തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -9

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -9
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -9
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -9

ഉഷ്ണ കാലം, പനി, ഇടിമിന്നൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ആത്മീയ വ്യാഖ്യാനങ്ങൾ ശാസ്ത്ര വിരുദ്ധമൊ?

വിമർശനം:

സൂര്യനാണല്ലൊ ഭൂമിയിലെ ഋതുക്കൾക്ക് കാരണം. അപ്പോൾ നരകത്തിൻ്റെ ശ്വാസമൊ/വിടുതിയൊ ആണ് കാലാവസ്ഥകൾക്ക് കാരണം എന്ന ഹദീസ് ശാസ്ത്ര വിരുദ്ധമല്ലെ ? കൂടാതെ പനി നരകത്തിൻ്റെ ചൂടാണെന്നും, മലക്ക് മേഘങ്ങളെ തെളിച്ചു കൊണ്ടു പോകുമ്പോഴുള്ള ശബ്ദവും വെളിച്ചവുമാണ് ഇടിമിന്നൽ എന്നും ഹദീസുകളിൽ വിവരിക്കപ്പെട്ടതെല്ലാം യാഥാർത്ഥ്യത്തോടും യുക്തിയോടും നിരക്കാത്തതല്ലെ ?

വിമർശനവിധേയമായ ഹദീസ്:

اشْتَكَتِ النَّارُ إلى رَبِّهَا، فَقالَتْ: يا رَبِّ أَكَلَ بَعْضِي بَعْضًا، فأذِنَ لَهَا بنَفَسَيْنِ، نَفَسٍ في الشِّتَاءِ، وَنَفَسٍ في الصَّيْفِ، فَهْوَ أَشَدُّ ما تَجِدُونَ مِنَ الحَرِّ، وَأَشَدُّ ما تَجِدُونَ مِنَ الزَّمْهَرِيرِ.

“നരകം തൻ്റെ രക്ഷിതാവിനോട് പരാതിപ്പെട്ടു: “എൻ്റെ ചില ഭാഗം ചിലതിനെ തിന്നു”. അപ്പോൾ രണ്ട് ആശ്വാസം/ശ്വാസം* സമയം നരകത്തിന് അനുവദിക്കപ്പെട്ടു. ഒരു ആശ്വാസം/ശ്വാസം ശൈത്യകാലത്തും മറ്റൊന്ന് ഉഷ്ണകാലത്തുമാണ്. അത് നിങ്ങൾ (ഈ കാലാവസ്ഥകളിൽ) അനുഭവിക്കുന്ന തീക്ഷ്ണമായ ചൂടും തണുപ്പുമാണ്.”
(സ്വഹീഹുൽ ബുഖാരി: 3260, സ്വഹീഹു മുസ്‌ലിം: 617)

* ഹദീസിലെ (النَّفَسُ) എന്ന പദത്തിന് ആശ്വാസം/ശ്വാസം എന്നീ രണ്ട് അർത്ഥവും കൽപ്പിക്കാവുന്നതാണ്.

മറുപടി:

“പാവ”ലോകത്ത്, ഒരു “വിശ്വാസി- നിഷേധി” സംവാദം നടക്കുന്നു!

വിശ്വാസികളുടെ പക്ഷത്തു നിന്ന് വിഷയമവതരിപ്പിച്ച “പാവ” പണ്ഡിതൻ തൻ്റെ അവതരണത്തിന് ഇപ്രകാരം വിരാമം കുറിച്ചു:

“ചുരുക്കത്തിൽ, നാം പാവകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യ കുഞ്ഞുങ്ങൾക്ക് കളിക്കാനാണ്.

രാവിലെ പെൺകുട്ടിയാണ് നമ്മളെയും കൊണ്ട് കളിക്കുന്നത്. അതുകൊണ്ടാണ് അധികം പരിക്കൊന്നും നമുക്ക് ഉണ്ടാവാത്തത്. വൈകുന്നേരം നമ്മളെയും കൊണ്ട് കളിക്കുന്നത് ആൺകുട്ടിയാണ്. അതുകൊണ്ടാണ് വൈകുന്നേരം നമ്മുടെ പരിക്കുകൾ കൂടുന്നതും.

എന്തു കൊണ്ടാണ് നാം പാട്ട് പാടുന്ന പാവകളായത് ? മനുഷ്യ കുട്ടികൾക്ക് പാട്ടു കേൾക്കാൻ ഇഷ്‌ടമായതു കൊണ്ടാണത്.

എന്തുകൊണ്ടാണ് -പാവകളായ- നമ്മുടെ ശരീരം മിനുസമുള്ളതായത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
കൂർത്ത ഭാഗങ്ങളുണ്ടായാൽ, കുഞ്ഞുങ്ങളുടെ മൃദുലമായ കൈകളിൽ മുറിവേൽക്കും എന്നതുകൊണ്ടാണത്.

നമ്മുടെ വലിപ്പം ഇത്രയായി തിട്ടപ്പെടുത്തപ്പെട്ടു എന്നതിനും ഒരു കാരണമുണ്ട്. നാം നന്നേ ചെറുതായാൽ കുട്ടികൾ നമ്മെ വിഴുങ്ങിക്കളഞ്ഞേക്കും, നാം വളരെ വലുതായാൽ കുട്ടികൾക്ക് നമ്മെ താങ്ങാൻ കഴിയില്ല എന്നതിനാലുമാണത്.

നമ്മുടെ പ്രകൃതത്തിനും സൃഷ്ടിപ്പിനും ഓരോ ചലനത്തിനു പോലും അർത്ഥവും ലക്ഷ്യവുമുണ്ട് എന്ന് ചുരുക്കം…”

എതിർ പക്ഷത്തു നിന്ന് എഴുന്നേറ്റ് നിന്ന, നിഷേധിയായ പാവ പരിഹാസപൂർവ്വം ചിരിച്ചു കൊണ്ട് പറഞ്ഞു:

“യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത, ശാസ്ത്ര വിരുദ്ധമായ എത്ര വലിയ വിഡ്ഢിത്തങ്ങളാണ് മറുപക്ഷം ഇവിടെ വിശദീകരിച്ചിരിക്കുന്നത്!

രാവിലെ പെൺകുട്ടിയും വൈകുന്നേരം ആൺകുട്ടിയുമാണ് നമ്മളെയും കൊണ്ട് കളിക്കുന്നത് എന്നതിനാലല്ല നമ്മുക്ക് പരിക്ക് കൂടുകയും കുറയുകയും ചെയ്യുന്നത്. മറിച്ച് രാവിലെ നമ്മുടെ ശരീരം സ്വഭാവികമായും ശാന്തമായതു കൊണ്ടാണ് നമ്മുക്ക് പരിക്കുകൾ കുറയുന്നത്. വൈകുന്നേരങ്ങളിലാകട്ടെ നമ്മുടെ ശരീരം പ്രകൃത്യാ ചലനാത്മകമാണ്. അതുകൊണ്ടാണ് പരിക്കുകൾ കൂടുന്നത്. ആൺകുട്ടിയും പെൺകുട്ടിയും മാറി മാറി കളിക്കുന്നതിനാലാണ് പരിക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നത് എന്ന അന്ധവിശ്വാസം (നമ്മുടെ പരിക്കുകളെ കുറിച്ചും പ്രതിവിധികളെ കുറിച്ചുമുള്ള) വൈദ്യ ശാസ്ത്രത്തിൻ്റെ പുരോഗമനത്തിന് തടസ്സമാണ്.

മനുഷ്യ കുട്ടികൾക്ക് പാട്ടു കേൾക്കാൻ ഇഷ്‌ടമായതു കൊണ്ടാണ് നാം പാട്ടുകാരായത് എന്ന വാദം വിചിത്രം തന്നെ!
മെക്കാനിക്കൽ ഫോണോഗ്രാഫ്, ടേപ്പ് റെക്കോർഡറുകൾ, ഇലക്ട്രോണിക് സിന്തസൈസർ എന്നിവയൊക്കെയാണ് നാം പാട്ടുകാരാവാൻ കാരണം എന്ന് ശാസ്ത്രം ഇന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ കൈകളിൽ മുറിവാവരുത് എന്നതാണ് നമ്മുടെ ശരീരത്തിൻ്റെ മിനുസത്തിന് കാരണം എന്ന വിശ്വാസം അതിനേക്കാൾ വലിയ തമാശ! സിലിക്കണു കൊണ്ട് നിർമ്മിക്കപ്പെട്ടതിനാലാണ് നമ്മുടെ ശരീരം ഇത്ര മൃദുലം എന്ന വിവരം പോലും ഇവർക്കില്ലെ?!

പിന്നെ, നമ്മളെ വിഴുങ്ങാൻ മാത്രം വലുതാണ് ഈ കുട്ടികൾ എങ്കിൽ നമ്മളെ താങ്ങാനും അവർക്ക് കഴിയേണ്ടതല്ലെ?…

ചുരുക്കത്തിൽ, നമ്മുടെ സൃഷ്ടിപ്പും പ്രകൃതിയും ചലനങ്ങളാസകലവും ആകസ്മികതകൾ മാത്രമാണ്. ഒന്നിനും വസ്തുനിഷ്ഠമായ ഒരു അർത്ഥവും ലക്ഷ്യവും ഇല്ല…

സംവാദം കരഘോഷങ്ങളുടെ ആരവങ്ങളോടെ തുടർന്നുകൊണ്ടിരുന്നു…

ഭൗതിക ലോകത്തെയും പ്രകൃതി പ്രതിഭാസങ്ങളെയും വിശകലനം ചെയ്യുമ്പോൾ (ഇസ്‌ലാം) മതവും ശാസ്ത്രവും മിക്കവാറും രണ്ട് വ്യത്യസ്ത മേഖലകളെയും കാരണങ്ങളെയുമാണ് ചർച്ച ചെയ്യുന്നത് എന്ന് പാവ ലോകത്തെ ഈ വിശ്വാസി-നിഷേധി സംവാദത്തിലൂടെ വായനക്കാർക്ക് മനസ്സിലായിരിക്കുമല്ലൊ. ശാസ്ത്രം പ്രപഞ്ചത്തിലെ ഭൗതിക കാരണങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ മതം ആ പ്രപഞ്ചത്തിൻ്റെ ഭൗതിക കാരണങ്ങൾക്ക് പിന്നിലെ ദൈവിക ലക്ഷ്യത്തെയും ഉദ്ദേശ്യത്തേയുമാണ് കൈകാര്യം ചെയ്യുന്നത്. ഈ രണ്ട് വിശദീകരങ്ങളും തമ്മിൽ വൈരുദ്ധ്യമില്ലെന്ന് “പാവ സംവാദ” ത്തിലൂടെ മനസ്സിലാക്കാമല്ലൊ. പാവകൾ വിനോദ ഉപകരണങ്ങളാണെന്നും അവയുടെ സൃഷ്ടിപ്പിലെ ഓരോ ഭൗതിക കാരണങ്ങൾക്കും (ആകാരം, മൃതുലത, പാട്ട്, പരിക്കുകൾ) പിന്നിൽ അഭൗതിക (പാവേതര) കാരണങ്ങൾ ഉണ്ട് എന്നും അംഗീകരിക്കാനും, ഈ ഭൗതികവും അഭൗതികവുമായ കാരണങ്ങളെ പരസ്പരം സംയോജിപ്പിക്കാനും ഒരു നിഷേധിക്ക് കഴിയില്ല. അതിന് കാരണം നിഷേധി, പാവലോകത്തിനപ്പുറം ഉള്ളതെല്ലാം നിഷേധിക്കുന്നു എന്നത് മാത്രമല്ല. ഒരു പ്രതിഭാസത്തിന് ഒരേ സമയം പല കാരണങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാവൽ ബുദ്ധിപരമാണ്, എന്ന് തത്ത്വത്തിലെങ്കിലും അംഗീകരിക്കാനുള്ള യുക്തിയൊ വിനയമൊ ഇല്ലാത്തതു കൊണ്ടു കൂടിയാണത്. പാവയുടെ മെയ്യഴകിന് കാരണം സിലിക്കണെന്ന ഭൗതിക കാരണമാണ് എന്നതോടൊപ്പം തന്നെ, പാവ കൊണ്ട് കളിക്കുന്ന കുട്ടിയുടെ പിഞ്ചു കൈയ്യിൽ മുറിവേൽക്കാതിരിക്കുക എന്ന ഉദ്ദേശ്യ-ലക്ഷ്യപരമായ (Intentional- Purposefull) കാരണം കൂടി ഉണ്ട് എന്ന് ഒരാൾ അംഗീകരിച്ചാൽ അവ തമ്മിൽ എങ്ങനെ വൈരുദ്ധ്യമാവും ?!
പാവ ലോകത്തെ ശാസ്ത്രത്തിൻ്റെ വളർച്ചക്കോ പുരോഗമനത്തിനൊ ഈ ഉദ്ദേശ്യ-ലക്ഷ്യപരമായ കാരണം എങ്ങനെ തടസ്സമാവും ?!

പാവലോകത്തിനപ്പുറം ഒരു ലോകമില്ലെന്നും, പാവപ്രകൃതിക്ക് ഒരു ഉദ്ദേശ്യ-ലക്ഷ്യവും ഇല്ലെന്നും ഒരു പാവക്ക് കാരണങ്ങളൊന്നും കൂടാതെ വാദിക്കാം. പക്ഷെ ഈ നിഷേധത്തിന് തെളിവായി, പാവ ലോകത്തെ ഭൗതിക കാരണങ്ങൾ ഉദ്ധരിക്കുന്നത് ന്യായ വൈകല്യം മാത്രമാണ്. സിലിക്കൺ പദാർത്ഥം കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എന്ന ഭൗതിക കാരണം, അതിന് പിന്നിലെ, കുട്ടിയുടെ കൈയ്യിൽ മുറിവേൽക്കാതിരിക്കുക എന്ന ഉദ്ദേശ്യ-ലക്ഷ്യപരമായ (Intentional- Purposefull) കാരണത്തെ തെളിയിക്കുകയല്ലെ ചെയ്യുന്നത്? അല്ലാതെ ഈ ഉദ്ദേശ്യ-ലക്ഷ്യപരമായ കാരണത്തെ നിഷേധിക്കാൻ, സിലിക്കൺ പദാർത്ഥം കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്ന ഭൗതിക കാരണം എങ്ങനെ ന്യായമാവും ?!

***********************

ഇനി വിമർശന വിധേയമായ ഹദീസിലേക്ക് വരാം…
ഭൗമിക കാലാവസ്ഥകളുടെ ഭൗതിക കാരണങ്ങൾ വിശകലനം ചെയ്യുകയല്ല ഹദീസ് ചെയ്യുന്നത് എന്ന് വിമർശകർ മനസ്സിലാക്കണം. പ്രകൃതിശാസ്ത്രങ്ങളുടെ ഭൗതിക വിശദീകരണങ്ങൾക്കപ്പുറം അദൃശ്യവും മനുഷ്യർക്ക് അപ്രാപ്യവുമായ ആത്മീയ അന്തസാരങ്ങൾ പങ്കു വെക്കുകയാണ് (ഇസ്‌ലാം) മതം ചെയ്യുന്നത്. ശാസ്ത്രം, പ്രകൃതി പ്രതിഭാസങ്ങളുടെ ഭൗതിക കാരണങ്ങൾ (material cause) ചർച്ച ചെയ്യുമ്പോൾ, മതം പ്രകൃതി പ്രതിഭാസങ്ങളുടെ അന്തിമ കാരണമാണ് (Final cause) അനാവരണം ചെയ്യുന്നത്; ഒരു പ്രകൃതി പ്രതിഭാസത്തിൻ്റെ ദൈവിക ഉദ്ദേശ്യം അല്ലെങ്കിൽ ദൈവികലക്ഷ്യം… അല്ലെങ്കിൽ ഒരു കാര്യം സ്വാഭാവികമായി വികസിച്ചെത്തുന്ന അതിൻ്റെ അവസാനം, ഇതൊക്കെയാണ് മതത്തിൻ്റെ ചർച്ചാവിഷയം.
(കൂടുതൽ വിവരങ്ങൾക്ക്:
https://www.snehasamvadam.org/തെറ്റിദ്ധരിക്കപ്പെട്ട-9/)

ഭൗതിക കാരണവും (material cause) അന്തിമ കാരണവും (Final cause) തമ്മിലുള്ള വ്യത്യാസം മനസ്സിലാവാത്തവർ ശാസ്ത്ര പുസ്തകങ്ങളിൽ മനപാഠമാക്കിയ വരികളിൽ നിന്നും “വ്യത്യസ്തമായ” എന്ത് വിശദീകരണങ്ങളും വർണനകളും കണ്ടാലും അതൊക്കെ ശാസ്ത്ര “വിരുദ്ധമായി” തെറ്റിദ്ധരിക്കുന്നു എന്ന് മാത്രം.

വിമർശനവിധേയമായ ഹദീസിനെ മുസ്‌ലിം സമൂഹവും ആദ്യകാല ഹദീസ് ശാസ്ത്രജ്ഞരും പല രീതിയിലും മനസ്സിലാക്കിയതായി പൗരാണിക ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാവുന്നു. വിശദാംശങ്ങളിൽ ശാസ്ത്രത്തിൻ്റെ മേഖലക്ക് അപ്പുറമുള്ള വിവരങ്ങൾ ഉണ്ടാവാമെങ്കിലും ഈ വ്യാഖ്യാനങ്ങളിൽ ഏത് സ്വീകരിച്ചാലും ബുദ്ധിക്കൊ ശാസ്ത്രത്തിനൊ എതിരായി ഒന്നും ഹദീസിൽ കണ്ടെത്താൻ കഴിയില്ല എന്നതാണ് വസ്തുത.

വ്യാഖ്യാനം 1:

ഹദീസ് അനാവരണം ചെയ്യുന്നത് ഭൗമികമായ കാലാവസ്ഥയെ സംബന്ധിച്ച് അല്ലേയല്ല. പ്രത്യുത,
നരകത്തിലെ കഠിനമായ ചൂടിൻ്റെയും തണുപ്പിൻ്റെയും ഭീകരത എത്രത്തോളമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ് ഹദീസിൻ്റെ ഉദ്ദേശ്യം.

അതായത്, വർഷത്തിൽ രണ്ട് തവണ നരകത്തിന് ആശ്വാസം/ശ്വാസം അല്ലാഹു അനുവദിച്ചു. ആ ആശ്വാസ/ശ്വാസ വേളയിൽ നരകത്തിൻ്റെ ചൂടിൻ്റെയും തണുപ്പിൻ്റെയും കാഠിന്യം കുറയുമല്ലൊ. എന്നാൽ നരകത്തിലെ ഈ കാഠിന്യം കുറഞ്ഞ ചൂടും തണുപ്പും പോലും, ഭൗമികമായി ശൈത്യകാലത്തും ഉഷ്ണകാലത്തും നാം അനുഭവിക്കുന്ന ഏറ്റവും തീക്ഷ്ണമായ ചൂടും തണുപ്പിനോടും തുല്യമായിരിക്കും. അഥവാ, ഭൗമിക കാലാവസ്ഥകളിൽ നാം അനുഭവിക്കുന്ന ഏറ്റവും തീക്ഷ്ണമായ ചൂടിനോടും തണുപ്പിനോടും തുല്യമായിരിക്കും നരകത്തിലെ ഏറ്റവും കാഠിന്യം കുറഞ്ഞ ചൂടും തണുപ്പും. എങ്കിൽ നരകത്തിൻ്റെ സ്വാഭാവിക താപവും കുളിരും എത്ര അസഹനീയമായിരിക്കും !!!

فَهْوَ أَشَدُّ ما تَجِدُونَ مِنَ الحَرِّ، وَأَشَدُّ ما تَجِدُونَ مِنَ الزَّمْهَرِيرِ.
“അത് നിങ്ങൾ (ഈ കാലാവസ്ഥകളിൽ) അനുഭവിക്കുന്ന തീക്ഷ്ണമായ ചൂടും തണുപ്പുമാണ്.” എന്ന ഹദീസിലെ ഭാഗം ഇതാണ് സൂചിപ്പിക്കുന്നത്.

ഇസ്‌ലാം വിരോധികളുടെ ഹദീസ് നിരൂപണങ്ങൾ ഉദയം കൊള്ളുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇത്തരമൊരു വ്യാഖ്യാനം, മുസ്‌ലിം ഹദീസ് പണ്ഡിതർ ഹദീസിന് നൽകിയിട്ടുണ്ട് എന്ന് നാം മനസ്സിലാക്കണം. ഉദാഹരണത്തിന്,
ഹിജ്രാബ്ദം 476 ൽ (1083 CE) ഭൂജാതനായ കാദി ഇയാദ് എഴുതിയത് കാണുക:
“…ഭൗമികമായ ഉഷ്ണകാലത്തെ നരകത്തോട് സദൃശ്യപ്പെടുത്തുകയും ഉപമിക്കുകയുമാണ് ഹദീസ്, അതിനാൽ നരകത്തിൻ്റെ കഠിനമായ ഉഷ്ണത്തെ ഭയപ്പെടുക, അത് വന്നു ഭവിക്കുന്ന അവസ്ഥയെ ഇല്ലാതാക്കുക.”
(ശർഹു മുസ്‌ലിം: ഇമാം നവവി :5:120, ശർഹു സുനനു ഇബ്നു മാജ: സുയൂത്വി: 1:321, ഫത്ഹുൽ ബാരി: ഇബ്നു ഹജ്ർ: 10: 186)

രണ്ട് ശ്വാസങ്ങൾ/ആശ്വാസങ്ങളിലൂടെ, നരകത്തിലെ രണ്ട് ഘട്ടങ്ങളിലുണ്ടാവുന്ന ഏറ്റവും കുറഞ്ഞ ചൂടും തണുപ്പും, ഭൂമിയിലെ ഏറ്റവും കഠിനമായ ഉഷ്ണ കാലത്തെയും ശൈത്യകാലത്തെയും പോലെയായിരിക്കും എന്ന് ചുരുക്കം.

വ്യാഖ്യാനം 2:

“നരകം” ഒരു ഭാഗത്ത് ഉറച്ചു നിൽക്കുന്ന ഒരു അസ്‌തിത്വത്തെ മാത്രം വിളിക്കുന്ന സാങ്കേതിക പദമല്ല എന്നതാണ് ഇസ്‌ലാമിക വീക്ഷണം.

1. എല്ലാ ശിക്ഷയെയും ശിക്ഷാ ഹേതുവെയും “നരകം” എന്ന് വിളിക്കാം എന്നാണ് ഹദീസുകളിൽ നിന്ന് മനസ്സിലാവുന്നത്.

അന്യായമായ ഭൂമി അപഹരിച്ചാൽ “നരക”ത്തിൻ്റെ ഒരു കണ്ടമാണ് ഒരാൾ സ്വന്തമാക്കുന്നത് എന്ന് നബി (സ) പറഞ്ഞത് ഉദാഹരണം:
فإنَّما أقْطَعُ له قِطْعَةً مِنَ النَّارِ.
(സ്വഹീഹുൽ ബുഖാരി: 7169)

2. പ്രയാസകരമായ ഭൗമീകാനുഭവങ്ങൾ ഒരു വിശ്വാസിയുടെ പാപങ്ങളെ മായ്ച്ചു കളയാനും ഇല്ലാതാക്കാനും ഉതകുന്നതാണ്. അതിലൂടെ നരകശിക്ഷയിൽ നിന്നും ഒരു വിശ്വാസി മോക്ഷം നേടുന്നു. ഇത്തരം പ്രയാസങ്ങളെയും ക്ലേശങ്ങളെയും (ഉദാഹരണം, കഠിനമായ വെയിൽ, പനി…) “നരകം” എന്നു തന്നെയാണ് ഹദീസുകൾ പരിചയപ്പെടുത്തിയിട്ടുള്ളത്… മനുഷ്യരുടെ പാപങ്ങളെ കരിച്ചു കളയുന്നതായ എല്ലാ ചൂടും പ്രയാസവും ക്ലേശങ്ങളും നരകമാണ്…

لسَّفَرُ قِطْعَةٌ مِنَ العَذَابِ

“യാത്ര ശിക്ഷയിൽ നിന്നുള്ള ഒരു കഷ്ണമാണ്…”
(സ്വഹീഹുൽ ബുഖാരി: 1804 )

فإنَّ شِدَّةَ الحَرِّ مِن فَيْحِ جَهَنَّمَ
“കൊടും ചൂട് നരകത്തിൻ്റെ ചൂടിൽ നിന്നുമുള്ളതാണ്…”
(സ്വഹീഹു മുസ്‌ലിം: 617)

الْحُمَّى مِنْ فَيْحِ جَهَنَّمَ فَابْرُدُوهَا بِالْمَاءِ
“പനി നരകത്തിൻ്റെ ചൂടിൽ നിന്നും ഉള്ളതാണ്…”
(സ്വഹീഹുൽ ബുഖാരി: 5725)

ഇബ്നുൽ ക്വയ്യിം (ജനനം ഹിജ്രാബ്ദം: 751 : CE 1292) എഴുതി:

“രണ്ടു രീതിയിലാണ് ഈ ഹദീസ് മനസ്സിലാക്കാവുന്നത്:

a) ഭൗമികമായ ക്ലേശങ്ങളും പനി പോലെയുള്ള രോഗങ്ങളുമെല്ലാം നരക ശിക്ഷക്ക് ചെറിയ സാമ്യതയോടെ അല്ലാഹു നിശ്ചയിച്ചത് മനുഷ്യർക്ക് നരകാനുഭവത്തിൻ്റെ ഒരു ലഘുവായ അനുഭൂതി മനസ്സിലാക്കാനും പാഠം ഉൾക്കൊള്ളാനുമാണ്. (Final cause – ലേ)

ഈ ഉദ്ദേശ്യത്തെ അടിസ്ഥാനപ്പെടുത്തി പിന്നീട് അതിന് അനുയോജ്യമായ ഭൗതിക കാരണങ്ങൾ (meterial cause -ലേ) അല്ലാഹു പനിക്കും രോഗത്തിനും നിർണയിച്ചു.

ആശ്വാസം, വിടുതി , സന്തോഷം, ആസ്വാദനങ്ങൾ എന്നിവ പരലോകത്തെ സ്വർഗത്തിൻ്റെ ഉള്ളടക്കങ്ങളാണ്. എന്നാൽ അവയെ കുറിച്ച് മനസ്സിലാക്കാനും ഉൾകൊള്ളാനും സങ്കൽപ്പിക്കാനും മനുഷ്യർക്ക് കഴിയാനായി അതിന് അനുയോജ്യമായ സുഖ-സന്തോഷാനുഭവങ്ങളും ഭൂമിയിൽ അല്ലാഹു നിശ്ചയിച്ചു.

b) പനിയുടെ രൂക്ഷതയെ നരകത്തിൻ്റെ കാഠിന്യവുമായി ഉപമിക്കുകയാണ് ഹദീസ് ചെയ്തത്. നരക ശിക്ഷയെ കുറിച്ച ബോധം നമ്മിൽ അങ്കുരിക്കപ്പെടുകയാണ് ഈ ഉപമയിലൂടെ നബി (സ) ഉദ്ദേശിച്ചത്. ( അല്ലാതെ പനിയുടെ ഭൗതിക കാരണം (meterial cause) വിശദീകരിക്കുകയല്ല.)
(അത്ത്വിബ്ബുന്നബവിയ്: ഇബ്നുൽ ക്വയ്യിം: 21)

ഇബ്നു ഹജർ (ജനനം ഹിജ്രാബ്ദം: 773 : CE 1371) എഴുതി:

“പനിയെ നരകത്തോട് ചേർത്തി പറഞ്ഞതിൻ്റെ വ്യാഖ്യാനം പലതാണ്:
പനി അക്ഷരാർത്ഥത്തിൽ നരകത്തിൽ നിന്നുള്ളതാണ് എന്നാണ് ഒരു വ്യാഖ്യാനം. പനിയിലൂടെ ശരീരത്തിൽ ഉളവാകുന്ന താപം, മനുഷ്യർ നരകത്തെ ലഘുവായി അനുഭവിക്കാനും ഉൽബുദ്ധരാവാനും വേണ്ടി അല്ലാഹു നിശ്ചയിച്ചതാണ്. ആ ഉദ്ദേശ്യത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലാഹു ഭൗതികമായ കാരണങ്ങൾ പനിക്ക്, പിന്നീട് നിശ്ചയിച്ചു നൽകി… ബസ്സാർ തൻ്റെ മുസ്നദിൽ പ്രവാചക പത്നി ആഇശയിൽ (റ) നിന്ന് നിവേദനം ചെയ്തതായി വന്ന ഹദീസിലും, ഇമാം അഹ്‌മദ്, ത്വബ്റാനി എന്നിവർ പ്രവാചകാനുചരന്മാരായ ഇബ്നു മസ്ഊദ്, അബൂ ഉമാമ എന്നിവരിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരം വ്യക്തമായി പ്രസ്ഥാവിക്കപ്പെട്ടിരിക്കുന്നു:
الحمى حظ المؤمن من النار.
“പനി, വിശ്വാസിക്ക് നരകത്തിൽ നിന്നും നൽകപ്പെടുന്ന ഒരു വിഹിതമാണ്.”…” (പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണമായി പനിയെ പരിഗണിക്കുകയും നരക ശിക്ഷയുടെ വിഹിതം പനിയായി ലഘൂകരിച്ച് ഇഹലോകത്ത് തന്നെ അല്ലാഹു നൽകുകയും ചെയ്യുന്നു. അപ്പോൾ പനി അക്ഷരാർത്ഥത്തിൽ നരകത്തിൽ നിന്നും ഉള്ളതാണെന്ന് പറയാമല്ലൊ.”
(ഫത്ഹുൽ ബാരി: ഇബ്നു ഹജ്ർ: 10: 186)

പനി എന്തുകൊണ്ട് ചൂടുള്ളതായി ? എന്ന ചോദ്യത്തിന് പല കാരണങ്ങളും പല വീക്ഷണകോണിൽ നിന്ന് കൊണ്ട് പറയാവുന്നതാണ്. പനിയുടെ ഭൗതിക കാരണം (meterial cause), ഹദീസിൽ പറയപ്പെട്ട ആത്മീയ കാരണത്തോട് ഒരിക്കലും വിരുദ്ധമാവുന്നില്ല. ഹദീസ് സംസാരിക്കുന്നത് പനിയുടെ അവസാന കാരണം അല്ലെങ്കിൽ അന്തിമ കാരണത്തെ (Final cause) സംബന്ധിച്ചാണ് എന്ന് എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇമാം ഇബ്നുൽ ക്വയ്യിമും ഇബ്നു ഹജറും വ്യക്തമാക്കിയിരിക്കുന്നു !!

ഈ കാരണങ്ങൾ തമ്മിൽ വ്യത്യസ്തമാണ് എങ്കിലും പരസ്പര വിരുദ്ധമല്ല. പനിയുടെ ഭൗതിക കാരണങ്ങളെ സംബന്ധിച്ച തുടർച്ചയായ അന്വേഷണങ്ങളിലൂടെ ഇത് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്:

എന്തു കൊണ്ട് നമ്മെ പനി ബാധിക്കുന്നു?

അണുബാധ മൂലം ശരീര താപനിലയിലെ താൽക്കാലിക വർദ്ധനവാണ് പനി. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൽ നിന്നുള്ള മൊത്തത്തിലുള്ള പ്രതികരണത്തിൻ്റെ ഒരു ഭാഗമാണിത്.
( https://www.mayoclinic.org/diseases-conditions/fever/symptoms-causes/syc-20352759 )

എങ്കിൽ, പനിക്ക് എന്തുകൊണ്ട് ചൂട് ?

സാധാരണയായി വൈറസ്, ബാക്റ്റീരിയ ബാധയെ പ്രതിരോധിക്കാനും മുക്തമാക്കാനും വേണ്ടിയാണ് ശരീരം താപനിലയെ താൽക്കാലിക വർദ്ധിപ്പിക്കുന്നത്.

( https://www.mayoclinic.org/diseases-conditions/fever/symptoms-causes/syc-20352759 )

എങ്കിൽ, വൈറസ്, ബാക്റ്റീരിയ ബാധയെ ചൂട് എന്തു കൊണ്ട് പ്രതിരോധിക്കുന്നു?

വൈറസ് ബാധ മൂലമാണ് വൈറൽ പനി ഉണ്ടാകുന്നത്. വൈറസുകൾ വളരെ ചെറിയ പകർച്ചവ്യാധി ഏജൻ്റുകളാണ്. അവ നിങ്ങളുടെ ശരീരത്തിലെ കോശങ്ങളെ ബാധിക്കുകയും പെരുകുകയും ചെയ്യുന്നു. വൈറസിനെതിരെ പോരാടാനുള്ള നിങ്ങളുടെ ശരീരത്തിൻ്റെ മാർഗമാണ് പനി. പല വൈറസുകളും താപനിലയിലെ മാറ്റങ്ങളോട് സംവേദനക്ഷമമാണ്, അതിനാൽ നിങ്ങളുടെ ശരീര താപനിലയിലെ പെട്ടെന്നുള്ള വർദ്ധനവ് നിങ്ങളെ വൈറസുകൾക്ക് കോശങ്ങളിലുള്ള ആതിഥ്യം തടസ്സപ്പെടുത്തുന്നു.

(https://www.healthline.com/health/viral-fever)

എങ്കിൽ, വൈറസുകൾ എന്തുകൊണ്ട് താപനിലയിലെ മാറ്റങ്ങളോട് സംവേദനക്ഷമമായി ?

വൈവിധ്യമാർന്ന വൈറസുകൾ വ്യത്യസ്തമായ താപനില സംവേദനം പ്രകടിപ്പിക്കുന്നു. ഓരോ വൈറസും ആതിഥേയ കോശത്തിൽ ഉൽപ്പാദിപ്പിക്കുന്ന മിക്ക പ്രോട്ടീനുകളും താപനില സംവേദനം പ്രകടിപ്പിക്കുന്നു.

എന്തു കൊണ്ട് ?

the mechanism of temperature sensitivity is not known…

താപനില സംവേദനക്ഷമതയുടെ സംവിധാനം ഇതു വരെ നമുക്ക് അറിയില്ല. പക്ഷേ വൈറൽ എൻസൈമുകളുടെ ഘടനയിലെ ചെറിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടതായിരിക്കാം അത്…

(https://www.ncbi.nlm.nih.gov )

ശാസ്ത്രമെത്ര വികസിച്ചാലും, പ്രകൃതി പ്രതിഭാസങ്ങളുടെ വികാസത്തിലെ ഒരു ഘട്ടത്തിലെ ഭൗതിക കാരണം (meterial cause) മാത്രം വിശദീകരിക്കാനെ അതിന് കഴിയു. അതിൻ്റെ ആത്യന്തികമായ കാരണം (അഥവാ ദൈവിക ലക്ഷ്യം) വിശദീകരിക്കാൻ ശാസ്ത്രത്തിന് കഴിയില്ല. കാരണം ശാസ്ത്രത്തിൻ്റെ വിഷയത്തിനും പരിമിതിക്കും അപ്പുറമാണത്.

എന്തുകൊണ്ട് പനി ചൂടായി. തണുപ്പൊ മറ്റെന്തെങ്കിലും ആവാമായിരുന്നില്ലെ. വൈറസുകളിൽ എന്തുകൊണ്ട് ചൂടിനോട് തന്നെ സംവേദനമുണ്ടായി? എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം മനുഷ്യ ശരീരത്തെയും വൈറസിനെയും സൃഷ്ടിച്ച ദൈവത്തിനല്ലെ പറയാനാകു? ദൈവത്തിൻ്റെ ഉദ്ദേശ്യം അല്ലെങ്കിൽ ലക്ഷ്യമാണ് ആത്യന്തികമായി ഒരു പ്രതിഭാസത്തിൻ്റെ ഏറ്റവും അടിസ്ഥാനപരമായ പ്രകൃതത്തെ നിർണയിക്കുക.

ആ ദൈവം പറയുന്നു… നരകത്തെ നിങ്ങൾ ഓർക്കാനും, പാപങ്ങൾ പൊറുത്തു നൽകാനും വേണ്ടി നരകച്ചൂടിൻ്റെ ഒരു പൊട്ട് ചൂട് നിങ്ങൾക്ക് നൽകാനാണ് പനി ചൂടായി നിശ്ചയിച്ചത്. ഈ ദൈവിക ഉദ്ദേശ്യത്തെ ഭൗതികമായി നടപ്പാക്കാൻ ഭൗതികമായ കാരണങ്ങൾ ദൈവം നിശ്ചയിക്കുകയും ചെയ്തു. ആ ഭൗതികാരണമാണ് ശാസ്ത്രത്തിലൂടെ മനുഷ്യർ കണ്ടെത്തുന്നത്. അതിനു പിന്നിലെ ദൈവിക ഉദ്ദേശ്യമാണ് മതത്തിലൂടെ മനുഷ്യർ കണ്ടെത്തുന്നത്. ഈ രണ്ട് കാരണങ്ങളും ആശയപരമായി പരസ്പരം എതിരല്ല. അവ രണ്ടും തമ്മിൽ വ്യത്യസ്തമായിരിക്കാം, പക്ഷെ തമ്മിൽ തെല്ലും വൈരുധ്യമില്ല.

സമാനമായ രീതിയിൽ തന്നെയാണ്, മറ്റു പ്രതിഭാസങ്ങളുടെ ആത്മീയ വ്യാഖ്യാനങ്ങളെ മനസ്സിലാക്കാൻ.

“മലക്ക് മേഘങ്ങളെ തെളിച്ചു കൊണ്ടുപോകുമ്പോളുള്ള ശബ്ദവും വെളിച്ചവുമാണ് ഇടിമിന്നൽ…” എന്ന് ചില നിവേദനങ്ങൾ കാണാം. ഹദീസ് സ്വഹീഹാണെന്ന് വന്നാൽ തന്നെ ഇടിമിന്നൽ എന്ന പ്രതിഭാസത്തിൻ്റെ ഭൗതിക കാരണം വിശദീകരിക്കുകയല്ല ഹദീസിലെ ഉദ്ദേശ്യം. മറിച്ച് പ്രകൃതി പ്രതിഭാസങ്ങളുടെ ഭൗതിക കാരണങ്ങൾക്കപ്പുറം അഭൗതികവും ആത്യന്തികവുമായ ദൈവിക ഉദ്ദേശ്യമാണ് ഹദീസിൽ വർണിക്കപ്പെടുന്നത്.

ഇടിയുടെയും മിന്നലിൻ്റെയും ഭൗതിക കാരണങ്ങളുടെ (Meterial Cause) അറ്റം തേടി പോയാൽ ഭൗതിക കാരണങ്ങൾക്കപ്പുറം മറ്റെന്തെങ്കിലുമൊരു കാരണം ആവശ്യമായി വരുന്ന ഘട്ടം എത്തുന്നുണ്ട്. ഇത് എല്ലാ പ്രകൃതി പ്രതിഭാസങ്ങളുടെ കാര്യത്തിലും കണ്ടെത്താനാവും. ഉദാഹരണമായി ഇടി-മിന്നൽ ചർച്ച ചെയ്യാം.

എന്താണ് (What) മിന്നൽ ?

മേഘങ്ങൾ, വായു, അല്ലെങ്കിൽ ഭൂമി എന്നിവയ്ക്കിടയിലുള്ള അന്തരീക്ഷത്തിൽ വൈദ്യുതിയുടെ ഒരു ഭീമാകാരമായ തീപ്പൊരിയാണ് മിന്നൽ.

(https://www.nssl.noaa.gov/education/svrwx101/lightning)

എങ്ങനെയാണ് (How) വൈദ്യുതി ഉടലെടുക്കുന്നത്?

ഈ പ്രകൃതി പ്രതിഭാസത്തിൻ്റെ വികസനത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ, മേഘത്തിലെ പോസിറ്റീവ്, നെഗറ്റീവ് ചാർജുകൾക്കിടയിലും മേഘത്തിനും ഭൂമിക്കും ഇടയിൽ വായു ഒരു ഇൻസുലേറ്ററായി പ്രവർത്തിക്കുന്നു; ചാർജുകളിലെ വ്യത്യാസം വളരെ വലുതാകുമ്പോൾ, വായുവിൻ്റെ ഈ ഇൻസുലേറ്റിംഗ് കപ്പാസിറ്റി തകരുകയും വൈദ്യുതിയുടെ ദ്രുതഗതിയിലുള്ള പുറം തള്ളൽ ഉണ്ടാകുകയും ചെയ്യുന്നു, ഇതിനെ മിന്നൽ എന്നറിയപ്പെടുന്നു.
(https://www.weather.gov/safety/lightning-science-overview)

എങ്കിൽ എങ്ങനെയാണ് (How) ഈ പോസിറ്റീവ്, നെഗറ്റീവ് ചാർജുകൾ മേഘങ്ങളിൽ ഉണ്ടാവുന്നത്?

മേഘങ്ങൾക്കുള്ളിൽ, ജലബാഷ്പം ചുറ്റി സഞ്ചരിക്കുന്നത് തുടരുന്നു. ജലതന്മാത്രകൾ പരസ്പരം കൂട്ടിമുട്ടുകയും പരസ്പരം ഉരസുകയും ഇലക്ട്രോണുകൾ പുറം തള്ളുകയും ചെയ്യും, അതാണ് വൈദ്യുതി: ഇലക്ട്രോണുകൾ. ചാർജുകളുടെ ശേഖരണത്തോടെ മേഘവും ചാർജ്ജ് ഉള്ളതായി പരിണമിക്കുന്നു, മുകളിൽ പോസിറ്റീവ് ചാർജും അടിയിൽ നെഗറ്റീവ് ചാർജും.
(https://scied.ucar.edu/learning-zone/storms/thunder-and-lightning)

മേഘങ്ങളുടെ അടിത്തട്ടിലുള്ള നെഗറ്റീവ് ചാർജുകൾ ഉപരിതലത്തിലെ പോസിറ്റീവ് ചാർജിലേക്ക് ആകർഷിക്കപ്പെടുന്നു. വിപരീത ചാർജ്ജുള്ള വസ്തുക്കൾ inverse-square law അനുസരിച്ച് ആകർഷിക്കപ്പെടുന്നുവെന്ന് കൂലോംബിൻ്റെ നിയമം (Coulomb’s law) പഠിപ്പിക്കുന്നു.
(https://www.scu.edu/illuminate/thought-leaders/phil-kesten/when-lightning-strikes.)

എന്തുകൊണ്ട് (Why) പോസിറ്റീവ്, നെഗറ്റീവ് ചാർജുകൾ തമ്മിൽ ആകർഷിക്കപ്പെടുന്നു ?

ഒരു പോസിറ്റീവ് ചാർജിൽ അധിക പ്രോട്ടോണുകൾ അടങ്ങിയിരിക്കുന്നു, അതേസമയം നെഗറ്റീവ് ചാർജിൽ കുറഞ്ഞ പ്രോട്ടോണുകളാണ് അടങ്ങിയിട്ടുള്ളത്. പോസിറ്റീവ് ചാർജിനെ നെഗറ്റീവ് ചാർജിനോട് അടുപ്പിക്കുമ്പോൾ, പോസിറ്റീവ് ചാർജിൽ നിന്നുള്ള അധിക സംഖ്യ പ്രോട്ടോണുകൾ നെഗറ്റീവ് ചാർജിലേക്ക് മാറ്റപ്പെടും, അങ്ങനെ രണ്ട് ചാർജുകളിലെയും പ്രോട്ടോണുകളുടെ എണ്ണം സന്തുലിതമാകും. ഒരു പോസിറ്റീവ് ചാർജിൽ നിന്ന് നെഗറ്റീവ് ചാർജിലേക്കുള്ള പ്രോട്ടോണുകളുടെ ഈ വെർച്വൽ ട്രാൻസ്ഫർ അവയ്ക്കിടയിൽ ആകർഷകമായ ബലത്തിന് കാരണമാകുന്നു.

എങ്കിൽ, നെഗറ്റീവ് പോസറ്റീവ് ചാർജുകൾക്കിടയിലെ ആകർഷണീയതയെ വിശദീകരിക്കുക മാത്രമാണ് പ്രോട്ടോണുകളുടെ സംഖ്യാ സന്തുലിതവൽക്കരം വിവരിക്കുന്നതിലൂടെ ചെയ്യുന്നുള്ളു. എന്തുകൊണ്ടാണ് (Why) നെഗറ്റീവ് പോസറ്റീവ് ചാർജുകൾക്കിടയിലെ ആകർഷണീയത ?
പോസിറ്റീവ് ചാർജിൽ നിന്നുള്ള അധിക സംഖ്യ പ്രോട്ടോണുകൾ നെഗറ്റീവ് ചാർജിലേക്ക് മാറ്റപ്പെടുന്നത് എന്തു കൊണ്ടാണ് (Why)?

ഭൗതികശാസ്ത്ര ചർച്ചകൾ കൊണ്ട് സജീവമായ ഒരു വിഖ്യാത വെബ്സൈറ്റിൽ ഈ, “എന്തു കൊണ്ട് (Why)?” എന്ന ചോദ്യത്തിന് നൽകപ്പെട്ട ചില മറുപടികൾ രസകരമാണ്:

മറുപടി 1:

“മൗലികശക്തികൾ പോലുള്ളവ എന്തിനാണ് നിലനിൽക്കുന്നതെന്ന് വിശദീകരിക്കാൻ ഭൗതികശാസ്ത്രം ശ്രമിക്കുന്നില്ല, അവ എങ്ങനെ പെരുമാറുന്നുവെന്ന് വിശദീകരിക്കാൻ മാത്രമാണ് ഭൗതികശാസ്ത്രം ശ്രമിക്കുന്നത്. ഈ ശക്തികൾ സ്പേയ്സിൻ്റെ വിവിധ symmetryകൾ മൂലമാണെന്ന് നമുക്ക് പറയാം. ഉദാഹരണത്തിന്, വൈദ്യുത ചാർജ് ഒരു U(1) U(1) gauge symmetry യുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ആ പ്രത്യേക symmetry നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് അപ്പോഴും വിശദീകരിക്കപ്പെടുന്നില്ല.”

മറുപടി 1:

“എന്തുകൊണ്ട്” എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ഭൗതികശാസ്ത്രം ശ്രമിക്കുന്നില്ലെങ്കിലും, ഒരു പാർശ്വഫലമായി അത് പലപ്പോഴും “എന്തുകൊണ്ട്” എന്നത് വിശദീകരിക്കാറുണ്ട്. “എന്തുകൊണ്ട്” എന്നാൽ “എന്താണ് കാരണം”, ഭൗതികശാസ്ത്രം സംഭവങ്ങൾ തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ശാസ്ത്രമാണ്. അതിനാൽ, അത് കാരണങ്ങളെ (cause) വിവരിക്കുന്നത്, ദാർശനിക അർത്ഥത്തിലല്ല, പ്രായോഗിക അർത്ഥത്തിൽ മാത്രമാണ്…”

മറുപടി 3:

“സ്കൂളിൽ, നാം ലളിതമായിട്ടാണ് ശാസ്ത്രത്തെ കുറിച്ച് പഠിച്ചത്. തത്ത്വചിന്തകർ “ജീവതത്ത്വശാസ്‌ത്രമായ” (ontological) അർത്ഥം എന്ന് വിളിക്കുന്ന, പ്രപഞ്ചത്തെക്കുറിച്ചുള്ള സത്യം വിശദീകരിക്കുന്നതുപോലെയാണ് നാം ശാസ്ത്രത്തെക്കുറിച്ച് സ്കൂളിൽ സംസാരിച്ചിരുന്നത്. വാസ്തവത്തിൽ, ഭൗതികശാസ്ത്രം എന്നത് കാര്യങ്ങൾ വിശദീകരിക്കുകയും കാര്യങ്ങൾ പ്രവചിക്കുകയും ചെയ്യുന്ന മാതൃകകൾ ഉണ്ടാക്കുകയും ചെയ്യുന്ന ദൗത്യമാണ്…”

4. “It just so happens that…”

“എന്തൊ അങ്ങനെയാണ് രണ്ട് ചാർജുകളുടെയും പ്രകൃതി…”

(https://physics.stackexchange.com/questions/535448/why-do-positive-charges-attract-negative-charges )

മുകളിൽ വിവരിച്ച അന്വേഷണങ്ങളിലെ ചോദ്യങ്ങൾ ഒരു തവണ കൂടി ശ്രദ്ധിച്ചു നോക്കൂ…

എന്താണ് (What) മിന്നൽ ?

എങ്ങനെയാണ് (How) വൈദ്യുതി ഉടലെടുക്കുന്നത്?

എങ്കിൽ എങ്ങനെയാണ് (How) ഈ പോസിറ്റീവ്, നെഗറ്റീവ് ചാർജുകൾ മേഘങ്ങളിൽ ഉണ്ടാവുന്നത്?

എന്തുകൊണ്ട് (Why) പോസിറ്റീവ്, നെഗറ്റീവ് ചാർജുകൾ തമ്മിൽ ആകർഷിക്കപ്പെടുന്നു ?

എന്ത് (what)? എന്ന ചോദ്യത്തിലൂടെ തുടങ്ങി, എങ്ങനെ (How)? എന്ന ചോദ്യത്തിൽ ഭൗതിക ശാസ്ത്ര വിശദീകരണങ്ങൾ അവസാനിക്കുന്നു. എന്തുകൊണ്ട് (Why)? എന്ന ചോദ്യം എത്തിയപ്പോഴേക്കും തത്ത്വശാസ്ത്രത്തെയും (Philosophy) ജീവതത്ത്വശാസ്‌ത്രത്തെയും (ontology) കുറിച്ചൊക്കെ സംസാരിക്കേണ്ടതൊ വിമർശിക്കേണ്ടതൊ ആയി വരുന്നു. അല്ലെങ്കിൽ ഈ എങ്ങനെ (How)? തന്നെയാണ് എന്തുകൊണ്ട് (Why)? എന്ന് അങ്ങ് “വിശ്വസി”ച്ച് നാസ്തികരെ പോലെ സമാധാനമടയാൻ ശ്രമിക്കുക എന്ന ദുർഗതിയിലെത്തുന്നു.

ഇനി ഇടിവെട്ടിനെ കുറിച്ച് ഭൗതിക ശാസ്ത്ര ചർച്ചയിലേക്ക് വന്നാലും ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ച അവസ്ഥയായിരിക്കും നാസ്തികർക്ക് !

എന്താണ് (What) ഇടി ?

മിന്നൽ മൂലമുണ്ടാകുന്ന ശബ്ദമാണ് ഇടി.

മിന്നൽ എങ്ങനെയാണ് (How) ഈ ശബ്ദം ഉണ്ടാക്കുന്നത്?

മിന്നൽ വായുവിലൂടെ കടന്നുപോകുമ്പോഴാണ് ഇടിമുഴക്കം ഉണ്ടാകുന്നത്. മിന്നൽ, വായുവിനെ പൊടുന്നനെ ചൂടാക്കുകയും വായു വികസിക്കുകയും ചെയ്യുന്നു. മിന്നൽ ചാലിലെ വായുവിൻ്റെ താപനില 50,000 ഡിഗ്രി ഫാരൻഹീറ്റിലെത്തിയേക്കാം, സൂര്യൻ്റെ ഉപരിതലത്തേക്കാൾ 5 മടങ്ങ് ചൂടാണിത്. ഫ്ലാഷിനുശേഷം, വായു തണുക്കുകയും വേഗത്തിൽ ചുരുങ്ങുകയും ചെയ്യുന്നു. ഈ ദ്രുതഗതിയിലുള്ള വികാസവും സങ്കോചവും, നാം ഇടിമുഴക്കം പോലെ കേൾക്കുന്ന ശബ്ദ തരംഗത്തെ സൃഷ്ടിക്കുന്നു.
(https://www.weather.gov/safety/lightning-science-thunder)

മിന്നൽ ചൂടാക്കുമ്പോൾ വായു എങ്ങനെയാണ് (How) വികസിക്കുന്നത് ?

കാരണം, വായുവിൻ്റെ കണികകൾ ചൂടാകുമ്പോൾ, പരസ്പരം അകന്നുപോകുകയും കൂടുതൽ ഇടത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചൂടാകുമ്പോൾ വായു കൂടുതൽ ഇടം പിടിക്കുന്നുവെന്ന് നമുക്ക് പറയാം. കണികകൾ പരസ്പരം അകന്നു പോകുന്നതിനാൽ, വായുവിൻ്റെ സാന്ദ്രത കുറയുകയും ഭാരം കുറയുകയും ചെയ്യുന്നു. തൽഫലമായി, ചൂടുള്ള വായു ഉയരുന്നു. നേരെമറിച്ച്, തണുപ്പിക്കുമ്പോൾ വായുവിൻ്റെ കണികകൾ പരസ്പരം അടുക്കുന്നു. ഇക്കാരണത്താൽ, വായുവിൻ്റെ അളവ് കുറയുന്നു, വായു കൂടുതൽ സാന്ദ്രവും ഭാരമുള്ളതുമാകുന്നു.
(https://www.toppr.com/guides/science/winds-storms-and-cyclones/air-expands-on-heating/)

ചൂടാക്കുമ്പോൾ തന്മാത്രകൾ വേഗത്തിൽ നീങ്ങുകയും ചലിക്കുകയും ചെയ്യും. അവ ചലിക്കുമ്പോൾ പരസ്പരം അകന്നുപോകുകയും ചെയ്യുന്നു. അതിനാൽ, മറ്റ് പദാർത്ഥങ്ങളെപ്പോലെ വായുവും ചൂടാക്കുമ്പോൾ വികസിക്കുകയും തണുപ്പിക്കുമ്പോൾ ചുരുങ്ങുകയും ചെയ്യുന്നു. തന്മാത്രകൾക്കിടയിൽ കൂടുതൽ ഇടം ഉള്ളതിനാൽ, വായുവിന് ചുറ്റുമുള്ള പദാർത്ഥത്തേക്കാൾ സാന്ദ്രത കുറവാണ്, ചൂടുള്ള വായു മുകളിലേക്ക് പൊങ്ങിക്കിടക്കുന്നു.
(https://www.grc.nasa.gov)

എന്തുകൊണ്ടാണ് (Why) ചൂട് തന്മാത്രകളെ ചലിപ്പിക്കുന്നത്?

താപനില കൂടുന്നതിനനുസരിച്ച് കണികകൾ ഗതികോർജ്ജം (kinetic energy) നേടുകയും വേഗത്തിൽ നീങ്ങുകയും ചെയ്യുന്നു.
(https://www.education.vic.gov)

താപനില കൂടുന്നതിനനുസരിച്ച് കണികകൾ ഗതികോർജ്ജം നേടുന്നു എന്ന വാചകവും, താപനില തന്മാത്രകളെ ചലിപ്പിക്കുന്നു എന്ന വാചകവും ഒന്നു തന്നെയാണ്. ആദ്യം പറഞ്ഞ കാര്യത്തെ രണ്ടാമത്തെ വാചകത്തിൽ സാങ്കേതിക പദം ഉപയോഗിച്ച് പറഞ്ഞു എന്ന് മാത്രം !
ചോദ്യം അപ്പോഴും അവശേഷിക്കുന്നു.

താപനില കൂടുന്നത് എന്തുകൊണ്ട് (Why) ചലനത്തെ ത്വരിതപ്പെടുത്തുന്നു?!

ഉത്തരം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ലളിതമാണ്. പ്രകൃതി പ്രതിഭാസങ്ങളുടെ ഭൗതിക കാരണങ്ങൾ ശാസ്ത്രം വിശദീകരിക്കട്ടെ. എന്നാൽ പ്രകൃതി പ്രതിഭാസങ്ങളെല്ലാം ആശ്രിത വസ്തുക്കളാണ് (contingent).
ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചാണ് പ്രപഞ്ചം മുഴുവൻ നിലനിൽക്കുന്നത്. പല നിലക്കും ആവാമായിരുന്ന പ്രപഞ്ചത്തിലെ വസ്തുക്കൾ/പ്രതിഭാസങ്ങൾ എന്തുകൊണ്ട് നിലവിലെ സ്ഥിതിയിൽ തന്നെ ആയി ?! ഋതുക്കളും പനിയും ഇടിയും മിന്നലുമെല്ലാം എങ്ങനെയും ആകാമായിരുന്നു. തീർത്തും ഇല്ലാതിരിക്കുകയും ചെയ്യാമായിരുന്നു. എന്നിട്ടും അവ ഉണ്ടാവാനും നിലവിലെ പ്രകൃതിയിൽ ആകാനുമുള്ള കാരണമെന്താണ്?! അതിനുള്ള ഉത്തരം നിരാശ്രിതമായ ഒരു അസ്തിത്വം (ദൈവം) അവയെയെല്ലാം പ്രത്യേക ലക്ഷ്യത്തോടെ, താൻ ഉദ്ദേശിക്കുന്ന രൂപത്തിലാണ് ഉണ്ടാക്കിയത് എന്നതാണ്. ഈ പ്രകൃതി പ്രതിഭാസങ്ങളിലെ ദൈവിക ഉദ്ദേശ്യങ്ങളെ സംബന്ധിച്ചാണ് മതവും ഹദീസുകളും എല്ലാം സംസാരിക്കുന്നത്.

വ്യാഖ്യാനം 3:

സൂര്യൻ നരകത്തിൻ്റെ ഭാഗമായി പരിണമിക്കപ്പെടും എന്ന് മുഹമ്മദ് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്.
إن الشمس والقمر ثوران في النار يوم القيامة
സൂര്യനും ചന്ദ്രനും നരകത്തിൻ്റെ ഭാഗമാക്കപ്പെടും എന്ന് വ്യക്തമായി ഹദീസിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. (ബസ്സാർ: 15: 243, സിൽസിലതു സ്വഹീഹ: 1: 242)

അപ്പോൾ, ഫലത്തിൽ സൂര്യനിൽ നിന്നുള്ള സ്വാധീനങ്ങൾ നരകത്തിൽ നിന്നുള്ള പ്രതിഫലനങ്ങളായി പറയാവുന്നതാണ്. ഈ ഭാഷാ പ്രയോഗത്തിനെ അറബി അലങ്കാരശാസ്‌ത്രത്തിൽ പരിചയപ്പെടുത്തപ്പെടുക اعتبار ما يكون എന്നാണ്.
(വസ്തു എന്തായി മാറുമെന്നു പരിഗണിച്ച് അതിനെ പരിചയപ്പെടുത്തുക.)
(കിതാബു ഇൽമുൽ ബയാൻ: അൽ മജാസുൽ മുർസൽ: അബ്ദുൽ അസീസ് അതീക്: പേജ്: 161)

സൂര്യനാണല്ലൊ ഭൗമിക താപത്തിൻ്റെ കേന്ദ്രം. സൂര്യനും നരകമാണെങ്കിൽ, ഋതുക്കളുടെ കാരണം നരകമാണെന്ന് സ്വഭാവികമായും പറയാവുന്നതാണല്ലൊ.

print

No comments yet.

Leave a comment

Your email address will not be published.