തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -6

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -6
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -6
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -6

മാരിയയും (റ) കുറെ അശ്ലീല ആരോപണങ്ങളും

വിമർശന വിധേയമായ ഹദീസുകൾക്ക് മറുപടി നൽകുന്ന മുസ്‌ലിം സാഹിത്യങ്ങൾ വായിച്ചു അതിലെ മറുപടി കളഞ്ഞ് വിമർശനങ്ങൾ പ്രചരിപ്പിക്കുക എന്ന അൽപ്പത്തരമാണ് കേരളത്തിലെ നാസ്തികരുടെ പുതിയ രീതി. കാലങ്ങൾക്ക് മുമ്പെ മിഷണറിമാർ ദുർവ്യാഖ്യാനിച്ച് പരാജയപ്പെട്ട ദുർവ്യാഖ്യാനങ്ങളാണ് നവനാസ്തികർ തങ്ങളുടെ പുതിയ നിരൂപണങ്ങളായി പൗഡറിട്ട് മിനുക്കി ആനയിച്ചു കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കടമെടുക്കുന്നതിനേക്കാൾ പരിഹാസ്യകരമായ രീതിയാണ് നവനാസ്തികരിലെ എക്സ് മുസ്‌ലിംകളുടേത്; ആ ആരോപണങ്ങൾക്ക് ഖണ്ഡനങ്ങളായി എഴുതപ്പെട്ട മുസ്‌ലിം ഗ്രന്ഥങ്ങൾ വാങ്ങി, അവ വായിച്ച്, അവയിലെ ഖണ്ഡനങ്ങൾ കളഞ്ഞ് ആരോപണങ്ങൾ തങ്ങളുടെ വലിയ കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കുക എന്ന നീതികേട്. പഠിക്കാനും കണ്ടെത്താനും മടിയുള്ളവർക്ക് വർഗീയ ജ്വരം ബാധിച്ചാൽ എങ്ങനെയിരിക്കും എന്നതിന്റെ തെളിവാണ് എക്സ് മുസ്‌ലിംസ്. അവരുടെ “പുതിയ” പഴകി പുളിച്ച “കണ്ടെത്തലുകളിൽ” ഒന്നാണ് തുടർന്ന് ഉദ്ധരിക്കുന്ന ഹദീസുമായി ബന്ധപ്പെട്ട ദുർവ്യാഖ്യാനങ്ങൾ:

അല്ലാഹുവിന്റെ തിരുദൂതന്റെ (സ) അടിമ സ്ത്രീയുമായി ഒരാൾക്ക് അവിഹിത ബന്ധം ആരോപിക്കപ്പെടുകയുണ്ടായി. അപ്പോൾ അദ്ദേഹം അലിയോട് (റ) പറഞ്ഞു: താങ്കൾ പോവുക. എന്നിട്ട് അയാളുടെ കഴുത്തു വെട്ടുക. അലി (റ) അയാളുടെ അടുത്ത് ചെന്നു. അപ്പോൾ അയാൾ മുങ്ങി കുളിക്കുകയായിരുന്നു. അലി തന്റെ കൈ പിടിച്ച് അയാളെ പുറത്തേക്ക് കൊണ്ടുവന്നു. അപ്പോൾ അയാൾ ലിംഗമില്ലാത്ത വ്യക്തിയാണെന്ന് മനസ്സിലായി. അപ്പോൾ അലി അയാൾക്ക് വധശിക്ഷ നടപ്പിലാക്കിയില്ല. അലി, നബിയുടെ അടുത്തു ചെന്ന്, അയാൾക്ക് ലിംഗമില്ല എന്ന് അറിയിച്ചു…

സോഷ്യൽ മീഡിയയിലൂടെ ഇന്ന് വികൃതവൽകരിച്ച് പിച്ചിചീന്തപ്പെടുന്ന ഒരു ഹദീസാണിത്. മുഹമ്മദിന്റെ ക്രൂരതയിൽ നിന്ന് ലിംഗം ഇല്ലാത്തത് കൊണ്ട് മാത്രം തല പോകാതെ രക്ഷപ്പെട്ട ഭാഗ്യവാനാണ് ഹദീസിലെ വ്യഭിചാര ആരോപിതൻ എന്നാണ് വിമർശനം. അയാൾക്ക് ലിംഗമുണ്ടായിരുന്നെങ്കിൽ തല പോകുമായിരുന്നില്ലേ ?! വ്യഭിചരിച്ചത് സ്ഥാപിക്കാൻ യാതൊരു തെളിവുമില്ലാതെ ശിക്ഷ നടപ്പാക്കുന്ന ക്രൂരനായ കൊലയാളിയാണ് മുഹമ്മദ് നബി !! എന്നൊക്കെ വിമർശകൻ തട്ടി വിടുന്നുണ്ട്.

കേട്ടാൽ തോന്നും വ്യഭിചാര ആരോപണം ഉന്നയിക്കപ്പെട്ടാൽ ഉടനെ, യാതൊരു തെളിവോ ന്യായമോ ഇല്ലാതെ ആരോപിതരായ വ്യക്തികൾക്ക് വധ ശിക്ഷ നടപ്പാക്കാനാണ് മുഹമ്മദ് നബി പഠിപ്പിച്ചത് എന്ന് ! ഒരു കാലത്ത് മുസ്‌ലിം ആയിരുന്ന, അൽപ്പമെങ്കിലും ക്വുർആൻ പാരായണം ചെയ്തിട്ടുള്ള ആർക്കെങ്കിലും ഇത്തരമൊരു കല്ലുവെച്ച നുണ ആരോപിക്കാൻ സാധിക്കുമോ ?! അൽപമെങ്കിലും ലജ്ജയുണ്ടെങ്കിൽ ക്വുർആനിലെ സൂറത്തു നൂറിലെ വ്യഭിചാര ആരോപണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഈ വിമർശകർ സ്മരിക്കേണ്ടതല്ലെ ?
തെളിവൊ സാക്ഷികളോ ഇല്ലാതെ വ്യഭിചാരം ആരോപിക്കുന്ന ആരോപകർക്ക് ശിക്ഷ നടപ്പാക്കാനല്ലേ ക്വുർആൻ പഠിപ്പിച്ചത് ?
(ക്വുർആൻ : 24: 4) സ്വന്തം ഭാര്യക്കെതിരെ ഭർത്താവോ ഭർത്താവിനെതിരെ ഭാര്യയോ ആണ് വ്യഭിചാരം ആരോപിക്കുന്നതെങ്കിൽ പോലും തെളിവില്ലെങ്കിൽ പരസ്പര ശപഥമല്ലാതെ, ശിക്ഷയില്ല എന്നല്ലെ ക്വുർആനിലെ നിയമം ? (ക്വുർആൻ: 24: 6-8)

“അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ടുവരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.”
(ക്വുർആൻ: 24: 13) എന്ന ക്വുർആന്റെ പ്രഖ്യാപനം മറച്ചു വെക്കാൻ പ്രേരിപ്പിക്കുന്നത് വെറും ഇസ്‌ലാം ഭീതിയും വെറുപ്പുമല്ലാതെ മറ്റൊന്നുമല്ല.

പ്രവാചകന്റെ പ്രിയപത്നിയും ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായ ആഇശക്കെതിരെ(റ) സ്വഫ്‌വാനിബ്നു മുഅത്ത്വലുമായി ബന്ധപ്പെട്ട് വ്യഭിചാര ആരോപണം പ്രചരിക്കപ്പെട്ട സാഹചര്യത്തിലല്ലേ ഈ വചനങ്ങൾ അവതരിപ്പിക്കപ്പെട്ടത് ? തെളിവും സാക്ഷിയുമില്ലാതെ തോന്നിയവരെയെല്ലാം വധിക്കുന്ന സ്വേച്ഛാധിപതിയായിരുന്നു മുഹമ്മദ് നബി (സ) എങ്കിൽ എന്തുകൊണ്ട് സ്വഫ്‌വാനിബ്നു മുഅത്ത്വലിനെ പ്രവാചകൻ (സ) വധിച്ചില്ല? എന്തുകൊണ്ട് ആരോപണം പ്രചരിപ്പിച്ച ആരേയും പ്രവാചകൻ (സ) വധിച്ചില്ല?! തന്റെ പ്രിയതമക്കെതിരെ വ്യഭിചാര ആരോപണം പ്രചരിപ്പിച്ചവർക്ക് വിട്ടുവീഴ്ച്ച നൽകാനും പൊറുത്തു കൊടുക്കാനും അവരിലെ ദരിദ്രർക്ക് നൽകിയിരുന്ന ധന സഹായം തുടർന്ന് നൽകാനും ജനങ്ങളെ പഠിപ്പിക്കുകയല്ലേ മുഹമ്മദ് നബി (സ) ചെയ്തത് ?! ആഇശയുമായി ബന്ധപ്പെട്ട് വ്യഭിചാരാരോപണം പ്രചരിപ്പിച്ച ദരിദ്രർക്ക് താൻ നൽകിയിരുന്ന ദാനം നിർത്തുകയാണെന്ന് ശപഥം ചെയ്ത, ഭാര്യാപിതാവായ അബൂബക്കറിനെ, മുഹമ്മദ് നബി (സ) ക്വുർആൻ കൊണ്ട് തിരുത്തി:
“നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ.അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.”
(ക്വുർആൻ: 24: 22)
ഈ കാരുണ്യത്തിന്റെ മാനവമൂർത്തിയെ വർഗീയ വാദികൾക്ക് ക്രൂരനായി തോന്നുന്നത് ഇസ്‌ലാമിന്റെയോ പ്രവാചകന്റേയോ കുറ്റമല്ല.

وَمَن يَكُ ذا فَمٍ مُرٍّ مَريضٍ
يَجِد مُرّاً بِهِ الماءَ الزُلالا

“രോഗം ബാധിച്ച് രുചി നഷ്ടപ്പെട്ട രോഗിക്ക്, ശുദ്ധജലവും കൈപ്പായി തോന്നുക സ്വാഭാവികം” എന്ന് മഹാകവി മുതനബ്ബി എഴുതിയത് എത്ര സത്യം !!

ഇനി ക്രൂരവൽകരണത്തിന് തെളിവായി സംഘികളുടെ ദഅ്’വാ വിംഗുകാരായ എക്സ് മുസ്‌ലിംസ് ഉദ്ധരിക്കുന്ന ഹദീസിലേക്ക് വരാം. രണ്ട് രൂപത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകാൻ സാധിക്കും:

1. വിമർശകർ ഉദ്ധരിക്കുന്ന ഹദീസിന് ഒരുപാട് നിവേദനങ്ങളുണ്ട്. അതിൽ ഒരു നിവേദനത്തിൽ, നബി (സ) യുടെ അടിമസ്ത്രീയുമായി ബന്ധപ്പെടുത്തി വ്യഭിചാര ആരോപിതനായ വ്യക്തിയുടെ അടുത്തേക്ക് അലിയെ പറഞ്ഞയക്കവെ നബി (സ) ഇപ്രകാരം അലിയോട് കൽപ്പിച്ചതായി ഹദീസിൽ വ്യക്തമായി പ്രസ്ഥാവിക്കുന്നുണ്ട്:
ﻓﺈﻥ ﻭﺟﺪﺗﻪ ﻋﻨﺪﻫﺎ ﻓﺎﻗﺘﻠﻪ
“അയാളെ അവളുടെ അടുത്ത് കണ്ടെത്തുകയാണെങ്കിൽ അയാൾക്ക് വധശിക്ഷ നടപ്പാക്കുക…”
(മുസ്നദു ബസ്സാർ: 634) അഥവാ, മാരിയ്യയുമായി ആരോപിതൻ രഹസ്യ ബന്ധം പുലർത്തുന്നതായി തെളിഞ്ഞാൽ വധ ശിക്ഷ നടപ്പാക്കുക എന്നർത്ഥം.

അബുൽ അബ്ബാസ് അൽ കുർതുബി പറഞ്ഞു:

“ഈ ഹദീസ് തെളിയിക്കുന്നത്: അയാൾക്ക് വധശിക്ഷ നടപ്പാക്കാൻ നബി (സ) കൽപ്പിച്ചത്, അയാളെ മാരിയയുടെ അടുത്ത് കണ്ടെത്തിയാൽ എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ്. അഥവാ (വിവാഹിതനായ വ്യഭിചാരി എന്ന,) വധശിക്ഷ നിർബന്ധമാക്കുന്ന അവസ്ഥയിൽ അയാളെ കണ്ടെത്തുകയാണെങ്കിൽ അയാൾക്ക് വധശിക്ഷ നടപ്പാക്കുക എന്നായിരുന്നു കൽപ്പന… ”
(അൽ മുഫ്ഹിം: 5:146)

വിവാഹിതരായ വ്യഭിചാരിക്കുള്ള ഇസ്‌ലാമിക ശിക്ഷാവിധി വധശിക്ഷയാണ്. വ്യഭിചാര ആരോപണം ഏതെങ്കിലും നിലക്ക് തെളിയിക്കപ്പെട്ടാൽ വധശിക്ഷ നടപ്പാക്കാനായിരുന്നു പ്രവാചക കൽപ്പന എന്ന് ഹദീസിന്റെ മറ്റൊരു നിവേദനത്തിൽ നിന്നും വ്യക്തമാവുന്നു. സ്വാഭാവികമായും ആരോപണത്തെ അസാധ്യമാക്കുന്ന വല്ല തെളിവും ലഭിച്ചാൽ വധശിക്ഷ റദ്ദാക്കപ്പെടും. ഇത്തരം കേസ് – വിധികളും അവയുമായി ബന്ധപ്പെട്ട ‘ ക്വിയാസ് ‘ (യുക്തിയിലൂടെയും തെളിവുകളുടെ മനനത്തിലൂടെയും വിധി കണ്ടെത്തുന്ന) പ്രക്രിയയും കൈകാര്യം ചെയ്യാൻ നിപുണനായിരുന്നു അലി (റ). അന്നത്തെ അറബികളിൽ സാക്ഷരനും കാദി (ജഡ്ജി ) സ്ഥാനത്തിനർഹനുമായ അസുലഭ വ്യക്തിയായിരുന്നു അലി (റ). അതുകൊണ്ടാണ് അലിയെ തന്നെ പ്രവാചകൻ (സ) വിധി (judgement) നടപ്പാക്കാൻ നിശ്ചയിച്ചത്.

അലിയുടെ ഈ കഴിവും അർഹതയും അദ്ദേഹത്തിന്റെ സമൂഹത്തിൽ സുവിദിതമായിരുന്നു. യമനിൽ കാദി (ജഡ്ജി ) ആയി പ്രവാചകൻ (സ) അലിയെ അയക്കുകയുണ്ടായി. അന്നുമുതൽ ഇന്നുവരെ താൻ കദാഅ് (judgement) ൽ ഒരിക്കലും ശങ്കിച്ചിട്ടില്ലെന്നും ഇന്നുവരെ തുടരുന്നുവെന്നും അലി (റ) തന്നെ പറയുന്നുണ്ട്. (സുനനു അബൂദാവൂദ്: 3582)
ഉമർ (റ) ഖലീഫയായി സ്ഥാനാരോഹിതനായ സന്ദർഭത്തിൽ അലിയുടെ ഈ നൈപുണ്യത്തെ അദ്ദേഹം പ്രത്യേകം പരിഗണിക്കുമായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. മദ്യപാനിക്കുള്ള ശിക്ഷ എന്ത് വിധിക്കണമെന്ന കാര്യത്തെ സംബന്ധിച്ച ചർച്ചയിൽ ഉമർ (റ), അലിയുടെ അഭിപ്രായം പ്രത്യേകമായി ആരായുകയുണ്ടായി. അലിയുടെ ക്വിയാസിന്റെ അടിസ്ഥാനത്തിലാണ് മദ്യപാനിക്ക് 80 അടി നിയമായി വിധിക്കുന്നത്.

2. പ്രവാചകൻ സുലൈമാന്റെ(അ) അടുത്ത് രണ്ട് സ്ത്രീകൾ ഒരു കുഞ്ഞിന്റെ മാതൃത്വം അവകാശപ്പെട്ട് തർക്കിച്ചു കൊണ്ട് വരുകയുണ്ടായി. രണ്ടു പേരും ഒരേ കുഞ്ഞിനെ തന്റെ കുഞ്ഞാണെന്ന് അവകാശപ്പെട്ടു. സുലൈമാൻ നബി ഒരു കത്തി കൊണ്ട് വരാൻ കൽപ്പിച്ചു. കുഞ്ഞിനെ മുറിച്ച് രണ്ടു പേർക്കും വീതിച്ച് തരാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ആ കുഞ്ഞിനെ വെട്ടി മുറിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. കുഞ്ഞിന്റെ യഥാർത്ഥ മാതാവ് കുഞ്ഞിനെ മുറിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലല്ലോ. വസ്തുത പുറത്തു കൊണ്ടുവരിക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം… കുഞ്ഞിന്റെ യഥാർത്ഥ മാതാവ് കുഞ്ഞിനെ മുറിക്കേണ്ടെന്നും മറ്റയാൾക്ക് നൽകി കൊള്ളാനും പറഞ്ഞു. എന്നാൽ മറ്റെ സ്ത്രീയാകട്ടെ കുഞ്ഞിനെ മുറിച്ച് വീതിക്കാൻ സമ്മതിച്ചു. ഈ രണ്ട് പ്രതികരണങ്ങളുടേയും വ്യത്യാസത്തെ പരിഗണിച്ച് സുലൈമാൻ നബി (അ) കുഞ്ഞിനെ യഥാർത്ഥ മാതാവിന് വിധിച്ചു.

ഇതിന് സാമ്യമായ ഉദ്ദേശ്യം തന്നെയായിരുന്നു മാരിയ്യയുമായി അവിഹിതം ആരോപിക്കപ്പെട്ട വ്യക്തിക്ക് വധശിക്ഷ നടപ്പാക്കാൻ കൽപ്പിക്കുക വഴി നബി (സ) ഉദ്ദേശിച്ചത്. മാരിയ്യയുടേയും അവരുമായി ബന്ധം ആരോപിക്കപ്പെട്ട വ്യക്തിയുടേയും നിരപരാധിത്വം തെളിവിന്റേയും സാക്ഷികളുടേയും അഭാവത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിധിച്ചാൽ അത് ജനങ്ങളിൽ അവിശ്വാസികളായ ചിലർക്കെങ്കിലും തൃപ്തികരമായി കൊള്ളണമെന്നില്ല. പ്രത്യേകിച്ചും ആഇശയുമായി ബന്ധപ്പെട്ട ആരോപണം തെളിവിന്റേയും സാക്ഷികളുടേയും അഭാവത്തിൽ മുമ്പ് തള്ളപ്പെട്ടതാണല്ലൊ.
(വിശ്വാസികളെ സംബന്ധിച്ചിടത്തോളം വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് ആഇശയുടെയുടേയും ആരോപിതന്റേയും നിരപരാധിത്വം തെളിയിക്കപ്പെട്ടതെങ്കിൽ പോലും അവിശ്വാസികളുടെ മനസ്സിൽ അത് തെളിവല്ലല്ലൊ).
അപ്പോൾ മാരിയ്യയുമായി ബന്ധപ്പെട്ട ആരോപണത്തിൽ തെളിവുകളുടെയും സാക്ഷികളുടേയും അഭാവത്തിനുപരി ആരോപിതരുടെ നിരപരാധിത്വത്തിന് വ്യക്തമായ മറ്റൊരു തെളിവ് പ്രവാചകൻ (സ) ആഗ്രഹിക്കുക സ്വഭാവികമാണല്ലൊ. ആരോപിതരുടെ നിരപരാധിത്വം ജനങ്ങളെയെല്ലാം അറിയിക്കണം എന്ന് നബി (സ) ആഗ്രഹിച്ചു. ആരോപണത്തിന്റെ നിജസ്ഥിതി വെളിവാക്കാനുള്ള വഴി അല്ലാഹു വഹ്‌യിലൂടെ അഥവാ ദിവ്യ ബോധനത്തിലൂടെ നബിക്ക് (സ) അറിവ് നൽകി. അതനുസരിച്ച് നബി (സ) അലിയെ നിയോഗിക്കുകയും ചെയ്തു. “മാരിയ്യയുമായി ആരോപിതൻ രഹസ്യ ബന്ധം പുലർത്തുന്നതായി കണ്ടെത്തിയാൽ വധ ശിക്ഷ നടപ്പാക്കുക ” (മുസ്നദു ബസ്സാർ: 634) എന്ന് അലിയോട് കൽപ്പിച്ചു. അലിയിലൂടെ, സ്വാഭാവികമായും ആരോപിതന്റെ നിരപരാധിത്തം തെളിയിക്കുകയായിരുന്നു നബിയുടെ (സ) ലക്ഷ്യം, അയാളെ വധിക്കുകയായിരുന്നില്ല; സുലൈമാൻ നബിയെ പോലെ തന്നെ – ദിവ്യബോധനത്തിനനുസൃതമായ – വളരെ തന്ത്രപരമായ ഒരു നടപടിയാണ് മുഹമ്മദ് നബിയും (സ) നടപ്പാക്കിയത്.

വിമർശകർ ഹദീസ് ദുർവ്യാഖ്യാനിക്കുകയും വ്യാജാരോപണം ഉന്നയിക്കുന്നതിനും 11 നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇബ്നു ഹസമിനെ (റ) പോലെ ഒട്ടനവധി ഹദീസ് പണ്ഡിതർ ഹദീസിന്റെ ഈ ശരിയായ വ്യാഖ്യാനം വ്യക്തമാക്കിയിട്ടുണ്ട്:

“ഇബ്നു ഹസം (ജനനം: 384 ഹിജ്രാബ്ദം) തന്റെ ‘അൽഈസ്വാൽ ഇലാ ഫഹ്മി കിതാബിൽ ഖിസ്വാൽ’ എന്ന ഗ്രന്ഥത്തിൽ എഴുതി:
തെളിവൊ കുറ്റസമ്മതമോ ഇല്ലാതെ ഒരാൾക്ക് വധശിക്ഷ നടപ്പാക്കാൻ നബി (സ) കൽപ്പിച്ചു എന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർ തീർച്ചയായും ഹദീസ് മനസ്സിലാക്കിയിട്ടില്ല. ആരോപിതനായ വ്യക്തി നിരപരാധിയാണെന്നും അയാളിലേക്ക് ചേർക്കപ്പെടുന്ന വ്യഭിചാര ആരോപണം കളവാണെന്നും നബിക്ക് (സ), (ദിവ്യ ബോധനം വഴി) അറിയാമായിരുന്നു.
അയാളുടെ നിരപരാധിത്വം ജനങ്ങൾക്ക് മുമ്പിൽ വെളിവാക്കാനും അതിന് സാക്ഷികളാക്കാനും നബി (സ) ഉദ്ദേശിച്ചു. അതിനാൽ അദ്ദേഹം അലിയേയും അദ്ദേഹത്തോടൊപ്പമുള്ളവരേയും ആരോപിതനായ വ്യക്തിയുടെ അടുത്തേക്ക് അയക്കുകയുണ്ടായി. അവരെല്ലാം, ആരോപിതനായ വ്യക്തി ലിംഗ രഹിതനാണെന്നതിന് സാക്ഷികളായി. ആരോപിതമായ കാര്യത്തിൽ അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടതിനാൽ തന്നെ വധശിക്ഷ നടപ്പാക്കിയില്ല.
പ്രവാചകൻ സുലൈമാന്റെ അടുത്ത് ഒരു കുഞ്ഞിന്റെ മാതൃത്വം അവകാശപ്പെട്ട് തർക്കിച്ചു കൊണ്ട് വന്ന രണ്ട് സ്ത്രീകൾക്ക് അദ്ദേഹം കത്തി കൊണ്ട് കുട്ടിയെ മുറിച്ച് വീതിക്കാൻ കൽപ്പിച്ച തന്ത്രത്തോട് മുഹമ്മദ് നബിയുടെ (സ) ഈ തന്ത്രം തുല്യത പുലർത്തുന്നു. സത്യം തെളിയിക്കാനുള്ള (ഒരു കൗശലമായിരുന്നു ഇത്)..”
(സുബുലുൽ ഹുദാ വർ റശാദ്: 10:432)

ഇബ്നുൽ കയ്യിം (റ) പറഞ്ഞു:

“പ്രവാചകൻ സുലൈമാന്റെ അടുത്ത് രണ്ട് സ്ത്രീകൾ ഒരു കുഞ്ഞിന്റെ മാതൃത്വം അവകാശപ്പെട്ട് തർക്കിച്ചു കൊണ്ട് വരുകയുണ്ടായി. സുലൈമാൻ നബി ഒരു കത്തി കൊണ്ട് വന്ന് മുറിച്ച് കുട്ടിയെ അവർക്കിടയിൽ വീതിക്കാൻ കൽപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ ആ കുഞ്ഞിനെ വെട്ടി മുറിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. വസ്തുത പുറത്തു കൊണ്ടുവരിക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം… ഇതിന് സാമ്യമായ ഉദ്ദേശ്യം തന്നെയായിരുന്നു മാരിയ്യയുമായി അവിഹിതം ആരോപിക്കപ്പെട്ട വ്യക്തിക്ക് വധശിക്ഷ നടപ്പാക്കാൻ കൽപ്പിക്കുക വഴി നബി (സ) ഉദ്ദേശിച്ചത്. മാരിയ്യയുടേയും അവരുമായി ബന്ധം ആരോപിക്കപ്പെട്ട വ്യക്തിയുടേയും നിരപരാധിത്വം ജനങ്ങളെയെല്ലാം അറിയിക്കണം എന്ന് നബി (സ) ആഗ്രഹിച്ചു. വാളെടുത്ത് വധിക്കാൻ കൽപ്പന പുറപ്പെടുവിച്ചാൽ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുമെന്ന് (വഹ്‌യ് അഥവാ ദിവ്യ ബോധനം വഴി) നബിക്ക് (സ) അറിവ് ലഭിച്ചു. അദ്ദേഹം കണക്കാക്കിയപ്രകാരം തന്നെ സംഭവിക്കുകയുമുണ്ടായി…”

(സാദുൽ മആദ്: 3-4:347)

ഇത്രയും നിസ്സാരവും നിരുപദ്രവകരവുമായ ഒരു സംഭവത്തെ പത്തിരി മിഷേനിലിട്ട്, നീട്ടി വലിച്ച്, തല്ലി പരത്തി ഭീകരവൽകരിക്കാനുള്ള ഇസ്‌ലാമോഫോബിസ്റ്റുകൾ തുടർന്നുള്ള ഉദ്യമം പരിതാപകരമാണ്. ഒരുപാട് ഭാവനകളും അസത്യങ്ങളും ചരിത്ര നിരാകരണങ്ങളും കൊണ്ടു മുഹമ്മദ് നബിയുടെ (സ) വ്യക്തിത്വത്തെ എങ്ങനെയെങ്കിലും ഭീകരവൽക്കരിക്കാനും ലൈംഗികവൽകരിക്കാനുമുള്ള ബദ്ധപ്പാട്.

വിവരദോഷവും ചരിത്രാവബോധ ശൂന്യതയും വെറുപ്പും വീർത്തുന്തിയ ആരോപണങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം:

* മുഹമ്മദിന് കീഴൊതുങ്ങണം അല്ലെങ്കിൽ കൈകാര്യം ചെയ്ത് കളയും എന്ന് സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാർക്ക് ഭീഷണി കത്ത് എഴുതുകയായിരുന്നു മുഹമ്മദിന്റെ പണി…

* തൗഹീദിനും ആദർശത്തിനും പകരമായി സ്വർണവും വെള്ളിയും അടിമകളേയും സ്വീകരിച്ച ആദർശ രഹിതനാണ് മുഹമ്മദ്…

* മുഹമ്മദ് നബിയുടെ സ്വഭാവത്തെ പരിഹസിച്ചു കൊണ്ട് പ്രതീകാത്മകമായി വസ്ത്രങ്ങൾ, കുതിരകൾ, അടിമകൾ, എന്നിവ മുകൗകസ് അയച്ചു കൊടുത്തു…

* അടിമ സ്ത്രീകളുമൊത്തുള്ള ജീവിതവും ലൈംഗികതയും ഇസ്‌ലാം അനുവദിച്ചു, പ്രവാചകൻ (സ) തന്നെ അതിൽ പങ്കെടുത്തു…

ചരിത്രത്തെ കുറിച്ചും ഇസ്‌ലാമിന്റെ ആവിർഭാവകാലഘട്ടത്തിലെ രാഷ്ട്രീയ ഘടനയെ പറ്റിയും ഒരു കുരുമുളകിനത്രയെങ്കിലും വിവരമുള്ളവർ പറയുന്ന ആരോപണമാണോ ഇതൊക്കെ?!
“മുഹമ്മദിന് കീഴൊതുങ്ങണം അല്ലെങ്കിൽ കൈകാര്യം ചെയ്ത് കളയും എന്ന് സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാർക്ക് ഭീഷണി കത്ത് എഴുതുകയായിരുന്നു മുഹമ്മദിന്റെ പണി…” എന്ന് പ്രസന്നവദനത്തോടെ ആരോപിക്കാൻ നിസ്സാര തൊലിക്കട്ടിയൊന്നും പോര. കാരണം, ലോക ചരിത്രം അടങ്ങുന്ന ഏതെങ്കിലുമൊരു പുസ്തകം വായിച്ചവർക്ക് പ്രവാചകന്റെ(സ) സമകാലികരായ, ഏകാധിപതികളായ ചക്രവർത്തിമാരുടെ തനിനിറം അറിയാതിരിക്കുമോ ?!!

ഈജിപ്തിലെ ബൈസന്റൈൻ രാജാവായ മുകൗകസ്, പേർഷ്യക്കാരുടെ ചക്രവർത്തിയായ ഖൊസ്റോവ്, റോമിലെ ബൈസന്റൈൻ ചക്രവർത്തിയായ ഹെരാക്ലിയസ് തുടങ്ങിയ ഭരണാധികാരികൾക്കൊക്കെയാണ് പ്രവാചകൻ (സ) “ഭീഷണി കത്തുകൾ” അയച്ചത്. പേർഷ്യൻ റോമൻ സാമ്രാജ്യത്വ ഏകാധിപതികളാണോ നവനാസ്തികരേ, സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാർ ?! മുഹമ്മദ് നബിയെ മോശമാക്കാനായി ഈ ക്രൂരന്മാരായ ഏകാധിപതികളെ വെള്ളപൂശാൻ മാത്രം നീതിരഹിതരും ജ്ഞാനശൂന്യരുമായോ നിങ്ങൾ ?!

“മുഹമ്മദിനെ വിധിക്കുമ്പോൾ മുഹമ്മദ് ജീവിച്ചിരുന്ന ചരിത്ര പശ്ചാത്തലം ഓർക്കണം. അമേരിക്കൻ ബാപ്റ്റിസ്റ്റ് പാസ്റ്ററായ, ജെറി ഫാൽവെൽ അടുത്തിടെ പ്രസ്താവിച്ചതുപോലെ, യേശുവിനും മോശേക്കും വിപരീതമായി മുഹമ്മദ് ഒരു യുദ്ധ കൊതിയനായിരുന്നു എന്ന ആരോപണം, മുഹമ്മദ് തന്റെ ജീവിതകാലത്ത് വിരലിലെണ്ണാവുന്ന യുദ്ധങ്ങളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ എന്ന വസ്തുതയെ അവഗണിക്കുന്നതാണ്. പുറമെ, മുഹമ്മദ് നയിച്ച എല്ലാ യുദ്ധങ്ങളുടെയും ഫലമായി – മുഹമ്മദിന്റേയും എതിരാളികളുടേയും പക്ഷങ്ങളിൽ നിന്നും – 1,000 പേർ മാത്രമേ കൊല്ലപ്പെട്ടുള്ളൂ.

“പതിനായിരങ്ങളെ” കൊന്നതിന്, ബൈബിളിലെ ഒന്നാൽ സാമുവൽ 18-ൽ പ്രശംസിക്കപ്പെട്ട ദാവീദിനെപ്പോലെയുള്ള വ്യക്തികളുമായി മുഹമ്മദിനെ താരതമ്യം ചെയ്തു നോക്കൂ. അല്ലെങ്കിൽ സംഖ്യാപുസ്തകം 31-ൽ, യുദ്ധത്തിൽ പരാജയപ്പെടുത്തപ്പെട്ട മിദ്യാന്യരുടെ സ്ത്രീകളെയും കുട്ടികളെയും വധിക്കാതിരുന്നതിന് തന്റെ സൈന്യത്തെ ശിക്ഷിക്കുന്ന മോശേയോട് മുഹമ്മദിനെ താരതമ്യം ചെയ്ത് നോക്കൂ.”
(“Understanding Muhammad”: Alexander Kronemer :Christian Science Monitor.)

മുഹമ്മദ് നബി (സ) നയിച്ച എല്ലാ യുദ്ധങ്ങളിലുമായി നബിയുടേയും എതിരാളികളുടേയും പക്ഷങ്ങളിൽ നിന്നും – 1,000 പേർ മാത്രമേ കൊല്ലപ്പെട്ടുള്ളൂ എന്ന് അമുസ്‌ലിം ഗവേഷകർ പോലും അംഗീകരിക്കുന്നു.

റോമൻ പേർഷ്യൻ ചക്രവർത്തിമാർ നയിച്ച എണ്ണമറ്റ യുദ്ധങ്ങളും കലാപങ്ങളും കൂട്ട ഹത്യകളുമായി താരതമ്യം ചെയ്യാൻ മെനക്കെടുന്നതിൽ യാതൊരു അർത്ഥവുമില്ല. മുഹമ്മദ് നബി (സ) നയിച്ച സർവ്വ യുദ്ധങ്ങളേയും പേർഷ്യൻ – റോമൻ ചക്രവർത്തിമാർ നയിച്ച ഒരൊറ്റ യുദ്ധവുമായി താരതമ്യം ചെയ്താൽ മാത്രം മതിയാവും കാര്യങ്ങൾ വ്യക്തമാവാൻ:

അമിഡ ഉപരോധം എന്ന ഒരൊറ്റ യുദ്ധത്തിൽ (ബൈസന്റൈൻ vs. സാസിനിഡ്), ഒരൊറ്റ ദിവസം കൊണ്ട്, പേർഷ്യക്കാരുടെ പക്ഷം മാത്രം 80,000 പട്ടാളക്കാരെയും നിവാസികളെയും കൂട്ടക്കൊല ചെയ്യുകയുണ്ടായി.!!! ഇവരൊക്കെയാണോ “സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാർ… ” ?!!

റോമൻ പേർഷ്യൻ ചക്രവർത്തിമാരുടെ ക്രൂര സ്വേച്ഛാധിപത്യ ചരിത്രം കൂടുതൽ വായിക്കാൻ താഴെയുള്ള ലിങ്കിൽ ഉള്ളടങ്ങിയ ലേഖനം മാത്രം വായിച്ചാൽ മതിയാവുന്നതാണ്:

https://www.heritage-history.com/index.php?c=resources&s=war-dir&f=wars_romanpersian

മുകൗകസിനെയും “സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാരിൽ… ” ഉൾപ്പെടുത്തിയ നവനാസ്തികരുടെ ചരിത്ര “പണ്ഡിത്യം” “അതുല്യ”മാണെന്ന് അംഗീകരിക്കാതെ വയ്യ. ഇത്തരം ചരിത്ര നിഗ്രഹങ്ങളെ പ്രതിരോധിക്കണമെങ്കിൽ മുകൗകസ് ആരായിരുന്നുവെന്ന് ഹ്രസ്വമായി ഒന്ന് പരിചയപ്പെടുത്തിയെ തീരൂ:

മുകൗകസ് എന്നത് ഒരു സ്ഥാനപേരാണ്. മഹാൻ എന്നാണ് ആ നാമത്തിന്റെ ഏകദേശ അർത്ഥം.
അലക്സാണ്ട്രിയയിലെ സൈറസ് രാജാവാണ് പ്രവാചക കാലഘട്ടത്തിലെ മുകൗകസ്. ഏഴാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയയുടെ മെൽക്കൈറ്റ് പാത്രിയാർക്കീസായിരുന്നു അലക്സാണ്ട്രിയയിലെ സൈറസ്. ഈജിപ്തിലെ അവസാന ബൈസന്റൈൻ ഭരണവംശ രാജാവ്.

കിഴക്കൻ റോമൻ സാമ്രാജ്യത്തെയാണ് ബൈസന്റൈൻ സാമ്രാജ്യം (Byzantine Empire) എന്ന് വിളിക്കപ്പെടുന്നത്. പുരാതന കാലത്തും മധ്യകാലഘട്ടത്തിലും കിഴക്കൻ പ്രവിശ്യകളിൽ റോമൻ സാമ്രാജ്യത്തിന്റെ തുടർച്ചയായിരുന്നു ബൈസന്റൈൻ ഭരണകൂടം നിലനിന്നിരുന്നത്.

അക്കാലഘട്ടത്തിൽ റോമിൽ യേശുവിനെ സംബന്ധിച്ച് രണ്ട് മുഖ്യ വിശ്വാസ രീതികൾ ക്രിസ്ത്യാനികൾക്കിടയിൽ സുശക്തം കൊമ്പ് കോർക്കുകയുണ്ടായി. മിയഫിസൈറ്റിസം, ഡയോഫിസിറ്റിസം എന്നിവയാണവ.

യേശുവിനെ സംബന്ധിച്ച് ക്രിസ്ത്യൻ വിശ്വാസ ധാരകളിലൊന്നാണ് മിയഫിസൈറ്റിസം, “യേശു – ഒരേ ‘പ്രകൃതി’യിൽ ( ഒരേ ശരീരത്തിൽ തന്നെ)- പൂർണ്ണമായും ദിവ്യവും പൂർണ്ണമായും മനുഷ്യനുമാണ്,” എന്ന നിലപാടാണ് മിയഫിസൈറ്റിസം (Miaphysitism).

യേശു, ഒരു “വ്യക്തി”യിൽ തന്നെ, ദൈവിക സ്വഭാവവും മനുഷ്യ സ്വഭാവവുമാവുന്ന രണ്ട് “പ്രകൃതികളിൽ” നിലനിൽക്കുന്നുവെന്ന വിശ്വാസ നിലപാടാണ് ഡയോഫിസിറ്റിസം (Dyophysitism).

630-ൽ റോമൻ ചക്രവർത്തിയായ ഹെരാക്ലിയസ് (അഥവാ ഹിർക്കൽ ചക്രവർത്തി) അലക്സാണ്ട്രിയയിലെ പാത്രിയാർക്കീസായി നിയമിച്ച ഒരു ചാൽസിഡോണിയൻ ബിഷപ്പും ഈജിപ്തിന്റെ ഗവർണറും ആയിരുന്നു സൈറസ് (മുകൗകസ്) എന്ന് ഓർക്കുക. എന്നാൽ ഈജിപ്തിലെ ക്രിസ്ത്യാനികൾ പ്രധാനമായും മിയാഫൈസൈറ്റ് നിലപാടുകാരായിരുന്നു. 451-ലെ ചാൽസിഡോണിയൻ കൗൺസിലിൽ നിന്നാണ് ചാൽസിഡോണിയക്കാരും മിയാഫൈസൈറ്റുകളും തമ്മിലുള്ള ഭിന്നത ഉടലെടുത്തത്, അതിനുശേഷം റോമൻ ചക്രവർത്തിമാർ ചാൽസിഡോണിയനിസത്തെ അനുകൂലിച്ചു. അതിന്റെ ഫലമായി അടുത്ത രണ്ട് നൂറ്റാണ്ടുകളിൽ മിയാഫൈസൈറ്റുകളായ ഈജിപ്റ്റിലെ കോപ്റ്റിക് ക്രിസ്ത്യാനികൾക്കെതിരെ നിരവധി പീഡനങ്ങൾ സൈറസ് (മുകൗകസ്) അഴിച്ചു വിട്ടു.

Coptic church ന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഒരു പുസ്തകമാണ്, ആൽഫ്രഡ് ജെ. ബട്‌ലറുടെ (Alfred J. Butler) The Arab Conquest of Egypt And the Last Thirty Years of the Roman Dominion. പുസ്തകത്തിലെ ചില പ്രസക്ത ഭാഗങ്ങൾ കാണുക:

“സെവേറസ് പറയുന്നു: ഹെരാക്ലിയസും മുകൗക്കസും ഈജിപ്തിന്റെ മേൽ ഭരണം സ്ഥാപിച്ച വർഷങ്ങളായിരുന്നു അത്. ഹെരാക്ലിയസ് അടിച്ചേൽപ്പിച്ച പീഡനത്തിന്റെയും അടിച്ചമർത്തലിന്റെയും ശിക്ഷകളുടെയും തീവ്രതയിലൂടെ ചാൽസിഡോൺ വിശ്വാസം സ്വീകരിക്കാൻ കോപ്റ്റിക് ഓർത്തഡോക്സുകാർ, പരക്കെ നിർബന്ധിക്കപ്പെട്ടു. ചിലരെ പീഡനങ്ങളിലൂടെ, ചിലരെ ബഹുമതികൾ വാഗ്ദാനം ചെയ്തും, ചിലരെ പ്രലോഭനങ്ങളും വഞ്ചനയും വഴി അസംഖ്യം ജനക്കൂട്ടത്തെ അവർ വഴിതെറ്റിച്ചു.

കോപ്റ്റിക് പാത്രിയാർക്കീസ് ​​ഐസക് ഒന്നാമന്റെ ജീവചരിത്രത്തിൽ, സൈറസിന്റെ (മുകൗകസ്) ഭരണ കാലഘട്ടത്തിലെ ചില സാമൂഹിക രംഗങ്ങൾ അനാവരണം ചെയ്യപ്പെടുന്നത് ഇപ്രകാരമാണ്. ഐസക്ക്‌ തന്റെ ചെറുപ്പകാലത്ത് ജോസഫ് എന്ന പുരോഹിതനെ കാണുകയുണ്ടായി. സൈറസിന്റെ (മുകൗകസ്) സഭക്ക് മുമ്പാകെ മുട്ടുകുത്തി ഇരുത്തി, വിശ്വാസത്തിൽ ഉറച്ചു നിന്നതിന്റെ പേരിൽ ആ പുരോഹിതനെ പൊതിരെ പ്രഹരിക്കുന്നുണ്ടായിരുന്നു.

കോപ്റ്റിക് ക്രിസ്ത്യാനികളുടെ മുഖ്യ പുരോഹിതനായ ബെന്യാമിന്റെ സ്വന്തം സഹോദരൻ മെനാസിനെ പീഡിപ്പിക്കുകയും മുക്കിക്കൊല്ലുകയും ചെയ്യുകയാണുണ്ടായത്. ആദ്യം
കത്തിച്ച പന്തങ്ങൾ കൊണ്ട് അദ്ദേഹത്തിന് നേരെ പിടിച്ച്, ” അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇരുവശത്തുനിന്നും കൊഴുപ്പ് നിലത്ത് ഉറ്റി വീഴുന്നതുവരെ” അദ്ദേഹത്തെ അവർ കത്തിച്ചു. തന്റെ ആദർശത്തിൽ അചഞ്ചലനായി ഉറച്ചു നിന്ന മെനാസിന്റെ, പല്ലുകൾ അവർ പറിച്ചെടുത്തു: അദ്ദേഹത്തെ മണൽ നിറച്ച ഒരു ചാക്കിൽ കിടത്തി, പുറത്തേക്ക് കൊണ്ടുപോയി കരയിൽ നിന്ന് ഏഴ് വില്ലുകളുടെ ദൂരം കടലിലേക്ക് തള്ളി. കൗൺസിൽ ഓഫ് ചാൽസിഡോണിനെ അംഗീകരിക്കുകയാണെങ്കിൽ ജീവിക്കാൻ വിടാമെന്ന് മൂന്ന് തവണ വാഗ്ദാനം ചെയ്തു. മൂന്നു പ്രാവശ്യവും അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് അവർ അദ്ദേഹത്തെ കടലിൽ മുക്കി. എന്നിട്ടും മെനാസിനെ കീഴടക്കാൻ അവർക്കായില്ല. തുടർന്ന് അദ്ദേഹത്തെ അവർ കടലിൽ മുക്കി കൊന്നു”

10 വർഷക്കാലം, സൈറസ് ഈജിപ്തുകാരെ കഠിനമായി പീഡിപ്പിച്ചു, ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ അവരെ തന്റെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. ഭൂരിപക്ഷം ഈജിപ്ഷ്യൻ ക്രിസ്ത്യാനികളും അദ്ദേഹത്തെ പാത്രിയർക്കീസ്‌ ആയി അംഗീകരിച്ചില്ല, പകരം ഒളിവിൽ ജീവിച്ചിരുന്ന ബെഞ്ചമിൻ ഒന്നാമൻ മാർപ്പാപ്പയെയാണ് ഈജിപ്ഷ്യൻ ക്രിസ്ത്യാനികൾ പാത്രിയർക്കീസ്‌ ആയി പരിഗണിച്ചിരുന്നത്. അംഗീകരിക്കാത്തവരെ സൈറസ് (മുകൗകസ്) നിരന്തരം വേട്ടയാടുകയായിരുന്നു.

“മറ്റൊരവസരത്തിൽ, സൈറസ് ഈജിപ്ഷ്യൻ ആർച്ച് ബിഷപ്പായ സാമുവലിന്റെ അടുത്തേക്ക് ഭടന്മാരെ അയച്ചു, അദ്ദേഹത്തെ ഒരു കള്ളനെപ്പോലെ ചങ്ങലകളിൽ തളച്ച് കൊണ്ടുവന്നു … സൈറസ് അദ്ദേഹത്തെ കണ്ടപ്പോൾ, അദ്ദേഹത്തിന്റെ രക്തം വെള്ളം പോലെ ഒഴുകുന്നത് വരെ അദ്ദേഹത്തെ അടിക്കാൻ സൈനികരോട് ആജ്ഞാപിച്ചു … “സാത്താന്റെ പുത്രനും, അന്തിക്രിസ്തുവും, വഞ്ചകനുമായ സൈറസേ, നിങ്ങളെയും നിങ്ങളുടെ പൈശാചിക സിദ്ധാന്തങ്ങളെയും അനുസരിക്കുന്നതിനു പകരം ദൈവത്തെയും അവന്റെ വിശുദ്ധ ആർച്ച് ബിഷപ്പ് ബെഞ്ചമിനേയുമാണ് ഞാൻ അനുസരിക്കുന്നത്” എന്ന് സാമുവൽ മറുപടി പറഞ്ഞു. സൈറസ് പട്ടാളക്കാരോട് സാമുവലിന്റെ വായ അടിച്ചു പൊട്ടിക്കാൻ ആജ്ഞാപിച്ചു.

അൻസെന വരെയുള്ള എല്ലാ ഈജിപ്ഷ്യൻ നഗരങ്ങളിലും സൈറസ് ചാൽസിഡോണിയൻ ബിഷപ്പുമാരെ നിയമിച്ചു, അവർ കോപ്റ്റിക് പുരോഹിതന്മാരെ കണ്ടെത്തുമ്പോഴെല്ലാം വധിച്ചു. കോപ്റ്റിക് ജനത, കോപ്റ്റിക്കുകാരായ പുരോഹിതന്മാരില്ലാതെ അവശേഷിച്ചെങ്കിലും, രഹസ്യമായ ഒത്തുചേരലുകൾ സംഘടിപ്പിച്ചു.”

(HISTORY OF THE PATRIARCHS OF THE COPTIC CHURCH OF ALEXANDRIA II PETER I TO BENJAMIN I (661): B. EVETTS എന്ന കോപ്റ്റിക് ക്രിസ്ത്യൻ ഗ്രന്ഥത്തിലും ഇത് നാം വായിക്കുന്നു)

“സൈറസ് (മുകൗകസ്) ഒരു വെർച്വൽ സ്വേച്ഛാധിപതിയായി മാറിയിരുന്നു. കോപ്റ്റിക് ശ്രേണിയെയും കോപ്റ്റിക് ജനതയേയും നിഗ്രഹിക്കാനായി തന്റെ അധികാരം ദുരുപയോഗിക്കുകയും ചാൽസിഡോണിയൻ ക്രിസ്ത്യൻ സിദ്ധാന്തം അവരുടെമേൽ അടിച്ചേൽപ്പിക്കുകയും ചെയ്ത ഭരണാധികാരി…

സൈറസ് യഥാർത്ഥത്തിൽ കോപ്ടിക് വംശജൻ ആയിരുന്നില്ല, നേരെ മറിച്ച് തന്റെ ഭരണകാലത്തുടനീളം കോപ്‌റ്റുകളെ ഏറ്റവും മോശമായി അടിച്ചമർത്തിയ ഭരണാധികാരികളിലൊരാളായിരുന്നു അദ്ദേഹം (631-642). സഭയുടെ ഐക്യം നേടുന്നതിന് കോപ്‌റ്റുകളെ പീഡിപ്പിക്കുന്നതിൽ സൈറസിന് അതിരുകളില്ലായിരുന്നു. കോൺസ്റ്റാന്റിനോപ്പിളും അലക്സാണ്ട്രിയയും തമ്മിലുള്ള വിടവ് നികത്തുന്നതിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു.

ബൈസന്റൈൻ പാത്രിയാർക്കിസായ സെർജിയസിന്റെ പിന്തുണയോടും റോമിലെ ഹോണോറിയസ് മാർപാപ്പയുടെ അംഗീകാരത്തോടും കൂടി, കോപ്‌റ്റുകളെ വിധേയത്വത്തിലേക്ക് കൊണ്ടുവരുന്നതിനായി അവസാന ശ്രമമെന്നോണം ഹെരാക്ലിയസ് ചക്രവർത്തി ഒരു പുതിയ ശാസന ആവിഷ്‌കരിച്ചു നോക്കിയെങ്കിലും കോപ്‌റ്റുകളുമായുള്ള അനുരഞ്ജനത്തിനുള്ള സാമ്രാജ്യത്വ കുതന്ത്രം ഫലവത്തായില്ല. തൽഫലമായി, പ്രകോപിതനായ സൈറസ് ചരിത്രത്തിലെ കോപ്‌റ്റുകളുടെ ഏറ്റവും കഠിനമായ പീഡന പരമ്പര ഉദ്ഘാടനം ചെയ്തു.

നാട്ടിലെ പോപ്പ് കോപ്റ്റിക് സഭയുടെ മുപ്പത്തിയെട്ടാമത്തെ ഗോത്രപിതാവായ ബെഞ്ചമിൻ ഒന്നാമൻ 631-ൽ സൈറസിന്റെ വരവോടെ, കലാപങ്ങൾ മുൻകൂട്ടി കണ്ട് അൽ-നട്രൂൺ താഴ്‌വരയിലെ കോപ്റ്റിക് ആശ്രമങ്ങളിൽ അഭയം പ്രാപിച്ചു, പിന്തുടരുന്നവരെ ഒഴിവാക്കാൻ ഒരു മഠത്തിൽ നിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി നീങ്ങി താമസിച്ചു പോന്നു. HISTORY OF THE PATRIARCHS ൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നതനുസരിച്ച്, “ആട്ടിൻകൂട്ടത്തെ വിഴുങ്ങുന്ന ചെന്നായയെപ്പോലെ” ആയിരുന്നു സൈറസ് കോപ്റ്റികുകളെ വേട്ടയാടിയിരുന്നത്.

കോപ്റ്റിക്കുകളുടെ ഈ മോശം സാഹചര്യത്തെക്കുറിച്ചുള്ള തന്റെ വിവരണത്തിൽ, ആൽഫ്രഡ് ബട്ട്‌ലർ പറയുന്നത് “കോപ്റ്റിക് ചർച്ചുകൾ സൈറസ് അടിച്ചു തകർത്തു, പക്ഷേ കോപ്റ്റിക്കുകൾ ഒരിക്കലും വഴങ്ങിയില്ല” (1978, പേജ്. 191) എന്നാണ്.”

(Entry Title: Cyrus Al-Muqawqas
Publication: The Coptic encyclopedia, volume 2)

കോപ്റ്റികളുടെ മൃതശരീര കൂമ്പാരത്തിനു മേൽ സിംഹാസനം പ്രതിഷ്ടിച്ച ഈ സ്വേച്ഛാധിപതിയെയാണോ മുഹമ്മദ് നബി (സ) “ഭീഷണി കത്തിലൂടെ” വിരട്ടിയെന്ന് നാസ്തികർ പരിതപിക്കുന്നത് ?! ഈ സ്വേച്ഛാധിപതിയെയാണോ – മുഹമ്മദ് നബിയെ (സ) ഭീകരവൽക്കരിക്കാൻ വേണ്ടി – സമാധാന കാംക്ഷിയായി, നവനാസ്തികർ അവരോധിക്കുന്നത് ?! ഇസ്‌ലാമിനെ വിമർശിക്കാൻ വേണ്ടി ഏത് നെറികേടിനേയും ന്യായീകരിച്ചു നീതികരിക്കുന്ന ഈ അധപതനത്തെയാണ് വർഗീയത എന്ന് പറയുന്നത്.

റോമൻ ക്രിസ്ത്യാനികൾ -സൈറസ് മുകൗകസിന്റെ നേതൃത്വത്തിൽ- ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികളോട് ചെയ്തിരുന്ന ക്രൂരതകളെ സംബന്ധിച്ച ക്രിസ്ത്യൻ വിവരണങ്ങളിൽ നിന്ന് എന്താണ് സമാന്യ ബുദ്ധിയുള്ളവർ മനസ്സിലാക്കേണ്ടത് ? കോപ്റ്റിക്കുകൾ ബൈസന്റൈൻ (റോമൻ) ഭരണാധികാരത്തെ; വിശിഷ്യാ സൈറസ് മുകൗകസിനെ ഭയന്നു ജീവിക്കുകയായിരുന്നു എന്നതല്ലേ വസ്തുത ?! പ്രവാചകാനുചരൻ അംറിബ്നു ആസിന്റെ നേതൃത്വത്തിൽ മുസ്‌ലിംകൾ ബൈസന്റൈൻ രാജവംശത്തോട് യുദ്ധം ചെയ്ത സന്ദർഭത്തിൽ കോപ്റ്റിക് ക്രിസ്ത്യാനികൾ മുസ്‌ലിംകളെ അനുകൂലിക്കുന്നവരായിരുന്നു. മുസ്‌ലിംകൾ ഈജിപ്റ്റ് വിജയച്ചടക്കിയപ്പോൾ കോപ്റ്റിക് ക്രിസ്ത്യാനികൾ സന്തോഷിക്കുകയാണ് ഉണ്ടായത്. അടിച്ചമർത്തലിൽ നിന്നും അടിമത്വത്തിൽ നിന്നും കോപ്റ്റിക് ക്രിസ്ത്യാനികൾ രക്ഷ പ്രാപിക്കുകയാണ് ഉണ്ടായത്. ഇക്കാര്യവും ക്രിസ്ത്യൻ ചരിത്ര സാഹിത്യങ്ങളിൽ നിന്ന് തന്നെ നമുക്ക് വായിക്കാൻ സാധിക്കും.

മുസ്‌ലിംകൾ ഈജിപ്ത് വിജയിച്ചടക്കിയാൽ കോപ്റ്റിക് ക്രിസ്ത്യാനികളോട് പുലർത്തേണ്ട സമാധാന ചിത്തതയും മാന്യമായ പെരുമാറ്റവും എങ്ങനെയായിരിക്കണമെന്ന് മുഹമ്മദ് നബി (സ) തന്നെ മുസ്‌ലിംകളെ പഠിപ്പിച്ചതായി ഹദീസുകളിലും കാണാം:

“നിങ്ങൾ ഈജിപ്ത് വിജയിച്ചടക്കും… നിങ്ങൾ ഈജിപ്ത് വിജയിച്ചടക്കിയാൽ അവിടെയുള്ള ജനങ്ങളോട് (കോപ്റ്റിക് ക്രിസ്ത്യാനികളോട്) നല്ല രീതിയിൽ വർത്തിക്കണമെന്ന് ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. തീർച്ചയായും അവർക്ക് സംരക്ഷണത്തിനും കാരുണ്യത്തിനും അർഹതയുണ്ട്. അവരിൽ രണ്ടാളുകൾ ഒരു ഇഷ്ടികയുടെ സ്ഥാനത്തിന്റെ പേരിലെങ്കിലും ശണ്ഠ കൂടുന്നത് നിങ്ങൾ കണ്ടാൽ അവിടെ നിന്ന് പുറത്ത് പോരുക…

നിങ്ങൾ ഈജിപ്തുകാരോട് നല്ല രീതിയിൽ വർത്തിക്കണമെന്ന് ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. തീർച്ചയായും അവരുമായി (നമുക്ക് ) മാതൃ ബന്ധവും വിവാഹ ബന്ധവും ഉണ്ട്…”

(സ്വഹീഹുൽ ജാമിഅ്: 2307, സ്വഹീഹു മുസ്‌ലിം: 2543)

ഇസ്മാഈൽ നബിയുടെ മാതാവ് ഹാജറി(റ)ലൂടെയാണ് വിശ്വാസികൾക്ക് ഈജിപ്റ്റുകാരുമായി മാതൃ ബന്ധം സ്ഥാപിതമാവുന്നത്. മാരിയയിലൂടെയാണ് വിവാഹ ബന്ധവും സ്ഥാപിതമാവുന്നത്.

ഇനി ചിന്തിക്കുക, സൈറസ് മുകൗകസിന്റെ ആധിപത്യത്തിൽ നിന്നു ഉടമസ്ഥതയിൽ നിന്നും രക്ഷപ്പെട്ട് മുഹമ്മദ് നബിയുടെ (സ) പ്രിയതമയായി മാറിയത് ഒരു വരമായിട്ടല്ലെ മാരിയ്യ അൽകിബ്ത്വിയ്യ പരിഗണിച്ചിട്ടുണ്ടാവുക?!

കോപ്റ്റിക് ക്രിസ്ത്യാനികളെ നിഗ്രഹിക്കുകയും അവരുടെ പെൺകുട്ടികളെ അടിമകളാക്കുകയും ചെയ്ത് പോന്ന സൈറസ് മുകൗകസിന്റെ ആധിപത്യ വലയത്തിൽ തന്നെയായിരുന്നു കോപ്റ്റിക്ക് ക്രിസ്ത്യാനികളുടെ നേതാക്കളിൽ ഒരാളായ ശമ്ഊൻ എന്നയാളുടെ പുത്രിമാരായ മാരിയ്യയും ശിരീനും. മാരിയ്യയേയും ശിരീനിനേയും സംബന്ധിച്ചിടത്തോളം നബിയ്ക്കുള്ള “സമ്മാനങ്ങളായി” എന്നുള്ളത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായിട്ടായിരിക്കും അവർ പരിഗണിച്ചിട്ടുണ്ടാവുക എന്ന് ഗ്രഹിക്കുക എളുപ്പമാണ്.

ഇനി, “സാധുവായ” സൈറസ് മുകൗകസ് രാജാവിന് മുഹമ്മദ് നബി (സ) അയച്ച “ഭീഷണി ” കത്തിലേക്ക് വരാം. “മുഹമ്മദിന് കീഴൊതുങ്ങണം അല്ലെങ്കിൽ കൈകാര്യം ചെയ്ത് കളയും. യുദ്ധം ചെയ്ത് അടിമകളാക്കും…” എന്നെല്ലാമാണ് കത്തിന്റെ ഉള്ളടക്കമെന്ന കല്ലുവെച്ച നുണയാണ് ആരോപണം. കത്തിന്റെ ഉള്ളടക്കം ഒരാവർത്തി നമുക്കൊന്ന് വായിച്ചു നോക്കാം:

“പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ… ദൈവദൂതനും ദാസനുമായ മുഹമ്മദിൽ നിന്ന്… ഈജിപ്റ്റകാരുടെ നേതാവായ മുകൗകിസിന്… സന്മാർഗ്ഗം പിന്തുടരുന്നവർക്ക് സമാധാനം ഉണ്ടാവട്ടെ. താങ്കളെ ഇസ്‌ലാമിന്റെ സന്ദേശത്തിലേക്ക് ഞാൻ ക്ഷണിക്കുന്നു. താങ്കൾ ഇസ്‌ലാം സ്വീകരിക്കുക. എങ്കിൽ താങ്കൾക്ക് സമാധാനവും രക്ഷയുമുണ്ടാവും. താങ്കൾ ഇസ്‌ലാം സ്വീകരിക്കുക; എങ്കിൽ ദൈവം താങ്കൾക്ക് പരലോകത്ത് രണ്ടിരട്ടി പ്രതിഫലം നൽകും. ഇനി താങ്കൾ പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ താങ്കളുടെ പ്രജകളായ കിബ്തികളുടെ (അവരെ വഴികേടിലേക്ക് നയിച്ചതിന്റെ) പാപം താങ്കൾക്കുണ്ടാവും. “പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്‌). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (ക്വുർആൻ: 3:64) ”

ഇതാണ് നാസ്തികർ പറഞ്ഞ, മുഹമ്മദ് നബിയുടെ (സ) “ഭീഷണി” കത്ത്. ഇസ്‌ലാമിലേക്കും തുടർന്ന് ആദർശ സമവായത്തിലേക്കും വേദവിശ്വാസികളെന്ന നിലയിലുള്ള വിശ്വാസ അഖണ്ഡതയിലേക്കും ക്ഷണിക്കുന്ന ഒരു പ്രബോധകന്റെ കത്തിലുപരി ഒന്നും തന്നെ നബിയുടെ (സ) കത്തിന്റെ ഉള്ളടക്കത്തിൽ നാം കാണുന്നില്ല !! സൈറസ് മുകൗകസ് രാജാവിനും നബിയുടെ കത്തിൽ പ്രകോപനമൊന്നും തോന്നിയില്ല. കത്തിൽ ഒളിഞ്ഞിരിക്കുന്ന “ഭീഷണി” സ്വരം കണ്ടെത്തിയത്, പതിനാല് നൂറ്റാണ്ടുകൾക്ക് ശേഷം ഇസ്‌ലാമോഫോബുകളാണ്.

അതിനേക്കാൾ അത്യധികം വിചിത്രവും ലജ്ജാവഹവുമായ ചില ദുർവ്യാഖ്യാനങ്ങൾ കൂടി (സൈറസ്) മുകൗകസ് രാജാവിന്റെ പേരിൽ നവനാസ്തികർ തട്ടി വിടുന്നുണ്ട്. മുഹമ്മദ് നബി ഒരു സ്ത്രീ ലമ്പടനാണെന്ന് നബിയെ സംബന്ധിച്ച് മുകൗകസ് രാജാവിന് നല്ല ധാരണയുണ്ടായിരുന്നു എന്നതാണ് അത് ?! അതുകൊണ്ടാണത്രെ രണ്ട് അടിമ സ്ത്രീകളേയും ഷണ്ഡനായ ഒരു വൃദ്ധനേയും മുകൗകസ് രാജാവ് സമ്മാനമായി അയച്ചത് ?! ബൈസന്റൈൻ – റോമൻ രാജക്കന്മാരുടെ സംസ്കാരത്തെയും സമ്പ്രദായങ്ങളേയും സംബന്ധിച്ച് അൽപ്പം പോലും വിവരമില്ലാത്തവർ മാത്രമാണ് ഇങ്ങനെയൊരു ആരോപണം വിശ്വസിക്കുകയുള്ളു. കാരണം അടിമവൽകരണവും അടിമകളെ സമ്മാനമായി നൽകുക എന്നതും അവർക്കിടയിലെ വളരെ സ്വഭാവികമായ സമ്പ്രദായവും മര്യാദയുമായിരുന്നു.

“റോമൻ സമൂഹത്തിൽ അടിമത്തം ഏറ്റവും പ്രധാന പങ്ക് വഹിച്ചിരുന്നു. അടിമകൾ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വീടുകളിലും വ്യവസായങ്ങളിലും ഉണ്ടായിരുന്നു, അവരുടെ ഉടമസ്ഥാവകാശം ഉന്നതരിൽ മാത്രം പരിമിതമായിരുന്നില്ല. ഇന്ന് അവരുടെ എണ്ണം തിട്ടപ്പെടുത്താൻ പ്രയാസമാകുന്നത്ര ധാരാളമാണ്…

റോമൻ സാമ്രാജ്യത്തിലെ ജനസംഖ്യയുടെ ഏകദേശം 20% വരെ അടിമകളായിരുന്നുവെന്ന് പണ്ഡിതന്മാർ കണക്കാക്കുന്നു. ഇതിനർത്ഥം, ഏകദേശം 50 ദശലക്ഷമായിരുന്ന (എഡി ഒന്നാം നൂറ്റാണ്ടിൽ) റോമൻ സാമ്രാജ്യത്തിലെ ജനസംഖ്യയിൽ അഞ്ച് മുതൽ പത്ത് ദശലക്ഷം വരെ അടിമകളായിരുന്നു. ഈ സംഖ്യ സാമ്രാജ്യത്തിലുടനീളം അസമമായി വിതരണം ചെയ്യപ്പെട്ടിരുന്നു…”

( https://www.britishmuseum.org/exhibitions/nero-man-behind-myth/slavery-ancient-rome )

“ബേസിൽ രണ്ടാമന്റെ ഭരണകാലത്തെ ബേസിൽ ലെകാപെനോസ്, പരകോയിമോമെനോസ്, എന്നീ രാജകിങ്കരന്മാർക്ക് മാത്രം 3,000 അടിമകളെ സ്വന്തമാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു.

മുസ്‌ലിങ്ങളിൽ നിന്ന് ക്രീറ്റിനെ കീഴടക്കിയതിന് ശേഷം ബൈസന്റൈൻ ഭരണവംശം 200,000 സ്ത്രീകളെയും കുട്ടികളെയും അടിമകളായി കൊണ്ടുപോയി.”

( Trade and Industry, F.H. Marshall, Illustrated Encyclopedia of World History, Vol. 4, ed. JA Hammerton, (Mittal Publications), p. 2629.)

ജനസംഖ്യയുടെ ഏകദേശം 20% വരെ അടിമകളായിരുന്ന റോമൻ സാമ്രാജ്യത്തിലെ (സൈറസ്) മുകൗകസ് രാജാവിനുണ്ടോ തന്റെ ആയിരക്കണക്കിന് അടിമകളിൽ രണ്ട് പേരെ സമ്മാനിക്കുന്നതിൽ വല്ല അസ്വാഭാവികതയും ?! നൂറു കണക്കിന് അടിമകളെ സമ്മാനമായി നൽകുക എന്നത് ബൈസന്റെൻ പ്രമാണിമാരുടേയും രാജാക്കന്മാരുടെയും സർവ്വസാധാരണമായ ഒരു സമ്പ്രദായമായിരുന്നു. ഒരു ഉദാഹരണം മാത്രം കാണുക:

“ഒൻപതാം നൂറ്റാണ്ടിലെ ധനികയായ വിധവയായ പത്രാസിലെ ഡാനിയേലി, ബേസിൽ ഒന്നാമൻ ചക്രവർത്തിക്ക് 3,000 അടിമകളെ സമ്മാനമായി നൽകി.”

( Marcus Louis Rautman, Daily Life in the Byzantine Empire, (Greenwood Publishing, 2006), 22.)

ബൈസന്റൈൻ രാജാക്കന്മാർ സാധാരണ ഗതിയിൽ ഒന്നും രണ്ടും അടിമകളെയൊന്നുമല്ല സമ്മാനമായി നൽകുകയും സ്വീകരിക്കുകയും ചെയ്യുക പതിവ്. മുകൗകസ് രാജാവ് മുഹമ്മദ് നബിക്ക് രണ്ട് അടിമ സ്ത്രീകളെ സമ്മാനിച്ചത്, നബിയുടെ ലൈംഗിക തൃഷ്ണക്ക് പ്രതീകാത്മകമായാണ് എങ്കിൽ 3,000 അടിമകളെ സമ്മാനമായി കിട്ടിയ ബൈസന്റൈൻ രാജാക്കന്മാരുടെ ലൈംഗിക തൃഷ്ണ നാസ്തികരൊന്ന് അളന്ന് പറഞ്ഞ് തരുമോ ?!

അടിമ കൊള്ളക്കാരായ ഈ റോമൻ കൃസ്ത്യൻ ചക്രവർത്തിമാരെയും കോപ്റ്റിക് ക്രിസ്ത്യൻ അടിമ സ്ത്രീകളെ സ്റ്റോക്ക് ചെയ്ത് വെച്ച മുകൗകസ് രാജാവുമൊന്നും എന്തുകൊണ്ടാണ് നാസ്തിക തെറി വിളിക്ക് വിധേയരാവാത്തത് ? എന്തുകൊണ്ട് വില്ലന്മാരെ അവഗണിച്ചു കൊണ്ട്, കോപ്റ്റിക് ക്രിസ്ത്യൻ അടിമകളായ മാരിയക്കും ശിരീനിനും ജീവിതവും സ്നേഹവും സന്തോഷവും നൽകിയ നായകനായ മുഹമ്മദ് നബി (സ) വിമർശിക്കപ്പെടുന്നു ?!

മുകൗകസ് രാജാവിന് മുഹമ്മദ് നബിയെ(സ) സംബന്ധിച്ച് ഉടലെടുത്ത “പ്രതീതി” ക്ക് നാസ്തികരുടെ വക വിശദീകരണത്തിന്റെ ആവശ്യമെന്താണെന്ന് മുസ്‌ലിംകൾക്ക് മനസ്സിലാവുന്നില്ല. പ്രവാചകന്റെ ദൂതനായ ഹാതിമിബ്നുബ്നു ബൽതഗയിൽ നിന്നും പ്രവാചകൻ അയച്ച കത്തിൽ നിന്നും മുകൗകസ് രാജാവിന്, മുഹമ്മദ് നബിയെ (സ) സംബന്ധിച്ച് ഉടലെടുത്ത പ്രതീതിയും അഭിപ്രായവും മുകൗകസ് രാജാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ; നാസ്തികരുടെ ലൈംഗിക ജ്വരത്തിന് എന്താണ് പ്രസക്തി ?! മുകൗകസ് രാജാവ് മുഹമ്മദ് നബിയെ (സ) സംബന്ധിച്ച് പ്രസ്‌താവിക്കുന്നത് കാണുക:

إني قد نظرت في أمر هذا النبي فوجدته لا يأمر بزهودٍ فيه، ولا ينهي عن مرغوب فيه، ولم أجدهُ بالساحر الضال، ولا الكاهن الكاذب، ووجدت معه آية النبوة بإخراج الخبء والأخبار بالنجوى وسأنظر

“ഞാൻ ഈ പ്രവാചകന്റെ കത്ത് കണ്ടു. അദ്ദേഹത്തിൽ വിരക്തി ജനിപ്പിക്കുന്ന ഒന്നും ഞാൻ കണ്ടില്ല. എന്നാൽ അദ്ദേഹത്തിൽ ആഗ്രഹം ജനിപ്പിക്കുന്ന ഒന്നും ഞാൻ കണ്ടില്ല. അദ്ദേഹത്തെ ഒരു വഴി തെറ്റിയ മാരണക്കാരനായോ നുണ പറയുന്ന ജോൽസ്യനായോ എനിക്ക് തോന്നിയില്ല. അദ്ദേഹത്തിൽ പ്രവാചകത്വത്തിന്റെ അടയാളങ്ങൾ ഞാൻ ദർശിക്കുന്നു… ഞാൻ കൂടുതൽ പഠിക്കട്ടെ…”

മുഹമ്മദ് നബിയെ സംബന്ധിച്ച് മുകൗകസ് രാജാവിന്റെ അഭിപ്രായവും ധാരണയും അദ്ദേഹം തന്നെ പങ്കു വെച്ചിരിക്കെ, മുകൗകസ് രാജാവിന്റെ പേരിൽ ഞരമ്പുരോഗികളുടെ വക ഒരു ഫീഡ്ബാക്ക് മുസ്‌ലിംകൾക്കോ ചരിത്രത്തിനോ ആവശ്യമില്ല.

ലൈംഗികതയുമായി പുലബന്ധം പോലും ഇല്ലാത്തവയെ അശ്ലീലവൽക്കരിച്ച് അവതരിപ്പിക്കാനുള്ള പ്രവണത കേരളത്തിലെ വലതു പക്ഷ നാസ്തികർക്ക് വർധിച്ചു വരികയാണ്.

“മാരിയയുടേയും സഹോദരിയുടെയും കൂടെ ശണ്ഡനായ ഒരു വൃദ്ധനേയും മുകൗകസ് രാജാവ് അയച്ചു…” എന്ന ചരിത്ര ഗ്രന്ഥങ്ങളിലെ ഒരു വാചകം ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ട മാതിരിയാണ് ഒരു നാസ്തികൻ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്നത്. അഗാധമായ ലൈംഗിക അർത്ഥ തലങ്ങൾ ഉദ്ദേശിച്ചു കൊണ്ട്, മുഹമ്മദിന്റെ ലൈംഗിക വെറിയെ പ്രതീകാത്മകമായി അവമതിക്കാനാണ് മുകൗകസ് രാജാവ് അങ്ങനെ ചെയ്തത് എന്നൊക്കെയങ്ങ് തള്ളി മറിച്ച് ആഘോഷിക്കുന്നതിനിടയിൽ ചരിത്ര ഗ്രന്ഥങ്ങളിലെ തുടർന്നുള്ള ഒരു വാചകം കൂടി ഈ ഞരമ്പു രോഗികൾ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ…

كان أخا مارية
“അയാൾ (ശണ്ഡനായ വൃദ്ധൻ) മാരിയയുടെ സഹോദരനായിരുന്നു.”
(അൽ മുൻതഖബ് മിൻ ദൈലിൽ മുദൈൽ: ത്വബ്‌രി: 108, ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: 8:212)

മുകൗകസ് രാജാവുണ്ടോ ഇവരുടെ കാമസാമ്രാജ്യത്തിലെ ഭാവനാവിലാസങ്ങളെന്തെങ്കിലും അറിയുന്നു ?! തന്റെ നാട്ടിലെ സംസ്കാരവും സമ്പ്രദായവുമനുസരിച്ച് ഒരു അയൽ രാജാവിന് രണ്ട് അടിമ സ്ത്രീകളെ അയച്ചു. കൂടെ അവരുടെ സഹോദരനേയും. അക്കാലഘട്ടത്തിലെ ഒരു സ്വഭാവിക സംഭവത്തെ നീട്ടി പരത്തി ദുർവ്യാഖ്യാനിച്ച്, മുക്കിയും മൂളിയും തങ്ങളുടെ കാമ ഭാവനകൾ കൊണ്ട് സമൃദ്ധമാക്കുകയാണ് ഉണ്ടായത് എന്നർത്ഥം.

“തൗഹീദിനും ആദർശത്തിനും “പകരമായി” സ്വർണവും വെള്ളിയും അടിമകളേയും സ്വീകരിച്ച ആദർശ രഹിതനാണ് മുഹമ്മദ്… ” എന്നതാണ് അടുത്ത വിമർശനം.

പറയുന്ന വാചകത്തിന്റെ അർത്ഥം എന്താണെന്ന് ഒരു നിമിഷം ഇവർ ചിന്തിക്കുന്നുണ്ടോ ?സ്വബോധത്തോടെയാണോ ഈ വ്യാഖ്യാനങ്ങളും വാചാടോപങ്ങളുമൊക്കെ ?!

മുകൗകസിന്റെ സമ്മാനത്തിനായി മുഹമ്മദ് നബി തൗഹീദും ആദർശ പ്രചാരണവും ഉപേക്ഷിച്ചുവോ ? അദ്ദേഹം ഈജിപ്ത് വിജയിച്ചടക്കുകയും തൗഹീദും ആദർശ പ്രചാരണവും തുടരുകയും ചെയ്യുകയാണുണ്ടായത് !! അതെങ്ങനെയാണ് ആദർശ പരിത്യാഗമായി വ്യാഖ്യാനിക്കാൻ കഴിയുക ? സമ്മാനങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തൗഹീദ് പ്രചാരണം അവസാനിപ്പിച്ചാലല്ലെ അത് ആദർശ ബലിയാവുക ?

ഒരു അധ്യാപകൻ തന്റെ അറിവ് കുട്ടികളുമായി പങ്കു വെക്കുന്നു. അതിന് പകരമായി അധ്യാപകന് വേതനമോ ദക്ഷിണയോ ലഭിക്കുന്നു. അതെങ്ങനെയാണ് പാരിതോഷികങ്ങൾക്കായി വിജ്ഞാനത്തെ അവമതിക്കലാവുക എന്ന് മനസ്സിലാവുന്നില്ല.

ഒരാൾ തൗഹീദ് പറയുന്നത് കേട്ട് ആകൃഷ്ടനായ മറ്റൊരാൾ, ഞാൻ ചോദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാതെ ഒന്നാമന് സമ്മാനങ്ങൾ തന്നാൽ അത് എങ്ങനെ ആദർശ പാപ്പരത്വമാവും ?! ഭരണാധികാരികൾ ഡിപ്ലോമസിയുടെ ഭാഗമായി പരസ്പരം കൈമാറുന്ന സമ്മാനങ്ങളെയൊക്കെ ആദർശരാഹിത്യമായും അധാർമ്മികതയായും നിരൂപണം ചെയ്യാൻ മാത്രം എന്ത് ആദർശവും ധാർമ്മികതയുമാണ് സ്വന്തമായി നാസ്തികർക്ക് അവതരിപ്പിക്കാനുള്ളത് ?! ഇസ്‌ലാമോഫോബിയ പ്രചാരണത്തിനായി യൂറ്റൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പരസ്യമായി തെണ്ടുന്ന വീഡിയോ ഷെയർ ചെയ്യുന്നവർ തന്നെയാണ് ഇതൊക്കെ തട്ടി വിടുന്നത് എന്ന് ഓർക്കണം.

കിട്ടിയതെല്ലാം ദാനം ചെയ്ത് ദരിദ്രനായി ജീവിച്ച് ദരിദ്രനായി മരണപ്പെട്ട ഒരു വ്യക്തിയായിരുന്നു മുഹമ്മദ് നബി (സ). തനിക്കു ലഭിക്കുന്ന സമ്മാനങ്ങളിൽ ഭൂരിഭാഗവും അദ്ദേഹം ദാനം ചെയ്യുമായിരുന്നു. മുകൗകിസിൽ നിന്ന് എന്നല്ല മിക്കവാറും രാജാക്കന്മാരിൽ നിന്നും പ്രഭുക്കന്മാരിൽ നിന്നും കിട്ടിയവ സാധുക്കൾക്ക് ദാനം ചെയ്യൽ അദ്ദേഹത്തിന്റെ പതിവായിരുന്നു എന്നതിന് എണ്ണമറ്റ ഹദീസുകൾ തെളിവാണ്. മാരിയയെ എന്ത് കൊണ്ട് മുഹമ്മദ് നബി (സ) തന്നെ ഇണയായി സ്വീകരിച്ചു എന്നതിനുള്ള മറുപടി ചരിത്രത്തിൽ തന്നെ കാണാം.

وبعثت إليك بجاريتين، لهما مكان في القبط عظيم
“ഞാൻ താങ്കളുടെ അടുത്തേക്ക് രണ്ട് അടിമ സ്ത്രീകളെ അയക്കുന്നുണ്ട്. അവർക്ക് കിബ്തികളുടെ അടുക്കൽ വളരെ മഹത്തായ സ്ഥാനമുണ്ട്…” എന്ന് മുകൗകിസ് രാജാവ് ദൂതനോട് പ്രത്യേകം അറിയിക്കുന്നുണ്ട്.

(സാദുൽ മആദ്: 3:61, അൽബിദായ വന്നിഹായ, ഉയൂനുൽ അസർ: ഇബ്നു സയ്യിദിന്നാസ്: 2:332, റഖീതുൽ മഖ്തൂം: സ്വഫിയുദ്ദീൻ മുബാറക്ഫുരി: 290, ഹിദായതുൽ ഹയാറാ: 1:283)

കോപ്റ്റിക് ക്രിസ്ത്യാനികൾക്കിടയിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന സ്ത്രീകളായതു കൊണ്ട് അവരുടെ സ്ഥാനത്തെ മാനിച്ച് കൊണ്ടാണ് മുകൗകിസ് രാജാവ് തന്റെ അടിമകളായി ഈ രണ്ട് അടിമ സ്ത്രീകളേയും സ്വീകരിച്ചത്. (മുകൗകസിനെ പോലെയുള്ള രാജാക്കന്മാർ ഏകാധിപതികളായിരുന്നെങ്കിൽ കൂടി ചില പ്രത്യേക പെരുമാറ്റ തത്ത്വങ്ങൾ (Principles) അവർ മുറുകെ പിടിച്ചിരുന്നു. രാജദൂതന്മാരെ ആദരിക്കുക, സമ്മാനങ്ങൾ രാജാക്കൻമാർക്ക് കൈമാറുക, എതിരാളികളുടെ സ്ത്രീകളുടെ സ്ഥാനത്തിനനുസരിച്ച് അവരെ പരിഗണിക്കുക എന്നതൊക്കെ അതിൽ പെട്ടതാണ്) അതേ പരിഗണന മാരിയക്കും സഹോദരിക്കും നൽകണമെന്നാണ് മുകൗകസ് രാജാവിന്റെ ആവശ്യം. അവരെ പ്രജകളിലെ ആർക്കെങ്കിലുമൊക്കെ വീതിച്ചു നൽകരുത് എന്നർത്ഥം. അതു തന്നെയാണ് മാരിയക്ക് നൽകാൻ മുഹമ്മദ് നബിക്ക്(സ) കഴിയുന്ന ആദരവും മാരിയ സ്വാഭാവികമായും ആഗ്രഹിക്കുന്ന കാര്യവും.

“അടിമ സ്ത്രീകളുമൊത്തുള്ള സ്നേഹ ജീവിതവും ലൈംഗിക ജീവിതവും ഇസ്‌ലാം അനുവദിച്ചത് എന്ത് കൊണ്ട് ?” എന്ന ചോദ്യത്തിനുള്ള മറുപടി ഒരുപാടു തവണ ആവർത്തിക്കപ്പെട്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് ലേഖനം വായിക്കുക:

https://www.snehasamvadam.org/responds-to-criticism/അടിമസ്ത്രീകളുമായി-ബന്ധം/

print

No comments yet.

Leave a comment

Your email address will not be published.