
സെല്ലുലാർ ജയിൽ ബോധ്യപ്പെടുത്തിയ സ്വാതന്ത്ര്യത്തിന്റെ മൂല്യം! (1)
1985 ൽ മുജാഹിദ് വിദ്യാർത്ഥി സംഘടന നടത്തിയ ‘വർഗ്ഗീയത വളർത്തുന്ന പാഠപുസ്തകങ്ങൾക്കെതിരെ’ എന്ന കാമ്പയിനോടനുബന്ധിച്ചുള്ള പ്രഭാഷണങ്ങൾക്കും എഴുത്തുകൾക്കും വേണ്ടി മലബാർ മാപ്പിളമാരുടെ സ്വാതന്ത്ര്യദാഹത്തെയും പോർച്ചുഗീസുകാരുടെ മുതൽ ബ്രിട്ടീഷുകാരുടെ വരെ അധിനിവേശങ്ങൾക്കെതിരെ അവർ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും വിശദമായി വായിക്കാൻ അവസരം ലഭിച്ച കാലം മുതലേ മനസ്സിൽ പതിഞ്ഞ നാമമാണ് സെല്ലുലാർ ജയിൽ. അന്തമാനിനെക്കുറിച്ച് ഉപ്പയിൽ നിന്നും അവിടെയുള്ള കുടുംബക്കാരിൽ നിന്നും കുറെയെല്ലാം മനസ്സിലാക്കിയിരുന്നുവെങ്കിലും സെല്ലുലാർ ജയിലിനെക്കുറിച്ച് അറിയാൻ തുടങ്ങുന്നത് കാമ്പയിനിന് വേണ്ടിയുള്ള പഠനത്തോട് കൂടിയാണ്.
നാട് കടത്തപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളെ പാർപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ജയിലിനെക്കുറിച്ചും അതിലെ ഭീകരമായ ശിക്ഷാമുറകളെക്കുറിച്ചും വായിക്കുമ്പോൾ ഒരിക്കലും തന്നെ അത് കാണാനോ പുസ്തകങ്ങളിൽ വായിച്ച കാര്യങ്ങളുടെ നിജസ്ഥിതി നേരിൽ മനസ്സിലാക്കുവാനോ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. അന്തമാനിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ മുതൽ തന്നെ സെല്ലുലാർ ജയിൽ കാണാൻ കഴിയുമെല്ലോയെന്ന സന്തോഷം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്തമാനിലെത്തിയ ശേഷം ആദ്യമായി സന്ദർശിച്ച സ്ഥലങ്ങളിലൊന്ന് സെല്ലുലാർ ജയിലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച് അതിന്റെ മടിത്തട്ടിൽ ജനിച്ച് ജീവിച്ച് വളരാൻ അവസരം ലഭിച്ച നാമെല്ലാം എത്രത്തോളം ഭാഗ്യവാന്മാരാണെന്ന് മനസ്സിലാവുക സെല്ലുലാർ ജയിലിനെപ്പോലെയുള്ള പീഡനകേന്ദ്രങ്ങൾ സന്ദർശിക്കുമ്പോഴാണ്.
ചരിത്രവായനയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സെല്ലുലാർ ജയിൽ ഹൃദയത്തിലേക്ക് കടന്നത് 1988 ൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന 1921 എന്ന സിനിമയുടെ തിരക്കഥ വായിച്ചതോടെയാണ്. ടി. ദാമോദരൻ കഥ എഴുതി ഐ.വി ശശി സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ തിരക്കഥ സംഘടിപ്പിച്ച് വായിച്ചു; ഏതോ സിനിമാ മാസികയിൽ നിന്നാണ് വായിച്ചതെന്നാണ് ഓർമ്മ. മതപരമായ സാഹചര്യങ്ങളിൽ വളർന്നതുകൊണ്ടും സിനിമാവിഷയത്തിൽ ഉപ്പയും ഉമ്മയുമെല്ലാം വളരെ കർക്കശക്കാരായിരുന്നതിനാലും തിയേറ്ററിൽ പോയി സിനിമ കാണുന്ന പതിവുണ്ടായിരുന്നില്ല. വിദ്യാർത്ഥികളെ മൊത്തത്തിൽ സ്‌കൂളിൽ നിന്ന് കൊണ്ട്പോകുന്ന സിനിമകൾക്ക് പോകാൻ പോലും വീട്ടിൽ നിന്ന് സമ്മതം ലഭിക്കാറുണ്ടായിരുന്നില്ല; കാണൽ നിർബന്ധമാണമെങ്കിൽ അധ്യാപകരാരെങ്കിലും ഉപ്പാക്ക് എഴുത്ത് കൊടുത്തയക്കണമെന്ന സ്ഥിതിയാണുണ്ടായിരുന്നത്. അതുകൊണ്ട്, എന്റെ ബാല്യകൗമാരങ്ങൾ സിനിമാഭ്രാന്തിൽ നിന്ന് സുരക്ഷിതമായിരുന്നു. എന്നാൽ, ചർച്ച ചെയ്യപ്പെടുന്ന സിനിമകളുടെ തിരക്കഥ എങ്ങനെയെങ്കിലും സംഘടിപ്പിച്ച് വായിക്കുന്ന സ്വഭാവം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. സാമൂഹ്യപ്രസക്തമെന്ന് ആനുകാലികങ്ങളിൽ നിന്ന് മനസ്സിലാകുന്ന സിനിമകളുടെ തിരക്കഥകൾ വായിക്കാൻ ബിരുദകാലത്ത് സമയം കണ്ടെത്തുമായിരുന്നു. അങ്ങനെ വായിച്ച സിനിമാതിരക്കഥകളിലൊന്നായിരുന്നു 1921; അന്നത്തെ ബിഗ്ബജറ്റ് സിനിമകളിലൊന്നായിരുന്നു അത്.
ഖാദർ എന്ന മമ്മൂട്ടി കഥാപാത്രത്തിലൂടെയും ഉണ്ണികൃഷ്ണൻ എന്ന സുരേഷ് ഗോപി കഥാപാത്രത്തിലൂടെയും മലബാർ സമരത്തിന്റെ കഥ പറയുന്ന 1921 സിനിമയുടെ തിരക്കഥയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി അഭിനയിച്ച ടി. ജി. രവിയുടെയും ആലി മുസ്ല്യാരായി അഭിനയിച്ച മധുവിന്റെയും സംഭാഷണങ്ങളിൽ അന്തമാനും സെല്ലുലാർ ജയിലുമെല്ലാം കടന്നുവരുന്നുണ്ടെന്നാണ് ഓർമ്മ. തിരക്കഥ വായിക്കുന്നത് അന്തമാൻ യാത്രക്ക് ദിവസങ്ങൾക്ക് മുമ്പാണ്. സൗദി അറേബ്യയിൽ നിന്ന് ഇന്ത്യ വാടകക്കെടുത്ത നജ്ദ് രണ്ട് കപ്പലിലെ മദ്രാസിൽ നിന്ന് പോർട്ട് ബ്ലയറിലേക്കുള്ള രണ്ടര ദിവസങ്ങളിലെ യാത്രയിലുടനീളം മനസ്സിലുണ്ടായിരുന്നത് അന്തമാനിനെയും സെല്ലുലാർ ജയിലിനെയും കുറിച്ച് വായിച്ച ചരിത്രങ്ങളും സിനിമാ ഡയലോഗുകളുമായിരുന്നു; ഏതൊരു ദേശസ്നേഹിയെയും ആവേശപ്പെടുത്തുന്ന ചരിത്രം; ആ ചരിത്രത്തെ ഹൃദയസ്പൃക്കാക്കുന്ന ഡയലോഗുകൾ !!!
കപ്പൽ യാത്രയിൽ അന്തമാനിനെയും സെല്ലുലാർ ജയിലിനെയും കുറിച്ച് ആവർത്തിച്ച് ഓർക്കുവാൻ പ്രത്യേകമായ ഒരു കാരണം കൂടിയുണ്ട്. ഡിസംബറിൽ നടക്കാനിരിക്കുന്ന ഒന്നാം എംഎസ്എം സംസ്ഥാനസമ്മേളനത്തിന്റെ സുവനീറിൽ എഴുതേണ്ട ലേഖനത്തെക്കുറിച്ച ചിന്തയായിരുന്നു അത്. ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അഡ്വൈസറും എംഎ അസീസ് സാഹിബ് ചെയർമാനും എൻവി ഇസ്മായിൽ കൺവീനറുമായിരുന്ന സുവനീറിന്റെ പത്രാധിപസമിതിയിൽ ഞാനുമുണ്ടായിരുന്നു. അന്തമാനിൽ എത്തിയിട്ട് ഒരു നല്ല ലേഖനമെഴുതി അയക്കാമെന്ന വ്യവസ്ഥയിലാണ് എംഎസ്എം നേതൃത്വം അന്തമാൻ യാത്രയ്ക്ക് പകുതി സമ്മതം മൂളിയത്; അവിടുത്തെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് എഴുതണമെന്നായിരുന്നു എന്റെ ആഗ്രഹം. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തനരംഗത്ത് സജീവമായിരുന്നതിനാൽ സമ്മേളനം വരെയെങ്കിലും നാട്ടിലുണ്ടാകണമെന്നായിരുന്നു എംഎസ്എം നേതൃത്വത്തിന്റെ നിർബന്ധം. എന്നാൽ അന്തമാനിലേക്ക് ഉടനെത്തന്നെ പുറപ്പെടണമെന്നാണ് എപിയും അവിടെ നിന്ന് വന്നവരും ആവശ്യപ്പെട്ടത്. ഒടുവിൽ, നാല് മാസങ്ങൾക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന് നാട്ടിൽ പോരാൻ അനുവദിക്കണമെന്ന വ്യവസ്ഥയിൽ അവരോടൊപ്പം അന്തമാനിലേക്ക് അപ്പോൾ തന്നെ പുറപ്പെടാമെന്ന് ഞാൻ സമ്മതിച്ചു. സമ്മേളനം വരെ നാട്ടിൽ നിൽക്കാതെ സമ്മേളനത്തിന് നാട്ടിലെത്തുകയാണ് നല്ലതെന്ന തോന്നലുണ്ടായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സമ്മേളനത്തോടനുബന്ധിച്ച് നടക്കാനിരിക്കുന്ന സംസ്ഥാനതല തെരെഞ്ഞെടുപ്പിൽ എന്നെ എന്തെങ്കിലും ഭാരവാഹിത്വമേൽപ്പിക്കണമെന്ന ചിന്ത നേതൃത്വത്തിൽ ചിലർക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ഭാരവാഹിത്വത്തിൽ വരുന്നതിനുപകരം ഭാരവാഹികളെ ഉത്തരവാദിത്തത്തിന്റെ ഭാരങ്ങളില്ലാതെ സഹായിക്കുകയും പ്രസംഗിക്കുകയും എഴുതുകയുമെല്ലാം ചെയ്ത് സംഘടനയുടെ കൂടെ നടക്കുകയുമാണ് എനിക്ക് അനുയോജ്യമെന്ന നിലപാടാണ് അന്നുതന്നെ എനിക്കുണ്ടായിരുന്നത്. അതുകൊണ്ട്, ഭാരവാഹിത്വം എന്ന ‘ഭീഷണി’യിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ മനസ്സ് കൊതിച്ചിരുന്നു. അന്തമാനിലേക്ക് താമസം മാറിയ ഒരാളെ, സമ്മേളനം കഴിഞ്ഞാൽ വീണ്ടും മടങ്ങിപ്പോകാനുള്ള ഒരാളെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുകയില്ലല്ലോ. ആ നിലയിൽ സംഘടനാനേതൃത്വത്തിൽ നിന്നുള്ള ഒരു ‘ഒളിച്ചോട്ടം’ കൂടിയായിരുന്നു സമ്മേളനത്തിന് കേവലം മാസങ്ങൾക്കുമുമ്പുള്ള അന്തമാൻ യാത്രയെന്ന് പറയാം.
അന്തമാനിലെത്തിയ ശേഷം ആദ്യമായി ചെയ്ത കാര്യങ്ങളിലൊന്ന് സമ്മേളനസുവനീറിലേക്കുള്ള ലേഖനമെഴുതുകയാണ്. ‘ചോര കൊണ്ട് ചങ്ങല പൊട്ടിച്ചവർ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ മലബാർ സമരത്തിൽ പങ്കെടുത്തുവെന്ന ‘കുറ്റ’ത്തിന് ശിക്ഷിക്കപ്പെട്ട് അന്തമാനിലെത്തിയ രണ്ട് പേരുമായി നടത്തിയ അഭിമുഖമാണുളളത്. ജീവിതത്തിലെ ആദ്യത്തെ കപ്പൽ യാത്രയെയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്ന ലേഖനത്തിലെ അഭിമുഖങ്ങൾക്ക് മുമ്പുള്ള രണ്ട് ഖണ്ഡികകൾ ഇങ്ങനെയാണ്.
“കടലിനിരുവശത്തും നുരയും ഓളങ്ങളുയർത്തി കപ്പൽ മുന്നോട്ട് കതിച്ചു. മുകളിൽ ആകാശം. താഴെ കടൽ. കടലിൽനിന്നും തുടരെത്തുടരെ പുറത്തുവരുന്ന പറക്കും മത്സ്യങ്ങൾ കടലിൽനിന്നും പൊങ്ങി ജെറ്റ് വിമാനങ്ങളെപ്പോലെ മീറ്ററുകൾ ദൂരെപോയി പതിച്ചു. അപൂർവ്വമായി സമുദ്രത്തിലെ ‘ബുദ്ധി ജീവി’കളായ ഡോൾഫിൻ കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു. വൃത്തസിദ്ധാന്തം ശരിയ്ക്കും പാലിക്കുന്ന ഒരു വൻവൃത്തമായി കടൽ തോന്നിച്ചു. അതിലെ കോമ്പസ് നീഡിലായി കപ്പൽമാറി. ആകാശം വൃത്തത്തിന് മുകളിൽ കമിഴ്ത്തപ്പെട്ട വലിയൊരു പാത്രമായി. ഉദയാസ്തമയ സമയങ്ങളിലെ കടലിന്റെയും ആകാശത്തിന്റെയും നിറംമാറ്റം പാത്രത്തിന് കൂടുതൽ സൗന്ദര്യം നൽകി…..
….നജീദ്-2 എന്ന സൗദി വാടകക്കപ്പലിലെ അന്തമാനിലേക്കുള്ള യാത്ര അവസാനിക്കുകയാണ്. മൂന്നുപകലുകളും രണ്ടുരാത്രികളും നീണ്ടുനിന്ന യാത്ര. ഭൂമി അതിന്റെ പഥത്തിലൂടെ രണ്ടര പ്രാവശ്യം സ്വയം കറങ്ങി. രണ്ടര ദിവസങ്ങൾക്കുശേഷം വീണ്ടും ഞങ്ങൾ കര കണ്ടു. മലബാറിന്റെ മക്കൾ ജീവൻ നൽകിയ പ്രദേശത്തേക്ക് ഞങ്ങൾ കാലെടുത്തുവെക്കുകയാണ്. വെള്ളക്കാരന്റെ പാരതന്ത്ര്യത്തിൽനിന്ന് മോചനം നേടാൻ പടവാളെടുത്തതിന് നാട് വീട് വിടേണ്ടിവന്നവരുടെ വിയർപ്പ് വീണ് കുതിർന്ന മണ്ണിലേക്ക്…”
1921ലെ മലബാർ സമരത്തിന് ശേഷം നാടുകടത്തിയവരെയും മറ്റ് സ്വാതന്ത്ര്യസമര സേനാനികളുമായുമെല്ലാം ഉള്ള സംഭാഷണങ്ങളും സെല്ലുലാർ ജയിൽ സന്ദർശനവുമെല്ലാം നമ്മെ പഠിപ്പിക്കുക നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മൂല്യം എത്രമാത്രം വലുതാണെന്നാണ്. നാട് കടത്താനുള്ള സ്ഥലമായി അന്തമാൻ മാറുന്നതിന്റെ ചരിത്രം തുടങ്ങുന്നത് 1858 ജനുവരി 22ന് പോർട്ട് ബ്ലയറിൽ ബ്രിട്ടീഷ് പതാക ഉയർത്തുന്നതോടെയാണ്; അപകടകാരികളായ കുറ്റവാളികളെ പാർപ്പിക്കുവാനുള്ള സ്ഥലം കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട ബംഗാൾ ആർമി സര്ജന് ഡോ.ഫ്രെഡറിക്ക് ജോണ് മോവട്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മറ്റിയുടെ ശിപാർശ പ്രകാരമാണ് ഈസ്റ്റിന്ത്യാകമ്പനി അന്തമാനിൽ തങ്ങളുടെ താവളം നിർമ്മിക്കുന്നത്. 1858 മാർച്ച് നാലിന് കൽക്കട്ടയിൽ നിന്നും യാത്ര തിരിച്ച സെമീറാമിസ് എന്ന കപ്പൽ പത്താം തീയതി ചാഥം ദ്വീപിലെത്തിയപ്പോൾ അതിൽ നിന്നിറങ്ങിയ ഇരുന്നൂറ് സ്വാതന്ത്ര്യസമരസേനാനികളാണ് അന്തമാനിലെത്തിയ ആദ്യത്തെ ഇന്ത്യക്കാർ. ഷാഹ് വലിയ്യുല്ലാഹ് ദഹ്‌ലവിയുടെ മകൻ ഷാഹ് അബ്ദുൽ അസീസിന്റെ ശിഷ്യരായിരുന്നതിനാൽ വഹാബികളെന്ന് മുദ്രകുത്തി നാട് കടത്താൻ വിധിക്കപ്പെട്ട മൗലവി ലിയാഖത്ത് അലി, ഫദ്‌ലുൽ ഹഖ് ഖൈറാബാദി, മൗലവി അഹ്‌മദുല്ലാഹ്, ഷാഹ് ഇനായത്തുല്ലാഹ്, മുഹ്സിനുദ്ദീൻ, മിർ ജാഫർ താനേശ്വരി, മുഹമ്മദ് ജാഫർ താനേശ്വരി, മൗലാനാ യഹ്‌യ അലി, മൗലവി സയ്യിദ് അലാവുദ്ദീൻ ഹൈദർ എന്നിവരും രാജാ അർജുൻ സിംഗ്, ദിവാൻ മണിറാം ദത്ത, ബഹദൂർ സിംഗ്, ശിവനാഥ് ഉപാദ്ധ്യായ, താക്കൂർ വിശ്വനാഥ് ഷഹ്‌ദിയോ, പണ്ഡിറ്റ് രാമചന്ദ്ര പാണ്ഡുരംഗ് എന്നിവരുമായിരുന്നു അവരിൽ പ്രമുഖർ. ഏപ്രിൽ മാസം രണ്ടാമത്തെ സംഘം തടവുകാരും ജൂൺ മാസത്തിൽ മൂന്നാമത്തെ സംഘവും എത്തിയതോടെ നാടുകടത്തപ്പെട്ട് അന്തമാനിലെത്തിയവരുടെ സംഖ്യ 773 ആയി. ജയിൽ സൂപ്രണ്ടായി നിയോഗിക്കപ്പെട്ട ഡോക്ടർ ജെ പി വാക്കറും ഒരു ഇന്ത്യൻ ഓവര്സിയറും രണ്ട് ഇന്ത്യൻ ഡോക്ടര്മാറും അൻപത് നാവികരും കുറ്റവാളികളോടൊപ്പം ആദ്യത്തെ കപ്പലിൽ തന്നെ അന്തമാനിലെത്തിയിരുന്നു. കാലുകളിൽ ഇരുമ്പ് വളയങ്ങളിടുകയും അവയെ പരസ്പരം ചങ്ങലകളാൽ ബന്ധിപ്പിക്കുകയും ചെയ്ത് വലിച്ചിഴച്ചാണ് സമരസൈനികരെ കപ്പലിലെത്തിക്കുകയും അതിന്നകത്ത് പാർപ്പിക്കുകയും ചെയ്തിരുന്നത്.
ചാഥം, റോസ് എന്നീ ദ്വീപുകളിലെയും ഹാഡോ, അറ്റ്ലാന്റാ പോയിന്റ് എന്നീ തുറമുഖ പ്രദേശങ്ങളിലെയും കാട് വെട്ടിത്തെളിയിക്കുകയും അവിടെ കെട്ടിടങ്ങൾ നിർമ്മിക്കുകയുമായിരുന്നു നാടുകടത്തപ്പെട്ടവർക്ക് വെള്ളക്കാർ നൽകിയ ആദ്യത്തെ ജോലി. പോർട്ട് ബ്ലയറിന്റെ പ്രവേശന കവാടത്തിലെ ചെറുദ്വീപായ റോസ് ഐലന്റിനെ വാക്കർ തന്റെ ഭരണസിരാകേന്ദ്രവും വെള്ളക്കാർക്കുള്ള ആസ്വാദനസ്ഥലവുമാക്കി വികസിപ്പിച്ചത് അവരെക്കൊണ്ട് കഠിനമായി പണിയെടുപ്പിച്ചുകൊണ്ടാണ്. മലമ്പനിയും ആദിവാസികളുടെ ആക്രമങ്ങളും വനാന്തരങ്ങളിലെ ഇഴജന്തുക്കളിൽ നിന്നുള്ള വിഷം തീണ്ടലുമെല്ലാം അവർക്ക് അവിടുത്തെ ജീവിതം ദുസ്സഹമാക്കി. ആവശ്യത്തിന് ഭക്ഷണമോ വസ്ത്രങ്ങളോ മരുന്നുകളോ നൽകാതെയാണ് അവരെക്കൊണ്ട് ക്രൂരനും ശിലാഹൃദയരുമായ വാക്കറും കൂട്ടാളികളും കഠിനമായ ജോലികൾ ചെയ്യിച്ചിരുന്നത്. പീഡനങ്ങളും കഠിനമായ ജോലികളും സഹിക്കവയ്യാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ പിടികൂടി പരസ്യമായി വെടിവെച്ചുകൊല്ലുകയോ തൂക്കിലേറ്റുകയോ ആയിരുന്നു വാക്കറുടെയും കൂട്ടാളികളുടെയും രീതി. ശിപായി ലഹളയെന്ന് വെള്ളക്കാർ പരിഹസിച്ച വിപ്ലവത്തിൽ പങ്കെടുത്തുവെന്ന കുറ്റം ചുമത്തി നാടുകടത്താൻ വിധിക്കപ്പെട്ട ധീരദേശശാഭിമാനികളുടെ ചോരയിലും നീരിലും വിയർപ്പിലുമാണ് അന്തമാനിലെ ഓരോ നാഗരികബിംബവും പടുത്തുയർത്തിയിട്ടുള്ളത്. ബ്രിട്ടീഷ് എടുപ്പുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ ടൂറിസത്തിന്റെ സാധ്യതകൾ ആരായുമ്പോൾ നാടിന്റെ മോചനം സ്വപ്നം കണ്ട ആ പടയാളികളുടെ അട്ടഹാസങ്ങളും സീൽക്കാരങ്ങളും അവർ സഹിച്ച ത്യാഗത്തിന്റെ ആഴവുമൊന്നും നാം വിസ്മരിച്ചുകൂടാ.
1859 ഒക്ടോബർ 3ന് വാക്കർക്ക് പകരമായി നിയമിതനായ ക്യാപ്റ്റൻ ജെ.ഡി.ഹോട്ടൺ കുറേക്കൂടി മനുഷ്യപ്പറ്റുള്ള ഉദ്യോഗസ്ഥനായിരുന്നു. പീഡനമുറകൾ മാത്രം കണ്ട് ശീലിച്ച തടവുകാർക്ക് അദ്ദേഹത്തിന്റെ കനിവുള്ള പെരുമാറ്റം ആശ്വാസമായിത്തീർന്നു. അദ്ദേഹത്തിന് ശേഷം 1862ൽ നിയമിതനായ ലെഫ്റ്റനന്റ് കേണൽ ആര്.സി.ടൈറ്റ്ലറും ക്രൂരനായ ഉദ്യോഗസ്ഥനായിരുന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർക്കുള്ള വേനൽക്കാല വിശ്രമസങ്കേതമായിത്തീർന്ന മൌണ്ട് ഹാരിയറ്റ് അദ്ദേഹത്തിന്റെ കാലത്താണ് വെട്ടിത്തെളിച്ചത്. തടവുകാരോട് അദ്ദേഹം പെരുമാറിയത് അനുകമ്പയോടെയാണ്. അദ്ദേഹത്തിന്റെ പത്നിയുടെ പേരിലുള്ള മൌണ്ട് ഹാരിയറ്റ് അന്തമാനിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രധാനപ്പെട്ട മലയാണിന്ന്. തടവുകാരായി അന്തമാനിലെത്തുന്നവരുടെ എണ്ണം ഇക്കാലത്ത് വർധിച്ചു. 1864 ഫെബ്രുവരി 15ന് ചാർജ്ജെടുത്ത മേജർ ബര്നറ്റ് ഫോര്ഡ് മുൻഗാമികളായ രണ്ട് പേരെയും പോലെയായിരുന്നില്ല. മനുഷ്യപ്പറ്റുള്ള ഉദ്യോഗസ്ഥനായിരുന്നില്ല അയാൾ. അദ്ദേഹത്തിന്റെ ഭരണകാലത്താണ് വൈപ്പർ ദ്വീപിൽ ജയിലും കൊലയറയും നിര്മ്മിച്ചത്. 1789 ൽ അന്തമാനിലെത്തിയ ബ്രിട്ടീഷ് നേവി ഓഫിസർ ആർക്കി ബാൾഡ് ബ്ലയർ സഞ്ചരിച്ച കപ്പലിന്റെ പേരിൽ (HMS Viper)നിന്നുണ്ടായതാണ് ഈ ചെറുദ്വീപിന്റെ നാമം (Viper Island). ആ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഈ ദ്വീപിൽ നിന്നായിരുന്നുവത്രെ.
സ്വാതന്ത്ര്യസമരസേനാനികളെ പാർപ്പിക്കാനായി വൈപ്പർ ദ്വീപിൽ ഒരു ചെറുജയിലും, കഴുമരവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. തടങ്കൽ സങ്കേതത്തിലെ എല്ലാ കുറ്റവാളികൾക്കും കാണാൻ പാകത്തിലാണ് കുന്നിന് മുകളിൽ കൊലക്കയർ പണിതത്. അതിക്രൂരമായിരുന്നു വൈപ്പർ ജയിലിലെ ശിക്ഷാരീതികൾ. ജയിൽവാസികളുടെ കാലുകളിൽ ഇരുമ്പ് വളയങ്ങളിടുകയും അവയെ പരസ്പരം ചങ്ങലകളാൽ ബന്ധിപ്പിക്കുകയും ചെയ്താണ് അവരെ ജയിലിൽ പാർപ്പിച്ചിരുന്നത്; ‘വൈപ്പർ ചെയിൻ ഗാങ്ങ് ജയിൽ’ (Viper Chain Gang Jail) എന്ന വിളിപ്പേരുണ്ടായത് അങ്ങനെയാണ്. പടയാളികളെക്കൊണ്ട് കഠിനമായ ജോലികൾ ചെയ്യിച്ചിരുന്നതും അവർക്ക് ഭക്ഷണം നൽകിയിരുന്നതും അവരെ ഉറങ്ങാൻ വിട്ടിരുന്നതുമെല്ലാം ചങ്ങലകളിൽ ബന്ധിച്ചുകൊണ്ട് തന്നെയായിരുന്നു. ചങ്ങലക്കുറ്റവാളികൾ എന്നാണ് അവരെ വിളിച്ചിരുന്നത്. ക്രൂരമായ പീഡനമുറകൾ നടപ്പാക്കിയിരുന്ന ബ്രിട്ടീഷ് ജയിലർമാർ കരിമൂർഖൻ എന്ന് അർഥം വരുന്ന ‘കാലാ മാംബാ’ എന്ന അപരനാമത്തിലാണ് ഇന്ത്യക്കാർക്കിടയിൽ വിളിക്കപ്പെട്ടിരുന്നത്. ഇതിൽ നിന്നായിരിക്കാം പിൽക്കാലത്ത് സെല്ലുലാർ ജയിലിനെ വിശേഷിച്ചും അന്തമാനിനെ പൊതുവായും കാലാപാനി എന്ന് വിളിക്കുന്ന രീതിയുണ്ടായതത്. കാലന്റെ ജലം അഥവാ മരണജലം എന്ന അർത്ഥത്തിലാണ് ജലത്താൽ ചുറ്റപ്പെട്ട അന്തമാനിനെയും അവിടെത്തെ സെല്ലുലാർ ജയിലിനെയും അങ്ങനെ വിളിച്ചതെന്നും മരണത്തിന് സമാനമായി ഗണിക്കപ്പെട്ടിരുന്ന വർണ്ണാശ്രമത്തിൽ നിന്നുള്ള നിഷ്കാസനത്തിന് കാരണമാകുന്ന സമുദ്രയാത്രയിലൂടെ (ബൗദ്ധ്യായന ധർമ്മസൂത്രം 2.1.2.2) എത്തുന്ന സ്ഥലമെന്ന നിലയ്ക്കാണ് ആ പേരുണ്ടായതെന്നുമെല്ലാം അഭിപ്രായപ്പെട്ടവരുണ്ട്. അതെന്തായിരുന്നാലും ഒന്നാം സ്വാതന്ത്ര്യസമര ഭടന്മാരിൽ ഭൂരിപക്ഷവും, വൈപ്പർ ദ്വീപിൽ വച്ച് കാലാ മാംബാമാരുടെ ക്രൂരതകളാലോ തൂക്കിലേറ്റപ്പെട്ടോ അസുഖങ്ങള് ബാധിച്ചോ മൃഗങ്ങളുടെ ആക്രമണത്തിലോ ആദിവാസികളുടെ ചെറുപ്പുനിൽപ്പുകളിലോ മരണപ്പെടുകയാണുണ്ടായതെന്നാണ് ചരിത്രം.
ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയായിരുന്ന മേയോ പ്രഭുവും ഭാര്യയും അന്തമാൻ സന്ദർശിക്കുന്നതും അവിടെ വെച്ച് പരസ്യമായി കൊല്ലപ്പെടുന്നതും 1872 ഫെബ്രുവരി 8 നായിരുന്നു. അന്ന് അവിടുത്തെ സൂപ്രണ്ട് 1871 മാര്ച്ച് 16ന് ചാര്ജ്ജെടുത്ത സര് ഡൊണാള്ഡ് സ്റ്റിവാർട്ടാണ്. ഈ കൊലപാതകത്തെയും അത് ചെയ്ത ഷേർ അലിയുടെ വധശിക്ഷയെയും കുറിച്ച് നേരത്തെ പ്രതിപാദിച്ചിട്ടുണ്ട്. വൈപ്പർ ദ്വീപിലെ കൊലമരത്തിൽ തൂങ്ങിയ ആദ്യകാല മൃതശരീരങ്ങളിലൊന്ന് അലിയുടേതായിരുന്നു. വൈസ്രോയിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ദ്വീപിലെ ഭരണം ക്രമീകരിക്കുവാനും കുറ്റവാളികളോടുള്ള സമീപനത്തിൽ മാറ്റം വരുത്താനും ദ്വീപുകള്ക്ക് മാത്രമായി ഒരു ചീഫ് കമ്മീഷണറെ നിയമിക്കാനുമെല്ലാമുള്ള തീരുമാനങ്ങളുണ്ടായി. സൂപ്രണ്ടായിരുന്ന സ്റ്റിവര്ട്ടിനെത്തന്നെയാണ് ആദ്യത്തെ ചീഫ് കമ്മീഷണറായി നിയമിച്ചത്. അദ്ദേഹത്തിന് ശേഷം മേജര് ജനറൽ സി.എ.ബാര്വെല്ലും കേണൽ ടി.കേഡലും ചീഫ് കമ്മീഷണര് പദവിയിൽ നിയമിതരായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലുമായി സ്വാതന്ത്രൃസമരം കൂടുതൽ തീഷ്ണമാവുകയും വ്യത്യസ്ത സ്ഥലങ്ങളിൽ വിപ്ലവങ്ങളുണ്ടാവുകയും ചെയ്തതോടെ നാട് കടത്തപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചു.
No comments yet.