തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -7

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -7
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -7
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -7

അടിമ മോചനത്തെ പ്രവാചകൻ (സ) വിലക്കിയോ ?!

ഇസ്‌ലാം അടിമ മോചനത്തെ വ്യത്യസ്ത രീതിയിൽ പ്രോത്സാഹിപ്പിച്ചു എന്നത് ഒരു ചരിത്ര വസ്തുതയാണ്; അനിഷേധ്യമായ യാഥാർത്ഥ്യമാണ്. പുണ്യപ്രവര്‍ത്തനങ്ങളിലും മഹാ സൽകർമ്മങ്ങളിലും മുഹമ്മദ് നബി (സ) അടിമ മോചനത്തെ ഉൾപ്പെടുത്തി.

“എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ ? അത് അടിമയുടെ മോചനമാണ്. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. അടുത്ത ബന്ധുവായ അനാഥയ്ക്ക്. അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്‌.”
(ഖുർആൻ: 90: 11-16)

അബൂഹുറൈറ (റ) നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറഞ്ഞു: ആരെങ്കിലും ഒരു അടിമയെ മോചിപ്പിച്ചാൽ അടിമയുടെ ഓരോ അവയവം കൊണ്ട് മോചിപ്പിച്ചവന്റെ ഓരോ അവയവവും നരകാഗ്‌നിയിൽ നിന്ന് അല്ലാഹു മോചിപ്പിക്കും.
(സ്വഹീഹുൽ ബുഖാരി: 2332, സ്വഹീഹു മുസ്‌ലിം: 2776)

സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന പ്രവർത്തനം പഠിപ്പിച്ച് തരാൻ ആവശ്യപ്പെട്ട ഗ്രാമീണനോട് അടിമയെ മോചിപ്പിക്കുക, മോചനത്തെ സഹായിക്കുക എന്ന രണ്ട് കർമ്മങ്ങൾ പ്രവാചകൻ വിധിച്ചു.
(സ്വഹീഹു ഇബ്നുഹിബ്ബാൻ: 374)

പ്രവാചക ശിഷ്യന്മാരായ ഇബ്നു ഉമർ (റ) ആയിരത്തിലധികവും ഹകീമുബ്നു ഹുസാം നൂറ് അടിമകളേയും മോചിപ്പിക്കുകയുണ്ടായി. സ്വന്തം അടിമകളും മറ്റുള്ളവരുടെ അടിമകളെ വിലക്കു വാങ്ങിയുമാണ് ഈ മോചനം.

കഅ്ബ ഏഴ് തവണ ത്വവാഫ് ചെയ്ത് രണ്ട് റക്അത്ത് നമസ്ക്കരിച്ചാൽ ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്. (ബൈഹഖി)
വെള്ളി, പാൽ, ഇടവഴി എന്നിവ സമ്മാനം നൽകുന്നവന് ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്. (സ്വഹീഹ് ഇബ്നു ഹിബ്ബാൻ). രാവിലേയും വൈകുന്നേരവും പത്തു തവണ لا إله إلا الله وحده لا شريك له، له الملك وله الحمد، يحي ويميت، وهو على كل شيء قدير
എന്ന പ്രാർത്ഥന ചൊല്ലുന്നവന് പത്ത് അടിമകളെ മോചിപ്പിച്ച പ്രതിഫലമുണ്ട് എന്നെല്ലാമുള്ള പ്രവാചകന്റെ(സ) തിരുമൊഴികൾ അടിമ മോചനം പുണ്യകർമ്മമാണെന്ന് പ്രഖ്യാപിക്കുന്നു.

സക്കാത്ത് നൽകേണ്ട എട്ട് വിഭാഗത്തിൽ ഒന്ന് അടിമ മോചനത്തിനായി ഇസ്‌ലാം നീക്കിവെച്ചു.

“സകാത്ത് ദരിദ്രർക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാർക്കും ‎മനസ്സിണങ്ങിയവർക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവർക്കും ‎ദൈവമാർഗ്ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കർക്കും മാത്രമുള്ളതാണ്.”
(ഖുർആൻ: 9: 60)

പാപങ്ങളിൽ പലതിനുമുള്ള പ്രായശ്ചിത്തമായി അടിമ മോചനം പ്രവാചകൻ (സ) നിശ്ചയിച്ചു.

അപ്പോള്‍ അതിന്‍റെ (ശപഥങ്ങൾ ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. (ഖുർആൻ: 5: 89)

തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌.
(ഖുർആൻ: 58: 3)

മോചന പത്രമെഴുതി സ്വാതന്ത്രനാകാനുള്ള അവകാശം നബി (സ) അടിമകൾക്ക് നൽകി.

അടിമ മോചനം ഇത്രയധികം പ്രോത്സാഹിപ്പിച്ച, പുണ്യകർമ്മമായി പ്രഖ്യാപിച്ച ഒരു ഇസ്‌ലാം പൂർവ്വ മതത്തേയോ പ്രത്യയശാസ്ത്രത്തേയോ കാണിച്ചു തരാൻ ഇസ്‌ലാമോഫോബിക്കുകൾക്ക് ആർക്കെങ്കിലും കഴിയുമോ എന്ന വെല്ലുവിളി ഇവിടെയും ആവർത്തിക്കട്ടെ.

തന്റെ ഭൃത്യയെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച വിവരം അറിയിച്ച മൈമൂനയെ(റ) മുഹമ്മദ് നബി (സ) വിലക്കി അല്ലെങ്കിൽ നിരുത്സാഹപ്പെടുത്തി എന്നതാണ് പുതിയ വിമർശനം.

പതിവു പോലെ അടിസ്ഥാനമില്ലാത്ത കേവല ആരോപണം മാത്രമാണ് ഇത് എന്ന് വിശദീകരിക്കുകയാണ് ഇവിടെ ഉദ്ദേശ്യം. അതിനായി, ആദ്യമായി വിമർശന വിധേയമായ ഹദീസ് ഒന്ന് വായിക്കാം:

പ്രവാചക പത്നി മൈമൂന (റ) തന്റെ ഭൃത്യയെ അടിമത്തത്തിൽ നിന്ന് – പുണ്യമാഗ്രഹിച്ചു കൊണ്ട് – മോചിപ്പിച്ചു. പ്രവാചകനോട്(സ), മൈമൂന (റ) വിവരം അറിയിച്ചപ്പോൾ, “നിന്റെ സഹോദരിമാർക്ക് അവളെ (ഭൃത്യയെ) നീ നൽകിയിരുന്നെങ്കിൽ അത് നിനക്ക് മഹത്തായ പ്രതിഫലത്തിന് കാരണമാകുമായിരുന്നു..” എന്ന് അദ്ദേഹം (സ) പറഞ്ഞു.

അടിമ മോചനത്തെ നിരുത്സാഹപ്പെടുത്തുകയല്ല ഈ ഹദീസിലൂടെ പ്രവാചകൻ (സ) ചെയ്തത്. അടിമ മോചനത്തെ സംബന്ധിച്ച ഒരു പൊതു നിയമം പോലുമല്ല ഇത്. അടിമ മോചനവുമായി ബന്ധപ്പെട്ട് ഇസ്‌ലാം പ്രഖ്യാപിച്ച പൊതു നിയമവും ശ്രേഷ്ഠതയും മഹത്വവും മുമ്പ് നാം വിവരിച്ചു കഴിഞ്ഞു.

ഇത് പ്രത്യേക സാഹചര്യത്തിൽ, പ്രത്യേക വ്യക്തിയുമായി (മൈമൂന) ബന്ധപ്പെട്ട് പ്രവാചകൻ (സ) പ്രകടിപ്പിച്ച ഒറ്റപ്പെട്ട അഭിപ്രായം മാത്രമാണ്.

ഈ ഒറ്റപ്പെട്ട പ്രസ്‌താവനയിൽ, അടിമ മോചനത്തെ നിരുത്സാഹപ്പെടുത്തുന്നതോ തടയുന്നതോ പ്രതിഫലത്തെ നിഷേധിക്കുന്നതോ ആയ ഒന്നും തന്നെയില്ല. അത് പൂർണമായും മനസ്സിലാവണമെങ്കിൽ ഹദീസിന്റെ വ്യത്യസ്‌ത നിവേദനങ്ങൾ ഒരുമിച്ച് വെച്ച് വായിക്കണം.

1. അടിമ മോചനത്തെ സംബന്ധിച്ച വിവരം അറിയിച്ച മൈമൂനയോട് പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞുവെന്നാണ് ഒരു നിവേദനത്തിൽ വന്നിരിക്കുന്നത് :
آجرك الله أما إنك لو كنت أعطيتها أخوالك كان أعظم لاجرك
“നിനക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ… എന്നാൽ നീ അവളെ നിന്റെ മാതൃസഹോദരിമാർക്ക് (ചില നിവേദനങ്ങളിൽ സഹോദരിമാർക്ക്) നൽകിയിരുന്നുവെങ്കിൽ അതായിരുന്നു കൂടുതൽ പ്രതിഫലാർഹമാകുമായിരുന്നത്.”
(സുനനുൽ കുബ്റാ: നസാഈ: 4932)

“നിനക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ…” എന്ന വാചകത്തിലൂടെ മൈമൂനയുടെ അടിമ മോചനം പ്രതിഫലാർഹമായ പുണ്യകർമ്മമായി പ്രവാചകൻ (സ) അംഗീകരിച്ചുവെന്ന് ആർക്കും മനസ്സിലാക്കാം.

2. മറ്റൊരു നിവേദനത്തിൽ മൈമൂനയോട്(റ) പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു:

أفلا تفدين بها بنت أخيك أو بنت أختك من رعاية الغنم
“നിന്റെ സഹോദരി പുത്രിമാർക്ക് ആടിനെ മേയ്ക്കുക എന്ന മോചനദ്രവ്യം നിശ്ചയിച്ചു കൊണ്ട് നിനക്ക് അവരെ മോചിപ്പിച്ചു കൂടെ?”
(സുനനുൽ കുബ്റാ: നസാഈ: 4933)

ഈ രണ്ട് നിവേദനങ്ങളും ഒരുമിച്ചു വായിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം:

* സഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരിപുത്രിമാർ എന്നിങ്ങനെ വ്യത്യസ്തമായ നിലയിൽ നിവേദനങ്ങളിൽ പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ട്.

പത്നി മൈമൂനയുടെ കുടുംബക്കാരായ “ഹിലാലിയ” കുടുംബക്കാർക്ക് ആർക്കെങ്കിലും ഭൃത്യയെ നൽകാമായിരുന്നില്ലേ എന്നതാണ് പ്രവാചകൻ (സ) ഉദ്ദേശിച്ചത് എന്ന് മൊത്തം നിവേദനങ്ങളിൽ നിന്നും മനസ്സിലാക്കാം എന്ന് ഇമാം ഇബ്നു ഹജറും ഇമാം നവവിയും വ്യക്തമാക്കുന്നുണ്ട്.
(ശർഹു മുസ്‌ലിം: 7:88, ഫത്ഹുൽ ബാരി: 5:269)

* ഭൃത്യയെ മൈമൂനയുടെ കുടുംബത്തിന് നൽകാമായിരുന്നില്ലേ? എന്ന് ചോദിച്ചതിനർത്ഥം ഭൃത്യയെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കേണ്ട എന്നല്ല പ്രവാചകൻ (സ) ഉദ്ദേശിച്ചത്. മറിച്ച്, ഹിലാലിയ കുടുംബത്തിലെ മൈമൂനയുടെ സഹോദരിമാർക്ക് കുറച്ചു കാലം ആടിനെ മേയ്ച്ച് സഹായിക്കുക എന്നത് ഭൃത്യയുടെ മോചനദ്രവ്യമായി നിശ്ചയിക്കാമായിരുന്നില്ലേ എന്ന് മാത്രമായിരുന്നു പ്രവാചകൻ (സ) ഉദ്ദേശിച്ചത്. രണ്ടാമത്തെ നിവേദനത്തിൽ ഇത് വ്യക്തമായി നമുക്ക് കാണാം.

മൈമൂനയുടെ കുടുംബക്കാരായ ഹിലാലിയക്കാർ ദരിദ്രരായിരുന്നു. ഭൃത്യയെ മോചിപ്പിക്കുന്നതോടൊപ്പം, മൈമൂനയുടെ ദരിദ്ര കുടുംബത്തിലെ ദുർബലരായ സ്ത്രീകളെ സഹായിക്കുക എന്നത് മോചനദ്രവ്യമായി നിശ്ചയിക്കുക കൂടി ചെയ്തിരുന്നെങ്കിൽ രണ്ട് മഹത്തായ പുണ്യകർമ്മങ്ങൾ ആകുമായിരുന്നു അത്. അപ്പോൾ, പ്രവാചകൻ (സ) പറഞ്ഞതു പോലെ, കൂടുതൽ പ്രതിഫലത്തിന് മൈമൂന (റ) അർഹയാകുമായിരുന്നു.

print

No comments yet.

Leave a comment

Your email address will not be published.