അന്തമാൻ ജീവിതം: വാശിയിൽ വിരിഞ്ഞ നാലര വർഷങ്ങൾ !! (1)
പലരുടെയും ആത്മകഥയും ജീവചരിത്രവുമെല്ലാം വായിക്കുമ്പോൾ അവരുടെ ജീവിതത്തിലെ ചില പ്രത്യേക ഘട്ടങ്ങളില്ലായിരുന്നുവെങ്കിൽ അവർ അങ്ങനെയാകുമായിരുന്നില്ല എന്ന് തോന്നാറുണ്ട്. ആ ഘട്ടങ്ങൾ അവരെ പാകപ്പെടുത്തുന്നതിന് വേണ്ടി നൽകപ്പെട്ടതാണെന്ന് വിശ്വാസികൾ പറയും. ജീവിതത്തിന് കാര്യമായ വഴിത്തിരിവുകളുണ്ടാക്കിയ ഘട്ടങ്ങളെന്തെങ്കിലും ജീവിതത്തിലുണ്ടായിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അതെന്താണെന്നും എന്നോട് ചോദിച്ചാൽ പറയാനാവുക ഉണ്ടെന്നും അത് അന്തമാൻ ദ്വീപിൽ ജീവിച്ച നാലര വർഷങ്ങളായിരുന്നുവെന്നുമായിരിക്കും.
അന്തമാനിൽ ജീവിച്ച നാലര വർഷങ്ങളാണ് എന്റെ വ്യക്തിത്വത്തെ ഇന്ന് കാണുന്ന രീതിയിലേക്ക് പരുവപ്പെടുത്തിയതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രവാസജീവിതമെന്തെന്ന് പഠിച്ചത് അന്തമാനിൽ നിന്നാണ്; ഗൾഫ് പ്രവാസമൊന്നും അന്തമാൻപ്രവാസത്തോട് ഒരു തലത്തിലും താരതമ്യത്തിന് പറ്റുകയില്ലെന്ന് പിൽക്കാലത്തെ ഗൾഫ് യാത്രകൾ ബോധ്യപ്പെടുത്തി. മറ്റ് താല്പര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാതെ അല്ലാഹുവിന് വേണ്ടി മാത്രം പരസ്പരം സ്നേഹിക്കുന്ന കുറേ നല്ല മനുഷ്യരെ അന്തമാൻ നൽകി; അതിൽ ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. സർക്കാർ സ്ഥാപനങ്ങളിലുള്ള അധ്യാപനത്തിന്റെ പ്രായോഗികമായ അറിവുകൾക്ക് തുടക്കം കുറിച്ചത് അന്തമാനിൽ നിന്നാണ്. ഒന്നുമില്ലായ്മയിൽ നിന്ന് കൂട്ടായ്മയുണ്ടാക്കുവാനും അതിന്റെ സംഘാടനം നിർവ്വഹിക്കുവാനുമുള്ള പാടവം നൽകിയതും അവിടുത്തെ അനുഭവങ്ങൾ തന്നെ. കോടതിവ്യവഹാരങ്ങൾ എങ്ങനെയെന്ന് മനസ്സിലാക്കാനുള്ള ആദ്യത്തെ അനുഭവപാഠം അന്തമാനിൽ നിന്നാണ്. മനുഷ്യരുടെ കഷ്ടതകളുടെ ആഴമെത്രയാണെന്ന് അറിയാനുള്ള മനസ്സും ആ രംഗത്ത് ആരുമറിയാതെത്തന്നെ പലതും ചെയ്യാനാകുമെന്ന അനുഭവവും നൽകിയതും അന്തമാൻ തന്നെ. മലയാളത്തിലും ഇംഗ്ലീഷിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന സംവേദനങ്ങളിൽ നിന്ന് ഇന്ത്യയിലെ ഏറ്റവുമധികം പേർ വ്യവഹരിക്കുന്ന ഹിന്ദി, ഉറുദു ഭാഷകളിലേക്ക് കൂടി അറിവന്വേഷണവും സംവേദനങ്ങളും വ്യാപിപ്പിക്കാനുള്ള ശേഷിയുണ്ടായതും അവിടെ നിന്നാണ്. മലയാളികളിൽ ഒതുങ്ങി നിന്നിരുന്ന സൗഹൃദവലയത്തിൽ നിന്ന് മറ്റ് ഭാഷകൾ സംസാരിക്കുന്നവരെ അടുത്ത് പരിചയപ്പെടുകയും സുഹൃത്തുക്കളാക്കുകയും ചെയ്യാനുള്ള ആദ്യത്തെ അവസരമുണ്ടാക്കിയതും അന്തമാനാണ്; പ്രണയത്തിന്റെയും ഇണജീവിതത്തിന്റെയും നാമ്പുകൾ പ്രയോഗികജീവിതത്തിലേക്ക് വിരിഞ്ഞത് പോലും അന്തമാനിലുള്ളപ്പോഴാണ്; അന്തമാനിലെ നാലര വർഷങ്ങൾ നൽകിയ ഏറ്റവും പ്രധാനപ്പെട്ട നിധി വായിക്കാനും പഠിക്കാനുമായി ഇഷ്ടം പോലെ സമയം നൽകിയെന്നതാണ്. അങ്ങനെ പലതും….
തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിലെ ബിരുദകാലത്തിന് ശേഷം അതിന്നടുത്ത് തന്നെയുള്ള ഒരു പാരലൽ കോളേജിൽ (തിരൂരങ്ങാടി ആർട്സ് കോളേജ്) ഫിസിക്‌സും ഇംഗ്ലീഷും പഠിപ്പിച്ചുകൊണ്ടിരിക്കവെയാണ് അന്തമാനിലേക്ക് പോകാൻ താല്പര്യമുണ്ടോ എന്നന്വേഷിച്ചുകൊണ്ടുള്ള എ. പി അബ്ദുൽ ഖാദിർ മൗലവിയുടെ ഫോൺകോൾ വരുന്നത്. മുജാഹിദ് പ്രസ്ഥാനത്തിൽ എനിക്ക് കാര്യമായ വ്യക്തിബന്ധങ്ങളൊന്നുമില്ലാത്തയാളായിരുന്നു എ. പി. 1987 ൽ കുറ്റിപ്പുറത്ത് വെച്ച് നടന്ന മൂന്നാം മുജാഹിദ് സമ്മേളനത്തിന് ശേഷം കെ.എൻ.എം ജനറൽ സിക്രട്ടറിയായിരുന്ന കെപി മുഹമ്മദ് മൗലവിയോട് അടുത്ത ബന്ധം പുലർത്തിയിരുന്നതായി നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.
മലപ്പുറം വെസ്റ്റ് ജില്ലാ എംഎസ്എം നേതൃത്വത്തിലുണ്ടായിരുന്നതിനാൽ പലപ്പോഴും കെപിയുമായി നേർക്കുനേരെ ഇടപെടേണ്ടി വരുമായിരുന്നെങ്കിലും മലപ്പറം ഈസ്റ്റ് ജില്ലയിലെ പത്തപ്പിരിയത്ത് ജീവിക്കുന്ന എ. പിയുമായി അത്തരം ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. മുജാഹിദ് വേദികളിൽ പ്രത്യക്ഷപ്പെടാറുള്ള ഞങ്ങളുടെ പ്രദേശത്തെ ഒരാളുടെ മകൻ സ്ത്രീധനം വാങ്ങിയതായി ആരോപണമുണ്ടായപ്പോൾ അതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് എഴുതിയ ഒരു കത്തിലൂടെയാണ് എ. പിയെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത്. അക്കാര്യം ചർച്ച ചെയ്യാനായി അലി അബ്ദുർറസാഖ് മദനിയെ ചുമതലപ്പെടുത്തുകയും മദനി അതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തത് വഴി എ. പിയിലെ നേതൃപാടവം അനുഭവിക്കുവാൻ അന്ന് തന്നെ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അതിന്ന് ശേഷം ആദ്യമായി എന്നെ എ. പി ബന്ധപ്പെടുന്നത് അന്തമാൻ യാത്രയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. മൗലവി വിളിച്ച കാര്യം ഞാൻ ഉപ്പയുമായി ചർച്ച ചെയ്യുകയും പോകാൻ സമ്മതം ചോദിക്കുകയും ചെയ്തു; ഉപ്പ സമ്മതിച്ചു; ആദ്യമെല്ലാം എതിർത്തെങ്കിലും ഉപ്പ ശക്തമായി അനുകൂലിച്ചതോടെ ഉമ്മയും സമ്മതം മൂളി. അങ്ങനെയാണ് അന്തമാനിലേക്ക് പോകാനുള്ള തീരുമാനമുണ്ടാവുന്നത്.
അന്തമാൻ യാത്രയെയും അവിടെയുള്ള എന്റെ ദൗത്യത്തെയും കുറിച്ച് ചർച്ച ചെയ്യാനായി എടവണ്ണ ജാമിഅ നദ്‌വിയ്യയിലെത്തിയപ്പോഴാണ് അവിടുത്തെ ഇസ്‌ലാഹീ പ്രവർത്തകരെ ആദ്യമായി പരിചയപ്പെടുന്നത്. എന്നെ പ്രതീക്ഷിച്ചുകൊണ്ട് അന്തമാനിലെ പ്രധാന മുജാഹിദ് നേതാക്കളായ എപി മുഹമ്മദ് സാഹിബും ടി ഹംസ മാസ്റ്ററും അവിടെയുണ്ടായിരുന്നു. തലേ ആഴ്ച അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിൽ വെച്ച് നടന്ന ഒരു വിദ്യാർത്ഥി സിമ്പോസിയത്തിലെ എന്റെ പ്രസംഗമാണ് അവരെ ആകർഷിച്ചതെന്നും അങ്ങനെയാണ് എന്നെ അന്തമാനിലേക്ക് കിട്ടിയാൽ തരക്കേടില്ലെന്ന് എ. പിയോട് ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു. ആയിടെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം വിച്ഛേദിച്ച സിമിയുടെയും ജമാഅത്തിന്റെ ഔദ്യോഗിക വിദ്യാർഥിപ്രസ്ഥാനമായ എസ്ഐഒയുടെയും പ്രതിനിധികൾ രണ്ട് പേരും സിമ്പോസിയത്തിൽ മുസ്ലിംഐക്യത്തെക്കുറിച്ച് വാചാലരാവുകയും ഐക്യം തകർക്കുന്നവരെന്ന നിലയിൽ മുജാഹിദുകളടക്കമുള്ളവരെ വിമർശിക്കുകയും ചെയ്തപ്പോൾ അവരോടുള്ള ‘ഐക്യമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്ന് ഒരേ സ്വരത്തിൽ പറയുന്ന ഒരേ ആദർശമുള്ള രണ്ട് കക്ഷികൾക്ക് എന്തുകൊണ്ട് ഇവിടെ വെച്ചുതന്നെ ഐക്യപ്പെട്ട് മാതൃകയായിക്കൂടാ ?’ എന്ന എന്റെ ചോദ്യമാണ് അവർക്ക് എന്നിൽ മതിപ്പുണ്ടാക്കിയത് എന്ന് സംഭാഷണത്തിൽ നിന്ന് മനസ്സിലായി. അന്തമാനിലെ മുജാഹിദുകൾ നടത്തുന്ന എം.ഇ.എസ് സ്‌കൂളിലേക്ക് അധ്യാപകനായി സേവനമനുഷ്ഠിക്കാനാണ് എന്നെ ആവശ്യപ്പെട്ടതെന്നും അവിടുത്തെ മറ്റ് പ്രവർത്തനങ്ങളിലും സഹകരിക്കണമെന്നും എ. പി പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. പിന്നീട് ഒരു ദിവസം എ. പി മുഹമ്മദ് സാഹിബും ടി. ഹംസ മാസ്റ്ററും കൂടി എന്റെ വീട്ടിൽ വന്ന് ഉപ്പയുമായി സംസാരിച്ച ശേഷമാണ് അന്തമാൻ യാത്ര ഉറപ്പിച്ചത്.
അന്തമാനിലെ മുജാഹിദ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എപി അബ്ദുൽ ഖാദിർ മൗലവി ഇടപെടുന്നതിന് കാരണം അക്കാര്യത്തിന്റെ ചുമതലയുള്ള കെ. എൻ. എം സിക്രട്ടറിയാണ് അദ്ദേഹം എന്നത് കൊണ്ടായിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. അതല്ലെന്നും അവിടുത്തെ ഇസ്‌ലാഹി ചരിത്രത്തിൽ കാര്യമായ സ്ഥാനമുള്ളയാളാണ് അദ്ദേഹമെന്നും മനസ്സിലാകുന്നത് അന്തമാനിൽ ചെന്നതിന് ശേഷമാണ്. മലബാർ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് അന്തമാനിലെത്തിയവരെ സെല്ലുലാർ ജയിലിലെ ശിക്ഷാകാലത്തിന് ശേഷം താമസിപ്പിച്ച സ്ഥലങ്ങൾക്ക് അവർ തങ്ങളുടെ ജന്മനാടുകളുടെ പേരുകൾ നൽകിയെങ്കിലും പല സ്ഥലങ്ങളിലും പിൽക്കാലത്ത് താമസക്കാരായിത്തീർന്നത് മലയാളികളായിരുന്നില്ല, ബംഗാളികളും മറ്റ് ഉത്തരേന്ത്യക്കാരും തമിഴരുമെല്ലാമായിരുന്നു. അന്തമാനിൽ തിരൂരും വണ്ടൂരും മഞ്ചേരിയും മണ്ണാർക്കാടും മലപ്പുറവും കാലിക്കറ്റുമെല്ലാം ഉണ്ടെങ്കിലും ഇവയിൽ മണ്ണാർക്കാടും മലപ്പുറവും ഒഴിച്ചുള്ള സ്ഥലങ്ങളിലെല്ലാം മാപ്പിളമാരുടെ സാന്നിധ്യം പിൽക്കാലത്ത് തുലോം വിരളമായിത്തീർന്നു. തലസ്ഥാനമായ പോർട്ട് ബ്ലയറിലും സമീപത്തുള്ള ഫോണിക്സ് ബെയിലുമെല്ലാം മാപ്പിളമാരുണ്ടായിരുന്നെങ്കിലും ഉത്തരേന്ത്യയിലുള്ളവരുമായി കലർന്ന ജീവിതവ്യവഹാരങ്ങളാൽ അവർക്ക് മാപ്പിളസ്വത്വം മെല്ലെ ഇല്ലാതെയായി. എന്നാൽ മണ്ണാർക്കാട്, മലപ്പുറം, സ്റ്റിവാർട്ട് ഗഞ്ച്, വിംബെർലി ഗഞ്ച്, നയാപുരം എന്നിവിടങ്ങളിലെ സ്ഥിതി അതല്ല. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരെ നിയന്ത്രിക്കാനായി നിയോഗിക്കപ്പെട്ട ആദ്യത്തെ ബ്രിട്ടീഷ് സൂപ്രണ്ടായ ഡോ: ജെയിംസ് വാക്കർ സ്റ്റിവാർട്ടിന്റെയും മറ്റൊരു ഓഫീസറായ മേജർ വിംബെർലിയുടെയും നാമങ്ങളിൽ സ്ഥാപിക്കപ്പെട്ട സ്റ്റിവാർട്ട് ഗഞ്ച്, വിംബെർലി ഗഞ്ച് എന്നിവിടങ്ങളിലും മാപ്പിളമാർ നിർമ്മിച്ച മണ്ണാർക്കാട്ടും അതിന്നടുത്ത മലപ്പുറത്തും തമിഴന്മാരോടൊപ്പം ജീവിക്കുന്ന നായാപുരത്തുമുള്ള മാപ്പിളമാർ ഇപ്പോഴും ഒരു പരിധി വരെ മാപ്പിള സംസ്കാരം നിലനിർത്തിക്കൊണ്ട് ജീവിക്കുന്നവരാണ്. പ്രധാനപ്പെട്ട മാപ്പിളഗ്രാമമായ മണ്ണാർക്കാട്ടെ പൗരപ്രമുഖനുമായിരുന്ന ജ്യേഷ്ഠൻ എ. പി അബ്ദുള്ളക്കുട്ടിയുടെയും അദ്ദേഹത്തോടോപ്പമായിരുന്ന ഉമ്മയുടെയും സഹോദരീഭർത്താവ് മുഹമ്മദ് മുസ്ലിയാരുടെയും നിർബന്ധത്തിന് വഴങ്ങി 1952ൽ ജ്യേഷ്ഠഗൃഹത്തിലെത്തുന്നതോടെ ആരംഭിക്കുന്നതാണ് എ. പി അബ്ദുൽ ഖാദിർ മൗലവിയുടെ അന്തമാൻ ബന്ധം; ചങ്ങരംകുളത്തെ പള്ളിദർസ് അധ്യയനത്തിന് ശേഷം ഫറോക്ക് റൗദത്തുൽ ഉലൂമിൽ പഠനത്തിന് ചേർന്നതോടെ മൗലവി ‘വഹാബി’ ആശയങ്ങളിലേക്ക് വഴിതെറ്റുന്നുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടുള്ളതായിരുന്നു ഈ നിർബന്ധം.
അന്തമാനിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രമാരംഭിക്കുന്നത് പിൽക്കാലത്ത് കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനായിത്തീർന്ന രണ്ടത്താണി പി. സൈദു മൗലവി അന്തമാനിലെത്തുന്നതോടെയാണ്. അദ്ദേഹത്തിന്റെ സഹോദരീഭർത്താവായിരുന്ന പൂവൻ കുണ്ടിൽ മാഹിൻ ഹാജി മലബാർ സമരത്തെ തുടർന്ന് അന്തമാനിലേക്ക് നാട് കടത്തപ്പെട്ടയാളായിരുന്നു. 1936 ലാണ് സഹോദരിയെയും കുടുംബത്തെയും സന്ദർശിക്കാനായി സൈദ് മൗലവി അന്തമാനിലെത്തുന്നത്. ഗുരുവായിരുന്ന പ്രസിദ്ധ പണ്ഡിതൻ പറപ്പൂർ അബ്ദുർറഹ്‌മാൻ മൗലവിയിൽ നിന്ന് നവോത്ഥാന ആശയങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന കാലത്തായിരുന്നു സൈദ് മൗലവിയുടെ അന്തമാൻ യാത്ര. അദ്ദേഹം നടത്തിയ ഖുർആൻ- ഹദീഥ് ക്ലാസുകളായിരുന്നു അന്തമാനിലെ ആദ്യത്തെ ഇസ്‌ലാഹീ പ്രവർത്തനം. നവോത്ഥാനാശയങ്ങളോട് വിരോധമുണ്ടായിരുന്ന സഹോദരീഭർത്താവ് മാഹിൻ ഹാജി അറിയാതെയായിരുന്നു ആദ്യമെല്ലാം ഈ ക്ളാസുകൾ നടന്നിരുന്നത്. സൈദ് മൗലവിയുടെ ക്ലാസുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മക്കളായ അയമു, മൂസ, മുഹമ്മദ്, ബീരാൻ കുട്ടി എന്നിവർ നെഞ്ചിൽ കൈകെട്ടി നമസ്കരിക്കുന്നത് കണ്ടതോടെയാണ് ഈ ക്ലാസുകളെക്കുറിച്ച് ഹാജി മനസ്സിലാക്കുകയും അത് നിർത്താൻ ശ്രമിക്കുകയും ചെയ്തത്. ഇളയ മകൻ മമ്മു അന്ന് നന്നേ ചെറുപ്പമായിരുന്നു. ഇസ്‌ലാഹീആശയങ്ങളിൽ ആകൃഷ്ടരായിക്കഴിഞ്ഞിരുന്ന മക്കളെ തിരുത്താൻ വേണ്ടി സൈദ് മൗലവിയുടെ ക്ലാസുകൾ കേൾക്കാൻ തുടങ്ങിയ മാഹിൻ ഹാജി മെല്ലെ ഇസ്‌ലാഹീപ്രവർത്തകനായിത്തീരുകയായിരുന്നു. കേരളത്തിൽ നിന്ന് സന്ദർശനത്തിനെത്തുന്ന ഇസ്‌ലാഹീ പണ്ഡിതന്മാരെക്കൊണ്ട് പ്രഭാഷണങ്ങളും ക്ലാസുകളും സംഘടിപ്പിക്കാൻ പൗരപ്രമുഖനായ അദ്ദേഹം മുന്നിൽ നിന്നതോടെ പ്രസ്ഥാനം മെല്ലെ വളർന്നു. 1947ൽ പോർട്ട് ബ്ലൈറിലെ അബർഡീൻ ബസാറിൽ സ്ഥാപിച്ച മലബാർ മുസ്ലിം ജുമാ മസ്ജിദിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ മുഖ്യാതിഥിയായി കുതിരപ്പുറത്ത് മുന്നിലുണ്ടായിരുന്നത് അദ്ദേഹമായിരുന്നുവെന്ന വസ്തുത മാപ്പിളമാർക്കിടയിൽ മാഹിൻ ഹാജിക്കുണ്ടായിരുന്ന സ്ഥാനം വ്യക്തമാക്കുന്നതാണ്.
തൗഹീദ് പ്രഭാഷണങ്ങളിലൂടെ കേരളമുസ്ലിംകൾക്കിടയിൽ ശ്രദ്ധേയനായ സൈദ് മൗലവിക്ക് തന്നെയാണ് അന്തമാനിലും ആദ്യത്തെ തൗഹീദ് പ്രഭാഷണപരമ്പര നടത്തുവാനുള്ള ഭാഗ്യമുണ്ടായത്. പോർട്ട് ബ്ലയറിനടുത്തെ ദിലാനിപൂരിലുള്ള ചാലിശ്ശേരിക്കാരനായ മൊയ്തുണ്ണി സാഹിബിന്റെ കടയായിരുന്നു മൗലവിയുടെ ഒഴിവ് സമയ താവളം. കടയ്ക്കടുത്ത് സഹോദരിയോടും കുടുംബത്തോടുമൊപ്പമായിരുന്നു താമസമെന്നതിനാൽ അദ്ദേഹവുമായി സൗഹൃദത്തിലാകാൻ മൗലവിക്ക് ഏറെ നാളുകൾ വേണ്ടിവന്നില്ല. നല്ല സുഹൃത്തുക്കളായിത്തീർന്ന അവർ രണ്ട് പേരും തമ്മിൽ നടന്ന ആദർശസംവേദനങ്ങൾ വഴി മൊയ്തുണ്ണി സാഹിബ് മുജാഹിദ് ആശയക്കാരനായിത്തീർന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കടയുടെ മുന്നിൽ വെച്ച് നടന്ന പതിനഞ്ച് ദിവസങ്ങൾ നീണ്ട മതപ്രസംഗപരമ്പരയാണ് അന്തമാനിലെ ആദ്യത്തെ തൗഹീദ് പ്രഭാഷണപരമ്പര. അന്തമാനിൽ മതപ്രസംഗപരമ്പരകൾ അന്ന് അപൂർവ്വമായിരുന്നതിനാൽ വ്യത്യസ്ത ദിക്കുകകളിൽ നിന്നുള്ള നിരവധി പേർ കേൾവിക്കാരായെത്തി. തൗഹീദും ശിർക്കും, സുന്നത്തും ബിദ്അത്തും, ഖുർആനും ഹദീഥുകളും എല്ലാമായിരുന്നു പ്രഭാഷണവിഷയങ്ങൾ. മദ്രസാധ്യാപകനായി ജോലി നോക്കിയിരുന്ന നിലമ്പൂർക്കാരനായ അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ ഈ പ്രഭാഷണപരമ്പരയെ വിമർശിക്കുകയും അതിന്നെതിരെ ആളുകളെ സംഘടിപ്പിക്കുകയും ചെയ്തുവെങ്കിലും പരമ്പര കലക്കുവാൻ സഹൃദയരായ നാട്ടുകാർ സമ്മതിച്ചില്ല. സൈദ് മൗലവി ഖുർആനിന്റെയും ഹദീഥുകളുടെയും അർഥം മാറ്റിയാണ് പറയുന്നത് എന്ന മുസ്ലിയാരുടെ ആരോപണം സത്യമാണെന്ന് തെളിയിക്കുവാൻ മൗലവി വെല്ലുവിളിച്ചുവെങ്കിലും അയാൾ അതിന്ന് തയ്യാറായില്ല. സൗത്ത് അന്തമാൻ ദ്വീപിന്റെ വ്യസ്ത്യസ്ത വശങ്ങളിൽ നിന്നെത്തിയ ശ്രോതാക്കളിൽ പലരുടെയും മനസ്സിൽ ഇസ്‌ലാഹീആദർശം വിതച്ചത് ഈ വഅദ് പരമ്പരയാണ്. അതിന്ന് ശേഷം അന്തമാൻ മലയാളികളുടെ കേന്ദ്രങ്ങളായ സ്റ്റിവാർട്ട് ഗഞ്ചിലും വിംബെർലി ഗഞ്ചിലും മറ്റുമെല്ലാം നടത്തിയ മൗലവിയുടെ പ്രഭാഷണങ്ങൾ നിരവധി പേർക്ക് ഇസ്‌ലാഹീആദർശത്തിലേക്കുള്ള വാതിലായിത്തീർന്നു. മൂന്ന് മാസങ്ങൾ നീണ്ട സൈദ് മൗലവിയുടെ അന്തമാൻ വാസം അക്ഷരാർത്ഥത്തിൽ തന്നെ ഒരു ആദർശപര്യടനമായിത്തീർന്നുവെന്ന് പറയാം; അന്തമാനിൽ മുജാഹിദ് പ്രസ്ഥാനത്തിന് അടിത്തറ പണിത ആദർശപര്യടനം!
തലസ്ഥാനമായ പോർട്ട് ബ്ലയറിൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ട ഏതാനും പള്ളികളിൽ ജുമുഅ ഉണ്ടായിരുന്നെങ്കിലും അവിടുത്തെ ഖതീബുമാർ ഹനഫി മദ്ഹബുകാരായിരുന്നതിനാൽ മലയാളികളൊന്നും അവിടെ ജുമുഅക്ക് പോകാറുണ്ടായിരുന്നില്ല. മണ്ണാർക്കാട്, സ്റ്റിവാർട്ട് ഗഞ്ച്, വിംബെർലി ഗഞ്ച് എന്നീ മലയാളീ ഗ്രാമങ്ങളിലുള്ള പള്ളികളിൽ വെള്ളിയാഴ്ച ഉച്ചക്ക് നാല്പത് ആളുകൾ തികയാത്ത സാഹചര്യമായിരുന്നതിനാൽ ജുമുഅ നടത്താതെ ദുഹ്ർ നമസ്കരിച്ച് പിരിയുന്ന സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. സൈദ് മൗലവിയുടെ ശ്രമഫലമായാണ് അന്തമാൻ മലയാളികൾക്കിടയിൽ ആദ്യമായി ജുമുഅഃ ആരംഭിച്ചത്. 1936 ലാണ് സംഭവം. നാടുകടത്തപ്പെട്ട മുസ്ലിംകൾ എപ്പോഴും നാട്ടിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങി നിൽക്കുന്നവരാണ് എന്നതിനാൽ അവർക്ക് ജുമുഅഃ നിർബന്ധമില്ല എന്നായിരുന്നു അന്ന് അന്തമാനിലുള്ളവരുടെ പൊതുവായ വീക്ഷണം. നിർബന്ധമാണെന്ന് കരുതുന്നവരുമുണ്ടായിരുന്നുവെങ്കിലും അവരുടെ സ്വരം ദുർബ്ബലമായിരുന്നു. അന്തമാനിൽ ജീവിക്കുന്നവർക്കും ജുമുഅഃ നിർബന്ധമാണെന്ന് പ്രാമാണികമായി സ്ഥാപിച്ചുകൊണ്ട് ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുത്തിക്കൊണ്ടാണ് സൈദ് മൗലവി ശ്രദ്ധിക്കപ്പെടുന്നത് . അന്ന് എല്ലാവരാലും അംഗീകരിക്കപ്പെട്ടിരുന്ന പ്രമുഖ പണ്ഡിതൻ കെഎം മൗലവിയുടെ ഫത്‌വ സംഘടിപ്പിക്കുകയും തന്റെ വാദത്തിനനുകൂലമായി അദ്ദേഹം അത് അവതരിപ്പിക്കുകയും ചെയ്തു. താമസക്കാരാണെങ്കിലും അന്തമാനിലുള്ളവർക്ക് ജുമുഅഃ നിർബന്ധമാണെന്നും അതിന്ന് നാല്പത് പേർ സദസ്സിലുണ്ടാകണമെന്ന് നിബന്ധനയില്ലെന്നും പ്രമാണങ്ങളുദ്ധരിച്ചുകൊണ്ട് സ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു ഫത്‌വ. ഈ ഫത്‌വയുടെ അടിസ്ഥാനത്തിലാണ് സ്റ്റിവാർട്ട് ഗഞ്ചിലെ ഖാദിരിയ്യാ മസ്ജിദിൽ അന്തമാനിലെ ആദ്യത്തെ മലയാളികളുടെ ജുമുഅഃ ആരംഭിച്ചത്. പന്ത്രണ്ട് പേരാണ് അവിടുത്തെ ആദ്യത്തെ ജുമുഅക്ക് ഉണ്ടായിരുന്നത്. അവിടെയുള്ള പള്ളികളിലെല്ലാം ഇന്ന് ജുമുഅഃ നടക്കുന്ന സ്ഥിതിയുണ്ടായതിന് കാരണം സൈദ് മൗലവി തുടങ്ങിവെച്ച ബോധവൽക്കരണപ്രവർത്തനമായിരുന്നു. നബാത്തിയാ ഖുത്ബയാണ് അന്നെല്ലാം പള്ളികളിൽ ഓതാറുണ്ടയിരുന്നതെങ്കിലും പല പള്ളികളിലും ഖുത്ബ ഓതി പരിഭാഷപ്പെടുത്തുന്ന സമ്പ്രദായമുണ്ടായിരുന്നു. സൈദ് മൗലവിക്ക് ശേഷം അന്തമാനിലെത്തിയ ഏനു മൗലവിയാണ് ഈ പരിഭാഷാസംബ്രദായത്തിന് തുടക്കം കുറിച്ചത്.
കരുവാരക്കുണ്ടുകാരനായ മുഹമ്മദ് ഷെഡു മൗലവിയുടെ ആഗമനമാണ് അന്തമാനിൽ ഇസ്‌ലാഹീ ആദർശത്തിന്റെ പ്രചാരണത്തിന് കാരണമായിത്തീർന്ന പ്രധാനപ്പെട്ട സംഭവങ്ങളിൽ മറ്റൊന്ന്. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമിൽ നിന്ന് പഠനം പൂർത്തിയാക്കി സ്വന്തം പ്രദേശത്ത് തിരിച്ചെത്തിയ അദ്ദേഹം നാട്ടുകാരുടെ എതിർപ്പുകളിൽ നിന്നും ബഹിഷ്കരണങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷപ്പെടാനായാണ് അന്തമാനിലേക്ക് കപ്പൽ കയറിയത്; ഖുർആനും സുന്നത്തുമനുസരിച്ച് കൂട്ടുകാരെയും കുടുംബക്കാരെയും നാട്ടുകാരെയും ബോധവൽക്കരിക്കാൻ ശ്രമിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ കുറ്റം. 1939 ൽ അന്തമാനിലെത്തിയ മുഹമ്മദ് ഷെഡു മൗലവിയെ സ്വീകരിക്കുകയും പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തത് മാഹിൻ ഹാജിയും മക്കളുമായിരുന്നു. അദ്ദേഹത്തിന്റെ ഖുർആൻ- ഹദീഥ് ക്ലാസുകളിലൂടെ നിരവധി പേർ ഇസ്‌ലാഹീ ആദർശത്തിലെത്തിച്ചേർന്നു. പോർട്ട് ബ്ലയറിലും പരിസരപ്രദേശങ്ങളിലുമുള്ള വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് നടക്കുന്ന ക്ലാസുകളുടെ സംഘാടനത്തിന് മുന്നിലുണ്ടയിരുന്നത് മാഹിൻ ഹാജിയുടെ മൂത്ത മക്കളായ അയമു സാഹിബും മൂസാ ഭായിയുമായിരുന്നു. മതപ്രബോധകനായിരുന്നതോടൊപ്പം തന്നെ നല്ലൊരു കച്ചവടക്കാരനുമായിരുന്നു മൗലവി. അന്തമാൻ മാപ്പിളയായ മാട്ടുമ്മൽ അഹ്മദ് കുട്ടിയുടെ മൂത്ത മകൾ ആയിഷയെ വിവാഹം ചെയ്തതോടെ അദ്ദേഹം പൂർണ്ണ അന്തമാൻകാരനായിത്തീർന്നു. നാട്ടിൽ നിന്നെത്തി അന്തമാനിൽ നിന്ന് കുടുംബജീവിതം തുടങ്ങുകയും അങ്ങനെ കുടുംബസമേതം അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത ആദ്യത്തെ ഇസ്‌ലാഹീപണ്ഡിതൻ മുഹമ്മദ് ഷെഡു മൗലവിയാണ്. ഇസ്‌ലാഹീ ആദർശപ്രബോധനത്തോടൊപ്പം തന്നെ ദേശീയപ്രസ്ഥാനത്തിലും സജീവമായിരുന്നു അദ്ദേഹം. 1957 ൽ ആദ്യമായി പോർട്ട് ബ്ളയർ മുനിസിപ്പാലിറ്റി നിലവിൽ വന്നപ്പോൾ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച അദ്ദേഹം 1959 മുതൽ 1965 വരെ ഹോം മിനിസ്ട്രിയുടെ ഉപദേശകസമിതി അംഗമായിരുന്നു.
1933 ൽ അന്തമാനിലെത്തിയ എന്റെ മൂത്താപ്പ മേലേവീട്ടിൽ കോയക്കുട്ടിയെന്ന മുഹമ്മദ്, സൈദ് മൗലവിയുടെ ക്ലാസുകൾ നടന്നിരുന്ന കാലം മുതൽ തന്നെ ആദർശ രംഗത്തുണ്ടായിരുന്ന ആളായിരുന്നുവങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും സമയം ചെലവഴിച്ചിരുന്നത്. മുഹമ്മദ് ഷെഡു മൗലവിയുടെ ആഗമനത്തോടെ അദ്ദേഹത്തിന്റെ സ്ഥിരം ശ്രോതാവും ക്ലാസുകളുടെ സംഘടനത്തിന് മുന്നിൽ നിന്നയാളുകളിൽ ഒരാളുമായി മൂത്താപ്പ മാറിയെങ്കിലും ഇസ്‌ലാഹീപ്രസ്ഥാനത്തിൽ നേതൃപരമായ പങ്കുകളൊന്നും അദ്ദേഹം വഹിച്ചതായി മനസ്സിലാകുന്നില്ല. നിലമ്പൂരിലെ പോക്കു മൗലവിയെപ്പോലെയുള്ള പലരും ദീർഘകാലം ഖത്തീബുമാരും ഇമാമുമാരും മദ്രസാധ്യാപകരുമായി അന്തമാനിൽ സേവനമനുഷ്ടിച്ചിട്ടുണ്ടെങ്കിലും അവരെക്കുറിച്ച കൂടുതൽ വിവരങ്ങൾ ഉപലബ്ധമല്ല.
ഇതിന്നിടയിൽ 1952 ലാണ് എപി അബ്ദുൽ ഖാദിർ മൗലവി ജ്യേഷ്ടന്മാരുടെയും സഹോദരിമാരുടെയും അഭ്യർത്ഥന മാനിച്ച് അന്തമാനിലെത്തുന്നത്. എ. പിയുടെ ജ്യേഷ്ഠന്മാരും സഹോദരിമാരും കുടുംബവും 1950 മുതൽ തന്നെ അന്തമാനിൽ താമസമാക്കുകയും ഉമ്മയെ അങ്ങോട്ട് കൊണ്ടുപോവുകയും ചെയ്തിരുന്നു. പള്ളി ദർസുകളിലെ പഠനത്തിന് ശേഷം ഫറോക്ക് റൗദത്തുൽ ഉലൂമിൽ ചേർന്ന് പഠിക്കാനാരംഭിച്ചതോടെ ഇസ്‌ലാഹീ ആദർശത്തിലേക്ക് അദ്ദേഹം ആകൃഷ്ടനായിക്കൊണ്ടിരിക്കുന്നതായി അന്തമാനിലെ അദ്ദേഹത്തിന്റെ കുടുംബക്കാർ മനസ്സ്സിലാക്കി. തങ്ങളുടെ സഹോദരനെ ഇസ്‌ലാഹീപ്രസ്ഥാനത്തിൽ നിന്ന് ‘രക്ഷപ്പെടുത്തുക’യെന്ന ലക്ഷ്യത്തോടെയാണ് ഉമ്മയോടൊപ്പം താമസിക്കാനെന്ന് പറഞ്ഞ് അവർ അദ്ദേഹത്തെ അന്തമാനിലേക്ക് വരുത്തിയത്. സഹോദരീഭർത്താവ് മുഹമ്മദ് മുസ്ല്യാരുടെ നിർദേശപ്രകാരം നായാപുരം മസ്ജിദിലാണ് എ. പി ആദ്യമായി ഖത്തീബായി സേവനമനുഷ്ഠിക്കുന്നത്. മആഷറ വിളിക്ക് കാത്തുനിൽക്കാതെ മിമ്പറിൽ കയറി സലാം ചൊല്ലി ബാങ്കുവിളിക്കുന്നതും മലയാളത്തിലുള്ള ഖുത്ബയിൽ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ, ശുദ്ധ മലയാളത്തിലുള്ള തഖ്‌വയുടെ ഉപദേശം നടത്തുന്നതുമെല്ലാം ആ മഹല്ലിൽ അദ്ദേഹത്തെ അനഭിമതനാക്കി. മൂന്ന് മാസങ്ങൾ മാത്രമേ അദ്ദേഹത്തെ സഹിക്കാൻ ആ മഹല്ലുനിവാസികൾക്ക് കഴിഞ്ഞുള്ളു. കുറെയേറെ മലയാളികൾ വസിക്കുന്ന സ്റ്റിവാർട്ട് ഗഞ്ചിലെ ഖാദിരിയ്യാ മസ്ജിദിൽ ഇമാമായി സേവനമനുഷ്ഠിക്കാൻ അവിടെയുള്ള സുഹൃത്തുക്കൾ ആവശ്യപ്പെട്ടത് ഈയൊരു സാഹചര്യത്തിലാണ്. ഒരു വർഷമെങ്കിലും അവിടെ ഖുത്ബ പറയാൻ തന്നെ അനുവദിക്കണമെന്ന നിബന്ധനയിലാണ് എ. പി ഖത്തീബായി ചുമതലയേറ്റത്. ശമ്പളമൊന്നും തന്നില്ലെങ്കിലും ഒരു വർഷത്തിനിടയിൽ തന്നെ പിരിച്ചുവിടരുതെന്നായിരുന്നു എ. പിയുടെ നിബന്ധന. അനാചാരങ്ങളെ തുറന്നെതിർക്കാനും തൗഹീദ് പച്ചയായി പറയാനും തുടങ്ങിയതോടെ അവിടെയും ഏറെ നാൾ ഖത്തീബായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണ് പഴമക്കാരിൽ നിന്ന് ലഭിച്ച വിവരം.
തങ്ങളുടെ ഉപദേശങ്ങൾക്ക് സഹോദരൻ വഴങ്ങുന്നില്ലെന്ന് വന്നതോടെ ജ്യേഷ്ഠന്മാരുടെയും സഹോദരീഭർത്താക്കളുടെയും കുടുംബങ്ങൾ എപി. അബ്ദുൽ ഖാദിർ മൗലവിയെ ബഹിഷ്കരിക്കാനാരംഭിച്ചു. പള്ളിമിഹ്റാബിൽ മോഹാലസ്യപ്പെട്ടുവീഴുന്ന തലത്തിലേക്ക് അക്കാലത്തെ ദാരിദ്ര്യം അദ്ദേഹത്തെ നയിച്ചതായി പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ജീവസന്ധാരണത്തിനുള്ള മാർഗ്ഗം കണ്ടെത്തുന്നതിനായി മൗലവി ചെയ്തത് തയ്യൽ ജോലിയാണ്. ഇതിന്നായി മണ്ണാർക്കാടിനടുത്തുള്ള റൈറ്റ് മ്യൂവിലെ ഒരു തയ്യൽ വിദഗ്ധനിൽ നിന്ന് എ. പി തയ്യൽ പണി അഭ്യസിച്ചു. വിംമ്പർലി ഗഞ്ചിൽ ഒരു തയ്യൽക്കട തുറന്നത് ഈ പശ്ചാത്തലത്തിലാണ്. അദ്ദേഹത്തിന്റെ വായനയുടെയും പഠനത്തിന്റെയും പ്രബോധനത്തിന്റെയുമെല്ലാം കേന്ദ്രം ആ തയ്യൽക്കടയായിരുന്നു. ഇസ്‌ലാഹീപ്രബോധനത്തോടൊപ്പം തന്നെ ദേശീയപ്രസ്ഥാനത്തിലും സജീവമായിരുന്നു മൗലവി. 1954 ൽ വിജയ് പാൽ സിംഗ് എന്ന കോൺഗ്രസ് നേതാവ് അന്തമാനിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനും കോൺഗ്രസ്സ് പാർട്ടി രൂപീകരിക്കാനും മൗലവിയായിരുന്നു മുന്നിൽ നടന്നത്. അവിടെത്തെ ആദ്യത്തെ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് എ. പിയായിരുന്നു. ജ്യേഷ്ഠൻ എ. പി അബ്ദുള്ളക്കുട്ടി സാഹിബ് അടക്കമുള്ള അന്ന് അവിടെയുണ്ടായിരുന്ന അന്തമാൻ അസോസിയേഷൻ ഭാരവാഹികളുടെ എതിർപ്പ് നേരിട്ടുകൊണ്ടാണ് കോൺഗസ് കമ്മറ്റി രൂപീകരിക്കുകയും ഭാരവാഹിയാവുകയും ചെയ്തത്. പിന്നീട് അന്തമാൻ അസോസിയേഷനെ കോൺഗ്രസ്സിൽ ലയിപ്പിക്കുന്നതിലും വിജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അഞ്ച് വർഷങ്ങളായുള്ള തയ്യൽപ്പണി വഴി അത്യാവശ്യം പണം സമ്പാദിച്ച ശേഷമാണ് ഫാറൂഖ് റൗദത്തുൽ ഉലൂമിൽ തുടർപഠനത്തിന് പോകാൻ എപി തീരുമാനിച്ചത്. 1952 ൽ വന്നത് മുതൽ 1958 ൽ ഫാറൂഖ് റൗദത്തുൽ ഉലൂമിൽ പഠനത്തിന് പോകുന്നത് വരെയുള്ള അഞ്ച് വർഷക്കാലം തുടർച്ചയായി അന്തമാനിലുണ്ടായിരുന്ന അദ്ദേഹം ജ്യേഷ്ഠനോടൊപ്പം ജീവിച്ച വന്നശേഷമുള്ള ആദ്യത്തെ ഏതാനും മാസങ്ങൾ കിഴിച്ചുള്ള കാലത്ത് ചിലവിനുള്ള വക കണ്ടെത്തിയത് തയ്യലിലൂടെയായിരുന്നു. അക്കാലത്ത് ഷെഡു മൗലവിയുടെ പ്രധാനപ്പെട്ട പ്രബോധനമേഖല പോർട്ട് ബ്ലയറും പരിസരപ്രദേശങ്ങളുമായിരുന്നെങ്കിൽ എ. പിയുടേത് സ്റ്റിവാർട്ട് ഗഞ്ചും വിംമ്പർലി ഗഞ്ചും പരിസരപ്രദേശങ്ങളുമായിരുന്നു. കുടുംബത്തിന്റെ ബഹിഷ്കരണത്തിലായിരുന്ന അദ്ദേഹം അന്തമാനിലുള്ള ഇസ്‌ലാഹീ പ്രവർത്തകരുടെ സഹകരണത്തോടെയാണ് 1958ൽ റൗദത്തിൽ ഉലൂമിലെ തുടർപഠനം ലക്ഷ്യമാക്കി കപ്പൽ കയറുന്നത്.
No comments yet.