ദഅ്‌വാനുഭവങ്ങൾ -21

//ദഅ്‌വാനുഭവങ്ങൾ -21
//ദഅ്‌വാനുഭവങ്ങൾ -21
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -21

അന്തമാൻയാത്രയെന്ന സ്വപ്‌നം

സ്‌കൂൾകാലം മുതൽ തന്നെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു അന്തമാൻയാത്ര. രണ്ടും മൂന്നും വർഷങ്ങൾ കൂടുമ്പോൾ അന്തമാനിൽ നിന്ന് നാട്ടിൽ വരുന്ന സുബൈദാത്തയുടെയും കുട്ടിയാലി അളിയന്റെയും മക്കളുടെയും സാമീപ്യത്തിൽ നിന്നുണ്ടായതായിരുന്നു ആ സ്വപ്നം. ഒരേയൊരു മൂത്താപ്പ മേലേവീട്ടിൽ കോയക്കുട്ടിയുടെ മൂത്ത മകളാണ് സുബൈദാത്ത; മൂത്താപ്പയുടെ യുവത്വവും വിവാഹവും മരണവുമെല്ലാം അന്തമാനിലായിരുന്നു. സുബൈദത്തയെ വിവാഹം ചെയ്തത് അന്തമാനിൽ തന്നെ ജീവിച്ചിരുന്ന ഞങ്ങളുടെ അടുത്ത പ്രദേശമായ കളിയാട്ടമുക്കുകാരനായ കുട്ടിയാലി അളിയനാണ്. അവരും മക്കളായ ജമീല, ഷബീല, ഷക്കീല, സരീല എന്നിവരും വന്നാൽ വീട്ടിൽ വലിയ ആഘോഷമായിരുന്നു. തന്റെ ജ്യേഷ്ഠന്റെ മകളെയും മരുമകനെയും പേരക്കുട്ടികളെയും സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്യുന്ന രീതി ഉപ്പാക്ക് അവരോടുള്ള ഇഷ്ടം എത്രത്തോളവുമായിരുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലാക്കിത്തരുന്നതായിരുന്നു. അവർ വന്നാൽ ഏതാനും ദിവസങ്ങൾ പരപ്പനങ്ങാടിയിൽ ഞങ്ങളുടെ വീട്ടിലാണ് താമസിക്കുക. ആ ദിവസങ്ങൾ വീട്ടിൽ വലിയ ആഘോഷമായിരിക്കും. താത്താക്കും അളിയനുമല്ലാതെ മക്കൾക്കാർക്കും മലയാളം തീരെ വശമുണ്ടായിരുന്നില്ല. അവരാണ് ആദ്യമായി കണ്ട ഹിന്ദി സംസാരിക്കുന്നവർ; കളികൾക്കിടയിലുള്ള അവരുടെ ഹിന്ദി വർത്തമാനങ്ങൾ കേൾക്കാൻ നല്ല രസമായിരുന്നു. ദിവസങ്ങൾ നീണ്ട താമസത്തിന് ശേഷം അവർ മടങ്ങുമ്പോൾ വീട് ശോകമൂകമാകുമായിരുന്നു; പലപ്പോഴും ഉപ്പ അവരെ യാത്രയയക്കാറുണ്ടായിരുന്നത് കണ്ണുനീരോട് കൂടിയായിരുന്നു. അവർക്കൊപ്പമുള്ള കളികളും സൽക്കാരവുമെല്ലാം ഇന്നും ഓർമ്മയോടെ നിൽക്കുന്നത് അവ അത്രയധികം ഹൃദയത്തെ സ്വാധീനിച്ചത് കൊണ്ടാവണം. മൂത്താപ്പയുടെ ഹമീദാത്തയും അവരുടെ ഭർത്താവായ ഹംസ അളിയനുമെല്ലാം ഇടയ്ക്ക് വീട്ടിൽ വരാറുണ്ടായിരുന്നുവെങ്കിലും അവരെക്കുറിച്ച ഓർമ്മകൾ അത്രയ്ക്ക് സജീവമല്ലാത്തതിന്റെ കാരണവും അവരോടൊപ്പം അന്ന് എന്റെ പ്രായക്കാരായ മക്കളൊന്നും ഇല്ലാത്തതായിരിക്കണം. അവർ വരുമ്പോൾ പെരിന്തൽമണ്ണയിലുള്ള ഹംസ അളിയന്റെ വീട്ടിലാണ് അധികവും താമസിക്കാറുണ്ടായിരുന്നത് എന്നതും കാരണമാകാം. അവരുടെ മക്കളായ നദീറയെയും നാസറിനെയുമെല്ലാം പരിചയപ്പെടുന്നതും സുബൈദാത്തന്റെ മക്കളെക്കാളധികം അടുക്കുന്നതും ഞാൻ അന്തമാനിൽ പോയതിന് ശേഷമാണ്.

ഡിഗ്രി കാലമായപ്പോഴേക്ക് അന്തമാനിൽ പോകണമെന്ന ആഗ്രഹം വർധിച്ചു; രോഗിയായി കിടക്കുന്ന സന്ദർഭത്തിൽ ഉപ്പ പറഞ്ഞുതന്ന അന്തമാൻ കഥകളായിരുന്നു അതിന്ന് കാരണം. ബ്രെയിൻ ട്യൂമർ കാരണം അന്ധനായിത്തീർന്ന ഉപ്പയെ ഖുർആൻ മനഃപാഠമാക്കുവാൻ സഹായിക്കുകയെന്ന ഉത്തരവാദിത്തം എന്റെയും ചെറിയ പെങ്ങൾ റംലയുടേതുമായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഖുർആൻ പഠനത്തെ സഹായിക്കുന്നതോടൊപ്പം തന്നെ പത്രവും ആനുകാലികങ്ങളും വായിച്ചുകൊടുക്കുകയും ചെയ്യുക ഞങ്ങളുടെ പതിവായിരുന്നു. ലീഗ് ടൈംസ് ആണ് അന്ന് വായിച്ചുകൊടുക്കാറുണ്ടായിരുന്ന ദിനപത്രം. അൽമനാർ, ശബാബ് തുടങ്ങിയ ഇസ്ലാമിക ആനുകാലികങ്ങളായിരുന്നു ഉപ്പാക്ക് വേണ്ടി ഞങ്ങൾ പ്രധാനമായും വായിച്ചുകൊടുക്കാറുണ്ടായിരുന്നത്. എംഎസ്എം മാസികയായിരുന്ന ഇഖ്‌റഇന്റെ പ്രസിദ്ധീകരണം തുടങ്ങിയതോടെ അതിലെ ലേഖനങ്ങളിൽ ഉപ്പാക്ക് താല്പര്യമുള്ളവയും വായിച്ചുകൊടുക്കുക പതിവായി. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്ന എന്റെ ലേഖനങ്ങൾ വായിച്ചുകേൾക്കാൻ ഉപ്പ പ്രത്യേകം താല്പര്യം പ്രകടിപ്പിക്കുമായിരുന്നു. 1985 ആഗസ്തിലാണെന്നാണ് ഓർമ്മ, ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് ഞാനെഴുതിയ ‘കുരുതിയുടെ കരിനിഴൽ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഉപ്പാക്ക് വായിച്ചു കേൾപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ‘ഒരു ലക്ഷത്തിലധികം പേരെ ഉടനെയും മൂന്ന് മാസങ്ങൾക്കിടയിൽ രണ്ട് ലക്ഷത്തിലധികം പേരെയും കൊല്ലുകയും നിരവധി പേരെ ദുരിതത്തിലാക്കുകയും ചെയ്ത ഹിരോഷിമ- നാഗസാക്കി ആറ്റംബോംബ് സ്ഫോടനം ആണ് സത്യത്തിൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്നെ രക്ഷപ്പെടുത്തിയത്. നിങ്ങളെല്ലാം ഉണ്ടാകുന്നതിന് കാരണം ആ ബോംബ് സ്ഫോടനമാണെന്ന് വേണമെങ്കിൽ പറയാം.” ഫലിതപ്രിയനായിരുന്ന ഉപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു: “അടുത്ത കൊല്ലം ലേഖനമെഴുതുമ്പോൾ നീ ഹെഡിംഗ് മാറ്റിയാൽ മതി”. അത് കഴിഞ്ഞുള്ള ഏതാനും ദിവസങ്ങളിൽ ഒഴിവ് സമയങ്ങളിലെല്ലാം ഉപ്പാന്റെ അന്തമാൻ കഥകൾ കേട്ടിരിക്കുകയായിരുന്നു ഞങ്ങൾ രണ്ട് പേരുടെയും പതിവ്. ആ കഥകളാണ് അന്തമാനിൽ പോകണമെന്ന ആഗ്രഹമുണ്ടാകുവാനുള്ള രണ്ടാമത്തെ കാരണം.

ബംഗാൾ ഉൾക്കടലിന്റെയും അന്തമാൻ കടലിന്റെയും ഇടയിൽ 467 കലോമീറ്ററുകൾ നീളത്തിൽ സ്ഥിതി ചെയ്യുന്ന ചെറുതും വലുതുമായ 572 ദ്വീപുകളാണ് അന്തമാൻ നിക്കോബാർ എന്നറിയപ്പെടുന്നത്. ഇതിൽ മനുഷ്യവാസമുള്ള 37 ദ്വീപുകളുടെ ചരിത്രത്തിന് 2200 വർഷങ്ങളുടെ പഴക്കമെങ്കിലുമുണ്ടെന്നാണ് പുരാവസ്തുരേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ അന്തമാനിലെ പുരാതനമനുഷ്യർ മറ്റ് ഭൗമമേഖലകളിൽ നിന്ന് ഒറ്റപ്പെട്ടിട്ട് മുപ്പതിനായിരം വർഷങ്ങളെങ്കിലുമായിട്ടുണ്ടെന്ന് ചില ജനിതകശാസ്ത്രപഠനങ്ങൾ പറയുന്നുണ്ട്. രണ്ട് സഹസ്രാബ്ദങ്ങളെങ്കിലുമായി ഈ ദ്വീപു സമൂഹങ്ങളിൽ ജീവിക്കുന്ന ആദിമവാസികളെ അടിച്ചമർത്തിയും കൊന്നൊടുക്കിയും കൊണ്ടാണ് സംസ്കൃതമനുഷ്യരെന്ന് അവകാശപ്പെടുന്നവർ അന്തമാനിലേക്ക് കുടിയേറിയത്. ഗ്രേറ്റ് അന്തമാനീസ്, ഓങ്കിസ്, ജറവാസ്, സെന്റിലിനിസ് എന്നിങ്ങനെ ആഫ്രിക്കൻ പാരമ്പര്യമുള്ള നാല് നെഗ്രിറ്റോ വർഗ്ഗങ്ങളും ഷോംപെൻസ്, നിക്കോബാരീസ് എന്നിങ്ങനെ മലായ്-ബർമ്മ പാരമ്പര്യമുള്ള രണ്ട് മംഗളോയ്‌ഡ്‌ വർഗ്ഗങ്ങളുമായിരുന്നു അന്തമാനിലെ ആദിവാസികൾ. ഇതിൽ സെന്റിലിനിസ് ഒഴിച്ച് മറ്റ് വർഗ്ഗങ്ങളിലുള്ളവരെല്ലാം നിരന്തരമായ പരിശ്രമങ്ങൾക്ക് ശേഷം അവിടുത്തെ ഭരണകൂടത്തോടും ജനങ്ങളോടും സഹകരിക്കാൻ തുടങ്ങിയിട്ടുണ്ട്. നോർത്ത് സെന്റിനെന്റൽ ദ്വീപിലേക്ക് ആരെയും കടക്കാനനുവദിക്കാതെ സംസ്കൃതമനുഷ്യരോട് അകന്നു കഴിയുകയാണ് ഇപ്പോഴും സെന്റിലിനിസ് വർഗ്ഗത്തിലെ മനുഷ്യർ. കടൽ യാത്രകൾക്കിടയിലുള്ള ഇടത്താവളമായി ഈ ദ്വീപ് സമൂഹങ്ങൾ ഉപയോഗിച്ചതായുള്ള പരാമർശങ്ങൾ ചില പൗരാണികഗ്രൻഥങ്ങളിൽ കാണാമെങ്കിലും അവിടെ ഭരണമോ മറ്റോ നിലനിന്നതായി സൂചിപ്പിക്കുന്ന യാതൊന്നും ലഭ്യമായിട്ടില്ല. 1755 ഡിസംബർ 12 ന് ഡാനിഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പൽ നിക്കോബാറിൽ എത്തുന്നതോടെയാണ് നിക്കോബാറിലെ യൂറോപ്യൻ കോളനിവൽക്കരണത്തിന്റെ ചരിത്രമാരംഭിക്കുന്നത്. 1759 ബ്രിട്ടീഷുകാർ അന്തമാനിൽ ആരോപിച്ച ആദ്യത്തെ കോളനി മലേറിയ പകർന്ന് പിടിച്ചത് കാരണം തകർന്നത് കാരണം അവർ ആ ശ്രമം ഉപേക്ഷിച്ചതായിരുന്നു. പിൽക്കാലത്ത് പോർട്ട് ബ്ലയർ എന്ന് നാമകരണം ചെയ്യപ്പെട്ട സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ 1958ൽ ആരംഭിച്ച കോളനിയുടെ ലക്‌ഷ്യം കുറ്റവാളികളെ പാർപ്പിക്കുകയായിരുന്നു.1868 ഒക്ടോബർ 16 ന് ഡാനിഷുകാരിൽ നിന്ന് നിക്കോബാറിന്റെ അധികാരം വിലകൊടുത്ത് വാങ്ങിയതോടെയാണ് ഈ ദ്വീപുസമൂഹങ്ങൾ മുഴുവനായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീർന്നത്.

അന്തമാനിനെക്കുറിച്ച് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിലേക്ക് വരാറുള്ളത് കുറ്റവാളികൾ എന്ന് മുദ്രയടിക്കപ്പെട്ട് അവിടേക്ക് നാടുകടത്തിയ സ്വാതന്ത്ര്യസമരസേനാനികളെ പാർപ്പിക്കാനായി ബ്രിട്ടീഷുകാർ സജ്ജമാക്കിയ കലാപാനിയെന്ന് അറിയപ്പെട്ട ജയിലും അനുബന്ധസംവിധാനങ്ങളുമാണ്. സമരനായകന്മാരെയും മറ്റ് കുറ്റവാളികളെയും പാർപ്പിക്കുവാനായി തയ്യാറാക്കിയ സെല്ലുലാർ ജയിലിന്റെ നിർമ്മാണം 1896 ൽ തുടങ്ങി 1906 ലാണ് അവസാനിച്ചത്. അതിന്ന് മുമ്പ് അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ദ്വീപുകൾ തന്നെ വലിയ ഒരു ജയിലായിരുന്നു. സെല്ലുലാർ ജയിലിലും പുറത്തും അവർ അനുഭവിക്കേണ്ടി വന്ന യാതനകളും ക്രൂരമായ പീഡനങ്ങളും വിശദീകരിക്കാൻ കഴിയാത്തത്രയും ഭീകരമായിരുന്നുവെന്ന് ജയിൽ സന്ദർശിച്ചാൽ മനസ്സിലാവും. ബ്രിട്ടീഷുകാർ ശിപായി ലഹളയെന്ന് വിളിച്ച 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ചാണ് അതിൽ പങ്കെടുത്ത സമരനേതാക്കളെ പാർപ്പിക്കുവാൻ അന്തമാൻ എത്രത്തോളം അനുയോജ്യമാകുമെന്ന് പഠിക്കാനായി ബ്രിട്ടീഷ് സർജനായ ഡോ: എഫ്. ജെ. മൗഅത്തിന്റെ നേതൃത്വത്തിൽ അന്തമാൻ കമ്മറ്റിയുണ്ടാക്കുകയും അതിന്റെ നിർദേശപ്രകാരം കുറ്റവാളികളെന്ന് വിധിച്ച് സ്വാതന്ത്ര്യസമരസേനാനികളെ അന്തമാനിലേക്ക് അയക്കുകയും ചെയ്യുവാനാരംഭിച്ചത്.

1858 മാർച്ച് 10 ന് ഡോ: ജയിംസ് പാറ്റിസൺ വാക്കറിന്റെ മേൽനോട്ടത്തിൽ കുറ്റവാളികളെന്ന് വിധിക്കപ്പെട്ട ഇരുന്നൂറ് പേർ എത്തുന്നതോടെയാണ് ദേശാഭിമാനികളുടെ കുടിയേറ്റത്തിന്റെ അന്തമാൻചരിത്രം ആരംഭിക്കുന്നത്. സമരനേതാക്കളായ ഫസലുൽ ഹഖ് ഖൈറാബാദി, ലിയാഖത്ത് അലി, മൂസായ് സിംഗ്, ഭീമ നായിക്ക്, ഗിൽഗാർ ദോബെ എന്നിവരുടെ നേതൃത്വത്തിലുള്ള ഈ സംഘമാണ് ബ്രിട്ടീഷുകാർക്ക് വേണ്ടി അന്തമാൻകാടുകൾ വെട്ടിത്തെളിക്കുവാനാരംഭിച്ചത്. കഠിനാധ്വാനത്തിനിടയിലും വെള്ളക്കാരുടെ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ അത് സഹിക്കവയ്യാതെ ഒളിച്ചോടിയ ഇന്ത്യക്കാരായ 88 പേരെ പിടികൂടി ഒരൊറ്റ ദിവസം തന്നെ വെടിവെച്ചുകൊന്നതാണ് അന്തമാനിൽ നടന്ന ആദ്യത്തെ കൂട്ടക്കൊലപാതകം. അവരോടൊപ്പം അന്തമാനിലെത്തിയ ഡോ: ജെ. പി. വാക്കർ തന്നെയാണ് ഇതിന്ന് നേതൃത്വം നൽകിയത്. കുറ്റവാളികളെന്ന് വിധിക്കപ്പെട്ട് അന്തമാനിലെത്തിയവരെ ഉപയോഗിച്ചുകൊണ്ട് കാടുകൾ വെട്ടിത്തെളിക്കാനാരംഭിച്ചപ്പോൾ അതിന്നെതിരെ നടന്ന ആദിവാസികളുടെ ചെറുത്തുനിൽപ്പിനെതിരെ നടന്ന വെടിവെപ്പാണ് രണ്ടാമത്തെ കൂട്ടക്കൊലപാതകം. അമ്പും വില്ലും കൊണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും അവരുടെ ഇന്ത്യൻ സഹായികളെയും തുരത്തി തങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാമെന്ന് കരുതി യുദ്ധത്തിനെത്തിയ ആയിരത്തി അഞ്ഞൂറോളം വരുന്ന ഗ്രേറ്റ് ആൻഡമാൻ ആദിവാസികൾക്കാണ് 1859 മെയ് നാലിന് നടന്ന ആബർഡീൻ യുദ്ധത്തിൽ (Battle of Aberdeen) വെടിയേറ്റതെന്നാണ് കണക്ക്.

ബിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിൽ വെള്ളക്കാരെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവങ്ങളിലൊന്ന് നടന്നതും അന്തമാനിൽ വെച്ചു തന്നെയാണ്. ഇന്ത്യയിലെ നാലാമത്തെ ബ്രിട്ടീഷ് വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന റിച്ചാർഡ് ബോർക്ക് മായോ പ്രഭു വധിക്കപ്പെട്ട സംഭവമാണത്. ഇന്ത്യക്കാരനാൽ വധിക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ വൈസ്രോയിയാണ് മായോ പ്രഭു. 1867ൽ അന്തമാനിലേക്ക് നാട് കടത്തപ്പെട്ട ഷേർ അലി അഫ്രീദിയെന്ന പഷ്തൂൺ യുവാവാണ് അദ്ദേഹത്തെ വധിച്ചത്. തന്റെ സഹോദരിയെ ബലാൽസംഗം ചെയ്ത യൂനുസ് എന്ന ഒരാളെ പട്ടാപ്പകൽ കൊന്നുവെന്നതായിരുന്നു ബ്രിട്ടീഷ് പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഷേർ അലിക്കെതിരെയുള്ള കുറ്റം. പോർട്ട് ബ്ലയറിന് സമീപം ഒരു ക്ഷുരകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അന്തമാൻ സന്ദർശിക്കുകയായിരുന്ന വൈസ്രോയിയെ ഹോപ്പ് ടൗണിൽ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനായി യത്നിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെട്ട് അന്തമാനിലേക്ക് നാടുകടത്തപ്പെട്ട വഹാബിപണ്ഡിതന്മാരിൽ നിന്നാണ് പോർട്ട് ബ്ലയറിൽ വെച്ച് സ്വാതന്ത്ര്യദാഹം ഷേർ അലിയുടെ തലച്ചോറിലേക്ക് കയറിയതെന്നും അതാണ് മായോ പ്രഭുവിനെ കൊന്ന് ബ്രിട്ടീഷുകാരെ പാഠം പഠിക്കണമെന്ന ചിന്ത അയാളിലുണ്ടാക്കിയതെന്നുമാണ് ബ്രിട്ടീഷ് രേഖകൾ പറയുന്നത്. വെള്ളക്കാർക്കെതിരെ പോരാടി നാടിനെ സ്വാതന്ത്രമാക്കണമെന്ന് ആഹ്വാനം ചെയ്യുകയും അതിനായുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത മൗലാനാ മുഹമ്മദ് ജാഫർ താനാശേരിയെപ്പോലെയുള്ള നിരവധി പണ്ഡിതന്മാരെയും അവരുടെ അനുയായികളെയും ദേശദ്രോഹികളെന്ന് മുദ്രകുത്തി 1858 മുതൽ തന്നെ അന്തമാനിലേക്ക് നാടുകടത്തിയിരുന്നു. വഹാബികളായ അവരിൽ നിന്നാണ് ഷേർ അലി പ്രചോദിതനായത് എന്നാണ് ബ്രിട്ടീഷ് ആഖ്യാനം. നാടിനെ അടിമപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഉപകരണമായ വൈസ്രോയിയെ കൊന്നത് ദൈവികനിർദേശപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞതായും ബ്രിട്ടീഷ് രേഖകളിലുണ്ട്. 1872 മാർച്ച് 11 ന് ബ്രിട്ടീഷ് ഫോട്ടോഗ്രാഫർമാർക്ക് ഫോട്ടോയെടുക്കാൻ നിന്ന് കൊടുത്ത ശേഷം അല്പം പോലും ഭയം പ്രകടിപ്പിക്കാതെയാണത്രെ അദ്ദേഹം വൈപ്പർ ഐലൻഡിലെ കഴുമരത്തിൽ തനിക്കായി തയ്യാറാക്കപ്പെട്ട തൂക്കുകയറിലേക്ക് നടന്നു നീങ്ങിയത്.

മലബാർ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 160 പേർ 1922 ഏപ്രിൽ 22 ന് പോർട്ട് ബ്ലയറിൽ ടിഎസ്എസ് മഹാരാജാ കപ്പലിറങ്ങുന്നതോടെയാണ് അന്തമാൻമലയാളികളുടെ ചരിത്രമാരംഭിക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇവർക്ക് ഒന്നുകിൽ ഇരുപത് വർഷം ജയിലിൽ കഴിയുക, അല്ലെങ്കിൽ കുടുംബത്തെക്കൂടി അന്തമാനിലേക്ക് കൊണ്ടുപോയി അവിടെ കുടിയേറ്റക്കാരായി സ്വതന്ത്രജീവിതം നയിക്കുക എന്നിവയിൽ എത്രയെങ്കിലുമൊന്ന് തിരഞ്ഞെടുക്കുവാൻ ബ്രിട്ടീഷുകാർ അനുവാദം നൽകി. കുടുംബസമേതം അന്തമാനിലെത്തുന്ന കുറ്റാരോപിതരെ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്‌ഷ്യം. കുറ്റാരോപിതരുടെ കുടുംബത്തിന് മദ്രാസില്‍നിന്നു പോര്‍ട്ട്‌ബ്ലെയറിലേക്ക് യാത്ര സൗജന്യം, ഗവണ്‍മെന്റ് നൽകുന്ന അനുയോജ്യമായ ഭൂമി, പണമായും കാലികളായുമുള്ള ആനുകൂല്യങ്ങള്‍, ശിക്ഷിക്കപ്പെട്ടവരുടെ ഭാര്യമാര്‍ക്ക് 50 രൂപ വീതം സൗജന്യം, വീട് നിര്‍മ്മാണത്തിനാവശ്യമായ ഭൗതികവിഭവങ്ങള്‍, നൽകിയ വയലുകളിൽ ധാന്യങ്ങള്‍ കൊയ്‌തെടുക്കുന്നത് വരെ സൗജന്യമായ റേഷന്‍, ചെറിയ കച്ചവടങ്ങൾ ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് 50 രൂപ വീതം സമ്മാനം എന്നിവ പ്രഖ്യാപിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാർ മലയാളികളെ അവിടേക്ക് കുടിയേറുവാൻ പ്രലോഭിപ്പിച്ചത്. കുടുംബത്തെ കൊണ്ട് വരുന്ന കുറേയധികം പേരെ ഒന്നിച്ച് ഒരു സ്ഥലത്ത് കുടിയിരുത്തുകയും അവിടെ നമസ്കാരത്തിനായി പള്ളി നിര്‍മ്മിക്കുകയും ഒരു ഇമാമിനെ നിയോഗിക്കുകയും ചെയ്യുകയെന്ന മലയാളികളെ കുടിയേറ്റത്തിന് പ്രചോദിപ്പിക്കാനും അവരുടെ പ്രശ്നങ്ങൾ പഠിക്കുവാനും വേണ്ടി സർക്കാർ ഡെപ്യൂട്ടേഷ്യനിൽ അന്തമാനിലേക്കയച്ച കോഴിക്കോട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന ഇ. എച്ച്. അബ്രഹാമിന്റെ നിർദേശവും അംഗീകരിക്കുവാൻ അവിടേക്ക് നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് കമ്മീഷണർ ഹെൻറി സെസിൽ ബീഡൻ സന്നദ്ധമായി. ഇതിന്റെ ഫലമായി അന്തമാനിലെ മലയാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. 1926ല്‍ 1133 മാപ്പിളമാരാണ് അന്തമാനിലുണ്ടായിരുന്നതെങ്കില്‍ 1932 ആയപ്പോള്‍ 1885 പേരുണ്ടായിരുന്നു. ഇവരുടെ പിന്‍മുറക്കാരും പിന്നീട് ജോലിയാവശ്യാര്‍ഥവും മറ്റും വന്നു താമസമാക്കിയവരുമാണ് ഇന്ന് അന്തമാന്‍ മലയാളികളില്‍ വലിയൊരു ശതമാനം. അന്തമാന്‍ മാപ്പിള സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ 1996ല്‍ നടത്തിയ സര്‍വ്വേ പ്രകാരം അന്തമാനിലെ അന്നത്തെ മാപ്പിള ജനസംഖ്യ 15000ത്തിലധികമാണ്.

1930 കളുടെ രണ്ടാം പകുതിയായപ്പോഴേക്ക് വ്യത്യസ്തങ്ങളായ കാരണങ്ങളാൽ അന്തമാനിലെത്തിപ്പെടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. അക്കാലത്താണ് എന്റെ മൂത്താപ്പ മേലേവീട്ടിൽ കോയക്കുട്ടി അന്തമാനിലെത്തുന്നത്. മലബാർ സമരത്തിൽ പങ്കെടുത്തതിന് നാട് കടത്തപ്പെട്ട ഏതോ കുടുംബക്കാരനെ സന്ദർശിക്കാനാണ് മൂത്താപ്പ അവിടെയെത്തിയതെന്നാണ് അദ്ദേഹത്തിന്റെ മൂത്ത മകൻ എം. അബ്ദുർറഹ്‌മാനും രണ്ടാമത്തെ മകൻ അബൂബക്കറുമായുള്ള സംഭാഷണങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായത്. അതെന്തായിരുന്നാലും അവിടെയെത്തിയ ശേഷം ദേശീയവാദി പ്രസ്ഥാനത്തിൽ മൂത്താപ്പ സജീവമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളുണ്ട്. കോൺഗ്രസ്സ് പ്രവർത്തങ്ങളിൽ സജീവമായിരുന്ന ഗൃഹാന്തരീക്ഷത്തിൽ വളർന്നതുകൊണ്ടായിരിക്കണം മൂത്താപ്പാന്റെ രണ്ട് മക്കളും തികഞ്ഞ ദേശീയവാദികളും കോൺഗ്രസ്സ് സംഘാടകരുമായിത്തീർന്നത്. ഞാൻ അന്തമാനിലെത്തുമ്പോൾ എം.എ. റഹ്‌മാൻ എന്ന് പ്രസിദ്ധനായ മൂത്ത ജ്യേഷ്ഠൻ അന്തമാൻ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റാണ്. അധികാരമോഹമില്ലാത്ത കോൺഗ്രസ്സനേതാവായാണ് അദ്ദേഹം അവിടെ അറിയപ്പെട്ടിരുന്നത്. മൂത്താപ്പ ആരംഭിച്ച കച്ചവടസ്ഥാപനമായ ഹിന്ദുസ്ഥാൻ ജനറൽ സ്റ്റോർ നോക്കി നടത്തുന്നതിലായിരുന്നു പ്രധാനമായും രണ്ടാമത്തെ മകൻ ശ്രദ്ധിച്ചിരുന്നതെങ്കിലും ഉയർന്ന രാഷ്ട്രീയബോധമുള്ളയാളായിരുന്നു അദ്ദേഹമെന്ന് ഒരു തവണ സംസാരിച്ചാൽ മനസ്സിലാവും. അന്തമാനിലെത്തിയ ശേഷം ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയായിരുന്ന മൂത്താപ്പ അവിടെ നിന്ന് തന്നെ കോട്ടക്കൽ നിന്ന് അന്തമാനിലെത്തിയ കദീജ എന്നവരെ വിവാഹം ചെയ്യുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. മൂത്താപ്പയുടെ പ്രവാസത്തിൽ ഉപ്പാക്ക് എത്രത്തോളം ദുഃഖമുണ്ടായിരുന്നുവെന്ന് എന്നെ അന്തമാനിലേക്ക് കൊണ്ടുപോകുവാനായി അദ്ദേഹത്തോട് സമ്മതം ചോദിക്കാനായി വന്ന എ. പി മുഹമ്മദ് സാഹിബിനോടും ഹംസ മാസ്റ്ററോടുമുള്ള പ്രതികരണത്തിൽ നിന്ന് വ്യക്തമായിരുന്നു: “അവന് താൽപര്യമുണ്ടെങ്കിൽ നിങ്ങൾ അവനെ കൊണ്ട് പൊയ്ക്കോളൂ; അവന് പറ്റുന്ന എന്ത് ജോലിയും ചെയ്യിപ്പിച്ചോളൂ; പക്ഷെ അവനെക്കൊണ്ട് അവിടെനിന്ന് കല്യാണം കഴിപ്പിക്കരുത്. അത് മാത്രം നിങ്ങൾ ചെയ്യിക്കരുത്”.

ജ്യേഷ്ഠസഹോദരനെ സന്ദർശിക്കാനായി 1941ൽ, തന്റെ പതിനാറാമത്തെ വയസ്സിലാണ് ഉപ്പ അന്തമാനിലെത്തുന്നത്. അവർ തമ്മിലുണ്ടായിരുന്ന ഇഷ്ടത്തിന്റെ ആഴം ഞങ്ങൾക്ക് മനസ്സിലായിരുന്നത് മൂത്താപ്പാന്റെ പെണ്മക്കളായിരുന്ന സുബൈദ താത്തയും ഹമീദ താത്തയും കുടുംബങ്ങളും വീട് സന്ദർശിക്കുമ്പോഴുള്ള ഉപ്പാന്റെ പെരുമാറ്റത്തിൽ നിന്നാണ്. തന്റെ മൂത്ത മകന് മൂത്താപ്പ അബ്ദുർ റഹ്‌മാൻ എന്ന പേര് നൽകിയതും ഈ ഇഷ്ടം കൊണ്ടായിരിക്കണം. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ ശേഷമാണ് ഉപ്പ അന്തമാനിലെത്തുന്നത്. 1939 സെപ്‌റ്റംബർ ഒന്നിന് പോളണ്ടിനെ ജർമ്മനി പിടിച്ചടക്കുന്നതോടെ ആരംഭിച്ച ലോകമഹായുദ്ധത്തിൽ ഇന്ത്യക്കാർ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ ദേശീയനേതാക്കൾക്കിടയിൽ അഭിപ്രായാന്തരമുണ്ടായി. അമേരിക്ക, ബ്രിട്ടൻ, സോവിയറ്റ് യൂണിയൻ, ചൈന എന്നിവരടങ്ങുന്ന സഖ്യകക്ഷികൾ (Allies) ഒരു വശത്തും ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നിവരടങ്ങുന്ന ധ്രുവശക്തികൾ (Axis powers) മറുവശത്തുമായി നടക്കുന്ന യുദ്ധത്തിൽ ഇന്ത്യക്കാർ നമ്മുടെ ഭരണാധികാരികളായ ബ്രിട്ടന്റെ പക്ഷത്ത് നിൽക്കണമെന്നായിരുന്നു ഗാന്ധിജിയുടെയും കോൺഗ്രസ്സിന്റെയും പക്ഷം. എന്നാൽ ധ്രുവശക്തികളോടൊപ്പം ചേർന്ന് നമ്മുടെ നാടിനെ അടിമപ്പെടുത്തുന്ന ബ്രിട്ടീഷുകാർക്കെതിരെ നാം ശക്തമായി പോരാടാൻ ഈ അവസരം ഉപയോഗിക്കണമെന്നായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും അദ്ദേഹത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഐഎൻഎ യുടെയും അഭിപ്രായം. യുദ്ധത്തിൽ അവരെ സഹായിക്കാമെന്നും ജയിച്ചാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാമെന്നും നേതാജി ധ്രുവശക്തികളുമായി കരാറുണ്ടാക്കുകയും അതനുസരിച്ച് അദ്ദേഹവും ഇന്ത്യൻ നാഷണൽ ആർമിയും അവരെ സഹായിക്കുകയും ചെയ്തു. ഈ യുദ്ധത്തിലാണ് 1942 മാർച്ച് 23 ന് ബ്രിട്ടീഷ് ഭരണത്തിലായിരുന്ന അന്തമാൻ ജപ്പാൻ സൈന്യം കീഴടക്കുന്നത്. നിറയെ നാവികരെയും കൊണ്ട് ജപ്പാൻ വിമാനവാഹിനിക്കപ്പലായ റീയൂജോ പോർട്ട് ബ്ലയറിനടുത്തുള്ള ചാട്ടം, റോസ് എന്നീ ദ്വീപുകളിലെത്തിയപ്പോൾ, അവിടെയുണ്ടായിരുന്ന ഇന്ത്യക്കാരായ ബ്രിട്ടീഷ് പട്ടാളക്കാരിൽ പലരും ഐഎൻഎ മനസ്സുള്ളവരായിരുന്നതിലാണെന്ന് തോന്നുന്നു, കാര്യമായ പ്രതിരോധമൊന്നുമില്ലാതെയാണ് അന്തമാൻ ജപ്പാൻ ഭരണത്തിന് കീഴിലാവുന്നത്. ഈ സമയത്തെല്ലാം മൂത്താപ്പ തന്റെ അധ്യാപനവൃത്തി തുടരുകയാണ് ചെയ്തത്.

അന്തമാനിലേക്കുള്ള ജപ്പാൻ സൈന്യത്തിന്റെ ആഗമനം അവിടെയുണ്ടായിരുന്ന ബ്രിട്ടീഷുകാർക്കെന്ന പോലെ ഇന്ത്യക്കാർക്കും ദുരിതങ്ങൾ വിതച്ചുകൊണ്ടായിരുന്നുവെങ്കിലും കീഴടക്കിയതിന് ഏകദേശം ഒരു വർഷത്തിന് ശേഷം ധ്രുവശക്തികൾ സുഭാഷ് ചന്ദ്രബോസുമായുണ്ടാക്കിയ കരാർ പാലിച്ചു. 1943 നവംബർ ആറിന് ടോക്കിയോവിൽ വെച്ച് നടന്ന Assembly of Greater East Asiatic Nations ൽ ജപ്പാൻ പ്രധാനമന്ത്രി ഹിദേക്കി തോജോ അന്തമാനിന്റെ ഭരണം ആസാദി ഹിന്ദിന്റെ താൽക്കാലിക സർക്കാരിന് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചതറിഞ്ഞ അന്തമാനിലെ ഇന്ത്യക്കാരെല്ലാം സന്തോഷിച്ചുവെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. ഡിസംബർ 29 ന് അന്തമാനിലെത്തിയ നേതാജി അതിന്നടുത്ത ദിവസം, 30 ന് പോർട്ട് ബ്ലയറിലെ ജിംഖാന ഗ്രൗണ്ടിൽ ത്രിവർണ്ണ പതാക ഉയർന്നപ്പോൾ നാടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം കാരണം ജനിച്ചുവളർന്ന നാട്ടിൽ നിന്ന് പലായനം ചെയ്ത് അവിടെയെത്തിയവരെല്ലാം സ്വതന്ത്ര ഇന്ത്യ യാഥാർഥ്യമായിയെന്ന് കരുതി പുളകിതരായിരിക്കുമെന്നും റോസ് ഐലൻഡിലെ ബ്രിട്ടീഷ് ചീഫ് കമ്മീഷണറുടെ ഓഫീസിന് മുകളിൽ പാറിക്കളിക്കുന്ന ഇന്ത്യൻ ത്രിവർണ്ണ പതാക ഭാവി ഇന്ത്യയെക്കുറിച്ച സൂചനയും പ്രതീക്ഷയുമാണെന്ന നേതാജിയുടെ പ്രഭാഷണം കേട്ട് അവിടെ കൂടിയ ആയിരങ്ങൾ ആർത്തുല്ലസിച്ചിരിക്കുമെന്നും കരുതുന്നുവെകിൽ നമുക്ക് തെറ്റി. അന്തമാനിലെ ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുകയോ അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് മനസ്സിലാക്കുകയോ ജപ്പാൻ ഭരണത്തെക്കുറിച്ച അവരുടെ അഭിപ്രായം ആരായുകയോ ചെയ്യാതെയാണ് അദ്ദേഹം സ്വാതന്ത്ര്യം നേടിയ ആദ്യത്തെ ഇന്ത്യൻപ്രദേശമാണ് അന്തമാനെന്ന് പ്രഖ്യാപിച്ചത് എന്നതിനാൽ ഇന്ത്യക്കാരിൽ മിക്കവർക്കും അദ്ദേഹത്തിന്റെ ചെയ്തികളിൽ എതിർപ്പുണ്ടായിരുന്നു. അന്തമാനിനെ ശഹീദ് ദ്വീപും നിക്കോബാറിനെ സ്വരാജ് ദ്വീപുമായി നാമകരണം ചെയ്തശേഷം അദ്ദേഹം അവിടെ നിന്ന് വിമാനം കയറി. അന്തമാൻ നിക്കോബാർ ദ്വീപുസമൂഹത്തെ ഭരിക്കാനായി അദ്ദേഹം നിശ്ചയിച്ച ഗവർണർ മേജർ ജനറൽ ആർക്കോട്ട് ദുരൈസ്വാമി ലോകനാഥൻ ജപ്പാൻ പട്ടാളവുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ താൻ നേരത്തെയുണ്ടായിരുന്ന ബർമ്മയിലേക്ക് തിരിച്ചുപോയി. അടുത്ത രണ്ട് വർഷക്കാലം അന്തമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതകാലമായിരുന്നു.

ജപ്പാൻ ക്രൂരതകളുടെ ഈ ദുരിതകാലത്താണ് ഉപ്പ മൂത്താപ്പാനെയും കുടുംബത്തെയും സന്ദർശിക്കാനായി അന്തമാനിലെത്തുന്നത്. ജപ്പാൻകാരുടെ ക്രൂരതകളെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും അവിടുത്തെ പഴമക്കാർ വിതുമ്പുന്നത് കാണാറുണ്ട്; ഉപ്പയുടെ സ്ഥിതിയും തഥൈവ. തങ്ങളുടെ ഔദ്യോഗികരേഖകളെല്ലാം കത്തിച്ച് നശിപ്പിച്ചുകൊണ്ടാണ് അവർ അന്തമാൻ വിട്ടത് എന്നതിനാൽ ആ ക്രൂരതകളെക്കുറിച്ച വായ്മൊഴികളും അവയുടെ അടിസ്ഥാനത്തിൽ പിൽക്കാലത്ത് എഴുതപ്പെട്ട രേഖകളും മാത്രമേ ഉപലബ്ധമായിട്ടുള്ളൂ. അന്തമാനിലെത്തി നാലാം ദിവസം തന്നെ ജപ്പാൻകാർ അവരുടെ ക്രൂരതകൾ തുടങ്ങി. തങ്ങൾക്ക് നേരെ നിറയൊഴിച്ചുവെന്ന് ആരോപിച്ചുകൊണ്ട് സുൽഫീക്കർ എന്ന കൗമാരക്കാരനെ പിടിച്ച് പരസ്യമായി കൈകൾ പിരിച്ച് പൊട്ടിക്കുകയും വെടിവെച്ചുകൊല്ലുകയും ചെയ്തതാണ് ആദ്യത്തെ ക്രൂരകൃത്യം. അതോടനുബന്ധിച്ച് നിരവധി വീടുകൾ അഗ്നിക്കിരയാക്കി; അവിടെയുണ്ടായിരുന്ന സ്ത്രീകളെ ബലാൽസംഗം ചെയ്തു. തങ്ങളുടെ വിനോദങ്ങൾക്ക് സിക്ക് ഗുരുദ്വാര വിട്ടുകൊടുക്കണമെന്ന ജപ്പാൻകാരുടെ ആവശ്യം നിരസിച്ചതിനാൽ പഞ്ചാബി കവിയും ഇന്ത്യൻ നേതാവുമായിരുന്ന ഡോ: ദിവാൻ സിംഗിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചാബി സഭയിലെ 65 അംഗങ്ങളെയും 82 ദിവസത്തെ നിരന്തരമായ ക്രൂരപീഡനങ്ങൾക്ക് ശേഷം 1944 ജനുവരി 14 ന് കൊല്ലുകയും ചെയ്തതായി രേഖകളിലുണ്ട്. ബലാൽസംഗം ജപ്പാൻ പട്ടാളത്തിന്റെ നിത്യവിനോദങ്ങളിലൊന്നായിരുന്നു. അവരുടെ വന്യമായ രതിക്രീഢകൾക്ക് ഇന്ത്യൻ സ്ത്രീകൾ അപര്യാപ്തമായതിനാൽ കൊറിയയിൽ നിന്നും മലേഷ്യയിൽ നിന്നും അന്തമാനിലേക്ക് സ്ത്രീകൾ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നുവത്രെ. എതിരാളികളാണെന്ന് കരുതുന്നവരെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു അവരുടെ രീതി. ബ്രിട്ടീഷുകാർക്ക് വേണ്ടി ചാരപ്രവർത്തി നടത്തിയെന്ന് ആരോപിച്ചുകൊണ്ട് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ 44 പ്രവർത്തകരെ പിടികൂടുകയും ദിവസങ്ങൾ നീണ്ടുനിന്ന പീഡനങ്ങൾക്ക് ശേഷം 1944 ജനുവരി 30 ന് വെടിവെച്ചുകൊല്ലുകയും ചെയ്തത് രേഖകളിൽ അവശേഷിച്ച ക്രൂരതകളിലൊന്നാണ്. ഹോംഫ്രി ഗഞ്ച് കൂട്ടക്കൊല എന്നറിയപ്പെട്ട ഈ സംഭവത്തിന് ശേഷം ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിൽ പ്രവർത്തിക്കുവാനോ അതിന്നായി സംസാരിക്കാനോ വല്ലാതെ ആരും ധൈര്യപ്പെട്ടിരുന്നില്ലത്രെ.

ഉപ്പ പറഞ്ഞ അനുഭവകഥയിലേക്ക് വരാം. ജപ്പാൻ ഭരണത്തിന്റെ ക്രൂരനാളുകളിൽ അവിടെയെത്തിയ ഉപ്പ ജീവിക്കാനായി ചെയ്തത് പോലീസിൽ സേവനമനുഷ്ഠിക്കുകയാണ്. ആറ് മാസത്തിലധികം ജപ്പാൻകാരുടെ കീഴിൽ പോലീസായി ഉപ്പ സേവനമനുഷ്ടിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ അവിടെ ഭക്ഷണദൗർലഭ്യം രൂക്ഷമായ കാലത്താണത്. ഭക്ഷ്യക്ഷാമത്തിന് ജപ്പാനികളുടെ പക്കലുണ്ടായിരുന്ന പരിഹാരം ഇന്ത്യക്കാരെ കൊന്നൊടുക്കുകയെന്നതായിരുന്നു. അതിന്ന് അവർ പല മാർഗ്ഗങ്ങൾ കണ്ടെത്തി. ഇന്ത്യക്കാരെ ചതിച്ചു കൊണ്ടുപോയി കടലിലാഴ്ത്തിക്കൊല്ലുക അതിലൊന്നായിരുന്നു. 1945 ആഗസ്റ്റ് 13 ന് മുന്നൂറ് ഇന്ത്യക്കാരെയും വഹിച്ച് കടലിലൂടെ നീങ്ങിയ മൂന്ന് ബോട്ടുകളിലുള്ളവരോട് പറഞ്ഞത് മൽസ്യബന്ധനത്തിനായാണ് അവർ പോകുന്നതെന്നാണ്. നടുക്കടലിലെത്തിയപ്പോൾ അവരെയെല്ലാം കടലിൽ ചാടാൻ നിർബന്ധിച്ചു. നൂറിലധികം പേർ കടലിൽ മുങ്ങിമരിച്ചു; നീന്തലറിയാമായിരുന്ന ബാക്കിയുള്ളവർ മനുഷ്യവാസമില്ലാത്ത അടുത്ത ദ്വീപിൽ നീന്തിപ്പറ്റിയെങ്കിലും ബഹുഭൂരിപക്ഷവും പട്ടിണി കിടന്ന് മരിച്ചു; പതിനൊന്ന് പേർ മാത്രമാണ് അതിൽ ജീവനോടെ ബാക്കിയായത്. ആറ് ആഴ്ചകൾ കഴിഞ്ഞ് അവിടെയെത്തിയ ബ്രിട്ടീഷ് രക്ഷാപ്രവർത്തകരാണ് അവരെ രക്ഷിച്ചത്. എണ്ണൂറ് ഇന്ത്യക്കാരുണ്ടായിരുന്ന മറ്റൊരു സംഘത്തെ ആൾപ്പാർപ്പില്ലാത്ത മറ്റൊരു ദ്വീപിൽ കൊണ്ടുപോവുകയും വെടിവെച്ചുകൊല്ലുകയും അവരുടെ ശവശരീരങ്ങൾ കത്തിച്ചുകളയുകയും ചെയ്തതായും രേഖകളുണ്ട്. ഈ രണ്ട് സംഭവങ്ങളാണ് പ്രധാനമായും രേഖകളിൽ ഉള്ളതെങ്കിലും ഇതേപോലെ നിരവധി സംഭവങ്ങളുണ്ടായതായാണ് ഉപ്പ പറയുന്നത്. പോലീസുകാരനായിരുന്നതിനാൽ ഇത്തരം വാർത്തകളിൽ പലതും ഉപ്പാക്ക് ലഭിച്ചിരുന്നു. അത് പുറത്ത് പറഞ്ഞാൽ വലിയ ശിക്ഷയുണ്ടാവുമെന്ന ഭയമുണ്ടായിരുന്നെങ്കിലും ചില വിവരങ്ങളെല്ലാം പരിചയക്കാരുമായി സ്വകാര്യമായി പങ്കുവെക്കുക പതിവായിരുന്നു. അങ്ങനെ പറയേണ്ടി വന്ന ഒരു കഥയിലെ നായകൻ ഉപ്പയായിരുന്നു. അതാണ് ഈ അനുഭവകഥയിലെ ക്ളൈമാക്സ് !!

ഭക്ഷണദൗർലഭ്യത്തിനുള്ള ജപ്പാൻകാരുടെ പരിഹാരമായ മനുഷ്യനിർമ്മൂലനമെന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാരെയും വഹിച്ചുള്ള നിരവധി ബോട്ടുകൾ ബംഗാൾ ഉൾക്കടലിലൂടെ പോയിട്ടുണ്ടെന്നാണ് ഉപ്പ പറഞ്ഞത്. മീൻ പിടിക്കാനെന്ന പേരിൽ ആഴ്ചയിൽ ഒരിക്കലായിരുന്നുവത്രെ അങ്ങനെ കൊണ്ടുപോകാറുണ്ടായിരുന്നത്. ബോട്ടിൽ കൂടെയുള്ളവരെയെല്ലാം നടുക്കടലിലെത്തിയാൽ ജപ്പാൻകാർ വെള്ളത്തിലേക്ക് ചാടാൻ നിർബന്ധിക്കും; അവർക്ക് മുകളിലൂടെ ബോട്ട് ഓടിച്ച് ആരും രക്ഷപ്പെടുകയില്ലെന്ന് ഉറപ്പ് വരുത്തും. ഇങ്ങനെ കൊണ്ടുപോകാനുള്ളവരുടെ ലിസ്റ്റ് മേലധികാരികളിൽ നിന്ന് ഉപ്പ സമർത്ഥമായി മനസ്സിലാക്കും. അത് അവരെ അറിയിക്കും. രക്ഷപ്പെടാൻ മാർഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാൽ കൊണ്ടുപോകുമെന്നുറപ്പുള്ളവർ മരിക്കാനായി തയ്യാറാവും; കുടുംബക്കാരും ബന്ധുക്കളുമെല്ലാം വാരാന്ത്യത്തിൽ മരിക്കാൻ പോകുന്നവരെ സൽക്കരിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിക്കുമെന്നുറപ്പുള്ളവർക്കായി തയ്യാറാക്കുന്ന തേങ്ങാച്ചോറും നെയ്ച്ചോറും. എങ്ങനെയായിരിക്കും അവർ അത് കഴിച്ചിരിക്കുക ?!! മറ്റുള്ളവർ അവരെ കഴിപ്പിച്ചിരിക്കുക. സൽക്കാരത്തിന് ശേഷം കണ്ണുനീരോടെ അവർ യാത്ര പറഞ്ഞ് പിരിയും; വീട്ടിനകത്ത് നിന്ന് കൂട്ടക്കരച്ചിൽ മുഴങ്ങും. അങ്ങനെയങ്ങനെ…

1945 ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ ഉപ്പ കണ്ട ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. അടുത്ത വാരാന്ത്യത്തിൽ മീൻ പിടിക്കാൻ കൊണ്ടുപോകുന്നവരുടെ ലിസ്റ്റിൽ സ്വന്തം പേര് !! ലിസ്റ്റിലെ ആദ്യത്തെ പേര് മേലേവീട്ടിൽ അബ്ദുൽ റഹ്‌മാൻ എന്നായിരുന്നു. അങ്ങനെയായിരുന്നുവത്രെ ജപ്പാൻ ഓഫീസർമാർ ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. മീൻ പിടിക്കാൻ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ ലിസ്റ്റിൽ ഒരു ഇന്ത്യൻ ഓഫീസറുമുണ്ടാവും. കൂടെ പോകാനുള്ളവരെ സംഘടിപ്പിക്കുകയാണ് അയാളുടെ ദൗത്യം. മറ്റ് ഇന്ത്യക്കാർക്കുള്ള വിധി തന്നെയേയിരിക്കും ഓഫീസറുടേതും. ആ വാരാന്ത്യത്തിലേക്കുള്ള ഇന്ത്യൻ ഓഫീസർ ഉപ്പയായിരുന്നു. സ്വന്തം മരണരേഖ വായിക്കേണ്ടിവരുന്ന അവസ്ഥ ! ഉപ്പ തന്നെയാണ് ഈ വിവരം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ചത്. ഉപ്പയെ സൽക്കരിച്ചയാളുടെ മകനുണ്ടാക്കിയ പുതിയ വീട്ടിൽ അദ്ദേഹത്തിന്റെ സൽക്കാരത്തിൽ പങ്കെടുക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. കുഞ്ഞാപ്പു കാക്കയെന്ന അദ്ദേഹമാണ് ഉപ്പ പറഞ്ഞുതന്ന കഥകളുടെ ബാക്കി എനിക്ക് പറഞ്ഞുതന്നത്. ഉപ്പാക്ക് അദ്ദേഹം നൽകിയ സൽക്കാരത്തിലെ വിഭവങ്ങൾ പോലും കുഞ്ഞാപ്പുകാക്ക മറന്നിട്ടില്ല. മരിക്കാൻ പോകുന്നയാളെ സൽക്കരിച്ച ആതിഥേയന്റെ ഓർമ്മകൾ! അങ്ങനെ മൽസ്യബന്ധത്തിന് പോകാനായി നിശ്ചയിക്കപ്പെട്ട ദിവസമടുത്തു; നാളെയാണ് ആ തിയ്യതി. ഒരുങ്ങിയിരിക്കാനും കൂടെ പോകേണ്ടവരെ സംഘടിപ്പിക്കാനും ജപ്പാൻ മേധാവി പറഞ്ഞു. കണ്ണുനീരോടെ എല്ലാവരെയും അറിയിച്ചു. അന്ന് വൈകുന്നേരമായപ്പോൾ ജപ്പാൻ മേധാവികളുടെയെല്ലാം മുഖം മ്ലാനമായിരിക്കുന്നു. അസ്വസ്ഥതയോടെ അവർ പരസ്പരം പിറുപിറുക്കുന്നു. അടുത്ത ദിവസം മീൻ പിടിക്കാൻ പോകുന്നില്ലെന്ന് അന്ന് വൈകുന്നേരം അവർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ആറ്റംബോംബ് സ്ഫോടനത്തെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാം അവർക്ക് ലഭിച്ചത് കൊണ്ടായിരുന്നു അവരുടെ അസ്വസ്ഥതയെന്ന് പിന്നീടാണ് മനസ്സിലായത്. അതോടെ യുദ്ധത്തിൽ സഖ്യകക്ഷികൾ ജയിച്ചുവെന്ന അവസ്ഥയായി. ഏതാനും ദിവസങ്ങൾക്കകം ബ്രിട്ടീഷ് പട്ടാളം അന്തമാനിലെത്തി; ജപ്പാൻകാർ അന്തമാൻ വിട്ടു. ആഗസ്ത് ആറ് ലോകത്തിന് ഹിരോഷിമദിനമാണ്; ഉപ്പാക്കും അന്ന് അന്തമാനിലുണ്ടായിരുന്നവർക്കും അത് രക്ഷയുടെ ദിവസമാണ്; ക്രൂരമായി കൊല്ലപ്പെടുമായിരുന്ന ഉപ്പയടക്കമുള്ളവർ രക്ഷപ്പെട്ട ദിവസം; ജപ്പാൻകാരുടെ ക്രൂരതകളിൽ നിന്ന് അന്തമാനിലെ മനുഷ്യർ രക്ഷപ്പെട്ട ദിവസം.

ഉപ്പയിൽ നിന്ന് അന്തമാൻ കഥകൾ കേൾക്കുമ്പോഴെല്ലാം അവിടെ സന്ദർശിക്കണമെന്ന ആഗ്രഹമുണ്ടാവും. അങ്ങനെ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പത്തപ്പിരിയത്ത് നിന്ന് വീട്ടിലേക്ക് ഒരു ഫോൺകോൾ വന്നത്; അന്തമാനിലേക്ക് പോകാൻ താല്പര്യമുണ്ടോയെന്ന് ആരാഞ്ഞുകൊണ്ടുള്ള കോൾ. കെ എൻ എം സിക്രട്ടിമാരിലൊരാളായ എപി അബ്ദുൽ ഖാദർ മൗലവിയുടേതായിരുന്നു ആ ഫോൺവിളി. എന്റെ ജീവിതത്തിന്റെ വലിയ വഴിത്തിരിവുകളിലൊന്നായി മാറിയ ഫോൺകോൾ.….

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • Highly imotional, can’t wait more.. hurry up pls…
    Barakallah alaika

    Muhammed Shihabudeen Thangal 13.03.2024
  • നന്ദി ഇത്‌ ഞങ്ങളുമായി ഷെയർ ചെയ്തതിന്

    Jamsheer p 09.04.2024

Leave a comment

Your email address will not be published.