തൗഹീദ്: ബൈബിളിന്റെ മര്‍മ്മം! -3

//തൗഹീദ്: ബൈബിളിന്റെ മര്‍മ്മം! -3
//തൗഹീദ്: ബൈബിളിന്റെ മര്‍മ്മം! -3
മതതാരതമ്യ പഠനം

തൗഹീദ്: ബൈബിളിന്റെ മര്‍മ്മം! -3

ബഹുദൈവ വിശ്വാസം (ശിര്‍ക്ക്)
ദൈവം ഏറ്റവും വെറുക്കപ്പെടുന്നതും പൊറുക്കപ്പെടാത്തതുമായ കാര്യമാണ് ഏകസത്യദൈവത്തിനു പുറമെ മറ്റു ദൈവേതര ശക്തികളോട് പ്രാര്‍ത്ഥിക്കുന്നതും അവയോട് സഹായം തേടുന്നതും അവയില്‍ ശരണം പ്രാപിക്കലും. പുണ്യവാളന്മാര്‍ പുണ്യവതികള്‍ എന്ന് സംങ്കല്‍പ്പിച്ച് അവരോടുള്ള പ്രാര്‍ത്ഥനയും തേട്ടവും അത്‌പോലെ ബീവി, തങ്ങള്‍, ഔലിയാക്കള്‍ എന്ന പേരില്‍ അവരോടുള്ള ഇടതേട്ടവും പ്രാര്‍ത്ഥനയും ഖബര്‍ പൂജയും-ഖബറാരാധന വിഗ്രഹാരാധനക്ക് തുല്യമാണ്. ജപിച്ച ചരട്, ഉറുക്ക്, ഏലെസ് തുടങ്ങിയവ രക്ഷക്കും മറ്റും ശരീരത്തില്‍ കെട്ടലുമെമെല്ലാം തന്നെ ദൈവത്തില്‍ പങ്ക്‌ചേര്‍ക്കലാണ്, ബഹുദൈവ വിശ്വാസമാണ്, പൊറുക്കപ്പെടാത്ത പാപവുമാണ്. അവര്‍ക്ക് സ്വര്‍ഗ്ഗം നിഷിദ്ധവും നരകം ശാശ്വതവുമാണ് എന്ന് വേദഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്.
ഖുര്‍ആന്‍ പറയുന്നു: “അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗ്ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരുംതന്നെ ഇല്ല’ എന്നാണ്.” (5:72)

“നീ പറയുക, അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരോട് പ്രാര്‍ത്ഥിക്കുന്നുവോ അവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അല്ലാഹു എനിക്ക് വല്ല ഉപദ്രവത്തേയും ഇച്ഛിക്കുകയാണെങ്കില്‍ അവര്‍ അവന്റെ ആ ഉപദ്രവത്തെ നീക്കംചെയ്യുന്നവരാണോ? അഥാവാ അവന്‍ എനിക്കായി കരുണ്യത്തെ ഇച്ഛിക്കുക യാണെങ്കില്‍ അവര്‍ അവന്റെ കാരുണ്യത്തെ തടുത്ത്‌നിറുത്തിക്കളയുന്നവരാണോ? എനിക്ക് അല്ലാഹു മതി എന്ന് നീ പറയുക. ആശ്രയിക്കുന്നവന്‍ അവനെ മാത്രം ആശ്രയിച്ചുകൊള്ളട്ടെ.”

ബഹുദൈവവിശ്വാസത്തെ ബൈബിളും നഖശികാന്തം എതിര്‍ക്കുന്നുണ്ട്. ബഹുദൈവവിശ്വാസികളെ കൊന്നുകളയണം എന്നാണ് ആ ഗ്രന്ഥം പറയുന്നത്! ബൈബിള്‍ പറയട്ടെ:

“നിന്റെ സഹോദരനോ മകനോ മകളോ നീ സ്‌നേഹിക്കുന്ന നിന്റെ ഭാര്യയോ ആത്മസുഹൃത്തോ നിനക്കും നിന്റെ പിതാക്കന്മാര്‍ക്കും അജ്ഞാതരായ അന്യദൈവങ്ങളെ നമുക്ക് സേവിക്കാം എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നുവരാം. ആ ദേവന്മാര്‍ നിനക്കുചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്മാരായിരിക്കാം. എന്നാല്‍, നീ അവനു സമ്മതം നല്കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോട് കരുണകാട്ടരുത്. അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വെക്കുകയോ ചെയ്യരുത്. അവനെ കൊല്ലുകതന്നെ വേണം.  അവനെ വധിക്കാന്‍ നിന്റെ കരമാണ് ആദ്യം ഉയരേണ്ടത്. പിന്നീട്, ജനം മഴുവന്റെയും, അവനെ നീ കല്ലെറിഞ്ഞു കൊല്ലണം.” (ആവര്‍ത്തനം 13:6-10)

മേല്‍ സൂചിപ്പിച്ച വചനങ്ങള്‍ വളരെ കര്‍ക്കശത്തോടും കോപത്തോടും കൂടെയാണ് ബഹുദൈവ വിശ്വാസികളോട് (അന്യ ദേവന്മാരെ ആരാധിക്കുന്നവരോടും അതിലേക്ക് ക്ഷണിക്കുന്നവരോടും) യഹോവയായ ദൈവം സംസാരിക്കുന്നത്. അഥവാ ‘അജ്ഞാതരായ അന്യദൈവങ്ങളെ നമുക്ക് സേവിക്കാം എന്നു പറഞ്ഞ് വശീകരിക്കാന്‍ ശ്രമിക്കുന്നവനോട് സമ്മതം നല്കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോട് കരുണകാട്ടരുത് അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വെക്കുകയോ ചെയ്യരുത്. അവനെ കൊല്ലുകതന്നെവേണം. അവനെ വധിക്കാന്‍ നിന്റെ (ആരോടാണോ പറയുന്നത് അവന്റെ) കരമാണ് ആദ്യം ഉയരേണ്ടത്. പിന്നീട്, ജനം മഴുവന്റെയും, അവനെ നീ കല്ലെറിഞ്ഞ് കൊല്ലണം’ എന്നാണ് യഹോവയായ ദൈവം പറയുന്നത്.

പ്രാര്‍ത്ഥന ഏകസത്യദൈവത്തോടുമാത്രം

പ്രാര്‍ത്ഥന ഏകസത്യദൈവത്തോടുമാത്രം എന്ന ആശയാദര്‍ശത്തോട് ബൈബിളും ഖുര്‍ആനും ഒരു പോലെ യോജിക്കുന്നു. യശയ്യ 45:21-22 വചനങ്ങള്‍ ശ്രദ്ധിക്കുക:

“ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്ഷകനുമായി മറ്റാരുമില്ല. ഭൂമിയുടെ അതിര്‍ത്തികളെ, എന്നിലേക്ക് തിരിഞ്ഞ് രക്ഷപ്പെടുക. ഞാനാണ് ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല”.

ഈ വചനത്തിലെ ‘ഭൂമിയുടെ അതിര്‍ത്തികളെ, എന്നിലേക്ക് തിരിഞ്ഞ് രക്ഷപ്പെടുക’ എന്ന പ്രയോഗം, ഭൂമിയിലെ സര്‍വ്വ മനുഷ്യരാശികളോടുമായുള്ള ദൈവത്തിന്റെ ശാസനയാണ്. ഏകസത്യദൈവത്തെമാത്രം ആരാധിച്ചുകൊണ്ട് സര്‍വ്വവും അവനില്‍ സമര്‍പ്പിക്കുക എന്ന് സാരം.

വെളിപ്പാട് പുസ്തകം 22:9 വചനം കാണുക: “അപ്പോള്‍ അവന്‍ (മാലാഖ) എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റേയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടേയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടേയും സഹദാസനാണ്. ദൈവത്തെ ആരാധിക്കുക.” പ്രാര്‍ത്ഥന അല്ലെങ്കില്‍ ആരാധന ദൈവത്തോടു മാത്രം എന്നാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്.

യേശു ഉള്‍പ്പെടേയുള്ള സര്‍വ്വപ്രവാചകന്മാരും പ്രഥമവും പ്രധാനമായും പ്രബോധനം ചെയ്തത് ദൈവത്തിന്റെ ഏകത്വമാണ്. അതുകൊണ്ടവര്‍ തങ്ങളുടെ അനുചരന്മാരോടായി പറഞ്ഞു. ഏകസത്യദൈവത്തെ മാത്രമേ ആരാധിക്കാവൂ. അവനില്‍ ആരേയും പങ്കു ചേര്‍ക്കരുത്.

‘ആരാധന ഏകസത്യ ദൈവത്തിന് മാത്രം’ എന്നാണ് യേശുവിന്റെ അധ്യാപനം. അദ്ദേഹം പറയട്ടെ: “സാത്താനേ, എന്നെ വിട്ടുപോ, ‘നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി4:10) ഏകസത്യ ദൈവത്തെ മാത്രമാണ് ആരധിക്കേണ്ടത് എന്ന് യേശു അസന്ദിഗ്ദ്ധമായി പറയുന്നു.

ഖുര്‍ആന്‍ ക്രൈസ്തവരോട് പറയുന്നു: “(നബയേ) പറയുക: വേദക്കാരെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്ക്ചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിന്നു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പ്പെട്ടവരാണ് എന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക. (3:64) വേദക്കാരെ ഖുര്‍ആന്‍ ക്ഷണിക്കുന്നത് ഏകദൈവാരാധനയിലേക്കാണ്.

യേശുവും ക്രൈസ്തവരും

ഭൂരിപക്ഷം ക്രൈസ്തവരും യേശുവിനെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെയാണ് കാണുന്നത്. ദൈവമാണ്, ദൈവപുത്രനാണ്, ത്രിത്വത്തിലെ രണ്ടാമത്തെ ആളത്വമാണ് തുടങ്ങിയ വിശ്വാസമാണ് യേശുവിനെ സംബന്ധിച്ച് അവര്‍ക്കുള്ളത്. ഈ വീക്ഷണങ്ങളില്‍ ഏതാണ് ശരി?

കാരണം, യേശു ദൈവമാണെന്ന് അവര്‍ വിശ്വിസിക്കുന്നു. എങ്കില്‍ അദ്ദേഹം ദൈവപുത്രനാകുന്നതെങ്ങനെ? യേശു ദൈവപുത്രനാണെന്ന് അവര്‍ വിശ്വസിക്കുന്നു. എങ്കില്‍ അദ്ദേഹം ദൈവമാകുന്നതെങ്ങനെ? അത്‌പേലെതന്നെയാണ് യേശു ത്രിത്വത്തിലെ രണ്ടാമത്തെ ആളത്വമാണ് എന്ന കാര്യവും. ബൈബിളിന്റെ യാതൊരു പിന്‍ബലവുമില്ലാത്ത വിശ്വാസമാണത്. എന്നാല്‍ യേശു മനുഷ്യനാണ്, മനുഷ്യപുത്രനാണ്, പ്രവാചകനാണ്, ദൈവത്താല്‍ അയക്കപ്പെട്ടവനാണ് തുടങ്ങിയ കാര്യങ്ങള്‍ ബൈബിളില്‍ നിരവധി സ്ഥലങ്ങളില്‍ കാണാം.

ഒന്നാമത്തെ വീക്ഷണമായ യേശു ദൈവമാണ് എന്ന ഭാഗമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ബൈബിള്‍ അടിമുടി പരിശോദിക്കുക. അദ്ദേഹം ദൈവമാണെന്ന് തെളിയിക്കുന്ന ഒരു വചനംപോലും ബൈബിളിള്‍ പഴയനിയമത്തില്‍ നിന്നോ പുതിയനിയമത്തില്‍ നിന്നോ കണ്ടെത്താന്‍ കഴിയുകയില്ല.(7)

എന്ത്‌കൊണ്ടെന്നാല്‍ ക്രൈസ്തവര്‍, പ്രത്യേകിച്ചും മിഷണറിമാര്‍ പഴയനിയമത്തില്‍ നിന്നും യേശുവിന്റെ ദൈവത്വത്തിന് തെളിവ് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ യഹൂദ പണ്ഡിതന്മാര്‍ ബൈബിള്‍കൊണ്ട് തന്നെ അതിനെ ശക്തിയായി ഖണ്ഡിക്കുകയും ചെയ്യുന്നു. ക്രൈസ്തവ മിഷണറിമാര്‍ക്ക് മറുപടിയായികൊണ്ട് ജൂതപണ്ഡിതനായ Pinchas Stolper അദ്ദേഹത്തിന്റെ ‘Was Jesus the Messiah? Let’s examine the facts’എന്ന ആര്‍ട്ടിക്കിളില്‍ എഴുതുന്നു:

‘മിശിഹ ഒരു ദൈവമോ സാക്ഷാല്‍ ദൈവത്തിന് സദൃശ്യനോ ആയിരിക്കുമെന്ന് നമ്മുടെ ബൈബിള്‍ ഒരിടത്തും പറയുന്നില്ല. പ്രപഞ്ചസൃഷ്ടാവായ ദൈവം മനുഷ്യരൂപമെടുക്കും എന്ന ആശയം തന്നെ ജൂതന്മാര്‍ക്ക് അസഹ്യമാണ്. കാരണം, മനുഷ്യ ശരീരത്തിന്റെയും അവസ്ഥയുടെയും പരിധികള്‍ക്കതീതനും ഉന്നതനുമാണ് സാക്ഷാല്‍ ദൈവം എന്ന നമ്മുടെ സങ്കല്‍പത്തിന് എതിരാണ്. ജൂതന്‍മാര്‍ വിശ്വസിക്കുന്നത്, പ്രപഞ്ചനാഥന്‍ മാത്രമാണ് ആരാധിക്കപ്പെടേണ്ടത് എന്നാണ്. അവന്റെ സൃഷ്ടിയായ ഒരാളെ അയാള്‍ മാലാഖയോ, സന്യാസിയോ, മിശിഹ തന്നെയുമോ ആകട്ടെ, ആരാധിക്കുവാന്‍ പാടില്ല എന്നാണ്’(8).

പുതിയനിയമത്തില്‍, എവിടേയും ‘ഞാന്‍ ദൈവമാണ്’ എന്നോ ‘എന്നെ ആരാധിക്കുക’ എന്നോ യേശു പറഞ്ഞതായി തെളിയിക്കുന്ന ഒരു വചനം പോലുമില്ല. ദൈവവും യേശുവും ഒരാളാണെന്ന് ഒരു സന്ദര്‍ഭത്തിലും അദ്ദേഹം പറഞ്ഞിട്ടുമില്ല. സത്യദൈവത്തെ പറ്റി അദ്ദേഹം പറഞ്ഞത്: ”യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്” എന്നാണ്.”

അടിവരയിട്ട ഭാഗം നോക്കുക. ‘നമ്മുടെ ദൈവമായ കര്‍ത്താവ്’ അഥവാ യേശു ഉള്‍പ്പെടെയുള്ള മനുഷ്യരുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ് എന്നാണ്. എങ്കില്‍ യേശു ദൈവമാകുന്നതെങ്ങനെ?

‘ഞാന്‍ ദൈവമാണ്’ എന്നോ ‘എന്നെ ആരാധിക്കുക’ എന്നോ യേശു പറഞ്ഞതായി തെളിയിക്കുന്ന ഒരു വചനം പോലും ബൈബിളിലില്ല എന്ന് മിഷണറിമാരോട് പറയുമ്പോള്‍ അതിന് മറുപടിയായി ചില മിഷണറിമാര്‍ തിരിച്ച് ചോദിക്കുന്നത് ‘ഞാന്‍ ദൈവമല്ലാ’ എന്ന് ഏതെങ്കിലും സന്ദര്‍ഭത്തില്‍ യേശു പറഞ്ഞിട്ടുണ്ടോ? എന്നാണ്. പറഞ്ഞിട്ടുണ്ട് എന്നാണ് അതിനുള്ള മറുപടി.

മറുപടിക്ക് മുമ്പ്, ദൈവ സങ്കല്‍പവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വസ്തുത മിഷണറിമാരോടും മറ്റു സുവിശേഷകരോടും സൂചിപ്പിക്കാനുണ്ട്. ദൈവത്തിന്റെ സത്ഗുണങ്ങളിലൊന്നാണ് താന്‍ ഏകസത്യ ദൈവമാണെന്ന് സ്വയം വെളിപ്പെടുത്തുക അല്ലെങ്കില്‍ വിളിച്ചുപറയുക എന്നത്. ഈ വസ്തുത ബൈബിളില്‍ നിരവധി സ്ഥലങ്ങളില്‍ കാണാം. ഒരു ഉദാഹരണം കാണുക:

“യഹോവയായ ഞാന്‍ തന്നെയെല്ലെ? ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്ഷകനുമായി മറ്റാരുമില്ല. ഭൂമിയുടെ അതിര്‍ത്തികളെ, എന്നിലേക്ക് തിരിഞ്ഞ് രക്ഷപ്പെടുക. ഞാനാണ് ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.” (യശയ്യ 45:21-22) താന്‍ ദൈവമാണെന്ന് യഹോവ സ്വയം വെളിപ്പെടുത്തുകയാണിവിടെ. ഇത്തരം വചനങ്ങള്‍ വേറേയും മുകളില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലൊ.

അപ്രകാരം ഞാന്‍ ദൈവമാണെന്ന് യേശു സ്വയം പറഞ്ഞതായി ബൈബിളില്‍ നിന്നും കണ്ടെത്താന്‍ മിഷണറിമാര്‍ക്ക് കഴിയുമോ? ‘ഇല്ലാ’ എന്ന വസ്തുത അവര്‍ക്കും അറിയാവുന്നതാണെല്ലൊ. എങ്കിലും ‘ഞാന്‍ ദൈവമല്ലാ’ എന്ന് യേശു പറഞ്ഞതായി തെളിയിക്കണമല്ലൊ.

ഏകസത്യദൈവത്തിന് ധാരാളം ഗുണനാമങ്ങളുണ്ട്. സര്‍വ്വശക്തന്‍, അത്യുന്നതന്‍, കാരുണ്യവാന്‍, പരിശുദ്ധന്‍, വലിയവന്‍, നല്ലവന്‍ എന്നിവ ചില ഉദാഹരണങ്ങളാണ്. ഈ ഗുണനാമങ്ങള്‍ ആ അര്‍ത്ഥത്തില്‍ ദൈവേതര ശക്തികള്‍ക്ക് പ്രയോഗിക്കാറില്ല. അപ്രകാരം യേശുവിനെ വിളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. കാരണം അത് ഏകസത്യദൈവത്തിന് മാത്രം പ്രയേഗിക്കുന്നത് കൊണ്ടാണ്. ബൈബിള്‍ പറയട്ടെ!

“യേശു വഴിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം? യേശു അവനോടുചോദിച്ചു: എന്ത്‌കൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല. ” (മര്‍ക്കോസ് 10:17-18)

‘എന്ത്‌കൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല’ എന്ന മൊഴിയിലൂടെ ‘ഞാന്‍ ദൈവമല്ലാ’ എന്ന് യേശു അസന്ദിഗ്ദ്ധമായി പറയുകയാണ്. മിഷണറിമാര്‍ക്ക് അത് നിഷേധിക്കാന്‍ കഴിയുമോ?

യേശുവിന്റെ ദൈവത്വത്തെപ്പറ്റി ക്രൈസ്തവര്‍ എന്ത് പറയുന്നു എന്നതല്ല. യേശു, തന്നെപ്പറ്റി എന്ത് പഠിപ്പിച്ചു, അദ്ദേഹത്തിന്റെ അനുചരന്മാരും വിശ്വാസികളും എന്ത് മനസ്സിലാക്കി, അതാണ് പരിശോധിക്കേണ്ടത്. മറ്റു പ്രവാചകന്മാരെ അയച്ചത് പോലെ ദൈവം ഇസ്രായേല്യരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനായിരുന്നു യേശു. അദ്ദേഹം പറയട്ടെ!

“ഞാന്‍ സ്വയമായിട്ട് വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു. അവനെ നിങ്ങള്‍ അറിയുന്നില്ല. എനിക്ക് അവനെ അറിയാം. ഞാന്‍ അവന്റെ അടുക്കല്‍ നിന്നു വന്നതുകെണ്ടും. അവന്‍ എന്നെ അയച്ചതു കൊണ്ടും ഞാന്‍ അവ അറിയുന്നു.” (യോഹന്നാന്‍ 7:28) “എന്നെ അയച്ചവന്‍ സത്യവാനാണ്. അവന്റെ അധരത്തില്‍നിന്ന് കേട്ടത് ഞാന്‍ ലോകത്തോടു പറയുന്നു.” (യോഹന്നാന്‍ 8:26) “എന്തെന്നാല്‍ നിങ്ങള്‍ (ശിഷ്യന്മാര്‍) എന്നെ സ്‌നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നു വന്നുവെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.” (യോഹന്നാന്‍ 16:27) പത്രോസ് പറഞ്ഞു. “നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.” (യോഹ 6:69) “ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ലെങ്കില്‍ ഒന്നും ചെയ്യുവാന്‍ അവന് കഴിയുമായിരുന്നില്ല.” (യോഹ 9:31) യേശു പറയുന്നു: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല. അയക്കപ്പെട്ടവന്‍ അയച്ചവനേക്കാള്‍ വലിയവനല്ല.” (യോഹ 13:16) ശിഷ്യന്മാര്‍ പറയുന്നു: “നീ ദൈവത്തില്‍ നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.” (യോഹ 16:31) അപ്പോസ്തലന്മാര്‍ യേശുവിനെ മനസ്സിലാക്കിയതും വിശ്വസിച്ചതും അയക്കപ്പെട്ടവനായിട്ടാണ്; അഥവാ ‘റസൂല്‍’ ആയിട്ടാണ്.

മേല്‍ സൂചിപ്പിച്ച വചനങ്ങളില്‍ അടിവരയിട്ട ഭാഗങ്ങള്‍ ശ്രദ്ധിക്കുക. അതില്‍ ‘അയക്കപ്പെട്ടവന്‍ അയച്ചവനേക്കാള്‍ വലിയവനല്ല’ എന്ന് യേശു പറയുമ്പോള്‍, അദ്ദേഹം ദൈവമാകുന്നതെങ്ങനെ? അയക്കപ്പെട്ടവന്‍ യേശുവും അയച്ചവന്‍ ദൈവവുമാണെല്ലൊ. അത്‌കൊണ്ടാണ് അപ്പോസ്തലന്മാര്‍ യേശുവിനോടു പറഞ്ഞത്. ‘നീ ദൈവത്തില്‍ നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു’ എന്ന്.

എന്നിട്ടും ക്രൈസ്തവര്‍ യേശുവിനെ ദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അവരെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“മറിയമിന്റെ മകന്‍ മസീഹ് (ക്രിസ്തു) തന്നെയാണ് അല്ലാഹു (ഏകസത്യദൈവം) എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ‘ഇസ്രായീല്‍ സന്തതികളെ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗ്ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരുംതന്നെ ഇല്ല’ എന്നാണ്.” (5:72)

യഥാര്‍ത്ഥത്തില്‍ മസീഹ് (ക്രിസ്തു) പറഞ്ഞത് എന്റെയും നിങ്ങളുടെയുമെല്ലാം ‘റബ്ബ്’ അഥവാ രക്ഷിതാവാകുന്ന അല്ലാഹു മാത്രമേ ദൈവവും ആരാധ്യനുമായുള്ളു. അവനോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അഥവാ അല്ലാഹുവിനേക്കൂടാതെ വല്ലവനേയും ആരാധിക്കുന്ന പക്ഷം അവര്‍ക്ക് സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും നരകം ശാശ്വത വാസസ്ഥലമാകുകയും ചെയ്യും എന്നാണ്. തുടര്‍ന്നുള്ള വചനത്തില്‍ ഖുര്‍ആന്‍ പറയുന്നു:
“മറിയമിന്റെ മകന്‍ മസീഹ് (ക്രിസ്തു) ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മതാവ് (മറിയം) സത്യവതിയുമാകുന്നു. അവരിരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; നാം അവര്‍ക്ക് എങ്ങനെയെല്ലാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കികൊടുക്കുന്നുവെന്ന്. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെടുന്നത്.” (5:75)

ഈസ (അ)-യേശു-ദൈവത്തിന്റെ ദാസനും ദൂതനും ആയിരുന്നു. ബൈബിള്‍ പറയുന്നു: ‘അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം അവന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു’(9). ദൈവത്തിന്റെ ദാസനായ യേശു മറ്റ് ദൂതന്‍മാരെ പോലെ ജനങ്ങളെ ഉപദേശിച്ചത് ദൈവത്തിന്റെ ഏകത്വമായിരുന്നു. അഥവാ, ‘തൗഹീദ്’ ആയിരുന്നു. അദ്ദേഹം ദൈവമാണെന്നോ, മൂക്കൂട്ടു ദൈവങ്ങളില്‍ ഒരാളാണെന്നോ, ദൈവപുത്രനാണെന്നോയുള്ള ബഹുദൈവ വിശ്വാസവാദങ്ങള്‍ പിന്നീടുണ്ടായിതീര്‍ന്നതാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ മാതാവും എല്ലാ മനുഷ്യരെയും പോലെ ഭക്ഷണം, വെള്ളം, വായു, ഉറക്കം പോലുള്ള മനുഷ്യപ്രകൃതങ്ങളായ ആവശ്യങ്ങള്‍ ഉള്ളവരായിരുന്നു. എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ക്രൈസ്തവരുടെ വേദഗ്രന്ഥങ്ങളില്‍തന്നെ ഇന്നും കാണാവുന്നതാണ്. പക്ഷേ, ഈസ-യേശു-(അ)യെക്കുറിച്ച് ക്രൈസ്തവസഭകളും അവരിലെ നേതാക്കളും പൗലോസിന്റെ ആശയാദര്‍ശത്തിനൊത്ത് കെട്ടിച്ചമച്ചുണ്ടാക്കിയ പുതിയ സിദ്ധാന്തങ്ങളും അവക്കൊപ്പിച്ചുകൊണ്ടുള്ള അവരുടെ ദുര്‍വ്യാഖ്യാനങ്ങളുമാണ് ക്രൈസ്തവവിശ്വാസങ്ങളില്‍ കൂടുതല്‍ സ്ഥലം പിടിച്ചിട്ടുള്ളത്. ക്രൈസ്തവര്‍ അത് മതമായി അല്ലെങ്കില്‍ മാര്‍ഗ്ഗമായി സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു. മാത്രമല്ല, വേദഗ്രന്ഥങ്ങളിലെ സത്യപ്രസ്താവനകളുടെനേരെ അവരിലെ പണ്ഡിതവിഭാഗം ഒരു കണ്ണടക്കല്‍ നയം സ്വീകരിച്ചുവരുന്നതുകൊണ്ടും ആ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ക്രിസ്തീയ ബഹുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

ഏത് നിലക്ക് ബൈബിള്‍ പരിശോധിച്ചാലും പഠിച്ചാലും അതിന്റെ മര്‍മ്മം ദൈവത്തിന്റഏകത്വം അല്ലെങ്കില്‍ തൗഹീദ് ആണെന്ന് തീര്‍ച്ചയായും കണ്ടെത്താന്‍ കഴിയും. അതുമായി ബന്ധപ്പെട്ട് ബൈബിളില്‍ നിന്നും ധാരാളം തെളിവുകള്‍ ഉദ്ധരിക്കുകയുണ്ടായി. അവ ആത്മാര്‍ത്ഥമായി പഠിച്ച് മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ക്രൈസ്തവ സഹേദരങ്ങളോടായി അഭ്യര്‍ത്ഥിക്കുകയാണ്.

കുറിപ്പ്

7. യേശു മനുഷ്യനോ ദൈവമോ? എന്ന പുസ്തകം നോക്കുക. Da’wa Books, Vyttila.
8. The Real Messiah? A Jewish Response to Missionaries; Aryeloh Kaplan; Published by Jews for Judaism. Page no 27.
9. അപ്പേസ്തല പ്രവൃത്തി (3:13)

print

1 Comment

  • ماشاءالله
    അള്ളാഹു അനുഗ്രഹിക്കട്ടെ.

    abduljaleel Eriyadan 11.05.2019

Leave a comment

Your email address will not be published.