ്‍പത്തഞ്ചുകാരന് കാഴ്ച ശക്തിയും വളരെ കുറവാണ്‌. എങ്കിലും, വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ആ അനുയായിക്ക് ഇന്നും പതിനെട്ടിന്റെ വീറും ഉര്‍ജ്ജസ്വലതയുമുണ്ട്‌.

അങ്ങാടിയില്‍നിന്നും വളരെ ദുരെയല്ലാത്ത കുഞ്ഞിതുകാക്കാന്റെ വീട്ടിലെത്തി, ഞങ്ങൾ സലാം ചൊല്ലി. സലാം മടക്കി ഇരിക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മകളടെ മരുമകന്‍ മുഹമ്മദലി ഞങ്ങളെ പരിചയപ്പെടുത്തി. ജപ്പാന്‍കാലത്ത് അന്തമാനിലുണ്ടായിരുന്ന എന്റെ പിതാവിനെക്കറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം വാചാലനായി. ജപ്പാന്‍ കാലത്തെ സംഭവവികാസങ്ങളെ സംബന്ധിച്ച്‌ അദ്ദേഹം വാതോരാതെ സംസാരിച്ചു. പട്ടിണിയും വറുതിയും നിലനിന്നിരുന്ന മൂന്നര വര്‍ഷക്കാലം. ഭക്ഷിക്കുവാന്‍ അരിയോ ഉടുക്കവാന്‍ തുണിയോ കിട്ടാനില്ലാത്ത നീണ്ട മൂന്നരവര്‍ഷം. അന്തമാന്‍കാരെ ബോട്ടില്‍ കൊണ്ടുപോയി നടുക്കടലില്‍വെച്ച്‌ മുക്കിക്കൊന്ന ജപ്പാന്‍കാര്‍, ഇങ്ങനെ ജപ്പാന്‍കാലത്തെ കഥകൾ അദ്ദേഹം വിശദീകരിച്ചു.

സംസാരം തുടര്‍ന്നു പോകുന്ന അദ്ദേഹത്തെ വിഷയത്തിലേക്ക്‌ കൊണ്ടുവരാന്‍വേണ്ടി ഞാൻ ചോദിച്ചു: “1921ലെ മാപ്പിള ലഹളയില്‍ പങ്കെടുത്തതിന് നാടുകടത്തപ്പെട്ടതാണ്‌ നിങ്ങൾ അല്ലേ?”

അദ്ദേഹത്തിന്റെ മുഖം ചുവന്നു, കണ്ണുകളില്‍ തീപ്പൊരി പാറി. ഇരുന്ന കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റ് എന്റെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു.

“മാപ്പിളലഹളയോ, .. അല്ല, ബ്രിട്ടീഷ് ലഹള. നിങ്ങൾ എന്താണ്‌ വിചാരിച്ചത്‌ ? 1921ല്‍ കേരളത്തില്‍ നടന്നത് മാപ്പിളലഹളയല്ല, ഇംഗീഷ്‌ ലഹളയാണ്‌. ഇനി മേലാല്‍ മാപ്പിള ലഹളയെന്നു പറയരുത്‌”,

അദ്ദേഹത്തിന് കണ്ണുകാണാത്തതിനാല്‍ ഒരു അടിയില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടു. 1921ലെ മലബാര്‍ ലഹളയില്‍ പങ്കെടുത്ത ധീരനായ ആ ‘തീവ്രവാദി’ മലബാറിന്റെ മക്കൾ നടത്തിയ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രകഥനമാരംഭിച്ചു.

“എന്തായിരുന്നു നിങ്ങൾ പറഞ്ഞ ഇംഗ്ലീഷ്‌ ലഹള തുടങ്ങാൻ കാരണം ?” മാപ്പിളലഹളയെന്ന് പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു.

അദ്ദേഹം പറയാനാരംഭിച്ചു: “വെള്ളക്കാര്‍ ഇന്ത്യയെ ഭരിച്ചുതുലച്ചു. ആവശൃത്തിന് സ്‌കൂളുകളോ ആശുപത്രികളോ ഇല്ല. ഇന്ത്യക്കാരോട്‌ അവര്‍ പട്ടികളെപ്പോലെ പെരുമാറി. ഉയര്‍ന്ന ഉദ്യോഗങ്ങളിലെല്ലാം ഇംഗ്ലീഷുകാരെ മാത്രം അവര്‍ നിയമിച്ചു. വെള്ളക്കാരനുവേണ്ടി ചാവാനുള്ള പട്ടാളത്തിലെ താഴ്ന്ന ജോലികൾ മാത്രം ഇന്ത്യക്കാർക്ക് നല്‍കി. അതില്‍തന്നെ വെള്ളക്കാരായ പട്ടാളക്കാർക്ക് കൊടുക്കുന്നതിലും വളരെ കുറച്ച്‌ ശമ്പളം മാത്രം ഇന്ത്യക്കാർക്ക് അവര്‍ നൽകി. എല്ലാ കാര്യങ്ങളിലും ഇന്ത്യക്കാരോട്‌ അവര്‍ ചിറ്റമ്മ നയം കൈകൊണ്ടു. ഇന്ത്യക്കാര്‍ സഹിച്ചു. ക്ഷമിച്ചു.

അവസാനം ഇന്ത്യക്കാര്‍ പ്രതികരിച്ചു. രാജ്യം ഞങ്ങൾക്ക് ‌വേണമെന്ന് അവര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഹിന്ദുക്കളം മുസ്‌ലിംകളുമായ സേട്ടുമാർ (പണക്കാർ) മുന്നില്‍ അണിനിരന്നു; സാധാരണക്കാര്‍ പിന്നിലും. വെള്ളക്കാരോട്‌ ഒരു രംഗത്തും സഹകരിക്കില്ലെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. ചുങ്കം കൊടുക്കാന്‍ ഞങ്ങൾ തയ്യാറായില്ല. ഖിലാഫത്ത്- കോണ്‍ഗ്രസ്സ് കമ്മറ്റികൾ ഒറ്റക്കെട്ടായി വെള്ളക്കാരനെ ആട്ടിയോടിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

മലബാറില്‍ എല്ലാ പ്രദേശത്തും ഖിലാഫത്ത് കമ്മറ്റികൾ നിലവില്‍വന്നു. പൊതുയോഗങ്ങൾ നടന്നു. കാളികാവിലെ ഖിലാഫത്ത് കമ്മറ്റിയില്‍ മെമ്പറായപ്പോൾ എനിക്ക്‌ പതിനെട്ട്‌ വയസ്സോളം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഖിലാഫത്ത് വളണ്ടിയര്‍മാര്‍ വെള്ളക്കാരെ ഇന്നാട്ടിൽനിന്ന് കെട്ടുകെട്ടിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഖിലാഫത്ത്‌ പ്രവര്‍ത്തനങ്ങൾ ശക്തിപ്രാപിക്കുന്നതിനനുസരിച്ച്‌ ബ്രിട്ടീഷ് ഓഫീസര്‍മാരുടെ മർദ്ദനങ്ങൾ വദ്ധിച്ചുവന്നു. പലരെയും ജയിലിലിട്ടു; ഖിലാഫത്ത്‌ പൊതുയോഗങ്ങൾ കലക്കി. നേതാക്കന്മാരുടെ പേരില്‍ കളളക്കേസുണ്ടാക്കി അവരെ അറസ്‌റ്റുചെയ്തു. പക്ഷെ, വെള്ളക്കാര്‍ക്കെതിരെയുള്ള സമരം നിന്നില്ല. യുദ്ധം തുടര്‍ന്നു കൊണ്ടിരുന്നു.

“ആലിമുസ്ല്യാരുടെ അറസ്റ്റാണ് ലഹള തുടങ്ങാൻ കാരണമെന്ന് പറയുന്നുണ്ടല്ലോ? അതു ശരിയാണോ?”

“ആലി മുസ്ല്യാരെ അറസ്‌റ്റു ചെയ്യുന്നതിനു മുമ്പും മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ നടന്നിട്ടുണ്ട്‌. പക്ഷെ, മുസ്ല്യാരുടെ അറസ്‌റ്റും പള്ളിക്ക് ബ്രിട്ടീഷുകാര്‍ വെടിവെച്ചതും എരിയുന്ന തീയില്‍ എണ്ണയൊഴിച്ചതുപോലെയായി. മലബാറില്‍ മുഴുവന്‍ കലാപങ്ങളണ്ടായി. ബ്രിട്ടീഷുകാര്‍ക്ക് ലഹള അടിച്ചമര്‍ത്താന്‍ സാധിച്ചില്ല. കലാപം ആളിക്കത്തി. പല ബ്രിട്ടീഷ്‌ ഓഫീസുകളും നശിപ്പിച്ചു. കുറേ വെളളപ്പട്ടാളത്തെ കൊന്നു”

*“നിങ്ങൾക്കെതിരിലുള്ള കുറ്റമെന്തായിരുന്നു?’

**കാളികാവിലെ ഖിലാഫത്ത് വളണ്ടിയറായിരുന്നു ഞാന്‍. പല സ്ഥലങ്ങളിലും നടന്ന കലാപങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടണ്ട്‌. അന്നു യുദ്ധങ്ങളില്‍, ബ്രിട്ടീഷുകാര്‍ ഞങ്ങളെയും ഞങ്ങൾ ബിട്ടീഷുകാരെയും വെടിവെച്ചു. ആയിരക്കണക്കിന് ബ്രിട്ടീഷ് പട്ടാളത്തെ ഞങ്ങൾ കൊന്നിട്ടുണ്ട്‌. രാവിലെ 8 മണിക്ക്‌ തുടങ്ങിയ നിലമ്പൂര്‍ യുദ്ധം അവസാനിച്ചത് ഉച്ചക്ക്‌ 2 മണിക്കായിരുന്നു. അതില്‍ നമ്മുടെ കൂടെയുണ്ടായിരുന്ന ഒരു വളണ്ടിയര്‍ ഒറ്റ വെടിക്ക്‌ നാല് വെള്ളപ്പട്ടാളത്തെയാണ്‌ കൊന്നത്‌. ആ യുദ്ധത്തില്‍ നമമുടെ ഭാഗത്തുനിന്ന് ആരും മരിച്ചില്ല . കുറേ വെള്ളക്കാര്‍ മരിച്ചു. നമ്മിൽ ചിലര്‍ക്ക്‌ പരിക്കു പറ്റി.

കല്ലാമൂലയില്‍ വെച്ചുണ്ടായ യുദ്ധം തുടങ്ങിയത്‌ വൈകുന്നേരം നാലുനാലര മണിക്കാണ്. അവിടെ രാവിലെ നാലുമണിക്കു പട്ടാളം വന്നു. ഞങ്ങൾ പിന്നിലുള്ള തോട്ടിലുടെ മലയിലേക്ക് കയറി. അവിടെ നിന്ന് വെടിവെച്ചു. അതില്‍ പട്ടാളക്കാര്‍ക്ക് കുറേയധികം നഷ്ടങ്ങളണ്ടായി. കുറേ പട്ടാളക്കാർക്ക് പരിക്കുപറ്റി. നമ്മുടെ കൂടെനിന്ന് ഒരാൾ മാത്രമാണ് അന്നു മരിച്ചത്‌.

കാളികാവില്‍ പട്ടാളം വന്നു. കുറേ ആണുങ്ങളെയും പെണ്ണുങ്ങളെയും കുട്ടികളെയും കണ്ണില്‍ ചോരയില്ലാതെ അവര്‍ കൂട്ടക്കൊല നടത്തി. കന്നുകാലികളെപ്പോലും അവര്‍ വെറുതെ വിട്ടില്ല. ആ യുദ്ധത്തിലാണ് ഞാന്‍ പിടിക്കപ്പെട്ടത്‌.

“വെള്ളക്കാര്‍ക്കെതിരെ യൃദ്ധം ചെയ്തുവെന്നതായിരുന്നു ഞങ്ങളുടെ പേരിലുള്ള കുറ്റം”

“മലബാര്‍ കലാപം മാപ്പിളമാര്‍ ഹിന്ദുക്കൾക്കെതിരെ നടത്തിയ ലഹളയായിരുന്നെന്ന് പറയപ്പെടുന്നുണ്ടല്ലോ. ഇതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം?”

“അത്‌ വെള്ളക്കാരും കുറേ കരിങ്കാലികളായ ഹിന്ദുക്കളും പറഞ്ഞുണ്ടാക്കിയ കള്ളക്കഥയാണ്. ഹിന്ദുക്കളെ ഞങ്ങൾ കൊന്നിട്ടുണ്ട്‌. മുസ്ലിംകളെയും കൊന്നിട്ടുണ്ട്‌. കാരണം, അവര്‍ ഞങ്ങളെ ഒറ്റുകൊടുത്തതായിരുന്നു. അവര്‍ ഞങ്ങളെ എടങ്ങേറാക്കി. വെള്ളപ്പട്ടാളത്തിന് ഞങ്ങൾ ഒളിച്ചിരുന്ന പ്രദേശങ്ങൾ കാണിച്ചുകൊടുത്തു. പിന്നെ ഞങ്ങൾ അവരെ കൊല്ലുകയേ ഉള്ളോ? നിങ്ങളാണെങ്കില്‍, ഇങ്ങനെ ചെയ്താല്‍ അങ്ങനെയുള്ളവരെ കൊല്ലില്ലേ?”

ഈ സമരത്തില്‍ ആദ്യം ഹിന്ദുക്കളുമുണ്ടായിരുന്നു. ഹിന്ദുപ്രമാണിമാരാണ് ബിട്ടീഷുകാര്‍ക്കെതിരെ തിരിയാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്‌. പക്ഷെ, യുദ്ധം മൂർച്ഛിച്ചപ്പോൾ അവര്‍ പിന്മാറി. അവര്‍ ഞങ്ങളെ ഒറ്റുകൊടുക്കാനും തുടങ്ങി. അല്ലെങ്കിലും ഹിന്ദുക്കൾക്ക് ഉശിരില്ലല്ലോ? ആയിരത്തിലധികം വരുന്ന സായുധരായ മുശ്രിക്കുകളോട് 313 പേര്‍ യുദ്ധം ചെയ്തു ജയിച്ച പാരമ്പര്യമല്ലേ നമ്മൾക്കുള്ളത്. നമ്മൾ നിന്നു പൊരുതി. അടിപതറാതെ വെള്ളക്കാരനെ കെട്ടുകെട്ടിക്കാന്‍ നാം നിന്നു പൊരുതിയപ്പോൾ ഹിന്ദുക്കൾ വെള്ളക്കാരന്റെ എച്ചിലുകൾക്കായി നമ്മെ ഒറ്റുകൊടുത്തു. പിന്നെ അവരെ നാം കൊല്ലകയല്ലാതെ പൊന്നാരിക്കുകയാണോ വേണ്ടത്? തുവ്വൂരിലെ നാല്പതോളം ഹിന്ദുക്കള ഒരൊറ്റ മാപ്പിളയാണ്‌ കൊന്നു കിണറ്റിലിട്ടത്‌, അവർ നാല്പത് ആളുകളും വെള്ളക്കാരന്റെ കൂടെനിന്ന് നമ്മെ എടങ്ങാറാക്കിയവരായിരുന്നു.”

ഗാന്ധിയന്‍ അഹിംസാ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നയാളല്ല കുഞ്ഞീതുകാക്ക. ഭാരതത്തിന്റെ മക്കൾ പടപൊരുതിയത് കൊണ്ട്‌ ലഭിച്ചതാണ്‌ സ്വാതന്ത്യം എന്നു കരുതുന്നയാളാണദ്ദേഹം, സംസാരമധ്യേ ഗാന്ധിജിയെ പരാമര്‍ശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:

“ഗാന്ധിജിയുടെ ഒരു മുഖത്തടിച്ചാല്‍ മറേറ മുഖവും കാണിച്ചുകൊടുക്കുകയെന്ന നയവുമായി നടന്നിരുന്നുവെങ്കില്‍ ഇന്നും സ്വാതന്ത്ര്യം കിട്ടുകയില്ലായിരുന്നു. അഹിംസാ സിദ്ധാന്തം കൊണ്ടൊന്നുമല്ല സ്വാതന്ത്ര്യം കിട്ടിയത്‌. അഹിംസയില്ലായിരുന്നുവെങ്കില്‍ 1921ല്‍ തന്നെ നാട്‌ നമുക്ക്‌ കിട്ടുമായിരുന്നു. അത്‌ പിടിച്ചു വാങ്ങാൻ പറ്റിയ ചുണയുള്ള നല്ല നല്ല ആണ്‍കുട്ടികൾ അന്നുണ്ടായിരുന്നു, ഷൗക്കത്തലിയും മുഹമ്മദലിയുമെല്ലാം സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ ചുണക്കുട്ടികളായിരുന്നു”

“നിങ്ങൾ അന്തമാനില്‍ വന്നപ്പോൾ ഇവിടത്തെ അവസ്ഥയെന്തായിരുന്നു?”

“ബെല്ലാരി ജയിലില്‍ മൂന്നുമാസം ശിക്ഷിച്ച ശേഷമാണ് ഞങ്ങളെ അന്തമാനിലേക്ക് കപ്പല്‍ കയറ്റിയത്‌. ഇവിടെ വന്നപ്പോൾ മുഴുവന്‍ കാടായിരുന്നു. ഞങ്ങൾ ശിക്ഷക്കാരാണ് അത് കൊത്തിക്കിളച്ച്‌ നന്നാക്കിയത്‌. ഇവിടെ വിമ്പര്‍ലിഗഞ്ചില്‍ ആകെ കുറച്ച്‌ വീതിയുള്ള ഇടവഴി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഇന്ന് വിംബര്‍ലിഗഞ്ച് പുരോഗമിച്ചു. ഇതിനു പിന്നില്‍ ഞങ്ങളുടെ അദ്ധ്വാനമാണുള്ളത്. അന്തമാനിലെ ഏറ്റവും വലിയ കളിസ്ഥലമായ ജിംഖാനഗ്രണ്ട് നിര്‍മ്മിച്ചതും ഞങ്ങളാണ്. ഞങ്ങൾ അന്ന് അദ്ധ്വാനിച്ചുണ്ടാക്കിയതിന്റെ ഫലം ഇന്നത്തെ ‘മടിയന്‍മാർ’ അനുഭവിക്കുന്നു.

“ഇവിടെ എത്തിയപ്പോൾ ഭയങ്കര വറുതിയായിരുന്നു. ഒരു സേര്‍ അരി കിട്ടണമെങ്കില്‍ അന്നത്തെ രണ്ടര രൂപ കൊടുക്കണം അതുതന്നെ കിട്ടാനു മില്ല. ഞങ്ങൾ പഴംകഞ്ഞി കുടിച്ചിട്ടാണ് ജീവിച്ചത്‌. സ്വാതന്ത്രത്തിനുവേണ്ടി സമരം ചെയ്ത ഞങ്ങൾ ഇവിടെ ദുരിതമനുഭവിക്കുകയായിരുന്നു. നാട്ടിലുള്ളവർ സുഖിക്കുകയുമായിരുന്നു. നാട്ടിലുള്ള സ്വാതന്ത്ര്യസമര ഭടന്‍മാർക്ക് കിട്ടുന്ന സാമ്പത്തിക സഹായങ്ങളൊന്നും ഞങ്ങൾക്ക് കിട്ടുന്നുമില്ല. എനിക്ക് അതുവേണമെന്നുമില്ല, സഹായം കിട്ടുമെന്ന് കരുതിയിട്ടൊന്നുമല്ലല്ലോ ഞങ്ങൾ യുദ്ധം ചെയ്തത്.

ഇവിടെവന്ന് കുറച്ചുകാലം കഴിഞ്ഞപ്പോൾ പഞ്ചാബികളുടെ അക്രമങ്ങളുമുണ്ടായി. വലിയ വലിയ മനുഷ്യന്‍മാരായ പഞ്ചാബികളുടെ കുറേ തല്ലു കൊണ്ടിട്ടുണ്ട്‌. ക്രൂരന്‍മാരായ അവരായിരുന്നു ഇവിടെ അടക്കി വാണിരുന്നത്‌. അവര്‍ മറ്റുള്ളവരെ തല്ലിക്കൊല്ലുകയായിരുന്നു.”

അദ്ദേഹം പറഞ്ഞുനിര്‍ത്തി. സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ മുങ്ങുവാന്‍ തയ്യാറെടുത്തു. ഞങ്ങൾ യാത്ര പറഞ്ഞു. ഞാന്‍ പറഞ്ഞു:

“ഇനിയും കുറേ കാര്യങ്ങൾ സംസാരിക്കണമെന്നുണ്ട്. വീണ്ടും വരാം”

കൈകൊണ്ട്‌ എന്റെ നേരെ തപ്പിത്തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു.

“വീണ്ടും വരുന്നതെല്ലാം തരക്കേടില്ല. പക്ഷേ, മാപ്പിള ലഹളയെന്ന് പറഞ്ഞ്‌ ഇങ്ങോട്ട്‌ വരരുത്‌. ഞങ്ങൾ പങ്കെടുത്തതും നാടുകടത്തപ്പെട്ടതും ‌ ബ്രിട്ടീഷ്‌ ലഹളയിലാണ്. വെള്ളക്കാരും ഹിന്ദുക്കളില്‍ ചിലരും പറഞ്ഞുണ്ടാക്കിയതാണ് ‘മാപ്പിളലഹള’ യെന്ന്. നിങ്ങളും അതേറ്റു പറയുന്നു, ‘മാപ്പിള ലഹള’യെന്ന്. സത്യം പറയാന്‍ നിങ്ങൾക്കെല്ലാം പേടിയാണ്‌. എന്തിനു പേടിക്കണം? ആരെ പേടിക്കണം? അല്ലാഹുവിനെയല്ലാതെ. നിങ്ങൾ ഉറക്കെപ്പറയി൯’. 1921ല്‍ നടന്നത്‌ ‘മാപ്പിളലഹള’യല്ല “ബ്രിട്ടീഷ്‌ ലഹള’യാണ് എന്ന്

ഭാരതത്തിലെ കണ്ണും കാതുമുള്ള ചരിത്രകാരന്മാരോട്‌, കണ്ണിന്റെയും കാതിന്റെയും ശക്തി ക്ഷയിച്ചുതീരാറായ ആ സ്വാതന്ത്രസമരസേനാനിയുടെ ആഹ്വാനം കേട്ട് മടങ്ങുമ്പോൾ എഴുതപ്പെട്ട ചരിത്രഗ്രന്ഥങ്ങളില്‍നിന്നും പണക്കൊതി മാത്രം ലക്ഷ്യമാക്കിയുള്ള ചലച്ചിത്രങ്ങളില്‍നിന്നും ലഭിക്കുന്നതിനേക്കാളധികം ചരിത്രവിവരങ്ങൾ ലഭിച്ച അനുഭവമായിരുന്നു ഞങ്ങൾക്ക്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.