ദഅ്‌വാനുഭവങ്ങൾ -17

//ദഅ്‌വാനുഭവങ്ങൾ -17
//ദഅ്‌വാനുഭവങ്ങൾ -17
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -17

സംവാദം, ബൈബിളിലേക്ക് !

ത്രിയേകത്വത്തെ സാധൂകരിക്കുന്നതെന്ന രൂപത്തിൽ താൻ അവതരിപ്പിച്ച ബൈബിൾ വചനങ്ങളൊന്നും തന്നെ ക്രൈസ്തവതയുടെ അടിസ്ഥാനതത്ത്വം പഠിപ്പിക്കുന്നതല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അത് ഒരൊറ്റ വചനത്തിലായി വെളിപ്പെടുത്തപ്പെട്ടതല്ലെന്ന ന്യായീകരണത്തിലേക്ക് പാസ്റ്റർ എത്തിയത്. ത്രിത്വമെന്ന തത്ത്വം കൃത്യമായി പഠിപ്പിക്കുന്ന ഒരു വചനമില്ലെങ്കിലും ബൈബിൾ പൂർണ്ണമായി വായിക്കുന്നവർക്ക് മനസ്സിലാകുന്ന ഒരു ആശയമാണതെന്നും പുതിയ നിയമം വായിക്കുന്നവർക്ക് അതിലെല്ലായിടത്തും ത്രിയേകത്വത്തിന്റെ പ്രതിഫലനം കാണാനാവുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ത്രിത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരു വചനം ബൈബിളിൽ ഇല്ലെന്ന് പാസ്റ്റർ സമ്മതിച്ചപ്പോൾ ഞാൻ ചോദിച്ചു: “ത്രിത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരൊറ്റ വചനം ഞാൻ ബൈബിളിൽ കാണിച്ച് തന്നാലോ?”

പാസ്റ്ററുടെ ഈഗോയെ ആക്രമിക്കുകയാണെന്നും ബൈബിൾ പണ്ഡിതനും പ്രഭാഷകനുമായ തന്റെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യുക വഴി അദ്ദേഹത്തിന്റെ കോപം ഇരട്ടിക്കുവാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അത്തരമൊരു അവകാശവാദം ഉന്നയിച്ചത്. ഡിഗ്രിവിദ്യാർത്ഥിയുടെ ചോരത്തിളപ്പിന്റെ കാലത്ത് അത്തരമൊരു ആക്രമണത്തെ സാധൂകരിക്കുന്ന രണ്ട് ന്യായീകരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. മുസ്‌ലിംകളെല്ലാം സ്വന്തത്തേക്കാളധികം സ്നേഹിക്കുന്ന പ്രവാചകനെ തത്വദീക്ഷയൊന്നുമില്ലാതെ നിന്ദിച്ച് സംസാരിക്കുന്നയാളാണ് പാസ്റ്ററെന്നതിനാൽ മാന്യമായ രീതിയിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്ന് ഞാൻ കരുതി. സത്യസന്ധമായ പഠനം വഴി ഇസ്‌ലാമിലെത്തിച്ചേർന്ന സുഹൃത്തിനെ വഴി തെറ്റിക്കുവാനായി നിന്ദ്യവും സത്യസന്ധമല്ലാത്തതുമായ രീതി സ്വീകരിക്കുന്നയാളാണ് പാസ്റ്ററെന്നതിനാൽ സുഹൃത്തിന്റെ മുന്നിൽ വെച്ച് തന്നെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ചോദ്യം ചെയ്ത് പാസ്റ്ററുടെ ശല്യത്തിൽ നിന്ന് സുഹൃത്തിനെ രക്ഷിക്കാൻ കഴിയണമെന്നും ആഗ്രഹിച്ചു. ഇതേപോലെ ഒരു അവസരം ഇനി ഈ പാസ്റ്ററുടെ മുമ്പിൽ ലഭിക്കുകയില്ലെന്ന് അറിയാമായിരുന്നതിനാൽ സുഹൃത്തിന്റെ മുന്നിൽ വെച്ച് തന്നെ മക്തിതങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ‘പാസ്റ്റർ നിഗ്രഹം’ നടത്താൻ തീരുമാനിച്ചു. പ്രസ്തുത തീരുമാനത്തിൽ നിന്നാണ് ത്രിത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരൊറ്റ വചനം ബൈബിളിൽ കാണിച്ചുകൊടുക്കാമെന്ന അവകാശവാദമുണ്ടായത്.

പഠനത്തോടൊപ്പം തന്നെ ഖണ്ഡനവും മനസ്സിലാക്കാൻ പരമാവധി പരിശ്രമിക്കുകയെന്നതായിരുന്നു എന്റെ മതതാരതമ്യപഠനരീതി. ക്രിസ്തുമതത്തെക്കുറിച്ച് പ്രൊട്ടസ്റ്റന്റുകാരും കാത്തോലിക്കരും നടത്തുന്ന പോസ്റ്റൽ പദ്ധതികളിലൂടെയും നേർക്കുനേരെയുള്ള സംഭാഷണങ്ങളിലൂടെയും പഠിക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ ക്രൈസ്തവദർശനത്തിനെതിരെയുള്ള വിമർശനപഠനങ്ങൾ സംഘടിപ്പിക്കുകയും വായിക്കുകയും ചെയ്യുകയെന്ന രീതി. വിമർശനപഠനങ്ങൾക്കായി അക്കാലത്ത് പ്രധാനമായും വായിച്ചിരുന്നത് മക്തിതങ്ങളുടെയും അഹ്‌മദ്‌ ദീദാത്തിന്റെയും കൃതികൾ തന്നെ. മക്തിതങ്ങളുടെ ആദ്യ പുസ്തകമായ ‘കടോരകുഠാരം’ നൽകിയ ആത്മവിശ്വാസത്തിന്റെ വെളിച്ചത്തിലാണ് പാസ്റ്ററുമായി സംസാരിക്കാൻ പോയതെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ക്രൈസ്തവപണ്ഡിതന്മാരിലൊരാളുമായി നടന്ന ആദ്യത്തെ സ്വകാര്യസംവാദം അന്ത്യഘട്ടത്തിലേക്ക് കടന്നപ്പോൾ മക്തിതങ്ങൾ എത്രത്തോളം കടോരമായ കുഠാരം കൊണ്ടാണ് ത്രിയേകവിശ്വാസത്തെ പ്രഹരിച്ചിരിക്കുന്നതെന്ന് ശരിക്കും മനസ്സിലായി. 1884 ൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത കൃതിയിലെ വാദങ്ങളുടെ മുന്നിൽ 1987 ലും ക്രൈസ്തവലോകത്തിന് മറുപടിയൊന്നുമില്ലെന്ന് ബോധ്യപ്പെട്ട നിമിഷങ്ങൾ; ഇന്നും സ്ഥിതി തഥൈവ. അല്ലാഹുവേ…. ആ മഹാപ്രബോധകനെ നീ സ്വർഗം നൽകി ആദരിക്കേണമേ, ആമീൻ.

“ത്രിത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരൊറ്റ വചനം ഞാൻ ബൈബിളിൽ കാണിച്ച് തന്നാലോ?”

എന്റെ ചോദ്യം പാസ്റ്ററെ അക്ഷരാർത്ഥത്തിൽ ക്ഷുഭിതനാക്കി. സെമിനാരിയിൽ വർഷങ്ങൾ പഠിച്ച തന്റെ ബൈബിൾ പാണ്ഡിത്യത്തെ മീശ മുളക്കാത്ത പയ്യന്മാർ വന്ന് വെല്ലുവിളിക്കുന്നതായാണ് അദ്ദേഹത്തിന് തോന്നിയത്. കോപം കൊണ്ട് അദ്ദേഹത്തിന്റെ മുഖം ചുവക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. താൻ ദൈവികമെന്ന് വിശ്വസിക്കുന്ന ഗ്രന്ഥത്തിന് നൽകേണ്ട ആദരവ് പോലും ഞങ്ങളോടുള്ള ദ്വേഷത്താൽ അദ്ദേഹം മറന്നു. അലമാരയിൽ നിന്ന് ഒരു ഇംഗ്ലീഷ് ബൈബിളെടുത്ത് എന്റെ നേരെ എറിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു:

“എന്നാൽ കാണിച്ച് താ….”

അല്ലാഹുവിന്റെ അനുഗ്രഹം !!! അദ്ദേഹം എന്റെ നേരെ എറിഞ്ഞത് King James Version ബൈബിളായിരുന്നു !! എന്റെ വാദം സമർത്ഥിക്കുവാൻ എനിക്കാവശ്യമുള്ള അതേ ഇംഗ്ലീഷ് ബൈബിൾ. തുടർസംവാദത്തിന് അത് ഏറെ സൗകര്യമായി !!

KJV ബൈബിൾ തുറന്ന് യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിലെ ഏഴാമത്തെ വചനം ഞാൻ വായിച്ചു: “For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.” (1 John 5: 7)

എന്റെ കയ്യിൽ നിന്ന് ബൈബിൾ വാങ്ങി പാസ്റ്റർ നോക്കി. അൽപ നേരത്തേക്ക് അദ്ദേഹത്തിന് മിണ്ടാട്ടമില്ല. പിന്നെ വീണത് വിദ്യയാക്കാൻ പാസ്റ്റർ തീരുമാനിച്ചു. ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു: “ഓ.. ശരിയാണ്. ഞാൻ ഈ വചനത്തെക്കുറിച്ച് ഓർത്തില്ല. സുവിശേഷങ്ങളിലൊന്നുമല്ലല്ലോ ഈ വചനമുള്ളത്. അതിനാൽ ഞാൻ മറന്നുപോയി. സോറി… ഏതായാലും നിങ്ങളുടെ ചോദ്യത്തിന് ഉത്തരമായല്ലോ?!”

“ഉത്തരമായില്ല പാസ്റ്ററേ, നിങ്ങളുപയോഗിക്കുന്ന മലയാളം ബൈബിളിൽ ഈ വചനം കാണിച്ച് തരുമ്പോൾ മാത്രമേ എന്റെ ചോദ്യത്തിനുള്ള ഉത്തരമാവുകയുള്ളൂ” ഞാൻ പറഞ്ഞു.

അലമാരയിൽ നിന്ന് കറുത്ത ചട്ടയിലുള്ള ‘സത്യവേദപുസ്തകം’ എടുത്ത് അദ്ദേഹം യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിലെ ഏഴാം വചനം വായിച്ചു. “ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.”

“ഇതാണോ പാസ്റ്ററേ നേരത്തെ ഞാൻ വായിച്ച ഇംഗ്ലീഷ് വചനത്തിന്റെ മലയാള പരിഭാഷ ?”

“അല്ല. പക്ഷെ അടുത്ത വചനത്തിൽ ശരിയായ പരിഭാഷയുണ്ട്. “സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.” ഇതാണ് അക്ബർ വായിച്ച വചനത്തിന്റെ പരിഭാഷ”

“ആണോ? ശരിക്കൊന്ന് വായിച്ച് നോക്കിക്കേ. ഇത് എട്ടാം വചനത്തിന്റെ പരിഭാഷായല്ലേ? ഇംഗ്ലീഷിൽ എട്ടാം വചനം ഇങ്ങനെയാണ്. ‘And there are three that bear witness in earth, the Spirit, and the water, and the blood: and these three are in one.’ ഇതിന്റെ പരിഭാഷയാണ് പാസ്റ്റർ വായിച്ചത്. യഥാർത്ഥത്തിൽ ഏഴാം വചനത്തിന്റെ പരിഭാഷ താങ്കളുടെ കയ്യിലുള്ള സത്യവേദപുസ്തകം വിട്ടുകളഞ്ഞിട്ടുണ്ട്. ത്രിത്വത്തെ കൃത്യമായി പ്രതിപാദിക്കുന്ന ബൈബിളിലെ ഒരേയൊരു വചനം മലയാളം ബൈബിളിൽ വിട്ടുപോയത് എന്തുകൊണ്ടായിരിക്കുമെന്ന് പാസ്റ്റർ ചിന്തിച്ചിട്ടുണ്ടോ?”

“അത് പ്രിന്റിംഗിൽ പറ്റിയ അബദ്ധമായിരിക്കും. അല്ലാതെ ഒരു വചനം വിട്ടുപോകാൻ സാധ്യതയില്ല” തനിക്ക് ഉത്തരമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പാസ്റ്ററുടെ പ്രതികരണം.

അത് വരെയുള്ള സംവാദത്തിൽ സനാഉല്ലാ മക്തിതങ്ങളുടെ കടോരകുഠാരമായിരുന്നു പ്രധാനപ്പെട്ട അവലംബം. അഹ്‌മദ്‌ ദീദാത്തിന്റെ Is the Bible God’s word? ഈ സംവാദത്തിന് ഏറ്റവുമധികം ഉപകാരപ്പെട്ടത് ഈ സന്ദർഭത്തിലാണ്. ദീദാത്തിന്റെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള ബൈബിളിന്റെ Revised Standard Version ലഭിച്ചിരുന്നെങ്കിൽ ഈ വിഷയം കൂടുതൽ നന്നായി വിശദീകരിക്കാൻ കഴിയുമായിരുന്നുവെന്ന് തോന്നി. പുസ്തകങ്ങൾ നിറഞ്ഞ പാസ്റ്ററുടെ സ്വകാര്യലൈബ്രറിയിലെ അലമാരയിലേക്ക് പ്രതീക്ഷയോടെയും പ്രാർത്ഥനയുടെയും നോക്കി. അല്ലാഹുവിന് സ്തുതി!! അവിടെയുണ്ടായിരുന്ന ബൈബിളുകൾക്കും ബൈബിൾ വിശദീകരണഗ്രന്ഥങ്ങൾക്കുമിടയിലിതാ Holy Bible Revised Standard Version ! എനിക്ക് സന്തോഷമായി. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ആ ബൈബിൾ നൽകാൻ ആവശ്യപ്പെട്ടു.

എന്റെ ആവശ്യപ്രകാരം പാസ്റ്റർ അതെടുത്ത് എന്റെ കൈയിൽ തന്നു. സത്യത്തിൽ Revised Standard Version ഞാൻ ആദ്യമായി കാണുകയായിരുന്നു. ഇങ്ങനെയൊരു പുതിയ പതിപ്പ് ബൈബിളിനുണ്ടെന്ന് മനസ്സിലാക്കിയത് ദീദാത്തിന്റെ പുസ്തകത്തിൽ നിന്നാണ്. പുസ്തകം കയ്യിൽ കിട്ടിയപ്പോൾ എനിക്ക് ഏറെ സന്തോഷമായി. അതിൽ 1 John 5: 7 എടുത്ത് ഞാൻ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. “And the Spirit is the witness, because the Spirit is the truth” എന്നാണ് അതിലുണ്ടായിരുന്നത്. മലയാളം ബൈബിളിലുള്ള വചനത്തിന്റെ ഇംഗ്ലീഷ് !!! ത്രിയേകത്വത്തെ വെളിപ്പെടുത്തുന്ന ബൈബിളിലുണ്ടായിരുന്ന ഒരേയൊരു വചനം അതിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു !!!

“എന്തുകൊണ്ടായിരിക്കും Revised Standard Version നിൽ ഈ വചനം നീക്കം ചെയ്തതെന്ന് പറയാൻ പാസ്റ്റർക്ക് കഴിയുമോ?”

അദ്ദേഹം നിസ്സഹായതയോടെ ‘പ്രിന്റിംഗ് മിസ്റ്റേക്ക്’ എന്ന് പിറുപിറുത്തുകൊണ്ടിരുന്നു. അല്ലെന്ന് നിഷേധിച്ച് RSV യുടെ Preface എടുത്ത് ഞാൻ വായിക്കാൻ തുടങ്ങി.

Yet the King James Version has grave defects. By the middle of the nineteenth century, the development of Biblical studies and the discovery of many manuscripts more ancient than those upon which the King James Version was based, made it manifest that these defects are so many and so serious as to call for revision of the English translation. The task was undertaken, by authority of the Church of England, in 1870. The English Revised Version of the Bible was published in 1881-1885; and the American Standard Version, its variant embodying the preferences of the American scholars associated in the work, was published in 1901……………

Thirty-two scholars have served as members of the Committee charged with making the revision, and they have secured the review and counsel of an Advisory Board of fifty representatives of the cooperating denominations. The Committee has worked in two sections, one dealing with the Old Testament and one with the New Testament. Each section has submitted its work to the scrutiny of the members of the other section………….

The Revised Standard Version of the New Testament was published in 1946. The publication of the Revised Standard Version of the Bible, containing the Old and New Testaments, was authorized by vote of the National Council of the Churches of Christ in the U.S.A. in 1951.

“പാസ്റ്ററേ എന്താണിതിന്നർത്ഥം? പുരാതനമായ ബൈബിൾ കയ്യെഴുത്ത് പ്രതികളിലില്ലാത്ത പല വചനങ്ങളും KJV യിൽ കടന്നുകൂടിയിരുന്നു. ഗുരുതരമായ അബദ്ധങ്ങളായിരുന്നു അവ. അതേക്കുറിച്ച് മനസ്സിലായപ്പോൾ ആ വിഷയം അവഗാഢമായി പഠിക്കുവാൻ ബൈബിൾ പണ്ഡിതന്മാർ സന്നദ്ധരായി. പുരാതനപ്രതികളോട് പരമാവധി നീതി പുലർത്തിക്കൊണ്ടുള്ള ഒരു ബൈബിൾ പതിപ്പ് നിർമ്മിക്കുവാനായി വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട 32 പ്രഗത്ഭ പണ്ഡിതന്മാർ നടത്തിയ വർഷങ്ങളോളം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് RSV ഉണ്ടായത്. പുരാതനമായ ബൈബിൾ കയ്യെഴുത്ത് പ്രതികളിലില്ലാത്തതും KJV യിൽ കടന്നുകൂടിയതുമായ വചനങ്ങൾ നീക്കം ചെയ്തുകൊണ്ടാണ് RSV നിർമ്മിച്ചിരിക്കുന്നത്. ത്രിത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന KJVയിലുണ്ടയിരുന്ന ഒരേയൊരു വചനം പുരാതന കയ്യെഴുത്ത് പ്രതികളുമായി ഒത്തുനോക്കിയപ്പോൾ അത് പിൽക്കാലത്ത് ആരോ എഴുതിച്ചേർത്തതാണെന്ന് മനസ്സിലായി. അങ്ങനെ 1946ൽ പുറത്തിറങ്ങിയ RSVയിൽ നിന്ന് അത് നീക്കം ചെയ്തു. ത്രിത്വം പഠിപ്പിക്കുന്ന വചനം ബൈബിളിലേക്ക് ആരോ പിൽക്കാലത്ത് എഴുതിച്ചേർത്തത് പോലെ ക്രിസ്തുവോ അപ്പോസ്തലന്മാരോ പഠിപ്പിച്ചതല്ലാത്ത, ബൈബിളിലെവിടെയും യാതൊരുവിധ പരാമർശങ്ങളുമില്ലാത്ത ത്രിയേകദൈവവിശ്വാസവും പിൽക്കാലത്ത് ആരോ നിർമ്മിക്കുകയും ക്രൈസ്തവവിശ്വാസസംഹിതയിലേക്ക് തിരുകിക്കയറ്റിയതാണെന്ന് ആരോപിച്ചാൽ അത് നിഷേധിക്കുവാൻ കഴിയുമോ?”

പാസ്റ്റർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. ഞാൻ തുടർന്നു. “1946 ലാണ് RSV പുറത്തിറങ്ങിയത്. അത് വരെ ക്രൈസ്തവലോകം പാരായണത്തിനുപയോഗിച്ചിരുന്ന ഇംഗ്ലീഷ് ബൈബിളിൽ ഈ വചനമുണ്ടായിരുന്നു. എന്നാൽ മലയാളബൈബിളിൽ നിന്ന് 1889ൽ തന്നെ ഈ വചനം നീക്കം ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് മലയാള ബൈബിളിൽ നിന്ന് അത് നേരത്തെ തന്നെ നീക്കം ചെയ്തതെന്ന് പാസ്റ്ററിനറിയാമോ?”

“മലയാളത്തിലേക്ക് ബൈബിൾ പരിഭാഷപ്പെടുത്തിയവർ ഇത് നേരത്തെ മനസ്സിലാക്കിയിരിക്കണം”

“ശരിയാണ്. മലയാളികളായ ബൈബിൾ പണ്ഡിതന്മാർ ഇക്കാര്യം നേരത്തെ മനസിലാക്കി. എങ്ങനെ മനസ്സിലാക്കി? മുസ്‌ലിംകൾ പറഞ്ഞുകൊടുത്തപ്പോൾ അവർക്ക് മനസ്സിലായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിൽ ജീവിച്ച ഒരു നവോത്ഥാന നായകനുണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാരിന് കീഴിലുള്ള ജോലി രാജി വെച്ച് ഇസ്‌ലാമികപ്രബോധനത്തിനിറങ്ങിയ മഹാമനീഷി. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും മുഹമ്മദ് നബി(സ)യെ നിന്ദിച്ചുകൊണ്ടും ബ്രിട്ടീഷ് സർക്കാരിന്റെ സഹായത്തോടെ ക്രൈസ്തവപ്രചാരണം നടത്തിയിരുന്ന അന്നത്തെ മിഷനറിമാരുടെ വാദങ്ങൾക്ക് മറുപടി നൽകിയ പ്രബോധകൻ. സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ എന്നാണ് അദ്ദേഹത്തിന്റെ പേര്. 1884ൽ തങ്ങളെഴുതിയ ‘കടോരകുഠാരം’ എന്ന ക്രൈസ്തവ വിമർശനഗ്രന്ഥത്തിൽ ഓക്സ്ഫോർഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്കോട്ടിന്റെ ബൈബിൾ വ്യാഖ്യാനത്തിലും ഇംഗ്ലണ്ടിലെ ന്യൂട്ടൻ, ഗിബ്ബൺ എന്നീ പ്രഗത്ഭരുടെ പഠനങ്ങളിലും 1 യോഹന്നാൻ 5: 7ലെ ത്രിത്വത്തെ സൂചിപ്പിക്കുന്ന വചനം പിൽക്കാലത്ത് കടത്തിക്കൂട്ടിയതാണെന്ന് പറയുന്നുണ്ടെന്നും അതിനാൽ യഥാർത്ഥ ബൈബിളിൽ അതില്ലെന്നാണ് മനസ്സിലാകുന്നതെന്നും സമർത്ഥിക്കുന്നുണ്ട്. തന്റെ വിമർശനത്തിന്റെ അടിസ്ഥാനത്തിൽ ബൈബിൾ പ്രതികൾ പരിശോധനക്ക് വിധേയമാക്കിയപ്പോൾ വിമർശനം ശരിയാണെന്ന് ക്രൈസ്തവപണ്ഡിതന്മാർക്ക് ബോധ്യപ്പെടുകയും അങ്ങനെ 1889ൽ പുറത്തിറക്കിയ ബൈബിൾ പതിപ്പിൽ അത് നീക്കം ചെയ്യുകയുമാണുണ്ടായതെന്ന് തന്റെ ‘തങ്ങൾ ആഘോഷം മഹാഘോഷം’ എന്ന കൃതിയിൽ അദ്ദേഹം എഴുതുന്നുണ്ട്. ചുരുക്കത്തിൽ, മലയാളികളായ ബൈബിൾ പണ്ഡിതരെ തിരുത്തിയത് മുസ്‌ലിംകളാണ്. അതുകൊണ്ടാണ് പിൽക്കാലത്ത് കടത്തിക്കൂട്ടിയ ത്രിത്വവചനം ഇംഗ്ലീഷ് ബൈബിളിൽ നിന്ന് നീക്കം ചെയ്യുന്നതിന് അര നൂറ്റാണ്ടിന് മുമ്പ് തന്നെ മലയാള ബൈബിളിൽ നിന്ന് അപ്രത്യക്ഷമായത്. ത്രിത്വോപദേശത്തെക്കുറിച്ചും ഇത് തന്നെയാണ് ഞങ്ങൾക്ക് പറയാനുള്ളത്. യേശു പഠിപ്പിച്ച മതത്തിലില്ലാത്ത ത്രിയേകത്വം ദൈവകോപത്തിന് നിമിത്തമാകുന്ന ആശയമാണെന്ന ഖുർആനിന്റെ മുന്നറിയിപ്പ് അവഗണിക്കാതിരിക്കുക. ഖുർആൻ പറഞ്ഞതാണ് സത്യമെന്ന് മരണാനന്തരം എല്ലാവർക്കും ബോധ്യപ്പെടും. അപ്പോൾ തിരുത്താൻ അവസരമുണ്ടാവുകയില്ല.

“തനിക്ക് തിരക്കുകളുണ്ടെന്ന്” പറഞ്ഞ് പാസ്റ്റർ ഒഴിഞ്ഞു മാറി.

യാത്ര പറഞ്ഞിറങ്ങുന്നതിന് മുമ്പ് തികഞ്ഞ ഗുണകാംക്ഷയോടെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: “ക്രിസ്തുമതത്തിന്റെ അടിസ്ഥാനതത്ത്വമായ ത്രിയേകത്വത്തെ ബുദ്ധിപരമായി സ്ഥാപിക്കുവാനോ പ്രവാചകന്മാരാരെങ്കിലും പഠിപ്പിച്ചതായി സമർത്ഥിക്കുവാനോ യേശുവോ അപ്പോസ്തലന്മാരോ ഉൾക്കൊണ്ടതായി തെളിയിക്കുവാനോ കഴിയാത്ത മോഹഭംഗത്തിനുള്ള പരിഹാരം ക്രിസ്തുവടക്കമുള്ള മുഴുവൻ ദൈവദൂതന്മാരും പ്രബോധനം ചെയ്ത ഏകദൈവവിശ്വാസം അതിന്റെ ശുദ്ധമായ രൂപത്തിൽ നില നിൽക്കുന്ന ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയും മുസ്‌ലിംകൾ സ്വന്തത്തേക്കാൾ സ്നേഹിക്കുന്ന അന്തിമപ്രവാചകനെ തെറി പറയുകയും ചെയ്യുകയല്ലെന്ന് പാസ്റ്റർ മനസ്സിലാക്കണം. സെമിനാരിയിൽ നിന്ന് പഠിച്ച ത്രിത്വോപദേശത്തെക്കുറിച്ച കാര്യങ്ങളിൽ പലതും അബദ്ധമായിരുന്നുവെന്ന് ഇപ്പോൾ താങ്കൾക്ക് ബോധ്യമായത് പോലെ ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിക്കപ്പെട്ട ധാരണകൾ തെറ്റാണെന്ന സത്യവും ഖുർആനും നബിചര്യയും ശരിയായ രീതിയിൽ പഠിച്ചാൽ ബോധ്യപ്പെടും. മുഹമ്മദ് നബി(സ)യെ തെറി പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന്റെ നിർമ്മലമായ ജീവിതത്തെ തമസ്കരിക്കാനാകുമെന്ന് കരുതുന്നത് മൗഢ്യമാണ്. ആ ജീവിതത്തെ ശരിയായി മനസ്സിലാക്കിയ സത്യാന്വേഷികൾ അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്യും. പാസ്റ്റർ പ്രവാചകനെക്കുറിച്ച് ആത്മാർത്ഥവും സത്യസന്ധവുമായി പഠിക്കാൻ സന്നദ്ധമായാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ തിന്മകളൊന്നുമുണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടും. സെമിനാരിയിൽ നിന്ന് പഠിച്ചത് മാത്രമാണ് ശരിയെന്ന് കരുതിയിരിക്കാതെ ഖുർആനിനെയും പ്രവാചകജീവിതത്തെയും കുറിച്ച് സത്യസന്ധമായി മനസ്സിലാക്കാൻ ശ്രമിക്കണമെന്നാണ് താങ്കളോടുള്ള അഭ്യർത്ഥന.”

മാനവികതയുടെ യഥാർത്ഥ മാതൃകയായ നബി(സ)യെ തെറി പറഞ്ഞുകൊണ്ട് തന്റെ അയൽവാസിയെ ഇസ്‌ലാമിൽ നിന്ന് അടർത്തിയെടുക്കാൻ ശ്രമിച്ച പാസ്റ്ററോട് പതിറ്റാണ്ടുകൾക്കു മുമ്പ് പറഞ്ഞത് തന്നെയാണ് ഇന്ന് ഓൺലൈനിലും അല്ലാതെയുമിരുന്ന് വെറുപ്പുൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനവനബിനിന്ദകരോടും ഇസ്‌ലാമികപ്രബോധകർക്ക് അഭ്യർത്ഥിക്കുവാനുള്ളത്. ആ സംവാദം കഴിഞ്ഞതോടെ അബ്ദുൽ ലത്തീഫിന് സമാധാനമായി. അടുത്ത തവണ അദ്ദേഹം നാട്ടിൽ വന്നപ്പോൾ പിന്നീട് പാസ്റ്റ്റുടെ ശല്യമുണ്ടായിട്ടില്ലെന്ന് സന്തോഷത്തോടെ അറിയിച്ചത് എനിക്ക് വലിയ ആത്മവിശ്വാസം നൽകി. ഇസ്‌ലാമിനെയും പ്രവാചകനെയും നിന്ദിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ട് സുവിശേഷപ്രചാരണം നടത്തുന്നവരെ അവരുണ്ടാക്കുന്ന തെറ്റിധാരണകൾ തിരുത്തിക്കൊണ്ട് മാത്രമല്ല നേരിടേണ്ടതെന്ന് പഠിപ്പിച്ച സംവാദം കൂടിയായിരുന്നു അത്. ഇസ്‌ലാംവിമർശകർ നിൽക്കുന്ന ഭൂമിക തകർത്തതിന് ശേഷമാണ് അവരുന്നയിക്കുന്ന വിമർശനങ്ങൾക്ക് മറുപടി നൽകേണ്ടതെന്ന് പഠിപ്പിച്ചതും യഥാർത്ഥത്തിൽ മക്തിതങ്ങൾ തന്നെയായിരുന്നു. മുഹമ്മദ് നബി(സ)യെ തെറ്റിദ്ധരിപ്പിക്കാൻ പുസ്തകമെഴുതിയ ഹെർമൻ ഗുണ്ടർട്ടിന് മറുപടിയെഴുതുകയും പ്രവാചകന്റെ യഥാർത്ഥത്തിലുള്ള ചിത്രം പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കുകയും ചെയ്യുന്നതിന് മുമ്പ് ഗുണ്ടർട്ടിന്റെ ഭൂമികയായ ത്രിയേകദൈവവിശ്വാസത്തെ കശക്കിയെറിയുന്ന കടോരകുഠാരം പ്രസിദ്ധീകരിച്ചതിൽ നിന്നാണ് ആ പാഠം ലഭിച്ചത്. പിന്നീടുള്ള പ്രബോധനയാത്രയിലെല്ലാം ഈ പാഠം എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.