ദഅ്‌വാനുഭവങ്ങൾ -20

//ദഅ്‌വാനുഭവങ്ങൾ -20
//ദഅ്‌വാനുഭവങ്ങൾ -20
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -20

മർക്കസുൽ ബിഷാറയിൽ നിന്നും പ്രചോദനം തന്നെ !

“മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് ചെറുകുന്നിലെ ഒരു മുസ്‌ലിം പുരോഹിതന്റെ മകനായി 1951 ജൂലൈ 15 ന് കെ. കെ. അലവി ജനിക്കുന്നു; അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടക്കൽ വെച്ച് ആദ്യമായി ഒരു തെരുവ് സുവിശേഷയോഗത്തിൽ പങ്കെടുക്കുന്നു; അവിടെ വെച്ച് ‘തമ്പിയുടെ ഹൃദയം’ എന്ന ചെറുപുസ്തകം ലഭിക്കുന്നു; അതിലെ കഥാസംഭാഷണം ഇഷ്ടപ്പെടുന്നു; ഖുർആനിലെ യേശുവിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് പുസ്തകം പറയുന്ന യേശുവെന്ന് അന്ന് പത്ത് വയസ്സു മാത്രമുള്ള അലവിക്ക് മനസ്സിലാകുന്നു; തമ്പിക്ക് പാപത്തിൽ നിന്ന് വിടുതൽ നൽകിയ യേശുവിനെ അദ്ദേഹം ഇഷ്ടപ്പെടാൻ തുടങ്ങുന്നു; പുസ്തകം വായിച്ച ശേഷം തന്റെ പാപത്തെക്കുറിച്ച് വേവലാതിയിലായ അലവി പുസ്തകത്തിൽ പറഞ്ഞ കറസ്പോണ്ടൻസ് കോഴ്‌സിൽ ചേരുന്നു; കോഴ്സ് പുസ്തകങ്ങൾ പോസ്റ്റ്മാൻ അലവിയുടെ അമ്മാവന്റെ പക്കൽ കൊടുക്കുന്നു; അമ്മാവൻ പിതാവിനെയും മറ്റ് അമ്മാവന്മാരെയും കാണിക്കുന്നു; പിറ്റേന്ന് സ്‌കൂൾ വിട്ടു വന്ന അലവിയെ പിതാവ് തൂണിൽ കെട്ടി അടിക്കുന്നു; അടുത്ത ദിവസം രാവിലെ ഇനി മേലിൽ ഇത്തരം പുസ്തകങ്ങൾ വായിക്കരുതെന്നും അവ വായിച്ചാൽ നാം ക്രിസ്ത്യാനികളായിപ്പോകുമെന്നും സ്നേഹത്തോടെ ഉപദേശിക്കുന്നു; വായന നിർത്തിയെങ്കിലും അലവിയുടെ മനസ്സ് പാപത്തെക്കുറിച്ച ചിന്തയാൽ അശാന്തമാകുന്നു….

ഖുർആനിലെ ഈസാ നബിയെക്കുറിച്ച് തന്റെ അറബി അധ്യാപകനായ യൂസുഫ് മൗലവിയുടെ സഹായത്തോടെ അലവി പഠിക്കാൻ തുടങ്ങുന്നു; മുഹമദ് നബിയേക്കാൾ പ്രധാനി ഈസാനബിയാണെന്ന് ഖുർആനിൽ നിന്ന് അലവി മനസ്സിലാക്കുന്നു; ഈസാനബിയുടെ അതുല്യമായ ജനനത്തെയും അത്ഭുതപ്രവർത്തനങ്ങളെയും കുറിച്ച് സൂറത്ത് ആലുഇമ്രാനിലെ നാൽപ്പത്തിയഞ്ച് മുതൽ അമ്പത് വരെയുള്ള വചനങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ആ പത്ത് വയസ്സുകാരനെ ചിന്തിപ്പിക്കുന്നു; സൂറത്തുൽ മാഇദയിലെ 46 ആം വചനത്തിൽ തൗറാത്തിനേയും ഇൻജീലിനെയും കുറിച്ച് മാർഗദർശനവും പ്രകാശവുമുണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന് വെളിച്ചമാകുന്നു; യൂനുസിലെ 94 ആം വചനത്തിൽ താങ്കൾ സംശയത്തിലാണെങ്കിൽ മുൻവേദക്കാരോട് ചോദിക്കുകയെന്ന മുഹമ്മദ് നബിയോടുള്ള ഖുർആനിന്റെ കല്പന അദ്ദേഹത്തിന് മാർഗ്ഗദർശനമായിത്തീരുന്നു; ഖുർആനിന്റെ നിർദേശം പാലിച്ചുകൊണ്ട് ക്രിസ്ത്യാനികളോട് ചോദിച്ച് പഠിക്കുവാൻ ആ പത്തു വയസ്സുകാരൻ തീരുമാനിക്കുന്നു; വീടിനടുത്തുള്ള ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റലിൽ രഹസ്യമായി പോയി അവിടത്തെ മിഷനറിയെ കാണുന്നു; അദ്ദേഹം ലൈബ്രറിയിൽ കൊണ്ട് പോയി പുസ്തകങ്ങൾ വായിക്കാൻ കൊടുക്കുന്നു; സൺഡേ സ്‌കൂളിൽ പോകാൻ നിർദേശിക്കുന്നു; സ്‌കൂളിൽ പോകാൻ തുടങ്ങുന്നു; അതിന്നാവശ്യമായ ചെലവ് മിഷനറി വഹിക്കുന്നു; ഇതറിഞ്ഞ പിതാവ് ക്രൂരമായി മർദിക്കുന്നു; കെട്ടിയിട്ട് അടിക്കുന്നു; ചങ്ങലയിൽ ബന്ധിക്കുന്നു; നിലത്ത് വലിച്ചിഴക്കുന്നു; പച്ച മുളക് അരച്ച് കണ്ണിൽ തേക്കുന്നു; ആ പന്ത്രണ്ടുകാരന്റെ കയ്യിലുണ്ടായിരുന്ന ക്രിസ്ത്യൻ പുസ്തകങ്ങളെല്ലാം കത്തിച്ചുകളയുന്നു; എന്നിട്ടും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല; പാപബോധത്താൽ വലഞ്ഞ ആ പന്ത്രണ്ടുകാരൻ യേശുവിനെ തന്റെ രക്ഷകനായി മനസ്സിൽ സ്വീകരിച്ചുകഴിഞ്ഞിരുന്നു….

വീട്ടിൽ നിൽക്കാൻ കഴിയില്ലെന്നായപ്പോൾ അലവി നാടുവിടുന്നു; മൈസൂരിലും കോഴിക്കോട്ടുമായി പല ജോലികളും ചെയ്ത് ജീവിക്കുന്നു; അസുഖമായപ്പോൾ മിഷണറിയുടെ സഹായത്തോടെ വെല്ലൂർ ക്രിസ്ത്യൻ കോളേജ് ഹോസ്പിറ്റലിൽ ചികിൽസിക്കുന്നു; മൈസൂരിലെ ഇന്ത്യ എവെരിഹോം ക്രൂസൈഡിനോടൊപ്പം മൂന്ന് മാസം പ്രവർത്തിക്കുന്നു; ഗുണ്ടൽപേട്ടിലെ ക്രിസ്ത്യൻ പാസ്റ്ററോടൊപ്പം നാല് മാസത്തോളം ജീവിച്ച് പഠിക്കുന്നു; ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിന്റെ ബുക്ക് മൊബൈൽ പ്രോജെക്റ്റിൽ ചേർന്ന് ഒരു വർഷം ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ക്രിസ്ത്യൻ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു; നാഗർകോവിലിലെ കോൺകോർഡിയ ബൈബിൾ സെമിനാരിയിൽ ചേർന്ന് ഒരു വർഷം ബൈബിൾ പഠനം നടത്തുന്നു; അവിടെവെച്ച് ഖുർആനിലെ യേശുവിന്റെ പാപമില്ലായ്മയെയും മറ്റ് പ്രവാചകന്മാരുടെ പാപത്തെയും കുറിച്ച് കൂടുതൽ ബോധ്യപ്പെടുന്നു; 1970 ജൂലൈ 19 അലവിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായപ്പോൾ ജ്ഞാനസ്നാനം ചെയ്ത് തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞ് പൂർണ്ണമായി ക്രിസ്തുവിൽ സമർപ്പിക്കുന്നു; തന്റെ മുഴുവൻ പാപങ്ങളും കഴുകപ്പെട്ടതായി തോന്നുന്നു; ഓപ്പറേഷൻ മൊബലൈസഷൻ എന്ന ഗ്രൂപ്പിനോടൊപ്പം ചേർന്ന് രണ്ട് വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സുവിശേഷപ്രസംഗങ്ങളിലും പ്രവർത്തനങ്ങളിലും മുഴുകുന്നു; വീണ്ടും കോൺകോർഡിയ ബൈബിൾ സെമിനാരിയിൽ ചേർന്ന് പഠിക്കുകയും 1975 ൽ ദൈവശാസ്ത്രപഠനം പൂർത്തീകരിക്കുകയും ചെയ്യുന്നു…..”

ക്രിസ്തുമതപഠനത്തിന്റെ ഭാഗമായി പുസ്തകങ്ങൾ ശേഖരിക്കുകയും വായിക്കുകയും ചെയ്തുകൊണ്ടിരുന്ന സന്ദർഭത്തിൽ വായിച്ച ‘ഒരു അന്വേഷണത്തിന്റെ അന്ത്യം’ എന്ന പുസ്തകത്തിന്റെ സംക്ഷിപ്തമാണിത്. 1980 കളിൽ മലബാറിലെ തെരുവോരങ്ങളിലും കലാലയപരിസരങ്ങളിലും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്ന മർക്കസുൽ ബിശാറയുടെ ലഘുലേഖകളിൽ നൽകിയിരുന്ന വിലാസത്തിൽ കൂടുതൽ പഠിക്കാനായി ബന്ധപ്പെടുന്നവർക്ക് ആദ്യമായി അയച്ചുകൊടുക്കുന്നത് ഈ പുസ്തകമാണ്. അറബിയടക്കമുള്ള ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, ഏറ്റവുമധികം വായിക്കപ്പെട്ട ബിഷാറാ പുസ്തകമായി പരിചയപ്പെടുത്തപ്പെടുന്ന അതിന്റെ സ്ഥാപകനായ റവ: കെ. കെ. അലവിയുടെ ജീവചരിത്രം. ഡിറ്റക്ടീവ് നോവലുകളുടെ വായനയിലൂടെ പരന്ന വായനയിലേക്ക് കടന്ന എനിക്ക് ഇത് വായിച്ചപ്പോൾ കോട്ടയം പുഷ്പനാഥ് അഗതാക്രിസ്റ്റി തുടങ്ങിയ കഥയെഴുത്തുകാരുടെ പാടവം പോലുമില്ലാതെ തയ്യാറാക്കിയ കഥയായി മാത്രമേ ഇത് അനുഭവപ്പെട്ടുള്ളൂ. ഖുർആൻ പരിഭാഷകൾ വ്യാപകമല്ലാതിരുന്ന കാലത്ത് ഈസാനബിയുടെ അതുല്യമായ ജനനത്തെയും അത്ഭുതപ്രവർത്തനങ്ങളെയും കുറിച്ചും തൗറാത്തിന്റെയും ഇൻജീന്റെയും വിശ്വാസ്യതയെക്കുറിച്ചും ഖുർആനിൽ പറഞ്ഞത് മനസ്സിലാക്കി അറബി അറിയാത്ത ഒരു പത്ത് വയസ്സുകാരൻ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കപ്പെട്ടുവെന്ന വർത്തമാനം! ‘താങ്കൾ സംശയത്തിലാണെങ്കിൽ മുൻവേദക്കാരോട് ചോദിക്കുക’യെന്ന മുഹമ്മദ് നബി(സ)യോടുള്ള ഖുർആനിന്റെ കല്പനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സംശയങ്ങൾ ചോദിക്കാനായി മിഷനറിയെ തെരഞ്ഞുപോയയാളുടെ സത്യസന്ധത! കെട്ടിയിട്ട് അടിക്കുക, ചങ്ങലയിൽ ബന്ധിക്കുക, നിലത്ത് വലിച്ചിഴക്കുക, പച്ച മുളക് അരച്ച് കണ്ണിൽ തേക്കുക എന്നീ പിതാവിന്റെ ക്രൂരമായ മർദ്ദനങ്ങളെക്കുറിച്ച നിറം പിടിപ്പിച്ച കഥകൾ!! ഒന്നും വിശ്വസനീയമായി തോന്നിയില്ല.

1978ൽ റവ: കെ. കെ. അലവി എഴുതിയ ജീവചരിത്രത്തിൽ അവിശ്വനീയമായി തോന്നിയ കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘തമ്പിയുടെ ഹൃദയം’ എന്ന പുസ്തകം ഒരു മുസ്‌ലിം ചെറുപ്പക്കാരനെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചുവെന്ന കഥയായിരുന്നു. ‘ഒരു അന്വേഷണത്തിന്റെ അന്ത്യം’ വായിച്ചപ്പോൾ തന്നെ അലവിഅച്ഛനെ ക്രിസ്തുമാർഗ്ഗത്തിലേക്ക് ആകർഷിച്ച ആ ചെറിയ പുസ്തകം വായിക്കണമെന്ന് തീരുമാനിച്ചു. ഉടനെത്തന്നെ അത് സംഘടപ്പിച്ച് വായിച്ചു. ആത്മീയതയെന്തെന്നറിയാത്ത ഏതോ ആദിവാസികളെ ലക്ഷ്യമായാക്കിയെഴുതിയതാണ് ആ പുസ്തകമെന്നാണ് തോന്നിയത്. മുപ്പത്തിരണ്ട് പേജുകളുള്ള ആ കൊച്ചുപുസ്തകത്തിൽ എന്തെങ്കിലും ആകർഷകമായ ആശയമുള്ളതായി മൂന്നാം ക്ലാസ് വരെയെങ്കിലും മദ്രസയിൽ പഠിച്ച ഒരു മുസ്‌ലിമിനും അനുഭവപ്പെടുകയില്ലെന്ന് വായിച്ചപ്പോൾ മനസ്സിലായി. ആ പുസ്തകം വായിച്ചുണ്ടായ പാപബോധത്തിൽ നിന്ന് ഒരു മുസ്‌ലിംബാലന് ക്രിസ്തുമതം സ്വീകരിക്കുവാനുള്ള പ്രചോദനമുണ്ടാകുമെന്ന് അത് എത്ര തവണ വായിച്ചാലും ആർക്കും തോന്നുകയില്ല. അതു വായിച്ച് ആരെങ്കിലും ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഒന്നുകിൽ അയാൾക്ക് ഇസ്‌ലാമിനെയോ അതിലെ പാപപരിഹാരതത്വത്തെയോ കുറിച്ച് യാതൊന്നുമറിയില്ല; അല്ലെങ്കിൽ ഈ കഥ ബോധപൂർവ്വം പടച്ചുണ്ടാക്കിയതാണ് എന്നായിരുന്നു ആദ്യത്തെ ആത്മഗതം.

1980 മുതൽ ഏകദേശം രണ്ട് പതിറ്റാണ്ടുകൾ മർക്കസുൽ ബിശാറയുടെ കൊയ്ത്തുകാലമായിരുന്നുവെന്നാണ് അതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്. കേരളത്തിലുള്ള തൊണ്ണൂറ് ലക്ഷത്തോളം മുസ്‌ലിംകളിൽ ആറര ലക്ഷത്തോളമാളുകൾ ബിശാറയുമായി ബന്ധപ്പെട്ടുവെന്ന് മുസ്‌ലിംകളെ സുവിശേഷവൽക്കരിക്കുന്നതിന്നായുള്ള സഹായം അഭ്യർത്ഥിച്ചുകൊണ്ട് പാശ്ചാത്യൻ നാടുകളിലേക്ക് റവ: അലവി എഴുതിയ അഭ്യർത്ഥനയിൽ പറയുന്നുണ്ട്. ഓരോ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്‌ലിംകളിൽ നിന്ന് ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള മുവ്വായിരത്തോളം കത്തുകൾ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നുവെന്നും ഇങ്ങനെ കത്തെഴുതുന്നവരിൽ ഇരുപത്തിഅയ്യായിരത്തോളം പേർ ശരിക്കും സത്യാന്വേഷികളായിരുന്നുവെന്നും അവരിൽ നിന്ന് ആയിരങ്ങൾ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെന്നും കൂടി പ്രസ്തുത എഴുത്തിലുണ്ട്. മുസ്‌ലിംകളായ പോസ്റ്റ്മാൻമാരെക്കൊണ്ടും പോസ്റ്റ്‌മാസ്റ്റർമാരെക്കൊണ്ടും ഇസ്‌ലാമിനെ വിമർശിച്ചുകൊണ്ടും ക്രിസ്തുമതമാണ് സത്യമെന്ന് സ്ഥാപിച്ചുകൊണ്ടുമുള്ള പുസ്തകങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിതരണം ചെയ്യിക്കുവാൻ കഴിഞ്ഞുവെന്നത് വലിയൊരു നേട്ടമായി എടുത്തുപറയുന്നതിൽ നിന്ന് മുസ്‌ലിംകളെ വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിൽ റവറന്റിനുണ്ടാകുന്ന ആത്മരതിയെക്കുറിച്ച് മനസ്സിലാകുന്നുണ്ട്. ബിശാറയുടെ പ്രവർത്തനങ്ങളുടെ ഫലം കണ്ട് മുസ്‌ലിംകൾ കോപം കൊണ്ട് പല്ലുകടിച്ചുവെന്നും ബിശാറയെ തകർക്കാൻ ശ്രമിച്ചുവെന്നും, ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും ക്രിസ്തുമതം സ്വീകരിക്കുന്നവർ ജീവിക്കുന്നത് ഭീഷണിയുടെ നിഴലിലാണെന്നും അവർ കൊല്ലപ്പെടാൻ വരെ സാധ്യതയുണ്ടെന്നും അതിനാൽ പാശ്ചാത്യൻ നാടുകളിലെ ക്രിസ്ത്യാനികൾ സഹായിക്കേണമെന്നുമാണ് 2017ൽ എഴുതിയ അഭ്യർത്ഥനയിലുള്ളത്.

മലബാർ മുസ്‌ലിംകളുടെ ചെലവിൽ സ്വയം വളരാൻ ശ്രമിക്കുകയാണ് റവ: അലവിയും കുടുംബവും ചെയ്തതെന്ന് വെളിപ്പെടുത്തുന്നതാണ് മുകളിൽ സൂചിപ്പിച്ച സഹായാർത്ഥനാസന്ദേശം. താൻ പറയുന്നതെല്ലാം ശരിയാണെങ്കിൽ ബിശാറയിലൂടെ ക്രിസ്തുമതം സ്വീകരിച്ച ആയിരക്കണിക്കിനാളുകളിൽ എത്രപേരെയാണ് മുസ്‌ലിംകൾ അപായപ്പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതെന്ന് വ്യക്തമാക്കുവാൻ അദ്ദേഹം തയ്യാറാകേണ്ടതാണ്. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട കേസുകൾ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. അങ്ങനെ എത്ര കേസുകളുണ്ടെന്നും അവയിൽ എത്രയെണ്ണം വിധിയായിയെന്നും എത്രപേർ ശിക്ഷിക്കപ്പെട്ടുവെന്നും കൂടി അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. അങ്ങനെ ഒരു കേസുപോലുമില്ലെന്ന സത്യം കേരളത്തിലുള്ള ക്രിസ്ത്യാനികൾക്കടക്കം അറിയുന്നതാണ്. കേരളത്തിലുള്ളവർക്ക് ഇത്തരത്തിലുള്ള സഹായാർത്ഥനാസന്ദേശങ്ങൾ അയക്കാത്തത് അതുകൊണ്ടായിരിക്കണം. ഇസ്‌ലാം സ്വീകരിച്ചുവെന്ന കാരണത്താൽ മാത്രം കോടതിവരാന്തയിൽ വെച്ച് ഒരു സഹോദരി പരസ്യമായി കൊല്ലപ്പെട്ട നാടാണ് മഞ്ചേരി. യാസറും ഫൈസലുമടക്കമുള്ള എത്രയോ പേർ ഇസ്‌ലാം സ്വീകരിച്ചുവെന്ന ഒരേയൊരു കാരണത്താൽ നടുറോട്ടിൽ വെച്ച് വധിക്കപ്പെട്ടതിന് സാക്ഷിയായ ജില്ലയാണ് മലപ്പുറം. ഇസ്‌ലാംസ്വീകരണം വഴി വീട്ടിലും പുറത്തും നിരന്തരമായി പീഠിപ്പിക്കപ്പെടുന്ന ആയിരക്കണിക്കിന് ഹാദിയമാരുള്ള നാടാണ് കേരളം. അങ്ങനെ ഒരൊറ്റ സംഭവം പോലും മുസ്‌ലിംസമുദായത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ചുവെന്നതിന്റെ പേരിൽ ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. സുവിശേഷീകരണത്തിനും മതപരിവർത്തനത്തിനും വേണ്ടി കളവും വഞ്ചനയുമാകാമെന്നാണോ മിഷനറിമാർ കരുതുന്നത് എന്ന ചോദ്യമാണ് ‘ഒരു അന്വേഷണത്തിന്റെ അന്ത്യ’ത്തിൽ നിന്ന് തുടങ്ങിയ ബിഷാറാ പുസ്തകങ്ങളുടെ പാരായണം എന്റെ മനസ്സിലുണ്ടാക്കിയത്.

ഒരു അന്വേഷണത്തിന്റെ അന്ത്യവും തമ്പിയുടെ ഹൃദയവും വായിച്ചതോടെ മർക്കസുൽ ബിശാറയുടെ പുസ്തകങ്ങളെല്ലാം സംഘടിപ്പിച്ച് വായിക്കുക നിർബന്ധമാണെന്ന് എനിക്ക് തോന്നി. ഡിഗ്രിക്ക് പഠിക്കുന്ന കാലമായതിനാൽ പുസ്തകങ്ങൾക്കായി ചെലവഴിക്കാൻ കയ്യിൽ കാര്യമായ പണമൊന്നുമുണ്ടായിരുന്നില്ല. മെഡിക്കൽ ഷോപ്പിൽ പോകുമ്പോൾ പോക്കറ്റ് മണിയായി ലഭിക്കുന്ന ചെറിയ തുകകൾ കൊണ്ട് വാങ്ങാനാകുന്ന പുസ്തകങ്ങൾ വാങ്ങാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. ക്രിസ്തുമതപഠനത്തിന് പ്രധാനമായും ആശ്രയിച്ചത് സൗജന്യമായി ചേരാനാകുന്ന പോസ്റ്റൽ പഠനപദ്ധതികളെയായിരുന്നു. ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹമുണ്ടെന്ന് സൂചിപിപ്പിച്ചുകൊണ്ട് മറ്റു പല മിഷനറി സ്ഥാപനങ്ങളിലേക്കുമെന്ന പോലെ ഒരു പോസ്റ്റ് കാർഡ് മാത്രമാണ് ബിശാറയിലേക്കും അയച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ റവ: കെ. കെ. അലവിയുടെ ‘ഒരു അന്വേഷണത്തിന്റെ അന്ത്യം’ എന്ന പുസ്തകവും ഏതാനും ലഘുലേഖകളും കിട്ടി. അവ വായിച്ചപ്പോൾ മറ്റ് മിഷനറിമാരുടെ പോസ്റ്റൽ പഠനപദ്ധതിയിൽ നിന്ന് വ്യത്യസ്തമായി അലവിയുടെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നുകയല്ലാതെ അതിലെ ആശയങ്ങളിൽ എന്തെങ്കിലും കഴമ്പുള്ളതായി തോന്നിയതേയില്ല. കഥ-നോവൽ വായനയിലൂടെ വായനാലോകത്തേക്ക് വന്ന എനിക്ക് അലവിയുടെ ആത്മകഥ നൽകിയത് നിലവാരമില്ലാത്ത ഒരു കഥാവായനയുടെ അനുഭവമാണ്. മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിൽ ജനിച്ച് വളർന്നയാൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവകഥനത്തിലെ പല വിവരണങ്ങളിലും എന്തൊക്കെയോ വിടവുകളുള്ളതായി തോന്നി. ചേരുംപടി ചേർക്കാൻ കഴിയാത്ത അനുഭവങ്ങളാൽ സമൃദ്ധമാണ് പുസ്തകം. എങ്കിലും, മിഷനറിമാരുടെ ‘മുസ്‌ലിംവേട്ട’യെക്കുറിച്ച അടിസ്ഥാനപരമായ അറിവുകൾ നൽകിയത് ആ പുസ്തകമാണ്. മുസ്‌ലിംകൾക്കിടയിലെ സുവിശേഷവൽക്കരണത്തെക്കുറിച്ച പ്രാഥമികപാഠങ്ങൾ നൽകിയ ഗ്രൻഥമെന്ന നിലയിലാണ് ഞാൻ ആ പുസ്തകത്തെ കാണുന്നത്.

‘ഒരു അന്വേഷണത്തിന്റെ അന്ത്യം’ എന്ന പുസ്തകത്തോടൊപ്പം തന്നെ ബിഷാറ പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങളുടെ ഒരു വിലവിവരപ്പട്ടികയും പണം എം.ഒ ആയി അയച്ചാൽ മടക്കത്തപാലിൽ തന്നെ പുസ്തകങ്ങൾ ലഭിക്കുമെന്ന അറിയിപ്പുമുണ്ടായിരുന്നു. എല്ലാം പെട്ടെന്ന് തന്നെ വായിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ബിശാറയുടെ പുസ്‌തകങ്ങളൊന്നും പണം കൊടുത്ത് വാങ്ങേണ്ടതില്ലെന്ന് ആദ്യമേ തീരുമാനിച്ചതിനാൽ എം. ഒ. അയച്ചില്ല. പകരം അന്ന് പതിനഞ്ച് പൈസ മാത്രം വിലയുള്ള ഏതാനും പോസ്റ്റ് കാർഡുകൾ വാങ്ങി. ‘അന്വേഷണത്തിന്റെ അന്ത്യം’ വായിച്ചു കഴിഞ്ഞതായി അറിയിക്കുകയും ചില സംശയങ്ങൾ ചോദിക്കുകയും ചെയ്തുകൊണ്ട് അടുത്ത കാർഡ് എഴുതി. പുസ്തകങ്ങളുടെ ലിസ്റ്റിലുള്ള ഞാൻ വായിക്കാൻ ആഗ്രഹിച്ച പുസ്തകങ്ങൾ തന്നെയാണ് മടക്കത്തപാലിൽ ലഭിച്ചത്. അതൊരു പതിവായിത്തീർന്നു. അയച്ചുകിട്ടിയ പുസ്തകം വായിക്കുക; അതിലുള്ള സംശയങ്ങൾ എഴുതുക; അടുത്തതായി വായിക്കേണ്ട പുസ്തകമേതാണെന്ന് തീരുമാനിക്കുക; അതിനനുസരിച്ചുള്ള ചോദ്യങ്ങളുണ്ടാക്കുക. വായിച്ച പുസ്തകത്തിലെ സംശയങ്ങളും അടുത്തതായി വായിക്കണമെന്ന് ആഗ്രഹിച്ച പുസ്തകത്തിന് വേണ്ടിയുള്ള ചോദ്യങ്ങളുമുൾക്കൊള്ളിച്ചുകൊണ്ട് കാർഡയക്കുക. അപ്പോൾ വായിക്കാനാഗ്രഹിച്ച പുസ്തകങ്ങൾ തന്നെ മടക്കത്തപാലിൽ വരും. മർക്കസുൽ ബിഷാറ പുറത്തിറക്കിയ മുഴുവൻ പുസ്തകങ്ങളും അങ്ങനെ ഏതാനും കാർഡുകൾ മാത്രം ചെലവഴിച്ച് എന്റെ അലമാരയിലെത്തി. പുസ്തകങ്ങൾ ആഗ്രഹിച്ചുകൊണ്ടുള്ള എഴുത്തുകളിലെവിടെയും കള്ളം പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ‘എല്ലാ സത്യങ്ങളും എല്ലായ്‌പ്പോഴും തുറന്നു പറയണമെന്നില്ല; എന്നാൽ ഒരു കാരണവശാലയും കളവ് പറഞ്ഞുകൂടാ’ എന്ന ഇസ്‌ലാമികപാഠം മദ്രസയിൽ നിന്ന് തന്നെ പഠിച്ചിരുന്നതിനാൽ കള്ളമോ വഞ്ചനയോ ഉപയോഗിച്ച് ഒരു പുസ്തകം പോലും വാങ്ങരുതെന്ന് നിർബ്ബന്ധമുണ്ടായിരുന്നു; ആ നിർബന്ധം പാലിച്ചുകൊണ്ട്‌ തന്നെ ബിഷാറ പ്രസിദ്ധീകരിച്ച മുഴുവൻ പുസ്തകങ്ങളും സൗജന്യമായി അലമാരയിലെത്തിക്കുവാൻ അല്ലാഹു എന്നെ അനുഗ്രഹിച്ചു.

ക്രൈസ്തവലോകത്തുനിന്നുണ്ടായ ഒരുവിധം എല്ലാ ഇസ്‌ലാം വിമർശനഗ്രന്ഥങ്ങളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ബിഷാറ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി. ജി. ഫാണ്ടർ, റവ: ഡോ: ക്ലെയർ ടിസ്ടാൽ, ജോഷ് മാക്ഡവൽ, ജോൺ ഗിൽക്രിസ്റ്റ്, അബ്ദുൽ ഫാദി, ഇസ്കന്തർ ജദീദ്, ഫാരിസ് അൽ ഖൈറാവി, അബ്ദുൽ മസീഹ്, സുൽത്താൻ മുഹമ്മദ്, ലിയൻ എക്സ് ടെസ്റ്റ്, വില്യം മാർക്ക്, എൽ. വി. മില്ലർ, റവ: എൽ. ബീവൻ ജോൺസ്‌, എന്നിവരുടെ പരിഭാഷകളും റവ: കെ. കെ. അലവിയുടെ ഏതാനും മൗലിക കൃതികളുമാണ് ബിശാറയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. സി. ജി. ഫാണ്ടറുടെ ‘മീസാനുൽ ഹഖ്’ അബ്ദുൽ ഫാദിയുടെ ‘ഖുർആൻ തെറ്റുകൾക്കതീതമാണോ?’ എന്നീ പുസ്തകങ്ങളിലുമുള്ള വാദങ്ങളുടെ തനിയാവർത്തനം മാത്രമാണ് മറ്റുള്ള കൃതികളെല്ലാം. ബിഷാറാ പ്രസിദ്ധീകരണങ്ങൾ പരസ്പരം നിഷേധിക്കുന്നവയാണെന്ന് അവ സൂക്ഷ്‌മമായി വായിച്ചാൽ ആർക്കും മനസ്സിലാകും. ത്രിത്വവും യേശുവിന്റെ ദൈവത്വവും ആദിപാപവും കുരിശുമരണവും ബൈബിൾ പുസ്തകങ്ങളുടെ ദൈവനിവേശനവുമെല്ലാം ഖുർആനും നബിവചനങ്ങളും അംഗീകരിക്കുന്നുണ്ടെന്ന് ഒരു വശത്ത് സ്ഥാപിക്കുക; അബദ്ധങ്ങളാൽ നിറഞ്ഞതാണ് ഖുർആനെന്നും അധാർമ്മികജീവിതം നയിച്ചയാളാണ് മുഹമ്മദ് നബിയെന്നും അതിനാൽ ഇസ്‌ലാമികപ്രമാണങ്ങൾ തെളിവിന് കൊള്ളരുതാത്തതാണെന്ന് മറുവശത്ത് സമർത്ഥിക്കുക. ഇങ്ങനെ വൈരുധ്യാധിഷ്ഠിതമാണ് തങ്ങൾ പുറത്തിറക്കുന്ന പുസ്തകങ്ങളിലൂടെ പ്രസരിപ്പിക്കപ്പെടുന്ന ആശങ്ങളെന്ന് മനസ്സിലാക്കാനുള്ള വിവേകം പോലും മുസ്‌ലിംകളിൽ അപകർഷബോധം വളർത്തുകയും അങ്ങനെ മെല്ലെ മെല്ലെ ക്രിസ്തുമതത്തിലേക്ക് ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്യാനുള്ള കുതന്ത്രങ്ങൾ മെനയുന്നതിനിടയിൽ മിഷനറിമാർക്ക് നഷ്ടപ്പെട്ടുപോയി.

പുസ്തകങ്ങൾ വായിച്ച് കഴിഞ്ഞപ്പോൾ അലവിയെ പരിചയപ്പെടുകയും ബിഷാറ സന്ദർശിക്കുകയും ചെയ്യണമെന്ന ആഗ്രഹമുണ്ടായി. ബസ്സിൽ മഞ്ചേരിയിലെത്തിയ ശേഷം ഓട്ടോറിക്ഷയിൽ ബിശാറയിലെത്തി. നഗരമധ്യത്തിൽ തന്നെയുള്ള 88 സെന്റ് ഭൂമിയിൽ മുസ്‌ലിംകളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന സുവിശേഷകേന്ദ്രമാണ് മർക്കസുൽ ബിഷാറ. മലബാറിനെ സുവിശേഷീകരിക്കുവാൻ മലബാറിൽ നിന്ന് തന്നെ സാക്ഷികളെ എഴുന്നേൽപ്പിക്കുക, മുസ്‌ലിംകൾക്കിടയിൽ പ്രവർത്തിക്കാനായി പ്രത്യേകം പരിശീലനം നൽകി മിഷനറിമാരെ മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു സ്ഥാപനം മുസ്‌ലിംകളുടെ ജില്ലയെന്നറിയപ്പെടുന്ന മലപ്പുറത്തിന്റെ തിരുനെറ്റിയിൽ തന്നെ ഉയർന്നു നിൽക്കുന്നത് നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന മലബാറിന്റെ ബഹുസ്വരതയെയും സഹിഷ്ണുതയെയുമാണ് അടയാളപ്പെടുത്തുന്നതെന്ന് തോന്നി.

റിസപ്‌ഷനിലെത്തി ഫാദറിനെ കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അവിടെയുണ്ടായിരുന്ന പെൺകുട്ടിക്ക് സന്തോഷമായി. ഫാദറിനെ വിളിക്കാൻ എന്ന രൂപപത്തിൽ അവർ അകത്തേക്ക് പോയി. ഒഴിവ് ദിവസമായതിനാൽ അവിടെ സ്റ്റാഫ് കുറവായിരുന്നു. റിസപ്‌ഷനിസ്റ്റ് അകത്തേക്ക് പോയ സന്ദർഭത്തിൽ അതിന്നടുത്ത വലിയൊരു ഹാൾ എന്റെ ശ്രദ്ധയിൽ പെട്ടു. കുറെയേറെ കസേരകളും മേശകളും. അടുത്തുതന്നെ കാർഡുകളിലും ഇൻലന്റുകളിലും കവറുകളിലുമായി വന്ന കത്തുകൾ കൂമ്പാരമായി വെച്ചിരിക്കുന്നു. റിസപ്‌ഷനിസ്റ്റ് തിരിച്ചെത്തിയപ്പോൾ ഹാളിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. ദിവസേന വന്നുകൊണ്ടിരിക്കുന്ന കത്തുകൾക്ക് മറുപടിയെഴുതാൻ വേണ്ടിയുള്ളതാണ് അതെന്ന് മനസ്സിലായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകളെഴുതുന്ന കത്തുകൾക്കും സംശയങ്ങൾക്കും മറുപടി നൽകി അവരിൽ സംശയങ്ങളുണ്ടാക്കാനും അവരെ ക്രൈസ്തവവൽക്കരിക്കുവാനും വേണ്ടിയുള്ള ശാസ്ത്രീയമായ സംവിധാങ്ങൾ. സത്യസന്ധമായ രീതിയിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്താനായി ഇത്രയും സൗകര്യങ്ങളുള്ള ഒരു സ്ഥാപനമുണ്ടായിരുന്നെങ്കിൽ എന്ന ആത്മാർത്ഥമായ ആഗ്രഹം മനസ്സിൽ മുളപൊട്ടിയത് പല മിഷനറി സ്ഥാപനങ്ങളിലുമുള്ള ഇത്തരം സംവിധാനങ്ങൾ കണ്ടപ്പോഴാണ്.

ഫാദർ തിരക്കിലാണെന്നും താങ്കളോട് സംസാരിക്കാനായി ഫാദറിന്റെ ഭാര്യ വരുന്നുണ്ടെന്നുമാണ് റിസപ്‌ഷനിസ്റ്റ് പറഞ്ഞത്. എന്നെ സ്വീകരണമുറിയിലേക്ക് അവർ ആനയിച്ചു. ഭംഗിയായി ചിട്ടപ്പെടുത്തിയ സ്വീകരണമുറി. മിനുട്ടുകൾ കഴിഞ്ഞപ്പോൾ ഒരു യുവതി അവിടെയെത്തി. ഫാദറിന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തി. പേര് ജാസ്മിൻ; കാശ്മീരിയാണ്; പ്രപിതാവ് ഇസ്‌ലാം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചതാണ്. ഒഴുക്കുള്ള ഇംഗ്ലീഷ് സംസാരം. അവരോടൊപ്പം രണ്ട് പുരുഷന്മാർ കൂടിയുണ്ടായിരുന്നു. അവരുമായി ദീർഘനേരം സംസാരിച്ചു. ക്രിസ്തുമതത്തെക്കുറിച്ച് എന്റെ സംശയങ്ങൾക്ക് മറുപടി പറയുകയെന്നതിനേക്കാൾ ക്രിസ്തുമതം സ്വീകരിച്ചാലുണ്ടാവുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. ഒരു യുവാവിനോട് എങ്ങനെ സംസാരിക്കണമെന്ന് പരിശീലനം ലഭിച്ചതുപോലെയുള്ള വർത്തമാനം. സംഭാഷണം അവസാനിപ്പിച്ചപ്പോൾ ഫാദറിനെ കണ്ട ശേഷം പോകാമെന്ന് പറഞ്ഞു. കെ.കെ. അലവിയെത്തി. ഒരു മുസ്‌ലിംപണ്ഡിതന്റെ അതേ രൂപം. നീണ്ട താടി. കൂടുതലൊന്നും സംസാരിച്ചില്ല. ജാസ്മിൻ സംസാരിച്ചില്ലേയെന്ന് ചോദിച്ചു. അതെയെന്ന് തലയാട്ടി. പരിചയപ്പെട്ടു; പരിചയപ്പെടുത്തി. കൂടുതൽ പഠിക്കാൻ എന്നെ ഉപദേശിച്ചു. ഏത് രൂപത്തിലുള്ള സഹായം വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം യാത്രയച്ചത്.

മർക്കസുൽ ബിശാറയിൽ നിന്ന് തിരിച്ചുവരുമ്പോൾ ഓട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞപ്പോഴാണ് മുസ്‌ലിംകൾക്കിടയിൽ പ്രവർത്തിക്കുന്നതിനായി മഞ്ചേരിയിൽ തന്നെ മറ്റൊരു ക്രൈസ്തവസ്ഥാപനം കൂടിയുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. അവിടേക്ക് കൂടി പോകാൻ തീരുമാനിച്ചു. അങ്ങനെയാണ് പാസ്റ്റർ അബ്ദുൽ ഹഖിന്റെ നൂറുൽ ആലം മിനിസ്ട്രിയിൽ എത്തുന്നത്. ബിശാറയുടെയത്ര സംവിധാനങ്ങളൊന്നുമില്ലെങ്കിലും നിരവധി പുസ്തകങ്ങൾ നൂറുൽ ആലം മിനിസ്ട്രിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും വലിയ പുസ്തകം ജി. നെഹ്‌ൽസ് എഴുതിയ ‘ക്രിസ്ത്യാനികൾ മുസ്‌ലിംകളോട് ചോദിക്കുന്നു’വാണ്. ഇസ്‌ലാമിനും നബിക്കും ഖുർആനിനുമെതിരെയുള്ള വിമർശനങ്ങളെയെല്ലാം ഇരുനൂറിലധികം പേജുകളിൽ കുത്തി നിറച്ചിരിക്കുന്ന പുസ്തകം. മക്കയിലെ കഅ്‌ബാലയത്തിന്റെയും മദീനാപള്ളിയുടെ ഖുബ്ബയുടെയും ഫോട്ടോ കവറിൽ കൊടുത്തത് മുസ്‌ലിംകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കണം. ക്രൂശിന്റെ പാതയിൽ, ത്രിത്വദർശനം, ഖുർആനിന്റെ വിശ്വസനീയത, മുഹമ്മദ് ബൈബിളിൽ, ക്രിസ്തുവിനോട് കൂടി ആരംഭിക്കുക, ദൈവപുത്രൻ, യേശുക്രിസ്തുവിന്റെ ധാർമ്മികമഹത്വം, അന്ത്യയാത്ര എവിടേക്ക്, നിങ്ങൾക്കൊരു കത്ത് എന്നീ നൂറുൽ ആലമിന്റെ പുസ്തകങ്ങളും മുസ്‌ലിംകളെ അഭിസംബോധന ചെയ്യുന്നവയാണ്.

ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെയുള്ള ക്രൈസ്തവവമിഷനറിമാരുടെ ആദർശപോരാട്ടത്തിന്റെ കേരളത്തിലെ കേന്ദ്രമായിരുന്നു മർക്കസുൽ ബിഷാറ. അവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വ്യത്യസ്ത ക്രിസ്ത്യൻ മിഷനറി സ്ഥാപനങ്ങൾ പുനഃപ്രസിദ്ധീകരിച്ചു. പ്രൊട്ടസ്റ്റന്റ് ലൂഥറൻ സഭക്കാരനാണ് ഫാദർ അലവിയെന്ന വസ്തുത പോലും പരിഗണിക്കാതെ വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗങ്ങൾ ഇതിന്റെ പുനഃപ്രസിദ്ധീകരണവും വിതരണവുമേറ്റെടുത്തു. തിരുവനന്തപുരത്തെ അസംബ്ലീസ് ഓഫ് ഗോഡും തിരുവല്ലയിലെ ക്രൈസ്തവസാഹിത്യസമിതിയുമെല്ലാം ഇവ പുനഃപ്രസിദ്ധീകരിച്ചവരിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡു വരെയുള്ള പതിനായിരക്കണക്കിന് മുസ്‌ലിംവീടുകളിൽ ഇവ നേരിട്ട് പോയി വിതരണം ചെയ്യുവാൻ ക്രൈസ്തവ സഭകൾ അവർ തമ്മിലുള്ള ആന്തരികതർക്കങ്ങൾ പരിഗണിക്കാതെ സഹകരിച്ചു. ഇസ്‌ലാമിനെതിരെയുള്ള പോരാട്ടത്തിൽ എന്നും മിഷനറിമാർ ഒറ്റക്കെട്ടായിരുന്നുവല്ലോ.

മർക്കസുൽ ബിശാറയുടെ തനിപ്പകർപ്പായി കായംകുളത്ത് പാസ്റ്റർ പി.പി. അലവി സ്ഥാപിച്ച സുവിശേഷകേന്ദ്രമാണ് കാൾ ഓഫ് ഹോപ്പ്. കെ.കെ. അലവിയുടെ ക്രിസ്തുമതസ്വീകരണത്തിന് ശേഷം അദ്ദേഹത്തിന്റെയും മറ്റു മിഷനറിമാരുടെയും പ്രചോദനത്തിൽ നിന്നാണ് പി.പി. അലവി ജ്ഞാനസ്നാനപ്പെട്ടതെന്നാണ് അവരെ പരിചയപ്പെടുത്തുന്ന ഒരു ഇംഗ്ലീഷ് ഡോക്യൂമെന്ററിയിൽ പറയുന്നത് . മർക്കസുൽ ബിഷാറ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പുനഃപ്രസിദ്ധീകരിക്കുകയും തെക്കൻ കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ വിതരണം ചെയ്യുകയും മാത്രമാണ് കായംകുളത്ത് നടക്കുന്നത്. പി. പി. അലവിയുടെ മാമോദീസാ ചരിത്രം പോലും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് അറിവ്. ജർമ്മനിയിലെ സ്റ്റാറ്റ്ഗാർട്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാൾ ഓഫ് ഹോപ്പ് എന്ന സംഘടനയുടെ ഭാഗമായാണ് പി.പി. അലവിയുടെ സ്ഥാപനം പ്രവർത്തിക്കുന്നത്. മുസ്‌ലിംകൾക്കിടയിൽ സുവിശേഷമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 1887 ൽ ഏതാനും ജർമ്മൻകാർ ചേർന്ന് ഫലസ്തീനിലെ മൗണ്ട് കാർമ്മലിൽ സ്ഥാപിക്കുകയും മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലുമായി 27 രാജ്യങ്ങളിലെ മുസ്‌ലിംകൾക്കിടയിൽ ജർമ്മനി കേന്ദ്രമാക്കി ഇപ്പോൾ പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് കാൾ ഓഫ് ഹോപ്പ്. അവരാണ് പി.പി. അലവിക്ക് പ്രവർത്തിക്കാനാവശ്യമായ സാമ്പത്തികസഹായങ്ങൾ നൽകുന്നതെന്ന് അവരുടെ വെബ്‌സൈറ്റിൽ നിന്ന് മനസ്സിലാവും.

ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും മുസ്‌ലിംകളിലെത്തിക്കുന്നതിന് ബിശാറയും അവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അവരുമായി സഹകരിക്കുന്നവരും സ്വീകരിച്ചിരുന്നത് മൂന്ന് മാർഗങ്ങളായിരുന്നു. കോളേജുകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ വിലാസങ്ങൾ സംഘടിപ്പിക്കുകയും അവർക്ക് കലണ്ടറുകളും ചെറിയ പുസ്തകങ്ങളും അയച്ചുകൊടുക്കുകയും ചെയ്യുകയാണ് ഒന്നാമത്തെ മാർഗം. പുസ്തകം വായിച്ച ശേഷം താല്പര്യത്തോടെ ബന്ധപ്പെടുന്നവർക്ക് അവരുടെ ആവശ്യപ്രകാരമുള്ള പുസ്തകങ്ങൾ ക്രമമായി അയച്ചുകൊടുക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടിയെഴുതുകയും ചെയ്യാൻ ബിശാറയുടെ ഓഫീസിൽ സംവിധാനങ്ങളുണ്ടായിരുന്നു. ഭവനസന്ദർശനങ്ങളിലൂടെ മുതിർന്ന സ്ത്രീ-പുരുഷന്മാരുമായി സൗഹൃദഭാവത്തിൽ സംസാരിക്കുകയും അവിടെ ലഘുലേഖകൾ നൽകുകയും ചെയ്യുകയാണ് രണ്ടാമത്തെ മാർഗം. ലഘുലേഖയുടെ അടിയിൽ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാനുള്ള മേൽവിലാസമുണ്ടായിരിക്കും. ആ മേൽവിലാസത്തിൽ ബന്ധപ്പെടുന്നവർക്ക് വേണ്ടി തയാർ ചെയ്യപ്പെട്ട പ്രത്യേകമായ തപാൽ പഠനപദ്ധതിയുണ്ട്. പദ്ധതിയിൽ ചേർന്നവർക്ക് പുസ്തകങ്ങളും അതോടൊപ്പം ചോദ്യാവലികളും നൽകുകയും ചോദ്യാവലിക്ക് ഉത്തരം നൽകിയാൽ വീണ്ടും പുസ്തകങ്ങൾ അയക്കുകയും ചെയ്യുകയാണ് കോഴ്‌സിന്റെ രീതി. കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും സൗജന്യ ബൈബിൾപ്രതിയും ലഭിക്കും. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ അവിടെ ഏത് സഭയാണോ സജീവമായുള്ളത് അതിന്റെ സഹകരണത്തോടെ കൺവെൻഷനുകൾ സംഘടിപ്പിച്ച് അതിൽ പങ്കെടുക്കുന്നവർക്ക് പുസ്തകങ്ങൾ നൽകുന്നതാണ് മൂന്നാമത്തെ രീതി. മാപ്പിളപ്പാട്ട്, കഥാപ്രസംഗം, നാടകം, സിനിമാപ്രദർശനം എന്നിവയുടെ അകമ്പടിയോടുകൂടി നടക്കുന്ന കൺവെൻഷനുകളിൽ സ്വാഭാവികമായും സാധാരണക്കാർ പങ്കെടുക്കും. അവരുടെ മനസ്സുകൾക്കകത്ത് ഇസ്‌ലാമിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ലഘുലേഖകളും പുസ്തകങ്ങളും വിതരണം നടത്തുകയും അവ വായിച്ച് ബന്ധപ്പെടുന്നവരെ തപാൽ പഠനപദ്ധതിയിൽ ചേർത്ത് ഇസ്‌ലാമിനെ വെറുപ്പിക്കുന്ന തരത്തിലുള്ള പുസ്തകങ്ങൾ അയക്കുകയും ചെയ്യും; മുസ്‌ലിംകളെ ക്രൈസ്തവവൽക്കരിക്കാനായുള്ള ബിഷാറാപദ്ധതികളായിരുന്നു ഇവ.

പുസ്തകങ്ങളിലൂടെയും മറ്റും ബന്ധം സ്ഥാപിക്കുന്നവരെ പ്രാദേശികമായി വിളിച്ചുചേർക്കുന്ന അന്വേഷക സമ്മേളനങ്ങളായിരുന്നു ബിശാറയുടെ പ്രധാനപ്പെട്ട മറ്റൊരു പ്രവർത്തനം. അത്തരക്കാരിലൂടെ മുസ്‌ലിംകൾക്കിടയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനും അവരിലും അവരെ ബന്ധപ്പെടുന്നവരിലും സംശയങ്ങളുണ്ടാക്കുവാനുമായി സജ്‌ജമാക്കുന്നതാണ് ഇത്തരം സമ്മേളനങ്ങൾ. മുസ്‌ലിംകളെ ക്രൈസ്‌തവൽക്കരിക്കുന്നതിന്ന് പ്രത്യേകമായ പരിശീലനം ലഭിച്ചവർ ദിവസങ്ങളോളം കൂടെ താമസിക്കുകയും ബിഷാറയുമായി സ്ഥിരം ബന്ധപ്പെടുന്നവരെ ജ്ഞാനസ്നാനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം അന്വേഷകസമ്മേളനങ്ങളുടെ പ്രധാനപ്പെട്ട ദൗത്യം. അത്തരക്കാരോടാപ്പം ദിവസങ്ങളോളം നീളുന്ന ഇന്ത്യാടൂറുകളും ബിഷാറ സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്ത സഭകളിൽ പെട്ടവരും തങ്ങളിലേക്ക് ആകർഷിക്കപ്പെട്ട മുസ്‌ലിംകളും ഒരുമിച്ചുകൊണ്ടുള്ള ഈ ടൂറിന് ബിഷാറ വിളിക്കുന്ന പേര് ഔട്ട് റീച്ച് ടീം വർക്ക് എന്നാണ്. മുസ്‌ലിംകൾക്കിടയിൽ എങ്ങനെ സംശയങ്ങളുണ്ടാക്കണമെന്നും അതുവഴി അവരെ ക്രിസ്തുമതത്തിലേക്ക് എങ്ങനെ അടുപ്പിക്കണമെന്നും വ്യത്യസ്ത സഭകളിൽ പെട്ട യുവാക്കൾക്ക് പ്രായോഗികമായ പരിശീലനം നൽകുന്നതിന് കൂടി ഈ പ്രവർത്തനം വഴി കഴിയുന്നു.

വെള്ളിയാഴ്ചകൾ തോറും നടന്നുവന്നിരുന്ന റേഡിയോ പ്രഭാഷങ്ങളായിരുന്നു ബിശാറയുടെ മറ്റൊരു പ്രവർത്തനം. SW 19, 25 മീറ്ററുകളിൽ നടന്നിരുന്ന റേഡിയോ സംപ്രേക്ഷണം വഴി മുകളിലെ മാർഗങ്ങളിലൂടെയൊന്നും മുസ്‌ലിംകളിലെത്താൻ കഴിയാത്തവർക്ക് കൂടി ക്രിസ്തുമതത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാൻ കഴിയുമെന്നും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിലെ മുസ്‌ലിംകളെക്കൂടി ഇസ്‌ലാമിനെക്കുറിച്ച് സംശയങ്ങളുള്ളവരാക്കിത്തീർക്കാൻ കഴിയുമെന്നുമാണ് ബിശാറയുടെ കണക്കുകൂട്ടൽ. ഈ പ്രവർത്തങ്ങളിലൂടെ ആരെങ്കിലും ക്രൈസ്തവരായിത്തീർന്നാൽ അവരെ സംരക്ഷിക്കുന്നതിനും താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ബിശാറയിലുണ്ടെങ്കിലും ആ സംവിധാനങ്ങളെ കാര്യമായി ഉപയോഗിക്കുവാൻ അവർക്ക് ഇതേവരെ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

ബിഷാറയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്തതോടെ മനസ്സ് നിറയെ മലബാറിന്റെ സുവിശേഷീകരണത്തിനുവേണ്ടിയുള്ള പദ്ധതികളോട് എങ്ങനെ പ്രതികരിക്കണമെന്ന ചിന്തയായിരുന്നു. മുസ്‌ലിംകളെ ക്രൈസ്തവവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് അവർ ഉദ്ദേശിച്ച ഫലമുണ്ടായില്ലെങ്കിലും മുസ്‌ലിംകൾക്കിടയിൽ സംശയങ്ങൾ സൃഷ്ടിക്കുന്നതിൽ അത് വിജയിച്ചിരുന്നുവെന്നാണ് മുസ്‌ലിംയുവാക്കളുമായുള്ള ആശയവിനിമയങ്ങൾ ബോധ്യപ്പെടുത്തിയത്. ഉമ്മത്തിൽ നിന്ന് പരസ്യമായ പ്രതികരണങ്ങൾ ഉണ്ടായതോടെ ബിഷാറക്കാർ അവരുടെ പരസ്യമായ പ്രവർത്തനങ്ങൾ കുറയ്ക്കുകയും പകരം രഹസ്യമായ പ്രവർത്തങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. മുസ്‌ലിംപ്രദേശങ്ങളിലുള്ള ക്രൈസ്തവ വീടുകളെ കേന്ദ്രമാക്കി അയൽപക്ക യോഗങ്ങൾ നടത്തുകയും അവിടെയെത്തിയവരിലേക്ക് സമർത്ഥമായി ഇസ്‌ലാംവിരുദ്ധമായ ആശയങ്ങൾ കുത്തിവെക്കുകയും അനുകൂലമായ പ്രതികരണമുണ്ടെന്ന് തോന്നുന്നവർക്ക് പുസ്തകങ്ങളയക്കുകയും അവരെ പിന്തുടർന്ന് ക്രിസ്ത്യാനികളാക്കുകയും ചെയ്യുകയായിരുന്നു ഒരു രീതി. ക്രിസ്ത്യാനികളാക്കുകയെന്ന അവസാനത്തെ പ്രക്രിയ നടന്നില്ലെങ്കിലും കുറെയധികം യുവാക്കളിലേക്ക് ഇസ്‌ലാംവിരുദ്ധമായ ആശയങ്ങൾ കുത്തിവെക്കുന്നതിൽ അത്തരം യോഗങ്ങൾ വിജയിക്കുന്നുണ്ടായിരുന്നു. ഇവയ്‌ക്കെതിരെയുള്ള ആശയപരമായ പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചായിരുന്നു അന്നത്തെ ചിന്ത.

മർക്കസുൽ ബിശാറയടക്കമുള്ള മിഷനറിമാരുടെ ചിട്ടയുള്ളതും ആകർഷകവുമായ പ്രവർത്തനങ്ങളോടുള്ള ആദരവ് ഒരു വശത്ത്. ചതിയും വഞ്ചനയുമുപയോഗിച്ച് മുസ്‌ലിംകളെ ക്രൈസ്തവരാക്കിത്തീർക്കുകയോ അതിന്ന് കഴിഞ്ഞില്ലെങ്കിൽ ഇസ്‌ലാമിനോട് വെറുപ്പുള്ളവരാക്കിത്തീർക്കുകയോ മുസ്‌ലിംകളാണെന്നതിൽ അപകർഷബോധമുണ്ടാക്കുകയോ ചെയ്യുന്നതിന് വേണ്ടിയുള്ള മിഷനറി പരിശ്രമങ്ങളോടുള്ള എതിർപ്പ് മറുവശത്ത്. എന്തുചെയ്യണം? എന്താണ് ചെയ്യാനാവുക? എന്തെങ്കിലും ചെയ്യേണ്ടതല്ലേ ? എങ്ങനെ ചെയ്യണം? സൗണ്ട് ഓഫ് ട്രൂത്തും നിച്ച് ഓഫ് ട്രൂത്തും ഒരുമിച്ച് പ്രവർത്തിക്കാനാരംഭിച്ച കാലം മുതൽ തന്നെ മനസ്സിൽ ഉയർന്നുകൊണ്ടിരുന്ന ചോദ്യങ്ങളാണിവ. മക്തിതങ്ങളുടെ പുസ്തകങ്ങളുടെ പാരായണം ഈ ചോദ്യങ്ങളെ കൂടുതൽ തീവ്രമാക്കി. കഠോരകുഠാരത്തിന്റെ ‘പീഠിക’ യിലെഴുതിയ തങ്ങളുടെ വാക്കുകൾ മനസ്സിൽ വലിയൊരു അമ്പുപോലെ തറച്ചു: ”ഇങ്ങനെ ഈ പ്രവൃത്തിയെ (മിഷനറി പ്രവര്‍ത്തനത്തെ) ഒരു തൊഴിലാക്കി നിശ്ചയിച്ചു അതിനുവേണ്ടി അനേകം പണം ചെലവഴിച്ചും നാനാ അധ്വാനങ്ങളും കഷ്ടനഷ്ടങ്ങളും സഹിച്ചും പലേടങ്ങളിലും പോയി ഉപദേശിക്കുന്നു. എന്നുതന്നെയല്ല, ശാസ്ത്രങ്ങളും വേദങ്ങളും വായിച്ചു അതിന്റെ താരതമ്യങ്ങള്‍ അതിന്റെ ശക്തി പോലെ അറിഞ്ഞു പല പുസ്തകങ്ങള്‍ ചമച്ചുവിറ്റും പാഠശാലകള്‍വെച്ചു പഠിപ്പിച്ചും വരുന്നു. ഇങ്ങനെ തങ്ങളുടെ വേദപ്രചരണത്തിനായി പണം കൊണ്ടും ദേഹം കൊണ്ടും ഒരുക്കമായിരിക്കുന്നത് അവര്‍ക്കുള്ള അവകാശമാണെന്നും ഉത്തമക്രിയയെന്നും വിചാരിക്കേണ്ടതാകുന്നു.’………. ”ഉപദേഷ്ടാക്കളുടെ വചനങ്ങള്‍ കേട്ടും ലേഖനങ്ങള്‍ വായിച്ചും സുവിശേഷങ്ങളോട് യോജിപ്പിച്ച് നോക്കുമ്പോള്‍ കേവലം അസംബന്ധമായി കാണുകകൊണ്ടും കുത്സിത വചനങ്ങള്‍ കൂടെ കൂടെ ചെവിട്ടില്‍ തറക്കുന്നത് കൊണ്ടും ഇതുവരെ മലയാള ഭാഷയില്‍ സുവിശേഷ പരിശോധന കാണായ്കയാല്‍ സ്ത്രീകളുടെ ലാവണ്യ അലങ്കാരങ്ങളും തുംഗസ്തനങ്ങളും മനോഹരലീലകളും അമൃതോപമ വചനങ്ങളും പുഞ്ചിരികൊഞ്ചലും കണ്‍മയക്കങ്ങളും കണ്ട് മോഹിച്ച് അന്തര്‍ഭൂത ദോഷങ്ങളെ ഓര്‍ക്കാതെ പെട്ടെന്ന് പെട്ടുപോകുന്നതുമായ ക്രിസ്തുമതത്തിന്റെ ഉപദേശ പ്രസാധനങ്ങളും പരിപാലന വൈചിത്ര്യങ്ങളും കണ്ട് അല്‍പജ്ഞാനികള്‍ ആന്തരാര്‍ത്ഥം ഗ്രഹിക്കാതെ പൊടുന്നനെ ചേര്‍ന്നുപോകുന്നതുകൊണ്ടും അന്യവേദമോ ശാസ്ത്രമോ ചേര്‍ക്കാതെ സുവിശേഷങ്ങളില്‍ നിന്നുതന്നെ ചില വാക്യങ്ങളെ എടുത്തു നിയമാനുസരണമായി ക്രിസ്ത്യാനികള്‍ അളന്നുവരുന്ന അളവിനാല്‍ തന്നെ അവര്‍ക്കും അളക്കുന്നു. ദൈവം തുണക്കട്ടെ, ആമീന്‍.”(മക്തിതങ്ങളുടെ സമ്പൂർണ്ണകൃതികൾ, പുറങ്ങൾ 30-33)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • മൂക്കിനു താഴെ ആന്നെങ്കിലും അറിയാൻ കഴിഞ്ഞിരുന്നില്ല ഇതിൻ്റെ ബാക്കി ക്കു വേണ്ടി കാത്തിരിക്കുന്നു insha’Allah

    Abbas 06.03.2024

Leave a comment

Your email address will not be published.