തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -12

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -12
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -12
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -12

പരലോകത്ത് മുസ്‌ലിമിന് പകരം അമുസ്‌ലിം ശിക്ഷിക്കപ്പെടുമോ?!

പരലോകത്ത് മുസ്‌ലിങ്ങൾ ചെയ്ത കുറ്റങ്ങൾ, നിരപരാധികളായ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും തലയിൽ
വെച്ചു കെട്ടുമെന്നും… മുസ്‌ലിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുമ്പോൾ ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഒഴിഞ്ഞ സ്ഥാനത്ത് പകരമായി സ്ഥാപിക്കുമെന്നും ഹദീസുകളിൽ കാണാം. ഇത് ക്രൂരമായ പക്ഷപാതിത്വവും ഇരട്ടത്താപ്പും അനീതിയും അല്ലേ?

മറുപടി:

ഈ ഇസ്‌ലാം വിമർശനത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ, വിശുദ്ധ ഖുർആനും സ്വഹീഹായ ഹദീസുകളും അവലംബിച്ചുകൊണ്ട് പൗരാണിക മുസ്‌ലിം പണ്ഡിതന്മാർ മൂന്ന് നിലയിൽ മറുപടി എഴുതിയിട്ടുണ്ട്. അവ ഇപ്രകാരം സംഗ്രഹിക്കാം.

ഒന്ന്,l

കുറ്റവാളികളെ രക്ഷപ്പെടുത്തി പകരം നിർദോഷികളെ ശിക്ഷിക്കുക എന്ന നീതി രാഹിത്യം പരലോകത്ത് നടക്കും എന്ന ആരോപണം തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. ക്വുർആനും പ്രവാചക വചനങ്ങളും പലതവണ ആവർത്തിച്ചു വ്യക്തമാക്കിയ, പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണ് ഈ ആരോപണം.

ഒരാൾ ചെയ്ത നന്മയുടെ പ്രതിഫലം അവയ്ക്ക് യാതൊരുവിധ അർഹതയും ഇല്ലാത്ത മറ്റൊരാൾക്ക് നൽകപ്പെടില്ല. സമാനമായി ഒരാൾ ചെയ്ത തിന്മയുടെ തിക്തഫലം അതിന് യാതൊരു അർഹതയും ഇല്ലാത്ത മറ്റൊരു നിരപരാധിക്കും നൽകപ്പെടില്ല. ഇസ്‌ലാം അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിച്ച ആദർശ അടിസ്ഥാനമാണ് ഇത്. അതുകൊണ്ടുതന്നെ മുസ്‌ലിം ചെയ്ത പാപത്തിന്റെ ശിക്ഷ നിരപരാധിയായ ഒരു അമുസ്‌ലിമിനു നൽകപ്പെടില്ല. നരകത്തിൽ പോകേണ്ടിവരുന്ന ഒരു മുസ്‌ലിമിനെയും നീതിക്കെതിരായി രക്ഷപ്പെടുത്തി, അമുസ്‌ലിമിനെ ആ സ്ഥാനത്ത് നിക്ഷേപിക്കപ്പെടുകയും ഇല്ല. പല തവണ തെളിവുകൾ നിരത്തി വിശദീകരിക്കപ്പെട്ട ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ ആദർശമാണ് ഇത് എന്നതിനാൽ തന്നെ നീട്ടിപ്പരത്തി ഇനിയും ആവർത്തിക്കുന്നില്ല. രണ്ട് ഖുർആൻ വചനങ്ങൾ മാത്രം തെളിവായി ഇവിടെ ചേർക്കാം:

“ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്‍റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്‌. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്‌. ”
(ക്വുർആൻ: 4:110-112)

“അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും.”
(ക്വുർആൻ: 53:58-41)

രണ്ട്,

വിമർശന വിധേയമായ ഹദീസിന്റെ സനദ് അഥവാ നിവേദക പരമ്പര അടുത്തതായി ചർച്ച ചെയ്യാം.
വിമർശന വിധേയമായ ഹദീസ്, “അബൂ ബുർദ”യിൽ (أبو بردة) നിന്ന് എട്ടോളം നിവേദകന്മാർ ഉദ്ധരിച്ചിട്ടുണ്ട്.
ഈ വ്യത്യസ്തമായ നിവേദനങ്ങൾ പല പദങ്ങളിൽ മുസ്നദ് അഹ്‌മദ് (4/391), മുസ്നദു അബ്ദ് ബിൻ ഹുമൈദ് (537،540), സുനനു ഇബ്നു മാജ (4291) തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അവയെല്ലാം ആശയത്തിലും ഉള്ളടക്കത്തിലും യോജിക്കുന്നുണ്ട്.

എന്നാൽ ഈ എട്ടു നിവേദനങ്ങളിലും വന്നിട്ടില്ലാത്ത ഒരു ഭാഗം മുസ്‌ലിം ഉദ്ധരിച്ച നിവേദനത്തിൽ വന്നിരിക്കുന്നു:

يَجِيءُ يَوْمَ الْقِيَامَةِ نَاسٌ مِنْ الْمُسْلِمِينَ بِذُنُوبٍ أَمْثَالِ الْجِبَالِ ، فَيَغْفِرُهَا اللَّهُ لَهُمْ ، وَيَضَعُهَا عَلَى الْيَهُودِ وَالنَّصَارَى

“പർവ്വതങ്ങളോളം പാപങ്ങളും ആയി മുസ്‌ലിങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ആളുകളെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും എന്നിട്ട് അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കും. ജൂത ക്രിസ്ത്യാനികളുടെ മേൽ അവ വെക്കുകയും ചെയ്യും”

അബൂ ബുർദ തൻ്റെ പിതാവിൽ നിന്നും, അബൂ ബുർദയിൽ നിന്ന് ഗീലാനിബ്നു ജരീർ ഉം (وهو ما يرويه غيلان بن جرير ، عن أبي بردة ، عن أبيه) ഉദ്ധരിക്കുന്ന ഒറ്റപ്പെട്ട നിവേദനത്തിൽ മാത്രമാണ് ഈ അധികരിച്ച ഭാഗം വന്നിട്ടുള്ളത്. ഈ വാചകം ബാക്കി എട്ടു നിവേദനങ്ങളിലും വന്നിട്ടില്ല. അതിനർത്ഥം, “ജൂത ക്രിസ്ത്യാനികളുടെ മേൽ അവ (പാപങ്ങൾ) വെക്കുകയും ചെയ്യും” എന്ന ഈ ഒറ്റപ്പെട്ട നിവേദനം ഉദ്ധരിച്ച നിവേദകന്, തെറ്റിദ്ധാരണ സംഭവിച്ചു എന്നാണ് എന്ന് പല ഹദീസ് പണ്ഡിതന്മാരും വിശദീകരിച്ചിട്ടുണ്ട്.

ശൈഖ് നാസിറുദ്ദീൻ അൽബാനി പറഞ്ഞു:

“വിമർശന വിധേയമായ ഹദീസ് ഒരു വലിയ സംഘം വരുന്ന നിവേദകർ അബി ബുർദയിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ, അതിനെതിരായി, “ജൂത ക്രിസ്ത്യാനികളുടെ മേൽ അവ (പാപങ്ങൾ) വെക്കുകയും ചെയ്യും” എന്ന അധികരിച്ച വാചകം, സ്ഥിരപ്പെട്ട നിവേദനങ്ങൾക്ക് എതിരെ ഒറ്റപ്പെട്ട നിലയിൽ വന്ന സ്വീകാര്യയോഗ്യമല്ലാത്ത വാചകമാണ്. പല കാരണങ്ങളും ഇതിനായി പറയാവുന്നതാണ്:

1) ഈ ഒറ്റപ്പെട്ട നിവേദനത്തിന്റെ നിവേദകന് ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്. ആശയക്കുഴപ്പം സംഭവിച്ച നിവേദകൻ ‘ ശദ്ദാദ് അബൂ ത്വൽഹ അർറാസിബി’യൊ ‘ഹറമി ബിൻ അമ്മാറ’ യൊ ആണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ അത് റാസിബി ആണെന്ന് നിജപ്പെടുത്താം: റാസിബി ഹൃദിസ്ഥ ശേഷിയുടെ വിഷയത്തിൽ വിമർശന വിധേയനാണ്. അതു കൊണ്ട് തന്നെ, ഇമാം ദഹബി തൻ്റെ ‘ദുഅഫാഅ്’ (ദുർബലരായ നിവേദകർ) ൽ അദ്ദേഹത്തെ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു ഹജർ തൻ്റെ ‘തക്‌രീബ്’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: വിശ്വസ്തൻ ആണെങ്കിലും ഓർമ്മ ശക്തിക്ക് കുറവുണ്ട്, നിവേദനത്തിൽ തെറ്റുകൾ പറ്റാറുണ്ട്.
റാസിബി ഉദ്ധരിച്ച ഹദീസ്, ഒന്നു മാത്രമേ ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ ഉദ്ധരിച്ചിട്ടുള്ളൂ. ഇബ്നു ഹജർ തൻ്റെ ‘തഹ്ദീബ്’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: റാസിബിയുടെ ഈ നിവേദനം ഇമാം മുസ്‌ലിം അടിസ്ഥാന നിവേദനം ആയിട്ടല്ല ഉദ്ധരിച്ചിട്ടുള്ളത്. സ്വീകാര്യയോഗ്യമായ നിവേദനത്തിന് ഉപോൽബലകമായ (ശവാഹിദ് الشواهد) നിവേദനം ആയി കൊണ്ടാണ് റാസിബിയുടെ നിവേദനം ഉദ്ധരിച്ചിട്ടുള്ളത്.”

(ഉപോൽബലകമായി (ശവാഹിദ് الشواهد) ഉദ്ധരിക്കപ്പെടുന്ന നിവേദനങ്ങളുടെ മുഴുവൻ ഭാഗവും സ്വീകാര്യയോഗ്യം ആവണമെന്നില്ല. പൊതുവായി യോജിക്കുന്ന ഭാഗങ്ങൾ മാത്രമാണ് ഉപോൽബലകമായ നിവേദനങ്ങളിൽ നിന്നും സ്വീകരിക്കപ്പെടുക. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം:

നല്ല ഓർമ്മശക്തി ഉള്ള മൂന്ന് നിവേദകന്മാർ ഇപ്രകാരം പറഞ്ഞു:
“ഇന്നലെ കോഴിക്കോട് മിഠായി തെരുവിൽ തീപിടുത്തം ഉണ്ടായി”.
ഓർമ്മശക്തി കുറഞ്ഞ ഒരു നിവേദകൻ ഇപ്രകാരം പറഞ്ഞു “ഇന്നലെ കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായി. കോഴിക്കോട് ബീച്ചിലും തീപിടുത്തം ഉണ്ടായി”.
ഇവിടെ, ആദ്യം തീപിടുത്തത്തെ പറ്റി ഉദ്ധരിച്ച, മൂന്ന് നിവേദകന്മാരുടെ സ്വീകാര്യയോഗ്യമായ നിവേദനത്തിന് -ബലം പകരാൻ – ഉപോൽബലകമായി മാത്രമാണ് നാലാമത്തെ ഓർമ്മശക്തി കുറഞ്ഞ നിവേദകൻ്റെ തീപിടുത്ത സാക്ഷ്യം ഉദ്ധരിച്ചത്. നാലാമത്തെ, ഓർമ്മശക്തി കുറഞ്ഞ നിവേദകൻ പറഞ്ഞ, മിഠായി തെരുവിലെ തീപിടുത്ത പ്രസ്താവന സ്വീകാര്യയോഗ്യം തന്നെയാണ്. പക്ഷേ ആദ്യം പറഞ്ഞ മൂന്ന് നിവേദകന്മാരിൽ നിന്നും കൂടുതലായി ഒരു വാചകം നാലാമത്തെ, ഓർമ്മശക്തി കുറഞ്ഞ നിവേദകൻ കൂട്ടിപ്പറയുകയുണ്ടായി. അത് കോഴിക്കോട് ബീച്ചിൽ തീപിടുത്തം ഉണ്ടായി എന്നതാണ്. ഈ വാചകം സ്വീകാര്യയോഗ്യമല്ല. അതേസമയം ആദ്യം പറഞ്ഞ, മിഠായി തെരുവിലെ, തീപിടുത്ത പ്രസ്താവന സ്വീകാര്യയോഗ്യവുമാണ്.
ഇപ്രകാരം ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസ് ഉപോൽബലകമായ നിവേദനം ആയതുകൊണ്ട് തന്നെ, സ്വീകാര്യയോഗ്യമാണ്. പക്ഷേ, “ജൂത ക്രിസ്ത്യാനികളുടെ മേൽ അവ (പാപങ്ങൾ) വെക്കുകയും ചെയ്യും” എന്ന അധികരിച്ച വാചകം, സ്ഥിരപ്പെട്ട നിവേദനങ്ങൾക്ക് എതിരെ ഒറ്റപ്പെട്ട നിലയിൽ വന്ന സ്വീകാര്യയോഗ്യമല്ലാത്ത വാചകമാണ്. കാരണം ആ അധികരിച്ച ഭാഗം, ഹൃദിസ്ഥ ശേഷിയിൽ ദുർബലനായ വ്യക്തിയാണ് ഉദ്ധരിച്ചിരിക്കുന്നത്.)

ശൈഖ് നാസിറുദ്ദീൻ അൽബാനി തുടർന്ന് എഴുതുന്നു:

“നിവേദനത്തിലെ “ജൂത ക്രിസ്ത്യാനികളുടെ മേൽ അവ (പാപങ്ങൾ) വെക്കുകയും ചെയ്യും” എന്ന അധികരിച്ച വാചകം, വിശുദ്ധ ഖുർആനിലെ പ്രസ്താവിത ആദർശത്തിന് എതിരുമാണ്”
(സിൽസിലതു ദ്ദഈഫ: 1316, 5399)

“നിവേദനത്തിലെ “ജൂത ക്രിസ്ത്യാനികളുടെ മേൽ അവ (പാപങ്ങൾ) വെക്കുകയും ചെയ്യും” എന്ന അധികരിച്ച വാചകം സ്വീകാര്യ യോഗ്യത ഉള്ളതല്ല എന്നും, ദുർബലം (ദഈഫ്) ആണെന്നും, അത് നിവേദകൻ്റെ ആശയക്കുഴപ്പം ആണെന്നും ഇമാം ബൈഹക്വി (അൽ ബഅ്സ് വന്നുശൂർ: 86), ഇബ്നു ഹജർ (ഫത്ഹുൽ ബാരി:11/398), തുടങ്ങി പൗരാണികരായ പല ഹദീസ് ശാസ്ത്ര പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ബുഖാരിയും ഇതിലേക്ക് സൂചന നൽകിയിട്ടുണ്ട്. (അൽ ബഅ്സ് വന്നുശൂർ: 86)

മൂന്ന്,

ഇനി വിമർശന വിധേയമായ ഹദീസ് സ്വഹീഹ് അഥവാ സ്വീകാര്യയോഗ്യമാണ് എന്ന് തന്നെ വന്നാലും, ഹദീസിന്റെ ആശയത്തിൽ അനീതിയോ ഇരട്ടത്താപ്പോ ഇല്ല എന്ന നിലയിൽ പല പണ്ഡിതന്മാരും ഹദീസിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രത്യക്ഷാർത്ഥത്തിന് അപ്പുറം സൂക്ഷ്മമായി ഹദീസിൻറെ പദങ്ങൾ പരിശോധിച്ചാൽ ഈ ഹദീസിൻ്റെ കാര്യത്തിൽ പണ്ഡിതരുടെ വ്യാഖ്യാനം ശരിയാണെന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അത് ഇപ്രകാരമാണ്:

a) മുസ്‌ലിങ്ങളിലും ജൂത ക്രിസ്ത്യാനികളിലും ഒരുപറ്റം വ്യക്തികൾ, സമാനമായ പാപങ്ങൾ ചെയ്തവരായി പരലോകത്ത് കൊണ്ടുവരപ്പെടും. അപ്പോൾ മുസ്‌ലിങ്ങൾക്ക് ദൈവം അവരുടെ പാപങ്ങൾ പൊറുത്തുകൊടുക്കും. (കാരണം പൊറുക്കപ്പെടാനുള്ള അർഹത പശ്ചാത്താപത്തിലൂടെയും ഖേദത്തിലൂടെയും തുടർ നന്മകളിലൂടെയും അവർ സ്വായത്തമാക്കിയിരിക്കും.) എന്നാൽ അതേ പാപങ്ങൾ തന്നെ ചെയ്ത ഒരുപറ്റം ജൂത ക്രിസ്ത്യാനികൾക്ക് അല്ലാഹു പൊറുത്തു കൊടുക്കില്ല. അവരുടെ പാപം അവരിൽ തന്നെ അവശേഷിപ്പിക്കും, അവരിൽ തന്നെ നിക്ഷേപിക്കും. കാരണം പൊറുക്കപ്പെടാനുള്ള അർഹത പശ്ചാത്താപത്തിലൂടെ അവർ നേടിയെടുത്തിട്ടുണ്ടാവില്ല. ഇത്ര മാത്രമേ – സൂക്ഷ്മമായി പരിശോധിച്ചാൽ – ഹദീസിന്റെ ഉള്ളടക്കത്തിൽ ഉള്ളൂ.

يَجِيءُ يَوْمَ الْقِيَامَةِ نَاسٌ مِنْ الْمُسْلِمِينَ بِذُنُوبٍ أَمْثَالِ الْجِبَالِ ، فَيَغْفِرُهَا اللَّهُ لَهُمْ ، وَيَضَعُهَا عَلَى الْيَهُودِ وَالنَّصَارَى

“പർവ്വതങ്ങളോളം പാപങ്ങളും ആയി മുസ്‌ലിങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ആളുകളെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും എന്നിട്ട് അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കും. ജൂത ക്രിസ്ത്യാനികളുടെ മേൽ അവ വെക്കുകയും ചെയ്യും”

“ജൂത ക്രിസ്ത്യാനികളുടെ മേൽ അവ വെക്കുകയും ചെയ്യും” എന്ന വാചകത്തിലെ, “അവ” വെക്കപ്പെടും (وَيَضَعُهَا) എന്നതുകൊണ്ട് ഉദ്ദേശം, മുസ്‌ലിങ്ങളോട് സമാനമായി – ജൂത ക്രിസ്ത്യാനികൾ ചെയ്ത – അവരുടെ പാപങ്ങൾ എന്നാണ്. പാപങ്ങൾ ജൂത ക്രിസ്ത്യാനികൾ ചെയ്തവ തന്നെയാണ്, മുസ്‌ലിങ്ങളുടെ പാപങ്ങൾ എടുത്തു ജൂത ക്രിസ്ത്യാനികളുടെ മേൽ വെക്കും എന്നല്ല.

അഥവാ, ചില മുസ്‌ലിങ്ങളുടെ പാപങ്ങൾക്ക് സമാനമായ പാപങ്ങൾ ചില ജൂത ക്രിസ്ത്യാനികൾ ചെയ്യുന്നു. ആ മുസ്‌ലിങ്ങൾക്ക് – അർഹമായ തുടർപ്രവർത്തനങ്ങൾ പരിഗണിച്ച്- പൊറുത്തു കൊടുക്കും. എന്നാൽ “അവ” അഥവാ “സമാനമായ പാപങ്ങൾ” ജൂത ക്രിസ്ത്യാനികൾക്ക് പൊറുത്തു
കൊടുക്കപ്പെടില്ല. “അവ” അഥവാ “സമാനമായ പാപങ്ങൾ” അവരുടെ മേൽ വെക്കപ്പെടും. ഇതാണ് ഹദീസിന്റെ ആശയം.

പാപങ്ങളും തെറ്റുകളും ചെയ്ത എല്ലാവരെയും നാം മനുഷ്യർ പോലും ഒരേ പോലെയല്ല കാണാറുള്ളത്. പാപങ്ങളും തെറ്റുകളും ചെയ്ത വിഭാഗത്തിൽ ഒരു വിഭാഗം പിന്നീട് ഖേദിക്കുകയും പശ്ചാത്തപിക്കുകയും നിലപാടുകൾ നന്നാക്കുകയും തുടർ പ്രവർത്തനങ്ങൾ സൽകർമ്മങ്ങൾ ആക്കി മാറ്റുകയും ചെയ്താൽ ഇവയൊന്നും ചെയ്യാത്ത വ്യക്തികളെ പോലെയല്ലല്ലോ നാം അവരെ പരിഗണിക്കുക. ഇത്തരം ഖേദക്കാരും വിട്ടുവീഴ്ച അർഹിക്കുന്നവരും ആയ വിഭാഗത്തിന് അവർ പാപികൾ ആണെങ്കിൽ പോലും നമ്മൾ പൊറുത്തു കൊടുത്തെന്നു വരും. ഈ നിലപാടുകൾ ഒന്നും സ്വീകരിക്കാത്ത, ചെയ്ത തെറ്റുകുറ്റങ്ങളിൽ കൂസലില്ലാതെ ജീവിക്കുന്ന വ്യക്തികൾക്ക് അവരുടെ തെറ്റുകുറ്റങ്ങൾ, അർഹതപ്പെട്ടതായി നാം അവരുടെ പിരടിയിൽ തന്നെ വെച്ചു കെട്ടാറുണ്ട്. ഇത് നീതിയാണ്, ഈ നീതി ദൈവം പരലോകത്ത് പുലർത്തും എന്ന് മാത്രമേ ഹദീസിൽ പ്രസ്താവിച്ചിട്ടുള്ളൂ എന്ന് ചുരുക്കം.

(ഇബ്നു ഹജർ: ഫത്ഹുൽ ബാരി: 11/398, നവവി : ശർഹു മുസ്‌ലിം: 17/85)

b) ജൂത ക്രിസ്ത്യാനികൾ പ്രേരിപ്പിച്ചത് മൂലവും അവരുടെ പ്രലോഭന പ്രകോപനങ്ങൾ മൂലവും മുസ്‌ലിങ്ങളിൽ ചില വ്യക്തികൾ ചില പാപങ്ങൾ ചെയ്യുന്നു. ഈ മുസ്‌ലിങ്ങളുടെ പാപങ്ങൾക്ക് കാരണക്കാരും പ്രചോദകരും ചില ജൂത ക്രിസ്ത്യാനികൾ ആണ്. ഇത്തരം സാഹചര്യത്തിൽ പ്രേരിതരായി പാപം ചെയ്ത മുസ്‌ലിങ്ങൾക്ക് പൊറുത്തു കൊടുക്കപ്പെടുകയും അതിനു പ്രേരിപ്പിച്ച ജൂത ക്രിസ്ത്യാനികളെ അവരുടെ പാപം വഹിപ്പിക്കുകയും ചെയ്യും എന്നാണ് ഹദീസിൻ്റെ മറ്റൊരു വ്യാഖ്യാനം. ഒരു തിന്മക്ക് പ്രേരിപ്പിച്ച വ്യക്തി ശിക്ഷക്ക് അർഹനാണല്ലോ. എന്നാൽ പ്രേരിതനായ വ്യക്തി പിന്നീട് പൊറുക്കപ്പെടാൻ ഉള്ള അർഹത പല രൂപത്തിലും നേടിയെടുത്തു എന്ന് വരാം. പശ്ചാത്താപത്തിലൂടെയോ സൽകർമങ്ങളിലൂടെയോ ഖേദത്തിലൂടെയോ ഒക്കെ ആണിത്. ഇത്തരം സന്ദർഭത്തിൽ പ്രേരിതനായി പാപം ചെയ്ത വ്യക്തിക്ക് പൊറുത്തു കൊടുക്കുകയും പ്രേരിപ്പിച്ച വ്യക്തി പാപാർഹൻ ആവുകയും ചെയ്യുന്നു.
(നവവി: ശർഹു മുസ്‌ലിം: 17/85, ഫതാവാ ലജ്നതു ദ്ദാഇമ: 3/468)

ഇവിടെയും ഇരട്ടത്താപ്പോ സ്വജനപക്ഷപാതമോ ഒന്നും ആശയത്തിൽ വരുന്നില്ല.

ഈ പറഞ്ഞ വിശദീകരണങ്ങൾ പൗരാണിക കാലഘട്ടം മുതൽ തന്നെ ഹദീസിനെ മനസ്സിലാക്കിയ ഒരുപാട് ഹദീസ് പണ്ഡിതർ ന്യായങ്ങൾ ചുമത്തി, തെളിവുകൾ നിരത്തി സമർപ്പിക്കുന്നുണ്ട്.

******************

ചില മുസ്‌ലിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുമ്പോൾ നിരപരാധികളായ ജൂത ക്രിസ്ത്യാനികളെ ഒഴിഞ്ഞസ്ഥാനത്ത് പകരമായി സ്ഥാപിക്കുമെന്ന് ഹദീസിൽ ഉണ്ട് എന്നതാണ് അടുത്ത ആരോപണം.

ഇമാം മുസ്‌ലിം ഉദ്ധരിച്ച, ആരോപണ വിധേയമായ ഹദീസിൻ്റെ ആശയം ഇപ്രകാരമാണ്:

لَا يَمُوتُ رَجُلٌ مُسْلِمٌ إِلَّا أَدْخَلَ اللَّهُ مَكَانَهُ النَّارَ يَهُودِيًّا أَوْ نَصْرَانِيًّا
ഒരു മുസ്‌ലിം മരണപ്പെടുമ്പോൾ അവന് പകരമായി ഒരു ജൂതനെയോ അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയെയൊ നരകത്തിൽ പ്രവേശിപ്പിക്കാതിരിക്കില്ല…

മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു:

إِذَا كَانَ يَوْمُ الْقِيَامَةِ دَفَعَ اللَّهُ عَزَّ وَجَلَّ إِلَى كُلِّ مُسْلِمٍ يَهُودِيًّا أَوْ نَصْرَانِيًّا فَيَقُولُ هَذَا فِكَاكُكَ مِنْ النَّارِ

പരലോകത്ത് ഒരു മുസ്‌ലിമിന്, ഒരു ജൂതനെയൊ ക്രിസ്ത്യാനിയെയൊ ഏൽപ്പിക്കുകയും, “ഇത് നരകത്തിൽ നിനക്ക് പകരമായി സ്ഥാനം പിടിച്ച വ്യക്തിയാണ്” എന്ന് പറയപ്പെടുകയും ചെയ്യും.

മുമ്പ് വിശദീകരിച്ച ഹദീസിന്റെ വ്യാഖ്യാനം പോലെ തന്നെ, ഈ ഹദീസിന്റെയും ശരിയായ അർത്ഥം സൂക്ഷ്മമായ വായനയിലൂടെ ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അത് ഇപ്രകാരം, ഹാഫിള് ഇബ്നു കസീർ വിശദീകരിക്കുന്നത് നമ്മുക്ക് കാണാം:

“ഏതൊരു വ്യക്തിക്കും (മരണശേഷം) രണ്ടു ഗേഹങ്ങൾ ഉണ്ട്. സ്വർഗ്ഗത്തിൽ ഒരു ഗേഹം. നരകത്തിലും ഒരു ഗേഹം. ഒരാൾ (അമുസ്‌ലിമായൊ അല്ലെങ്കിൽ മുസ്‌ലിമാണെങ്കിൽ കൂടി നരകത്തിന് അർഹതപ്പെട്ട പാപങ്ങൾ ചെയ്തൊ) മരണപ്പെടുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അവന് സ്വർഗ്ഗത്തിൽ കിട്ടേണ്ടിയിരുന്ന ഗേഹം അല്ലെങ്കിൽ സ്ഥാനം സ്വർഗത്തിലെ മറ്റൊരാൾ അനന്തരം എടുക്കും. ഇതാണ് ഈ ഖുർആൻ വചനത്തിന്റെ പൊരുൾ:

“അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.”
(ക്വുർആൻ: 23: 10,11)
(സുനനു ഇബ്നുമാജ: 4341)

മുജാഹിദ് പറഞ്ഞു: ഏതൊരാൾക്കും രണ്ടു ജീവിതപാതയും അതിനനുസരിച്ച പരലോക സ്ഥാനവും അല്ലാഹു ഒരുക്കിയിട്ടുണ്ട്. സ്വർഗ്ഗത്തിൽ ഒരു സ്ഥാനവും നരകത്തിൽ ഒരു സ്ഥാനവും ഏവർക്കും അല്ലാഹു ഒരുക്കിയിട്ടുണ്ട്. ഒരാൾ വിശ്വാസി ആയാൽ ആ രീതിയിൽ തന്നെ മരണപ്പെടുകയും ചെയ്താൽ നരകത്തിൽ അയാൾക്ക് വേണ്ടി ഒരുക്കിയ വീട് തകർക്കപ്പെടും. ഒരാൾ സത്യനിഷേധിയായി ജീവിക്കുകയും മരണപ്പെടുകയും ചെയ്താൽ അയാൾക്ക് സ്വർഗ്ഗത്തിൽ ഒരുക്കപ്പെട്ട വീട് തകർക്കപ്പെടുകയും ചെയ്യും. എന്നിട്ട് വിശ്വാസിക്ക് നൽകപ്പെടേണ്ടിയിരുന്ന നരകത്തിലെ ഒരു വീട് സത്യനിഷേധിക്ക് നൽകപ്പെടുകയും, സത്യനിഷേധിക്ക് നൽകപ്പെടേണ്ടിയിരുന്ന സ്വർഗ്ഗത്തിലെ വീട് വിശ്വാസിക്ക് നൽകപ്പെടുകയും ചെയ്യും.

സഈദിബ്നു ജുബൈറും സമാനമായ നിവേദനം ഉദ്ധരിക്കുന്നുണ്ട്: സത്യനിഷേധിക്ക് വിശ്വാസി ആയിരുന്നെങ്കിൽ നൽകപ്പെടുമായിരുന്ന സ്ഥാനവും സങ്കേതവും വിശ്വാസിക്ക് നൽകപ്പെടും. കാരണം ഇരു കൂട്ടരും ദൈവത്തിനു കീഴ്പ്പെടാനും ആരാധനകൾ ചെയ്യാനും കൽപ്പിക്കപ്പെട്ടപ്പോൾ വിശ്വാസി ആ കൽപ്പന സ്വീകരിക്കുകയും പരലോകത്തിന് വേണ്ടി പണിയെടുക്കുകയും ചെയ്തു. അവിശ്വാസിയാകട്ടെ ഈ കൽപ്പന അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്തു.
(തഫ്സീറുൽ ക്വുർആനിൽ അളീം: 5/465)

അപ്പോൾ, ഒരു മുസ്‌ലിം മരണപ്പെടുമ്പോൾ അവന് പകരമായി ഒരു ജൂതനെയൊ ക്രിസ്ത്യാനിയെയൊ നരകത്തിൽ പ്രവേശിപ്പിക്കാതിരിക്കില്ല… പരലോകത്ത് ഒരു മുസ്‌ലിമിന് പകരമായി, ഒരു ജൂതനൊ ക്രിസ്ത്യാനിയൊ സ്ഥാനം പിടിക്കും എന്നൊക്കെ ഹദീസിൽ വന്നിരിക്കുന്ന പ്രസ്താവനയിൽ നിന്നും, നരകത്തിലേക്കുള്ള ക്വാട്ട നികത്താനായി നിരപരാധിയായ ഒരു ജൂതനെയോ ക്രിസ്ത്യാനിയെയോ നിക്ഷേപിക്കുന്നതാണ് എന്നല്ല അർത്ഥം. മറിച്ച് മുസ്‌ലിം ആകട്ടെ ജൂതൻ ആകട്ടെ ക്രിസ്ത്യാനി ആകട്ടെ, വിശ്വസിക്കുകയും സൽകർമ്മം അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗ്ഗവും അവിശ്വസിക്കുകയും ദുഷ്കർമ്മം ചെയ്യുകയും ചെയ്താൽ നരകവുമാണ്.

“വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.”
(ക്വുർആൻ: 5: 65)

“(ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; ‘നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ’ എന്ന്‌. എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തൻ്റെ രക്ഷിതാവിങ്കല്‍ അതിൻ്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.”
(ക്വുർആൻ: 2: 112)

അപ്പോൾ വിശ്വസിക്കുകയും സൽകർമ്മം അനുഷ്ഠിക്കുകയും ചെയ്തവരുടെ നരക സ്ഥാനം അവിശ്വസിക്കുകയും ദുഷ്കർമ്മം ചെയ്യുകയും ചെയ്ത ആൾക്ക് നൽകും. അവിശ്വസിക്കുകയും ദുഷ്കർമ്മം പ്രവർത്തിക്കുകയും ചെയ്തവരുടെ സ്വർഗ്ഗത്തിലെ സ്ഥാനം വിശ്വാസികൾക്ക് നൽകപ്പെടുകയും ചെയ്യും.

അപ്പോൾ ഒരു വിശ്വാസി സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുമ്പോൾ അതിനു പകരമായി, അവൻ പ്രവേശിക്കേണ്ടിയിരുന്ന നരക സ്ഥാനത്ത് ഒരു അവിശ്വാസി പ്രവേശിക്കപ്പെടുന്നു എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ? നരകത്തിൽ പ്രവേശിക്കപ്പെട്ട ആ അവിശ്വാസി തന്റെ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് നരകത്തിൽ പ്രവേശിക്കുന്നത്. അതല്ലാതെ വിശ്വാസിക്ക് നൽകപ്പെടേണ്ടിയിരുന്ന നരക സ്ഥാനത്ത് ആരെയെങ്കിലും പിടിച്ചു വെച്ചേ പറ്റൂ എന്ന സമ്മർദ്ദത്താൽ, അർഹതയില്ലാത്ത ഒരാളെ കൊണ്ടുപോയി നരകത്തിൽ നിക്ഷേപിക്കുന്നു എന്നല്ല ഹദീസിൽ പറഞ്ഞത് എന്ന് ചുരുക്കം.
(ഫത്ഹുൽ ബാരി: 11: 450)

print

1 Comment

  • ലേഖനം ഒരാവർത്തി വായിച്ചു നോക്കിയിട്ട് വേണം പോസ്റ്റ്‌ ചെയ്യാൻ..മുഴുവനും പൊട്ട തെറ്റാണു..ആശയങ്ങൾ പരസ്പരം ചേരുന്നില്ല….

    Subin 13.09.2024

Leave a comment

Your email address will not be published.