തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -10

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -10
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -10
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -10

ആദം നബിയുടെ സന്താനങ്ങൾ അഗമ്യഗമനത്തിൽ (Incest) ഏർപ്പെട്ടുവെന്നൊ !

ആദം നബിയുടെ സന്താനങ്ങൾ അഗമ്യഗമനത്തിൽ (Incest) ഏർപ്പെട്ടിട്ടുണ്ടല്ലൊ? അപ്പോൾ സ്വതന്ത്ര്യ ലൈംഗികതയെ എതിർക്കാൻ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എന്ത് അർഹതയാണുള്ളത് ?

മറുപടി:

ആദം നബിയുടെ(അ) സന്താനങ്ങൾ അംഗമ്യഗമനത്തിൽ ഏർപ്പെട്ടു എന്ന് ഇസ്‌ലാം എവിടെയാണ് പറയുന്നത് എന്ന് വിമർശകർ ആദ്യം തെളിയിക്കണം. വിശുദ്ധ ക്വുർആനിലൊ നബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഒരു ഹദീസിലെങ്കിലുമൊ ആദം നബിയുടെ(അ) സന്താനങ്ങൾ, സഹോദരി സഹോദരന്മാർ പരസ്പരം വിവാഹം കഴിച്ചു എന്ന് ഒരിടത്തും പറയുന്നില്ല. പിന്നെ എങ്ങനെയാണ് ഈ അഭിപ്രായത്തിലേക്ക് നാം എത്തിപ്പെട്ടത് ?! അവിതർക്കിതവും സുവിദിതവുമായ ഒരു വസ്തുതയായി അംഗീകരിക്കപ്പെടാൻ മാത്രം തെളിവുകൾ എന്തെങ്കിലും ഈ സങ്കൽപ്പത്തിനുണ്ടോ ?! ഇല്ല എന്നാണ് ഈ ലേഖനം തെളിയിക്കാൻ ഉദ്ദേശിക്കുന്നത്.

രണ്ട് വഴിയിലൂടെയാണ് – മനുഷ്യ ഉൽപ്പത്തിയെ സംബന്ധിച്ച – ഈ സങ്കൽപ്പത്തിലേക്ക് എത്തിപ്പെട്ടത് എന്ന് നമുക്ക് മനസ്സിലാക്കാം, അതല്ലാതെ മൂന്നാമതൊരു മാധ്യമവും ഈ സങ്കൽപ്പത്തിന് ഉപോൽബലകമായി ഇല്ല:

ഒന്ന്, പൗരാണികരും ആധുനികരുമായ ചില വ്യക്തികളുടെ അഭിപ്രായങ്ങളും നിവേദനങ്ങളും. ചില സ്വഹാബികളിലേക്കും പണ്ഡിതന്മാരിലേക്കും ചേർത്ത് നിവേദനം ചെയ്യപ്പെടുന്ന കഥകൾ.

രണ്ട്, Deduction അഥവാ സമാന്യതത്ത്വത്തിൽ നിന്നു പ്രത്യേക വിവരം അനുമാനിച്ചെടുക്കൽ. അഥവാ ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണല്ലൊ മനുഷ്യരാശി മുഴുവൻ വികസിച്ചുണ്ടായത്. അപ്പോൾ ആദ്യത്തെ സന്തതികൾക്ക് മക്കളുണ്ടാകണമെങ്കിൽ സഹോദരങ്ങൾ പരസ്പരം വിവാഹം ചെയ്തേ മതിയാവൂ… എന്ന സ്വഭാവികമായ അനുമാനമാണ് രണ്ടാമത്തെ തെളിവ്.

ഈ രണ്ടു തരം “തെളിവുകളും” ഇസ്‌ലാമികമായ ഒരു വിശ്വാസത്തെയൊ സങ്കൽപ്പത്തേയൊ തെളിയിക്കുന്ന പ്രമാണങ്ങളല്ല. ഇസ്‌ലാമിക പ്രമാണങ്ങളിൽ ഇല്ലാത്ത ഒരു സങ്കൽപ്പത്തിന് അല്ലെങ്കിൽ കഥക്ക് മറുപടി തരേണ്ട ബാധ്യത ഇസ്‌ലാമിനൊ മുസ്‌ലിംകൾക്കൊ ഇല്ല.

ഇനി ഈ രണ്ടു തരം “തെളിവുകളുടെയും” പ്രബലത നമ്മുക്കൊന്ന് പരിശോധനക്ക് വിധേയമാക്കാം.

1) ചില സ്വഹാബികളിലേക്കും പണ്ഡിതന്മാരിലേക്കും ചേർത്ത് നിവേദനം ചെയ്യപ്പെടുന്ന കഥകൾ.

മറുപടി: ഇത്തരം നിവേദനങ്ങളൊ അതിലടങ്ങിയ കഥകളൊ ഹദീസുകളല്ല, പ്രവാചകൻ (സ) പഠിപ്പിച്ചതല്ല. ആദം നബിയുടെ(അ) മക്കളുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള നിരവധി കഥകളിൽ ചിലത് ചില പണ്ഡിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ എടുത്ത് ഉദ്ധരിച്ചു എന്നല്ലാതെ, അവ അല്ലാഹുവൊ അവന്റെ പ്രവാചകനൊ പഠിപ്പിച്ച ഒരു മത വിശ്വാസമൊ സങ്കൽപ്പമൊ ആയി ആരോപിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ല. ആദം നബിയുടെ മക്കളുടെ നാമമൊ, അവരുടെ വിവാഹമൊ, അവരുടെ സഹോദരിമാരെ കുറിച്ച വിവരങ്ങളൊ ഒന്നും ഇസ്‌ലാം മത പ്രമാണങ്ങളിൽ എവിടെയും സ്മരിക്കുന്നില്ല.

ചില ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഇത്തരം കഥകൾ മുഴുവൻ, സനദുകൾ (നിവേദക പരമ്പര) സഹിതം വിധേയമാക്കി കൊണ്ട് അല്ലാമാ അഹ്മദ് ശാക്കിർ ഇപ്രകാരം എഴുതി:

وأما تسميتهما بـ: “قابيل وهابيل” فإنما هو من نقل العلماء عن أهل الكتاب، لم يرد به القرآن، ولا جاء في سُنَّة ثابتة فيما نعلم، فلا علينا ألا نجزم به ولا نرجِّحه، وإنما هو قول قِيل

“ആദം നബിയുടെ(അ) മക്കളുടെ നാമങ്ങൾ “കാബീൽ”, “ഹാബീൽ” എന്നിവയായിരുന്നു എന്നത് വേദക്കാരിൽ നിന്ന് ചില പണ്ഡിതന്മാർ ഉദ്ധരിച്ചവ മാത്രമാണ്. ക്വുർആനിൽ ആ നാമങ്ങൾ വന്നിട്ടില്ല. സ്ഥാപിതമായ ഒരു (പ്രവാചക) ഹദീസിലും – നാം അറിയുന്നേടത്തോളം – വന്നിട്ടില്ല. അതു കൊണ്ട് തന്നെ അത് ഉറപ്പിക്കാനൊ ആ അഭിപ്രായത്തെ പ്രബലമായി കാണാനോ നാം ബാധ്യസ്ഥരല്ല. അത് കേവലം ചിലരുടെ അഭിപ്രായം മാത്രമാണ്. (അതിനപ്പുറം ഒരു പവിത്രതയൊ പ്രാമാണികതയൊ അതിനില്ല.)
(ഉംദതു ത്തഫ്സീർ: 1: 662)

ആദം നബിയുടെ (അ) സന്താനങ്ങൾ ഇരട്ടകളായി – ഒരു ആണും ഒരു പെണ്ണും – എന്ന നിലയിലാണ് പ്രസവിക്കപ്പെട്ടിരുന്നത്. അതിൽ ഒരു പ്രസവത്തിലെ ആണ്, കാലങ്ങൾക്കു ശേഷമുള്ള പ്രസവത്തിൽ ജനിക്കുന്ന പെണ്ണിനെ വിവാഹം ചെയ്തു. ആദ്യ പ്രസവത്തിൽ ജനിക്കുന്ന പെണ്ണ് കാലങ്ങൾക്കു ശേഷം മറ്റൊരു പ്രസവത്തിൽ ജനിക്കുന്ന ആണിനെ വിവാഹം ചെയ്തു… എന്നൊക്കെ പ്രസ്ഥാവിക്കുന്ന ദീർഘമായ കഥകളും നിവേദനങ്ങളും പരിശോധന വിധേയമാക്കി കൊണ്ട്,

അല്ലാമാ അഹ്മദ് ശാക്കിർ ഇപ്രകാരം എഴുതി:

هذا من قصص أهل الكتاب ليس له أصل صحيح ثم قد ساق الحافظ المؤلف هنا آثارًا كثيرة في هذا المعنى، مما امتلأت به كتب المفسرين وقد أعرضنا عن ذلك، وأبقينا شيئًا منها أجود إستاذا، على سبيل المثال، ليس على سبيل الرواية الصحيحة المقبولة.

“ഇത് വേദക്കാരുടെ (ജൂത ക്രൈസ്തവർ) കഥകളിൽ പെട്ടതാണ്. സ്വീകാര്യമായ ഒരു അടിത്തറയും ഇവക്കില്ല. ഈ ആയത്തിലുള്ള ഒരുപാട് നിവേദനങ്ങൾ ഹാഫിള് (ഇബ്നു കസീർ) തന്റെ ഗ്രന്ഥത്തിൽ ഇവിടെ ഉദ്ധരിച്ചിട്ടുണ്ട്. പല തഫ്സീറുകളിലും നിറയെ കാണാവുന്ന ഇത്തരം നിവേദനങ്ങളിൽ നിന്ന് നാം തിരിഞ്ഞു കളഞ്ഞിരിക്കുന്നു. ആ നിവേദനങ്ങളിൽ നിന്ന് സനദ് (നിവേദക പരമ്പര) നല്ലതായി തോന്നുന്നവ മാത്രം നാം അവശേഷിപ്പിച്ചു. ഈ സംഭവം സ്വീകാര്യയോഗ്യമായ, അംഗീകരിക്കപ്പെടുന്ന നിവേദനമാണ് എന്ന നിലയിലല്ല ഉദ്ധരിച്ചിട്ടുള്ളത്.”
(ഉംദതു ത്തഫ്സീർ: 4:124)

അദ്ദേഹം തുടർന്നെഴുതി:

“ത്വബ്‌രി സുദീർഘമായി, നല്ല ഒരു പരമ്പരയോടെ ഈ കഥ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അത് – നിങ്ങൾക്ക് കാണാവുന്നത് പോലെ – ഒരു കഥ മാത്രമാണ്. പ്രവാചക വചനത്തിലൊ ഹദീസിലൊ പെട്ടതല്ല. അതിന്റെ പ്രത്യക്ഷ രൂപം തന്നെ തെളിയിക്കുന്നത് അവ ഇബ്നു അബ്ബാസ് (റ) വേദക്കാരുടെ പുസ്തകളിൽ നിന്ന് എടുത്തവയാണ് എന്നാണ്…”
(ഉംദതു ത്തഫ്സീർ: 4: 127)

ഈ വിശകലനത്തിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം:

* ഇത്തരം കഥകൾ ഭൂരിഭാഗവും ദുർബലമായ നിവേദനങ്ങളിലൂടെ ഉദ്ധരിക്കപ്പെട്ടവയാണ്.

* ചില നിവേദനങ്ങളുടെ സനദ് (നിവേദക പരമ്പര) നല്ലതാണ് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട് എങ്കിൽ പോലും അതിന്റെ ആശയത്തിന് മതപരമായ യാതൊരു പവിത്രതയൊ പ്രാമാണികതയൊ സിദ്ധിക്കുന്നില്ല. അവ കേവലം കഥകളാണ്.

* പരമ്പര “തരക്കേടില്ല” എന്നതിനപ്പുറം ഒന്നും തന്നെ ഇത്തരം നിവേദങ്ങളെ സംബന്ധിച്ച് പറയാനില്ല.

* പ്രവാചകൻ (സ) പറഞ്ഞു തരാത്ത ഇത്തരം കഥങ്ങൾ ഇസ്‌ലാം മതത്തിന്റെ ഭാഗമേയല്ല.

* വേദക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള കഥകൾ മാത്രമാണിവ.

ചില സ്വഹാബികൾ അവ ഉദ്ധരിച്ചത് (സനദ് ശക്തമാണെന്ന് തെളിഞ്ഞാൽ മാത്രം) അവ വേദക്കാരുടെ അടുക്കലുള്ള കഥകൾ ആയിക്കൊണ്ട് മാത്രമാണ്. അവയൊന്നും തന്നെ പ്രവാചകൻ (സ) പറഞ്ഞതായി അവരാരും സൂചിപ്പിച്ചിട്ടില്ല. കഥയും ചരിത്രവും എന്ന നിലയിൽ വേദക്കാരുടെ കഥകൾ ഉദ്ധരിച്ചു കൊള്ളാൻ പ്രവാചകൻ (സ) അനുവാദം നൽകിയിട്ടുണ്ട് എന്നതു കൊണ്ടാണ് ഇബ്നു അബ്ബാസ് (റ) ഈ കഥ ഉദ്ധരിച്ചിരിക്കുന്നത്. വേദക്കാരിൽ നിന്നും ഉദ്ധരിക്കാമെങ്കിലും അത്തരം കഥകൾ സത്യപ്പെടുത്താനൊ കളവാക്കാനൊ പാടില്ല എന്നും പ്രവാചകൻ (സ) പറഞ്ഞിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരി: 4485)

പ്രവാചക കൽപ്പനയനുസരിച്ച് തന്നെ ഇത്തരം കഥകളിൽ വിശ്വസിക്കാൻ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. പിന്നെ എങ്ങനെയാണ് ആദം നബിയുടെ (അ) സന്താനങ്ങൾ പരസ്പരം വിവാഹം ചെയ്തു എന്നത് ഇസ്‌ലാമിക അധ്യാപനത്തിന്റെ ഭാഗമായി ആരോപിക്കും ?! എന്ന് വിമർശകർ വ്യക്തമാക്കണം.

2. പിന്നെ എങ്ങനെ സന്താനപരമ്പര ഉണ്ടായി ? ആദ്യത്തെ സന്തതികൾക്ക് മക്കളുണ്ടാകണമെങ്കിൽ സഹോദരങ്ങൾ പരസ്പരം വിവാഹം ചെയ്യുകയല്ലെ പറ്റു ? ഈ സ്വഭാവികമായ അനുമാനമാണ് രണ്ടാമത്തെ തെളിവ്.

മറുപടി: ഇന്ന് നിലവിലുള്ള സന്താനോൽപാധന രീതിയെ മാത്രം, അവലംബിച്ചു കൊണ്ടാണ് മനുഷ്യവംശത്തിന്റെ വികാസത്തെയും വളർച്ചയെയും വിലയിരുത്തുന്നതെങ്കിൽ ആദ്യ സന്താനങ്ങൾ പരസ്പരം വിവാഹം ചെയ്തിട്ടല്ലാതെ വംശപരമ്പര വളരില്ല എന്ന് ന്യായമായും അനുമാനിക്കാം. പക്ഷെ നിലവിലെ സന്താനോൽപാധന രീതി മാത്രമാണ് ആദ്യ തലമുറയിൽ നടന്നത് എന്ന് ഉറപ്പിച്ചു പറയാൻ വല്ല പരാമർഷവും ക്വുർആനിലൊ സ്വഹീഹായ ഹദീസുകളിലൊ ഉണ്ടോ ? ഇല്ല എന്നതാണ് വസ്തുത.

“മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു.
പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി.” (ക്വുർആൻ: 32:7)
എന്ന വചനം, ആദം സന്തതികൾ പരസ്പരം വിവാഹം ചെയ്തു എന്നത് തെളിയിക്കുന്നില്ല. കാരണം, നിസ്സാരമായ ഒരു വെള്ളം കൊണ്ട് ഉദ്ദേശം ബീജമാണ്. ആദം നബിയുടെ (അ) സന്തതികൾ എല്ലാം പുരുഷന്മാരായിരിക്കുകയും അവർക്ക് അല്ലാഹു ഇണകളെ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഉണ്ടായത് എങ്കിലും ഈ വചനത്തിന് അത് എതിരാവുന്നില്ല.

മതവിശ്വാസികളിൽ തന്നെ ഒരു വിഭാഗം വിശ്വസിക്കുന്നത് – ആണാകട്ടെ പെണ്ണാകട്ടെ – ആദം നബിയുടെ (അ) സന്തതികൾക്കായി അല്ലാഹു ഇണകളായി സ്വർഗീയ ഇണകളെ ഇറക്കി കൊടുത്തു എന്നാണ്. ഈ വാദം സ്ഥാപിക്കാനൊ വിശ്വസിക്കാനൊ പ്രാമാണികമായ തെളിവുകളൊന്നും ഇല്ല എന്നത് ശരി തന്നെ. പക്ഷെ, ആദ്യ സന്തതികൾ പരസ്പരം വിവാഹം ചെയ്യൽ മാത്രമാണ് മനുഷ്യ വംശത്തിന്റെ മുന്നോട്ടുള്ള വളർച്ചക്കുള്ള ഏക മാർഗ്ഗം എന്ന് ഒരു മതവിശ്വാസി വിശ്വസിച്ചെ തീരു എന്നില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഇസ്‌ലാം മത അധ്യാപനമനുസരിച്ച് മനുഷ്യചരിത്രത്തിൽ അത്തരമൊരു (ആദ്യ സന്തതികൾ പരസ്പരമുള്ള വിവാഹം) മുഹൂർത്തം അനിവാര്യമാണ് എന്നൊന്നും അനുമാനിക്കൽ നിർബന്ധമില്ല എന്നും തെളിയുന്നു. ആദം നബിയുടെ (അ) ഇണയെ അദ്ദേഹത്തിന്റെ വാരിയെല്ലിൽ നിന്നുമാണ് അല്ലാഹു പടച്ചത്. (ക്വുർആൻ: 4:1, സ്വഹീഹുൽ ബുഖാരി: 3331)
അപ്പോൾ ആദം നബിയുടെ (അ) സന്താനങ്ങൾക്കും ഇണകളെ സൃഷ്ടിച്ചത് അവരുടെ വാരിയെല്ലിൽ നിന്നുമാണ് , അല്ലാതെ അവർ പരസ്പരം വിവാഹം ചെയ്തതല്ല എന്ന് ഒരു മത വിശ്വാസി വിശ്വസിച്ചാൽ… അതിന് പ്രത്യേകം തെളിവുകളൊന്നുമില്ല എന്ന് പറയാം. പക്ഷെ അവർ പരസ്പരം വിവാഹം ചെയ്യുകയല്ലാതെ മറ്റു വഴിയില്ല എന്ന വിമർശകരുടെ കേവല അനുമാനത്തിനും മനുഷ്യ ചരിത്രത്തെ കുറിച്ച ഒരു മതവീക്ഷണത്തിൽ യാതൊരു ന്യായവും ഇല്ല.

എങ്ങനെയാണ് ആദ്യ സന്തതികളുടെ സന്താനങ്ങൾ ജനിച്ചത് എന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല. അത് അഗമ്യഗമനത്തിലൂടെ മാത്രമെ സാധ്യമാവൂ എന്നതിന് യാതൊരു നിർബന്ധവുമില്ല എന്നതാണ് പറഞ്ഞു വരുന്ന പോയന്റ്. ആദ്യം അഗമ്യഗമനത്തിലൂടെ മാത്രമെ അത് സാധ്യമാവൂ എന്ന് വിമർശകർ തെളിയിക്കണം. അതിനവർക്ക് ഒരു വഴിയിലൂടെയും സാധ്യമല്ല. പിന്നെ, അതിന് മറുപടി പറയേണ്ട എന്ത് ബാധ്യതയാണ് മുസ്‌ലിംകൾക്കുള്ളത് ?!

********************************

ആദം നബിയുടെ (അ) “സന്തതികൾ” പരസ്പരം വിവാഹം ചെയ്തു എന്ന് വാദത്തിന് സമ്മതിച്ചു എന്ന് തന്നെയിരിക്കട്ടെ. എങ്കിൽ പോലും ഇന്നത്തെ സ്വതന്ത്ര ചിന്തകരുടെ ലൈംഗിക അശ്ലീലങ്ങൾക്ക് ഒരു ന്യായവും അതിൽ നിന്നും മുതലെടുക്കാനില്ല. ചില കാരണങ്ങൾ സൂചിപ്പിക്കാം:

1. ധാർമ്മികതയുടെ രചയിതാവ് ദൈവമാണ്. മനുഷ്യ രാശിയുടെ വളർച്ചയുടെ ചരിത്ര ദശകളിൽ അനുയോജ്യമായ ധാർമ്മിക വിധികൾ നിശ്ചയിക്കുന്നതും യുക്തിയുക്തം നീക്കം ചെയ്യുന്നതും ദൈവത്തിൻ്റെ മാത്രം അധികാര യോഗ്യതയാണ്.

മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരേയൊരു ഘട്ടത്തിൽ അനിവാര്യമായി ദൈവം നിശ്ചയിച്ച ഒരു വിവാഹ രീതി, അന്നത്തെ “നന്മ”യായി നിശ്ചയിക്കാനുമുള്ള അധികാരവും ദൈവത്തിനുണ്ട്. അത്തരമൊരു ഏകമായ അനിവാര്യത ഇല്ലാതായതോടെ, അത്തരമൊരു വിവാഹ രീതിയിലുള്ള തുടർച്ച “തിന്മ”യായി ദൈവം നിശ്ചയിച്ചു.

ദൈവം നന്മയെന്ന് നിശ്ചയിക്കുന്നതാണ് നന്മ. തിന്മയും ദൈവം നിശ്ചയിക്കുന്നതാണ്.
ഈ ദൈവനിശ്ചിതമായ നന്മ തിന്മകളെ നിഷേധിക്കുന്നവർ, വസ്തുനിഷ്ഠമായ ധാർമ്മികതക്ക് ദൈവേതരമായ ഒരു മാനദണ്ഡം കൊണ്ടുവരുമൊ എന്ന് നാം വെല്ലുവിളിക്കുന്നു? എന്താണ് നന്മ ? എന്താണ് തിന്മ ? നന്മ തിന്മകളുടെ സ്രോതസ്സ് എന്ത് ? എന്നിങ്ങനെയുള്ള അഗാധമായ നൈതിക (Metaethics) ചോദ്യങ്ങളെ ഈ ദൈവനിഷേധികളായ ഭീരുക്കൾ ഒന്ന് അഭിമുഖീകരിക്കുമൊ?

2. ആദം നബിയുടെ (അ) “സന്തതികൾ” പരസ്പരം വിവാഹം ചെയ്തു എന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെ അത് അന്നത്തെ മനുഷ്യവംശ ഘടനയും നരവംശശാസ്ത്ര സാങ്കേതികതയുമനുസരിച്ച് അഗമ്യഗമനം ആയിരുന്നില്ല. ഹവ്വയുടെ ആദ്യ പ്രസവത്തിലെ സന്താനങ്ങൾ ഒരു കുടുംബമായും അടുത്ത പ്രസവത്തിലെ സന്താനങ്ങൾ മറ്റൊരു കുടുംബമായും പരിഗണിക്കപ്പെടുക അനിവാര്യമാണ്. അപ്പോൾ ഒരു പ്രസവത്തിലെ സന്താനങ്ങൾ മാത്രമാണ് സഹോദരീ സഹോദരങ്ങൾ. അടുത്ത പ്രസവത്തിലെ സന്താനങ്ങൾ മറ്റൊരു കുടുംബവും, സഹോദരീ സഹോദരങ്ങളുമാണ്.

ഇബ്നു അല്ലാൻ (റ) പറയുന്നു:
ആദം നബിയുടെ (അ) കാലത്തെ മത നിയമമനുസരിച്ച്, ഹവ്വയുടെ ആദ്യ പ്രസവത്തിലെ സന്താനങ്ങൾ ഒരു കുടുംബമായും അടുത്ത പ്രസവത്തിലെ സന്താനങ്ങൾ മറ്റൊരു കുടുംബമായുമാണ് പരിഗണിക്കപ്പെട്ടിരുന്നത്.
(ദലീലുൽ ഫാലിഹീൻ: 2: 448)

3. ഒരു നിർബന്ധിത ഘട്ടത്തിൽ അനുവദിക്കപ്പെടുന്ന ഒരു നടപടി എങ്ങനെയാണ് പൊതുവായ ധാർമികതയിൽ പരിഗണിക്കപ്പെടുക? മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരേയൊരു ഘട്ടത്തിൽ അനിവാര്യമായി വന്ന ഒരു വിവാഹ രീതി, തങ്ങളെ നൊന്ത് പെറ്റ്, ലാളിച്ചും താലോലിച്ചും വളർത്തിയ പൊന്നമ്മയെ കാമിക്കാനുള്ള ന്യായീകരണമായി വാദിക്കുന്നതിലെ യുക്തിയെന്താണ് ?
മറ്റു ജലമൊന്നും ഇല്ലാത്തപ്പോൾ ഒരാൾ ജീവൻ നിലനിർത്താൻ മൂത്രം കുടിച്ചെന്ന് വരാം. എന്നാൽ ഇത് തെളിവ് പിടിച്ച് നാസ്തികർ മൂത്രം കുപ്പിയിലാക്കി വിൽക്കുമൊ?

ഇതെല്ലാം പറയുമ്പോഴും വിമർശകർ ആദ്യം കൊണ്ടു വരേണ്ടത് ആദം നബിയുടെ സന്താനങ്ങൾ അഗമ്യഗമനത്തിൽ ഏർപ്പെട്ടു എന്നതിനുള്ള തെളിവാണ്. സ്‌റ്റ്രോവ് മേൻ ആക്രമം അവസാനിപ്പിക്കുക. ആക്രമണത്തിന് മുമ്പ് ആരോപണം തെളിയിക്കുക.

**********************************

എന്തുകൊണ്ട് രണ്ട് കുടുംബങ്ങളെ ദൈവം സൃഷ്ടിച്ചില്ല?

മുഹമ്മദ് നബി (സ) പറഞ്ഞു: “ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്, നിങ്ങളുടെ പിതാവും (ആദം (അ)) ഒന്നാണ്. അറബിക്ക് അനറബിയേക്കാൾ ശ്രേഷ്ടതയില്ല. അനറബിക്ക് അറബിയേക്കാളും ശ്രേഷ്ടതയില്ല. വെളുത്തവന് കറുത്തവനേക്കാൾ ശ്രേഷ്ടതയില്ല. കറുത്തവന് വെളുത്തവനേക്കാളും ശ്രേഷ്ടതയില്ല; ശ്രേഷ്ടതയുടെ മാനദണ്ഡം ധർമ്മനിഷ്ടയാണ്. ”
(മുസ്നദു അഹ്മദ്: 23489)

ഈ ഹദീസിനെ കുറിച്ച് ഒരു അമുസ്‌ലിമായ ചിന്തകൻ, ഡോ. ക്രെയ്ഗ് കോൺസിഡൈൻ, ഇപ്രകാരം അത്ഭുതം കൂറുന്നു:
“വംശീയ സമത്വത്തിന് വേണ്ടി വ്യക്തമായി വാദിക്കുന്ന ഏതൊരു ചരിത്ര വ്യക്തിത്വത്തിനും അവലംബിക്കാനുള്ള സമത്വത്തിന്റെ ആദ്യ രേഖയാണിത് ”
(“Who is the First Anti-Racist?| Dr. Craig Considine” Emir-Stein Center, YouTube video, June 18, 2019, https://www.youtube.com/watch?v=hTwft2KX9xE )

വംശം, വർണം , ദേശം, ഭാഷ തുടങ്ങിയ ഭൗതികമായ വൈജാത്യങ്ങളെയെല്ലാം തൃണവൽഗണിച്ച് മനുഷ്യരെല്ലാം ഒന്നിക്കാനുള്ള ഒരു ആത്മീയ ഛത്രമാണ് (ആദം ഹവ്വ ദമ്പതികളുടെ) ഏക കുടുംബ സങ്കൽപ്പം. വൈജാത്യങ്ങളുടെ വിലാസങ്ങൾക്കപ്പുറം മനുഷ്യരെല്ലാം ഒറ്റൊറ്റ ദൈവത്തിന്റെ സൃഷ്ടികളാണെന്നും നമ്മുടെയെല്ലാം ആദിപിതാവും മാതാവും ഒന്ന് തന്നെയാണെന്നുമുള്ള തിരിച്ചറിവ് മനുഷ്യരെ മുഴുവൻ ഒന്നിപ്പിക്കുന്ന ആദർശമാണ്.

“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ ഗോത്രങ്ങളും ഉപ ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു…”
(ക്വുർആൻ : 49:13)

ആദമിനും ഹവ്വക്കും സമാന്തരമായി വേറൊരു ദമ്പതികളെ കൂടി സൃഷ്ടിക്കാമായിരുന്നില്ലെ? എന്ന് ചിലർക്ക് തോന്നിയേക്കാം. പക്ഷെ അതു മൂലം സംഭവിക്കുന്ന വിനാശം സങ്കൽപ്പാധീതമാണ്. രണ്ട് കുടുംബങ്ങളിൽ നിന്നും വളർന്നു വന്ന മനുഷ്യ കുലം എന്നെങ്കിലും ഒന്നിക്കുമൊ? വംശീയതക്ക് സൈദ്ധാന്തികമായ അടിത്തറ ദൈവം തന്നെ മനുഷ്യന് കൈമാറലാവും അത്.

ദൈവത്തിന്റെ ശിരസ്സിൽ നിന്ന് ബ്രാഹ്മണരും, കൈകളിൽ നിന്ന് ക്ഷത്രിയരും, തുടയിൽ നിന്ന് വൈശ്യരും, കാലിൽ നിന്ന് ശൂദ്രരും ഉണ്ടായിയെന്ന ഋക് വേദ പ്രസ്ഥാവനയുടെ സാമൂഹികവൽക്കരണത്തിന്റെ അതിദാരുണ പരിണാമം നമ്മുക്ക് ഏവർക്കും അറിയാമല്ലൊ എങ്കിലും… അത്തരം ചില ചിത്രങ്ങൾ പാഠങ്ങളായി നമ്മുടെ ഓർമ്മകളിൽ തങ്ങിനിൽക്കുക സ്വാഭാവികം. ചരിത്രത്തിന്റെ പുറംപോക്കിൽ പൊലിഞ്ഞു പോയ എണ്ണമറ്റ ജീവിതങ്ങളെയും സമൂഹങ്ങളെയും കുറിച്ച് നമ്മുക്ക് അറിയാമല്ലൊ.

ഒരൊറ്റ ആണിൽ നിന്നും പെണ്ണിൽ നിന്നും വളർന്നു വികസിച്ച മനുഷ്യ വംശത്തിൻ്റെ ചരിത്രം പങ്കുവെക്കുക വഴി, വംശീയതക്ക് ദൈവശാസ്ത്രപരമായ നീതീകരണം നിഷേധിക്കുകയാണ് ഇസ്‌ലാം ചെയ്തത് എന്ന് ന്യായമായും നമുക്ക് അനുമാനിക്കാം.

print

No comments yet.

Leave a comment

Your email address will not be published.