ദഅ്‌വാനുഭവങ്ങൾ -19

//ദഅ്‌വാനുഭവങ്ങൾ -19
//ദഅ്‌വാനുഭവങ്ങൾ -19
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -19

ചരിത്രപഠിതാവായി… വിമർശകനായി…

സ്‌കൂൾ പഠനകാലത്ത് സാമൂഹ്യശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ കാര്യമായ താല്പര്യമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ശാസ്ത്രവിഷയങ്ങളെല്ലാം താല്പര്യത്തോടെ പഠിച്ചിരുന്നപ്പോഴും സാമൂഹ്യപാഠങ്ങളുടെ പുസ്തകങ്ങളോട് വലിയ താല്പര്യമൊന്നും അത് പഠിക്കാൻ തുടങ്ങിയ അഞ്ചാം ക്ലാസ് മുതൽ തന്നെ ഉണ്ടായിരുന്നില്ല. ഒരൊറ്റ പുസ്തകത്തിൽ ശാസ്ത്രവിഷയങ്ങളെല്ലാം ഒന്നിച്ച് പഠിച്ച അപ്പർ പ്രൈമറി കാലത്തെയായിരുന്നാലും ഊർജ്ജതന്ത്രവും രസതന്ത്രവും ജീവശാസ്ത്രവും വെവ്വേറെ പുസ്തകങ്ങളിൽ പഠിച്ച ഹൈസ്‌കൂൾ കാലത്തെയായിരുന്നാലും ശാസ്ത്രവിഷയങ്ങൾ പഠിപ്പിച്ച അധ്യാപകരെക്കുറിച്ച ഓർമ്മകളുമായി താരതമ്യം ചെയ്യുമ്പോൾ ചരിത്രവും പൗരധർമ്മവുമെല്ലാം പഠിപ്പിച്ച അധ്യാപകരെക്കുറിച്ച ഓർമ്മകൾ പോലും വളരെ പരിമിതമാണ്; അതിനുള്ള കാരണം ആ വിഷയങ്ങളിലുള്ള താൽപര്യക്കുറവ് തന്നെയായിരിക്കണം. സാമൂഹ്യപാഠങ്ങളോടൊപ്പം പരിഗണിക്കപ്പെട്ടിരുന്ന ഭൂമിശാസ്ത്രത്തോടാണ് സ്‌കൂൾ പഠനകാലത്ത് അല്പമെങ്കിലും താല്പര്യമുണ്ടായിരുന്നത്. അതിലുള്ള മാർക്ക് കൊണ്ടാണ് ചരിത്രത്തിലും പൗരധർമ്മത്തിലുമെല്ലാം കിട്ടുന്ന മാർക്കിന്റെ കുറവ് പരിഹരിച്ചിരുന്നതെന്നാണ് ഓർമ്മ.

സാമൂഹ്യശാസ്ത്രപഠനം നിർബന്ധമായിരുന്ന സ്‌കൂൾകാലം കഴിഞ്ഞതോടെയാണ് ചരിത്രവും അനുബന്ധവിഷയങ്ങളുമെല്ലാം പഠിക്കാൻ താൽപര്യമുണ്ടായി വന്നത്. എന്നാൽ ചരിത്രപാഠപുസ്തകങ്ങളിലെ ചില പരാമർശങ്ങളും പുറത്തെ ലോകത്ത് നിന്ന് അനുഭവങ്ങളിലൂടെ മനസ്സിലാക്കുന്ന കാര്യങ്ങളും തമ്മിലുള്ള പ്രകടമായ അന്തരം സ്‌കൂൾ പഠനകാലത്ത് തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യയിലെ മുസ്‌ലിംഭരണകാലത്തെക്കുറിച്ച പാഠപുസ്തകങ്ങളിലെ പരാമർശങ്ങൾ പഠിക്കുമ്പോഴായിരുന്നു പ്രധാനമായും ഈ പ്രശ്നം അനുഭവപ്പെട്ടിരുന്നത്. മുസ്‌ലിംകളെന്നും അല്ലാത്തവരെന്നും വ്യത്യാസമില്ലാതെ നീതിയുടെ പക്ഷത്ത് നിൽക്കുന്നവനാകണം വിശ്വാസിയെന്ന പാഠം മദ്രസയിലെ ഉസ്താദുമാരിൽ നിന്നും വീട്ടിൽ മാതാപിതാക്കളിൽ നിന്നും പകർന്ന് കിട്ടുക; അമുസ്‌ലിംകളോട് അനീതി ചെയ്തവരായിരുന്നു മുസ്‌ലിം ഭരണാധികാരികളെന്ന് ചരിത്രപുസ്തകങ്ങളിൽ നിന്ന് പഠിക്കുക. പൊതുഖജനാവിൽ നിന്ന് സ്വന്തം ആവശ്യങ്ങൾക്കായി യാതൊന്നുമെടുക്കാതെ തൊപ്പി തുന്നിയും ഖുർആൻ പകർത്തിയെഴുതിയും കിട്ടുന്ന പണം കൊണ്ട് ജീവിച്ച നല്ല മുസ്‌ലിമായ ഔറംഗസീബ് പക്ഷെ ഹിന്ദുക്കളോട് ക്രൂരമായാണ് പെരുമാറിയിരുന്നത് എന്ന് പാഠപുസ്തകങ്ങളിൽ വായിക്കേണ്ടി വരിക; ‘മതത്തിൽ ബലാൽക്കാരമില്ല’ എന്ന ഖുർആൻ വചനം വിശദീകരിച്ചുകൊണ്ട് ഖുർആൻ ക്ലാസെടുക്കുന്ന ഉസ്താദിൽ നിന്ന് സത്യാസത്യങ്ങൾ വേർതിരിച്ച് മനസ്സിലാക്കിക്കൊടുക്കുകയല്ലാതെ ആരെയും ഇസ്‌ലാമിലേക്ക് നിർബന്ധിച്ച് മതം മാറ്റാൻ പാടില്ലെന്ന് മനസ്സിലാക്കുക; മുസ്ലീംരാജാക്കന്മാർ ഹിന്ദുക്കളെ നിർബന്ധിച്ച് മതം മാറ്റിയിട്ടാണ് ഇന്ത്യയിൽ ഇസ്‌ലാം വളർന്നതെന്ന് പാഠപുസ്തകങ്ങൾ പറയുക. ഇതര മതവിശ്വാസികളുടെ ആരാധ്യവസ്തുക്കളെ നിന്ദിക്കരുതെന്ന പാഠം മദ്രസയിൽ നിന്ന് മനസ്സിലാക്കുക; അതിന്നെതിരെയുള്ള പലതും മുസ്‌ലിം ചക്രവർത്തിമാർ ചെയ്തതായി പാഠപുസ്തകങ്ങളിലുണ്ടാവുക. സ്‌കൂൾ കാലത്ത് തന്നെ ഇവ ശ്രദ്ധിക്കുകയും ചരിത്രാധ്യാപകരോട് സംശയങ്ങളുന്നയിക്കുകയും ചെയ്തതായി ഓർമ്മയിലുണ്ട്. അവർ നൽകിയ ഉത്തരങ്ങൾ മനസ്സിനെ തൃപ്തമാക്കുന്നവയായിരുന്നില്ല എന്നാണ് ഓർമ്മ.

ചരിത്രപഠനത്തോട് വിപ്രതിപത്തി കാണിച്ചിരുന്ന സ്‌കൂൾകാലത്തിൽ നിന്ന് വ്യത്യസ്തമായി ചരിത്രപഠനത്തിൽ മാത്രം കാര്യമായി ശ്രദ്ധിച്ച പ്രീഡിഗ്രി കാലമാണ് എനിക്കുണ്ടായിരുന്നത്. കോഴിക്കോട് വെച്ച് എം.എസ്. എം സംഘടിപ്പിച്ച ഒരു സെമിനാറിൽ ചരിത്രപണ്ഡിതനായിരുന്ന ഡോ: സി. കെ. കരീമിന്റെ ഒരു പ്രഭാഷണം കേട്ടതാണ് ചരിത്രപഠനത്തിൽ താല്പര്യം ജനിക്കുവാനുള്ള ആദ്യകാരണം. പ്രീഡിഗ്രികാലത്തിന്റെ തുടക്കത്തിൽ കേട്ട ആവേശകരമായ ആ പ്രഭാഷണത്തിന്റെ പ്രതിധ്വനികൾ ഇന്നും മനസ്സിൽ ആന്ദോളനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ടിപ്പു സുൽത്താനെപ്പറ്റി സ്‌കൂളിൽ നിന്ന് പഠിച്ചവയൊന്നുമല്ല യാഥാർഥ്യങ്ങളെന്ന തെളിവുകൾ ഉദ്ധരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സമർത്ഥനം മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ടിപ്പുവിലെ മഹാനായ ദേശസ്നേഹിയെപ്പറ്റി ആദ്യമായി മനസ്സിലാക്കിയത് ആ പ്രഭാഷണത്തിൽ നിന്നാണ്. ക്ഷേത്രധ്വംസകൻ എന്നും നിർബന്ധമതപരിവർത്തനം നടത്തിയവൻ എന്നും ഹിന്ദുക്കളോട് വിവേചനം കാണിച്ചവൻ എന്നുമുള്ള സ്‌കൂൾപാഠപുസ്തകങ്ങളിൽ നിന്ന് ലഭിച്ച ടിപ്പുചിത്രങ്ങളെ ഒന്നൊന്നായി തകർത്തെറിയുന്നതായിരുന്നു കരീം സാഹിബിന്റെ പ്രഭാഷണം. ബ്രിട്ടീഷുകാർ അവശേഷിപ്പിച്ചുപോയ ‘ഭിന്നിപ്പിച്ച് ഭരിക്കൽ’ തന്ത്രത്തിന്റെ അവശേഷിപ്പുകളാണ് നമ്മുടെ ഇന്ത്യാചരിത്രഗ്രൻഥങ്ങളിലുള്ളതെന്ന് തെളിവുകൾ നിരത്തി സമർത്ഥിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം എന്റെ ചരിത്രപഠനരംഗത്തെ വലിയൊരു വഴിത്തിരിവായിരുന്നു. ‘ബാബറിന്റെയും അക്ബറിന്റേയും ഭരണപരിഷ്കാരങ്ങൾ പഠിച്ചിട്ട് നമുക്കെന്ത് കാര്യം?’ എന്ന സ്‌കൂൾ പഠനകാലത്ത് സതീർഥ്യന്മാർ പരസ്പരം പറയുകയും ചരിത്രാധ്യാപകരോട് തമാശയായി ചോദിക്കുകയും ചെയ്യുന്നിടത്തല്ല കാര്യമെന്ന് ബോധ്യപ്പെത്തുന്നതായിരുന്നു ആ പ്രഭാഷണം.

ഡോ: കരീമിന്റെ പ്രഭാഷണം കേട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷം കോളേജ് ലൈബ്രറിയിൽ പോയപ്പോൾ ലഭിച്ച ‘സി.കെ. കരീമിന്റെ ചരിത്രപഠനങ്ങൾ’ എന്ന പുസ്തകമാണ് പരീക്ഷാവിജയത്തിന് വേണ്ടിയല്ലാതെ വായിച്ച ആദ്യത്തെ ചരിത്രാപഗ്രഥന ഗ്രൻഥം. കോളേജ് ലൈബ്രറിയിൽ വെച്ച് ദിവസങ്ങളെടുത്താണ് റഫറൻസ് ഗ്രന്ഥമായിരുന്ന അത് മുഴുവൻ വായിച്ച് തീർത്തത്. ചരിത്രപഠനത്തെ ആസ്വാദ്യകരമായ അനുഭവമാക്കിത്തീർക്കുന്നതിൽ ആ പുസ്തകം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ആയിരത്തോളം പുറങ്ങളുള്ള പുസ്തകത്തിലുള്ളത് നിരവധി സ്വതന്ത്ര ലേഖനങ്ങളാണ്. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിലേക്ക് വെളിച്ചത്തെ വീശുന്ന പഠനങ്ങൾ. ഓരോ പഠനങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടത്. സ്‌കൂൾ കാലം മുതൽ തന്നെ മനസ്സിൽ കൊണ്ട് നടന്നിരുന്ന സംശയങ്ങൾ മിക്കതിനുമുള്ള ഉത്തരങ്ങൾ ആ പുസ്തകത്തിലുണ്ടായിരുന്നു. സാമ്രാജ്യത്വതാൽപര്യങ്ങൾക്കായി ഇന്ത്യയിലെ മുസ്‌ലിംഭരണകാലത്തെ തമസ്കരിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടിഷുകാർ പടച്ചു വിട്ട അസത്യങ്ങളും അർദ്ധസത്യങ്ങളുമാണ് സ്‌കൂൾ പാഠപുസ്തകങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നതെന്ന സത്യം ബോധ്യപ്പെടുത്തിയ ഗ്രൻഥമെന്ന നിലയിൽ എന്റെ ജീവിതദർശനത്തെ സ്വാധീനിച്ച പ്രധാനപ്പെട്ട പുസ്തകങ്ങളിനൊന്നാണത്.

‘സി.കെ. കരീമിന്റെ ചരിത്രപഠനങ്ങൾ’ വായിച്ചുകഴിഞ്ഞപ്പോൾ അതിലെ വിഷയങ്ങൾ കുറേക്കൂടി ആഴത്തിൽ പഠിക്കണമെന്ന് തോന്നി. അതിലെ കുറിപ്പുകളിൽ പരാമർശിച്ചിരിക്കുന്ന റഫറൻസ് ഗ്രൻഥങ്ങളിൽ പലതും തെരഞ്ഞ് പിടിച്ച് വായിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. പിഎസ്എംഒ കോളേജ് ലൈബ്രറിയെ തന്നെയായിരുന്നു പ്രധാനമായും പുസ്തകങ്ങൾക്കായി ആശ്രയിച്ചിരുന്നത്. ലൈബ്രറിയിൽ ഇല്ലാത്ത പല പുസ്തകങ്ങളും ലഭിച്ചത് അവിടുത്തെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ നിന്നാണ്. പ്രൊഫസർ കമാൽ പാഷയെ പരിചയപ്പെടുന്നത് ആ ഡിപ്പാർട്മെന്റിൽ വെച്ചാണ്. ആ പരിചയം വളർന്നു. അദ്ദേഹത്തിന്റെ ഹിദായ ബുക്ക് സ്റ്റാളിൽ ഇടയ്ക്ക് പോയിരുന്ന് പല വിഷയങ്ങളും ചർച്ച ചെയ്യുമായിരുന്നു. അന്ന് കേരള ഇസ്‌ലാമിക് മിഷന്റെ (കിം) പ്രവർത്തനകേന്ദ്രങ്ങളിലൊന്ന് ഹിദായ ബുക്ക് സ്റ്റാളായിരുന്നു. അമുസ്‌ലിംകൾക്കിടയിൽ പ്രവർത്തിക്കാനായി മാത്രമുള്ള സ്വതന്ത്ര കൂട്ടായ്മയെന്ന നിലയിൽ ആരംഭിച്ച കിമ്മിനെ പിൽക്കാലത്ത് ജമാഅത്തെ ഇസ്‌ലാമി ഏറ്റെടുക്കുകയായിരുന്നു. പാഷ സാറായിരുന്നു കിമ്മിന്റെ പ്രധാനപ്പെട്ട സംഘാടകൻ എന്നാണ് എന്റെ അറിവ്. അന്ന് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഞങ്ങളുടെ ചർച്ചകളിൽ മുജാഹിദ്- ജമാഅത്ത് വിഷയങ്ങളും കടന്നു വരും. ശാന്തനായി തർക്കിക്കാനുള്ള അദ്ദേഹത്തിനുണ്ടായിരുന്ന പാടവം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ചരിത്രവസ്തുതകൾ മനസ്സിലാക്കുന്നതോടൊപ്പം തന്നെ ദഅ്‌വാ വ്യക്തിത്വത്തിന്റെ വളർച്ചയിലും പാഷ സാറുമായുള്ള ബന്ധത്തിന്റെ സ്വാധീനമുണ്ട്.

ഡോ: സി. കെ. കരീമിന്റെ പ്രഭാഷണം കേട്ട് തുടങ്ങിയ ചരിത്രാന്വേഷണങ്ങൾ അന്ന് തന്നെ ബോധ്യപ്പെടുത്തിയത് ചെറിയ പ്രായത്തിൽ പഠിപ്പിക്കപ്പെടുന്ന ചരിത്രം അതേരൂപത്തിൽ തുടർന്നാൽ നമ്മുടെ നാട്ടിൽ അതിമാരകമായ വർഗ്ഗീയത വളർന്നു വരുമെന്ന യാഥാർഥ്യമായിരുന്നു. അതേക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നത് അങ്ങനെയാണ്. വായനക്കും പഠനത്തിനുമൊപ്പം എഴുത്തുമെന്ന പിൽക്കാലത്തെ രചനകളിൽ പൊതുവെ സ്വീകരിച്ച രീതി തുടങ്ങുന്നത് ഈ പഠനത്തോടനുബന്ധിച്ചാണ്. ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ റഫർ ചെയ്യും; അതോടൊപ്പം തന്നെ ഓരോ പുസ്തകത്തിൽ നിന്നും ലഭിച്ച ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നോട്ട് തയ്യാറാക്കും. അവ താരതമ്യം ചെയ്ത് പഠിക്കാൻ ശ്രമിക്കും. വീട്ടിലെത്തിയ ശേഷം അന്ന് മനസ്സിലാക്കിയ കാര്യങ്ങൾ എഴുതും. മാസങ്ങൾ നീണ്ട ഈ പഠനത്തിന്റെയും എഴുത്തിന്റെയും പകർത്തിയെഴുത്തിന്റെയും ഫലമായിരുന്നു ശബാബിൽ മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ‘വർഗ്ഗീയത പരത്തുന്ന പാഠപുസ്തകങ്ങൾ’ എന്ന ലേഖനപരമ്പര. ഹൈസ്‌കൂൾ പാഠപുസ്തകങ്ങളിലെ ചരിത്രാധ്യാപനങ്ങൾ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ നയത്തിന്റെ അവശേഷിപ്പുകളാണ് ഉൾക്കൊള്ളുന്നതെന്നും അത് തിരുത്തിയില്ലെങ്കിൽ അധ്യയനം എന്തിന് വേണ്ടിയാണോ അതിന്ന് നേരെ വിപരീതമായ ഫലങ്ങളാണ് ഉണ്ടാക്കുകയെന്നും സ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു ആ പരമ്പര.

ചരിത്രപഠനത്തിന് സമയം കണ്ടെത്താൻ കഴിഞ്ഞത് അന്ന് പിഎസ്എംഒ കോളേജിലെ പ്രീഡിഗ്രി പഠനം രണ്ട് ഷിഫ്റ്റുകളിലായാണ് നടന്നുകൊണ്ടിരുന്നത് എന്നതുകൊണ്ടായിരുന്നു. കോളേജിലെ സ്ഥലക്കുറവായിരുന്നു രാവിലെയും വൈകുന്നേരവുമുള്ള ഷിഫ്റ്റുകളിലായി പരമാവധി കുട്ടികൾക്ക് അഡ്മിഷൻ നൽകാൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. അത് എനിക്ക് ഏറെ ഉപകാരപ്രദമായി. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിലായിരുന്നു എന്റെ പഠനം എന്നതിനാൽ ലൈബ്രറിയിൽ ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്താൻ എളുപ്പമായിരുന്നു. രാവിലെ വീട്ടിൽ നിന്ന് പുറപ്പെടും. ഉച്ച വരെ ലൈബ്രറിയിൽ ചെലവഴിക്കും. ഉച്ചക്ക് ശേഷം ക്ലാസിൽ ഹാജരാകും. ഇതായിരുന്നു അന്നത്തെ ദിനചര്യ. ആ രണ്ട് വർഷക്കാലം കാര്യമായി വായിച്ചതെല്ലാം ചരിത്രപഠനത്തെക്കുറിച്ച പുസ്തകങ്ങളായിരുന്നു. ചരിത്രവും ചരിത്രരചനാശാസ്ത്രവുമെല്ലാം (historiography) ഇഷ്ടവിഷയങ്ങളാകുന്നത് അങ്ങനെയാണ്. ഇന്ത്യാചരിത്രം തന്നെയായിരുന്നു ഇഷ്ടവിഷയം. ഡോ: സി. കെ. കരീമിൽ നിന്ന് തുടങ്ങിയ ചരിത്രവായന ആർ.സി. മജൂംദാറിലേക്കും റൊമീളാ ഥാപ്പറിലേക്കും ആർ. എസ്. ശർമ്മയിലേക്കുമെല്ലാം പടർന്നപ്പോൾ അതൊരു ആവേശമായിത്തീർന്നു. പ്രീഡിഗ്രി രണ്ടാം വർഷമായപ്പോഴേക്ക് ക്ലാസ് റൂമുകളിലെ അധ്യയനത്തെക്കാളധികം ചരിത്രപഠനത്തിലായിത്തീർന്നു താല്പര്യം. അതിനാൽ സയൻസ് പഠനത്തിനായി സെക്കൻഡ് ഗ്രൂപ്പ് എടുപ്പിച്ചത് കൊണ്ട് വീട്ടുകാർ ആഗ്രഹിച്ചതെന്തായിരുന്നുവോ അത് മാത്രം നടന്നില്ല.

‘വർഗ്ഗീയത പരത്തുന്ന പാഠപുസ്തകങ്ങൾ’ എന്ന ലേഖനപരമ്പര ശബാബിൽ അച്ചടിച്ച് വരുന്നത് 1985 ൽ ഒന്നാം വർഷം ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. അപ്പോഴേക്ക് എംഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ കുഞ്ചികസ്ഥാനങ്ങളിലൊന്നിൽ എത്തിക്കഴിഞ്ഞിരുന്നു. ജില്ലാ കമ്മറ്റിയുടെ മീറ്ററിംഗിൽ ലേഖനവും അതിലെ ആശയങ്ങളും വിശദമായി ചർച്ച ചെയ്യപ്പെട്ടു. വിഷയം ഗൗരവതരമാണെന്നും ഈ വിഷയത്തിൽ അധികൃതരെയും വിദ്യാർത്ഥികളെയും ബോധവൽക്കരിക്കുന്നതനായി കാര്യമായ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ജില്ലാനേതൃത്വത്തിലുള്ള എല്ലാവർക്കും ബോധ്യപ്പെട്ടു. എന്നാൽ ഇത്തരമൊരു വിഷയത്തിലുള്ള ബോധവൽക്കരണപരിപാടി സംഘടിപ്പിക്കേണ്ടത് ജില്ലാ കമ്മറ്റിയല്ലെന്നും സംസ്ഥാനസമിതിയാണെന്നും അതിനാൽ ഇക്കാര്യം സംസ്ഥാനനേതൃത്വത്തെ അറിയിക്കണമെന്നുമാണ് ജില്ലാസമിതി തീരുമാനിച്ചത്. പി. ഹാറൂൺ പ്രസിഡണ്ടും നല്ലളം നാസിർ മദനി സിക്രട്ടറിയുമായ സംസ്ഥാനസമിതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാനുള്ള ഉത്തരവാദിത്തമേൽപ്പിച്ചത് എന്നെയും പികെ മുഹമ്മദ് സുഹൈലിനെയുമായിരുന്നു. ഉടനെത്തന്നെ ഞങ്ങൾ നല്ലളം നാസർ മദനിയെ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. അന്ന് എംഎസ്എം മുഖപത്രമായിരുന്ന ഇഖ്‌റഅ്‌ മാസികയുടെ പത്രാധിപരായിരുന്നു സുഹൈൽ. പരപ്പനങ്ങാടിക്കടുത്ത ചെമ്മാട് താമസിച്ചിരുന്ന കെഎൻഎം നേതാവായിരുന്ന പികെ അഹമ്മദ് അലി മദനിയുടെ മകനായിരുന്ന സുഹൈലായിരുന്നു അന്ന് ഇത്തരം കാര്യങ്ങളിലെല്ലാമുള്ള ഉപദേശകനും മാർഗ്ഗദർശിയുമായി ഉണ്ടായിരുന്നത്. ഏതായാലും ഞങ്ങളുടെ ആശയം സംസ്ഥാനസമിതി അംഗീകരിക്കുകയും ‘വർഗ്ഗീയത വളർത്തുന്ന പാഠപുസ്തകങ്ങൾക്കെതിരെ’ എന്ന ഒരു കാമ്പയിൻ പ്രഖ്യാപിക്കുകയും ചെയ്തു.

പാഠപുസ്തകങ്ങളിലെ ചരിത്രപരാമർശങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനത്തെയും രാഷ്ട്രീയ-സാംസ്കാരിക നേതൃത്വങ്ങളെയും വിദ്യാഭ്യാസവിചക്ഷണരെയും ബോധ്യപ്പെടുത്തുകയായിരുന്നു എംഎസ്എം കാമ്പയിനിന്റെ ലക്‌ഷ്യം. അതിന്നായി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു; നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടു; സെമിനാറുകൾ നടത്തി വിഷയത്തിന്റെ ഗൗരവം രാഷ്ട്രീയനേതൃത്വത്തെയും വിദ്യാഭ്യാസവിചക്ഷണന്മാരെയും അറിയിച്ചു; പ്രകടനങ്ങളും പൊതുപരിപാടികളും നടത്തി പൊതുജനങ്ങളെ ബോധവൽക്കരിച്ചു. അത്തരം പൊതുപരിപാടികളിൽ പ്രസംഗിച്ചുകൊണ്ടാണ് പൊതുപ്രഭാഷണവേദിയിലേക്ക് ഞാൻ കാലെടുത്തുവെച്ചത്. 1985 ഒക്ടോബർ രണ്ടിന് വ്യത്യസ്തങ്ങളായ പൊതുസ്ഥലങ്ങൾ ശുചീകരിച്ചുകൊണ്ട് എം.എസ്. എം സേവനദിനമായി ആചരിക്കുകയും സേവനപ്രവർത്തനങ്ങളുടെ സമാപനമായി പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തത്‌ ഒളി മങ്ങാതെ ഓർമ്മയിലുണ്ട്. അന്ന് തിരൂരങ്ങാടി താലൂക്കാശുപത്രിയുടെ പരിസരം ശുചീകരിച്ചതിന് ശേഷം ചെമ്മാട് ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിച്ചതാണ് വലിയൊരു സദസ്സിന് മുന്നിലെ ആദ്യത്തെ പ്രഭാഷണമെന്നാണ് ഓർമ്മ.

കാമ്പയിനിലേക്ക് നയിച്ച ശബാബിലെ ലേഖനങ്ങൾ ക്രോഡീകരിച്ച് കാമ്പയിനിനോടനുബന്ധിച്ച് ഒരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് എന്നിലെ എഴുത്തുകാരനെ കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. എം.എസ്. എം സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച ‘വർഗ്ഗീയത പരത്തുന്ന പാഠപുസ്തകങ്ങൾ’ എന്ന ആ ചെറുഗ്രൻഥമാണ് പുസ്തകരൂപപത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ രചന. അന്നത്തെ കാമ്പയിൻ പ്രവർത്തനങ്ങളിലേക്ക് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വടവൃക്ഷമായി മാറികൊണ്ടിരിക്കുന്ന വർഗ്ഗീയതയുടെയും അന്യമതവിദ്വേഷത്തിന്റെയും ബീജങ്ങളെ മനസ്സിലാക്കി പ്രതികരിക്കുന്നവരോടൊപ്പം പ്രവർത്തിക്കുവാൻ വളരെ ചെറുപ്പത്തിൽ തന്നെ സാധിച്ചതിൽ ചാരിതാർഥ്യം തോന്നുന്നുണ്ട്. വർഗ്ഗീയതയുടെ ബീജങ്ങൾക്കെതിരെ ഔദ്യോഗികമായ നീക്കങ്ങൾ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അന്ന് തന്നെ ഉണ്ടായിരുന്നെങ്കിൽ പിഞ്ചുമനസ്സുകളിൽ വിഷം നിറക്കുന്ന തരത്തിലുള്ള ചരിത്രപഠനത്തിന്റെ കെടുതികളിൽ നിന്ന് കേരളത്തിലെ യുവതയെയെങ്കിലും സംരക്ഷിച്ചുനിർത്തുവാൻ സാധിക്കുമായിരുന്നുവെന്നാണ് തോന്നുന്നത്. അത് കഴിയാത്തതിന്റെ ദുരിതമാണല്ലോ ഇന്ന് ഭാരതം മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പെഴുതിയ ആദ്യപുസ്തകത്തിലെ വരികളിലൂടെ ഇന്ന് കണ്ണോടിക്കുമ്പോൾ ചരിത്രപാഠപുസ്തകങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങൾ എത്രത്തോളം ഭീകരമാണെന്ന തിരിച്ചറിവ് നൽകിയ പടച്ചവനെ പതിനായിരം തവണ സ്തുതിച്ച് പോകുന്നു. ആ തിരിച്ചറിവുണ്ടായത് ഡോ: സി. കെ. കരീമിന്റെ പഠനങ്ങളിൽ നിന്ന് തുടങ്ങിയ ചരിത്രാന്വേഷണങ്ങളിൽ നിന്നാണെന്ന വസ്തുത ആലോചിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ മനസ്സിൽ നിറയുന്നു. അതേപോലെയുള്ളവരെ സൃഷ്ടിക്കാൻ ഉമ്മത്തിന് കഴിയുമ്പോഴാണ് നാടിനെ വീണ്ടെടുക്കുവാനുള്ള പരിശ്രമങ്ങളിൽ സക്രിയമായി ഇടപെടുവാൻ കഴിയുകയെന്ന സത്യം ഉൾക്കൊള്ളുന്നു.

ആദ്യ പുസ്തകത്തിലെ അവസാനത്തെ മൂന്ന് ഖണ്ഡികകൾ പുസ്തകത്തിന്റെ സത്തുൾക്കൊള്ളുന്നതാണ്; അതിങ്ങനെ:

“ഇതാണ് നമ്മുടെ ചരിത്ര പഠനത്തിന്റെ കോലമെങ്കിൽ എന്തിനാണ് നാം ചരിത്രം പഠിക്കുന്നത്? ഭൂതകാലത്തെക്കുറിച്ച് വിമർശനാത്മകമായ അവബോധം വളർത്താനോ വിദ്യാർത്ഥിയുടെ മനസ്സ് അന്ധമായ വർഗ്ഗവിദ്വേഷത്തിൽ നിന്ന് മുക്തമാക്കാനോ ഈ ചരിത്രപഠനം ഉപകരിക്കുമോ? പിഞ്ചുമനസ്സുകളിൽ വർഗ്ഗവിദ്വേഷത്തിന്റെ വിഷം കുത്തി വെക്കാനല്ലേ ഇത്തരം ചരിത്രപുസ്തകങ്ങൾ ഉപകരിക്കുക? സാക്ഷരത വർധിക്കുമ്പോൾ അന്ധമായ വർഗ്ഗവിദ്വേഷം അവസാനിക്കുമെന്ന കണക്കുകൂട്ടൽ വെറും സ്വപ്നമായി മാത്രം അവശേഷിക്കും. ഇത്തരം പാഠപുസ്തകങ്ങൾ കൂടുതൽ പേർ പഠിക്കുമ്പോൾ കൂടുതലാളുകൾ വർഗ്ഗീയവാദികളായി മാറുക മാത്രമേ ചെയ്യൂ.

വർഗ്ഗവിദ്വേഷവും വിഘടന വാദവും വേരോടെ പിഴുതെറിയുന്നതിന്റെ ആദ്യപടിയായി ചെയ്യേണ്ടത് ഇത്തരം പാഠപുസ്തകങ്ങൾ നിരോധിക്കുകയും ചരിത്രപാഠങ്ങൾ പുനഃക്രോഡീകരണം ചെയ്യുകയുമാണ്. അതിന് സന്നദ്ധമാകാത്തിടത്തോളം കാലം വർഗ്ഗീയതക്കെതിരെയുള്ള നമ്മുടെ നടപടികളെല്ലാം വെറും അധരവ്യായാമം മാത്രമായി അവശേഷിക്കും.

നാം പ്രതികരിക്കാതിരുന്നാൽ പുരാതന ഇറ്റലിയും ഇംഗ്ലണ്ടും ഹൈന്ദവ രാഷ്ട്രങ്ങളും ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ് മിനിസ്റ്റർ ആബി പുരാതന ശിവക്ഷേത്രവും ഇന്ത്യയിലെ ചരിത്രപ്രസിദ്ധങ്ങളായ താജ്മഹൽ ഫത്തേഹ്പൂർ സിക്രി, ചെങ്കോട്ട, ഫിറോസാബാദ് തുടങ്ങിയവ പുരാതന ഹൈന്ദവ ക്ഷേത്രങ്ങളായിരുന്നുവെന്നുമുള്ള പ്രൊഫ: അമർനാഥിന്റെ ചരിത്രഗവേഷണങ്ങൾ മലയാള പാഠപുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടി വരികയില്ല. (ന്യൂ ഡൽഹിയിലുള്ള ഇതിഹാസ് ശുദ്ധ സംസ്ഥാൻ 1973 ൽ പ്രസിദ്ധീകരിച്ച Some Missing Chapters of World History എന്ന പുസ്തകത്തിലാണ് അമർ നാഥ് ഇത്തരം ഗവേഷണങ്ങൾ വിളമ്പുന്നത്) നിഷ്പക്ഷരായ ചരിത്ര വിചക്ഷണന്മാരുടെ വാക്കുകൾക്ക് പോലും വേണ്ടത്ര വില കൽപ്പിക്കാത്ത വിദ്യാഭ്യാസ വകുപ്പ് നമ്മുടെ ഒറ്റപ്പെട്ട പ്രസ്താവനകൾ മുഖവിലക്കെടുക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. നാളത്തെ ഇന്ത്യയെങ്കിലും വർഗ്ഗീയ കലാപങ്ങളിൽ നിന്നും മുക്തമാകണമെന്നും അവിടെ മതസൗഹാർദ്ദം പുലരണമെന്നും ആഗ്രഹിക്കുന്ന എല്ലാ ഭാരതീയരുടെയും സ്വരം ഒറ്റക്കെട്ടായി ഈ ചരിത്രവികലതകൾക്കെതിരെ തിരിയേണ്ടതുണ്ട്. അതല്ലെങ്കിൽ നാളത്തെ ഭാരതം വർഗ്ഗീയകലാപങ്ങളുടെ ശ്മാശാനഭൂമിയായിത്തീരും.”

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.