ദഅ്‌വാനുഭവങ്ങൾ -10

//ദഅ്‌വാനുഭവങ്ങൾ -10
//ദഅ്‌വാനുഭവങ്ങൾ -10
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -10

മുജാഹിദ് പ്രസ്ഥാനത്തോടുള്ള ഇഷ്ടം (ഭാഗം -1)

മൂന്ന് രൂപങ്ങളിലാണ് പ്രധാനമായും ഒരാൾ ഇസ്‌ലാമികപ്രബോധനരംഗത്തെത്തുന്നത്. മുസ്‌ലിമല്ലാത്ത മാതാപിതാക്കളുടെ മക്കളായി ജനിക്കുകയും ഇസ്‌ലാമിന്റെ സൗന്ദര്യം മനസ്സിലാക്കി അത് സ്വന്തം ജീവിതദർശനമായി സ്വീകരിക്കുകയും ചെയ്തശേഷം താൻ ആസ്വദിക്കുന്ന ഇസ്‌ലാമിന്റെ സൗന്ദര്യം മറ്റുള്ളവരുമായി പങ്കുവെക്കണമെന്നാഗ്രഹിച്ച് പ്രബോധനരംഗത്തെത്തുന്നവരാണ് ഒന്ന്. ഇസ്‌ലാമികസമൂഹത്തിന്റെ ഭാഗമായി ജനിച്ചു വളരുകയും ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ ഇസ്‌ലാമിന്റെ പ്രസക്തിയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും വൈയക്തികമായ പഠനങ്ങൾ വഴി ആ ബോധ്യം ഉറപ്പിക്കുകയും ചെയ്ത് തനിക്ക് വെളിച്ചമായ ആദർശം മറ്റുള്ളവർക്കും വെളിച്ചമാകണമെന്ന് കരുതി പ്രബോധനരംഗം തെരെഞ്ഞെടുക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. വീട്ടിലെയോ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയോ സാഹചര്യങ്ങളിൽ നിന്ന് പ്രചോദിതമായി ഇസ്‌ലാമികസംഘടനകളിൽ പ്രവർത്തിക്കാനാരംഭിക്കുകയും സംഘടനാപരമായ പഠന-പ്രവർത്തനങ്ങൾക്കിടയിൽ ഇസ്‌ലാമിന്റെ അജയ്യതയും അന്യൂനതയും ബോധ്യമായി ഇസ്‌ലാമികപ്രബോധനരംഗത്ത് നിലയുറപ്പിച്ചവരാണ് മൂന്നാമത്തേത്. ഈ മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നയാളാണ് ഞാൻ. ഇസ്‌ലാമിന്റെ മോക്ഷസങ്കല്പമാണ് ശരിയെന്ന് പൂർണ്ണമായും ബോധ്യമായ ശേഷമല്ല ഞാൻ ഏതെങ്കിലും ഒരു പ്രബോധകക്കൂട്ടായ്മയിൽ അംഗമാവുന്നത്. വൈയക്തികമായ ചുറ്റുപാടുകളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് മാത്രമാണ് ഒരു ഇസ്‌ലാമികസംഘടനയിൽ അംഗമായത്; അതിലൂടെ വളരുകയും പഠിക്കുകയും ചെയ്‌തുകൊണ്ടാണ് ഇസ്‌ലാമിന്റെ വിമോചനസങ്കൽപ്പത്തിന്റെ മൂല്യം മനസ്സിലാക്കുന്നത്. പ്രബോധകനാകുവാനുള്ള പ്രചോദനം ഈ മനസ്സിലാക്കലാണ്. ഇസ്‌ലാമാണ് സത്യമെന്ന് പറയാനും പ്രബോധനം ചെയ്യാനുമുള്ള അറിവും ഭൂമികയും ഒരുക്കിത്തന്നത് എന്റെ പ്രസ്ഥാനമാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

ദഅ്‌വാ രംഗത്ത് എത്തിപ്പെട്ടതിനും നിലയുറപ്പിച്ചതിനും ഞാൻ കടപ്പെട്ടിരിക്കുന്നത് മുജാഹിദ് സ്റ്റുഡന്റസ് മൂവ്‌മെന്റിനോടാണ്. ആ വിദ്യാർത്ഥി പ്രസ്ഥാനമാണ് എന്നെ ഇസ്‌ലാമികപ്രബോധനത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്; പ്രസംഗകനാക്കിയത്; എഴുതാൻ പ്രചോദനം നൽകിയത്. ബി. ഇ. എം. ഹൈസ്‌കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി എം. എസ്. എമ്മിൽ അംഗമാകുന്നത്. സ്‌കൂളിൽ എന്റെ സീനിയറായിരുന്ന ഇ. ഒ. അൻവറാണ് ഒരു ദിവസം സ്‌കൂൾ വിട്ട ശേഷം മുജാഹിദ് വിദ്യാർത്ഥികളുടെ ഒരു മീറ്റിങ് ഉണ്ടെന്നും അതിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടത്. വീട്ടിൽ ഇസ്‌ലാഹീ അന്തരീക്ഷത്തിൽ വളരുകയും മുജാഹിദ് മദ്രസയിൽ പഠിക്കുകയും ജുമുഅ- ജമാഅത്തുകൾക്ക് സലഫി പള്ളിയിൽ പോവുകയും ചെയ്തിരുന്ന ഒരാൾ എന്ന നിലയിൽ ഞാനും മുജാഹിദാണെന്ന ബോധം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മീറ്റിംഗിൽ പങ്കെടുത്തു. അന്ന് സ്വതവേ പിൻവലിയുന്ന സ്വഭാവക്കാരനായിരുന്നതിനാൽ പ്രവർത്തനങ്ങളിൽ ആദ്യത്തിൽ അത്രയ്ക്ക് സജീവമായിരുന്നില്ല. നല്ല കൈയെഴുത്തായതിനാൽ ഒരു കയ്യെഴുത്ത് മാസിക ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം എം. എസ്. എം. എന്നെ ഏൽപ്പിച്ചു; അതാണ് ആദ്യമായി ഏറ്റെടുത്ത സംഘടനാപരമായ ഉത്തരവാദിത്തം. ‘ഇഖ്‌റഅ്‌’ എന്ന തലക്കെട്ടിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മാസിക പുറത്തിറങ്ങി. അതിൽ ‘അക്ബർ പരപ്പനങ്ങാടി’യെന്ന തൂലികാനാമത്തിൽ എഴുതിയ ലേഖനമാണ് ആദ്യത്തെ സൃഷ്ടി.

കേരളത്തിലെങ്ങും ഇസ്‌ലാഹീ പ്രബോധനത്തിന്റെ കാറ്റുകൾ ശക്തമായി വീശിക്കൊണ്ടിരുന്ന കാലത്താണ് ഞാൻ എം. എസ്. എമ്മിന്റെ പ്രവർത്തകനാകുന്നത്. സ്‌കൂൾ പഠനകാലത്ത് സംഘടനയോട് ബന്ധമുണ്ടായിരുന്നെങ്കിലും സജീവ പ്രവർത്തകനായിരുന്നില്ല. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് പരപ്പനങ്ങാടിയിൽ ഐ. എസ്. എം – എം. എസ്. എം. പ്രവർത്തനങ്ങൾ സജീവമായത്. മുജാഹിദ് പള്ളിക്ക് മുന്നിലെ പള്ളിവക വാടകക്കെട്ടിടത്തിന് മുകളിലുള്ള ഐ. എസ്. എം ഇസ്‌ലാമിക് ലൈബ്രറിയായിരുന്നു പ്രവർത്തനങ്ങളുടെ കേന്ദ്രം. കോളേജ് കഴിഞ്ഞശേഷമുള്ള ഒഴിവ് സമയത്ത് പള്ളിക്ക് എതിർവശത്തുള്ള യുണൈറ്റഡ് മെഡിക്കൽസിൽ പോയിരുന്നതിനാൽ അധിക ദിവസവും മഗ്‌രിബ്- ഇശാ നമസ്‌കാരങ്ങൾക്ക് ഞാൻ പള്ളിയിലുണ്ടാവും. മഗ്‌രിബിന് ശേഷം പലപ്പോഴും ലൈബ്രറി തുറക്കുക ഞാനായിരിക്കും. എം. എസ്. എം. പ്രവർത്തകരായിരുന്ന ഇ. ഒ. സഹോദരങ്ങൾ (ഇ. ഒ. മൊയ്‌തീൻ കുട്ടി സാഹിബിന്റെ മക്കളായ അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്, അൻവർ, അനുജൻ ഇ. ഒ. മുഹമ്മദ് കുട്ടി മാസ്റ്ററുടെ മക്കളായ അബ്ദുൽ നാസർ, അബ്ദുൽ മജീദ്), ടി. പി. അലി സാഹിബ്, നാഹിദ് ദീദി, അബ്ദുർ റസാഖ് ദീദി, മുസ്തഫ കമാൽ, സി. എ ഷുക്കൂർ, സി. എ. സാഹിർ, പി. കെ. മുനീർ എന്നിവരിൽ ആരെങ്കിലുമെല്ലാം എല്ലാ ദിവസവും ലൈബ്രറിയിലുണ്ടാവും. അവരുമായി നടന്ന ചർച്ചകളും തർക്കങ്ങളും വഴിയാണ് എന്നിലെ മുജാഹിദ് വ്യക്തിത്വം വളരുന്നത്. സ്വന്തം അഭീഷ്ടപ്രകാരമുള്ള ബോധപൂർവ്വമായ ഇസ്‌ലാമികപഠനങ്ങൾ നടക്കുന്നതും ഈ സംവേദനങ്ങൾ വഴി തന്നെ.

സ്വന്തം പ്രയത്നത്തിലൂടെ ആസ്വദിച്ചുകൊണ്ടുള്ള ഇസ്‌ലാമികപഠനങ്ങൾ നടക്കുന്നതും പ്രസംഗപാടവമുണ്ടാവുന്നതും ഇസ്‌ലാമികവായന ഒരു ശീലമാകുന്നതുമെല്ലാം പരപ്പനങ്ങാടി ശാഖാ ഐ. എസ്. എമ്മിന് കീഴിൽ ആഴ്ച്ചയിലൊരിക്കൽ നടക്കുന്ന പ്രസംഗപരിശീലന ക്ളാസുകളോടനുബന്ധിച്ചാണ്. പ്രസംഗകരോ സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്നവരോ അല്ലാത്ത സാധാരണ പ്രവർത്തകർ പ്രസംഗിച്ച് പഠിക്കുന്നതിനായി രൂപപ്പെടുത്തിയ ഒരു സ്വയംഭരണ പദ്ധതിയായിരുന്നു ചൊവ്വാഴ്ചകൾ തോറും നടന്നുവന്നിരുന്ന പ്രസംഗപരിശീലനക്ലാസുകൾ. ഓരോ ആഴ്ച്ചയും ചർച്ച ചെയ്യേണ്ട വിഷയമേതായിരിക്കണമെന്ന് തലേ ആഴ്ച്ച തീരുമാനിക്കും; അന്ന് ഹാജരുള്ള ഒരാളെ അടുത്ത ആഴ്ച്ചയിലെ വിഷയം അവതരിപ്പിക്കാനായി തെരഞ്ഞെടുക്കും. അയാൾ ആ വിഷയസംബന്ധിയായി ലഭിക്കാവുന്ന അറിവുകളെല്ലാം സമ്പാദിക്കും; തനിക്ക് കഴിയാവുന്ന രീതിയിൽ ഭംഗിയായി അയാൾ വിഷയം അവതരിപ്പിക്കും; സദസ്സിലുള്ളവരെല്ലാം അയാളുടെ വിഷയാവതരണത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കും; അവസാനം അധ്യക്ഷൻ വിഷയത്തിലുള്ള തന്റെ വീക്ഷണങ്ങൾ പങ്കുവെക്കുകയും ഉപസംഹരിക്കുകയും ചെയ്യും; അതിന്ന് മുമ്പ് അടുത്ത ആഴ്ച്ചയിൽ അവതരിപ്പിക്കേണ്ട വിഷയമെന്തായിരിക്കണമെന്നും അവതാരകൻ ആരായിരിക്കണമെന്നും തീരുമാനിക്കും. ഇതായിരുന്നു പ്രസംഗപരിശീനക്ളാസിന്റെ രീതി. അവയിൽ പ്രസംഗിച്ചാണ് ഞാൻ പ്രസംഗം പഠിച്ചത്; പോഡിയത്തിന് പിന്നിൽ നിന്ന് പ്രസംഗിക്കുമ്പോൾ തല കാണാത്തത്രയും ചെറിയ ശരീരമായിരുന്നു അന്നുണ്ടായിരുന്നത്. പരപ്പനങ്ങാടിയിലെ പ്രസംഗക്ലാസുകളിൽ നിന്ന് പ്രസംഗിച്ച് വളർന്ന ഇ. ഒ. നാസറും ഇപ്പോൾ അറിയപ്പെടുന്ന പ്രസംഗകനാണ്.

പ്രസംഗക്ളാസുകളിൽ വിഷയങ്ങൾ പഠിച്ച് സമഗ്രമായി അവതരിപ്പിച്ചിട്ടില്ലെങ്കിൽ ശേഷം വരുന്നവരുടെ വിമർശനത്തിന് വിധേയമാകേണ്ടി വരുമെന്നതിനാൽ ഏറ്റെടുക്കേണ്ടി വരുന്ന വിഷയങ്ങൾ നന്നായി മനസ്സിലാക്കാൻ ശ്രമിക്കേണ്ടത് അനിവാര്യമായിരുന്നു. അവതരിപ്പിക്കാനുള്ള വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് സ്വയം സൃഷ്ടിക്കുന്ന നിർബന്ധിതമായ ഈ സാഹചര്യമാണ് മതപരമായ വിഷയങ്ങളിൽ പലതിലും കൃത്യവും സമഗ്രവുമായ അറിവന്വേഷണത്തിന് കാരണമായത്. മതപരവും ആനുകാലികവുമായ വിഷയങ്ങളെല്ലാം പ്രസംഗ ക്ളാസുകളിൽ ചർച്ച ചെയ്യപ്പെടാറുണ്ടായിരുന്നു. അവതരണം ഏല്പിക്കപ്പെട്ടാൽ വിഷയം പരമാവധി ഭംഗിയായി സമർപ്പിക്കാൻ എല്ലാവരും ശ്രമിക്കും. അതിന്നായി പ്രധാനമായും ആശ്രയിക്കുക ലൈബ്രറിയിലെ പുസ്തകങ്ങളെത്തന്നെയായിരുന്നു. ഏതാനും പുസ്തകങ്ങളുമായി ആരംഭിച്ച ഇസ്‌ലാമിക് ലൈബ്രറി ഞങ്ങളുടെ പഠനങ്ങളുടെയും ചർച്ചകളുടെയും പുരോഗതിക്കനുസരിച്ച് വലുതായിക്കൊണ്ടിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന കെ. കെ. അബ്ദുല്ല സാഹിബ് അദ്ദേഹത്തിന് കോംപ്ലിമെന്ററി ആയി ലഭിച്ച പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവനയായി നൽകിയയതോടെ മതഗ്രൻഥങ്ങളെപ്പോലെതന്നെ ശാസ്ത്രപുസ്തകങ്ങളെക്കൊണ്ടും ലൈബ്രറി നിറഞ്ഞു. മലയാളത്തിലും വൃത്തിയായി ശാസ്ത്രം പറയാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തിയ പുസ്തകങ്ങളാണവ. അവയുടെ വായന വഴിയാണ് പല ശാസ്ത്രശാഖകളെക്കുറിച്ചുമുള്ള പ്രാഥമികമായ അറിവ് ലഭിച്ചത്. ഏതായിരുന്നാലും മത-ശാസ്ത്ര വിഷയങ്ങളുടെ അടിസ്ഥാനങ്ങൾ മനസ്സിലാക്കിയ അഞ്ചു വർഷങ്ങളായിരുന്നു പ്രീഡിഗ്രി-ഡിഗ്രിക്കാലം; ഇസ്‌ലാമിക് ലൈബ്രറിയിൽ സജീവമായിരുന്ന വർഷങ്ങൾ.

മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമാകുന്ന കാലത്ത് മുജാഹിദ് പള്ളിയിലെ ഖത്തീബും മദ്രസയിലെ സദർ മുഅല്ലിമുമെല്ലാം കെ. അവറാൻ മൗലവിയായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പള്ളിയിലെ ഇമാം മാലി ദ്വീപുകാരനായ മലിംഗയ്‌ ഹുസൈൻ ദീദിയായിരുന്നു. ഇസ്‌ലാഹി ആദർശപ്രബോധനം വഴി ദ്വീപിൽ നിന്ന് നാടു കടത്തപ്പെട്ടയാളായിരുന്നു ദീദി സാഹിബ് എന്ന് പരപ്പനങ്ങാടിയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം. മാലി ദ്വീപിലെ രാജകുടുംബാംഗവും ഉമറാബാദ് ജാമിഅ ദാറുസ്സലാമിൽ നിന്ന് മതപഠനം പൂർത്തിയാക്കിയ പണ്ഡിതനും ഹാഫിദുമായിരുന്ന ഹുസൈൻ ദീദി ബിരുദാനന്തരം സ്വന്തം നാട്ടിൽ തിരിച്ചെത്തി താൻ മനസ്സിലാക്കിയ കാര്യങ്ങൾ പ്രബോധനം ചെയ്ത് ഭരണകൂടത്തിന്റെ അതൃപ്തിക്ക് പാത്രമാവുകയും നാടുകടത്തപ്പെടുകയുമായിരുന്നു. ഉമറാബിലെ സതീർഥ്യനായിരുന്ന കെ.പി. എച്ച് മുഹമ്മദ് നഹയെ അന്വേഷിച്ചാണ് ദീദി സാഹിബ് ബേപ്പൂർ വഴി പരപ്പനങ്ങാടിയിലെത്തുന്നത്. ആദർശബന്ധുക്കളായ പരപ്പനങ്ങാടിയിലെ മുജാഹിദുകളുമായി കെ. പി. എച്ച്. നഹ അദ്ദേഹത്തെ ബന്ധപ്പെടുത്തുകയും അവരുടെ നിർദേശാനുസരണം പരപ്പനങ്ങാടി മുജാഹിദ് പള്ളിക്കടുത്ത് തന്നെ താമസമാക്കുകയും പള്ളിയിലെ ഇമാമത്ത് ഏറ്റെടുക്കുകയും ചെയ്തതോടെ പരപ്പനങ്ങാടി അദ്ദേഹത്തിന്റെ സേവനകേന്ദ്രമാവുകയായിരുന്നു. ഇടക്കാലത്ത് മാലിക്കു എന്നറിയപ്പെടുന്ന മിനിക്കോയ് ദ്വീപിലേക്ക് ക്ഷണിക്കപ്പെടുകയും അവിടെ ശക്തമായ പ്രബോധനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അവിടെ നിന്നാണ് ഹവ്വ മണിക്കയെ അദ്ദേഹം വിവാഹം ചെയ്തത്. മിനിക്കോയിൽ നിന്നും നാട് വിടേണ്ടി വന്നുവെങ്കിലും അദ്ദേഹം വിതച്ച ഇസ്‌ലാഹിന്റെ വിത്തുകൾ അവിടെ മുളച്ചുപൊങ്ങുകയും ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങളില്ലാത്ത ഒരേയൊരു ലക്ഷദ്വീപ് തുരുത്തായി മിനിക്കോയി മാറുകയുമായിരുന്നു. അവിടെ നിന്ന് പരപ്പനങ്ങാടിയിൽ തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം മഹൽ അഥവാ ദിവേഹി ഭാഷയിലെ ഒരേയൊരു ഖുർആൻ തഫ്സീർ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. എട്ട് വാള്യങ്ങളുള്ള ആ തഫ്സീറാണ് മാലി ദ്വീപിലും മിനിക്കോയിയിലുമെല്ലാം ഇന്ന് വ്യാപകമായി വായിക്കപ്പെടുന്നത്. സ്വഹീഹുൽ ബുഖാരിക്കും മുസ്‌ലിമിനുമെല്ലാം അദ്ദേഹം തഫ്സീർ എഴുതിയുരുന്നുവെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവയുടെ കയ്യെഴുത്ത് പ്രതികൾ ചിതൽ തിന്ന് നശിക്കുകയാണുണ്ടായത്.

എന്റെ തലമുറയിലും അടുത്ത തലമുറയിലുമുള്ള പരപ്പനങ്ങാടിയിലെ മുജാഹിദുകളെല്ലാം അവരുടെ ഇസ്‌ലാഹി ആദർശപഠനത്തിനും അവബോധനിർമ്മിതിക്കും പ്രധാനമായും കടപ്പെട്ടിരിക്കുന്നത് അവറാൻ മൗലവിയോടാണ്. 1975 മുതൽ 1992 വരെ പരപ്പനങ്ങാടി മുജാഹിദ് പള്ളിയിലെ ഖത്തീബും ഇസ്‌ലാമിയ്യ മദ്രസയിലെ സദർ മുദർരിസും 1979 ൽ ദീദി സാഹിബിന്റെ മരണശേഷം പള്ളിയിലെ ഇമാമുമെല്ലാമായി സേവനമനുഷ്ടിച്ചയാളാണ് പട്ടാമ്പിക്കടുത്ത തൃത്താലക്കാരനായ അവറാൻ മൗലവി. അഞ്ചപ്പുര പള്ളി പരിപാലനകമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു സമയത്ത് 1952 മുതൽ 1955 വരെ ഖത്തീബായി സേവനമനുഷ്ഠിച്ച ശേഷം മറ്റു സ്ഥാപനങ്ങളിൽ ജോലി നോക്കുകയായിരുന്ന അദ്ദേഹത്തെ തന്നെ പരപ്പനങ്ങാടിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സൂപ്പിക്കുട്ടി നഹ പ്രസിഡണ്ടും എ അഹമ്മദ് സാഹിബ് സിക്രട്ടറിയും സി. മുഹമ്മദ് കുട്ടി ഹാജി ട്രഷററുമായ 1975 ൽ രൂപീകരിക്കപ്പെട്ട ഇശാഅത്തുൽ ഇസ്‌ലാം സംഘത്തിന്റെ ആദ്യത്തെ കമ്മറ്റി തന്നെ തീരുമാനിക്കുകയായിരുന്നു. കെ. കെ. മുഹമ്മദ് മദനി, ടി. പി. അബ്ദുല്ലക്കോയ മദനി, പി. കെ. അബ്ദുൽ മജീദ് മദനി, എസ്. എം. ഐദീദ് തങ്ങൾ, കുഞ്ഞിമുഹമ്മദ് പറപ്പൂർ എന്നിവർ പലപ്പോഴായി മാറി മാറി പരപ്പനങ്ങാടിയിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഒന്നര പതിറ്റാണ്ടിലധികം ഇവിടെ സ്ഥിരമായി ഖത്തീബായി നിന്ന മറ്റാരും തന്നെയില്ല. മദ്രസയിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അന്തമാനിലേക്ക് പോകുന്നത് വരെയുള്ള മുജാഹിദ് പ്രവർത്തനകാലത്ത് എന്റെ മുജാഹിദ് വ്യക്തിത്വത്തെ അവറാൻ മൗലവിയെപ്പോലെ മറ്റാരും തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് പറയാം.

പരപ്പനങ്ങാടിയുടെ പരിസരപ്രദേശങ്ങളിൽ തലയുയർത്തി നിൽക്കുന്ന മുജാഹിദ് പള്ളികൾക്ക് ബീജാവാപം നൽകിയ ആദർശപ്രവർത്തനങ്ങളിലെ പ്രധാനപ്പെട്ട ഒരു പങ്ക് അവറാൻ മൗലവിയുടേതാണ്. ഇശാഅത്തുൽ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രസംഗപരിപാടികളിലൂടെയാണ് പരിസരപ്രദേശങ്ങളിലെല്ലാം ഇസ്‌ലാഹിപ്രസ്ഥാനം വളർന്നു വന്നത്. പ്രസംഗകരിൽ പ്രധാനി അവറാൻ മൗലവി തന്നെയായിരുന്നു. അവയിൽ എടുത്ത് പറയേണ്ടതാണ് പരപ്പനങ്ങാടി കടപ്പുറത്തുണ്ടായ പരിവർത്തനങ്ങൾ. ഒട്ടുമ്മൽ ബീച്ച് കേന്ദ്രീകരിച്ച് നടന്ന അവറാൻ മൗലവിയുടെ ഖുർആൻ ക്ളാസുകളും പൊതുപ്രഭാഷണങ്ങളും വഴി കേരളത്തിലെ ഏറ്റവുമധികം അംഗങ്ങളുള്ള കെ. എൻ. എം യൂണിറ്റുകളിലൊന്നായി ഒട്ടുമ്മൽ മാറി. തറവാടുകളിൽ നിന്നുള്ള ബഹിഷ്കരണങ്ങളും തൊഴിൽക്കൂട്ടങ്ങളിൽ നിന്നുള്ള ഉപരോധങ്ങളും മഹല്ലുകളിൽ നിന്നുള്ള വിലക്കുകളും കരണവന്മാരിൽ നിന്നുള്ള പീഡനങ്ങളുമെല്ലാം സഹിച്ചാണ് അവിടെയുള്ള യുവാക്കളിൽ ചിലർ അവിടെ ഇസ്‌ലാഹി പ്രസ്ഥാനം കെട്ടിപ്പടുത്തത്. അതിന്നവർക്ക് പ്രചോദനവും ആത്മധൈര്യവും നൽകിയത് അവറാൻ മൗലവിയുടെ ഖുർആൻ ക്ളാസുകളായിരുന്നു. സലഫി മസ്ജിദ് നിർമ്മിക്കുന്നതിനായി പല തവണ തറക്കല്ലിടേണ്ടി വന്നിട്ടുണ്ട് അവിടെ. പകൽ ഇട്ട തറക്കല്ല് രാത്രിയാവുമ്പോൾ എതിരാളികൾ ഇളക്കി കടലിലെറിയുന്നതുകൊണ്ടായിരുന്നു അത്. ഒട്ടുമ്മൽ കടപ്പുറം മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രം കൂടിയായിരുന്നതിനാൽ അവിടെയുള്ള കാരണവന്മാരെ പിണക്കിക്കൊണ്ട് സലഫി പള്ളിയെടുക്കാനായി സഹായിക്കാൻ അന്ന് മന്ത്രിയായിരുന്ന നഹാസാഹിബിന് കഴിയുമായിരുന്നില്ല. അക്കാര്യത്തിൽ ഒട്ടുമ്മലെ മുജാഹിദുകൾക്ക് മുന്നിൽ നിന്നത് ആപ്പ മൊയ്‌തീൻ കുട്ടിഹാജിയുടെ മൂത്ത മകനായിരുന്ന, ഞങ്ങൾ അബ്ദുകാക്ക എന്ന് വിളിക്കുന്ന അബ്ദുൽ ഗഫൂറായിരുന്നു. ജില്ലാ ഫോറസ്റ്റ് ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്ന അദ്ദേഹം മുന്നിൽ നിന്നുകൊണ്ട് പോലീസ് ഓഫീസർമാരുടെ സഹായത്തോടെയാണ് അവിടെ പള്ളിപ്പണി പൂർത്തിയാക്കിയത്. എതിർപ്പുകളെ ശാന്തമായി നേരിടേണ്ട സന്ദർഭങ്ങളിൽ അങ്ങനെയും കർക്കശമായി നേരിടേണ്ട സന്ദർഭങ്ങളിൽ അങ്ങനെയും നേരിടുവാൻ അബ്ദുകാക്കക്കുള്ള പാടവമാണ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവിടെ പളളി ഉയർന്നു വരുന്നതിന് നിമിത്തമായത്.

ഗ്രാമപ്രദേശത്തുള്ള ഒരു പള്ളിയുടെ ഖത്തീബായി ഒന്നര പതിറ്റാണ്ടിലധികം സേവനമനുഷ്ഠിക്കുകയെന്നത് തന്നെ ഒരു പണ്ഡിതന് ലഭിക്കുന്ന വലിയ അംഗീകാരമാണ്. അവർത്തനവിരസതയോ മടുപ്പോ ഇല്ലാത്ത അവറാൻ മൗലവിയുടെ ഖുത്ബകളിലൂടെയാണ് പരപ്പനങ്ങാടിയിലെ മുജാഹിദുകളുടെ വൈജ്ഞാനിക വിഹായുസ്സ് വളർന്നു വന്നത്. മൗലവിയുടെ ഖുർആൻ പാണ്ഡിത്യത്തിന്റെ ഗരിമ മനസ്സിലാകണമെങ്കിൽ ആ ഖുത്ബകളും ക്ലാസുകളും കേൾക്കുക തന്നെ വേണം. ശരാശരി നാല്പത് മിനുട്ടുകൾ നീളുന്ന ഓരോ ഓരോ ആഴ്ച്ചയും നടത്തുന്ന ആദ്യ ഖുത്ബകളിലൂടെ അദ്ദേഹം ഓരോ വിഷയങ്ങൾ സദസ്സിനെ പഠിപ്പിക്കുകയാണ് ചെയ്യുക. ഞങ്ങൾ, മുജാഹിദ് യുവാക്കൾക്കെല്ലാം ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അടിത്തറയുണ്ടാക്കിത്തന്നത് അദ്ദേഹത്തിന്റെ ഖുത്ബകളും ഖുർആൻ ക്ളാസുകളും തന്നെയാണ്. മൗലവി ഖുത്ബകളിൽ പ്രതിപാദിച്ച പല വിഷയങ്ങളും അടുത്ത പ്രസംഗപരിശീലന ക്ലാസുകളിലും ചർച്ചയാകുമായിരുന്നു. അപ്പോൾ മൗലവിയുടെ ചില വാദങ്ങളെ ഞാൻ ഖണ്ഡിക്കാറുണ്ട്. ഈസാ നബിയുടെ പുനരാഗമനം, സിഹ്‌റിന്റെ യാഥാർഥ്യം, മിഅ്‌റാജിന്റെ രൂപം എന്നിങ്ങനെയുള്ള ചില വിഷയങ്ങളിൽ സി. എൻ. അഹ്മദ് മൗലവിയുടേതിന് സമാനമായ ചില വാദങ്ങൾ അവറാൻ മൗലവിക്കുണ്ടായിരുന്നു. അവയെ അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിന്റെ വെളിച്ചത്തിൽ ഖണ്ഡിക്കുകയാണ് പ്രസംഗക്ലാസുകളിൽ ഞാൻ ചെയ്യുക. പലപ്പോഴും അവിടെയുള്ള മറ്റുള്ളവരെല്ലാം എന്റെ എതിർപക്ഷത്തായിരിക്കും. അതുകൊണ്ട് തന്നെ അവിടെനിന്നുള്ള ഖണ്ഡന- മണ്ഡനങ്ങൾ അടുത്ത ദിവസങ്ങളിൽ മഗ്‌രിബിന് ശേഷം ഇസ്‌ലാമിക് ലൈബ്രറിയിൽ വെച്ച് നടക്കുന്ന ചർച്ചകളിലും വിഷയമാകും. ഉച്ചത്തിൽ നടക്കുന്ന ആ ചർച്ചകൾ പള്ളി വരാന്തയിലിരുന്ന് മൗലവി കേൾക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു, അടുത്ത വെള്ളിയാഴ്ചയിലെ ഖുത്ബയിൽ പലപ്പോഴും ഞാൻ മുന്നോട്ട് വെച്ച വാദങ്ങൾക്കുള്ള പ്രതിവാദങ്ങളാണുണ്ടാവുക. അതേക്കുറിച്ച് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും അവ നിമിത്തമാകും; അവ വീണ്ടും പ്രസംഗക്ലാസുകളിലും ഇസ്‌ലാമിക് ലൈബ്രറിയിലെ അന്തിചർച്ചകളിലും വിഷയമാകും; വീണ്ടും ഖണ്ഡന- മണ്ഡനങ്ങൾ നടക്കും. അങ്ങനെയങ്ങനെയാണ് അത്തരം വിഷയങ്ങളിലുള്ള കൃത്യമായ ബോധവും നിലപാടുകളും വളർത്തിയെടുത്തത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • 2 ദിവസത്തെ ഇടവേളയിൽ എഴുത്തുണ്ടാവണം എന്നാശിക്കുന്നു.

    Shihabudeen Thangal 12.09.2023
  • എഴുത്തിന് 2 ദിവസത്തെ ഇടവേള പോരേ?

    Shihabudeen Thangal 12.09.2023

Leave a comment

Your email address will not be published.