ത്വാഹിർ ബ്രൗസർ: ഓൺലൈൻ വിശുദ്ധിയിലേക്കൊരു കവാടം

//ത്വാഹിർ ബ്രൗസർ: ഓൺലൈൻ വിശുദ്ധിയിലേക്കൊരു കവാടം
//ത്വാഹിർ ബ്രൗസർ: ഓൺലൈൻ വിശുദ്ധിയിലേക്കൊരു കവാടം
ആനുകാലികം

ത്വാഹിർ ബ്രൗസർ: ഓൺലൈൻ വിശുദ്ധിയിലേക്കൊരു കവാടം

ഗ്ന ദൃശ്യങ്ങൾ ഏറെ വ്യാപകമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തിന്മകൾ ഭയാനകമായി വ്യാപിച്ചിരിക്കുന്നു. വിജ്ഞാനങ്ങളുടെ കലവറയായ ഇൻറർനെറ്റ് ഇന്ന് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് തിന്മകൾക്കുവേണ്ടിയാണ്. ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിൻ്റെ അമിതമായ ഉത്പാദനത്തിലേക്കും അതുവഴി ലൈംഗികവൈകൃതങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കുമാണ് നഗ്നതയും അർദ്ധനഗ്നതയുമുൾക്കൊള്ളുന്ന ദൃശ്യങ്ങൾ യുവസമൂഹത്തെ നയിക്കുന്നത്. കാഴ്ചയിലൂടെ ലൈംഗികോദ്ദീപനം സംഭവിക്കുന്നത് പ്രധാനമായും പുരുഷനിലായതിനാൽ പുരുഷന്മാരാണ് നഗ്നദൃശ്യങ്ങൾക്ക് അടിമപ്പെടുന്നതിൽ ബഹുഭൂരിപക്ഷവുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇഹലോകത്തു മാത്രമല്ല, പരലോകത്തും വൻ നഷ്ടങ്ങളാണ് ഇത്തരം ദൃശ്യങ്ങളുടെ ആസ്വാദനം വഴി സംഭവിക്കുന്നത്.

നാം കണ്ട കാഴ്ചകളെക്കുറിച്ച് വിചാരണ ചെയ്യപ്പെടുന്ന ഒരു ദിനം വരുന്നുണ്ടെന്ന ബോധമാണ് നമ്മെ നയിക്കേണ്ടത്. ഇസ്‌ലാം വിലക്കിയ കാഴ്ചകളിൽനിന്ന്, അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് വിട്ടുനിൽക്കുക വഴി ഈമാനിൻ്റെ മാധുര്യം നമുക്ക് അനുഭവിച്ചറിയാനാകും. ക്ഷമപരീക്ഷണത്തിൻ്റെ കാലഘട്ടത്തിൽ ദീനിനെ മുറുകെ പിടിക്കുന്നവർക്ക് നബി ﷺ നൽകിയ ഒരു സന്തോഷവാർത്ത കാണുക: “നിങ്ങൾക്കുശേഷം ക്ഷമ അനിവാര്യമായിത്തീരുന്ന നാളുകൾ വരാനുണ്ട്. അന്ന് ക്ഷമിക്കുകയെന്നാൽ എരിഞ്ഞുകൊണ്ടിരിക്കുന്ന തീക്കട്ടയിൽ കൈവെക്കുന്നതുപോലെയായിരിക്കും. അക്കാലത്ത് (അല്ലാഹുവിൻ്റെ കല്പനകൾ മുറുകെ പിടിച്ച്) സൽക്കർമ്മം പ്രവർത്തിക്കുന്നവർക്ക്, അക്കാര്യം ചെയ്‌ത നിങ്ങളെപ്പോലെയുള്ള (സ്വഹാബികളെപ്പോലെയുള്ള) അമ്പതു പേരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലമുണ്ടായിരിക്കും.” (തിർമിദി; സ്വഹീഹ്) (1)

ജീവിത വിശുദ്ധിക്ക് ഇസ്‌ലാം ഏറെ പ്രാധാന്യം നൽകുന്നു. അന്യരായ സ്‌ത്രീ പുരുഷന്മാർ തമ്മിൽ വികാരപൂർവമുള്ള നോട്ടം പോലും ഉപേക്ഷിക്കണമെന്നാണ് ഖുർആനിൻ്റെ അനുശാസന: “(നബിയേ,) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.”(24:30,31)

ത്വാഹിർ ബ്രൗസറിനെക്കുറിച്ച്

ഇൻറർനെറ്റിൽ വരുന്ന ഹറാമായ ദൃശ്യങ്ങളെ തടയുന്നതിനുള്ള ശക്തമായ ഒരു പരിചയാണ് ത്വാഹിർ ബ്രൗസർ. ഇസ്‌ലാം നിഷിദ്ധമാക്കിയ ദൃശ്യങ്ങളിൽനിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിൽ സൂക്ഷ്‌മത പാലിക്കാനായി പരിശ്രമിക്കുന്ന സത്യവിശ്വാസികൾക്ക് പ്രയോജനപ്പെടുത്താവുന്ന സാങ്കേതികമായ നല്ലൊരു ടൂൾ. ആൻഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിക്കുന്നവർക്കായി പൂർണ്ണമായ മൊബൈൽ ആപ്പായി ലഭ്യമാകുന്നതോടൊപ്പം,(2) ഡെസ്ക്ടോപ്പ് വേർഷനിലെ (ലാപ്ടോപ്പുകളിലും മറ്റു കമ്പ്യൂട്ടറുകളിലും) Chrome,(3) Firefox (4) എന്നിവയിൽ ബ്രൗസർ എക്സ്റ്റെൻഷൻ രൂപത്തിൽ ഉപയോഗിക്കാനും സാധിക്കുന്നു.

എല്ലാ ചിത്രങ്ങളെയും വീഡിയോകളെയും ഒരു തിരശ്ശീലപോലെ അവ്യക്തമാക്കുന്ന ‘General Blur’ എന്ന ഓപ്‌ഷനാണ് ത്വാഹിർ ബ്രൗസറിൻ്റെ സുപ്രധാനമായ ഒരു സവിശേഷത. ഇസ്‌ലാം വിലക്കിയ ചിത്രങ്ങളും വീഡിയോകളും ആകസ്മികമായി പോലും കാണേണ്ടിവരുന്നതിൽനിന്ന് കണ്ണുകളെ സംരക്ഷിക്കുവാൻ, വേഗതയേറിയതും സുരക്ഷിതവുമായ ഒരു സംവിധാനമാണിത്. നമുക്ക് ആവശ്യമുള്ള ഇമേജുകൾ അല്ലെങ്കിൽ വീഡിയോകൾ മാത്രം unblur ചെയ്‌ത്‌ കാണാവുന്നതാണ്. എന്നാൽ, unblur ചെയ്യുന്നതിന് മുമ്പ് അതിലെ ഉള്ളടക്കം ഹലാൽ ആണെന്ന് ഉറപ്പുവരുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്. കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ എതിർ ലിംഗത്തിലുള്ളവരുടെ ചിത്രങ്ങൾ അവ്യക്തമാക്കുന്ന ‘AI Blur’ എന്ന ഓപ്‌ഷനും ഇതിലുണ്ട്. പക്ഷെ, AI സഹായത്തോടെ പ്രസ്‌തുത ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നിർണയിക്കുന്നതിൽ പൂർണമായ കൃത്യതയില്ല എന്നൊരു പരിമിതി നിലവിലുണ്ട്. എന്നാൽ ജനറൽ ബ്ലറിൽ ഈ പ്രശ്‌നം ഉത്ഭവിക്കുന്നില്ല. നമസ്കാരസമയം, വിവിധ ഖാരിഉകളുടെ ഇമ്പമാർന്ന ഖുർആൻ പാരായണങ്ങളടങ്ങിയ ഖുർആൻ റേഡിയോ, ഓരോ ദിവസത്തെയും ഒരു സൽക്കർമ്മത്തിനുള്ള നിർദ്ദേശം എന്നിവയുൾപ്പെടുന്ന ന്യൂ ടാബ് പേജ് മൊബൈൽ ഫോണിലേക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ത്വാഹിർ ബ്രൗസറിൻ്റെ ഉപയോഗത്തിന് സഹായകമാകുന്ന ട്യൂട്ടോറിയൽ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്.(5)

ഡെസ്ക്ടോപ്പ് വേർഷനിൽ Images, BG Images, Videos, iFrames എന്നിങ്ങനെ പ്രത്യേകം blur അല്ലെങ്കിൽ unblur ചെയ്യാനുള്ള ക്രമീകരണമുണ്ട്. ഏതെങ്കിലും പ്രത്യേക ഇമേജ് മാത്രം അവ്യക്തമാക്കുന്നതിനും വ്യക്തമാക്കുന്നതിനും ഡെസ്ക്ടോപ്പ് വേർഷനിലെ keyboard shortcuts ഉപയോഗിച്ചുള്ള സംവിധാനവും ഉണ്ട്. അശ്ലീലതകളടങ്ങിയ പല വെബ്സൈറ്റുകളെയും പരസ്യങ്ങളെയും block ചെയ്യുന്നതായും ത്വാഹിർ ബ്രൗസറിൻ്റെ വെബ്സൈറ്റ് പറയുന്നു. വിശദവിവരങ്ങൾക്കും ത്വാഹിർ ബ്രൗസറിൻ്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ വീഡിയോ കാണുന്നതിനുമായി ബ്രൗസറിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. (6)

സ്വർഗത്തിനായി പ്രയത്നിക്കാം

ത്വാഹിർ ബ്രൗസർ പോലുള്ള ആപ്പുകൾ, ഓൺലൈൻ രംഗത്തെ വിശുദ്ധിക്കായി വിശ്വാസികളെ സഹായിക്കുന്നതിനുള്ള ചില സാങ്കേതിക സംവിധാനങ്ങൾ മാത്രമാണ്. ഇസ്‌ലാം വിലക്കിയ ദൃശ്യങ്ങളിൽ നിന്ന് കണ്ണുകൾ താഴ്ത്തുവാൻ നാം നന്നായി പരിശ്രമിക്കേണ്ടതുണ്ട്. നമ്മുടെ രഹസ്യജീവിതത്തിലെ വിശുദ്ധി അല്ലാഹുവിന് മാത്രം അറിയുന്ന കാര്യമായതിനാൽ ഇതിനായുള്ള ഓരോ പരിശ്രമവും അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കുന്നു. അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധം, ഖുർആനുമായുള്ള ആത്മബന്ധം, നമസ്‌കാരങ്ങളിലെ ഭയഭക്തി, ഐച്ഛിക വ്രതാനുഷ്ഠാനങ്ങൾ, രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള പ്രാർത്ഥനകൾ എന്നിവ ജീവിതവിശുദ്ധി കൈവരിക്കുന്നതിനും അത് നിലനിർത്തുന്നതിനുമുള്ള മികവുറ്റ മാർഗങ്ങളാണ്.

തൻ്റെ ഇസ്‌ലാമിക ജീവിതത്തിന് നാശം വരുത്തുന്ന സർവ കവാടങ്ങളും കൊട്ടിയടക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. അശ്ലീലദൃശ്യങ്ങളിലേക്കുള്ള നോട്ടം ലൈംഗികജീവിതത്തിലെ പവിത്രതയെ ഹനിക്കുന്ന തിന്മകളുടെ താക്കോലാണ്. തിന്മകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുവാൻ പരമാവധി പരിശ്രമിക്കുക. ചീത്ത കൂട്ടുകെട്ടുകളിൽനിന്ന് അകന്നു നിൽക്കുകയും നന്മയിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളെ സ്വീകരിക്കുകയും ചെയ്യുക. നമ്മുടെ മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഒന്നും തന്നെ ഒരിക്കൽപോലും നഗ്നതയോ അർദ്ധനഗ്നതയോ സ്ഥാനം പിടിക്കരുതെന്ന് പ്രതിജ്ഞയെടുക്കുക. അവയിൽ ഖുർആൻ സൂക്തങ്ങളും അവ രേഖപ്പെടുത്തപ്പെട്ട ഇമേജുകളും അവയുമായി ബന്ധപ്പെട്ട വീഡിയോകളുമെല്ലാം ഓഡിയോകളുമെല്ലാം സ്ഥാനം പിടിക്കട്ടെ. അങ്ങനെ ഈ ഇലക്രോണിക് ഉപകരണങ്ങളും നമ്മെ ഖുർആനിൻ്റെ പ്രകാശത്തിലേക്ക് നയിക്കട്ടെ. വ്യഭിചാരത്തിലേക്ക് അടുക്കുകപോലും ചെയ്യരുത് എന്നാണ് ഖുർആനിക നിർദേശം: “നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച്‌ പോകരുത്‌. തീര്‍ച്ചയായും അത്‌ ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.” (17:32). നാവിനെയും ലൈംഗികാവയവത്തെയും തിന്മകളിൽ നിന്ന് സംരക്ഷിക്കുന്നവർക്ക് സ്വർഗമുണ്ടെന്നാണ് നബി ﷺ പഠിപ്പിച്ചത്. (ബുഖാരി)

നബി ﷺ പഠിപ്പിച്ച ഒരു പ്രാർത്ഥന കാണുക:
للَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي، وَمِنْ شَرِّ بَصَرِي، وَمِنْ شَرِّ لِسَانِي، وَمِنْ شَرِّ قَلْبِي، وَمِنْ شَرِّ مَنِيِّي
“അല്ലാഹുവേ, എൻ്റെ കേൾവിയുടെ തിന്മയിൽനിന്നും, എൻ്റെ കാഴ്‌ചയുടെ തിന്മയിൽനിന്നും, എൻ്റെ നാവിൻ്റെ തിന്മയിൽനിന്നും, എൻ്റെ ഹൃദയത്തിൻ്റെ തിന്മയിൽനിന്നും, എൻ്റെ ഇന്ദ്രിയത്തിൻ്റെ തിന്മയിൽനിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.” (അബൂദാവൂദ്, തിർമിദി)

സൽക്കർമ്മകാരികൾക്കായി അല്ലാഹു ഒരുക്കിവച്ചിട്ടുള്ള പാരിതോഷികമാണ് സ്വർഗം. സ്വർഗത്തെക്കുറിച്ച ഖുർആനിലെയും ഹദീഥുകളിലെയും പരാമർശങ്ങളെക്കുറിച്ച ചിന്തയും സ്വർഗം നേടുന്നതിനായുള്ള പ്രയത്നവും വിശുദ്ധജീവിതം നയിക്കുന്നതിന് ഏറെ പര്യാപ്തമാണ്. “ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനുഷ്യന്റെ മനസിലും വിരിയാത്തതുമായ അനുഭൂതികളുടെ സ്വർഗം” എന്നാണ് സ്വർഗത്തെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നതെന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത് (ബുഖാരി). ഖുർആൻ പറയുന്നു: “(നബിയേ,) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന്‌ മുമ്പ്‌ ഞങ്ങള്‍ക്ക്‌ നല്‍കപ്പെട്ടത്‌ തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക്‌ നല്‍കപ്പെടുകയാണുണ്ടായത്‌. പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും” (2:25). സ്വർഗസ്ത്രീകളെക്കുറിച്ച് ഖുർആനിലെ ചില പരാമർശങ്ങൾ കാണുക: “അവയില്‍ (സ്വർഗീയാരാമങ്ങളിൽ) ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ (സ്വർഗവാസികൾക്ക്) മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.” (55: 56). “വിശാലമായ നയനങ്ങളുള്ള സുന്ദരികളായ തരുണികളും (സ്വർഗസ്ഥർക്കുണ്ട്). (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുകളെന്നോണം അഴകുറ്റവർ.” (56:22-23). “അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.”(55:58). “അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും (മനുഷ്യരുടെയും ജിന്നുകളുടെയും) രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട ഹൂറികൾ!” (55: 70-72). ഒരു ഹദീഥ് കാണുക- നബി ﷺ പറഞ്ഞു: “സ്വർഗവാസികളിലെ ഒരു സ്ത്രീ ഭൂവാസികളിലേക്ക് എത്തിനോക്കിയിരുന്നുവെങ്കിൽ അവൾ വാനത്തിനും ഭൂമിക്കുമിടയിൽ പ്രഭ പരത്തുമായിരുന്നു. അവൾ അവിടം സുഗന്ധം നിറക്കുമായിരുന്നു. അവളുടെ ശിരോവസ്ത്രം ഈ ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാണ്.” (ബുഖാരി). സ്വർഗസ്ഥനായ പുരുഷന് ഇണയായി സ്ത്രീയെ ലഭിക്കുന്നത് പോലെ സ്വർഗ പ്രവേശനം ലഭിക്കുന്ന സ്ത്രീക്ക് പുരുഷനെ ഇണയായി ലഭിക്കും. സ്ത്രീയാകട്ടെ പുരുഷനാകട്ടെ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന ഏതൊരാൾക്കും സ്വർഗവും സ്വർഗത്തിൽ ഇച്ഛിക്കുന്ന സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. “ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (ഖുർആൻ: 16:97). വേറെയും നിരവധി സ്വർഗീയാനുഗ്രഹങ്ങളെക്കുറിച്ച പരാമർശങ്ങൾ ഖുർആനിലും നബിവചനങ്ങളിലുമുണ്ട്. ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണ് സ്വർഗം. സ്വർഗം നേടിയെടുക്കുന്നതിന് വേണ്ടിയാണ് നാം മത്സരിക്കേണ്ടത്.

Online Resources:

1. Hadith Reference – https://sunnah.com/tirmidhi:3058

2. Tahir Halal & Islamic Browser (Mobile app) – https://play.google.com/store/apps/details?id=com.ihyatech.tahir

3. Tahir Chrome Extension – https://chromewebstore.google.com/detail/tahir/ihmoammkfbdpokfiiifajdkfglmfejca?hl=en

4. Tahir Firefox Extension – https://addons.mozilla.org/en-GB/firefox/addon/tahir/

5. YouTube Video – https://www.youtube.com/watch?v=c3rm6oKLTwM

6. Tahir Official Website – https://tahirbrowser.com/

print

1 Comment

  • Masha Allah, Very helpful

    Osama 09.10.2025

Leave a comment

Your email address will not be published.