തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -8

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -8
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -8
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -8

സൂര്യൻ ദൈവസിംഹാസനത്തിന് കീഴിൽ സുജൂദ് ചെയ്യുന്നുവൊ?

ഭൂമിയുടെ ഭ്രമണമാണല്ലൊ രാപ്പകലുകളുടെ കാരണം (Cause).
രാത്രിയിൽ സൂര്യൻ ദൈവ സിംഹാസനത്തിനടിയിൽ സുജൂദ് (സാഷ്ടാംഗം) ചെയ്യാൻ പോവുകയാണ് എന്ന് ഹദീസിൽ വന്നിരിക്കുന്നത് അശാസ്ത്രീയത അല്ലെ?

……………………………

വിമർശന വിധേയമായ ഹദീസ്:

അബൂ ദർറ് (റ) പറഞ്ഞു: സൂര്യൻ അസ്തമിച്ചപ്പോൾ പ്രവാചകൻ (സ) അബൂ ദർറിനോട് (റ) ചോദിച്ചു: എവിടേക്കാണ് സൂര്യൻ പോകുന്നത് എന്ന് താങ്കൾക്കറിയാമോ? ഞാൻ (അബൂ ദർറ് (റ) ) പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും കൂടുതൽ അറിയുന്നത്. പ്രവാചകൻ (സ) പറഞ്ഞു: ദൈവത്തിൻ്റെ സിംഹാസനത്തിന് കീഴിൽ സാഷ്ടാംഗം ചെയ്യാനാണ് അതിൻ്റെ പ്രയാണം. എന്നിട്ട് അത് സമ്മതം ചോദിക്കും, അപ്പോൾ സമ്മതം നൽകപ്പെടും. (സമ്മതം നൽകപ്പെടുകയും “നീ വന്നിടത്തേക്ക് മടങ്ങുകയും ചെയ്യുക” എന്ന് പറയപ്പെടുകയും ചെയ്താൽ അത് മടങ്ങുകയും ഉദയസ്ഥാനത്തു തന്നെ ഉദിക്കുകയും ചെയ്യും.) അത് സാഷ്ടാംഗം ചെയ്യുകയും സമ്മതം നൽകപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു കാലം (ലോകാവസാനം) അടുത്തിരിക്കുന്നു. അന്ന് അതിനോട് പറയപ്പെടും: നീ വന്നിടത്തേക്ക് മടങ്ങുക. (പടിഞ്ഞാറ് നിന്ന് ഉദിക്കുകയും ചെയ്യുക.) അപ്പോൾ അത് പടിഞ്ഞാറു നിന്ന് ഉദിക്കും. (ലോകാവസാനം സംഭവിക്കും.) അതാണ് അല്ലാഹു ഈ വാക്യത്തിൽ പറഞ്ഞത്:
”സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.”
(ക്വുർആൻ: 36: 38)
(സ്വഹീഹുൽ ബുഖാരി: 7424)

മറുപടി:

ഞാൻ ഒരു കസേരയിലിരുന്നാണ് ഈ ലേഖനം എഴുതുന്നത്. “കസേര”യുടെ കാരണം (Cause) എന്താണ് എന്ന് ഞാൻ അരിസ്റ്റോട്ടിലിനോട് ചോദിച്ചാൽ, വ്യത്യസ്തമായ നാല് കാര്യകാരണങ്ങൾ (Cause) കസേരയ്ക്കുണ്ട് എന്ന് അരിസ്റ്റോട്ടിൽ പറയും. മരവും കോടാലിയും ആണിയും ചുറ്റികയുമാണ് കസേരയുടെ കാരണം (Cause) എന്ന് പറയാവുന്നതാണ്. ഇതിന് material cause എന്നാണ് പറയുക.

കസേരക്ക് ആവശ്യമായ വസ്തുക്കളുടെ ക്രമീകരണം, ആകൃതി അല്ലെങ്കിൽ പ്രത്യേകമായ രൂപത്തിലേക്ക് പരിവർത്തനം എന്നിവയെല്ലാമാണ് കസേരയുടെ കാരണം (Cause) എന്നും പറയാവുന്നതാണ്. അഥവാ നിർമ്മിക്കപ്പെടുന്ന ചട്ടക്കൂട് നൽകുന്ന വസ്തുവിൻ്റെ പ്രത്യേക സത്ത അല്ലെങ്കിൽ സ്വഭാവമാണ് ആ കാര്യത്തിൻ്റെ കാരണം എന്നർത്ഥം. ഇതിന് Formal cause എന്നാണ് പറയുക.

കസേരയുടെ കാരണം (Cause), ആശാരി അല്ലെങ്കിൽ വാസ്‌തുവിദ്യ ആണ് എന്നും പറയാമല്ലൊ. അഥവാ പ്രാവർത്തികമായൊ ആശയപരമായൊ അതിനെ യാഥാർത്ഥ്യവൽക്കരിക്കുന്നത് എന്തോ/ആരോ അതാണ് അതിൻ്റെ കാരണം (Cause) എന്ന്. ഇതിനെ efficient cause അല്ലെങ്കിൽ moving cause എന്ന് പറയുന്നു.

സ്റ്റൈലിൽ കാലിൻമേൽ കാലും കയറ്റി വച്ച് ഇരിക്കാൻ ഒരു സംഗതി വേണം എന്ന ലക്ഷ്യമൊ ഉദ്ദേശ്യമൊ ആണ് കസേരയുടെ കാരണം (Cause) എന്ന് പറയുന്നതും ശരിയാണ്. ഇതിനെ final cause എന്നാണ് വിളിക്കപ്പെടുന്നത്. ഒരു വസ്തു/കാര്യം ഉണ്ടാവാനുള്ള ആത്യന്തികമായ കാരണമാണ് final cause.

(Western Philosophy I: page: 43, SGOU-SLM – MA PHILOSOPHY)

ഇങ്ങനെ പല രീതിയിലും ഒരു കാര്യത്തിൻ്റെ കാരണം വിശദീകരിക്കാവുന്നതാണ്. കാര്യത്തിൻ്റെ ഉള്ളടക്കത്തിലെ ഏത് ഘടകത്തെയും ഭാഗത്തെയും പരിഗണിച്ചാണ് നമ്മൾ കാരണം (Cause) പറയാനുദ്ദേശിക്കുന്നത്, അതിനനുസൃതമായി പല രീതിയിലും ഒരു കാര്യത്തിന് കാരണങ്ങൾ പറയാം എന്നർത്ഥം. അതിൽ ഒരു രീതിയിൽ കാരണം (Cause) പറയുന്നത് മറ്റൊരു രീതിയിൽ കാരണം (Cause) പറയുന്നതിനോട് എതിരാവുന്നില്ലല്ലൊ. ഉദാഹരണത്തിന് കസേരയുടെ കാരണം മരവും കോടാലിയും ആണിയും ചുറ്റികയുമടങ്ങുന്ന വസ്തുക്കളാണ് എന്ന് പറയുന്നത് കസേരയുടെ കാരണം ആശാരിയൊ അല്ലെങ്കിൽ വാസ്‌തുവിദ്യയൊ ആണ് എന്ന് പറയുന്നതിന് എതിരല്ലല്ലൊ. രണ്ടും ശരിയാണ്. ഈ സാമാന്യ ബുദ്ധി ഉപയോഗിച്ച് വേണം, ഒരു കാര്യത്തിന് മതം മുന്നോട്ടു വെക്കുന്ന, ആത്മീയമൊ അഭൗതികമൊ ആയ കാരണങ്ങളെ മനസ്സിലാക്കാൻ. “ദൈവം മഴ നൽകി” എന്ന് ഒരു മത വിശ്വാസി പറയുമ്പോൾ “ഏഴാനാകാശത്തിനപ്പുറം ദൈവം കുറച്ച് വെള്ളമുണ്ടാക്കി, നിലത്തേക്ക് എറിയുന്നതാണ് മഴ… അല്ലാതെ മേഘങ്ങൾ, സൂര്യൻ, താപം, ബാഷ്‌പീകരണം, സാന്ദ്രീകരണം എന്നിവയൊന്നും മഴയുടെ കാരണമല്ല!” എന്നാണ് വിശ്വാസി അല്ലെങ്കിൽ മതം പറയുന്നത് എന്ന് തെറ്റിദ്ധരിക്കാൻ മാത്രം ബുദ്ധിശൂന്യരാണോ നാസ്തികർ ?! അങ്ങനെയാണെങ്കിൽ അതേ മതം തന്നെ മഴയുടെ കാരണങ്ങളായി കാർമേഘത്തെയും സാന്ദ്രീകരണത്തെയും (ക്വുർആൻ: 7: 57) പലയിടത്തും അംഗീകരിക്കുന്നത് എന്ത് കൊണ്ടാണ് ?! കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് (അഥവാ വിശ്വാസികൾക്ക്) വ്യക്തമാണ്. ഒരിടത്ത് മഴയുടെ material cause അല്ലെങ്കിൽ Formal cause പറയുമ്പോൾ മറ്റൊരിടത്ത് അതിൻ്റെ efficient cause അല്ലെങ്കിൽ final Cause ആണ് വിശദീകരിക്കപ്പെടുന്നത്. രോഗം ശമിപ്പിക്കുന്നത് ദൈവമാണ് എന്ന് ക്വുർആൻ പറയുന്നു. (ക്വുർആൻ: 26: 80). എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട് എന്നും, രോഗം വന്നാൽ ചികിത്സിച്ച് ശമിപ്പിക്കണം എന്നും മുഹമ്മദ് നബി (സ) പറയുന്നു. (സ്വഹീഹുൽ ബുഖാരി: 5678). അപ്പോൾ രോഗശമനത്തിന് കാരണം ദൈവമാണൊ? അതൊ മരുന്നാണൊ ? എന്ന് ഒരു വിശ്വാസിയും ഇതുവരെ സംശയമുന്നയിച്ചിട്ടില്ല. രോഗശമനത്തിൻ്റെ കാരണം ദൈവമാണ് എന്ന് പറയുമ്പോൾ അതിൻ്റെ ആത്യന്തികമായ കാരണം (Cause) ദൈവമാണെന്നാണ് ഉദ്ദേശ്യം. രോഗശമനത്തിൻ്റെ കാരണം മരുന്നാണ് എന്ന് പറയുമ്പോൾ അതിൻ്റെ material cause മരുന്നാണ് എന്നുമാണ് ഉദ്ദേശ്യം എന്നത് സാമാന്യ ബോധമാണ്.

അപ്പോൾ ഇത്തരം കാരണവാദങ്ങൾ വ്യത്യസ്തമാണെങ്കിലും വൈരുദ്ധ്യമല്ല എന്ന് ആദ്യമെ മനസ്സിലാക്കി വേണം വിഷയത്തിലേക്ക് കടക്കാൻ.

സൂര്യനും -ഗ്രഹങ്ങൾ പോലെ തന്നെ – രണ്ട് തരം ചലനങ്ങളുണ്ട്. ഒന്ന് അതിൻ്റെ സ്വയം ഭ്രമണം. രണ്ട്, മിൽകിവേയ് ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റുമുള്ള അതിൻ്റെ അതി ദീർഘമായ പ്രയാണം/സഞ്ചാരം.

സൂര്യൻ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നത്, മധ്യരേഖയിൽ 25.6 ദിവസവും ധ്രുവങ്ങളിൽ 33.5 ദിവസവും എന്ന ഭ്രമണ കാലയളവോടെയാണ്.

സൂര്യൻ ക്ഷീരപഥ ഗാലക്‌സിയുടെ മധ്യഭാഗത്ത് ചുറ്റുന്നത് മണിക്കൂറിൽ ശരാശരി 828,000 കിലോമീറ്റർ വേഗതയിലാണ്. എന്നാൽ ഇത്രയും ഉയർന്ന നിരക്കിൽ പോലും, ക്ഷീരപഥത്തിന് ചുറ്റും ഒരു പൂർണ്ണ ഭ്രമണപഥം വെക്കാൻ സൂര്യന് ഏകദേശം 230 ദശലക്ഷം വർഷങ്ങൾ ആവശ്യമാണ്!
(starchild.gsfc.nasa.gov)

സൂര്യൻ്റെ സ്വയംഭ്രമണവും സഞ്ചാരവും ദൈവത്തിനുള്ള ആരാധനയും സുജൂദും (സാഷ്ടാംഗം) ആണെന്ന് പറയുമ്പോൾ സൂര്യ ചലനത്തിൻ്റെയൊ രാപ്പകലുകളുടെയോ material cause അല്ല ഹദീസ് അവതരിപ്പിക്കുന്നത്. മറിച്ച് പ്രപഞ്ചത്തിൻ്റെ ഇത്തരമൊരു ഘടനക്കും, രൂപത്തിനും, സ്വഭാവത്തിനും ഒരു ദൈവികമായ ഉദ്ദേശ്യമുണ്ട്. ആ ദൈവിക ഇച്ഛയെ പ്രപഞ്ചത്തിലെ സകല സൃഷ്ടിപ്പിൻ്റെയും പ്രതിഭാസത്തിൻ്റെയും Final cause ആയി പറയാമല്ലൊ. പ്രത്യേക ഉദ്ദേശ്യത്തോടെയും ലക്ഷ്യത്തോടെയുമാണ് സർവ്വതും സൃഷ്ടിച്ചത്. അപ്പോൾ പ്രപഞ്ചത്തിലെ സകല സൃഷ്ടിപ്പിൻ്റെയും പ്രതിഭാസത്തിൻ്റെയും പരമവും ആത്യന്തികവുമായ Final cause ദൈവത്തിൻ്റെ ഉദ്ദേശ്യവും ലക്ഷ്യവുമാണ്.*

(* ഈ അർത്ഥത്തിൽ, ചർച്ചയുടെ ഒഴുക്കിനായി, ഭൗതിക പ്രതിഭാസങ്ങളുടെ അഭൗതികവും ദൈവിക ഉദ്ദേശ്യ പ്രകാരവുമുള്ള കാരണങ്ങളെ Final cause എന്നാണ് തുടർന്നുള്ള ഭാഗങ്ങളിൽ വിശേഷിപ്പിക്കുക.)

അങ്ങനെ വരുമ്പോൾ അത് ഭൗതികമായ കാര്യകാരണങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കാം, പക്ഷെ വിരുദ്ധമല്ല. ശാസ്ത്രത്തിൻ്റെ ചർച്ചയും വിഷയവും പ്രപഞ്ചത്തിൻ്റെ material cause കളിൽ കേന്ദ്രീകരിച്ചു കൊണ്ടാണ് എന്ന് ഓർക്കുക.

ഉദാഹരണത്തിന്, സൂര്യൻ്റെ സ്വയംഭ്രമണം അതിൻ്റെ പൂർവ്വസ്ഥിതിയിലെ കോണീയ ആക്കം നിലനിർത്തുന്നത് മൂലമാണ്. അഥവാ, സൂര്യൻ രൂപംകൊണ്ട വാതക മേഘത്തിന് കോണീയ ആക്കം ഉണ്ടായിരുന്നു, ആ കോണീയ ആക്കം അത് രൂപപ്പെടുമ്പോൾ സൂര്യനിലേക്ക് കൈമാറി, അത് -ഇന്ന് നാം നിരീക്ഷിക്കുന്ന ഭ്രമണം- സൂര്യന് നൽകി എന്ന് ഒരു ഭൗതികശാസ്ത്രജ്ഞൻ വിശദീകരിക്കും. ഈ ശാസ്ത്ര വിശദീകരണം സൂര്യഭ്രമണത്തിൻ്റെ material cause അല്ലെങ്കിൽ efficient cause മാത്രമാണ്. ഈ ശാസ്ത്ര വിശദീകരണം സൂര്യഭ്രമണത്തിൻ്റെ അവസാന കാരണം (final cause) എങ്ങനെയാണ് ആവുക? തീർച്ചയായും അത് അവസാന കാരണം ആവില്ല. കാരണം സൂര്യൻ്റെ ഭ്രമണം, വാതക മേഘത്തിൽ നിന്നുളള കോണീയ ആക്കം നിലനിർത്തുന്നത് മൂലമാണ് എന്നതാണ് അവസാന കാരണമെങ്കിൽ വാതക മേഘത്തിൻ്റെ കോണീയ ആക്കത്തിന് കാരണമെന്താണ്? അതിന് കാരണമായി ഒരു material cause ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടു എന്ന് കരുതുക. എങ്കിൽ അതിന് കാരണമെന്താണ് എന്ന് വീണ്ടും ചോദിക്കപ്പെടാം. അതിനു കാരണമായി ഒരു material cause ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടു എന്ന് കരുതുക. എങ്കിൽ അതിന് കാരണമെന്താണ് എന്ന് വീണ്ടും ചോദിക്കപ്പെടാം. ഇങ്ങനെ കാരണാന്വേഷണം തുടന്നു തുടർന്നു പോയാൽ, material cause ന് അപ്പുറം, ഒരു അവസാന കാരണം വിശദീകരിക്കപ്പെട്ടെ മതിയാവൂ. ഈ അവസാന കാരണമാണ് മതം “ദൈവേച്ഛ” യിലൂടെ അവതരിപ്പിക്കുന്നത്. അതെങ്ങനെ ശാസ്ത്രം വിശദീകരിക്കുന്ന material cause ന് എതിരാവും?! ഒരു വസ്തുവിൻ്റെ അവസാന കാരണം (final cause) ആ വസ്തു തന്നെ (material cause) ആവൽ ബുദ്ധിപരമായി അസാധ്യമാണ് എന്ന് മതവും തത്ത്വശാസ്ത്രവും നമ്മെ പഠിപ്പിച്ചു.

അപ്പോൾ സൂര്യൻ്റെ സ്വയംഭ്രമണം, വാതക മേഘത്തിൽ (Gas cloud) നിന്നുള്ള കോണീയ ആക്കം നിലനിർത്തുന്നത് മൂലമാണ് എന്ന ശാസ്ത്രീയ വീക്ഷണം സൂര്യഭ്രമണത്തിൻ്റെ material cause ആയി മതവും മതവിശ്വാസിയും അംഗീകരിക്കുന്നു. എന്നാൽ സൂര്യഭ്രമണത്തിന് ഒരു അവസാന കാരണമുണ്ട്. അത്, സൂര്യനെ സൃഷ്ടിച്ച ദൈവത്തിൻ്റെ കൽപ്പനകൾക്ക് വിധേയമായി അവനെ ആരാധിക്കലും അവന് സാഷ്ടാംഗം ചെയ്യലും അനുവാദം വാങ്ങലുമൊക്കെയാണ്. ഇതെങ്ങനെയാണ് ശാസ്ത്ര വിരുദ്ധമാവുക എന്ന് ബുദ്ധിപരമായൊ ഫിലോസഫിക്കലായൊ തെളിയിക്കാൻ ഏത് നാസ്തികനാണ് സാധിക്കുക?!

അപ്പോൾ സൂര്യഭ്രമണത്തിൻ്റെയും സൂര്യസഞ്ചാരത്തിൻ്റെ Final cause ദൈവത്തിന് സാഷ്ടാംഗം ചെയ്യലും അനുവാദം വാങ്ങലുമൊക്കെയാണ് എന്ന് ഹദീസിൽ വന്നതിൽ ശാസ്ത്ര “വിരുദ്ധമായി” ഒന്നും തന്നെ ഇല്ല. ശാസ്ത്രത്തിന് “അപ്രാപ്യമായ” വിഷയമാണത് എന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം.

*****************************

ഇനി, ദൈവത്തിൻ്റെ സിംഹാസനത്തിന് അടിയിൽ സൂര്യൻ പോവുന്നു എന്ന് ഹദീസ് പറയുമ്പോൾ, സൂര്യൻ അതിൻ്റെ ഭ്രമണപഥത്തിൽ നിന്ന് നീങ്ങി സഞ്ചരിക്കുന്നു എന്ന് വരില്ലെ എന്നതാണ് അടുത്ത ചോദ്യം. ഇല്ല എന്നതാണ് ഉത്തരം. കാരണം, ദൈവ സിംഹാസനം “ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു” എന്ന് ക്വുർആൻ (2: 255) വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഏത് അച്ചുതണ്ടിൽ സഞ്ചരിച്ചും ദൈവത്തിന് സുജൂദും (സാഷ്ടാംഗവും) ആരാധനകളും നിർവ്വഹിക്കാം. സഞ്ചരിക്കുക പോയിട്ട് ഒരു ചലനം പോലും കൂടാതെ
ദൈവത്തിന് സുജൂദ് (സാഷ്ടാംഗം) നിർവഹിക്കാം. കയ്യും കാലും അവയവങ്ങളുമില്ലാതെയും ദൈവത്തിന് സുജൂദ് (സാഷ്ടാംഗം) നിർവഹിക്കാം എന്നാണ് ഇസ്‌ലാം വിശദീകരിക്കുന്നത്. എല്ലാം ഓരോ സൃഷ്ടികളുടെയും രൂപവും പ്രകൃതിയും സൃഷ്ടിപ്പും അനുസരിച്ചാണ് അവ സുജൂദ് (സാഷ്ടാംഗം) നിർവ്വഹിക്കുക; മനുഷ്യർ നിർവ്വഹിക്കുന്നത് പോലെയല്ല. ക്വുർആൻ പറയുന്നു:

“ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് സുജൂദ് (സാഷ്ടാംഗവും) ചെയ്തുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ?”
(ക്വുർആൻ: 22: 18)

“ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? *ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്‌.* അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.”
(ക്വുർആൻ: 24: 41)

ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും എന്തിനേറെ നിഴലുകൾ പോലും ദൈവത്തിന് സാഷ്ടാംഗം നമസ്കരിക്കുന്നു (13: 15) എന്നാണ് ക്വുർആൻ പറയുന്നത്! നിഴലുകൾക്ക് ശരീരമുണ്ടൊ? അവയവങ്ങളുണ്ടോ? അവയൊന്നും കൂടാതെ തന്നെ, ഓരോ സൃഷ്ടിക്കും അതിൻ്റെതായ സുജൂദ് (പ്രമാണം) അർപ്പിക്കാൻ സാധിക്കുന്നതാണ്.

وكل من ذل وخضع لما أمر به، فقد سجد

“ആർ താൻ കൽപ്പിക്കപ്പെട്ട ഒരു കാര്യത്തിനും മുന്നിൽ പരമമായ വിധേയത്വവും കീഴൊതുക്കവും പ്രകടിപ്പിച്ചുവൊ അയാൾ ‘സുജൂദ്’ ചെയ്തു…” എന്ന് പൗരാണിക അറബി ഭാഷാ പണ്ഡിതരെല്ലാം, സുജൂദ് എന്ന അറബി പദത്തെ വിശദീകരിച്ചിട്ടുണ്ട്.
(ലിസാനുൽ അറബ്: ഇബ്നു മൻളൂർ (ജനനം: 630 ഹിജ്രാബ്ദം.1232 CE) 3: 206 )

സുജൂദിന് തലയൊ കാലോ അവയവങ്ങളൊ നിശ്ചലാവസ്ഥയൊ ശരീരം വെക്കാനുള്ള പ്രതലമൊ ഒന്നും നിർബന്ധമില്ല എന്നർത്ഥം. ഓരോ സൃഷ്ടികൾക്കുമനുസരിച്ച് അവരുടെ സുജൂദും വ്യത്യസ്തമാണ്. മനുഷ്യർ അർപ്പിക്കുന്ന സുജൂദ് തന്നെ അവസ്ഥകൾക്കനുസരിച്ച് ആപേക്ഷിക രൂപമാറ്റങ്ങൾ ഉണ്ടാവാം. മനസ്സു കൊണ്ട് പോലും സുജൂദ് ചെയ്യുന്ന അവസ്ഥയുണ്ടാവാം. അവയങ്ങൾ കൊണ്ട് സാഷ്ടാംഗം ചെയ്യുമ്പോഴും ആശയപരമായി അത് സുജൂദ് അല്ലാതിരിക്കുന്ന അവസ്ഥകളും ഉണ്ട്. അത്തരം സന്ദർഭങ്ങളിൽ അത് ഭാഷാപരമായ സുജൂദ് മാത്രമാണ്; ആദമിന് മലക്കുകൾ അർപ്പിച്ച “സുജൂദ്” (ആദരപ്രകടം) പോലെ.

ഹദീസ് വായിക്കുമ്പോൾ വിമർശകരുടെ മനസ്സിൽ സൂര്യൻ ഒരു മൃഗമൊ, മനുഷ്യനൊ, കൈകാലുകളും അവയവങ്ങളുമുള്ള ഒരു ജീവിയൊ ഒക്കെ ആയി പ്രത്യക്ഷപ്പെടുന്നു. അത്തരമൊരു സൂര്യൻ “പോകുന്നതും” “വണങ്ങുന്നതും” “മടങ്ങുന്നതും” എല്ലാം അവർ സങ്കൽപ്പിക്കുന്നു. അതുകൊണ്ടാണ് സൂര്യനെ സംബന്ധിച്ച ഈ പരാമർശങ്ങളൊന്നും വിമർശകർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്. എന്നാൽ സൂര്യൻ അതിൻ്റെ രൂപത്തിലും പ്രകൃതിയിലും ഭ്രമണത്തിലും ഇവയെല്ലാം ചെയ്യുന്നുണ്ട് എന്നതാണ് ഇസ്‌ലാമിക വീക്ഷണം. പ്രപഞ്ചം മുഴുവൻ വിശാലമായ ദൈവത്തിൻ്റെ സിംഹാനത്തിന് ചുവട്ടിൽ സുജൂദ് ചെയ്യാൻ… ഭ്രമണപഥത്തിൽ നിന്ന് മാറി സഞ്ചരിക്കുകയൊ, ശരീരാവയങ്ങൾ ഉണ്ടാവുകയൊ ഒന്നും വേണ്ടതില്ല. അവയൊക്കെ വേണമെന്ന്, നാം സങ്കൽപ്പിക്കുന്നു എന്ന് മാത്രം. കാരണം മനുഷ്യർ സുജൂദ് ചെയ്യാറുള്ളത് അപ്രകാരമാണണല്ലൊ. അതുകൊണ്ട് സൂര്യൻ്റെ സുജൂദും അങ്ങനെ ആയെ തീരൂ എന്ന് വിമർശകരുടെ ദുർബുദ്ധി വാശി പിടിക്കുന്നു.

ശൈഖ് സ്വലിഹ് അൽമുനജ്ജിദ് എഴുതി:

“സൂര്യൻ അതിൻ്റെ ഭ്രമണപഥത്തിലൂടെ അനുസ്യൂതം സഞ്ചരിക്കുകയും കറങ്ങുകയും ചെയ്യുമ്പോൾ തന്നെ സുജൂദ് നിർവഹിക്കുന്നുണ്ട്. ഇതാണ് ഹദീസിൻ്റെ പദങ്ങൾ പ്രത്യക്ഷത്തിൽ സൂചിപ്പിക്കുന്നത്.
تجري لا مستقرا لها
സൂര്യൻ യാതൊരു ഭംഗവുമില്ലാതെ “അനുസ്യൂതം സഞ്ചരിക്കുന്നു” എന്ന പ്രവാചകശിഷ്യരായ ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ് എന്നിവരുടെ (ജാമിഉ അഹ്കാമിൽ ക്വുർആൻ: 15/28-29) വ്യാഖ്യാനവും ഇക്കാര്യത്തെ ഉറപ്പിക്കുന്നു.

ഇത് തന്നെയാണ് ഇബ്നു ഹജറിൻ്റെ (ജനനം: 773 ഹിജ്രാബ്ദം.1371 CE) വ്യാഖ്യാനത്തിൽ നിന്നും മനസ്സിലാവുന്നത്. സൂര്യൻ ദൈവത്തിന് സുജൂദ് ചെയ്യുന്നു എന്നതുകൊണ്ട് അതിൻ്റെ സഞ്ചാരം നിർത്തി ഒരു സ്ഥലത്ത് തങ്ങുന്നു എന്ന് അതിനർത്ഥമില്ല. ദൈവ സിംഹാസനത്തിന് കീഴിൽ സുജൂദ് ചെയ്യുന്നു എന്നത് കൊണ്ട് ജനങ്ങളുടെ കാഴ്ച്ചയിൽ നിന്ന് അകന്ന് മറ്റെവിടെയെങ്കിലും പോവണം എന്നുമില്ല. കാരണം ദൈവിക സിംഹാസനം ആകാശ ഭൂമികൾക്കും സൂര്യനുമെല്ലാം മുകളിലും എല്ലാത്തിനെയും ഉള്‍കൊള്ളുന്നതുമാകുന്നു (ക്വുർആൻ 2: 255)

സൂര്യൻ ആകാശങ്ങൾക്കപ്പുറം ഉയർന്ന് പോയി സിംഹാസനത്തിന് താഴെ സുജൂദ് ചെയ്യുന്നു എന്ന് ഹദീസ് സൂചിപ്പിക്കുന്നില്ല, ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ, സൂര്യൻ സുജൂദ് ചെയ്യുന്നു എന്നാണ് ഹദീസ് സൂചിപ്പിക്കുന്നത് എന്ന് ഇമാം ഇബ്നു കസീർ (ജനനം: 701 ഹിജ്രാബ്ദം.1373 CE) നൂറ്റാണ്ടുകൾക്കപ്പുറം വ്യക്തമാക്കിയിട്ടുണ്ട്.
(അൽബിദായ വന്നിഹായ: 1:33)”

(https://www.google.com/amp/s/www.islamweb.net/amp/ar/fatwa/99520/#ip=1)

******************************

സൂര്യൻ ദൈവത്തിന് മുന്നിൽ സാഷ്ടാംഗം ചെയ്യാൻ “പോകുന്നു”… ദൈവ സമ്മതം ആരായുന്നു. ദൈവം സമ്മതം നൽകുന്നു. തുടർന്നുള്ള സഞ്ചാരത്തിലേക്ക് മടങ്ങി പോകാൻ പറയുന്നു. സൂര്യൻ പ്രയാണം തുടരുന്നു… സൂര്യൻ്റെ “പോക്കും ” “മടക്കവും” തുടങ്ങിയ പരാമർശങ്ങളൊക്കെ അശാസ്ത്രീയമല്ലെ എന്നതാണ് മറ്റൊരു ചോദ്യം.

സൂര്യൻ ദൈവത്തിനടുത്തേക്ക് “പോകുന്നു”, തൻ്റെ തുടർ സഞ്ചാരത്തിനുള്ള അനുവാദം ലഭിക്കുമ്പോൾ “മടങ്ങുന്നു”. ഈ “പോക്കും”, “മടക്കവും” ആണ് സൂര്യസഞ്ചാരം അല്ലെങ്കിൽ കറക്കം. !

ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റും ഏകദേശം വൃത്താകൃതിയിൽ എന്ത് കൊണ്ട് സൂര്യൻ സഞ്ചരിക്കുന്നു എന്ന് ചിന്തിച്ച് നോക്കൂ. സൂര്യനു ചുറ്റും ഗ്രഹങ്ങളും ഭൂമിക്ക് ചുറ്റും ചന്ദ്രനും എന്തിന് കറങ്ങി കൊണ്ടിരിക്കുന്നു എന്ന് ചിന്തിച്ച് നോക്കൂ. അവ നേർ രേഖയിലൊ, അലക്ഷ്യമായൊ സഞ്ചരിക്കാത്തതെന്ത്. ഇതിന് കാരണം ആകേന്ദ്രബലമാണ് (centripetal force). ആകേന്ദ്രബലം ഒരു വസ്തുവെ, അത് സഞ്ചരിക്കുമ്പോൾ വൃത്തത്തിൻ്റെ മധ്യഭാഗത്തേക്ക് വലിക്കുകയോ തള്ളുകയോ ചെയ്യുന്നു, ഇത് കോണീയമോ വൃത്താകൃതിയിലുള്ളതോ ആയ ചലനത്തിന് കാരണമായി മാറുന്നു.
ഗാലക്സിയുടെ മധ്യത്തിലേക്കുള്ള നക്ഷത്രങ്ങളിലെ ആകേന്ദ്രബലം, ചന്ദ്രനെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലും ഭൂമിയെ സൂര്യനുചുറ്റും ഭ്രമണപഥത്തിൽ നിലനിർത്തുന്ന അതേ അപകേന്ദ്രബലമാണ്: അത് ഗുരുത്വാകർഷണ ബലമാണ്. അഥവാ, നമ്മുടെ ഗാലക്സിയിൽ ധാരാളം പിണ്ഡം (Mass) അടങ്ങിയിരിക്കുന്നു. അതിൽ നക്ഷത്രങ്ങൾ, വാതകം, ഗ്രഹങ്ങൾ, ഇരുണ്ട ദ്രവ്യം (dark matter) എന്നിവ ഉൾപ്പെടുന്നു. നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിൽ ഒരു തമോഗർത്തവും (black hole) ഉണ്ട്. ഗാലക്സിയുടെ ആകെ പിണ്ഡത്തിൻ്റെ ഒരു ദശലക്ഷത്തിൽ ഒന്ന് മാത്രമാണ് കേന്ദ്രത്തിലെ തമോഗർത്തം. പിണ്ഡം (mass) ഗുരുത്വാകർഷണത്തിനും (gravity) ഗുരുത്വാകർഷണം ഭ്രമണപഥങ്ങൾക്കും (Orbit) കാരണമാകുന്നതിനാൽ, ഗാലക്സിയിലെ സൂര്യനടക്കം എല്ലാ വസ്തുക്കളുടെയും ഭ്രമണപഥങ്ങൾ ഗാലക്സിയുടെ ആകെ പിണ്ഡം മൂലമാണ് ഉണ്ടാകുന്നത് എന്ന് പറയാം.

അപ്പോൾ സൂര്യൻ ഗാലക്സിയുടെ കേന്ദ്രത്തിലേക്ക് ഗുരുത്വാകർഷണം മൂലം അടുക്കുമ്പോൾ അതേസമയം അപകേന്ദ്രബലം (centrifugal force) സൃഷ്ടിക്കപ്പെടുന്നു, അത് സൂര്യനെ ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്ന് അകറ്റുന്നു. ഒരു പിണ്ഡം (Mass) തിരിക്കുമ്പോൾ അതിന്മേലുള്ള പ്രത്യക്ഷമായ പുറത്തേക്കുള്ള ബലമാണ് അപകേന്ദ്രബലം.

മൊത്തം ആകേന്ദ്രബലവും (centripetal force) അപകേന്ദ്രബലവും (centrifugal force) തുല്യവും എതിർദിശയിലുള്ളതുമാണ്, അതിനാൽ അവ പരസ്പരം റദ്ദാക്കുകയും സൂര്യൻ അതിൻ്റെ ഭ്രമണപഥത്തിൽ (orbit) ഗാലക്സിയുടെ മധ്യത്തെ ചുറ്റുകയും ചെയ്യുന്നു. ഭൂമി അതിൻ്റെ ഭ്രമണപഥത്തിൽ (orbit) സൂര്യനെ ചുറ്റുന്നത് പോലെ.

അപ്പോൾ ഒരു സൂര്യസഞ്ചാരം അല്ലെങ്കിൽ സൂര്യൻ്റെ ഭ്രമണപഥം (orbit) എന്നാൽ ഒരു കേന്ദ്രത്തിൽ നിന്നും ഒരേ സമയം ആകർഷിക്കപ്പെടുകയും വികർഷിക്കപ്പെടുകയും (അടുക്കുകയും അകന്നുപോകുകയും) ചെയ്യലല്ലെ ?! സൂര്യഭ്രമണത്തിൻ്റെ ഭ്രമണപഥ രൂപീകരണത്തെ സംബന്ധിച്ച അത്ഭുതകരമായ ഈ ശാസ്ത്രീയ സൂചന നൽകി എന്നത് ഹദീസിൻ്റെ മൗലികതയെ ഊട്ടി ഉറപ്പിക്കുന്നു.

അപ്പോൾ സൂര്യൻ്റെ Rotation (കറക്കം, സഞ്ചാരം) ഒരു പോക്കും വരവും തന്നെയാണ്. ഗാലക്സിയുടെ കേന്ദ്രത്തിലേക്കുളള “മടക്കവും” അതിൽ നിന്ന് തെന്നിമാറിയുള്ള “പോക്കും” ആകുന്നു. ഈ പോക്കും മടക്കവും സൃഷ്ടിക്കുന്ന സൂര്യൻ്റെ ഭ്രമണപഥ കറക്കത്തിൻ്റെ material cause അല്ലെങ്കിൽ efficient cause ആകേന്ദ്രബലവും (centripetal force) അപകേന്ദ്രബലവും (centrifugal force) ആകുന്നു. പക്ഷെ അതിൻ്റെ അവസാന കാരണം ദൈവ സന്നിധിയിലേക്കുള്ള “പോക്കി”ൻ്റെയും “വരവി”ൻ്റെയും വിരാമമൊ ഭംഗമൊ ഇല്ലാത്ത പരമ്പരയാണ് എന്ന് ഹദീസ് വ്യാഖ്യാനിക്കുന്നു.

ആകേന്ദ്രബലവും അപകേന്ദ്രബലവും ഗുരുത്വാകർഷണ ബലവുമൊക്കെ എങ്ങനെ അവസാന കാരണമാവും?! ആ കാരണങ്ങളെല്ലാം അവസാനിക്കാത്ത ചോദ്യങ്ങൾക്ക് വിധേയമാവുന്നുണ്ട്. ഗുരുത്വാകർഷണ ബലത്തിന് കാരണമെന്താണ്? വസ്തുക്കളുടെ പിണ്ഡമാണെങ്കിൽ, പിണ്ഡമെന്തിന് ആകർഷണം ഉണ്ടാക്കുന്നു? പിണ്ഡം സ്‌പേസ്‌ടൈം എന്ന് വിളിക്കപ്പെടുന്ന, പ്രപഞ്ചത്തിൻ്റെ നിർമ്മാണത്തെ (fabric of the universe) വളക്കുന്നത് കാരണമാണ് എന്നാണ് ഉത്തരമെങ്കിൽ, അടുത്ത ചോദ്യം പ്രപഞ്ചത്തിൻ്റെ നിർമ്മാണത്തെ പിണ്ഡം എന്തിന് വളക്കുന്നു? എന്നാണ്. ഇതിന് ഒരു പ്രമുഖ ഭൗതികശാസ്ത്ര വെബ്സൈറ്റിൽ വന്ന ഒരു ഉത്തരം കാണുക:

“എന്തുകൊണ്ട്? (why) എന്ന ചോദ്യങ്ങൾക്ക് ഭൗതികശാസ്ത്രം അന്തിമ ഉത്തരം നൽകേണ്ടതുണ്ടോ?എൻ്റെ അഭിപ്രായത്തിൽ, അത് ഭൗതികശാസ്ത്രജ്ഞൻ്റെ ലക്ഷ്യമല്ല, മാത്രമല്ല അത് ഭൗതികശാസ്ത്രത്തിൻ്റെ പരിധിക്കപ്പുറവുമാണ്.

ചുറ്റുമുള്ള അനന്തമായ സങ്കീർണ്ണമായ ലോകത്തിൻ്റെ ചില വശങ്ങൾ മനസ്സിലാക്കുന്നതിനും പ്രവചിക്കുന്നതിനുമുള്ള നമ്മുടെ ഉപകരണങ്ങളായാണ് ഭൗതികശാസ്ത്രം കൂടുതലും സിദ്ധാന്തങ്ങളെ നിർമ്മിക്കുന്നത്. ചിലപ്പോഴൊക്കെ നമ്മൾ ഒരു പൊതു പ്രയോഗക്ഷമതയുള്ള ഒരു സിദ്ധാന്തത്തിലേക്ക് എത്തുന്നു, അത് ഒന്നിലധികം വിച്ഛേദിക്കപ്പെട്ട നിരീക്ഷണങ്ങൾക്ക് ഗംഭീരമായ സൈദ്ധാന്തിക ഏകീകരണം നൽകുന്നു…”
(https://physics.stackexchange.com/questions/250709/why-does-matter-curve-space-time)

ഇതു തന്നെയല്ലെ മതവിശ്വാസികൾ കാലാകാലങ്ങളായി തൊണ്ട കീറി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത്?! ശാസ്ത്രം ഉത്തരം അന്വേഷിക്കുന്നത് How (എങ്ങനെ?) ചോദ്യങ്ങൾക്കാണ്. മതത്തിൻ്റെയും തത്ത്വശാസ്ത്രത്തിൻ്റെയും മേഖലയാണ് എന്തുകൊണ്ട്? (why) എന്ന ചോദ്യങ്ങൾ.

സൂര്യപ്രയാണവുമായി ബന്ധപ്പെട്ട, പ്രത്യേകം ശ്രദ്ധേയമായ ഒരു വിവരം കൂടി ഈ ചർച്ചയിൽ കൂട്ടിവായിക്കാൻ അർഹതപ്പെടുന്നു:
“സൂര്യൻ ക്ഷീരപഥത്തിന് ചുറ്റും കറങ്ങുമ്പോൾ, മറ്റ് താരാപഥങ്ങളെ അപേക്ഷിച്ച് സൂര്യൻ മുകളിലേക്കും താഴേക്കും നീങ്ങുന്നതായി കാണപ്പെടുന്നു”. (https://public.nrao.edu,
www.forbes.com)

സഞ്ചാരത്തിനിടയിൽ സൂര്യൻ്റെ ഈ മുകളിലേക്കും താഴേക്കും നീങ്ങലുകൾ എന്തായിരിക്കും ?!
മുകളിലേക്കും താഴേക്കും നീങ്ങലുകൾക്കും material/efficient cause കൾക്കപ്പുറം ആത്യന്തികമായ ഒരു ഉദ്ദേശ്യ സമ്പൂർണമായ കാരണം ഉണ്ടാവും എന്നതാണ് ഒരു വിശ്വാസി കരുതുന്നത്. കാരണം പ്രപഞ്ചത്തിൽ ഒന്നും അലക്ഷ്യവും ആകസ്മികവുമായിട്ടില്ല. ദൈവം എല്ലാം സൃഷ്ടിച്ചത് ലക്ഷ്യപൂർവ്വമാണ്. അവയിൽ ചിലത് നാം അറിയുന്നു, മിക്കവയും നാം അറിയുന്നില്ല. “അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.”
(ക്വുർആൻ: 17: 85)

********************************
ഇനി, സൂര്യ സഞ്ചാരവും രാപ്പകലുകളുടെ നിർമ്മിതിയുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് അടുത്തതായി വരാം.

“ഭൂമിയുടെ ഭ്രമണമാണ് രാപ്പകലുകളുടെ കാരണം (cause); അല്ലാതെ സൂര്യ സഞ്ചാരം അല്ല. അപ്പോൾ ഹദീസിലെ അത്തരമൊരു വിശദീകരണം ശാസ്ത്രീയമായി തെറ്റാണ്” എന്നതാണ് വിമർശനം. ഈ വിമർശനവും പല കാരണങ്ങളാലും ബാലിശമാണ്:

1. സൂര്യൻ നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റും ചലിച്ച് കൊണ്ടിരിക്കുന്നു എന്ന, ഒരുപാട് നാൾ ശാസ്ത്രജ്ഞർക്ക് അജ്ഞമായ ഒരു വിവരമാണ് ഹദീസ് സംസാരിക്കുന്നത് എന്ന അത്ഭുതകരമായ വസ്തുത വിമർശകർ “ശ്രദ്ധാപൂർവ്വം” അവഗണിക്കുന്നു.

രാവും പകലും ആവർത്തിക്കുന്നതിൽ ഭൂമിയുടെ സ്വയം ഭ്രമണം മാത്രം പങ്കു വഹിക്കുന്നുള്ളു എന്ന വാദം ഈ ലോകത്ത് ഒരു ശാസ്ത്ര വിജ്ഞാനിയും പറയില്ല. കാരണം, ഇവയിൽ സൂര്യൻ്റെ പ്രയാണത്തിനാണല്ലൊ പ്രാഥമികമായ പങ്ക്. ഗാലക്സിയുടെ ക്രേന്ദഭാഗത്തിന് ചുറ്റും കോണീയ ആക്കത്തോടെ സൂര്യൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടല്ലെ -അടിസ്ഥാനപരമായി – രാപ്പകലുകളുടെ ആവർത്തനം ഉണ്ടാവുന്നത്? അഥവാ സൂര്യൻ്റെ സഞ്ചാരം പൊടുന്നനെ നിന്നാൽ… അല്ലെങ്കിൽ സൂര്യൻ പൊടുന്നനെ എതിർ ദിശയിലേക്ക് സഞ്ചരിക്കുകയും ഗ്രഹങ്ങൾ സൂര്യൻ്റെ ഗുരുത്വാകർഷണ വലയത്തിനപ്പുറത്തേക്ക് മുന്നോട്ട് നീങ്ങിയാൽ പിന്നെ രാവും പകലും ഉണ്ടോ? ഒരിക്കലുമില്ല. സൂര്യൻ്റെ പെട്ടെന്നുള്ള സ്‌തംഭനം സംഭവിക്കുകയും ഭൂമിയും മറ്റു ഗ്രഹങ്ങളും മുന്നോട്ട് ഗമിക്കുകയും ചെയ്യുന്നതോടെ ഭൂമിയുടെ ഒരു ഭാഗത്ത് മാത്രം പകലും മറുവശത്ത് രാത്രി മാത്രം ദിവങ്ങളോളമൊ ആഴ്ച്ചകളോളം നിലനിൽക്കുകയും പിന്നീട് ഭൂമി എന്നെന്നേക്കുമായ ഇരുട്ടിലേക്കും (രാത്രിയിലേക്കും) അനന്തമായ ശൂന്യാകാശത്തേക്ക് ഒഴുകി പോവുകയും ചെയ്യും. (സൂര്യൻ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി ഭൂമിയിൽ അനുഭവപ്പെടും.)

അപ്പോൾ ദൈവ സമ്മതം നിരന്തരം ലഭിച്ച് സൂര്യൻ അതിൻ്റെ പ്രയാണം അനുസ്യൂതം തുടരുന്നു എന്നതിനാലാണ് അടിസ്ഥാനപരമായി രാപ്പകലുകൾ ഉണ്ടാവുന്നത് എന്ന് വിശദീകരിക്കുന്നതിൽ ശാസ്ത്രീയമായി ഒരു അബദ്ധവുമില്ല.

സൂര്യൻ്റെ ഈ സഞ്ചാരം നിലച്ചാൽ എന്താണ് സംഭവിക്കുക:

“സൂര്യൻ അത്ഭുതകരമായി അപ്രത്യക്ഷമായാൽ, ഭൂമിയും (സൗരയൂഥത്തിലെ മറ്റെല്ലാ വസ്തുക്കളും) അവയുടെ -ഏതാണ്ട് വൃത്താകൃതിയിലുള്ള- ഭ്രമണപഥങ്ങൾ പിന്തുടരുന്നതിനുപകരം, ബഹിരാകാശത്തേക്ക് ഒരു നേർരേഖയിൽ മുന്നോട്ട് നീങ്ങുന്നത് തുടരും… ഭൂമി ബഹിരാകാശത്ത് ഒഴുകുന്നത് തുടരും. അങ്ങനെ സംഭവിച്ചാൽ പോലും, സൂര്യൻ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി ആഴ്ചകൾക്കുള്ളിൽ നാം മരവിച്ച് മരണമടയും!

(https://www.sciencefocus.com/space/what-would-happen-to-earths-orbit-if-the-sun-vanished)

സൂര്യൻ്റെ ചലനം നിന്നാൽ എന്ത് സംഭവിക്കും? എന്ന ചോദ്യത്തിന് Brainly ലെ ഒരു ശാസ്ത്ര കുതുകി എഴുതിയ മറുപടിയിലെ വാചകങ്ങൾ ശ്രദ്ധിക്കൂ:

സൂര്യൻ്റെ ചലനം നിന്നാൽ ഒരു ദിശയിലേക്ക് മാത്രം സൂര്യോദയം നിലനിൽക്കും, അതിലൂടെ മഞ്ഞ് മലകൾ ഉരുകാൻ തുടങ്ങുകയും വെള്ളപ്പൊക്കത്താൽ നാം കഷ്ടപ്പെടുകയും ചെയ്യും…
(https://brainly.in/question/43106937)

ഭൂമി എതിർ ദിശയിൽ കറങ്ങിയാൽ സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുകയും കിഴക്ക് അസ്തമിക്കുകയും ചെയ്യുന്നതായി ഭൗമികമായി അനുഭവപ്പെട്ടേക്കാം. എന്നാൽ അത് ഒരു ലോകാവസാനത്തിലേക്ക് എത്തി ചേരില്ല എന്നാണ് ശാസ്ത്രസൂചന.

അങ്ങനെ സംഭവിച്ചാൽ, “ഭൂമി വ്യത്യസ്തമായിരിക്കുമെങ്കിലും ജീവയോഗ്യം തന്നെയായിരിക്കും” എന്നാണ് പഠനങ്ങൾ പറയുന്നത്.
( https://www.sciencefocus.com/planet-earth/what-would-happen-if-earth-spun-the-other-way )

എന്ന് മാത്രമല്ല കൂടുതൽ മനോഹരമായ ഒരു ലോകമാണ് അതിലൂടെ സംജാതമാവുക എന്നു കൂടി പഠനങ്ങൾ നിഗമിക്കുന്നു:

“മൊത്തത്തിൽ, പിന്നിലേക്ക് കറങ്ങുന്ന ഭൂമി പച്ചനിറമുള്ള ഭൂമിയാണെന്ന് ഗവേഷകർ കണ്ടെത്തി. ആഗോള മരുഭൂമിയുടെ വിസ്തീർണം ഏകദേശം 16 ദശലക്ഷം ചതുരശ്ര മൈലിൽ (42 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) നിന്ന് ഏകദേശം 12 ദശലക്ഷം ചതുരശ്ര മൈൽ (31 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) ആയി ചുരുങ്ങും. മുൻ മരുഭൂപ്രദേശങ്ങളിൽ പകുതിയോളം പുല്ലുകൾ മുളച്ചു, മറുപകുതിയിൽ മരച്ചെടികൾ ഉയർന്നുവരും…”
( https://www.livescience.com/62405-what-if-earth-rotation-reversed.html )

അപ്പോൾ, സൂര്യൻ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഉദിച്ച് കിഴക്ക് അസ്തമിക്കുകയും അതോടൊപ്പം ലോകാവസാനവും ഭൂമിയുടെ സർവ്വനാശവും ഉണ്ടാവുക എന്ന ഒരു പ്രതിഭാസം സംഭവിക്കണമെങ്കിൽ സൂര്യൻ്റെ പ്രയാണത്തിൽ മാറ്റം സംഭവിച്ചെ തീരൂ. ഈ മാറ്റമാണ് ഹദീസിൽ സൂചിപ്പിക്കപ്പെട്ടത്, ഭൂമിയുടെ സഞ്ചാരഗതിയിലുള്ള മാറ്റമല്ല എന്നത് ഹദീസിൻ്റെ ശാസ്ത്രീയതക്ക് മാറ്റ് കൂട്ടുന്നു.

2. സൗരയൂഥത്തിൻ്റെ ഘടന, ഭൂമി, സൂര്യൻ ചന്ദ്രനക്ഷത്രാദികൾ, അവയുടെ രൂപം, അവയുടെ സഞ്ചാരം എന്നിങ്ങനെ ഖഗോളശാസ്‌ത്രവുമായി ബന്ധപ്പെട്ട മിക്കവാറും ശാസ്ത്രീയ വിവരങ്ങളും വസ്തുതകളും ക്വുർആനിലൂടെയും പ്രവാചകനിലൂടെയും മുസ്‌ലിംകൾക്ക് നൽകപ്പെട്ടിരിരുന്നു. ഉദാഹരണത്തിന് ക്വുർആനിലെ കേവലം മൂന്ന് വചനങ്ങളിലൂടെ മുസ്‌ലിംകൾക്ക് ലഭിച്ച ഖഗോളശാസ്‌ത്ര വിജ്ഞാനങ്ങൾ എന്തൊക്കെയായിരുന്നു എന്ന് നമ്മുക്കൊന്ന് പരിശോധിക്കാം:

“അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു.” (ക്വുർആൻ: 21:33)

“സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനാവില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.”(ക്വുർആൻ: 36:40)

“രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു.”
(ക്വുർആൻ: 35: 13)

ഈ മൂന്ന് ക്വുർആൻ വചനങ്ങൾ താഴെ പറയുന്ന ഖഗോളശാസ്‌ത്ര വസ്തുതകളെ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചു:

* ഭൂമി, സൂര്യൻ, ചന്ദ്രൻ എന്നിങ്ങനെ എല്ലാ ഗോളങ്ങളും തുടർ പ്രയാണത്തിലും ചലനത്തിലുമാണ്.

* كُلࣱّ فِی فَلَكࣲ یَسۡبَحُونَ

“…ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു.” (ക്വുർആൻ: 21: 33) എന്ന വാചകത്തിലെ ‘യസ്‌ബഹൂൻ'(يسبحون) എന്ന പദത്തിലൂടെ സൂര്യചന്ദ്രനക്ഷത്രാദികൾ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുക മാത്രമല്ല, സ്വയം തിരിയുക കൂടി ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്നു.

* എല്ലാ ഗോളങ്ങളും ഒരു ഭ്രമണപഥത്തിലൂടെ (orbit) യാണ് സഞ്ചരിക്കുന്നത്.

* ഭ്രമണപഥങ്ങൾ (orbit) ഏതാണ്ട് വൃത്താകൃതിയിലാണ്; ദീർഘവൃത്താകൃതി (elliptical).

ക്വുർആനിൽ ഭ്രമണപഥം എന്നതിന് പ്രയോഗിക്കപ്പെട്ട “ഫലക്” (الفَلَك) എന്ന പദം തന്നെ വൃത്താകൃതിയെ സൂചിപ്പിക്കുന്നുണ്ട്.

الفَلَك: مَدَار النجوم.
والجمع: أفلاك.
وفَلَكَ كل شيء: مُستداره ومٌعظَمه.
وفَلَكَ البحر: مَوْجه المستدير المتردّد

ഫലക് (الفَلَك) എന്ന പദം വട്ടത്തെയും വളഞ്ഞ, കറങ്ങി വരുന്ന വഴിയെയുമെല്ലാമാണ് സൂചിപ്പിക്കുന്നത് എന്ന് പൗരാണിക അറബി ഭാഷാ പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്.
(ഫിൽ മുഹ്കമുൽ മുഹീത്വ്: ഇബ്നു സീദ:)

ഫലക് (الفَلَك) എന്ന പദം വൃത്താകൃതിയെ സൂചിപ്പിക്കുന്നു എന്ന് പ്രവാചക ശിഷ്യനായ ഇബ്നു അബ്ബാസും വിശദീകരിച്ചിട്ടുണ്ട്.
(അസ്വവാഇകു ശ്ശദീദ അലാ ഇത്തിബാഇൽ ഹൈഅതിൽ ജദീദ: ഹമൂദ് ബിൻ അബ്ദുല്ല അത്തുവൈജിരി, ഫൈദുൽ ക്വദീർ: മുനാവി:1:647)

* كُلࣱّ فِی فَلَكࣲ یَسۡبَحُونَ

“…ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു.” (ക്വുർആൻ: 21: 33) എന്ന വാചകത്തിലെ “ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ” (كُلࣱّ فِی فَلَكࣲ) എന്നത് ഒരു ഉച്ഛാരണപരമായ അനുലോമവിലോമ വാചകമാണ്. അനുലോമവിലോമപദം/വാചകം (palindrome) എന്നാൽ, madam അല്ലെങ്കിൽ racecar പോലെയുള്ള മുന്നോട്ടും പിന്നോട്ടും ഒരു പോലെ വായിക്കാവുന്ന വാക്കുകളും, സംഖ്യകളും, ശൈലികളും ഒക്കെ ഉൾക്കൊള്ളുന്ന ഒരു ശ്രേണിയാണ്.

كُلࣱّ فِی فَلَكࣲ
ك ل ف ي ف ل ك

ഈ അനുലോമവിലോമ വാചകളിലെ അക്ഷരങ്ങൾ തമ്മിൽ വരച്ചു ചേർത്താൽ ഗോളങ്ങളുടെ ഭ്രമണപഥത്തിൻ്റെ (orbit) രൂപം ദൃശ്യമാവും!

* ഭൂമിയും മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം ഉരുണ്ട ആകൃതിയിലാണ് എന്നും ഈ മൂന്ന് വാക്യങ്ങളിൽ നിന്നും തെളിയുന്നു. അതുകൊണ്ട് തന്നെ ഭൂമിയും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം ഗോളാകൃതിയിലാണ് എന്ന കാര്യത്തിൽ പ്രവാചക കാലഘട്ടം മുതൽക്കെ, മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്നും, യാതൊരു അഭിപ്രായ വ്യത്യാസവും അവർക്കിടയിൽ നിലവിലുള്ളതായി അറിയില്ല എന്നും ഹിജ്റാബ്ദം രണ്ടാം ഒന്നാം നൂറ്റാണ്ടുകാരായ, ഇമാം അഹ്മദുബ്നു ഹമ്പലിൻ്റെ ശിഷ്യഗണങ്ങൾ, ഹിജ്റാബ്ദം 256 മരണപ്പെട്ട (869 CE) ഇബ്നു മുനാദി, ഹിജ്റാബ്ദം 384 മരണപ്പെട്ട (994 CE) ഇബ്നു തൈമിയ, ഹിജ്റാബ്ദം 661 മരണപ്പെട്ട (1263 CE) ഇബ്നു തൈമിയ, ഹിജ്റാബ്ദം 543 ൽ ഭൂജാതനായ ഇമാം റാസി (1149 CE) തുടങ്ങി ഒട്ടനവധി പൗരാണിക പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
(മജ്മൂഉൽ ഫതാവാ: 25/195, 6/586, അൽഫസ്ൽ ഫിൽ മിലലി വൽഅഹ്‌വാഇ വന്നിഹൽ:2/78)

ക്വുർആനിലും (39: 5) ഹദീസിലും വന്ന (യുകവ്വിറു يكور പന്ത് പോലെ ഉരുട്ടുന്നു എന്ന) പ്രസ്‌താവനകളിൽ നിന്ന് അറിവിൽ നേതൃപദവി (ഇമാം) അലങ്കരിക്കുന്ന സർവ്വ പണ്ഡിതരും ഭൂമിയുടെ ഗോളാകൃതി അംഗീകരിക്കുന്നവരായിരുന്നു എന്നും ഇമാം ഇബ്നു ഹസം വിശദീകരിക്കുകയുണ്ടായി.
(അൽഫസ്ൽ ഫിൽ മിലലി വൽഅഹ്‌വാഇ വന്നിഹൽ: 2/78)

ഖഗോളശാസ്‌ത്രവുമായി ബന്ധപ്പെട്ട മിക്കവാറും ശാസ്ത്രീയ വിവരങ്ങളും വസ്തുതകളും ക്വുർആനിലൂടെയും പ്രവാചകനിലൂടെയും മുസ്‌ലിംകൾക്ക് നൽകപ്പെട്ടിരിരുന്നു എന്നർത്ഥം. ഇത് ഈ കാലഘട്ടത്തിലെ മുസ്‌ലിംകൾ മുന്നോട്ട് വെക്കുന്ന ഒരു അവകാശവാദമല്ല എന്ന് പ്രവാചകശിഷ്യന്മാരുടെയും പൗരാണിക മുസ്‌ലിം പണ്ഡിതന്മാരുടെയും ക്വുർആൻ വ്യാഖ്യാനത്തിൽ നിന്നും തന്നെ ഇവിടെ തെളിയിച്ചു കഴിഞ്ഞു. സൗരയൂഥത്തിൻ്റെ ഘടന, ഭൂമി, സൂര്യൻ ചന്ദ്രനക്ഷത്രാദികൾ, അവയുടെ രൂപം, അവയുടെ സഞ്ചാരം എന്നിങ്ങനെ സർവ്വതും മുസ്‌ലിംകൾ പണ്ടു മുതലേ -ക്വുർആനിൽ നിന്നും ഹദീസുകളിൽ നിന്നും – മനസ്സിലാക്കിയിരുന്നു. എന്നിട്ടും ഹദീസിലെ സൂര്യൻ്റെ സാഷ്ടാംഗവും അവർക്ക് അവരുടെ ഖഗോളശാസ്‌ത്ര വിജ്ഞാനങ്ങൾക്ക് എതിരായി ഒരു കാലഘട്ടത്തിലും തോന്നിയില്ല. അതിന് കാരണം സൂര്യഭ്രമണത്തിൻ്റെ material cause നെ പറ്റി പഠിപ്പിക്കുകയല്ല മതത്തിൻ്റെ ആത്യന്തികമായ ലക്ഷ്യം എന്ന തിരിച്ചറിവാണ്. ഈ പ്രകൃതി പ്രതിഭാസങ്ങളുടെ ആത്മീയ മണ്‌ഡലവും പരമമായ കാരണങ്ങളും (ദൈവിക ലക്ഷ്യം) വിശദീകരിക്കുകയാണ് മതം ചെയ്യുന്നത് എന്ന കേവല ബുദ്ധിയും തത്ത്വജ്ഞാനവും അവർക്കെല്ലാം ഉണ്ടായിരുന്നു. അനുഭവം മാത്രമാണ്‌ ജ്ഞാനത്തിനു കാരണമെന്നുള്ള എൻപിരിസസ (empiricism) ജ്വരവും ശാസ്ത്രത്തെ മതവൽകരിക്കുന്ന സയൻ്റിസമൊ (scientism) മുസ്‌ലിംകളിലെ തത്ത്വജ്ഞാന ബോധത്തെയും യുക്തിയെയും ഊറ്റി കളഞ്ഞിട്ടില്ല എന്നതാണ് ഈ തിരിച്ചറിവിന് കാരണം.

ചുരുക്കത്തിൽ, അശാസ്ത്രീയവും അയുക്തികരവുമായ ഒന്നും ഹദീസിൻ്റെ ഉള്ളടക്കത്തിൽ ഇല്ല.
ശാസ്ത്രീയ പ്രവചനങ്ങളുടെയും സൂചനകളുടെയും ഒരു അത്ഭുത കലവറയാണ് യഥാർത്ഥത്തിൽ ഈ ഹദീസ്.

print

1 Comment

  • MaSha Allah..

    Silshij 26.02.2024

Leave a comment

Your email address will not be published.